ഭരണപക്ഷത്തിന്റെ രാഷ്ട്രീയത്താൽ എത്രത്തോളം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ സ്വാധീനിക്കപ്പെടുന്നുവെന്നതിനുള്ള തെളിവാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടെ യുഡിഎഫ് മന്ത്രിമാർക്കായി “മിണ്ടുകയും, മിണ്ടാതിരിക്കുകയും’ ചെയ്ത എഡിറ്റിങ് ടേബിളുകളും ന്യൂസ് മുറികളും.
കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ-് ഭരണത്തിനിടെ മന്ത്രിമാരെ കുരിശിലേറ്റാനുള്ള ഒരവസരവും കേരളത്തിലെ മാധ്യമങ്ങൾ ഉപയോഗിക്കാതിരുന്നിട്ടില്ല. വാർത്താക്ഷാമമുണ്ടെങ്കിൽ വിവാദമുണ്ടാക്കാനും ഇല്ലാത്ത വാർത്തമെനഞ്ഞെടുത്ത് പ്രചരിപ്പിക്കാൻ പോലും മാധ്യമങ്ങൾ മടിച്ചില്ല. ഇതിൽതന്നെ 2021–26 കാലഘട്ടത്തിൽ ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോർജ് നേരിട്ട മാധ്യമവിചാരണകൾ എണ്ണമറ്റതാണ്. ഇക്കാലയളവിൽ ആരോഗ്യവകുപ്പിലുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് വാർത്ത നൽകാൻ പത്ര, ദൃശ്യമാധ്യമങ്ങൾ മത്സരിച്ചു. എന്നാൽ വെറും നാലുമാസത്തിൽ കെ മുരളീധരന്റെ നേതൃത്വത്തിൽ കേരളത്തിന്റെ ആരോഗ്യമേഖല തകിടംമറിഞ്ഞത് മാധ്യമങ്ങൾക്ക് വാർത്തയല്ലാതായി മാറി. ഇതൊക്കെ സാധാരണമെന്നവർ പ്രേക്ഷകരെ പറഞ്ഞുപഠിപ്പിക്കുകയാണ്. സർക്കാരിനെതിരായ എന്ത് വാർത്തയും ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച കോൺഗ്രസനുകൂല പത്രങ്ങൾ ഇപ്പോൾ പത്തിമടക്കിയിരിക്കുന്നു. ഇനി അഞ്ചുവർഷക്കാലം സർക്കാർ ആശുപത്രികളിൽ കിടന്ന് മരിച്ചാൽ ചികിത്സാപ്പിഴവ് മൂലമാണെങ്കിലും ചരമപേജിൽ മാത്രമാകും നിങ്ങൾക്ക് സ്ഥാനമെന്ന് പത്രങ്ങൾ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.
മാധ്യമപ്രവർത്തകയായ മന്ത്രി നേരിട്ട വേട്ട
എംഎൽഎയും ആരോഗ്യമന്ത്രിയും ആകുംമുമ്പ് മാധ്യമപ്രവർത്തകയായ വീണാ ജോർജിനെ ക്യാമറയ്ക്കുമുന്നിൽ നിർത്തി ആക്രമിക്കുന്നതിൽ മുൻ സഹപ്രവർത്തകർ അഗ്രഗണ്യരായിരുന്നു. 2016ൽ ആറന്മുളയിൽ സ്ഥാനാർഥിയാകുമ്പോൾ തനിക്കെതിരെ ഒരു മണിക്കൂർ ചർച്ച നടത്തിയ മാധ്യമങ്ങളുണ്ടെന്ന് വീണാ ജോർജ് തന്നെ പറഞ്ഞിട്ടുണ്ട്. ആശ പ്രവർത്തകർ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിയ സമരവും അതിന്റെ പേരിൽ മന്ത്രി നേരിട്ട ആക്രമണവും ചെറുതല്ല.
ഈ കാര്യത്തിന് കേന്ദ്രമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് പോയ മന്ത്രിയ്ക്കെതിരെ മാധ്യമങ്ങൾ കെട്ടുകഥകൾ പ്രചരിപ്പിച്ചു. മന്ത്രിയുടെ ഡല്ഹി യാത്ര ആശമാര്ക്ക് വേണ്ടിയോ? മന്ത്രിയുടെ യാത്ര തട്ടിപ്പോ? മന്ത്രിയുടേത് പ്രഹസനമോ? ഇങ്ങനെ വിഷയങ്ങൾ നിരത്തി അന്തിച്ചര്ച്ചകളും നടത്തി. എന്നാൽ കെ മുരളീധരനാകട്ടെ മാധ്യമങ്ങളിൽ നിന്ന് പ്രത്യേകാനുകൂല്യങ്ങൾ അനുഭവിച്ചാണ് മന്ത്രിപദത്തിൽ കഴിയുന്നത്. “എരണം കെട്ടവർ നാട് ഭരിച്ചാൽ നാട് മുടിയും’–നിലവിലെ ആരോഗ്യമന്ത്രി കെ മുരളീധരൻ 2021ൽ പറഞ്ഞ ഇൗ വാചകം അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കേരളം നേരിട്ട പ്രളയത്തെയും നിപ, കോവിഡ് മഹാമാരികളെയും അധികരിച്ചായിരുന്നു മുരളീധരന്റെ അന്നത്തെ വാദം.
“പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊന്നും മന്ത്രിക്കസേരയിലിരിക്കുമ്പോൾ ബാധകമല്ല’ എന്നാണ് ജൂണിൽ കോഴിക്കോട്ട് വീണ്ടും നിപാ ബാധയുണ്ടായപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി. ഇതിനൊന്നും മാധ്യമങ്ങൾക്ക് മറുചോദ്യമുണ്ടായില്ല. “പവർകട്ട് ഉണ്ടെങ്കിൽ അത് കഴിഞ്ഞിട്ട് ശസ്ത്രക്രിയ നടത്തിയാൽ മതി. പുതിയ സാഹചര്യത്തിൽ പവർകട്ട് വേണമെന്ന് വൈദ്യുതി മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോ’–ജൂലൈയിൽ മുരളീധരൻ നടത്തിയ മറ്റൊരു വിവാദ പരാമർശം ഇതായിരുന്നു. പ്രസവവേദനയുമായെത്തുന്ന സ്ത്രീകൾ പവർകട്ട് നോക്കി പ്രസവിക്കണോയെന്നും റോഡപകടങ്ങൾ നീട്ടിവെയ്ക്കാൻ ആകുമോ എന്നും സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസമുയർന്നു. എന്നാൽ ഇതൊന്നും അന്തിച്ചർച്ചയായില്ല. ആഴ്ചകളോളം പ്രൈം ടൈമിൽ പ്രചരിപ്പിച്ചില്ല. ഒന്നാം പേജ് വാർത്തയോ എഡിറ്റോറിയലോ ഉണ്ടായില്ല.
പരിഹാരമില്ലാതെ മരുന്ന് ക്ഷാമം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾ മരുന്ന് ലഭിക്കാതെ മടങ്ങുമ്പോഴും ആരോഗ്യമന്ത്രി മുരളീധരന്റെ പരിഹാസത്തിന് കുറവുണ്ടായില്ല. “മരുന്ന് ക്ഷാമമൊന്നുമില്ല. എല്ലാം അസൂയക്കാർ പറഞ്ഞുപരത്തുന്നത്’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിൽ പത്ര, ദൃശ്യ മാധ്യമങ്ങൾക്ക് മറുചോദ്യമില്ലായിരുന്നു. എന്നാൽ 2022ലും അതിനുശേഷവും എൽഡിഎഫ് ഭരണകാലത്ത് ഏതെങ്കിലും ഒരാശുപത്രിയിൽ എന്തെങ്കിലുമൊരു മരുന്ന് ഇല്ലാതെ വന്നാൽ മാധ്യമങ്ങൾ മരുന്ന് ക്ഷാമ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് വേറിട്ടൊരു ശൈലിയിലായിരുന്നു. പത്രങ്ങൾ ഒന്നാം പേജിൽ മൂന്ന് കോളമെങ്കിലും ഒഴിച്ചിടും. ചാനലുകളിൽ മോണിങ് ഷോ മുതൽ അന്തിച്ചർച്ചവരെ നീളും ക്ഷാമവാർത്ത. ഇടയ്ക്കിടെ മന്ത്രിയെ പരിഹസിച്ചും ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്തിയും അവതാരകർ കഥാപ്രസംഗം നടത്തും. അതുകണ്ട് ഇടതുപക്ഷ വിരുദ്ധർ ആഘോഷിക്കും. എന്നാൽ യുഡിഎഫ് മന്ത്രിക്ക് ഇതൊന്നും കാണേണ്ടിവന്നില്ല. വിവാദമുണ്ടായാൽ തന്നെ മന്ത്രിയുടെ പ്രതികരണത്തിൽ അതില്ലാതാകും. തുടർചോദ്യങ്ങളോ ചർച്ചയോ ഉണ്ടാവില്ല.
ഒടുവിൽ കമ്പനികളുമായി ചർച്ച നടത്തിയെന്നും മരുന്ന് ഉടനെത്തുമെന്നും മുരളീധരൻ പറഞ്ഞപ്പോൾ വന്ന വാർത്തകൾ ഇങ്ങനെ: “ആശ്വാസം, സർക്കാർ ആശുപത്രികളിൽ മരുന്നെത്തും’, “ഇടപെട്ട് മന്ത്രി, നടപടിയായി’– വായിച്ചാൽ കേരളത്തിന്റെ ആരോഗ്യമേഖല എത്ര സുരക്ഷിതമെന്ന് വായനക്കാർ രണ്ടാവർത്തി ചിന്തിക്കുംവിധമുള്ള എഴുത്ത്.
സർക്കാർ
ആശുപത്രിയിൽ
മരിച്ചാൽ ഇനി
രക്തസാക്ഷിത്വമില്ല
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എവിടെയെങ്കിലും ഒരു രോഗി മരിച്ചാൽ അത് പിറ്റേന്ന് ഒന്നാം പേജിൽ പ്രധാന വാർത്തയാകുമായിരുന്നു. എന്നാൽ കഴിഞ്ഞ നാലുമാസത്തിനിടെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സ കിട്ടാതെയും ശസ്ത്രക്രിയയിലെ പിഴവുമൂലമുണ്ടായ മരണങ്ങൾ വെറും ചരമ വാർത്തകൾ മാത്രമായി. പഴയതുപോലെ സർക്കാരിന്റെ അനാസ്ഥമൂലം ജീവൻ നഷ്ടമായ പരിവേഷം ഇപ്പോൾ കിട്ടില്ല.
2025ൽ കൊല്ലം സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചപ്പോൾ മന്ത്രിയായിരുന്ന വീണാ ജോർജിന് നേരെയുണ്ടായ മാധ്യമവേട്ട മാസങ്ങൾ നീണ്ടു. ക്ഷണിക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ചാനലുകൾ കയറിയിറങ്ങി മന്ത്രിയെയും വകുപ്പിനെയും അസഭ്യം പറഞ്ഞ കാലം.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായ രോഗിക്ക് ശസ്ത്രക്രിയ നടത്താൻ നാലു മണിക്കൂർ താമസിച്ചുവെന്ന പ്രചരണമായിരുന്നു മാധ്യമങ്ങൾ പിന്നീട് നടത്തിയത്. എന്നാൽ കഴിഞ്ഞ ജൂണിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്നു വീണ രോഗി ആരാലും ശ്രദ്ധിക്കപ്പെടാതെ മരിച്ചതിന് വാർത്താപ്രാധാന്യമുണ്ടായത് വെറും ഒരുദിവസമാണ്. മെഡിക്കൽ കോളേജിൽ രോഗി കട്ടിലിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ബന്ധുക്കളെ പഴിചാരുകയാണ് മന്ത്രി കെ മുരളീധരൻ ചെയ്തത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം രോഗി കട്ടിലിൽനിന്ന് വീണു മരിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു തിരുവനന്തപുരത്തേത്. ജൂണിൽ ആർസിസിയിൽ ബയോപ്സി കഴിഞ്ഞ് ചികിത്സയിലായിരുന്ന രോഗിയും കട്ടിലിൽനിന്ന് വീണു മരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെയും വ്യാപക പരാതിയാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്. ജൂണിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പുഴുവരിച്ചത് മറ്റൊരു സംഭവം.
നിപ കാലത്തെ ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചാൽ പൂർണസമയം മേഖലയിൽ ക്യാമ്പ് ചെയ്യുന്ന ആരോഗ്യമന്ത്രിമാരെയാണ് കേരളം കണ്ടിരുന്നത്. കെ കെ ശൈലജയും വീണാ ജോർജും രോഗപ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകർക്കൊപ്പം നിന്നു. നിപാ റാണിയെന്നും കോവിഡ് രാജ്ഞിയെന്നുമൊക്കെ അവർ അധിക്ഷേപിക്കപ്പെട്ടു. അത് മാധ്യമങ്ങൾ ദീർഘനാൾ ആഘോഷിച്ചു. എന്നാൽ കഴിഞ്ഞ ജൂണിൽ കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചപ്പോൾ അവിടെ തുടരാതെ തിരുവനന്തപുരത്തേക്ക് പോയത് രോഗം കൂടുതൽ വ്യാപിക്കാതിരിക്കാനെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞത്. രോഗം കേരളം മുഴുവൻ വ്യപിക്കാതെയിരിക്കാനാണ് തിരുവനന്തപുരത്ത് യോഗം ചേർന്നതെന്നും അതിനാൽ നിപ കൂടുതൽ വ്യാപിച്ചില്ലെന്നും മന്ത്രി തട്ടിവിട്ടു. എന്നാൽ ഇതൊന്നും മാധ്യമങ്ങൾക്ക് തെറ്റായി തോന്നിയില്ല. ഇവയെല്ലാം വെറും “സ്വാഭാവിക വാർത്ത’യായി ചരമം പ്രാപിച്ചു.
മീഡിയ ആക്ടിവിസം ആയിരുന്നില്ല മീഡിയ വാന്ഡലിസം ആയിരുന്നു എൽഡിഎഫ് കാലത്ത് മന്ത്രിമാർ നേരിട്ടത്. എന്നാൽ യുഡിഎഫ് മന്ത്രിമാർ അനുഭവിക്കുന്ന സ്നേഹ പരിലാളനകൾക്ക് അളവില്ല താനും. l



