2016 മുതൽ എൽഡിഎഫ് സംസ്ഥാനം ഭരിക്കവെ ആദ്യത്തെ അഞ്ച് വർഷവും തുടർഭരണം ലഭിച്ച അഞ്ച് വർഷവും ഇപ്പോൾ യുഡിഎഫിന്റെ ഭരണം വന്നപ്പോഴും മാധ്യമങ്ങൾ ഇവയോരോന്നിനോടും സ്വീകരിച്ച സമീപനം പരിശോധിക്കപ്പെടേണ്ടതുണ്ട്.
വന്യജീവി ആക്രമണം സംബന്ധിച്ച വാർത്തകൾക്ക് 2016–2021 കാലത്ത് അർഹമായ പ്രാധാന്യം മാത്രമാണ് മാധ്യമങ്ങൾ നൽകിയത്. സംഭവങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുമ്പോഴും അതിൽ സർക്കാരിനെയോ വനംവകുപ്പിനെയോ ഒരു പരിധിയിലേറെ കുറ്റപ്പെടുത്താൻ മാധ്യമങ്ങൾ തുനിഞ്ഞിരുന്നില്ല. കേന്ദ്രസർക്കാരിന്റെ കർക്കശ നിയമമാണ് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് തടസ്സമെന്നതും പലപ്പോഴും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, 2021ൽ തുടർഭരണം ലഭിച്ചശേഷം വന്യജീവി ആക്രമണം സംബന്ധിച്ച വാർത്തകളുടെ മട്ടും ഭാവവും മാറി. ദൃശ്യമാധ്യമങ്ങൾ മണിക്കൂറുകൾ നീളുന്ന സംപ്രേഷണം തുടങ്ങി. ദുരന്തസ്ഥലത്തുനിന്ന് നാട്ടുകാരുടെ രോഷപ്രകടനങ്ങളും ബന്ധുക്കളുടെ വിലാപങ്ങളും ഒപ്പിയെടുത്ത് ലോകം മുഴുവൻ എത്തിച്ചു. പത്രങ്ങളിൽ ഇത്തരം വാർത്തകൾ എല്ലാ എഡിഷനിലും ഒന്നാം പേജിൽ വൻപ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാൻ തുടങ്ങി. സർക്കാർ നടപടികൾക്ക് നാമമാത്രമായ ഇടവും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് അതിരുവിട്ട പരിഗണനയും നൽകി. വനം, വന്യജീവി വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പങ്ക് മറച്ചുവയ്ക്കുകയും എല്ലാം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയായി ചിത്രീകരിക്കുകയും ചെയ്തു. ക്ഷുദ്രജീവികളെ വെടിവച്ചു കൊല്ലുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം വിലങ്ങുതടിയായത് മറച്ചുപിടിക്കാനാണ് മാധ്യമങ്ങൾ പൊതുവെ ശ്രമിച്ചത്. അതേസമയം യുഡിഎഫ്–ബിജെപി നേതാക്കളുടെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ അതേപടി പ്രചരിപ്പിക്കുകയും ചെയ്തു.
കാലം മാറുകയും യുഡിഎഫ് അധികാരത്തിൽ വരികയും ചെയ്തപ്പോൾ മാധ്യമങ്ങൾ ഇൗ വിഷയത്തിൽനിന്ന് മെല്ലെ പിന്മാറ്റം തുടങ്ങി. ഒക്ടോബർ അഞ്ചിന് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിന്റെ വാർത്ത അയൽജില്ലകളിൽ പോലും മനോരമയുടെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ടില്ല. മനോരമ അന്ന് ഒന്നാം പേജിൽ സൂപ്പർ ലീഡിന്റെ സ്ഥാനത്ത് നൽകിയ ചിത്രം മലപ്പുറം അങ്ങാടിപ്പുറത്ത് നവീകരിച്ച പഞ്ചായത്ത് കുളം ഉദ്ഘാടനം ചെയ്യാനെത്തിയ യുഡിഎഫ് എംഎൽഎയും കൂട്ടരും പരസ്പരം വെള്ളത്തിൽ തള്ളിയിട്ട് കളിക്കുന്നതിന്റേതായിരുന്നു! രസകരമായ അടിക്കുറിപ്പും ചേർത്ത് ആകർഷകമായ രീതിയിൽ ഇൗ ചിത്രം നൽകിയ മനോരമയുടെ ലക്ഷ്യം പലതാണ്.
തുടർഭരണത്തിൽ
വെപ്രാളം പൂണ്ട
മാധ്യമങ്ങൾ
2016–21ലെ സർക്കാരിന്റെ കാലത്ത് വലതുപക്ഷ പത്രങ്ങളും ചാനലുകളും ഓരോ വകുപ്പിനെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലേയ്ക്ക് കാര്യമായി നീങ്ങിയിരുന്നില്ല. കാടടച്ച് വെടിവയ്ക്കുക എന്ന ശൈലിയാണ് അന്ന് അവർ സ്വീകരിച്ചത്.
2021ൽ രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേറ്റ് ഒന്നാം ദിവസം മുതൽ തന്നെ മാധ്യമങ്ങൾ സൂക്ഷ്മ–സ്ഥൂല തലങ്ങളിൽ ആസൂത്രിതമായി ആഞ്ഞടിച്ചു. യുഡിഎഫിനേറ്റ തുടർച്ചയായ പരാജയത്തെ സ്വന്തം പരാജയമാണെന്ന തരത്തിലാണ് മാധ്യമങ്ങൾ സ്വീകരിച്ചത്.
പൊതുവിദ്യാഭ്യാസ മേഖലയിൽ എണ്ണമറ്റ നേട്ടങ്ങൾ കൈവരിച്ചപ്പോഴും വിവാദങ്ങൾ ചുട്ടെടുക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു മാധ്യമങ്ങൾ. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിക്കുകയും ജനങ്ങളിൽ ആശയക്കുഴപ്പവും സംശയങ്ങളും പടർത്തുകയും ചെയ്തു. സംസ്ഥാന സ്കൂൾ പാഠ്യപദ്ധതിക്കും അധ്യയനത്തിനും നിലവാരമില്ലെന്ന് വരുത്തിത്തീർക്കാൻ കിണഞ്ഞു പരിശ്രമിച്ച മാധ്യമങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ തമസ്കരിക്കുകയും ചെയ്തു. വിദേശവിദ്യാർഥികൾ കേരളത്തിലെ സർവകലാശാലകളിൽ ഉന്നതപഠനത്തിനു എത്തുകയും ദേശീയ റാങ്കിങ്ങുകളിൽ കേരളം മുന്നേറുകയും ചെയ്തപ്പോഴും അടിസ്ഥാനരഹിതമായ ഭാവനാവിലാസങ്ങളാണ് വലതുപക്ഷ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. കോൺഗ്രസ്–ബിജെപി–എസ്യുസിഐ കൂട്ടുകെട്ടിന്റെ ഉൽപ്പന്നമായ കടലാസ് സംഘടനയുടെ ദുരാരോപണങ്ങൾ മനോരമയും മാതൃഭൂമിയും മറ്റും മത്സരിച്ച് പ്രസിദ്ധീകരിച്ചു.
മഹാപ്രളയകാലത്തും കോവിഡ് മഹാമാരി മാനവരാശിയെ സമാനതകളില്ലാത്ത പ്രതിസന്ധിയിൽ തള്ളിയപ്പോഴും കേരളീയ സമൂഹത്തെ താങ്ങിനിർത്തി, മുന്നോട്ടുപോകാൻ പ്രാപ്തമാക്കിയത് സംസ്ഥാന സർക്കാരിന്റെ മികച്ച ഏകോപനവും നേതൃത്വവുമാണെന്ന് സദ്ബുദ്ധിയുള്ള ആർക്കും ബോധ്യമുള്ളതാണ്. ഇക്കാര്യത്തിൽ ആഭ്യന്തരം, ആരോഗ്യം, വൈദ്യുതി, പൊതുമരാമത്ത്, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനം നിർണായകമായി. ഇതോടെ ഇൗ വകുപ്പുകളുടെ ഓരോ ചെറിയ ഓഫീസുകളും മാധ്യമങ്ങളുടെ നിരന്തര ഓഡിറ്റിങ്ങിനു വിധേയമായി. ഉദാഹരണത്തിന്, റോഡുകൾ പൊതുവെ മികച്ച നിലവാരത്തിൽ എത്തിയെങ്കിലും ഏതെങ്കിലും പ്രദേശത്തെ റോഡിൽ ഒരു കുഴി രൂപംകൊണ്ടാൽ പോലും ചാനലുകൾ പ്രധാന വാർത്തയാക്കുന്ന സ്ഥിതിയായി. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിൽ നിലവിലെ കേന്ദ്രനിയമം സംസ്ഥാന സർക്കാരിനെയും തദ്ദേശസ്ഥാപനങ്ങളെയും ഏതാണ്ട് നിസ്സഹായ അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്. പരിമിതമായ കാര്യങ്ങൾ മാത്രമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് ചെയ്യാനാകുക. തെരുവുനായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്നതിൽനിന്ന് രാജ്യതലസ്ഥാനമായ ഡൽഹി പോലും മുക്തമല്ല. എന്നാൽ എൽഡിഎഫ് ഭരണകാലത്ത് കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ മണിക്കൂറുകൾ നീണ്ട സംപ്രേഷണത്തിനും ചർച്ചകൾക്കും വിഷയമായി. പത്രങ്ങളുടെ ഒന്നാം പേജുകളിൽ സ്ഥാനം നൽകി. ഇപ്പോൾ പത്രങ്ങളുടെ പ്രാദേശിക പേജിലെ ചെറിയ വാർത്തകളായി ഇവ മാറി.
കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങളെ ചെറുത്തുനിന്ന വൈദ്യുതിവകുപ്പിനെതിരെ അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾ മുഴുകി. വൈദ്യുതിമേഖലയിലെ ഉദാരവൽക്കരണ നയങ്ങൾക്കെതിരായ സർക്കാരിന്റെ പോരാട്ടത്തെ തെറ്റായി ചിത്രീകരിച്ചു. യുഡിഎഫ് സർക്കാർ വന്നശേഷം വൈദ്യുതിവകുപ്പിൽ ആസൂത്രണവും സേവനങ്ങളും അപ്പാടെ പാളിയിട്ടും ഭരണനേതൃത്വത്തെ സംരക്ഷിക്കാൻ മാധ്യമങ്ങൾ പെടാപ്പാട് പെടുകയാണ്. വൈദ്യുതിക്ഷാമം ഇന്നു ശരിയാകും, നാളെ ശരിയാകും, അടുത്ത മാസം ശരിയാകും, ഹിമാചലിൽനിന്ന് കിട്ടും, കർണാടകത്തിൽനിന്ന് കിട്ടും എന്നൊക്കെ വാർത്തകൾ ചമച്ച് യുഡിഎഫ് സർക്കാരിന് ചാമരം വീശിക്കൊടുക്കുകയാണ് മനോരമയും കൂട്ടരും.
മനോരമയും മാതൃഭൂമിയും കേരള കൗമുദിയും മാധ്യമവും അടക്കമുള്ള പത്രങ്ങളും ഏഷ്യാനെറ്റും മനോരമന്യൂസും മാതൃഭൂമി ന്യൂസും പോലുള്ള ചാനലുകളും സേവിക്കുന്നത് കോൺഗ്രസിനെയും യുഡിഎഫിനെയും മാത്രമല്ല; പ്രത്യക്ഷത്തിൽ ഇവർ യുഡിഎഫ് അനുകൂലികളായി അഭിനയിക്കുമെങ്കിലും അന്തിമമായി ബിജെപിക്ക് മെച്ചം കിട്ടുന്ന വിധത്തിലാണ് പ്രവർത്തനം. കേരളത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ പ്രതികൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ ഇവരൊന്നും കഴിഞ്ഞ10 വർഷവും തയ്യാറായിട്ടില്ല. കേന്ദ്രസർക്കാരിന്റേത് വളരെ അനുകൂല സമീപനം, എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടാണ് പ്രശ്നം എന്ന മട്ടിലാണ് വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തത്. കേരളത്തിന് എയിംസ് അനുവദിക്കാത്ത വിഷയം, നിർദ്ദിഷ്ട ശബരി റെയിൽപാത നീണ്ടുപോകൽ, റെയിൽവേയുടെ പൊതുവികസനം, അർഹമായ നികുതി വിഹിതം ലഭിക്കാത്തത്, കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കൽ, ക്ഷേമപെൻഷൻ വിതരണം തടയാനുള്ള സാമ്പത്തിക ഉപരോധം, ആശമാരുടെ ആനുകൂല്യങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ കേന്ദ്രഅട്ടിമറിക്കും യുഡിഎഫിന്റെ വഞ്ചനാപരമായ നിലപാടിനും മാധ്യമങ്ങൾ കൂട്ടുനിന്നു.
സ്വന്തമായി വിഭവസമാഹരണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്താൻ മാധ്യമങ്ങൾ കിണഞ്ഞുപരിശ്രമിച്ചു. കേന്ദ്രം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുമ്പോഴും പ്രത്യേക തീരുവകൾ ചുമത്തുമ്പോഴും അതെല്ലാം ന്യായമായ നടപടികളായും സംസ്ഥാന സർക്കാർ കെട്ടിടനികുതി ഉയർത്തിയതും സാമൂഹ്യക്ഷേമ പെൻഷൻ സെസ് ഏർപ്പെടുത്തിയതും ജനദ്രോഹമായും മാധ്യമങ്ങൾ ചിത്രീകരിച്ചു. കേരളത്തിന്റെ വികസനപദ്ധതികൾക്ക് തുരങ്കംവയ്ക്കുന്ന വിധത്തിൽ പ്രവർത്തിച്ച യുഡിഎഫ് എംപിമാരെ പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിനു വിരുദ്ധമായി യുഡിഎഫിന്റെ സങ്കുചിത രാഷ്ട്രീയ അജൻഡയ്ക്ക് കൂട്ടുനിൽക്കുകയാണ് ഇവർ ചെയ്തത്.
മാത്രമല്ല, കേരളത്തിന്റെ കാര്യങ്ങളിൽ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മികച്ച രീതിയിൽ ഇടപെടുന്നതായി ഒരു കേന്ദ്രമന്ത്രി സന്ദർഭവശാൽ പറഞ്ഞതിനെ വളച്ചൊടിച്ച് ബ്രിട്ടാസ് സിപിഐ എം–ബിജെപി ബന്ധത്തിന്റെ പാലമാണെന്ന് മനോരമയും കൂട്ടരും പ്രചരിപ്പിച്ചു. ബ്രിട്ടാസിനെ സ്വഭാവഹത്യ നടത്തുന്ന വിധത്തിൽ യുഡിഎഫ് സമൂഹമാധ്യമ ശൃംഖല ഇതേറ്റെടുത്തു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്തിനെയും പ്രൊഫ. കെ വി തോമസിനെയും പ്രത്യേക പ്രതിനിധികളായി ഡൽഹിയിൽ നിയമിച്ചത് ധൂർത്താണെന്നും അനാവശ്യമാണെന്നും വലതുപക്ഷ മാധ്യമങ്ങൾ വാദിക്കുകയും ഇതുസംബന്ധിച്ച് നിരന്തരം അടിസ്ഥാനരഹിതമായ വാർത്തകൾ ചമയ്ക്കുകയും ചെയ്തു. ഡൽഹി കേരള ഹൗസിന്റെ മൊത്തം ചെലവ് കണക്കുകൂട്ടി അത്രയും തുക ഡോ. സമ്പത്തിനായി ചെലവഴിക്കുകയാണെന്നു വരെ വാർത്തകൾ നൽകി. ഇപ്പോൾ യുഡിഎഫ് സർക്കാർ ഡൽഹിയിൽ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചപ്പോൾ മാധ്യമങ്ങൾക്ക് എതിർപ്പില്ലെന്ന് മാത്രമല്ല, പലരും സന്തോഷം പ്രകടിപ്പിക്കുകയുമാണ്. ഇങ്ങനെ നഗ്നമായ പക്ഷപാതത്തിന്റെയും ഇരട്ടത്താപ്പിന്റെയും പ്രതീകങ്ങളായിരിക്കുകയാണ് നിഷ്പക്ഷ മേലങ്കി അണിയാൻ ശ്രമിക്കുന്ന വലതുപക്ഷ മാധ്യമങ്ങൾ. l



