Tuesday, October 20, 2026

ad

Homeകവര്‍സ്റ്റോറികോർപ്പറേറ്റ് കുടിലതയിൽ കൂറ് മറന്നുപോകുന്ന മാധ്യമ കിടമത്സരങ്ങൾ

കോർപ്പറേറ്റ് കുടിലതയിൽ കൂറ് മറന്നുപോകുന്ന മാധ്യമ കിടമത്സരങ്ങൾ

എം വി നികേഷ്കുമാർ

ഇനി പറയുന്ന വിഷയത്തിന് ഒരു പൂർവ്വകാല ചരിത്രബന്ധമുണ്ടെങ്കിൽ അത് അടിയന്തരാവസ്ഥയുമായാണ്. മെരുങ്ങാത്ത പത്രങ്ങളെയും പ്രസിദ്ധീകരണങ്ങളെയും അടിച്ചമർത്തുകയും ഒപ്പംനിന്നവയെ വഴിവിട്ടുതുണയ്ക്കുകയും ചെയ്ത കാലം. അടച്ചുപൂട്ടൽ, സെൻസർഷിപ്പ്, അറസ്റ്റ്, അച്ചടിക്കടലാസ് നിഷേധിക്കൽ, സർക്കാർ പരസ്യം നിഷേധിക്കൽ തുടങ്ങിയ വ്യത്യസ്ത ‘യുദ്ധതന്ത്രങ്ങൾ’ പ്രയോഗിക്കപ്പെട്ടു. സർക്കാർ അനുകൂല പത്രങ്ങൾക്ക് പരസ്യം കൂട്ടാനും എതിർക്കുന്നവയ്-ക്ക് പരസ്യം വിലക്കാനും വാർത്താവിനിമയ മന്ത്രി വി സി ശുക്ലയുടെ നിർദ്ദേശത്തിൽ പത്രങ്ങളുടെ മൂന്ന് പട്ടികയുണ്ടാക്കി.

പത്രങ്ങളെ എ,ബി,സി എന്ന് തരംതിരിച്ചു. സർക്കാരിന് പിന്തുണ നൽകുന്ന പത്രങ്ങളാണ് ‘എ’ വിഭാഗം. ഉപാധിയില്ലാതെ പിന്തുണയ്-ക്കുന്നവയെ ഉൾപ്പെടുത്തിയിരിക്കുന്ന ‘എ പ്ലസ്’ വിഭാഗവുമുണ്ട്. പച്ചമലയാളത്തിൽ ‘മുട്ടിലിഴയുന്നവർ.’ അവർക്കാണ് ഏറ്റവും കൂടുതൽ പരസ്യം. ‘എ പ്ലസ്’ പദവി കിട്ടിയ 10 പത്രങ്ങളുടെ പട്ടികയിൽ, എട്ടാമത്തെ പേരായി മലയാള മനോരമയും ഉണ്ടായിരുന്നു. മാധ്യമസഹജീവികളുടെ സ്വാതന്ത്ര്യം വിറ്റ് വരുമാനം കൂട്ടാനുള്ള വ്യഗ്രതയിലായിരുന്നു അന്ന് മനോരമ എന്ന് സാരം. ജസ്റ്റിസ് ജെ സി ഷാ കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മാധ്യമ സഹജീവികളോടുള്ള കൂറിനേക്കാൾ മാർക്കറ്റ് വിപുലമാക്കാനും ലാഭം കൂട്ടാനും കച്ചകെട്ടിയിറങ്ങിയ മാധ്യമ പ്രവണത മലയാളത്തിൽ ഉൾപ്പെടെ ഇന്നും തുടരുന്നു എന്നത് അടിയന്തരാവസ്ഥയിൽ നിന്നു പുറപ്പെട്ട ഭരണകൂട ദാസ്യത്തിന്റെ പിന്തുടർച്ചയെയാണ് വ്യക്തമാക്കുന്നത്.

റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം ഇവിടെ പരിശോധനാ വിഷയമാക്കാം. ആസ്ട്രേലിയന്‍ നഗരമായ അഡ്ലൈഡില്‍ തുടങ്ങിയ മാധ്യമവിപണി ക്രമേണ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി വ്യാപിച്ചു. ചലച്ചിത്ര വ്യവസായം മുതല്‍ സാറ്റലൈറ്റ് അവകാശങ്ങള്‍ വരെ മര്‍ഡോക്ക് സ്വന്തമാക്കി. മാത്രമല്ല, സ്വതന്ത്രമായി നിലനിന്നിരുന്ന മാധ്യമ സ്ഥാപനങ്ങളെയും അയാളുടെ സാമ്രാജ്യം വിഴുങ്ങുന്ന അവസ്ഥ വന്നു.

ഇത്തരത്തില്‍ ഒരു മൊണോപ്പൊളി വിപണി മാധ്യമങ്ങളെ സംബന്ധിച്ച് നിലവില്‍ വരുമ്പോള്‍, അതുവരെ സ്വതന്ത്രമായ പല വീക്ഷണങ്ങള്‍ ഉണ്ടായിരുന്ന ചാനലുകൾ പലതിനെയും കുത്തകകൾ വിഴുങ്ങി. പിന്നീട് ഭരണകൂട താല്പര്യങ്ങള്‍ക്കനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുക വഴി ജനാധിപത്യ സംവിധാനങ്ങളില്‍ പോലും ആഴത്തില്‍ ആഘാതമുണ്ടാക്കാന്‍ മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിന് കഴിഞ്ഞു.

റൂപർട്ട് മർഡോക്ക്

മുതിര്‍ന്ന പത്രപ്രവര്‍ത്തക പമേല ഫിലിപ്പോസ്, എങ്ങനെയാണ് ഏറ്റവും കൂടുതല്‍ മാധ്യമസ്വാധീനമുണ്ടായ 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്. 2018ല്‍ കോബ്രപോസ്റ്റ് എന്ന വെബ്സൈറ്റ്, എങ്ങനെയാണ് ഇന്ത്യയിലെ വലിയ മാധ്യമ കോര്‍പ്പറേഷനുകള്‍, ഉറപ്പു നല്കപ്പെട്ട സാമ്പത്തിക പ്രതിഫലത്തിനായി, രാഷ്ട്രീയ അജൻഡകളെ പിന്താങ്ങാന്‍ അത്യുത്സാഹം കാണിച്ചതെന്നുള്ളതിന്റെ അസ്വസ്ഥതയുളവാക്കുന്ന വിവരങ്ങളും വെളിപ്പെടുത്തി.

മലയാള മാധ്യമ രംഗത്തും കാർട്ടലൈസേഷൻ അഥവാ കുത്തകവൽക്കരണത്തിനുള്ള രഹസ്യ കൂട്ടുകെട്ട് പ്രവർത്തിക്കുന്നുണ്ടെന്നത് നിസ്തർക്കമാണ്. ടെലിവിഷനിൽ അത് കൂടുതൽ സുവ്യക്തവുമാണ്. മലയാള ടെലിവിഷന്റെ തുടക്കക്കാരനായ ശശികുമാർ ഒരിക്കൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്: ‘‘ഉള്ളടക്കമാണ് കിംഗ് എന്ന അവസ്ഥ മാറി. ഡിസ്ട്രിബ്യൂഷൻ ആണ് ടെലിവിഷൻ ഇൻഡസ്ട്രിയിലെ ഇപ്പോഴത്തെ കിംഗ്’’. അതായത്, ഉള്ളടക്കത്തിനല്ല, വീടുകളിൽ ചാനൽ എത്തിക്കുന്ന വിതരണ സമ്പ്രദായത്തിനാണ് ചാനൽ ഉടമസ്ഥർക്ക് കൂടുതൽ പണം മുടക്കേണ്ടി വരുന്നത്. വിതരണക്കാരന് നൽകുന്ന പണം കുത്തനെ കൂടിയതോടെ ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തിനുവേണ്ടി ചെലവഴിക്കുന്ന തുക തുലോം കുറഞ്ഞു.

ഇന്ത്യാവിഷൻ എന്ന മലയാളത്തിലെ ആദ്യത്തെ വാർത്താ ചാനൽ അപ്രത്യക്ഷമായതിനുശേഷം ചാനൽ റേറ്റിങ്ങിൽ മുന്നിൽ തുടരാൻ ഏഷ്യാനെറ്റ് ന്യൂസിനാണ് കഴിഞ്ഞത്. മുൻ മാനേജ്മെന്റിന്റെ കീഴിൽ ‘റിപ്പോർട്ടർ’ പല ഘട്ടങ്ങളിലും ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി ഉയർത്തിയെങ്കിലും ഡിസ്ട്രിബ്യൂഷൻ രംഗത്തെ കോർപ്പറേറ്റുവൽക്കരണം തടസ്സങ്ങൾ സൃഷ്ടിച്ചു. അത് മാത്രമല്ല, കാർട്ടലെെസേഷൻ പല രൂപത്തിൽ ‘റിപ്പോർട്ടർ’ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയെ തളർത്തി. ഭരണകൂട- – കോർപ്പറേറ്റ് ഇടപെടലുകൾ പല രൂപത്തിൽ വരും. അത് പറയാം.

റിപ്പോർട്ടറിന്റെ തളർച്ചയ്ക്കുശേഷം സാങ്കേതികവിദ്യയുടെ നവീനമായ പ്രയോഗത്തിലൂടെ വാർത്താനുഭവങ്ങൾക്ക് പുതിയ തലം നൽകിക്കൊണ്ട് ‘24′ ന്യൂസ് കൊടുങ്കാറ്റുപോലെ റേറ്റിങ്ങിൽ ചലനങ്ങളുണ്ടാക്കി. ‘24′ നേയും റിപ്പോർട്ടറിനെ തളച്ച പല ഇടപെടലുകളും ബാധിച്ചതായി കാണാം.

എന്നാൽ, സ്ഥിരതയാർന്ന പ്രകടനത്തിലൂടെ പുതിയ മാനേജ്മെന്റിനുകീഴിൽ റിപ്പോർട്ടർ ബാർക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിനെ ഏത് ഘട്ടത്തിലും മറികടക്കുമെന്ന അവസ്ഥ സൃഷ്ടിച്ചു. ഇപ്പോൾ റിപ്പോർട്ടർ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്നിട്ടുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ബാർക് റേറ്റിംഗ് ഇപ്പോൾ നിലവിലില്ലാത്തതിനാൽ അതേപ്പറ്റി നമുക്ക് അറിയില്ല എന്നു മാത്രം.

സാമ്പിൾ വലുപ്പം, മീറ്ററുകളുടെ പ്രവർത്തനം, ശക്തരായ ചാനലുകളോടുള്ള പക്ഷപാതിത്വം എന്നിവ സംബന്ധിച്ച ആരോപണങ്ങളെത്തുടർന്ന് ഇപ്പോൾ ബാർക് റേറ്റിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. രാജ്യമാകെ 67,000 വീടുകളിൽ മാത്രമാണ് മീറ്ററുകൾ ഉള്ളത്. ഇത് 80,000 ആക്കാൻ നിർദേശമുണ്ട്. ഇതിലൂടെ 2.1 ലക്ഷം ആളുകളുടെ കാഴ്ചാശീലം നിരീക്ഷിക്കുന്നുവെന്ന് പറയുന്നു. ഈ 67,000 പോലും ഒരു പുകയാണ്. കൃത്യമായി പ്രവർത്തിക്കുന്ന മീറ്ററുകൾ തുലോം തുച്ഛം. ഇതൊക്കെയാണെങ്കിലും ബാർക്കിനെ കറൻസിയായി കണ്ടുകൊണ്ടാണ് ഇൻഡസ്ട്രി പ്രവർത്തിക്കുന്നത്.

31,200 കോടി രൂപ വരെയാണ് ബാർക് റേറ്റിങ് നോക്കി കോർപ്പറേറ്റുകൾ ടി വി ചാനലുകൾക്ക് പരസ്യം നൽകുന്നത്. റിപ്പബ്ലിക് ടിവിക്ക് അനുകൂല റേറ്റിങ് ലഭിക്കാൻ ഇടപെടലുണ്ടായെന്ന ആരോപണം അർണബ് ഗോസ്വാമി–പാർഥോ ദാസ്ഗുപ്ത ചാറ്റുകളിലൂടെ ബലപ്പെട്ടതോടെ റേറ്റിങ്ങിന്റെ വിശ്വാസ്യത കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

നിലവിൽ ലഭ്യമായ കണക്കുകളിൽ, അർബൻ ടി ജി എന്നറിയപ്പെടുന്ന നഗര വ്യൂവർഷിപ്പിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്നിട്ടുണ്ട്. പരസ്യദാതാക്കൾ ആശ്രയിക്കുന്നത് വാങ്ങൽശേഷിയുള്ള നഗരങ്ങളിലെ വ്യൂവർഷിപ്പാണല്ലോ.

ഈ ഘട്ടത്തിലാണ് റിപ്പോർട്ടറിനെതിരെ ആരോപണങ്ങളുടെ പെരുമഴയുണ്ടാകുന്നത്. റിപ്പോർട്ടർ ചാനൽ മേധാവി ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പിച്ചുപറയുന്നത് ‘ജിഎസ്ടി തട്ടിപ്പ് നടന്നു’ എന്നാണ്. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും കാലം ധനമന്ത്രി ആയ ഡോ. ടി എം തോമസ് ഐസക് പക്ഷേ, ജിഎസ്ടി കമ്മീഷണറോട് ചോദിക്കുന്ന ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെ വാദത്തെ അപ്രസക്തമാക്കുന്നുണ്ട്.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ നൽകാൻ പോകുന്ന സേവനത്തിനുമേലാണ് നികുതിയെന്നും സേവനം ഇല്ലെങ്കിൽ നികുതിയുമില്ലെന്നും ജിഎസ്ടി നിയമത്തെ അധികരിച്ചുകൊണ്ട് തോമസ് ഐസക് വ്യക്തമാക്കുന്നുണ്ട്. ജിഎസ്ടി നിയമത്തെക്കുറിച്ച് നല്ല ധാരണയുള്ള ജിഎസ്ടി വകുപ്പ്, നികുതി തെമ്മാടിത്തരത്തിന് കൂട്ടുനിൽക്കുന്നത് അവിശ്വസനീയമാണെന്നും കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി നിയമത്തെ തങ്ങളുടെ പ്രതിയോഗികളെ വിരട്ടാൻ ഉപയോഗിക്കുന്നതുപോലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത സംരംഭകരെയും കച്ചവടക്കാരെയും വിരട്ടാൻ ജിഎസ്ടി നികുതി വ്യവസ്ഥയെ കേരള സർക്കാർ ഉപയോഗപ്പെടുത്തുകയാണോ എന്നും തോമസ് ഐസക് ചോദിക്കുന്നുണ്ട്.

ഇതിന്റെ പേരിൽ റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് റൂമിൽ കയറി അലമ്പുണ്ടാക്കുന്ന പൊലീസ് സേനയാണ് ഇന്ന് കേരളത്തിലുള്ളത്. റിപ്പോർട്ടറിനെതിരെ വാളെടുത്ത് നിൽക്കുന്ന മറ്റു ചാനലുകൾ തോമസ് ഐസക്കിന്റെ സൗണ്ട് ബീറ്റ് തത്സമയ സംപ്രേഷണത്തിൽനിന്ന് നീക്കംചെയ്തുകളഞ്ഞു. മാധ്യമങ്ങളോട് റിപ്പോർട്ടറിന് അനുകൂലമായിട്ടാണ് സംസാരിക്കുന്നത് എന്ന് അറിഞ്ഞ നിമിഷമാണിത്.

അടിയന്തരാവസ്ഥയിൽ മറ്റു മാധ്യമങ്ങൾക്കെതിരായ ഭരണകൂട അടിച്ചമർത്തലുകളെയും തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയാക്കി മാറ്റിയ മനോരമാ സിൻഡ്രം കേരളത്തിലെ മറ്റു മാധ്യമങ്ങളും ഇപ്പോൾ പ്രകടമാക്കുകയാണ് . ഇതിനെയാണ് ഞാൻ ആദ്യം സൂചിപ്പിച്ച കുത്തകവൽക്കരണം എന്ന് പറയുക. കുത്തകകൾ എല്ലാവരും ചേർന്ന് പുതുതായി വളർന്നുവരുന്നവനെ തകർക്കുക എന്നത് പുതിയ കാര്യമല്ല.

പ്രണോയ് റോയിയും രാധിക റോയിയും

എസിവി പോലുള്ള ചാനൽ വിതരണക്കാർ ഓരോ ചാനലിൽനിന്നും ഈടാക്കുന്ന തുക കനത്തതാണ് എന്ന് പറഞ്ഞുവല്ലോ. കേരളത്തിലാകെ ഡിസ്ട്രിബ്യൂഷൻ നെറ്റ്-വർക്കിന് ഒരു ടെലിവിഷൻ ചാനൽ നൽകേണ്ടി വരുന്ന തുക, ഇന്നത്തെ നിലയിൽ 15 മുതൽ 20 കോടി രൂപ വരെയാണ്. അതായത് ഒരു മാസം കുറഞ്ഞത് രണ്ടു കോടി രൂപവരെ കേബിൾ- – ഡി ടി എച്ച് ശൃംഖലകളിൽ തങ്ങളുടെ ഉള്ളടക്കം കാണിക്കാൻ മാത്രമായി ചാനലുകൾക്ക് നീക്കിവെക്കേണ്ടി വരുന്നു. ഇതിൽ, കേരള വിഷൻ പോലുള്ള സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബ്യൂഷൻ നെറ്റ്-വർക്കുകൾ പ്രൊഫഷണൽ സംരംഭങ്ങളോട് ഉദാര സമീപനം സ്വീകരിക്കുന്നതുകൊണ്ടാണ് പല ചാനലുകളും നിലനിൽക്കുന്നത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

നിങ്ങൾ പണംമുടക്കി ഉള്ളടക്കം ഉണ്ടാക്കി ചാനൽ പ്രവർത്തിപ്പിച്ചാലും അത് കേബിൾ നെറ്റ്-വർക്കിലൂടെ കാണിക്കാൻ ഉള്ളടക്കത്തിന് ചെലവാക്കുന്നതിനേക്കാൾ പണം നൽകണം എന്നർത്ഥം. ഈ അന്യായത്തെപ്പറ്റി പരാതി ഉയർന്നപ്പോൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രായ് ഒരു നിയന്ത്രണം കൊണ്ടുവന്നു. ഇങ്ങനെ അമിത നിരക്ക് ഈടാക്കാനാവില്ല. പകരം, ഒരു സെറ്റ് ടോപ് ബോക്സിന് അഞ്ചു പൈസ എന്ന നിരക്കിൽ ഈടാക്കാം. എന്നാൽ, കേരളത്തിൽ ഇത് നടപ്പായിട്ടില്ല; വൻകിട ചാനലുകൾ ഇടപെട്ട് ഇത് പൊളിച്ചു.

കേരളവിഷൻ എന്ന ഏറ്റവും വലിയ ജനകീയ ചാനൽ വിതരണ ശൃംഖല ട്രായ് പറഞ്ഞ സെറ്റ് ടോപ്പ് ബോക്സിന് അഞ്ചു പൈസ എന്ന തീരുമാനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടും, നടപ്പാക്കാൻ കേരളത്തിലെ വൻകിട ചാനലുകൾ സമ്മതിച്ചില്ല. ഇന്ത്യാവിഷൻ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത്, എസിവി എന്ന ഡിസ്ട്രിബ്യൂഷൻ നെറ്റ്-വർക്ക് സംപ്രേഷണം നിർത്തിവെച്ചതോടുകൂടിയാണ്. അത്തരം പടുമരണങ്ങൾ ഒഴിവാക്കാനുള്ള മാർഗം ആയിരുന്നു ട്രായിയുടെ അഞ്ചു പൈസയ്ക്ക് ഒരു സെറ്റ് ടോപ് ബോക്സ് എന്ന നിർദ്ദേശം.

മുഖ്യധാരയിൽ ഉണ്ടായിരുന്ന ചെറു ചാനലുകളായ ജീവൻ ടി വി, സഫാരി, കൗമുദി എന്നിവ ഇന്ന് എവിടെയാണ്? സഫാരി പോലെയൊരു നീഷ് (Niche ) പരീക്ഷണം സന്തോഷ് ജോർജ് കുളങ്ങര എന്ന പ്രഫഷണലിന്റേതായിരുന്നു. എങ്ങനെയാണ് കുത്തക നിയന്ത്രിക്കുന്ന എ സി വി പോലുള്ള ഡിസ്ട്രിബ്യൂഷൻ നെറ്റ്-വർക്കുകൾ നിയന്ത്രിക്കുന്ന ഇത്തരമൊരു മാർക്കറ്റിൽ അങ്ങനെ ഒരു ചാനലിന് പിടിച്ചുനിൽക്കാൻ കഴിയുക? കൂടുതൽ മേഖലകളിൽ ഇത്തരം ചാനലുകൾ രൂപമെടുക്കാനുള്ള സാധ്യതകളാണ് കാർട്ടലെെസേഷൻ പൊളിച്ചത്. പത്തു ന്യൂസ് ചാനലുകലുള്ള കേരളത്തിൽ ആദ്യത്തെ രണ്ടെണ്ണം ഒഴിച്ചുള്ള എട്ടു ചാനലുകൾക്കും 15 കോടി രൂപ പ്രതിവർഷം ഡിസ്ട്രിബ്യൂഷൻ ചാർജ് കൊടുത്ത് നിലനിൽക്കാനാവില്ല. പിന്നെങ്ങനെ ഈ എട്ടുപേർ നിലനിൽക്കുന്നു എന്ന് ചോദിച്ചാൽ, പുറത്തുനിന്ന് പണം പമ്പ് ചെയ്താണ് ഈ എട്ടു ചാനലുകളും നിലനിൽക്കുന്നത് എന്നാണ് മറുപടി. അങ്ങനെ ഇല്ലാത്തവർ? അവർ കൊഴിഞ്ഞുപോകണം. മലയാളത്തിലെ ആദ്യത്തെ വാർത്താ ചാനലായ ഇന്ത്യാവിഷൻ, വ്യാപാരികൾ തുടക്കമിട്ട ടി വി ന്യൂ എന്നീ ചാനലുകൾ ഇല്ലാതായതിന്റെ കാരണം വേറൊന്നല്ല. ഇവരെയൊക്കെ ഇല്ലാതാക്കിയത് മാർക്കറ്റ് വിഭജിക്കപ്പെട്ടുപോകാതെ പിടിക്കാൻ തുനിയുന്ന കോർപ്പറേറ്റ് ചാനലുകളാണ്. ഇതാണ് കാർട്ടലെെസേഷൻ.

മലയാള ടെലിവിഷൻ മേഖലയിൽ കുത്തകകളുടെ സംഭാവന എന്താണ്? ടെലിവിഷന്റെ ഏതെങ്കിലും ശാഖ തുടങ്ങിവെച്ചത് കോർപ്പറേറ്റുകളാണോ ? ജനറൽ എന്റർടൈൻമെന്റ്, ന്യൂസ് ചാനൽ, നീഷ് (Niche ) ചാനലുകളുടെ രൂപീകരണം പ്രൊഫഷണലുകളുടെ ബുദ്ധിയിൽ നിന്നാണ്. പോട്ടെ, ടെലിവിഷനിലെ ഏതെങ്കിലും പരിപാടി തങ്ങൾ തുടങ്ങിയതാണെന്ന് ഇവിടത്തെ കോർപ്പറേറ്റുകൾക്ക് പറയാൻ കഴിയുമോ ? സ്റ്റാർട്ടപ്പ് ചാനലുകളിലെ പ്രൊഫഷണലുകളുടെ പരീക്ഷണങ്ങളാണവ. അവ സ്‌ക്രീനിൽ എത്തുമ്പോൾ അതിന്റെ വിജയം നോക്കി അപ്പാടെ അങ്ങോട്ട് ഏറ്റെടുക്കും.

പി ടി ഐ ടിവിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ശശികുമാർ എന്ന പ്രതിഭയാണ് ഏഷ്യാനെറ്റ് തുടങ്ങിയത്. ഡോ. എം കെ മുനീർ ആണ് ഇന്ത്യാവിഷൻ തുടങ്ങിയത്. അതുപോലെയാണ് ട്രാവൽ രംഗത്ത് സന്തോഷ് ജോർജ് കുളങ്ങര സഫാരി തുടങ്ങിയത്. കുത്തകകൾ എപ്പോഴും പുതിയ മേഖലകളിലേക്ക് കടക്കാൻ ഭയപ്പെട്ടു നിൽക്കുകയാണ് ചെയ്യുക. പരീക്ഷണം നടത്തുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്തും. മലയാളത്തിലെ ആദ്യത്തെ വാർത്താ ചാനൽ തുടങ്ങിയപ്പോൾ അങ്ങനെ എത്രയെത്ര പേരാണ് സൗജന്യ ഉപദേശവുമായി എന്റെ ഫോണിന്റെ അങ്ങേ തലയ്ക്കൽ ഉണ്ടായിരുന്നത് ? ഇന്ത്യാവിഷൻ തുടങ്ങിവെച്ച 24 മണിക്കൂർ വാർത്താ ചാനലിന് മാർക്കറ്റ് ഉണ്ടെന്നു തോന്നിയപ്പോൾ കോർപ്പറേറ്റുകൾ അപ്പാടെ കോപ്പി ചെയ്യുകയല്ലേ ചെയ്തത് ? അതായത്, വ്യക്തിപരമായ വൈഭവം ആവശ്യമായ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തേണ്ടത് സാധാരണക്കാരായ പ്രൊഫഷണലുകളുടെ ഉത്തരവാദിത്തമാണ്. അവർ അതിൽ വിജയിപ്പിച്ചാൽ കോർപ്പറേറ്റുകൾ വരും, കാർട്ടലൈസേഷൻ അടക്കമുള്ള ആയുധങ്ങളുമായി.

പ്രൊഫഷണലുകൾ നടത്തുന്ന വാർത്താ ചാനലുകളെ കോർപ്പറേറ്റുകൾക്ക് മാത്രമായി തകർക്കാനാവില്ല. അവസാനത്തെ ആണി അടിച്ചത് കേന്ദ്ര സർക്കാർ തന്നെ. നിശബ്ദമായി നടന്ന ഒരു കൊലപാതകത്തിന്റെ കഥയാണിനി പറയാനുള്ളത്. 2010 ൽ ഒരു ടെലിവിഷൻ ചാനൽ തുടങ്ങാൻ ആസ്തിയായി വേണ്ടിയിരുന്നത് മൂന്നു കോടി രൂപയാണ്. പിന്നീട് അത് അഞ്ചുകോടി രൂപയായും എട്ടു കോടി രൂപയായും ഉയർത്തി. അപ്പോഴും നേരത്തെ മൂന്നു കോടി രൂപ ആസ്തി കാട്ടി ചാനൽ തുടങ്ങിയവർക്ക് അതേ തുകയുടെ ആസ്തി നിലനിർത്തിയാൽ മതിയായിരുന്നു. എന്നാൽ, പൊടുന്നനെ മോദി സർക്കാർ ഒരു ചാനൽ തുടങ്ങാൻ വേണ്ട ആസ്തി 20 കോടിയായി ഉയർത്തി. നേരത്തെ മൂന്നു കോടി രൂപയുടെ ആസ്തികൊണ്ട് ചാനൽ തുടങ്ങിയവർ ഉടൻ ഇരുപത് കോടി രൂപയായി ആസ്തി ഉയർത്തണം എന്നാവശ്യപ്പെട്ടാൽ എന്താണ് വഴി?

നിങ്ങൾ ഒരു സ്റ്റാർട്ടപ്പ് കമ്പനി ആണെങ്കിൽ, ബഹുഭൂരിപക്ഷം ഓഹരിയും ഒരു സമ്പന്നന് അല്ലെങ്കിൽ ഒരു കോർപ്പറേറ്റിന് വിൽക്കണം. ഇല്ലെങ്കിൽ കേന്ദ്രസർക്കാർ നിങ്ങളുടെ ചാനലിനെ പ്രവർത്തിക്കാൻ അനുവദിക്കില്ല. സമ്പന്നൻ അല്ലെങ്കിൽ കോർപ്പറേറ്റുകൾ മാത്രം മാധ്യമങ്ങൾ നടത്തിയാൽ മതി എന്നതാണ് കേന്ദ്രനയം. ഈ നോട്ടീസ് കിട്ടിയപ്പോൾ ഓഹരി വിൽക്കാൻ തീരുമാനിച്ച ഒട്ടേറെപ്പേരിൽ ഒരാളാണ് ഞാൻ. വേറെന്ത് വഴി?

കുത്തകവൽക്കരണത്തിലേക്ക് വ്യക്തികളെ എത്തിക്കാൻ ഭരണകൂടത്തിന് ക്രൂരമായ വേറെയും മാർഗങ്ങളുണ്ട്.

എൻഡിടിവി എഡിറ്റർ പ്രണോയ് റോയിയെ വിമാനത്തിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോയത് അത്തരത്തിൽ ഒന്നാണ്. പ്രണോയ് റോയിക്കും ഭാര്യയ്ക്കും എതിരെയെടുത്ത സി ബി ഐ കേസ്, അന്വേഷണ ഏജൻസിക്ക് പിഴ ശിക്ഷയോടെ റദ്ദു ചെയ്തുവെങ്കിലും പ്രണോയ് എന്ന ഏറ്റവും വിഖ്യാതനായ ടെലിവിഷൻ ജേർണലിസ്റ്റിനെ അപമാനിച്ച് പണിയവസാനിപ്പിക്കാൻ നടത്തിയ ഗൂഢാലോചനയായിരുന്നു.

പ്രണോയ് റോയിയും രാധികാ റോയിയും വിമാനത്തിൽ കയറുന്നതുവരെ പൊലീസുകാർ കാത്തിരുന്നു. ബോർഡിങ് കഴിഞ്ഞ ഉടൻ എല്ലാവരും സീറ്റിൽ ഇരുന്നപ്പോഴാണ് പ്രണോയിയെയും ഭാര്യയെയും സി ബി ഐ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയത്. എൻഡിടിവി എടുത്ത വായ്പയുടെ പേരു പറഞ്ഞ് റിലയൻസ് കെെവശപ്പെടുത്തിയ ഓഹരി ഈട് ഇതിനു ശേഷമാണ് റിലയൻസ് അദാനിക്ക് കൈമാറിയത്; പ്രണോയ് തന്റെ സ്വന്തം ചാനൽ ഉപേക്ഷിച്ചത്.

അദാനിക്ക് എൻഡിടിവി എന്ന ചാനൽ ആവശ്യമുള്ളതുകൊണ്ടല്ല, അതിനെ നന്നാക്കാനുമല്ല. സംഘപരിവാർ ആവാസവ്യവസ്ഥയിൽ എൻഡിടിവി മാത്രം വേറിട്ടുനിൽക്കാൻ പാടില്ല, അത് മറ്റു ചാനലുകളെ നാണം കെടുത്തും. എൻ ഡി ടി വി ഇല്ലാത്ത ഇന്ത്യൻ ഇംഗ്ലീഷ് ചാനലുകളെ, ഹിന്ദി ചാനലുകളെ നോക്കൂ. എല്ലാവർക്കും ഒരേ സംഘപരിവാർ ദാസ്യം. അങ്ങനെ ദേശീയ തലത്തിൽ എല്ലാ സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് ചാനലുകളും ബിജെപി പിടിച്ചെടുത്തുകഴിഞ്ഞു.

കേരളത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ തൊണ്ണൂറു ശതമാനം ഓഹരി രാജീവ് ചന്ദ്രശേഖർ എന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കയ്യിലാണ്. മലയാള മനോരമയുടെ എഡിറ്റോറിയൽ എങ്ങനെ ആയിരിക്കും എന്ന് ‘മാമൻ മാപ്പിള മുതൽ നൽകിയ ഉപദേശ നിർദേശങ്ങൾ’ എന്ന് ഉദ്ധരിച്ച് കെ എം മാത്യു എട്ടാമത്തെ മോതിരം എന്ന ആത്മകഥയിൽ എഴുതിവെച്ചിട്ടുണ്ട്. ‘സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത’ പത്രമായ മാതൃഭൂമിയുടെ നിറം മാറിയത് മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ നമുക്കു കാണാൻ സാധിച്ചു.

പിന്നെയുള്ള മാധ്യമങ്ങളുടെ തനിനിറം കഴിഞ്ഞ അഞ്ചു വർഷം നമ്മൾ കണ്ടതാണ്. അതെ, ഇടതുപക്ഷത്തെ കേരളത്തിൽ നിന്ന് നീക്കംചെയ്യാനുള്ള മാധ്യമ തയ്യാറെടുപ്പുകൾ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. രണ്ടു വർഷങ്ങൾക്കപ്പുറം വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് –- ബിജെപി ദ്വന്ദം എന്ന പുതിയ സമവാക്യമെന്ന പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്തുന്നതിനുവേണ്ടിയാണ് വിമോചനസമരകാലത്തേക്കാൾ വിഷം മുറ്റിയ ഈ മാധ്യമങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടു നൽകി സഹായിച്ച് ജയിപ്പിച്ചെടുത്ത യുഡിഎഫിന് മുഖ്യമായത് ഒരു കാര്യം മാത്രം, കേരളത്തിൽ ബിജെപിക്ക് വളരണം. യുഡിഎഫ്- – ബിജെപി ദ്വന്ദ്വത്തെ വളർത്തിയെടുക്കാൻ ബിജെപിക്ക് മറുഭാഗത്ത് മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയുമുള്ള മുന്നണി വേണം. സിപിഐഎമ്മിനെ ഇല്ലാതാക്കിയാലേ അത് സാധ്യമാകൂ.

റിപ്പോർട്ടർ ഒരു ഇടതുപക്ഷ ചാനലാണെന്ന് ആരും അവകാശപ്പെട്ടിട്ടില്ല. എല്ലാ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും അതിന്റെ എഡിറ്റോറിയൽ ബോർഡിൽ ഉള്ളതായി ‘മീറ്റ് ദ എഡിറ്റേഴ്സ്’ എന്ന പരിപാടിയിൽ നമുക്കു കാണുകയും ചെയ്യാം. റിപ്പോർട്ടറിൽ സ്വതന്ത്ര ശബ്ദങ്ങളുണ്ട്. അവർക്കവിടെ എഡിറ്റോറിയൽ സ്വാതന്ത്ര്യവും ഉണ്ട്. ആ സ്വതന്ത്ര ശബ്ദങ്ങളെ അപമാനിച്ച്, അപകീർത്തിപ്പെടുത്തി അവസാനിപ്പിക്കാനുള്ള തെറിയഭിഷേകം കമന്റ് ബോക്സിലും സാമൂഹ്യ മാധ്യമങ്ങളിലും നമ്മൾ കാണുന്നുമുണ്ടല്ലോ. ഇന്ത്യൻ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിൽ എൻ ഡി ടി വിയെ ഭീഷണിയായി കണ്ട് അവസാനിപ്പിച്ചതുപോലെ തന്നെയാണ് ഇതും.

തനിയാവർത്തനം കേരളത്തിലും. ബിജെപി-–യുഡിഎഫ് ദ്വന്ദ്വമാഗ്രഹിക്കുന്ന ചാനൽ മാനേജ്‌മെന്റുകൾ റിപ്പോർട്ടറിന്റെ പരീക്ഷണങ്ങളെ ഭയക്കുന്നു. ബിജെപിയെ യുഡിഎഫിനൊപ്പം എത്തിക്കാനുള്ള തങ്ങളുടെ എഡിറ്റോറിയലിന് വെല്ലുവിളിയാകും റിപ്പോർട്ടറിലെ സ്വതന്ത്ര ശബ്ദങ്ങൾ എന്നവർ ആശങ്കപ്പെടുന്നു. ഏത് വിവാദം ഉണ്ടാകുമ്പോഴും ആ ചാനലിന്റെ കൺസൽട്ടിങ് എഡിറ്റർ ആയ ഡോ. അരുണിനെപ്പോലുള്ളവർ അക്രമിക്കപ്പെടുന്നത് ആത്മവീര്യം കെടുത്താനാണ്. റിപ്പോർട്ടർ സംപ്രേഷണം നിർത്തിയാൽ തങ്ങളുടെ എഡിറ്റോറിയലിന് ബദൽ ഉണ്ടാകില്ല. ഒപ്പം, റിപ്പോർട്ടറിന്റെ ഉയർച്ച മാർക്കറ്റിൽ തങ്ങൾക്ക് ഇടിവുണ്ടാക്കുന്നു. അതും തടയണം.

സിപിഐ എമ്മിനേയും ഇടതുപക്ഷത്തേയും തകർക്കുവാൻ എതിരാളികൾ, സർവ്വശക്തിയുമെടുത്ത് നടത്തുന്ന ആക്രമണങ്ങൾ ഇനിയും നിസ്സാരമാക്കി തള്ളിക്കളയാനാവില്ല. ഈ വലതുപക്ഷ- കോർപ്പറേറ്റ് മാധ്യമങ്ങൾ പുറന്തള്ളുന്ന വിഷലിപ്തമായ ഇടതുപക്ഷ വിരുദ്ധതയെ ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല.

റിപ്പോർട്ടർ ചാനലിനെ നശിപ്പിക്കാനുള്ള തീരുമാനം തങ്ങളുടെ പദ്ധതിയിലെ ഒരു ഘടകം മാത്രം. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള അടുത്ത അഞ്ചുവർഷത്തെ പദ്ധതികളിൽ ഒന്നുമാത്രമാണ് മാധ്യമ രംഗത്തെ ഈ നീക്കം. മാധ്യമങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ് എന്നതിനാലാണ് റിപ്പോർട്ടറിനുനേരെയുള്ള കടന്നാക്രമണത്തെപ്പറ്റി പറയുന്നത്. ഇടതുപക്ഷത്തെ നീക്കംചെയ്യാനുള്ള ശ്രമം എസ് ഐ ആർ മുതൽ ഒട്ടേറെ തലങ്ങളിൽ നടക്കുന്നുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ ഫാസിസത്തിന്റെ രൂപരേഖ കോർപ്പറേറ്റുകളുടേതുകൂടിയാണ്. കലയിലും സംസ്കാരത്തിലും ദൈനംദിന ജീവിതത്തിൽപ്പോലും ഇടപെടാനുള്ള ശ്രമങ്ങളിൽ പതിയെ ജയിച്ചുകയറിയ അവർ രാഷ്ട്രീയത്തിലൂടെ അധികാരത്തിന്റെ ഇടനാഴികളിൽ ചുറ്റിത്തിരിയുകയും പതിയെ അതിനെ വിഴുങ്ങുകയും ചെയ്തിട്ടുണ്ട്. വലതുപക്ഷ മൂലധന മാധ്യമശക്തികളെ ചെറുത്തുതോൽപ്പിക്കുക എന്നതാണ്‌ ഇടതുപക്ഷചേരിയുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്ന്.

കോർപ്പറേറ്റ് മാധ്യമങ്ങൾ അവരുടെ മാത്രം താൽപര്യങ്ങൾ സംരക്ഷിക്കുമ്പോൾ സാധാരണക്കാർക്ക് സ്വന്തം താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഇടമാണ് ഇന്ന് സമൂഹമാധ്യമങ്ങൾ. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് കാരണമായത് യുവാക്കളുടെ സമരമാണ്. സമൂഹമാധ്യമങ്ങളെയാണ് അവർ അതിനായി ഉപയോഗിച്ചത്. അതാണ് ജന്തർ മന്തറിൽ കാണുന്നത് ; രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും ചെറുപ്പക്കാർ തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകളിലും വീഡിയോകളിലും കാണുന്നത്. ഇതോടൊപ്പംതന്നെ സ്വതന്ത്ര ശബ്ദമുയർത്തുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് പിന്തുണയും നൽകണം. വേറിട്ടുപോയവരും പിണങ്ങിനിൽക്കുന്നവരും അഭിപ്രായവ്യത്യാസമുള്ളവരും മറ്റെല്ലാം മറന്ന് ഇടതുപക്ഷത്തോടൊപ്പം നിൽക്കേണ്ട സമയമാണിത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + 13 =

Most Popular