കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന ബലം പ്രാഥമിക പാർട്ടി ഘടകമായ ബ്രാഞ്ചിന്റെ കരുത്തും പ്രവര്‍ത്തനക്ഷമതയുമാണ്. മനുഷ്യ ശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണ്. അതിന് സമാനമാണ് പാർട്ടി ശരീരത്തിന് ബ്രാഞ്ചുകള്‍. കോശങ്ങള്‍ ബലഹീനമായാല്‍, രോഗ-ഗ്രസ്തമായാല്‍, ശരീരം ബലഹീനമാവുകയും പ്രവര്‍ത്തന ശേഷി നഷ്ടപ്പെടുകയും ചെയ്യുമല്ലോ. അതുപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അടിസ്ഥാന പാർട്ടി ഘടകമായ ബ്രാഞ്ചുകള്‍ പാര്‍ട്ടിയുടെ ബലം നിര്‍ണയിക്കുന്നതില്‍ മര്‍മ്മ പ്രധാനമാണ്.
മാര്‍ക്സും എംഗല്‍സും കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സംഘടനയുടെ പ്രധാന്യം വ്യക്തമായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആദ്യ സംഘടനയായ കമ്യൂണിസ്റ്റ് ലീഗ് 5 വര്‍ഷക്കാലമാണല്ലോ പ്രവര്‍ത്തിച്ചത്. കൊളോണ്‍ ഗൂഢാലോചന കേസിനും, അടിച്ചമര്‍ത്തലിനും ശിക്ഷാവിധിക്കും ശേഷം പ്രതികൂല സാഹചര്യം കണക്കിലെടുത്ത് കമ്യൂണിസ്റ്റ് ലീഗിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയാണല്ലോ ഉണ്ടായത്. 1864ല്‍ ഒന്നാം ഇന്റര്‍നാഷണല്‍ സ്ഥാപിതമായതോടുകൂടിയാണ് സംഘടനാപരമായ ക്രമീകരണത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ഉയര്‍ന്നുവരുന്നത്. രണ്ടാം ഇന്റര്‍നാഷണലിന്റെ കാലത്തും കമ്യൂണിസ്റ്റുകാരുടെ സംഘടനാ ചിട്ടവട്ടങ്ങളെക്കുറിച്ച് ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായി. എന്നാല്‍ 1919ല്‍ വി ഐ ലെനിന്റെ നേതൃത്വത്തില്‍ മൂന്നാം ഇന്റര്‍നാഷണല്‍ അഥവാ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ സ്ഥാപിതമായതോടെയാണ് കമ്യൂണിസ്റ്റുകാരുടെ സംഘടനാ പ്രവര്‍ത്തന തത്വങ്ങളെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട ചിട്ടവട്ടങ്ങളെക്കുറിച്ചും ഏറ്റവും ഗൗരവപൂര്‍ണവും ഫലപ്രദവുമായ ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായത്. 1921ല്‍ സമ്മേളിച്ച കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ 3–ാം കോണ്‍ഗ്രസ്സിലാണ് “പാർട്ടി സംഘടനയുടെ തത്വങ്ങള്‍” എന്ന ചരിത്ര പ്രധാനമായ രേഖ ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. ഈ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും നേതൃത്വം കൊടുത്തതാകട്ടെ ബോള്‍ഷെവിക്ക് വിപ്ലവത്തിന്റെ നേതാവ് സഖാവ് വി.ഐ ലെനിനും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങള്‍ സംബന്ധിച്ച അടിസ്ഥാന തത്വങ്ങള്‍ സഖാവ് ലെനിന്‍ വികസിപ്പിച്ചെടുത്തതാകട്ടെ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ കമ്യൂണിസ്റ്റ് സംഘടനാ തത്വങ്ങള്‍ക്ക് വേണ്ടി നടന്ന അതിതീവ്രമായ ഉള്‍പാർട്ടി സമരത്തില്‍ നിന്നുമാണ്. മെന്‍ഷെവിക്ക് നിലപാടുകളെടുത്ത മാര്‍ത്തോവ്- പക്ഷത്തിനെതിരെ സഖാവ് ലെനിന്‍ തീക്ഷ്-ണമായ പ്രത്യയശാസ്ത്ര പോരാട്ടം കെട്ടഴിച്ചുവിട്ടു. കമ്യൂണിസ്റ്റ് പാർട്ടി അംഗത്തിന് പ്രവര്‍ത്തിക്കുന്നതിനായി തന്റേതായ ഒരു പ്രത്യേക പാർട്ടി ഘടകം ആവശ്യമില്ലെന്ന നിലപാടാണ് മാര്‍ത്തോവ് സ്വീകരിച്ചത്. ലെനിന്‍ ഇതിനെ എതിര്‍ത്തു. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ ഓരോരോ ഘടകങ്ങളിലായി പാർട്ടി തീരുമാന പ്രകാരം അംഗങ്ങളാക്കിയിരിക്കേണ്ടതാണ് എന്ന് ലെനിന്‍ ശക്തിയുക്തം വാദിച്ചു. ഒരു പ്രത്യേക ഘടകത്തില്‍ അംഗമാകാതെ എവിടെയും പരന്നു നടന്ന് പ്രവര്‍ത്തിക്കുക അച്ചടക്കരാഹിത്യമാണെന്നും ഒരു സഖാവിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണ–ദോഷങ്ങളും ജയപരാജയങ്ങളും ആ സഖാവ് ഉള്‍പ്പെട്ട പാർട്ടി ഘടകത്തിനാണ് ശരിയായ നിലയില്‍ വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കുകയെന്നും ലെനിന്‍ ചൂണ്ടിക്കാണിച്ചു. ഓരോ സഖാവും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനും ആ സഖാവ് ഉള്‍പ്പെട്ട പാർട്ടി ഘടകത്തിന് സാധിക്കും.
വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സംഘടനാ സംബന്ധിയായി ലെനിന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍, കാറൽ മാര്‍ക്സും ഫ്രെഡറിക്ക് എംഗല്‍സും അവരുടെ കാലത്ത് മുന്നോട്ടുവെച്ച സംഘടനാ തത്വങ്ങളുടെ കാലോചിതമായ നവീകരണമായിരുന്നു, അത് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും 1919 ന് ശേഷം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും അംഗീകരിക്കുകയാണ് ചെയ്തത്.
ഇതിന്റെ അര്‍ത്ഥം ഒരിക്കലും മാറാത്തതായി ചില അടിസ്ഥാന കമ്യൂണിസ്റ്റ് സംഘടനാ തത്വങ്ങള്‍ നിലവിലുണ്ട് എന്നല്ല. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ 3–ാം കോണ്‍ഗ്രസ് അംഗീകരിച്ച “പാർട്ടി സംഘടനയുടെ തത്വങ്ങള്‍” എന്ന അടിസ്ഥാന രേഖയുടെ രണ്ടാം ഖണ്ഡിക ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു:
“There can be no absolutely infallible and unalterable form of organisation for the Communist Parties. The conditions of the proletarian class struggle are subject to changes in a continuous process of evolution, and in accordance with these changes, the organisation proletarian vanguard must be constantly seeking for the corresponding forms. The peculiar conditions of every individual country likewise determine the special adaptation of the forms of organisation of the respective Parties.
ലോകത്തിലെ വ്യത്യസ്ത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വികസിപ്പിച്ചെടുത്ത സംഘടനാ തത്വങ്ങള്‍ സിപിഐ എം സൂക്ഷ്-മമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ ഭരണഘടനയിലും സംഘടനാ രേഖകളിലും സംഘടനാ പ്രവര്‍ത്തന തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സി.പി.ഐ എം ഭരണഘടനയുടെ 17–ാം വകുപ്പ് പ്രാഥമിക ഘടകമായ ബ്രാഞ്ചിനെകുറിച്ച് ഇപ്രകാരം പറയുന്നു: തൊഴിലിന്റേയോ വാസസ്ഥലത്തിന്റെയോ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പാർട്ടി ബ്രാഞ്ചാണ് പാര്‍ട്ടിയുടെ പ്രാഥമിക ഘടകം.
പാര്‍ട്ടിയുടെ നേതൃത്വ ഘടകവും അതത് പ്രദേശത്തോ, രംഗത്തോ ഉള്ള തൊഴിലാളികള്‍, കൃഷിക്കാര്‍, മറ്റു ജനവിഭാഗങ്ങള്‍ എന്നിവരുമായുള്ള സജീവ ബന്ധത്തിന്റെ കണ്ണിയാണ് പാർട്ടി ബ്രാഞ്ച്. അതിന്റെ ചുമതലകളും പാർട്ടി ഭരണഘടന ഇപ്രകാരം വ്യക്തമാക്കുന്നു.
1. മേല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുക.
2. പാര്‍ട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങള്‍ക്ക് അനുകൂലമായി ഫാക്ടറിയിലെയോ, താമസസ്ഥലത്തെയോ ബഹുജനങ്ങളെ അണിനിരത്തുക.
3. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും അവരെ രാഷ്ട്രീയമായി പഠിപ്പിക്കുന്നതിനും ഉശിരരെയും അനുഭാവികളെയും പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുക.
4. ദൈനംദിന സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭ പരിപാടികളിലും ജില്ലാ–പ്രാദേശിക–ടൗണ്‍ കമ്മിറ്റികളെ സഹായിക്കുക.
ഭരണഘടന നിര്‍ദ്ദേശിക്കുന്ന മേല്‍പ്പറഞ്ഞ സംഘടനാ ചുമതലകള്‍ക്കൊപ്പം സമൂഹത്തിലെ ചെറുതും വലുതുമായ ഓരോ ചലനത്തെയും വത്യസ്തമായി തന്റെ ഘടകത്തിന്റെയും മേല്‍ ഘടകങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയെന്നത് പാർട്ടി അംഗങ്ങളുടെയും ബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെയും ഏറ്റവും സുപ്രധാനമായ ചുമതലയാണ്. ഈ ചുമതലകള്‍ എത്രമാത്രം ഫലപ്രദമായി നിര്‍വ്വഹിക്കുവാന്‍ പാർട്ടി ബ്രാഞ്ചുകള്‍ക്ക് കഴിയുന്നുണ്ട് എന്ന കാര്യം വിമര്‍ശനപരമായും സ്വയംവിമര്‍ശനപരമായും പരിശോധിക്കുവാന്‍ പാർട്ടി സമ്മേളനങ്ങളിലും സംഘടനാ പ്ലീനങ്ങളിലും ശ്രദ്ധാപൂര്‍വ്വം പരിശ്രമിച്ചിട്ടുണ്ട്. 1978ല്‍ ഹൗറയില്‍ ചേര്‍ന്ന പ്ലീനവും 2013ല്‍ പാലക്കാട്ട് ചേര്‍ന്ന സംസ്ഥാന പ്ലീനവും 2015ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന അഖിലേന്ത്യാ സംഘടനാ പ്ലീനവും ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സൂക്ഷ്മമായ പരിശോധന നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.
കൊല്‍ക്കത്ത പ്ലീനം ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് 20–ാം പാർട്ടി കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശങ്ങള്‍ ഉദ്ധരിക്കുകയുണ്ടായി.
1. ഓരോ ബ്രാഞ്ചും പ്രതിവര്‍ഷം 12 യോഗങ്ങളെങ്കിലും നടത്തിയിരിക്കണം.
2. പാർട്ടി അംഗത്വം പുതുക്കുന്ന വേളയില്‍ ബ്രാഞ്ചുകളുടെ വാര്‍ഷിക അവലോകനം ഉപരി കമ്മിറ്റി നടത്തിയിരിക്കണം.
3. ജില്ലാ കമ്മിറ്റികള്‍ ബ്രാഞ്ച് സെക്രട്ടറിമാരുടെ ആനുകാലിക യോഗങ്ങള്‍ നടത്തണം. തങ്ങളുടെ ചുമതലകള്‍ നിറവേറ്റുവാന്‍ ബ്രാഞ്ച് സെക്രട്ടറിമാരെ രാഷ്ട്രീയമായും സംഘടനാപരമായും പരിശീലിപ്പിക്കുവാനുള്ള പരിപാടികള്‍ പാർട്ടി ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കണം.
യാഥാസ്ഥിതികമായ മതിപ്പ് അനുസരിച്ച് കൊല്‍ക്കത്ത പ്ലീനകാലത്ത് നിലവിലുണ്ടായിരുന്ന 90,000 ബ്രാഞ്ചുകളില്‍ 50 ശതമാനവും നിര്‍ജീവമായിരുന്നു. 2014ല്‍ കേരളത്തില്‍ വര്‍ഷംപ്രതി 12 തവണ യോഗം ചേര്‍ന്ന ബ്രാഞ്ചുകള്‍ 63 ശതമാനമായിരുന്നു. ഇപ്പോള്‍ 10 വര്‍ഷത്തിനുശേഷം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടോ എന്ന പരിശോധന പ്രസക്തമാണ്.
ബ്രാഞ്ചിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെങ്കില്‍ പാർട്ടി അംഗങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനുമുള്ള പരിശ്രമം നിരന്തരം നടത്തണം. അംഗത്വം പുതുക്കുന്ന അവസരത്തില്‍ ഇക്കാര്യം പരിശോധനാവിധേയമാക്കുകയും വേണം. കൊല്‍ക്കത്ത പ്ലീനം ഓരോ പാർട്ടി അംഗവും ചുരുങ്ങിയത് 5 കടമകള്‍ പൂര്‍ത്തീകരിക്കണമെന്ന് നിഷ്കര്‍ഷിക്കുകയുണ്ടായി.
1. അംഗത്വ ഫീയും ലെവിയും അടയ്ക്കല്‍.
2. ബ്രാഞ്ച് യോഗങ്ങളില്‍ പതിവായി ഹാജരാകല്‍.
3. പാർട്ടി ക്ലാസുകള്‍, രാഷ്ട്രീയ കാമ്പയിന്‍, പ്രക്ഷോഭ സമരങ്ങള്‍ എന്നിവയില്‍ പതിവായ പങ്കാളിത്തം.
4. പാർട്ടി പ്രത്യേകം ഒഴിവാക്കിയിട്ടില്ലെങ്കില്‍ ഏതെങ്കിലുമൊരു ബഹുജന മുന്നണിയില്‍ അംഗത്വമെടുത്ത് സജീവമായി പ്രവര്‍ത്തിക്കല്‍.
5. പാർട്ടി പത്രത്തിന്റെ വരിക്കാരാകലും അത് പതിവായി വായിക്കലും.
ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എത്ര ബ്രാഞ്ചുകളും നിഷ്കര്‍ഷ പുലര്‍ത്തുന്നുണ്ട് എന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
പാർട്ടി ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെപ്പറ്റി വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങളാണ് 2013þലെ സംസ്ഥാന പ്ലീനം (പാലക്കാട്) കൈക്കൊണ്ടത്. അത് താഴെ കൊടുക്കുന്നു.
പാർട്ടി ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം
1. ബഹുജന വിപ്ലവ പാര്‍ട്ടിയെന്ന നിലയ്ക്ക് സി.പി.ഐ എമ്മിന്റെ എല്ലാ പാർട്ടി ഘടകങ്ങളും കാര്യക്ഷമതയുള്ളതും സജീവമായി പ്രവര്‍ത്തന രംഗത്തുള്ളതുമാവണം. ഇക്കാര്യത്തില്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന പാർട്ടി ബ്രാഞ്ചുകള്‍ സജീവമാക്കല്‍ പ്രധാനമാണ്. ചില ബ്രാഞ്ചുകള്‍ മാസങ്ങളായി യോഗം ചേരാത്തവയാണ്. ഇത് പാര്‍ട്ടിയുടെ സജീവതയെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് ബ്രാഞ്ച് യോഗങ്ങളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന ഒരു പരിപാടി സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തത്. ഒട്ടുമിക്ക ജില്ലകളിലും ഈ രണ്ടു പരിപാടികളും ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തീകരിക്കാനായില്ല. ഈ കുറവ് പരിഹരിക്കുകയെന്നത് നിര്‍ബന്ധമാണ്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സ്ഥിരമായി ബ്രാഞ്ചുകളില്‍ പങ്കെടുക്കണമെന്ന് പാർട്ടി ഉദ്ദേശിക്കുന്നില്ല. പക്ഷേ, പരിപാടി നിശ്ചയിച്ചാല്‍ നിര്‍ബന്ധമായും അത് പൂര്‍ത്തിയാക്കാനാവണം. ബ്രാഞ്ച് യോഗത്തില്‍ ഡി.സി അംഗം പങ്കെടുക്കാന്‍ നിശ്ചയിച്ചിട്ടും അത്തരത്തില്‍ ചേരാനാകാത്തത് ജില്ലയിലെ പാർട്ടി സംഘടനയുടെ ദൗര്‍ബല്യമാണ് വെളിവാക്കുന്നത്. ബ്രാഞ്ച് യോഗങ്ങളില്‍ ഏരിയാ കമ്മിറ്റി അംഗം പങ്കെടുക്കേണ്ടത് മാസത്തില്‍ ഒന്നുവീതമാണ്. 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഏ.സി അംഗം പങ്കെടുത്തുകൊണ്ടുള്ള ബ്രാഞ്ച് യോഗം മാസത്തില്‍ ഒന്ന് എന്ന തോതില്‍ ചേരുമെന്ന് ഏരിയാ കമ്മിറ്റിയാണ് ഉറപ്പുവരുത്തേണ്ടത്. ഈ പ്രവര്‍ത്തനത്തെക്കുറിച്ച് ജില്ലാ കമ്മിറ്റി പരിശോധിക്കേണ്ടതുമാണ്. ബ്രാഞ്ചുകള്‍ ക്രമമായി യോഗം ചേരുന്ന ശീലം വളര്‍ത്തിയെടുക്കാനാണ് ഇത്തരമൊരു പരിപാടി നിര്‍ദ്ദേശിച്ചത്. പാർട്ടി ബ്രാഞ്ച് മാസത്തില്‍ മൂന്നു യോഗമാണ് ചേരേണ്ടത്. ഏ.സി അംഗം പങ്കെടുത്തു ചേരുന്ന യോഗത്തിനു പുറമേ മാസത്തില്‍ രണ്ടു യോഗം ബ്രാഞ്ച് സ്വതന്ത്രമായി ചേരേണ്ടതാണ്.
2. എല്ലാ ബ്രാഞ്ചുകള്‍ക്കും മിനുട്സ് ഉണ്ടെന്ന് ഉറപ്പു വരുത്താനാകണം. അതോടൊപ്പം, മിനുട്സ് സൂക്ഷിക്കുകയും വേണം. ആനുകാലിക രാഷ്ട്രീയ പ്രശ്നങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ബ്രാഞ്ചുകളില്‍ രാഷ്ട്രീയ ചര്‍ച്ച സംഘടിപ്പിക്കേണ്ടതാണ്. ബ്രാഞ്ചില്‍ രാഷ്ട്രീയ ചര്‍ച്ച കുറയുന്നത് കണക്കിലെടുത്ത് ഏ.സി അംഗം പങ്കെടുക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാനുതകും വിധം ഏ.സി അംഗം റിപ്പോര്‍ട്ട് വയ്ക്കേണ്ടതാണ്. ലോക്കല്‍ ജനറല്‍ ബോഡിയില്‍ നല്‍കുന്ന രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും ഏ.സി അംഗം പങ്കെടുക്കുന്ന യോഗത്തിലാണ് വേണ്ടത്. ഈ പ്രവര്‍ത്തനത്തിലൂടെ പാർട്ടി ബ്രാഞ്ചിന്റെ സജീവതമാത്രമല്ല, പാർട്ടി അംഗങ്ങളുടെ സജീവത കൂടി ഉറപ്പാക്കാനാവും.
3. പാർട്ടി ബ്രാഞ്ചിന്റെ പരിധിക്കുള്ളിലുള്ള കുടുംബങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ വിവരം ബ്രാഞ്ചുകളുടെ കൈവശം ഉണ്ടാകേണ്ടതാണ്. ആ പ്രദേശത്തെ സാമൂഹ്യ–രാഷ്ട്രീയ സ്ഥിതിഗതികളെ മനസ്സിലാക്കി ഇടപെടുന്നതിന് ഇത് പ്രധാനമാണ്. ബ്രാഞ്ചതിര്‍ത്തിയിലുള്ള കുടുംബങ്ങളെക്കുറിച്ച് വിശദമായ സര്‍വ്വേ നടത്താന്‍ മുമ്പ് പാർട്ടി തീരുമാനിച്ചിരുന്നെങ്കിലും അത് വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സർവ്വേ നടത്തുക എന്നത് പ്രധാനമാണ്.
ബ്രാഞ്ച് സെക്രട്ടറിമാരുടെ പ്രവര്‍ത്തനം
1. ബ്രാഞ്ചിന്റെ പ്രവര്‍ത്തനം ക്രമമായി നടക്കുന്നതിന് ബ്രാഞ്ച് സെക്രട്ടറിയുടെ കാര്യക്ഷമത പ്രധാനമാണ്. ബ്രാഞ്ച് സെക്രട്ടറിമാരെ കുറിച്ച് ഏരിയാ കമ്മിറ്റിക്കുതന്നെ വിലയിരുത്തല്‍ വേണം. ഏ.സി അംഗങ്ങള്‍ പങ്കെടുത്ത് ചേരുന്ന ബ്രാഞ്ച് യോഗത്തിലൂടെ ബ്രാഞ്ച് സെക്രട്ടറിയെക്കുറിച്ചുള്ള കൃത്യമായ ധാരണ പാർട്ടി ഏ.സിക്ക് ലഭിക്കും. കാര്യക്ഷമതയില്ലാത്തതും നേതൃശേഷി ഇല്ലാത്തതുമായ ബ്രാഞ്ച് സെക്രട്ടറി ശരാശരി നിലവാരത്തില്‍ താഴെയാണെന്ന് ബോധ്യപ്പെട്ടാല്‍ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ആ സഖാവിനെ ഒഴിവാക്കി മറ്റൊരു സഖാവിനെ ചുമതല ഏല്‍പ്പിക്കേണ്ടതാണ്. ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിശീലനം പാർട്ടി ഡി.സി തന്നെ നല്‍കേണ്ടതാണ്.
ഈ വര്‍ഷം മാര്‍ച്ച് മാസം കൊല്ലത്ത് ചേര്‍ന്ന പാർട്ടി കേരള സംസ്ഥാന സമ്മേളനം ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ച കാര്യങ്ങളും വളരെയേറെ പ്രസക്തമാണെന്നതും നാം ശ്രദ്ധയില്‍ വെക്കേണ്ടതുണ്ട്.
ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം
1. പാർട്ടി ബ്രാഞ്ചുകളുടെ ദൗര്‍ബല്യം കല്‍ക്കത്ത പ്ലീനവും പാലക്കാട് പ്ലീനവും എടുത്തുപറഞ്ഞിട്ടുള്ളതാണ്. സ്വയം പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളായി മാറുകയെന്ന തലത്തിലേക്ക് എത്തുന്നതിന് പല ബ്രാഞ്ചുകള്‍ക്കും കഴിയുന്നില്ല. ബ്രാഞ്ച് അംഗങ്ങള്‍ ചെയ്യേണ്ട അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങള്‍ പോലും നിര്‍വ്വഹിക്കപ്പെടാത്ത സ്ഥിതി പലയിടത്തും നിലവിലുണ്ട്. ബ്രാഞ്ച് സെക്രട്ടറിമാരുടെ കഴിവുകളുടെ അഭാവവും പലേടത്തും ദൃശ്യമാണ്. ഇതെല്ലാം പരിഹരിക്കാനാകുന്ന വിധം നമുക്ക് ഇടപെടാനാകണം. ബ്രാഞ്ചുകള്‍ ശക്തിപ്പെടണമെങ്കില്‍ വര്‍ഗ്ഗ–ഹുജന സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടേതുണ്ട്. യുവജന – വിദ്യാര്‍ത്ഥി രംഗം ശക്തിപ്പെടുമ്പോഴാണ് യുവജനങ്ങള്‍ പാർട്ടി അംഗങ്ങളായി വരുന്ന സ്ഥിതിയുണ്ടാകുന്നത്. അത്തരം യൂണിറ്റുകള്‍ ഇല്ലാത്തിടത്ത് അവ രൂപീകരിക്കാനും, ഉള്ള യൂണിറ്റുകളെ ഫലപ്രദമായി ചലിപ്പിക്കാനും കഴിയേണ്ടതുണ്ട്. ബ്രാഞ്ചുകളില്‍ മഹിളാ, വിദ്യാര്‍ത്ഥി, യുവജനം, ബാലസംഘം തുടങ്ങിയ സംഘടനകളുടെ യൂണിറ്റുകള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പാക്കാന്‍ കഴിയണം.
2. ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടണമെങ്കില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം പാർട്ടി ബ്രാഞ്ചുകള്‍ പത്ത് ദിവസത്തിലെങ്കിലും യോഗം ചേരുക, മാസത്തില്‍ ഒരു യോഗത്തില്‍ ഏരിയാ കമ്മിറ്റി അംഗം പങ്കെടുത്ത് രാഷ്ട്രീയ റിപ്പോര്‍ട്ട് നല്‍കുക, വര്‍ഷത്തിലൊരിക്കല്‍ ജില്ലാ കമ്മിറ്റി അംഗം പങ്കെടുത്ത് ബ്രാഞ്ച് പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക എന്നീ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കണം.
3. അനുഭാവി ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അവരുടെ യോഗം വിളിച്ച് ബ്രാഞ്ച് കഴിഞ്ഞ ഉടനെ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യണം. ഗ്രൂപ്പ് അംഗമായിരിക്കെ തന്നെ പാർട്ടി പരിപാടിയേയും സംഘടനയേയും കുറിച്ചുള്ള ധാരണകള്‍ ഉണ്ടാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. മികച്ച കേഡര്‍മാരെ രൂപപ്പെടുത്തുന്നതിന് ഇത്തരം ഇടപെടല്‍ പ്രധാനമാണ്. ഗ്രൂപ്പ് അംഗമായിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയെ സംബന്ധിച്ച മിനിമം ധാരണയുണ്ടാകണം. ബ്രാഞ്ചുകളെ കരുത്തുറ്റതാക്കുന്നതിനും, മികച്ച കേഡര്‍മാരെ രൂപപ്പെടുത്തുന്നതിനും ഇത് പ്രധാനമാണ്.
ബ്രാഞ്ച് മേഖലയിലെ വിവിധ വിഭാഗം ജനങ്ങളുമായി ഉറ്റബന്ധം നിലനിർത്തുവാൻ ബ്രാഞ്ച് അംഗങ്ങൾ പ്രത്യേക താൽപ്പര്യമെടുക്കണം. എന്തെങ്കിലും പ്രശ്നമോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ അതിനു പരിഹാരം തേടി ജനങ്ങൾ സഖാക്കളെ അനേ-്വഷിച്ചു വരുമ്പോൾ മാത്രം ബ്രാഞ്ച് അംഗങ്ങൾ അതിൽ ശ്രദ്ധ ചെലുത്തിയാൽ പോര. നേരെ മറിച്ച്, ജനങ്ങളുമായും വീടുകളുമായും സ്ഥാപനങ്ങളുമായും നിരന്തരം ആഴത്തിലുള്ള ബന്ധം നിലനിർത്തുന്നതിലൂടെ അവർ ഇങ്ങോട്ടുവന്ന് അഭ്യർഥിക്കാതെ തന്നെ അവരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ബ്രാഞ്ചിലെ സഖാക്കൾ അങ്ങോട്ടുചെന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകെെയെടുക്കുന്ന മാതൃകാപരമായ സാഹചര്യം നാട്ടിലാകെ ഉണ്ടാകണം. ഇത്തരത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ അത് പ്രദേശത്തിന്റെ പൊതുപ്രശ്നമായാലും ഏതെങ്കിലും വീടുകളെയോ ഒരു വീടിനെയോ ബാധിക്കുന്ന അയൽപക്ക ബന്ധ പ്രശ്നമോ കുടുംബപ്രശ്നമോ ആയാലും പാർട്ടി ബ്രാഞ്ചുകൾ മുൻകെെയെടുത്ത് അവയ്ക്ക് ന്യായവും രമ്യവുമായ പരിഹാരം ഉറപ്പാക്കാനും നടപ്പാക്കാനും പാർട്ടി ഓരോ ബ്രാഞ്ചതിർത്തിയിലും പരമാവധി പരിശ്രമിക്കണം.
ഓരോ പ്രദേശത്തെയും ജനങ്ങളുടെ സന്നദ്ധസേവകരായിട്ടാണ് പാർട്ടി അംഗങ്ങൾ ഉയരേണ്ടത്. പാർട്ടി അംഗത്വവും പാർട്ടിയുടെ നേതൃത്വ ചുമതലകളും തങ്ങൾ ജനങ്ങൾക്കുമേലെയുള്ള ‘ഉയർന്ന’ പ്രധാനികളാണ് എന്ന ഭാവത്തിൽ പെരുമാറാനല്ല പ്രേരകമാകേണ്ടത്; മറിച്ച് ‘‘ഞങ്ങൾ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും പുരോഗതിയും ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കാൻ ചുമതലപ്പെടുത്തപ്പെട്ട ജനസേവകരാണ്, ജനങ്ങളുടെ ദാസരാണ് ’’ എന്ന നിലയിലാണ് എല്ലാ വിഭാഗം ജനങ്ങളുമായും ഇടപെടേണ്ടത്. സംസ്ഥാന സർക്കാർ എന്ന നിലയിലോ ജില്ലാ പഞ്ചായത്ത് – കോർപറേഷൻ –മുനിസിപ്പാലിറ്റി– ബ്ലോക്ക് പഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് തുടങ്ങിയ പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങളിലോ നേതൃത്വ സ്ഥാനത്ത് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കളെന്ന നിലയിലോ കുറച്ചൊക്കെ അധികാരഭാവത്തിൽ പെരുമാറാൻ മനുഷ്യസഹജമായ ബലഹീനതകൾ കൊണ്ട് ചില സഖാക്കൾക്ക് തോന്നിയെന്നു വരാം. അത്തരം വ്യതിയാനങ്ങൾ പാർട്ടിക്കോ ഇടതുപക്ഷത്തിനോ ആ സഖാക്കൾക്കു തന്നെയോ അൽപ്പവും ഗുണം ചെയ്യില്ല. നേരെമറിച്ച് അത്തരം പെരുമാറ്റ ദൂഷ്യങ്ങൾ ആ വ്യക്തിക്കും പ്രസ്ഥാനത്തിനും നാടിനുതന്നെയും ഗുരുതരമായ ദോഷമാണുണ്ടാക്കുക. ഇത്തരം ദോഷങ്ങൾ ബ്രാഞ്ചുതലത്തിലുള്ള സഖാക്കൾ മാത്രമല്ല തിരുത്തേണ്ടത്. ഇത്തരം വെെകല്യങ്ങളും വ്യതിയാനങ്ങളും ഏതെല്ലാം തലങ്ങളിൽ പ്രത്യക്ഷപ്പെടുന്നുവോ അവിടവിടങ്ങളിലെല്ലാം അത്തരം തെറ്റുകൾ ചർച്ച ചെയ്ത് തിരുത്തേണ്ടതാണ്. നമ്മുടെ പാർട്ടി ബ്രാഞ്ചുകളോരോന്നും ഇത്തരത്തിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ സംഘടനാ തത്വങ്ങൾ പ്രകാരം തന്നെ പ്രവർത്തിക്കുകയും ബ്രാഞ്ചിലെ ഓരോ അംഗത്തെയും ഉത്തമ കമ്യൂണിസ്റ്റാക്കി വളർത്താൻ നിരന്തരം ജാഗ്രത പുലർത്തുകയും ചെയ്താൽ സിപിഐ എമ്മിന്റെ സംഘടനാപരവും രാഷ്ട്രീയവുമായ വളർച്ചയെ ഒരു പ്രതിലോമ ശക്തിക്കും തടഞ്ഞുനിർത്താനാവില്ല.
അടിസ്ഥാന ഘടകമായ ബ്രാഞ്ച് മുതല്‍ പാർട്ടി കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും വരെ സജീവമായും ചടുലമായും പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്താല്‍ മാത്രമേ തൊഴിലാളി വര്‍ഗ്ഗ വിപ്ലവ പ്രസ്ഥാനമായി മഹാ ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസവും പിന്തുണയും ആര്‍ജിക്കുവാന്‍ സി.പി.ഐ എമ്മിന് കഴിയുകയുള്ളു. ഒരു വ്യക്തിയുടെ ശരീരത്തിലെ ഏറിയ ഭാഗം കോശങ്ങളും നിര്‍ജ്ജീവമോ ദുര്‍ബലമോ ആയാല്‍ ആ വ്യക്തിക്ക് സജീവമായി ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന കാര്യത്തിൽ സംശയമില്ലല്ലോ. പാർട്ടി സംഘടനയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ മനുഷ്യ കോശം പോലെ മൗലിക പ്രാധാന്യമുള്ളതാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ചടുലമായ നീക്കത്തില്‍ പാർട്ടി ബ്രാഞ്ചുകളെ കരുത്തുറ്റതും ചടുലവും പ്രതികരണ ക്ഷമവുമാക്കുകയെന്നത് സര്‍വ്വ പ്രാധാനമാണ്. l



