Tuesday, October 20, 2026

ad

Homeകവര്‍സ്റ്റോറിസിപിഐ എം 
വിരോധത്തിൽ വേരൂന്നിയ മാധ്യമങ്ങൾ

സിപിഐ എം 
വിരോധത്തിൽ വേരൂന്നിയ മാധ്യമങ്ങൾ

പി എം മനോജ്

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എന്നു പറയുന്ന പത്രങ്ങളുടെയും ചാനലുകളുടെയും ജനിതക ഘടനയിൽതന്നെ മാർക്സിസ്റ്റ് വിരോധമുണ്ട്.

1930കളുടെ രണ്ടാംപകുതിയിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നു. അതിനുമുമ്പ് തന്നെ 1921ൽ ആരംഭിച്ച പത്രമാണ് മാതൃഭൂമി. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയിൽ ആദ്യം പരസ്യമായ കമ്യൂണിസ്റ്റുവിരോധ വാർത്തകൾ അവർ ഉൾക്കൊള്ളിച്ചിരുന്നില്ലെങ്കിലും വളരെ ബോധപൂർവ്വം യൂണിയനെയും കമ്യൂണിസ്റ്റ് ആശയത്തെയും അപകീർത്തിപ്പെടുത്താനോ അവമതിപ്പുണ്ടാക്കാനോ ഉള്ള വാർത്തകൾ അക്കാലത്ത് അവർ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് 1957 ൽ കേരളത്തിലെ ആദ്യത്തെ സർക്കാർ ഇഎംഎസിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടപ്പോൾ മാതൃഭൂമിയുടെ മാനസികാവസ്ഥ മറനീക്കി പുറത്തുവന്നു. വിദ്യാഭ്യാസ പരിഷ്കരണവും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളും പ്രധാന ചർച്ചാവിഷയങ്ങളായി. 1959 ലാണ് വിമോചന സമരത്തിന്റെ ഒടുക്കത്തിൽ ആ സർക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നത്. അന്ന് കേരളത്തിലെ രണ്ടോ മൂന്നോ പത്രങ്ങളൊഴികെ മിക്കവയും വിമോചന സമരത്തെ അനുകൂലിച്ചും കമ്യൂണിസ്റ്റ് പാർട്ടിയെ എതിർത്തും പരസ്യമായി സമീപനം കൈക്കൊണ്ടു.

കേരളത്തെ പിടികൂടിയത് കമ്യൂണിസ്റ്റ് ഭൂതമാണ് എന്ന് പൊടിപ്പും തൊങ്ങലും വെച്ച് ദീപിക പത്രം പ്രചരിപ്പിച്ചപ്പോൾ അതിൽ ഒട്ടും കുറയാത്ത പങ്കാളിത്തമാണ് മാതൃഭൂമിയും മനോരമയും വഹിച്ചത്.

അക്കാലത്തെ ഇഎംഎസിന്റെ പത്രസമ്മേളനങ്ങളും ലേഖനങ്ങളും പരിശോധിച്ചാൽ ഇത് വ്യക്തമാകും. വിമോചന സമരം സിഐഎയുടെ പിന്തുണയോടെയാണ് നടക്കുന്നത് എന്ന് കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞപ്പോൾ അതിനെ പരിഹസിക്കാൻ മാത്രമല്ല, അത്തരം പിന്തുണകൾ കൂടുതലായി ആർജിക്കാനും പത്രങ്ങൾ മത്സരിച്ചു.

1888ൽ ആരംഭിച്ച മലയാള മനോരമ പത്രം 1957 ലെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ ജയിച്ചാലുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് സവിസ്തര ലേഖനങ്ങളും വാർത്തകളും എഴുതുന്ന തിരക്കിലായിരുന്നു.

കേവലം നിഷ്പക്ഷമാണ് എന്ന വാദത്തോട് പൊരുത്തപ്പെടുന്നതല്ല ഈ മാധ്യമങ്ങളുടെയാകെ ഇന്നലെകളിലെ ഇടപെടലുകൾ. അവയ്ക്കെല്ലാമുള്ള ഏകതാന സ്വഭാവം മാർക്സിസ്റ്റ് വിരോധത്തിന്റേതാണ് എന്നുകാണാം. ഈ പത്രങ്ങളുടെ പാത പിന്തുടർന്ന് തന്നെയാണ് പിൽക്കാലത്ത് എത്തുന്ന ഏഷ്യാനെറ്റ് അടക്കമുള്ള ദൃശ്യമാധ്യമങ്ങളും സഞ്ചരിച്ചത്.

കടുത്ത ഇടതുപക്ഷവിരുദ്ധ നിലപാടുകളാണ് പലപ്പോഴും വലതുപക്ഷ രാഷ്ട്രീയ പാർട്ടികളേക്കാൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടുന്നവരായി ഈ മാധ്യമങ്ങളെ മാറ്റിയത്. അതിൽ അവരുടെ വർഗ താൽപര്യം പ്രകടമാണ്. ഭൂപരിഷ്കരണ ശ്രമങ്ങളും വിദ്യാഭ്യാസ ബില്ലും നാടുവാഴിത്തത്തിനും ജന്മിത്വത്തിനും എതിരായ ശക്തമായ ഇടപെടലുകളും മത മേധാവിത്ത താൽപര്യങ്ങളെ പിഴുതെറിയാനുള്ള കരുത്തുറ്റ സമീപനവും ഉൾക്കൊള്ളാനാവുന്ന താല്പര്യമല്ല അവയുടേത്.

ഏതെങ്കിലും ഒരു ലേഖകന്റെയോ പത്രാധിപരുടെയോ വ്യക്തി താല്പര്യങ്ങൾക്ക് അനുസൃതമായിട്ടല്ല മറിച്ച് വ്യക്തമായ രാഷ്ട്രീയനിലപാടുകൾക്ക് അനുസൃതമായിട്ടാണ് ഈ മാധ്യമങ്ങൾ എക്കാലത്തും ഇടപെട്ടിട്ടുള്ളത്.

വിമോചന സമരത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറപാകിയതിൽ ഈ മുഖ്യധാരാ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടായിരുന്നു. സ്വകാര്യ സ്വത്ത്, അനിയന്ത്രിതമായ ലാഭം, കോർപ്പറേറ്റ് നിക്ഷേപങ്ങൾ എന്നിവയെയെല്ലാം അനുകൂലിക്കുന്ന മാധ്യമ ഉടമസ്ഥതയ്ക്ക് തൊഴിലാളി വർഗ്ഗത്തിന്റെയും പാവപ്പെട്ടവരുടെയും അരികുവൽക്കരിക്കപ്പെടുന്നവരുടെയും അവകാശങ്ങളുടെ പക്ഷത്തു നിൽക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് എങ്ങനെ പൊരുത്തപ്പെടാൻ കഴിയും?

വിമോചന സമര സമയത്ത് മാത്രമല്ല ഈ സമീപനം കണ്ടത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കാളിത്തമുള്ള സർക്കാരുകൾ കേരളത്തിൽ അധികാരത്തിൽ വന്നപ്പോഴെല്ലാം മുഖ്യപ്രതിപക്ഷത്തിന്റെ വേഷം ഈ മാധ്യമങ്ങൾക്കുതന്നെയായിരുന്നു.

2016 –21 കാലഘട്ടത്തിലെ ഒന്നാം പിണറായി സർക്കാരിനെ എങ്ങനെയാണ്- മാധ്യമ സംഘം ആക്രമിച്ചത് എന്നത് ഏറ്റവും സമീപകാല അനുഭവത്തിൽ പരിശോധിക്കാവുന്നതാണ്. 2018ലെ പ്രളയം, തുടർന്ന് വന്ന പ്രകൃതിക്ഷോഭങ്ങൾ, കോവിഡ്, നിപ തുടങ്ങിയ അസാധാരണ ഘട്ടങ്ങളിൽ അവയെ നേരിട്ട് ജനങ്ങളെ ചേർത്തുപിടിക്കാൻ പിണറായി സർക്കാർ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ലോകത്താകെ അംഗീകരിക്കപ്പെട്ടു. എങ്കിലും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണിൽ മറ്റൊരു തരത്തിലാണ് അവയെല്ലാം ചെന്നുപതിച്ചത്. പ്രളയം സർക്കാർ ഉണ്ടാക്കിയതാണ് എന്ന വിചിത്രവാദത്തെയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടേണ്ടതാണ് എന്ന വിധ്വംസക സമീപനത്തെയും പ്രോത്സാഹിപ്പിക്കാൻ ഈ മാധ്യമങ്ങൾ ശ്രമിച്ചു.

കമ്യൂണിസ്റ്റുകാരെ അക്രമികളും ഗുണ്ടകളും ആക്കി ചിത്രീകരിക്കാൻ ലേഖനങ്ങളും വാർത്തകളും മാത്രമല്ല കാർട്ടൂണുകൾവരെ അവർ ഉപയോഗിച്ചു. അത്തരം സമീപനത്തിന്റെ തുടർച്ച തന്നെയാണ് സിപിഐഎമ്മിന്റെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ പ്രചാരണങ്ങളും. അഴീക്കോടൻ രാഘവനെ അഴിമതിയുടെ മൂടുപടമണിയിക്കാൻ ശ്രമിച്ച മാധ്യമങ്ങൾ സ്വാതന്ത്ര്യസമര സേനാനി കൂടിയായ എകെജിയെ പരസ്യമായി കോൺഗ്രസ് അവഹേളിച്ചപ്പോൾ നിസംഗരായി നോക്കി നിൽക്കുകകൂടിയായിരുന്നു.

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഇടപെടലുകളെ വാനോളം പുകഴ്ത്തിയവർതന്നെ പിന്നീട് അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറി ആയപ്പോൾ എസ്എൻസി ലാവ്ലിൻ കേസിന്റെ പേരിൽ വ്യാജ കഥകൾ നിർമ്മിച്ചും വ്യാജ സാക്ഷികളെ അണിനിരത്തിയും ആക്രമിക്കുന്നതാണ് നാം കണ്ടത്. വടകരയിൽ ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ അതിന്റെ പൂർണ ഉത്തരവാദിത്വം സിപിഐഎമ്മിൽ ചാരുക മാത്രമല്ല പാർട്ടിയാകെ ഒരു ക്രിമിനൽ സംഘമാണ് എന്ന് ചിത്രീകരിക്കുന്ന തരത്തിലുള്ള വ്യാപക പ്രചാരണത്തിന് ഈ മാധ്യമ കോറസ് നേതൃത്വം നൽകി.

ഏറ്റവുമൊടുവിൽ കേരളത്തിൽ പൊതുവിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ എന്നിവ വികസിപ്പിക്കാൻ ഇടപെട്ട കിഫ്ബിയെ തകർക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു അവരുടെ ഒരു കേന്ദ്രീകരണരംഗം. കേരളത്തെ കടക്കെണിയിലാക്കുന്ന സ്ഥാപനമെന്നും ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല എന്നുമുള്ള പ്രചാരണങ്ങൾ ആത്മസംതൃപ്തിയോടെ മനോരമയും മാതൃഭൂമിയും ഏറ്റെടുത്തു.

സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ആശങ്കകളിലൊന്നായ യാത്രാപ്രശ്നം പരിഹരിക്കാൻ സിൽവർ ലൈൻ പദ്ധതി ആവിഷ്കരിച്ചപ്പോൾ അതിനും തുരങ്കം വയ്ക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്;അതിന്റെ പിന്നാലെയാണ് പ്രതിപക്ഷം സഞ്ചരിച്ചത്.

മാധ്യമങ്ങൾ എപ്പോഴും ഭരണകൂടങ്ങളെ ജാഗ്രതയോടെ ചോദ്യം ചെയ്യേണ്ടവരാണ് എന്നത് അംഗീകരിക്കപ്പെട്ട ഒരു തത്വമാണ്. പക്ഷേ കേരളത്തിലെ മാധ്യമങ്ങൾ എപ്പോഴും ജാഗ്രതയോടെയും ജാഗ്രത ഇല്ലാതെയും ചോദ്യം ചെയ്യുന്നത് കമ്യൂണിസ്റ്റുകാരെ മാത്രമാണ്. യഥാർത്ഥ മാധ്യമ ധർമ്മം എന്ന് അവർ തന്നെ ഉദ്ഘോഷിക്കുന്ന ഒന്നിനോടും അവർക്ക് യാതൊരുവിധ പ്രതിബദ്ധതയോ ആത്മാർത്ഥതയോ ഉണ്ടായിട്ടില്ല. വർഗപരമായ മുൻവിധികളുടെയും ചരിത്രപരമായ വർഗ വിദ്വേഷത്തിന്റെയും അടിത്തറയിലാണ് ഈ മാധ്യമങ്ങളുടെ രാഷ്ട്രീയവും സമീപനവും പടുത്തുയർത്തിയിട്ടുള്ളത്.

ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനും വസ്തുതകൾ ജനങ്ങളെ അറിയിക്കുവാനുമുള്ള ബദൽ ശ്രമങ്ങൾക്കാണ് കമ്യൂണിസ്റ്റ് പാർട്ടി, പ്രത്യേകിച്ചും സിപിഐ എം പതിറ്റാണ്ടുകളായി ഏറ്റവും കൂടുതൽ ഊർജ്ജം ചെലവഴിക്കുന്നത്. പ്രതേ-്യക താല്പര്യത്തോടെ മാധ്യമങ്ങൾ വലതുപക്ഷ രാഷ്ട്രീയചേരിയുടെ ദൗത്യം ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായും ഇടതുപക്ഷത്തിന് അതേ ചെയ്യാനാവൂ. അതുകൊണ്ടുതന്നെ 1957ൽ എങ്ങനെയാണോ ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ശ്രമിക്കേണ്ടിവന്നത് അതിനേക്കാൾ ഊർജ്ജത്തോടെ ഈ കാലത്തും അത് തുടരേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + eleven =

Most Popular