സർക്കാരുകളെ ഓഡിറ്റ് ചെയ്യുക മാധ്യമങ്ങളുടെ ജോലിയാണ്, ഉത്തരവാദിത്തം കൂടിയാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കുവേണ്ടി ചോദ്യങ്ങൾ ചോദിക്കുക, ഉത്തരങ്ങൾ അവരിലേക്കെത്തിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്; അതുകൂടി ചേർത്തുവച്ചാണ് പരമാധികാരികളായ ജനങ്ങൾ തീരുമാനങ്ങളെടുക്കുന്നത്.
കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളെ കേരളത്തിലെ മാധ്യമങ്ങൾ ഓഡിറ്റ് ചെയ്തത് പക്ഷേ വേറൊരു രൂപത്തിലായിരുന്നു. അനുപാതരാഹിത്യമായിരുന്നു ഏറ്റവും പ്രധാന ലക്ഷണം. ചെറിയ വീഴ്ചകൾ പോലും പെരുപ്പിച്ച് കേരളം ജീവിക്കാൻ കൊള്ളാത്ത നാടാണ്, എൽഡിഎഫ് രാഷ്ട്രീയം മൂലമാണ് അത് സംഭവിച്ചത് എന്നൊരു ബോധം ജനങ്ങളിൽ ജനിപ്പിക്കാൻ മാധ്യമങ്ങൾക്കു സാധിച്ചു. കേരളം ഒരിക്കലും കടക്കെണിയിലായിരുന്നില്ല; മറിച്ച്, കടവുമായി ബന്ധപ്പെട്ട കഴിഞ്ഞ 25 വർഷത്തെ ട്രെൻഡ് തിരിച്ചുവിടാൻ രണ്ടാം എൽഡിഎഫ് ഗവൺമെന്റിന് കഴിഞ്ഞു. എന്നാൽ പ്രചാരണം കേരളം ശ്രീലങ്കയാകാൻ പോകുന്നു എന്നായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു ഡിപ്പാർട്ട്മെന്റിലെ ഒരു യൂണിറ്റിലെ ഒരുപകരണം കേടായി, പ്രാദേശിക പേജിൽ പോകേണ്ട വാർത്തയായിരുന്നു ഏറ്റവും പ്രചാരമുള്ള പത്രത്തിലെ എല്ലാ എഡിഷനുകളിലെയും ഒരു ദിവസത്തെ ലീഡ് വാർത്ത എന്നോർത്താൽ മനസ്സിലാകും അനുപാതരാഹിത്യം എത്രത്തോളം യുക്തിരഹിതമായിരുന്നു വെന്ന്. ഇതിനെയൊക്കെ ഒരു രാഷ്ട്രീയ പദ്ധതിയിലേക്ക് സന്നിവേശിപ്പിച്ചിട്ട് കേരളത്തെ തകർക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത് എന്നൊരു ആഖ്യാനം കൊണ്ടുവരാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു. അതിന്റെ ഏറ്റവും വഷളൻ ആഖ്യാനമായിരുന്നു ‘ഇടത് ഹിന്ദുത്വ’ എന്ന പ്രയോഗം. തങ്ങളാണ് തിരഞ്ഞെടുപ്പിന്റെ അജൻഡ നിശ്ചയിക്കുന്നത് എന്ന് ഒരു മാധ്യമത്തിന്റെ പത്രാധിപർ വീമ്പിളക്കുന്നതുവരെയെത്തി കാര്യങ്ങൾ!
ഈ രീതിയിലുള്ള മാധ്യമപ്രവർത്തനത്തിന്റെ കൂടി ഫലമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഫലം.
തങ്ങൾ ഉയർത്തിക്കൊണ്ടുവന്ന പ്രചാരണം വിശ്വസിച്ചുവശായ മനുഷ്യർ വോട്ടുചെയ്ത് അധികാരത്തിൽ കൊണ്ടുവന്ന സർക്കാർ അതിന്റെ തനിനിറം കാണിച്ചുതുടങ്ങിയപ്പോൾ ഇതേ മാധ്യമങ്ങൾ ഇപ്പോൾ അങ്കലാപ്പിലായി. ഇടതുപക്ഷത്തെ ഓഡിറ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന അളവുകോലുകളൊക്കെ ഒറ്റത്തവണ മാത്രം പ്രയോഗിക്കാനുള്ളതായിരുന്നു എന്ന മട്ടിലാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ സമീപനം.

രണ്ടു കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്: ഒന്ന്, സർക്കാർ വീഴ്ചകൾ വേണ്ട വിധത്തിൽ ജനങ്ങളിലേക്കെത്തിക്കാനോ തിരുത്തൽ വരുത്താനോ ആവശ്യമായ വിധത്തിൽ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കുക. പത്തനംതിട്ട ജില്ലയുടെ ദുരിതബാധിതർക്ക് അടിയന്തിരാശ്വാസമായി പണം കൊടുക്കുമെന്ന നടക്കാതെപോയ പ്രഖ്യാപനത്തിന്റെ കാര്യം എടുക്കുക. എൽഡിഎഫ് സർക്കാരായിരുന്നെങ്കിൽ ദിവസങ്ങളോളം ചർച്ച ചെയ്യുമായിരുന്ന വിഷയം പക്ഷേ വെറും വാർത്തകളിൽ മാത്രം ഒതുങ്ങി. കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ് എന്നു പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ വെറും അഞ്ചുമാസംകൊണ്ട് അതിനെ അപകടാവസ്ഥയിലാക്കി. ലക്ഷക്കണക്കിന് മനുഷ്യർ സർക്കാരാശുപത്രികളിൽ ഓരോ ദിവസവും വരുന്നുണ്ട്. അപ്പോൾ സ്വാഭാവികമായുണ്ടാകാവുന്ന വീഴ്ചകളെ പെരുപ്പിച്ചുകാണിച്ചിരുന്ന മാധ്യമങ്ങൾ ഇപ്പോൾ മരണങ്ങൾ പോലും ചർച്ചയാക്കാറില്ല. വൈദ്യുതി രംഗത്തെ തകർച്ച ജനങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമായതുകൊണ്ട് കാര്യമായ രക്ഷാപ്രവർത്തനം മാധ്യമങ്ങൾ നടത്തുന്നില്ല എന്നുമാത്രം.
സർക്കാർ വാഗ്ദാനങ്ങൾ സമൂഹം മറന്നുതുടങ്ങുമ്പോൾ ഓർമ്മിപ്പിക്കാൻ മാധ്യമങ്ങൾ തയാറാകുന്നില്ല എന്നതാണ് മറ്റൊരു കാര്യം. വലിയ വാഗ്ദാനങ്ങളാണ് യുഡിഎഫ് സർക്കാർ നൽകിയിരുന്നത്. അഞ്ചിന ഇന്ദിര ഗ്യാരന്റികൾ മാത്രമല്ല തിരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ് കേരളീയരുടെ മുമ്പിൽ വച്ചിരുന്നത്. കേരളത്തിൽ ഒരു പുതുയുഗം കൊണ്ടുവരുമെന്നായിരുന്നു വാഗ്ദാനം. വിദ്യാഭ്യാസത്തിനും തൊഴിലിനും കേരളീയർ പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കും എന്നിങ്ങനെയൊക്കെയുള്ള വാഗ്ദാനങ്ങൾ നൽകി വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിയിട്ടാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്നോർക്കണം. പക്ഷേ ആ വിഷയങ്ങളൊന്നും ഇപ്പോൾ സർക്കാരിന്റെയോ സമൂഹത്തിന്റെയോ അജൻഡയിലുള്ളതായിപ്പോലും കാണുന്നില്ല. മറിച്ച്, നിലനിൽക്കുന്ന സമ്പ്രദായത്തെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജൻഡയ്ക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. വാർത്തകൾ വരുന്നുണ്ട് എന്നതല്ലാതെ സർക്കാർ പ്രവർത്തനങ്ങളുടെ ദിശ ജനങ്ങളെ ഓർമ്മിപ്പിക്കാൻ മാധ്യമങ്ങൾക്കു താല്പര്യമില്ല.
ഇത്തരത്തിൽ അനുപാതരഹിതമായ വാർത്തകൾ നമ്മുടെ സമൂഹത്തിൽ നിറയുമ്പോൾ സംഭവിക്കുന്നത് കേരളത്തിന്റെ പൊതുബോധത്തിലെ ഇടതുപക്ഷ സമീപനം ദുർബലമാകുന്നു എന്നതാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൊണ്ട് കേരളം സാമൂഹ്യ ജീവിതത്തിൽ നേടിയ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. സ്വാതന്ത്ര്യത്തിനുശേഷം കേരളം രൂപീകരിക്കപ്പെടുകയും കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരികയും ചെയ്തതോടെ ഇത് മനുഷ്യരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ നേരിട്ട് സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിവർത്തിക്കപ്പെട്ടു. കഴിഞ്ഞ എഴുപതു വർഷങ്ങളിൽ പട്ടിണിയ്ക്കും അജ്ഞതയ്ക്കും രോഗത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടവും അതിൽ കൈവരിച്ച വിജയങ്ങളും സമാനതകളില്ലാത്തതായിരുന്നു. ഒരു സമൂഹം എന്ന നിലയിൽ മാത്രമേ നമുക്കു മുമ്പോട്ടുപോകാനാവൂ എന്ന അടിസ്ഥാന ഇടതുപക്ഷ ആശയം വേരുപിടിച്ചതിന്റെ ഗുണമായിരുന്നു അത്.
കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകൾ വികസനത്തിന്റെയും ക്ഷേമപ്രവർത്തനങ്ങളുടെയും കാര്യത്തിൽ കൈവരിച്ച നേട്ടങ്ങളുടെ പിറകിലുള്ള രാഷ്ട്രീയം അതുതന്നെയായിരുന്നു. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ കൂടുതൽ മെച്ചപ്പെട്ടു. ഏതു ദുരന്തമുഖത്തും ഒരു കേരളീയനും ഒറ്റയ്ക്കല്ല എന്നൊരുറപ്പ് സമൂഹത്തിലുണ്ടാക്കാൻ എൽഡിഎഫ് സർക്കാരുകൾക്ക് കഴിഞ്ഞു. ഒരു ദുരന്തമുണ്ടായാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമെത്തിക്കാനുള്ള ആവശ്യം ആളുകൾതന്നെ ഉയർത്തുന്ന സാഹചര്യം വന്നു; ദുരിതബാധിതരെ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന് ആളുകൾ കണ്ടുതുടങ്ങി.
ഈ ബോധമാണ് യുഡിഎഫ് സർക്കാർ തച്ചുതകർക്കുന്നതും മാധ്യമങ്ങൾ പറയാതെപോകുന്നതും. ചെറിയ തോതിൽ ഒരു വെള്ളപ്പൊക്കം വന്നപ്പോൾ ‘ഒരാളും പണം തെണ്ടാനിറങ്ങിയില്ല, കാര്യക്ഷമതയുള്ള മുഖ്യമന്ത്രി കാര്യങ്ങൾ എല്ലാം നിയന്ത്രിച്ചു, എല്ലാം ഭംഗിയായി’ എന്നതാണ് ഇപ്പോൾ പൊതുബോധം. അങ്ങനെ നടക്കുന്നു എന്നിരിക്കിലും അതിലൊരു പ്രശ്നമുണ്ട്; അത് ഭരണകൂടത്തിന്റെ യാന്ത്രികതയിൽ മാത്രം സംഭവിക്കേണ്ട കാര്യമല്ല, സമൂഹത്തിന്റെ സഹോദര്യബോധത്തിൽക്കൂടി സംഭവിക്കണം. അതില്ല എന്നു മാത്രമല്ല, കാര്യങ്ങൾ നടക്കാതെ വരികകൂടി ചെയ്യുന്നു. ഇത് കേരളം എന്ന സമൂഹത്തെ, അതിന്റെ മികച്ച സാമൂഹ്യ ബോധത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
രസകരമായ വസ്തുത ഇത്രയൊക്കെ ചെയ്തിട്ടും ഭരണകൂടത്തിന് മാധ്യമങ്ങളെ അത്ര പിടിക്കുന്നില്ല എന്നതാണ്. ചോദ്യങ്ങൾ ചോദിക്കുന്ന കൈരളി ന്യൂസിന്റെയും ദേശാഭിമാനിയുടെയും ലേഖകരെ മാത്രമല്ല ഇപ്പോൾ മുഖ്യമന്ത്രി ശകാരിക്കുന്നത്; വളരെ ലളിതമായ ചോദ്യങ്ങൾക്കുപോലും ഉത്തരം നൽകാതെ അവരുടെ മെക്കിട്ടു കയറാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്. വസ്തുതകൾ നിരത്തി മറുപടി പറയുന്നതിനുപകരം വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞും ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറിയും കുയുക്തികൾ പ്രയോഗിച്ചും രക്ഷപ്പെടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.
അതിശക്തമായ മതനിരപേക്ഷ ജനാധിപത്യം ഇപ്പോഴും നിലനിൽക്കുന്ന നാടാണ് കേരളം. അതിനു വിരുദ്ധമായ നടപടികൾ നിരന്തരമായി എടുത്തുകൊണ്ടിരിക്കുന്ന ഒരുസർക്കാരിനെ ദീർഘകാലം പൊതിഞ്ഞുസൂക്ഷിച്ചുകൊണ്ടുനടക്കുക അത്ര സുസാധ്യമായ കാര്യമല്ല. ഒന്നുകിൽ ഈ മാധ്യമങ്ങൾ സർക്കാരിന്റെ അജൻഡയ്ക്ക് കീഴടങ്ങേണ്ടി വരും. അതു പക്ഷേ ആത്മഹത്യാപരമായിരിക്കും. അല്ലെങ്കിൽ അവർ അവരുടെ യഥാർത്ഥ ഉത്തരവാദിത്തങ്ങളിലേക്കു തിരിച്ചുവരേണ്ടിവരും. മൂടിവയ്ക്കപ്പെടുന്നതൊക്കെ പുറത്തുകൊണ്ടുവരേണ്ടി വരും. ഇപ്പോഴത്തെ കള്ളനും പൊലീസും കളി അധികകാലം തുടരുക അസാധ്യമായിരിക്കും. l



