Tuesday, October 20, 2026

ad

Homeകവര്‍സ്റ്റോറിപൊലീസിലേക്ക്‌ തിരിയാത്ത 
മാധ്യമ ക്യാമറകൾ

പൊലീസിലേക്ക്‌ തിരിയാത്ത 
മാധ്യമ ക്യാമറകൾ

സി കെ ദിനേശ്

യുഡിഎഫ്‌ സർക്കാർ ഭരിക്കാൻ തുടങ്ങിയിട്ട്‌ അഞ്ചുമാസം മാത്രമേ ആയിട്ടുള്ളൂവെന്നതിനാൽ ഭരണത്തിന്റെ എല്ലാ മേഖലകളേയും വിലയിരുത്താൻ സമയമായിട്ടില്ലെന്ന്‌ വാദിക്കുന്നവരുണ്ട്‌. വാദത്തിനുവേണ്ടി അത്‌ അംഗീകരിച്ചാൽ തന്നെ, മാധ്യമങ്ങളുടെ മാറ്റത്തെ വിലയിരുത്താൻ അഞ്ചുമാസം ധാരാളമാണ്‌.

എൽഡിഎഫിന്‌ 2021 ൽ തുടർഭരണം ലഭിച്ച അതേദിനം മുതൽ സർക്കാരിനെതിരെ, പ്രത്യേകിച്ചും പൊലീസിനെതിരെ വ്യാജവാർത്തകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായത്‌ ആരും മറന്നിട്ടുണ്ടാവില്ല. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ പൊലീസ്‌ ഉദ്യോഗസ്ഥരേയും സേനയെ ആകെത്തന്നെയും അപഹസിക്കുന്ന വാർത്തകൾ പ്രചരിപ്പിച്ചു. ഇപ്പോൾ യുഡിഎഫ്‌ അധികാരത്തിൽ വന്ന നിമിഷം മുതൽ ഇതേ മാധ്യമങ്ങൾ ഒരു മടിയുമില്ലാതെ മലക്കംമറിഞ്ഞിരിക്കുന്നു. ഒരു ക്യാമറപോലും പൊലീസിനുനേരെ തിരിക്കുന്നില്ല!

പൊലീസിന്റെ ക്രൂരമായ മർദ്ദനംകൊണ്ട്‌ നിരപരാധിയായ തൊഴിലാളി മരിച്ചുവീണു. എങ്ങനെയാണ്‌ മാധ്യമങ്ങൾ അത്‌ റിപ്പോർട്ട്‌ ചെയ്തത്‌ ? കൺമുന്നിലുള്ള യാഥാർഥ്യം പോലും ജനങ്ങൾ അറിയരുതെന്ന നിരുത്തരവാദ സമീപനമാണ്‌ ബഹുഭൂരിപക്ഷം മാധ്യമങ്ങളും സ്വീകരിച്ചത്‌. എൽഡിഎഫ്‌ ഭരിച്ച കാലത്ത്‌ ഇതായിരുന്നോ സമീപനം ? ഇത്‌ കേവലം പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ റിപ്പോർട്ടിങ്ങിന്റെ കാര്യം മാത്രമല്ല, മറിച്ച്‌ മാധ്യമങ്ങളുടെ രാഷ്‌ട്രീയത്തിന്റെ പ്രശ്നമാണ്‌. അഞ്ചുമാസത്തിനിടെ ഉണ്ടായ ഓരോ സംഭവവും സംബന്ധിച്ച വാർത്തകൾ പരിശോധിച്ചാൽ അത്‌ വ്യക്തമായി മനസ്സിലാക്കാം.

കേരള യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിൽ അതിക്രമിച്ചുകയറി സെക്കൻഡുകൾക്കിടയിൽ വിദ്യാർഥിയുടെ മുതുകത്ത്‌ ലാത്തികൊണ്ട്‌ 27 പ്രാവശ്യം ഒരു എസ്‌ഐ അടിച്ച സംഭവമുണ്ടായി. വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്‌ ഏവരും കണ്ടതാണ്‌. വിദ്യാർത്ഥിയെ അടിച്ച്‌ ആനന്ദിക്കുകയായിരുന്നു ആ എസ്‌ഐ. എത്ര മാധ്യമങ്ങൾ ഇ‍ൗ ക്രൂരത റിപ്പോർട്ട്‌ ചെയ്തു ? ഇനി ഇ‍ൗ സംഭവം എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തായിരുന്നുവെങ്കിലോ? ഒന്നു സങ്കൽപിച്ചു നോക്കൂ. എന്തായിരിക്കും മാധ്യമ ഉറഞ്ഞുതുള്ളലിന്റെ തീവ്രഭാവം?

എവിടെപ്പോയി ആ രോഷം?
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ തലസ്ഥാനത്ത്‌ സമരംചെയ്ത യുവാവിന്റെ ജനനേന്ദ്രിയം അടിച്ച്‌ തകർത്ത സംഭവമുണ്ടായി. പത്തുവർഷത്തിനുശേഷം ഇപ്പോൾ സമാന ക്രൂരത ആവർത്തിച്ചിരിക്കുന്നു. അടൂരിൽ യുവാവിനെ കാറിലിട്ട് ക്രൂരമായി മർദിച്ച്‌ ജനനേന്ദ്രിയം തകർത്തു. സ്റ്റേഷനിൽ വച്ച്‌ ഹൃദ്‌രോഗിയായ ക‍ൗമാരക്കാരനെ മർദ്ദിച്ചവശനാക്കി– ഇതൊന്നും മാധ്യമങ്ങൾ കണ്ടഭാവം നടിച്ചില്ല.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ മഫ്‌തിയിൽ വൃദ്ധയുടെ വീട്ടിലെത്തി തോക്കുകാണിച്ച് ഭീഷണിപ്പെടുത്തുന്നു. വിദ്യാർഥി നേതാവിനെ ഫോണിൽ വിളിച്ച്‌ പൊക്കുമെന്ന്‌ ഭീഷണിപ്പെടുത്തുന്നു. ഇൻസ്പെക്ടർതന്നെ കേട്ടാലറയ്‌ക്കുന്ന തെറിവിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. എറണാകുളം മലയിടംതുരുത്ത്‌ പര്യാത്ത്‌കാവിലെ ദളിതരെ തല്ലിച്ചതച്ചത്‌ ഏതാനും മണിക്കൂറിലെ വാർത്തയായി ഒടുങ്ങിയില്ലേ ? കോഴിക്കോട്‌ മാടക്കര ജുമാമസ്‌ജിദിൽപോലും പൊലീസ്‌ കയറി മെതിച്ചിട്ടും ഒരു ജനാധിപത്യ രോഷവും മാധ്യമങ്ങൾക്കുണ്ടായില്ല.

ആർഎസ്‌എസ്‌ അനുഭാവികളായ പൊലീസുകാർക്ക്‌ പരവതാനി വിരിക്കുക മാത്രമല്ല ക്രിമിനലുകളായ ആർഎസ്‌എസ്‌ – ബിജെപി നേതാക്കൾക്ക്‌ നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നൽകുകയുമാണ്‌ ആഭ്യന്തര വകുപ്പ്‌. മന്ത്രിമാരെ വഴിയിൽ തടഞ്ഞ സിപിഐഎമ്മുകാർക്കുമേൽ കടുത്ത വകുപ്പാണ്‌ ചുമത്തുന്നതെങ്കിൽ അതേ കേസുകളിൽ ബിജെപിക്കാർക്ക്‌ സ്‌റ്റേഷനിൽ സ്വീകരണവും പെറ്റി കേസും.

കാപ്പ കേസിൽ ജയിലിൽ കഴിഞ്ഞ തിരുവനന്തപുരം കോർപറേഷൻ ക‍ൗൺസിലർ സുഗതന്‌ ക‍ൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരിക്കാൻ വേണ്ടി അവധിക്ക്‌ സർക്കാർ സഹായിച്ചു. ജയിലിൽ സത്യപ്രതിജ്ഞയ്ക്ക്‌ കളമൊരുക്കി. ഹൈക്കോടതിയിൽ ആവശ്യമായ രേഖകൾ ഹാജരാക്കാതെ നാടകം കളിച്ച്‌ സുഗതനെ ജയിലിൽ നിന്നും പുറത്തുമിറക്കി. യുഡിഎഫ്‌ പത്രം റിപ്പോർട്ടു ചെയ്തതുപോലെ ‘ ബിജെപി ക്ക്‌ ആനന്ദം ’ സംഭാവന നൽകിയ നിമിഷങ്ങൾ. പോക്‌സോ കേസിൽ ജയിലിലായിരുന്ന ആർഎസ്‌എസുകാരനായ അധ്യാപകൻ പ്രേമരാജന്‌ ജാമ്യം ലഭിക്കാൻ കാരണവും യുഡിഎഫ്‌ സർക്കാരിന്റെ പൊലീസ്‌ നയമാണ്‌.

പൂരംകലക്കി ബിജെപിയെ സഹായിച്ചുവെന്ന്‌ എൽഡിഎഫ്‌ സർക്കാരിനെതിരെ മുറവിളി കൂട്ടിയ മാധ്യമങ്ങൾ ഇപ്പോൾ എവിടെ പോയി ? പൂരം കലക്കിയത്‌ കോൺഗ്രസ്‌ ഒത്തുകളിയാണെന്നും തൃശൂരിൽ യുഡിഎഫിൽ നിന്ന്‌ ബിജെപി അതിന്റെ നേട്ടം കൊയ്തപ്പോൾ മറ്റു പലയിടങ്ങളിലും തിരിച്ചും സഹായമുണ്ടായെന്നും കോൺഗ്രസ്‌ നേതാക്കളിൽ നിന്നു തന്നെ സത്യം പുറത്തുവന്നില്ലേ? എത്ര മാധ്യമങ്ങൾ ആ സത്യം വിളിച്ചു പറയാൻ തയ്യാറായി?

നാലു മാസത്തിനിടെ പൊലീസ്‌ മർദിച്ചുകൊന്നത്‌ രണ്ടുപേരെയാണ്‌. കുണ്ടറയിൽ സിയാദും ചിറയിൻകീഴിൽ സജിയും. മുഖ്യധാരാ മാധ്യമങ്ങളിലൊന്നിലും ആ പാവപ്പെട്ട കുടുംബത്തിനുവേണ്ടിയുള്ള മുറവിളിയുണ്ടായില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കുനേരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

ജനകീയ സേനയാക്കി
വരാപ്പുഴ (2018), താനൂർ (2023), കൽപ്പറ്റ (2025) കസ്‌റ്റഡി മർദ്ദനമുണ്ടായ വേളകൾ പലരും മറന്നുകാണും. എന്നാൽ, മാധ്യമത്താളുകളിൽ വസ്തുതകൾ മറഞ്ഞുകിടപ്പുണ്ട്‌. അന്ന്, എൽഡിഎഫ്‌ സർക്കാരിനെതിരെ മാധ്യമങ്ങൾ ഉറഞ്ഞുതുള്ളാൻ തുടങ്ങുന്നതിനു മുൻപുതന്നെ കുറ്റക്കാരായ പൊലീസുകാർക്കതിരെ ആഭ്യന്തര വകുപ്പ്‌ നടപടി ആരംഭിച്ചിരുന്നു. വ്യാജവാർത്ത പടച്ച സംഭവങ്ങളുടെയെല്ലാം വസ്തുതകൾ പുറത്തുകൊണ്ടുവന്നതും പൊലീസ്‌ തന്നെയാണ്‌. മകന്റെ മൃതദേഹത്തിനരികിൽ വച്ച്‌ പിതാവിനെ പൊലീസ്‌ മർദ്ദിച്ചുവെന്ന്‌ വ്യാപകമായി വാർത്ത പ്രചരിപ്പിച്ചത്‌ 2025 സെപ്തംബറിലാണ്‌. കേരള പൊലീസിനെ അപഹസിക്കുന്നതിനാണ്‌ ചില ചാനലുകൾ വ്യാജ വീഡിയോ ഉപയോഗിച്ച്‌ വാർത്തകൊടുത്തതും അത്‌ സമൂഹമാധ്യമങ്ങൾ വഴി വൻതോതിൽ പ്രചരിപ്പിച്ചതും. പിന്നീട്‌ പൊലീസ്‌തന്നെ സത്യം പുറത്തുകൊണ്ടുവന്നു. ദീർഘകാലമായി ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ നിന്നുള്ള ദൃശ്യങ്ങൾ കൃത്രിമമായി കേരളത്തിലേതെന്ന്‌ തെറ്റിദ്ധരിപ്പിക്കും വിധം തയ്യാറാക്കി പ്രചരിപ്പിക്കുകയായിരുന്നു. യഥാർഥ വീഡിയോയും പൊലീസ്‌ പുറത്തുകൊണ്ടുവന്നു. എൽഡിഎഫ്‌ ഭരിക്കുന്ന സമയത്ത്‌ പൊലീസിനെ ഇല്ലാക്കഥകളിലൂടെ മോശമാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചതിന്റെ ഒരുദാഹരണം മാത്രമാണിത്‌.

യുഡിഎഫ് ഭരണകാലത്ത് ലോക്കപ്പ് കൊലപാതകങ്ങളും മൂന്നാംമുറയുമായി രാക്ഷസീയ മുഖം കൈവരിച്ച കേരള പൊലീസിനെ ജനകീയസേനയാക്കിയത്‌ എൽഡിഎഫ്‌ സർക്കാരുകളാണ്‌. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 976 പൊലീസ് ഉദ്യോഗസ്ഥർ യുഡിഎഫ്‌ ഭരണകാലത്തുണ്ടായിട്ടും ചുരുക്കം പേരെ മാത്രമേ ശിക്ഷിച്ചുള്ളൂ. ബാക്കിയുള്ളവരെ യുഡിഎഫ് സർക്കാർ സംരക്ഷിക്കുകയും ആവശ്യത്തിന്‌ ഉപയോഗിക്കുകയും ചെയ്തു.

കേരളം നടുങ്ങിയ മുത്തങ്ങ വെടിവയ്‌പും കൂത്തൂപറമ്പ് വെടിവയ്പും മുതൽ ഇടുക്കി രാജാക്കാട് കോൺഗ്രസ് പ്രവർത്തകനെ മനുഷ്യവിസർജ്യം തീറ്റിച്ചതുവരെയുള്ള യുഡിഎഫ്‌ കാല വേട്ടകളേറെയാണ്‌. എന്നാൽ, കഴിഞ്ഞ പത്തുവർഷം കണ്ടത്‌ അത്തരമൊരു പൊലീസിങ്ങാണോ ? പൊലീസ് സേനയെ സ്വതന്ത്രമാക്കുകയും ശാസ്ത്രീയ അന്വേഷണത്തിന് സജ്ജമാക്കുകയും ചെയ്തു. 2016–21 ൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 114 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. 2024–25 കാലത്ത്‌ മാത്രം കുറ്റക്കാരായ 323 പേരെ സസ്പെൻഡ് ചെയ്തു. 504 കേസുകളില്‍ പ്രതികളായ പൊലീസുകാർ ശിക്ഷിക്കപ്പെട്ടു. കുറ്റാന്വേഷണ മികവിലും ക്രമസമാധാനപാലനത്തിലും മികച്ച സേനയായി കേരളാ പൊലീസ് മാറിയത് ഇത്തരം മുൻകരുതലും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടും മൂലമാണ്‌.

അടിയന്തരാവസ്ഥയിലെ രാജനും തിരുവനന്തപുരത്ത്‌ പൊലീസ്‌ ഉരുട്ടിക്കൊന്ന ഉദയകുമാറും നെയ്യാറ്റിന്‍കരയിലെ ശ്രീജീവും തുടങ്ങി യുഡിഎഫ് ഭരണകാലത്തെ പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓർമ്മകളെത്രയാണ്‌ ! ചരിത്ര വസ്തുതകളിലേക്കൊന്നും ചിന്തിച്ചുപോകാതിരിക്കാൻ കൂടിയാണ്‌ മുഖ്യധാരാ മാധ്യമങ്ങൾ വി ഡി സതീശൻ സർക്കാരിന്റെ കീഴിലുള്ള പൊലീസ്‌ മർദ്ദനങ്ങൾ മറച്ചുവയ്ക്കുന്നത്‌. പക്ഷേ, ഇവർ മറച്ചാൽ ഒന്നും മറയാത്ത കാലമാണിത്‌. ജനങ്ങളുടെ അനുഭവങ്ങൾക്കു മുന്നിൽ നാളെ ഇ‍ൗ മാധ്യമങ്ങൾക്കും ചില സത്യങ്ങളെങ്കിലും തുറന്നുപറയേണ്ടി വരും. കേരളത്തിന്റെ ചരിത്ര പാഠങ്ങൾ അതാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − six =

Most Popular