Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറിപാർട്ടിയുടെ തനത് ശക്തിയിൽ ഊന്നൽ നൽകുന്ന രാഷ്ട്രീയ 
അവലോകന റിപ്പോർട്ട്

പാർട്ടിയുടെ തനത് ശക്തിയിൽ ഊന്നൽ നൽകുന്ന രാഷ്ട്രീയ 
അവലോകന റിപ്പോർട്ട്

പ്രകാശ് കാരാട്ട്

തിവ് രീതിയിൽ നിന്നും വ്യത്യസ്തമായി സിപിഐ എമ്മിന്റെ 24–ാം കോൺഗ്രസിനു വേണ്ടിയുള്ള തയ്യാറെടുപ്പിൽ 23–ാം കോൺഗ്രസ് മുന്നോട്ടുവച്ച രാഷ്ട്രീയ അടവ് നയം നടപ്പാക്കിയതിനെകുറിച്ച് പരിശോധിക്കുന്ന രാഷ്ട്രീയ അവലോകന റിപ്പോർട്ട് ചർച്ച ചെയ്ത് അംഗീകരിച്ചു. ഈ അവലോകന റിപ്പോർട്ടിലെ നിഗമനങ്ങളെ അടിസ്ഥാനമാക്കി തുടർന്നു ചേർന്ന സെൻട്രൽ കമ്മിറ്റി ചർച്ച ചെയ്ത് കരട് രാഷ്ട്രീയ പ്രമേയത്തിനു രൂപം നൽകി; ഇതിലാണ് 24–ാം കോൺഗ്രസിന്റെ കരട് രാഷ്ട്രീയ അടവ് നയം ഉൾപ്പെടുന്നത്. 2025 ഏപ്രിൽ ആദ്യവാരം മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നതിനു മുൻപ് ഈ രണ്ടു രേഖകളും ഉൾപ്പാർട്ടി ചർച്ചകൾക്കായി അയച്ചുകൊടുത്തു; പാർട്ടി ഘടകങ്ങളുടെയും അംഗങ്ങളുടെയും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നതിനുവേണ്ടി യാണിങ്ങനെ ചെയ്യുന്നത്.

സാധാരണയായി കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകിയ ശേഷമാണ് സെൻട്രൽ കമ്മിറ്റി രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരട് തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നത്. ആ രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ ഭാഗമായിട്ട് രാഷ്ട്രീയ അവലോകനത്തിന് രൂപം നൽകുന്നതായിരുന്നു പതിവ്; ഈ രീതി അവലോകന റിപ്പോർട്ടിനെ ഒരു രേഖയെന്നതിനപ്പുറം പ്രയോജനവുമില്ലാത്ത ഒന്നാക്കി മാറ്റുകയാണുണ്ടായത്. അതുകൊണ്ടാണ് ഭാവിയിൽ, പുതിയ രാഷ്ട്രീയ അടവ് നയത്തിന്റെ കരട് തയ്യാറാക്കുന്നതിനു മുൻപായി മുൻ പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ അടവുനയം നടപ്പാക്കിയതും സംബന്ധിച്ചുള്ള അവലോകം നടത്തണമെന്ന് പൊളിറ്റ് ബ്യൂറോയും സെൻട്രൽ കമ്മിറ്റിയും തീരുമാനിച്ചത്. 24–ാം പാർട്ടി കോൺഗ്രസിന്റെ കാര്യത്തിൽ, രാഷ്ട്രീയ അടവ് നയത്തിന്റെ അവലോകനം ആദ്യം നടത്തുന്നതിന് പ്രേരണയായ മറ്റൊരു കാര്യം കൂടിയുണ്ട്. വളരെക്കാലമായി പാർട്ടിയുടെ തനത് ശക്തിയിൽ ഗണ്യമായ വളർച്ചയൊന്നും ഉണ്ടാകുന്നില്ല. മാത്രമല്ല, തനത് ശക്തി ഇടിയുന്ന പ്രവണത മാറുന്നതുമില്ല. ഈ അവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തേണ്ടതും ആഴത്തിലുള്ള അവലോകനം നടത്തേണ്ടതും അടിയന്തര പ്രാധാന്യമുള്ളതായി മാറി.

ആഴത്തിലുള്ള അവലോകനത്തിന്റെ 
അനിവാര്യത
2024 നവംബറിൽ സെൻട്രൽ കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ വിശദീകരിച്ചതുപോലെ, ‘‘നമ്മുടെ തനത് ശക്തി വർധിപ്പിക്കാൻ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ലായെന്നത് പാർട്ടിയെയാകെ ഉത്കണ്ഠപ്പെടുത്തുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ആഴത്തിലുള്ള അവലോകനവും വിശകലനവും ആവശ്യമായിരിക്കുന്നു. കരട് രാഷ്ട്രീയ പ്രമേയത്തിൽ മൂർത്തമായ നിഗമനങ്ങളും കടമകളും അവതരിപ്പിക്കാൻ കഴിയത്തക്കവിധം കൂടുതൽ ആഴത്തിലുള്ള അവലോകനവും വിശകലനവും നടത്താനുള്ള ശ്രമം രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ ഉണ്ടാകണം.’’

23–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം മുന്നോട്ടുവച്ച മുഖ്യകടമ, ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുകയെന്നതാണ്. ബഹുജന സമരങ്ങളിലും വർഗ സമരങ്ങളിലും ജനങ്ങളെ അണിനിരത്തുന്നതിന് സിപിഐ എമ്മിന്റെയും ഇടതുപക്ഷ ശക്തികളുടെയും തനത് ശക്തി വളർത്തേണ്ടത് ഇതിന് ആവശ്യമാണ്. ഹിന്ദുത്വ വർഗീയ അജൻഡയ്ക്കെതിരെയുള്ള പോരാട്ടം നയിക്കുന്നതിന് പാർട്ടിയെയും ഇടതുപക്ഷ ശക്തികളെയും ഇനിയും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. അതേസമയംതന്നെ, ഹിന്ദുത്വ വർഗീയതയ്ക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളുടെയും വിശാലമായ ഐക്യം രൂപപ്പെടുത്താനും പാർട്ടി പ്രവർത്തിക്കണം. രാഷ്ട്രീയ അടവുനയം അതിലെ രാഷ്ട്രീയ ഉൗന്നലിന്റെ കാര്യത്തിൽ (Political Focus) ശരിയായിരുന്നൂവെന്നും, ബിജെപി നേതൃത്വത്തിലുള്ള ഗവൺമെന്റ് സൃഷ്ടിക്കാവുന്ന ആപത്തിനെക്കുറിച്ചുള്ള വിലയിരുത്തലും അതിനെ വർഗീയ– കോർപറേറ്റ് വാഴ്ചയായി വിശദീകരിച്ചതും ശരിയായിരുന്നൂവെന്നും അവലോകന റിപ്പോർട്ട് വ്യക്തമാക്കി. 23–ാം പാർട്ടി കോൺഗ്രസിനുശേഷമുള്ള കാലയളവിലെ രാഷ്ട്രീയ സംഭവവികാസങ്ങളും തൊഴിലാളിവർഗത്തിന്റെയും കർഷകജനതയുടെയും വിവിധ സമരങ്ങളും ഇന്ത്യ (INDIA) കൂട്ടായ്മയുടെ രൂപീകരണത്തിനിടയാക്കിയ എല്ലാ മതനിരപേക്ഷ ശക്തികളെയും ഒന്നിച്ചണിനിരത്താൻ നടത്തിയ ശ്രമങ്ങളും ബിജെപിക്ക് ഒറ്റയ്ക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെട്ട ലോക്-സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുമെല്ലാം 23–ാം കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം ശരിയാണെന്ന് തെളിയിച്ചു. എന്നാൽ, രാഷ്ട്രീയ അടവുനയത്തിലെ നിർണായകമായ ഒരു വശം, അതായത്, ബിജെപിക്കെതിരായ പോരാട്ടത്തെ പാർട്ടിയുടെ തനത് വളർച്ചയുടെ ആവശ്യകതയുമായി ബന്ധപ്പെട്ട വശം, നമുക്ക് കെെവരിക്കാനായില്ല. പാർട്ടിയുടെ തനത് വളർച്ചയുടെ അഭാവം ലോക‍-്സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ നടന്ന വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് ലഭിച്ച വോട്ടുവിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ട്.

അതുകൊണ്ടാണ് അവലോകനം വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഇങ്ങനെ വ്യക്തമാക്കിയത് : ‘‘23–ാം പാർട്ടി കോൺഗ്രസിൽ നാം രൂപപ്പെടുത്തിയ രാഷ്ട്രീയ അടവുനയം ശരിയാണെന്ന് പറഞ്ഞാൽ മാത്രം പോര; ആ നയം നടപ്പാക്കിയതിൽ ചില ദൗർബല്യങ്ങളും വീഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും കൂടി പറയണം. നാം അംഗീകരിച്ച നയവും കടമകളും നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ നമുക്ക് എന്തുകൊണ്ട് മുന്നേറാൻ കഴിയുന്നില്ല? പോരായ്മകളും ദൗർബല്യങ്ങളും ചൂണ്ടിക്കാണിക്കുന്നതിനപ്പുറം രാഷ്ട്രീയ അടവുനയം ഫലപ്രദമായി നടപ്പാക്കുന്നതിൽനിന്ന് നമ്മെ തടയുന്ന ഘടകങ്ങൾ എന്തെല്ലാമെന്നുകൂടി നാം വിശകലനം ചെയ്യണം.

വർഗസമരങ്ങളും ബഹുജന സമരങ്ങളും
വർഗസമരങ്ങളെയും ബഹുജന സമരങ്ങളെയും വലിയൊരു പരിധിയിലേക്ക് വികസിപ്പിക്കാൻ നമുക്ക് കഴിയാത്തതിന്റെ കാരണമെന്തെന്ന് മനസ്സിലാക്കാൻ അവലോകനം ശ്രമിക്കുന്നു. സുസ്ഥിരമായും ശക്തമായും പ്രാദേശിക സമരങ്ങളെ വികസിപ്പിക്കുന്ന കാര്യത്തിലേക്ക് വരുമ്പോഴാണ് പ്രതേ-്യകിച്ചും ഇത്തരമൊരു അവലോകനത്തിന് ശ്രമിക്കുന്നത്. ഈ ദൗർബല്യത്തിനു കാരണമായി മൂന്ന് ഘടകങ്ങൾ ഇത് ചൂണ്ടിക്കാണിക്കുന്നു. ഒന്നാമത്തേത്, പുതിയ മുദ്രാവാക്യങ്ങൾക്കും അടവുകൾക്കും രൂപംനൽകാൻ കഴിയത്തക്കവിധത്തിൽ, മാറിയ സാമൂഹിക-–സാമ്പത്തിക സ്ഥിതികളെക്കുറിച്ചും കാർഷികബന്ധങ്ങളെ കുറിച്ചും മൂർത്തമായ പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നതാണ്. ഇത് ചെയ്തിരുന്നില്ല. പുതിയ അടവുകളും മുദ്രാവാക്യങ്ങളും സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനർഥം പഴയ അടിസ്ഥാനത്തിൽ തന്നെ പ്രവർത്തനം തുടരുന്നുവെന്നാണ്; വിവിധ വിഭാഗങ്ങളുടെയും വർഗങ്ങളുടെയും പ്രശ്നങ്ങളും വിഷയങ്ങളും പ്രതിഫലിപ്പിക്കുന്നില്ല ആ പ്രവർത്തനമെന്നാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഗ്രാമീണ സമ്പന്നഅവിശുദ്ധ കൂട്ടുകെട്ടിനെതിരെ ഗ്രാമീണ ദരിദ്രരുടെ സമരങ്ങൾ നടക്കുന്നില്ല എന്ന് അവലോകനം വ്യക്തമാക്കിയത്. നാട്ടിൻപുറങ്ങളിലെ വർഗസമരത്തിന്റെ കാതലാണിത്. ഗ്രാമീണ സമ്പന്ന അവിശുദ്ധകെട്ട് നടത്തുന്ന വിവിധ രൂപങ്ങളിലുള്ള ചൂഷണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും നാം ഏറ്റെടുക്കേണ്ടതുണ്ട്. കുറഞ്ഞ കൂലി, പാർപ്പിടത്തിനുള്ള സ്ഥലം, കുടിയായ്മാവ്യവസ്ഥകൾ, വായ്പകൾക്ക് ഈടാക്കുന്ന ഭീമമായ പലിശ, ട്രാക്ടറുകൾക്കും കൊയ്ത്ത് യന്ത്രങ്ങൾക്കും മറ്റും ഈടാക്കുന്ന ഉയർന്ന തുക എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം ഏറ്റെടുക്കേണ്ടതാണ്.

രണ്ടാമതായി, വർഗ–ബഹുജന വിഷയങ്ങളുന്നയിച്ച് സുസ്ഥിരമായും ശക്തമായും പ്രാദേശിക സമരങ്ങൾ നടത്താൻ കഴിയാത്തത് നിലനിൽക്കുന്ന പരിഷ്കരണവാദ സമീപനം മൂലമാണ്. പ്രാദേശിക പാർട്ടികൾ ഉൾപ്പെടെയുള്ള ബൂർഷ്വാ പാർട്ടികൾ ഗ്രാമീണ സമ്പന്ന കൂട്ടുകെട്ടിന്റെ പ്രതിനിധികളാണ്. പഞ്ചായത്തുകളിലേക്കും തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകളിൽ ഈ വർഗങ്ങളെ പ്രതിനിധീകരിക്കുന്ന ഈ പാർട്ടികളുമായി സഹകരണം നാം തേടാറുണ്ട്. ഈ പ്രക്രിയയിൽ, സമൂഹത്തിൽ മേധാവിത്വം വഹിക്കുന്ന ഈ വർഗങ്ങൾക്കെതിരായി സമരം ചെയ്യാനുള്ള ദിശ മാറിപ്പോകുന്നു.

മൂന്നാമതായി, പാർലമെന്ററിസത്തിനു മേധാവിത്വം നൽകൽ അഥവാ പാർലമെന്ററി പ്രവർത്തനത്തെ മാത്രം ആശ്രയിക്കലാണ്. വർഗ–ബഹുജന സമരങ്ങളിലൂടെ പാർട്ടിയുടെ ബഹുജനാടിത്തറ വികസിപ്പിക്കുകയെന്ന രാഷ്ട്രീയ അടവുനയം നടപ്പാക്കുന്നതിനെ ഇത് തടസ്സപ്പെടുത്തുന്നു. മേധാവിത്വം വഹിക്കുന്ന വർഗങ്ങളുമായും ജാതി വിഭാഗങ്ങളുമായും അനുരഞ്ജനത്തിനു ശ്രമിക്കുന്നതിലുമാണ് പാർലമെന്ററിസം കലാശിക്കുന്നത്.

അതുകൊണ്ട്, സമരങ്ങൾ നടത്തുന്നതിന് ഗ്രാമീണ ദരിദ്രരുടെയും നഗരങ്ങളിലെ ദരിദ്രരുടെയും വിഷയങ്ങളും പ്രശ്നങ്ങളും എന്തെല്ലാമെന്ന് കണ്ടെത്തുന്നതിനുവേണ്ടി മൂർത്തമായ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമായിരിക്കുന്നു. ശക്തവും നിരന്തരവുമായ പ്രാദേശിക സമരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന വിഷയങ്ങൾ ഏറ്റെടുക്കുന്നതിനും, ആധിപത്യം പുലർത്തുന്ന ഗ്രാമീണ സമ്പന്ന അവിശുദ്ധസഖ്യത്തിന്റെ അടിച്ചമർത്തലിനെ നേരിടുന്നതിനും തൃണമൂല തലത്തിലുള്ള പാർട്ടി കമ്മിറ്റികൾക്ക് ഉയർന്ന കമ്മിറ്റികൾ നേതൃത്വം നൽകണം. പാർലമെന്ററി വൃതിയാനത്തിനെതിരെ ശക്തവും ഗൗരവപൂർണവുമായ സമരം സംഘടിപ്പിക്കേണ്ടതും പാർട്ടിക്കും കാഡർമാർക്കും ശരിയായ വർഗവീക്ഷണത്തോടുകൂടിയ ദിശാബോധം നൽകേണ്ടതും ആവശ്യമാണ്.

തൊഴിലാളിവർഗ പ്രസ്ഥാനത്തെയും സമരങ്ങളെയും സംബന്ധിച്ചിടത്തോളം വ്യത്യസ്ത മേഖലകളിലെ തൊഴിലാളികളുടെ ഒട്ടനവധി പണിമുടക്കുകളെയും സമരങ്ങളെയും കുറിച്ച് അവലോകന റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്; എന്നാൽ അതേസമയം തന്നെ 2022ൽ സെൻട്രൽ കമ്മിറ്റി അംഗീകരിച്ച ട്രേഡ് യൂണിയൻ മുന്നണിയെ സംബന്ധിച്ച അവലോകനത്തിൽ കണ്ടെത്തിയ നമ്മുടെ പ്രവർത്തനത്തിലെ ദൗർബല്യങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. ആധുനിക മാനുഫാക്ചറിങ് മേഖലകളിലെയും തന്ത്രപ്രധാന മേഖലകളിലെയും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലെ ദൗർബല്യങ്ങളെ അതിജീവിക്കുന്നതിന് അവലോകന റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു; അതോടൊപ്പം സംഘടിത മേഖലയിലെ തൊഴിൽ സേനയിലെ വലിയൊരു വിഭാഗം വരുന്ന കരാർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. ഈ കാലഘട്ടത്തിനിടയിൽ ട്രേഡ് യൂണിയനും കർഷക–കർഷകത്തൊഴിലാളി സംഘടനകളും സംയുക്ത പ്രക്ഷോഭത്തിനായി നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും അവലോകനറിപ്പോർട്ട് വിലയിരുത്തുന്നു; തൊഴിലാളി കർഷക ഐക്യത്തിനു വേണ്ടിയുള്ള ഇത്തരം സംയുക്ത പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യത്തിനും അത് ഉൗന്നൽ നൽകുന്നു.

ബഹുജനങ്ങളെ 
രാഷ്ട്രീയവൽക്കരിക്കൽ
കാലാകാലങ്ങളായി നടന്നുവരുന്ന തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും സമരങ്ങളൊന്നുംതന്നെ ഇവയിൽ അണിനിരന്ന ജനങ്ങളുടെ രാഷ്ട്രീയവൽക്കരണത്തിനിടയാക്കിയിട്ടില്ല എന്ന സുപ്രധാന കാര്യം അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇവിടെ രണ്ടു ഘടകങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്. ബഹുജനങ്ങളുടെ പ്രശ്നങ്ങളുയർത്തി പാർട്ടി നേരിട്ട് പ്രാദേശിക സമരങ്ങൾ നയിക്കണം. ഇത് അടിസ്ഥാനവർഗങ്ങൾ പാർട്ടിയുമായി താദാത്മ്യം പ്രാപിക്കാൻ സഹായകമാകും. ഇത്തരം സമരങ്ങൾ വർഗ–ബഹുജന സംഘടനകളുടെ പരിധിയിലേക്ക് ചുരുക്കരുത്. മറ്റൊരു ഘടകം ബഹുജന സംഘടനകളിലും സമരങ്ങളിലും അണിനിരക്കുന്ന ജനങ്ങളെ ഫ്രാക്ഷൻ കമ്മിറ്റികളിലൂടെയും പാർട്ടി അംഗങ്ങളിലൂടെയും രാഷ്ട്രീയവൽക്കരിക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ചയാണ്. ഈ ജനവിഭാഗങ്ങൾക്കിടയിൽ സ്വന്തം നിലയിൽ പാർട്ടി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പ്രവർത്തനം നടത്തുമ്പോൾ മാത്രമേ പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനം വർദ്ധിക്കുകയുള്ളൂ.

ഹിന്ദുത്വത്തിനെതിരായ പോരാട്ടം
23–ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ അടവുനയത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള പ്രധാനപ്പെട്ട ഒരു കടമ, ഹിന്ദുത്വ ശക്തികളെയും അവരുടെ പ്രത്യയശാസ്ത്രത്തെയും ചെറുത്തുതോൽപ്പിക്കുകയെന്നതാണ്. ഹിന്ദുത്വശക്തികൾക്കെതിരെ നടത്തേണ്ട ഈടുറ്റ പോരാട്ടത്തിനായി പാർട്ടിയും ബഹുജന സംഘടനകളും ഏറ്റെടുക്കേണ്ട ഏഴ് പ്രവർത്തനങ്ങൾക്കും പ്രവർത്തനമണ്ഡലങ്ങൾക്കും രൂപം നൽകിയിരുന്നു. ഹിന്ദുത്വ വർഗീയശക്തികൾക്കെതിരായ പ്രചാരണത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകനം വെളിപ്പെടുത്തുന്നത്, ഈ പ്രവർത്തനങ്ങൾ കൺവൻഷനുകൾ നടത്തുന്നതിലും പരിമിതമായ ചില കാമ്പെയ്നുകളിലും ഒതുങ്ങിനിന്നൂവെന്നാണ്. ഹിന്ദുത്വത്തിനെതിരായ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ കാമ്പയ്ൻ ജനങ്ങൾക്കിടയിൽ ആഴത്തിൽ നാം ഇനിയും നടത്തിയിട്ടില്ല; നമ്മുടെ സ്വന്തം ബഹുജനാടിത്തറയിലും വർഗ–ബഹുജന സംഘടനകളിലെ സാധാരണ അംഗങ്ങൾക്കിടയിലുംപോലും ഈ കാമ്പയ്ൻ ആഴത്തിൽ നടത്തിയിട്ടില്ല. നമ്മുടെ മൊത്തത്തിലുള്ള രാഷ്ട്രീയ ക്യാമ്പയ്-നുമായി സംയോജിപ്പിച്ചുകൊണ്ട് വർഗീയ വിരുദ്ധ കാംപെയ്ൻ എങ്ങനെ നടത്തണമെന്നും അതിനെ എങ്ങനെയാണ് മൂർത്തമാക്കേണ്ടതെന്നും സംസ്ഥാന കമ്മിറ്റികൾക്ക് ആവശ്യമായ മാർഗനിർദേശം പൊളിറ്റ് ബ്യൂറോ നൽകിയില്ലായെന്ന് അവലോകനത്തിൽ സ്വയം വിമർശനപരമായി വിലയിരുത്തിയിട്ടുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും ഹിന്ദുത്വ പ്രവർത്തനങ്ങളെയും തുടർച്ചയായി, ശക്തമായി എതിരിടുന്നതിന് പ്രത്യയശാസ്ത്ര–സാമൂഹ്യ–സാംസ്കാരിക മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളെ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ദിശാബോധം നൽകുന്നതാണ് അവലോകനം.

ഈ പ്രവർത്തനങ്ങളെ മൂർത്തമാക്കുന്നതിന്, സമൂഹത്തിലെ എല്ലാ മത–സമുദായങ്ങളിലുമുള്ള ആളുകൾക്കിടയിൽ മതാത്മകത വർധിച്ചുവരുകയാണെന്ന യാഥാർഥ്യം നാം അംഗീകരിക്കേണ്ടതുണ്ട്. ആളുകളുടെ മനസ്സിൽ വർഗീയ വീക്ഷണം കുത്തിനിറയ്ക്കുന്നതിനായി (ഈ ആവശ്യത്തിനായി അവർ പ്രത്യേകിച്ചും സ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്) മതപരമായ കർമങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും ഉത്സവങ്ങളിലൂടെയും വിശ്വാസികളെ ആകർഷിക്കുന്നതിന് ആർഎസ്എസ് മതവികാരത്തെയാണ് ഉപയോഗിക്കുന്നത്. അവലോകനം ഇങ്ങനെ പ്രസ്താവിക്കുന്നു: ‘‘വിശ്വാസികളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്നതിനെക്കുറിച്ച് നമുക്കൊരു കാഴ്ചപ്പാട് ഉണ്ടാകേണ്ടതാണ്; അവരുടെ വിശ്വാസം അനുഷ്ഠിക്കുന്നതും മറ്റു മത വിശ്വാസികളെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ അവരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം നാം അവരെ ബോധ്യപ്പെടുത്തണം. മതവിശ്വാസികളെ മതനിരപേക്ഷ രാഷ്ട്രീയത്തിലേക്കും വർഗീയതയ്ക്കെതിരെയും ആകർഷിക്കുന്നതെങ്ങനെയെന്നത് സംബന്ധിച്ച് നാം മൂർത്തമായ പ്രവർത്തന പദ്ധതി ആവിഷ്കരിക്കണം. ഇതിനായി നാം തത്വചിന്തയിലെ മതനിരപേക്ഷവും പുരോഗമനപരവുമായ പാരമ്പര്യങ്ങളെ ഉയർത്തിപ്പിടിക്കണം; മതപരിഷ്കർത്താക്കളുടെ പങ്കും പ്രവർത്തനവും ഇതിനായി ഉയർത്തിക്കാട്ടണം. അതേസമയംതന്നെ ന്യൂനപക്ഷ വർഗീയതയെയും എതിർക്കേണ്ടതും ചെറുക്കേണ്ടതും ആവശ്യമാണ്. ഇസ്ലാമിക മതമൗലികവാദത്തിനെതിരെ നാം ശക്തമായി പ്രതികരിക്കേണ്ടതാണ് ; അതിന്റെ പിന്തിരിപ്പൻ സാമൂഹ്യമൂല്യങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട മൂല്യങ്ങളെ, നാം തുറന്നുകാണിക്കുകയും വേണം.

സാമൂഹ്യവിഷയങ്ങളും സ്വത്വരാഷ്ട്രീയവും
സാമൂഹ്യനീതിക്കായുള്ള സമരങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെയും സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള സാമൂഹ്യമായ അടിച്ചമർത്തലിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ നിൽക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് രാഷ്ട്രീയ അടവുനയത്തിൽ അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ചും ദളിത്–ആദിവാസി വിഷയങ്ങൾ കെെകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച പ്ലാറ്റ്ഫോമുകളെ കുറിച്ചും അവലോകനം ചെയ്തുകൊണ്ട്, തെക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ, ഈ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം നടക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; എന്നാൽ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ശക്തമായ വിധത്തിൽ സാമൂഹ്യപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലുള്ള ദൗർബല്യങ്ങൾ തുടരുന്നതായും അത് ചൂണ്ടിക്കാണിച്ചു. പശ്ചിമബംഗാളിനെയും ത്രിപുരയെയും പോലെ നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ നമ്മുടെ ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാക്കുന്നതിൽ വിവിധ തരത്തിലുള്ള സ്വത്വരാഷ്ട്രീയം എങ്ങനെയാണ് പങ്കുവഹിച്ചതെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വംശീയ വിഭാഗങ്ങളുടെയും മർദിത ജാതികളിൽപെട്ട വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മൂർത്തമായ നടപടികൾക്ക് നാം രൂപം നൽകണം.

വിശാലമായ ഐക്യം കെട്ടിപ്പടുക്കൽ
രാഷ്ട്രീയ അടവുനയം നടപ്പാക്കുന്നതിന്റെ ഭാഗമായി സേ-്വച്ഛാധിപത്യത്തിനെതിരെയും ജനാധിപത്യം സംരക്ഷിക്കുന്നതിനായും മതനിരപേക്ഷതയ്ക്കുവേണ്ടിയും വർഗീയതയ്ക്കെതിരെയും വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിനു നാം പരിശ്രമിച്ചു. എന്നാൽ ദേശീയതലത്തിൽ നമ്മുടെ ശക്തി പരിമിതമായതിനാൽ സേ-്വച്ഛാധിപത്യത്തിനും വർഗീയതയ്ക്കുമെതിരെ നാം ആഗ്രഹിച്ച തോതിലുള്ള വിപുലമായ ഐക്യം ഊട്ടിയുറപ്പിക്കാൻ നമുക്കു കഴിഞ്ഞില്ല. ബൂർഷ്വാ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ താൽപ്പര്യപ്പെട്ടിരുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ഐക്യം കെട്ടിപ്പടുക്കുന്നതിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലോക്-സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഇന്ത്യാ കൂട്ടായ്മ (INDIA BLOCK) രൂപീകരിച്ചത് ബിജെപിവിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള ശ്രമത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ചുവടുവയ്പായിരുന്നു. ഓരോ സംസ്ഥാനത്തിലെയും സാഹചര്യത്തിനനുസരിച്ച് വിവിധതലങ്ങളിൽ വിശാലമായ വേദികൾ രൂപപ്പെടുത്തുന്നതിലൂടെ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ അണിനിരത്താനുള്ള ശ്രമം തുടരേണ്ടത് അനിവാര്യമാണ്. വിശാലവേദിയുടെ ഭാഗമായിരിക്കെതന്നെ നാം പാർട്ടിയുടെ തനത് പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും വേണം.

സോഷ്യലിസം ബദൽ എന്ന നിലയിൽ
സോഷ്യലിസം എന്ന ലക്ഷ്യത്തെകുറിച്ച് പ്രചരിപ്പിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അവലോകന റിപ്പോർട്ട് ഊന്നിപ്പറഞ്ഞിട്ടുണ്ട്. നാം പറഞ്ഞുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യബദലിനെ സോഷ്യലിസവുമായി ബന്ധിപ്പിക്കേണ്ടതാണ്. നമ്മുടെ രാഷ്ട്രീയ–പ്രത്യയശാസ്ത്ര കാമ്പയ്നിൽ അതിന്റെ അഭാവമുണ്ടെന്ന് കണ്ട് വളരെ കൃത്യതയോടെ അത് ചെയ്യേണ്ടതാണ്. ഇപ്പോൾ നമ്മുടെ അടവുനയത്തിൽ നാം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്, ‘‘ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും സംരക്ഷണ’’ത്തിനാണ്. എല്ലാ മതനിരപേക്ഷ ബൂർഷ്വാ പാർട്ടികളും ഇതിനെക്കുറിച്ചാണ് പറയുന്നത്. യഥാർഥ ബദലിനെകുറിച്ച് നാം പറയുന്നില്ലായെങ്കിൽ നമുക്ക് നമ്മുടെ വ്യക്തിത്വത്തെ വേർതിരിച്ചു കാണിക്കാനാവില്ല. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് സോഷ്യലിസത്തെ ഉയർത്തിക്കാണിക്കാതെ കമ്യൂണിസ്റ്റു പാർട്ടിയെന്ന നിലയിലുള്ള നമ്മുടെ വ്യക്തിത്വം നമുക്ക് സ്ഥാപിക്കാനാവില്ല.

യുവജനങ്ങളോടുള്ള അഭ്യർഥന
സംഘടനയെ സംബന്ധിച്ച 2015ലെ കൊൽക്കത്ത പ്ലീനം മുതൽ, നാം ശ്രദ്ധിക്കുന്ന കാര്യമാണ് യുവജനങ്ങൾക്കിടയിൽ പാർട്ടിക്കും ഇടതുപക്ഷത്തിനുമുള്ള സ്വീകാര്യത മങ്ങി വരികയാണ് എന്നത്. വിദ്യാർഥി – യുവജന മുന്നണികളിലെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതു കൂടാതെ, നമ്മുടെ മുഖ്യകടമ പാർട്ടിയുടെ രാഷ്ട്രീയവും നയപരവുമായ സമീപനങ്ങളെ പുനരാവിഷ്കരിക്കുക എന്നതായിരിക്കണം. യുവജനങ്ങളുമായും അവരുടെ ആശങ്കകളും അഭിലാഷങ്ങളുടെയും ബന്ധിപ്പിക്കുന്ന വിധത്തിലുള്ള ഏതെല്ലാം വിഷയങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നതിൽ കേന്ദ്രീകരിച്ച് നാം പണിയെടുക്കണം; പാർട്ടിയുടെ പൊതുവായ രാഷ്ട്രീയ– ജനാധിപത്യ ഡിമാൻഡുകളെ യുവജനങ്ങളുടെ വിഷയങ്ങളുമായി വിളക്കിച്ചേർണം. ‘സോഷ്യലിസമാണ് ബദൽ’ എന്ന പാർട്ടിയുടെ സന്ദേശത്തെ, ബൂർഷ്വാ ഭൂപ്രഭു വ്യവസ്ഥയ്ക്കുള്ള ബദലിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിന് പ്രത്യേകമായി അവരിലേക്കെത്തിക്കണം.

പാർട്ടിക്ക് കരുത്തുള്ള 
മൂന്നു സംസ്ഥാനങ്ങളിലെ 
നമ്മുടെ അടിത്തറ ശാക്തീകരിക്കൽ
പശ്ചിമബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ റീ ഗ്രൂപ്പിങ്ങും മുന്നേറ്റവും കേരളത്തിലെ പാർട്ടിയിലെ ദൗർബല്യങ്ങൾ അതിജീവിക്കലും പ്രസ്ഥാനത്തെ കൂടുതൽ വിപുലമാക്കാൻ സഹായിക്കും. ദേശീയതലത്തിൽ പാർട്ടിയുടെ തനതായ ശക്തി വർധിപ്പിക്കുകയെന്ന കടമ നിറവേറ്റുന്നതിൽ ഇവയെല്ലാം നിർണായകമായിരിക്കും. 23–ാം കോൺഗ്രസ് മുന്നോട്ടുവച്ച രാഷ്ട്രീയ അടവുനയ പ്രകാരം ഇതേറ്റെടുക്കേണ്ടതെങ്ങനെയെന്ന് രാഷ്ട്രീയ അവലോകന റിപ്പോർട്ട് കെെകാര്യം ചെയ്തിട്ടുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തി, അവലോകന റിപ്പോർട്ട് ഓരോ സംസ്ഥാനത്തിനുമായി ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്; അതിനെ ചുവടെ ചേർക്കുംവിധം സംഗ്രഹിക്കാം.

കേരളം: ആദ്യത്തെ കടമ അടിസ്ഥാന വർഗങ്ങൾക്കിടയിലെ നമ്മുടെ പ്രവർത്തനം ശക്തിപ്പെടുത്തലാണ്; ഇടത്തരം വർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. പാർട്ടിയെയും ബഹുജനസംഘടനകളെയും പിന്തുണയ്ക്കുന്ന ജനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ചിട്ടയായ പരിശ്രമം നടത്തണം. ബിജെപി –ആർഎസ്എസ് സ്വാധീനം വർധിച്ചിരിക്കുന്ന കാലത്ത് ഇത് പ്രധാനപ്പെട്ട കാര്യമാണ്. വർഗീതയയ്ക്കും ജാതീയതയ്ക്കുമെതിരായ പോരാട്ടത്തിൽ വിശ്വാസികളെ അണിനിരത്തുന്നതിനുള്ള നടപടികളെടുക്കണമെന്ന് പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. അതേ സമയം തന്നെ, മുസ്ലീം മത മൗലികവാദികളുടെയും തീവ്രവാദികളുടെയും പ്രവർത്തനങ്ങളെയും പ്രചാരണത്തെയും പാർട്ടി എതിർക്കുകയും വേണം. എല്ലാ വിഭാഗങ്ങൾക്കിടയിലും ഇടത്തരം വർഗം വളർന്നുകൊണ്ടിരിക്കുന്ന സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പാർട്ടി പഠിക്കണം. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണത്തിനിടയിൽ പോലും ദരിദ്ര ജനവിഭാഗങ്ങൾക്ക് ക്ഷേമപിന്തുണ ഉറപ്പാക്കത്തക്കവിധം എൽഡിഎഫ് സർക്കാർ അതിന്റെ ചെലവഴിക്കലുകൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന കാര്യം പ്രാധാന്യമർഹിക്കുന്നു. അതേ സമയം തന്നെ, ജനങ്ങൾക്കുമേൽ കടുത്ത ബാധ്യതയേൽപ്പിക്കാതെ വേണ്ടത്ര കരുതലെടുത്ത് നൂതനമായ ബദൽ വിഭവസമാഹരണം നടത്തി പശ്ചാത്തലവികസനത്തിന്റെ ഗതിവേഗവും നിലനിർത്തുന്നുണ്ട്.

പശ്ചിമബംഗാൾ: കഴിഞ്ഞ ഒരു ദശകമായി പാർട്ടി ബിജെപിയോടും ടിഎംസിയോടും ഒരുപോലെ പൊരുതുകയാണ്. അങ്ങനെ ചെയ്യവെ തന്നെ, ബിജെപിയെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിർത്തു തോൽപ്പിക്കാൻ പാർട്ടി എല്ലാ തലങ്ങളിലും കൂടുതൽ ശ്രദ്ധചെലുത്തണം. ഗ്രാമീണ ദരിദ്രർക്കും നഗരങ്ങളിലെ അധ്വാനിക്കുന്ന ജനങ്ങൾക്കുമിടയിലെ പ്രവർത്തനമായിരിക്കണം നമ്മുടെ മുഖ്യകടമ. ഭീകരാന്തരീക്ഷവും ആക്രമഭീഷണിയും മൂലം ദീർഘകാലമായി പാർട്ടി സംഘടനയെയാകെ ശിഥിലമായിരുന്ന ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ജനങ്ങളുമായുള്ള ബന്ധം പാർട്ടി സജീവമായി ഉൗട്ടിയുറപ്പിക്കണം. ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതിനും തങ്ങൾക്ക് പിന്തുണയാർജിക്കുന്നതിനും ടിഎംസിയും ബിജെപിയും ഒരുപോലെ ജാതിയെയും വംശീയതയെയും അടിസ്ഥാനമാക്കിയുള്ള സ്വത്വരാഷ്ട്രീയത്തെയാണ് ഉപയോഗിക്കുന്നത്. ഇതിനെ എങ്ങനെ ചെറുത്തുതോൽപ്പിക്കാമെന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്; ദളിതർ, ആദിവാസികൾ, മറ്റു വംശീയ വിഭാഗങ്ങൾ എന്നിവരുടെ സാമൂഹ്യവിഷയങ്ങളും ഏറ്റെടുക്കണം.

ത്രിപുര: ബിജെപിയെ അധികാരത്തിലെത്തിച്ച 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് അഴിച്ചുവിടപ്പെട്ട ഭീകരവാഴ്ചയും ഭീഷണിപ്പെടുത്തലും, പാർട്ടി പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്; അത് പാർട്ടിയുടെ ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാക്കി. എന്നാലും, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രകടമാക്കുന്നതുപോലെ, 24.62 ശതമാനം വോട്ടും 11 സീറ്റും നേടാൻ പാർട്ടിക്ക് കഴിഞ്ഞു. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളും സാമ്പത്തിക വിഷയങ്ങളും ഏറ്റെടുക്കുന്നതിന് പാർട്ടി ക്ഷമാപൂർവം പ്രവർത്തിക്കണം. വിഘടനപരമായ ഹിന്ദുത്വ പ്ര
ത്യയശാസ്ത്രത്തെ ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാനുള്ള പ്രവർത്തനം നടത്തണം. ഗോത്രവർഗ ജനതയുടെയും അവരുടെ പ്രശ്നങ്ങളുടെയും കാര്യത്തിൽ നാം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ഗോത്ര വർഗ യുവജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഗോത്ര വർഗ സ്വയംഭരണവും സ്വത്വവും എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും പര്യാപ്തമായ വിധത്തിലായിരിക്കണം പുതിയ മുദ്രാവാക്യങ്ങളും ഡിമാൻഡുകളും ഉയർത്തേണ്ടത്.

ഇടതുപക്ഷ ഐക്യവും 
ഇടതുപക്ഷ ജനാധിപത്യമുന്നണിയും
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനു പരിശ്രമിക്കണമെന്നാണ് രാഷ്ട്രീയ അടവുനയം ആഹ്വാനം ചെയ്തത്. കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷമുള്ള മൂന്ന് വർഷത്തിനിടയിൽ ഇടതുപക്ഷ പാർട്ടികളുമായി സംയുക്ത പ്രക്ഷോഭം നടത്താനും നിശ്ചയിച്ചതുപോലെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനും നമുക്കു കഴിഞ്ഞില്ലെന്നാണ് അവലോകന റിപ്പോർട്ട് പ്രസ്താവിക്കുന്നത്. ഗാസയ്ക്കുനേരെ ഇസ്രയേൽ നടത്തിയ വംശഹത്യാപരമായ ആക്രമണത്തിന്റെ വിഷയത്തിൽ മാത്രമേ ഇടതുപക്ഷ പാർട്ടികളുടെ സംയുക്താഹ്വാനം നടന്നിട്ടുള്ളൂ. ചില സംസ്ഥാനങ്ങളിൽ ഇടതുപക്ഷത്തിന്റെ സംയുക്ത പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ദേശീയതലത്തിൽ ഇടതുപക്ഷ പാർട്ടികളുടെ യോഗങ്ങൾ സ്ഥിരമായി ചേരാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യാ കൂട്ടായ്മയിലൂടെ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിലായിരുന്നു ചില ഇടതുപക്ഷ പാർട്ടികളുടെ വ്യഗ്രത. സെൻട്രൽ കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിനെ തുടർന്ന് നടന്നത് ഇടതുപക്ഷ പാർട്ടികളുടെ യോഗം ചേരാനുള്ള നടപടികൾ പുനരാരംഭിക്കലായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ സംബന്ധിച്ചിടത്തോളം ഈ ദിശയിൽ കാര്യമായ ചലനങ്ങളൊന്നുമുണ്ടായില്ല. ഇൗ വിഷയത്തിൽ സിപിഐയുമായി പൊതുധാരണയൊന്നും രൂപപ്പെടുത്തിയില്ലായെന്നതാണ് ഇതിനുള്ള മുഖ്യകാരണം. ഒരു പൊതുസമീപനം ഇക്കാര്യത്തിൽ ഉയർന്നു വരത്തക്കവിധം സിപിഐയുമായും മറ്റ് ഇടതുപക്ഷ പാർട്ടികളുമായും ബന്ധപ്പെടേണ്ടത് ആവശ്യമാണ്.

നിഗമനങ്ങൾ
ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ രാഷ്ട്രീയ അടവുനയം നടപ്പാക്കിയതിന്റെ അനുഭവത്തെ അടിസ്ഥാനമാക്കി, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ മണ്ഡലങ്ങളിൽ പാർട്ടിയുടെ തനത് പങ്കും പ്രവർത്തനങ്ങളും വർധിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം നിഗമനങ്ങൾ അവലോകന റിപ്പോർട്ട് മുന്നോട്ടുവച്ചു. ഇവയാണ് അതിൽ ഉൾപ്പെടുന്നത്. (i) പ്രത്യയശാസ്ത്ര, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ആർഎസ്എസ്/ഹിന്ദുത്വ പ്രവർത്തനങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിൽ ഗൗരവപൂർണമായി ശ്രദ്ധ ചെലുത്തുക; (ii) ഗ്രാമീണ സമ്പന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരായ സമരങ്ങൾക്കായി ഗ്രാമീണ ദരിദ്രരെ അണിനിരത്തുന്നതിനുള്ള മൂർത്തമായ അടവുകളും മുദ്രാവാക്യങ്ങളും രൂപപ്പെടുത്തുക (iii) ഈടുറ്റ പ്രാദേശിക സമരങ്ങൾക്കായി വിഷയങ്ങൾ ഏറ്റെടുക്കുന്നതിന് പ്രാദേശിക ഘടകങ്ങളെയും ബ്രാഞ്ചുകളെയും സഹായിക്കുക (iv) ആധുനിക മാനുഫാക്ചറിങ് മേഖലയിലെയും മറ്റു നിർണായക മേഖലകളിലെയും തൊഴിലാളികളെയും സംഘടിതമേഖലയിലെ കരാർ തൊഴിലാളികളെയും, സംഘടിപ്പിക്കുന്നതിന് ഊന്നൽ നൽകുക; (v) ജാതീയവും ലിംഗപരവുമായ അടിച്ചമർത്തലുമായി ബന്ധപ്പെട്ട സാമൂഹ്യവിഷയങ്ങൾ പാർട്ടി നേരിട്ട് ഏറ്റെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക (vi) തെരഞ്ഞെടുക്കപ്പെട്ട ഗോത്ര വർഗ മേഖലകളിലെ ആദിവാസികൾക്കിടയിൽ പ്രവർത്തനം കേന്ദ്രീകരിക്കുക; (vii) ബദലെന്ന നിലയിൽ സോഷ്യലിസത്തെ രാഷ്ട്രീയ ക്യാമ്പയ്ന്റെ ഭാഗമാക്കുക; (viii) സേ-്വച്ഛാധിപത്യ, ഹിന്ദുത്വ കോർപറേറ്റ് വിപത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യശക്തികളെ വിപുലമായി അണിനിരത്തുന്നതിൽ ഏർപ്പെടണം; (ix) ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രക്ഷോഭങ്ങളും സംയുക്തവേദികളും ശക്തിപ്പെടുത്തുകയും ഓരോ സംസ്ഥാനത്തും ഇടതുപക്ഷ ജനാധിപത്യശക്തികളെ അണിനിരത്തുന്നതിനുള്ള പരിശ്രമത്തിൽ ഏർപ്പെടുകയും വേണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + 4 =

Most Popular