കേരളം പുതിയൊരു മാധ്യമാനുഭവത്തിലൂടെ കടന്നുപോവുകയാണ് – കേരള സർക്കാരിനെ, വിശേഷിച്ച് മുഖ്യമന്ത്രിയെ, വിമർശിക്കുന്ന വാർത്താ ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങൾ നീക്കംചെയ്യുന്നു. മെറ്റയാണ് ഇതു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമവേദികൾ നടത്തുന്ന അമേരിക്കൻ കമ്പനിയാണ് മെറ്റ – പണ്ടത്തെ ഫെയ്സ്ബുക്ക് കമ്പനി; ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ നടത്തിപ്പുകാർ.
മെറ്റയും മോദി സർക്കാരും തമ്മിലുണ്ടായ ഉരസലുകളുടെ പരമ്പര അടുത്തകാലത്തെ ഇന്ത്യൻ മാധ്യമചരിത്രത്തിലെ പ്രധാനപ്പെട്ട ഏടാണ്. അതവസാനിച്ചത് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിക്കുന്ന പോസ്റ്റുകളും റീലുകളുംപോലുള്ള ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കാൻ മെറ്റ തയാറായതോടെയാണ്. സർക്കാർ അനുകൂല പോസ്റ്റുകൾക്ക് പ്രചാരം കൂട്ടാനും മെറ്റ തയാറായി. ഇതിനായി, സ്വന്തം അൽഗോരിതം ഇന്ത്യയിൽ മെറ്റ അഴിച്ചുപണിതു എന്നാണ് കരുതേണ്ടത്. മോദിയുടെ വീഡിയോ നീക്കിയതിന്റെ പേരിൽ മെറ്റയുടെമേൽ കടുത്ത സമ്മർദം ചെലുത്തിയാണ് കേന്ദ്ര സർക്കാർ ഈ സെൻസറിങ് നടപ്പാക്കിയെടുത്തത്. കഴിഞ്ഞ ആഗസ്ത് ആദ്യമാണ് ഇതുണ്ടായത്. ഈ ആനുകൂല്യം കിട്ടാനായി മോദി സർക്കാർ ആ ആഗോള കച്ചവടക്കൂറ്റന്മാർക്ക് അങ്ങോട്ട് എന്തു ചെയ്തുകൊടുത്തു എന്നത് വ്യക്തവുമല്ല.
ഇന്ത്യൻ ഭരണാധികാരികളും മെറ്റയും തമ്മിലുള്ള ഈ കൈകോർക്കലിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് കേരളത്തിൽ കാണുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മോദി സർക്കാരിനു മെറ്റ നല്കുന്ന ആനുകൂല്യങ്ങൾ കിട്ടുന്ന ഇന്ത്യയിലെ ഏക പ്രാദേശിക ഭരണാധികാരിയായി കേരള മുഖ്യമന്ത്രി മാറിയിരിക്കുന്നു എന്നാണ് സമൂഹമാധ്യമക്കാഴ്ചകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ, കൈരളി ഓൺലൈനിന്റെ എൺപതോളം ഉള്ളടക്കങ്ങളാണ് ഫെയ്സ്ബുക്ക് നീക്കിയത്. പ്രമുഖമായ മറ്റു രണ്ടു മലയാള മാധ്യമങ്ങൾക്കും ഇതേ അനുഭവമുണ്ടായി. മാധ്യമങ്ങൾ മാത്രമല്ല, അറിയപ്പെടുന്ന വ്യക്തികളും ഇങ്ങനെ സെൻസർ ചെയ്യപ്പെട്ടു.
മെറ്റയുടെ വേദികളിൽവരുന്ന ഏത് ഉള്ളടക്കവും അവർക്കു നീക്കാം. പീഡന — അധിക്ഷേപ — ലൈംഗികാതിക്രമ — സ്വകാര്യതാലംഘന സ്വഭാവമുള്ളവ, വ്യാജവിവരങ്ങൾ പരത്തുന്നവ, ബൗദ്ധികസ്വത്തവകാശ ലംഘനം നടത്തുന്നവ തുടങ്ങിയവയാണ് നീക്കംചെയ്യപ്പെടുക. ഈ നിലയിലാണ് ഒരു ഉള്ളടക്കമെന്ന് ആർക്കും പരാതിപ്പെടാം. ഒരേയൊരു പരാതിയേ വന്നുള്ളൂവെങ്കിൽപ്പോലും, അതു വിലയിരുത്തി, പ്രഥമദൃഷ്ട്യാ ശരിയെന്നു കണ്ടാൽ ആ ഉള്ളടക്കം നീക്കംചെയ്യും. നീക്കംചെയ്യലിനെതിരെ ഉള്ളടക്കദായകരായ മാധ്യമത്തിനോ വ്യക്തിക്കോ പരാതിപ്പെടാം. അതു വിലയിരുത്തി, ചില ഉള്ളടക്കങ്ങൾ തിരിച്ചുകൊണ്ടുവരാനും അവസരമുണ്ട്. ഒരു രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ ഗവൺമെന്റിന്റെയോ കോടതിയുടെയോ ആവശ്യപ്രകാരം നിയന്ത്രിക്കാനോ നീക്കാനോ ഉള്ള അവസരവും മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ, ഇത്തരത്തിലല്ല കേന്ദ്ര സർക്കാരിന് അപ്രിയമായ വിഭവങ്ങൾ കഴിഞ്ഞ രണ്ടു മാസമായി മെറ്റ നീക്കംചെയ്യുന്നത്. അവ സമൂഹമാധ്യമങ്ങളിലെത്തിയപാടേ മറയുകയാണ്. അപ്പുറത്ത്, കേന്ദ്ര സർക്കാർ വാഴ്ത്തുകൾക്ക് ദുരൂഹമാംവിധം അധികപ്രചാരണം കിട്ടുകയുമാണ്.
കേരളത്തിൽ വി ഡി സതീശനും അദ്ദേഹത്തിന്റെ സർക്കാരിനുംവേണ്ടി രണ്ടു മാസമായി സമാനമായ സെൻസർഷിപ്പ് നിലവിൽ വന്നിരിയ്ക്കുന്നു. മുഖ്യമന്ത്രിവിരുദ്ധ–സർക്കാർവിരുദ്ധ ഉള്ളടക്കങ്ങൾ മെറ്റ നീക്കുന്നത് താൻ പരാതിപ്പെട്ടിട്ടല്ല, തന്റെ ഓഫീസോ പൊലീസോ പരാതിപ്പെട്ടിട്ടല്ല, എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇന്ത്യയിൽ കേരളത്തിൽ മാത്രമേ ഈ നിലയുള്ളൂ. മെറ്റ ഇങ്ങനെ ഒരു സെൻസർഷിപ്പ് നടപ്പാക്കുന്നു എന്ന പരാതി മറ്റൊരു സംസ്ഥാനത്തുനിന്നും ഉയർന്നിട്ടില്ല.
അതേസമയം തങ്ങളുടെ വാർത്താ കാർഡുകൾ നീക്കം ചെയ്യപ്പെട്ടത് സംബന്ധിച്ച് റിപ്പോർട്ടർ ടി വി നടത്തിയ അനേ-്വഷണത്തിന് മെറ്റ നൽകിയ മറുപടി, ‘‘ഔദ്യോഗിക അഭ്യർത്ഥന’’ പ്രകാരമാണ് കാർഡുകൾ നീക്കം ചെയ്തത് എന്നായിരുന്നു.
ഈ സെൻസർഷിപ്പിലൂടെ നീക്കുന്നത് വാർത്താ കാർഡുകളാണ് – അതായത്, വാർത്തകൾ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനാകുംവിധം വിളിച്ചുപറയുന്ന പോസ്റ്ററുകൾ–ഷെയർ ചെയ്യാൻ ജനങ്ങൾ ആഗ്രഹിക്കുന്ന ഗ്രാഫിക്ക് കാർഡുകൾ. അതേ വിവരം വിശദീകരിക്കുന്ന, എഴുതപ്പെട്ട വാർത്തകൾ, നീക്കുന്നില്ല. അതിനർത്ഥം, ആ വാർത്തയുടെ ഉള്ളടക്കം വിലക്കേണ്ടതല്ല എന്നാണ്. ജനങ്ങൾക്കിടയിൽ ആ ഉള്ളടക്കം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾക്കാണ് വിലക്ക്. വസ്തുതകളുടെ പ്രചാരണത്തെ, ജനാഭിപ്രായരൂപവത്കരണത്തെ ഭയപ്പെടുന്ന ഏതോ കരങ്ങൾ അവയ്ക്കുപിന്നിൽ പ്രവർത്തിക്കുന്നു എന്നു വ്യക്തം.
എന്നാൽ, എല്ലാ മാധ്യമങ്ങളും എല്ലാ വ്യക്തികളും ഈ സെൻസർഷിപ്പിന് വിധേയരാകുന്നില്ല. ചില മാധ്യമങ്ങളുടെയും ചില വ്യക്തികളുടെയും വാർത്താ ഉപാധികൾ മാത്രമേ തടയുന്നുള്ളൂ. അതേ ഉള്ളടക്കത്തിന്റെ, മറ്റു മാധ്യമങ്ങളിലെയും മറ്റു വ്യക്തികളുടെയും പ്രചാരണോപാധികൾ തടയുന്നില്ല. ഒരിക്കൽ നീക്കം ചെയ്ത ചില കാർഡുകൾ വീണ്ടും അതേ മാധ്യമംതന്നെ പോസ്റ്റ് ചെയ്യുമ്പോൾ ചിലപ്പോൾ നീക്കുന്നില്ല. ഇതിനർത്ഥം, ഇപ്പോഴത്തെ സെൻസർഷിപ്പ് കംപ്യൂട്ടർനിയന്ത്രിതമല്ല എന്നതാണ്. ചില മാധ്യമങ്ങളുടെയും ചില വ്യക്തികളുടെയും പോസ്റ്റുകൾ നോക്കിക്കണ്ട്, ചിലവമാത്രം മനുഷ്യകരങ്ങളാൽ ഒഴിവാക്കപ്പെടുകയാണ്. നീക്കംചെയ്യലിനെതിരായ പരാതികളിൽ നടപടിയില്ല എന്നു മാത്രമല്ല, മറുപടിപോലുമില്ല. ഇതിനർത്ഥം, ഈ പ്രക്രിയ ഏതോ അജൻഡയുടെ ഭാഗമാണ് എന്നാണ്; വാർത്ത പ്രചരിപ്പിക്കുമ്പോൾ പിന്തുടരുന്ന സാധാരണ നടപടിക്രമം മെറ്റ ഇക്കാര്യത്തിൽ പാലിക്കുന്നില്ല എന്നാണ്. ജനാധിപത്യകേരളം ആശങ്കയോടെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്. നിഗമനങ്ങളും ഊഹാപോഹങ്ങളും ഒന്നും ഈ ലേഖനം മുന്നോട്ടു വയ്ക്കുന്നില്ല — പകരം, കേരളത്തിന്റെ ചിന്താവിഷയങ്ങളിലേയ്ക്ക് ഇക്കാര്യംകൂടി ചേർത്തുവയ്ക്കണം എന്ന അഭ്യർത്ഥന മാത്രം സമർപ്പിക്കുന്നു.
കേരളീയരിലേയ്ക്കെത്തേണ്ട വാർത്താ പോസ്റ്ററുകൾ എവിടെയോ ഇരുന്ന് ആരോ നിരീക്ഷിക്കുന്നു, സംഹരിക്കുന്നു. ഒരു ആഗോള സമൂഹമാധ്യമ കുത്തക ഇന്ത്യപോലെ ഒരു രാജ്യത്തെ നിയോഫാസിസ്റ്റ് സ്വഭാവമുള്ള സർക്കാരിനു നല്കുന്ന ആനുകൂല്യം ആ രാജ്യത്തെ ഒരേയൊരു സംസ്ഥാനത്തെ സർക്കാരിനു മാത്രം നല്കുന്നു. ആ സംസ്ഥാനമാകട്ടെ കേരളവുമാണ് — കമ്യൂണിസ്റ്റ് സാന്നിധ്യത്തിനെതിരെ സിഐഎ ഏഴു പതിറ്റാണ്ടോളം മുൻപ് ഇടപെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ട നമ്മുടെ കേരളം.
“ആരോ എവിടെയോ അടിച്ചമർത്താൻ ആഗ്രഹിക്കുന്ന ഒന്ന്” എന്ന് വാർത്തയ്ക്ക് ഒരു നിർവചനമുണ്ട്. അത് കേരളത്തിൽ അറംപറ്റി — കേരളം അറിയേണ്ട എന്തൊക്കെയോ ചിലത് ആരോ എവിടെയോ അടിച്ചമർത്തുന്നു. കേരളത്തിനു മുകളിൽ ഒരു ബിഗ് ബോസിന്റെ കണ്ണുകൾ തുറന്നിരിക്കുന്നു, കശാപ്പുകത്തി ഉയർന്നുനില്ക്കുന്നു.
നോ ക്യാപ് എന്ന ഓൺലെെൻ മാധ്യമത്തെത്തന്നെ മെറ്റ നീക്കംചെയ്തു. മാത്രമല്ല, പവർകട്ടിനു കാരണമായ സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന വീഡിയോയുടെ ഗതിയും സമാനമാണ്. ഇതെല്ലാം നീക്കം ചെയ്തത് സർക്കാരിൽനിന്ന് മെറ്റയ്ക്ക് നിർദേശം നൽകിയതിനെ തുടർന്നാണ്.
യുദ്ധത്തിൽ കാർപെറ്റ് ബോംബിങ് എന്ന ആക്രമണവിധമുണ്ട് — ഒരു നിശ്ചിതഭൂഭാഗം മുഴുവൻ നശിപ്പിക്കാൻ ഉന്നംവച്ച് ലക്ഷ്യപ്രദേശത്താകെ തുടർച്ചയായോ ദീർഘകാലാടിസ്ഥാനത്തിലോ പോർവിമാനങ്ങളിൽനിന്നു ബോംബ് വർഷം നടത്തുക. പ്രിസിഷൻ ബോംബിങ്ങുമുണ്ട് — കംപ്യൂട്ടർ നിയന്ത്രണം വഴി ഒരു കെട്ടിടത്തെയോ ഒരാളെയോ ലക്ഷ്യം വച്ച് വിദൂരത്തെ ഉറവിടങ്ങളിൽനിന്ന് ബോംബിടുക. ആ യുദ്ധപദം കടമെടുത്താൽ മെറ്റ ഇവിടെ ചെയ്യുന്നത് ‘പ്രിസിഷൻ സെൻസറിങ്’ ആണെന്നു പറയാം. സാമൂഹികശാസ്ത്രപരമായും രാഷ്ട്രീയമായും വിശദീകരിച്ചാൽ അതിസൂക്ഷ്മമായ ഒരു നിയോഫാസിസ്റ്റ് പ്രയോഗം — രാഷ്ട്രീയജാഗ്രതയുള്ള ഏതൊരു സമൂഹവും നോക്കിക്കണ്ട് ഇടപെടേണ്ട അതിക്രമം. l



