അതീവ രഹസ്യമായി നടന്നുകൊണ്ടിരിക്കുന്ന ഇന്തോ–അമേരിക്കൻ ഉഭയകക്ഷിക്കരാർ ചർച്ചകളുടെ ( BTA) വിശദാംശങ്ങൾ പുറത്തു വിടണം എന്ന ആവശ്യം കേട്ടില്ലെന്ന് നടിക്കുകയാണ് മോദി ഗവൺമെന്റ്. അതേപ്പറ്റി അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു കേൾക്കുന്നതാകട്ടെ, അങ്ങേയറ്റം ഉൽക്കണ്ഠാജനകമായ കാര്യങ്ങളാണു താനും.
നമ്മുടെ രാജ്യത്തെത്തന്നെ പണയപ്പെടുത്തത്തക്കവിധം മാരകമായിരിക്കും അതിന്റെ ഫലം എന്നാണ് കാര്യബോധമുള്ളവരുടെ ആശങ്ക.
പല ഉഭയകക്ഷികരാറുകളിലും തങ്ങളുടെ താൽപര്യം നേടിയെടുക്കാൻ കഴിവുള്ള നെഗോഷിയേറ്റർ മാരെ വൻ തുക നൽകി പങ്കെടുപ്പിക്കാൻ കമ്പനികൾ ക്കാവുന്നതു കൊണ്ട്, പല ദേശരാഷ്ട്രങ്ങളുടെയും പരമാധികാരത്തെത്തന്നെ തകർക്കുന്ന കരാറുകൾ വികസിത സമ്പന്നരാജ്യങ്ങൾ ഒപ്പിടുവിച്ചെടുത്ത അനുഭവം നമുക്കു മുന്നിലുണ്ട്.
ഇൗയിടെ ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞത് കുറേക്കൂടി ജാഗ്രതാപൂർവം വേണം മനസ്സിലാക്കാൻ. നമുക്ക് ഇനിയും ഉഭയകക്ഷി വ്യാപാര കരറുകൾ ഉണ്ടാക്കേണ്ടതുണ്ട് എന്നാണ് അവർ പറഞ്ഞത്. ഉഭയകക്ഷികരാറുകൾ രാജ്യതാൽപര്യ ത്തിന് ഇണങ്ങിയതാക്കാൻ എന്ന പേരിൽ 2016 ൽ 58 ഉഭയകക്ഷി നിക്ഷേപക കരാറുകളാണ് മോദി സർക്കാർ റദ്ദാക്കിയത്. എന്നിട്ട് ഒരു മോഡൽ ബി ഐ ടി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അതൊക്കെയും പുത്തനച്ചിയുടെ പുരപ്പുറം തൂത്തുവാരലായിരുന്നു. ഇപ്പോൾ ധനമന്ത്രി നിർമല പറയുന്നത് കർശന വ്യവസ്ഥകൾ നിക്ഷേപകക്കമ്പനികളെ അകറ്റിക്കളയും എന്നാണ്. കഴിഞ്ഞ ബജറ്റവതരണവേളയിലാണവർ അങ്ങനെ സംസാരിച്ചത്.
ട്രംപ് പറയുന്നതും ഇന്ത്യയുമായി ചർച്ച നടത്തി അമേരിക്കയ്ക്ക് പറ്റിയ കരാർ ഉണ്ടാക്കും എന്നാണ്.
ISDS ( ഇൻവെസ്റ്റർ സ്റ്റെയ്റ്റ് ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് ) സംവിധാനത്തിന് ദേശരാഷ്ട്രങ്ങളെ അപ്രസക്തമാക്കും വിധം ഉഭയകക്ഷികരാർ കാര്യത്തിൽ ഇടപെടാനാവും എന്ന് ലോകാനുഭവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ഓക്സിഡന്റൽ പെട്രോളിയം ഇക്വഡോറിനോടും പസിഫിക് റിം മൈനിങ് കോർപറേഷൻ എൽ സാൽവഡോറിനോടും പി & ഐഡി (പ്രൊസസ് & ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്) കമ്പനി നൈജീരിയയോടും കാട്ടിയ ചതി നമുക്കു മുന്നിലുണ്ട്. ദേശരാഷ്ട്രങ്ങളെ, അവയുടെ പാർലമെന്റുകളെ അപ്രസക്തമാക്കിക്കൊണ്ട്, മറുനാട്ടിൽ നിന്നു വന്ന നിക്ഷേപകകമ്പനികൾ കണ്ണുരുട്ടുന്നതനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാവുകയാണ് രാജ്യങ്ങൾ.
കച്ചവടക്കാര്യം പറഞ്ഞ് കണ്ണരുട്ടി പേടിപ്പിച്ചാണ് ഇന്ത്യയെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് എന്ന് പ്രസ്താവിച്ച ട്രംപിനോട് പ്രതിഷേധസ്വരത്തിലൊന്ന് ഞരങ്ങാൻ പോലുമാവാത്ത അവസ്ഥയിലാണ് നാം. അവിടെയാണ്, അമേരിക്കയുമായുള്ള ഉഭയകക്ഷി കരാർ അതിരഹസ്യമായി മോദി സർക്കാർ ചർച്ച ചെയ്യുന്നത്.
പാലും പാലുൽപ്പന്നങ്ങളും കാർഷികോൽപ്പന്നങ്ങളും യഥേഷ്ടം കൊണ്ടുവന്ന് ഇന്ത്യയിൽ ഡംപ് ചെയ്യാനാവും എന്നാണ് അമേരിക്കയിലെ മുതലാളിമാർ പറയുന്നത്.
എന്നെങ്കിലും ഏതെങ്കിലും ഒരു സർക്കാർ, ഒക്കച്ചങ്ങായി ഉണ്ടാക്കുന്ന കരാറിൽ നിന്ന് പിറകോട്ടു പോയാൽ, അപ്പോൾ ഇടപെടും ISDS എന്ന അന്താരാഷ്ട്ര സംവിധാനം.
പരിസ്ഥിതി മലിനീകരണം വരു ത്തുന്ന ഒരു കമ്പനിക്ക് ഖനനാനുമതി നിഷേധിച്ചാൽ, ജലചൂഷണം ഭയന്ന് അമിതോപയോഗം നിയന്ത്രിച്ചാൽ, ഊർജനയത്തിൽ മാറ്റം വരുത്തണമെന്ന് ഒരു സർക്കാർ തീരുമാനിച്ചാൽ, അതു മതി ISDS ന് ഇടപെടാനും പിഴ വിധിക്കാനും. ഇന്ത്യക്കു തന്നെ അനുഭവമുണ്ട്. ബെഷ് തെൽ ( Bechtel) എന്ന കമ്പനി 120 കോടി ഡോളർ നഷ്ടപരിഹാരത്തിന് പരാതി കൊടുത്തപ്പോൾ ഏറെ നിയമയുദ്ധങ്ങൾക്ക് ശേഷം 16 കോടി ഡോളർ പിഴയടച്ചാണ് ഇന്ത്യ രക്ഷപ്പെട്ടത്. ആദായ നികുതി സംബന്ധിച്ച് കെയ്ൺസ് കമ്പനി നൽകിയ 500 കോടി ഡോളറിനുള്ള പരാതിയിൽ ഇന്ത്യക്ക് 12.32 ഡോളർ പിഴയൊടുക്കേണ്ടിവന്നു. ഭാവി ലാഭസാധ്യത നിഷേധിച്ചു എന്നും പറഞ്ഞ നിക്ഷേപക കമ്പനിക്ക് കേസിന് പോവാം.
അന്താരാഷ്ട്ര ആർബിട്രേറ്ററായ ഐ എസ് ഡി എസിന്റെ വിധിക്കെതിരെ അപ്പീൽ നൽകാൻ രാജ്യങ്ങൾക്കാവില്ല. അതിനു വകുപ്പില്ല. വിധി നടപ്പാക്കുക വളരെ എളുപ്പമാണു താനും. സർക്കാർ നിർദ്ദിഷ്ട നഷ്ടപരിഹാരം നൽകുന്നില്ലെങ്കിൽ, ലോകത്തെവിടെയുമുള്ള അതിന്റെ ആസ്തികൾ കണ്ടുകെട്ടാം. അതിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാം. അതിന്റെ കപ്പലോ വിമാനമോ കണ്ടുകെട്ടാം, പിടിച്ചെടുക്കാം.
അൺക്ടാഡിന്റെ ഒരു പഠനമനുസരിച്ച്, 1994 മുതൽ 2003 വരെയുള്ള 10 വർഷത്തിൽ, ശരാശരി നഷ്ടപരിഹാരമായി രാജ്യങ്ങൾ കമ്പനികൾക്ക് നൽകിയ തുക 2.5 കോടി ഡോളറായിരുന്നത് 2014- – 23 ദശകത്തിൽ അത് 25.6 കോടി ഡോളറായി കുതിച്ചുയരുകയായിരുന്നു.
11,387 കോടി ഡോളറാണ് ഇങ്ങനെ ISDS ആർബിട്രേഷൻ വഴി പരമാധികാര രാജ്യങ്ങളിൽ നിന്ന് കമ്പനികൾ ഊറ്റിയെടുത്തത്. ട്രിബൂണലുകൾക്ക് പുറത്തുവെച്ചുണ്ടാക്കിയ കരാറുകളിലെ കണക്ക് ഇതിൽ പെടില്ല. പ്രഗത്ഭരായ വക്കീലുമാർക്കായി രാജ്യങ്ങൾ ചെലവാക്കേണ്ടി വന്ന വൻതുകയും ഇതിൽ പെടില്ല. ISDS ഇടപെട്ട കേസുകളിൽ നാലിലൊന്നിലും വിധിക്കപ്പെട്ട നഷ്ടപരിഹാരം 2023 അവസാനത്തെ കണക്കനുസരിച്ച് ശരാശരി 10 കോടി ഡോളറിന് മുകളിലാണ്. ഇരുപതിലൊന്ന് കേസുകളിലും ഇത് 100 കോടി ഡോളറിന് മുകളിലാണ്.
ഇത്തരമൊരു സാഹചര്യത്തിൽ അമേരിക്കയെപ്പോലൊരു മുഠാളൻ രാജ്യവുമായുണ്ടാക്കുന്ന കരാറിലെ നിക്ഷേപകാനുകൂല വ്യവസ്ഥകൾ എന്തെല്ലാമായിരിക്കും എന്ന കാര്യത്തിൽ ഏറെ ഭയപ്പെടാതിരിക്കാൻ നമുക്കാവില്ല.
മുൻ ക്യാബിനറ്റ് സെക്രട്ടറിയും WTO യിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന കെ എം ചന്ദ്രശേഖറും ഇന്ത്യയുടെ മുൻ വാണിജ്യ സെക്രട്ടറി ഗോപാൽ പിള്ളയും WTO തർക്കപരിഹാര സമിതിയുടെ അപ്പലറ്റ് ബോഡി ചെയർമാനായിരുന്ന ഉജൽസിങ് ബാട്ടിയയും ഇക്കാര്യത്തിൽ ആശങ്കയറിയിച്ചുകൊണ്ട് സർക്കാരിന് ഒരു നിവേദനം നൽകിയിരിക്കുകയാണ്.
അത്തരമൊരവസ്ഥയിൽ, ഇതിന്റെ അപകടസാധ്യത പരമാവധി ഇന്ത്യക്കാരെ ബോധ്യപ്പെടുത്താനുള്ള പരിശ്രമത്തിൽ ഏർപ്പെടുന്ന കർഷക സംഘടനകളുടെയും ഇടതുപക്ഷ കക്ഷികളുടെയും പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാൻ ദേശാഭിമാനബോധമുള്ള എല്ലാ ഇന്ത്യക്കാരും ബാധ്യസ്ഥരാണ്. l



