ക്ഷേമ–വികസന രംഗങ്ങളിലെ സുപ്രധാനമായ പല ചുവടുവെയ്പുകളും കൊണ്ട് രാജ്യത്തിനു മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെ ജീവകാരുണ്യ രംഗത്തെ മാതൃകാപരമായ ഒരിടപെടലാണ് സാര്‍വ്വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയും കേരള കെയര്‍ പാലിയേറ്റീവ് ഗ്രിഡും.
ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നതിനു മുന്നോടിയായി നിരവധി ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. കൃത്യമായി യോഗങ്ങള്‍ ചേരുക, കൃത്യമായ വിവരശേഖരണം നടത്തുക, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങി അടിസ്ഥാനപരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് നാം ഇത്തരമൊരു പദ്ധതി പ്രാവര്‍ത്തികമാക്കിയത്. കിടപ്പിലായ എല്ലാ രോഗികള്‍ക്കും ഇതിലൂടെ പരിചരണം സർക്കാർ ഉറപ്പാക്കും.
ആരോഗ്യ രംഗത്ത് വളരെയേറെ നേട്ടങ്ങള്‍ കൈവരിച്ച നാടാണ് നമ്മുടേത്. കേരളത്തില്‍ ആദ്യമായി അധികാരത്തില്‍വന്ന സര്‍ക്കാര്‍ മുതല്‍ക്കിങ്ങോട്ട് അധികാരത്തില്‍ വന്ന പുരോഗമന സര്‍ക്കാരുകളെല്ലാം ആരോഗ്യരംഗത്തെ മുന്നേറ്റങ്ങള്‍ ലക്ഷ്യംവെച്ചു പ്രവര്‍ത്തിച്ചവയാണ്.
ജനകീയാസൂത്രണം നടപ്പാക്കിയതോടെ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമായി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനാണ് 2016 ല്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കിയത്. അതിന്റെ ഭാഗമായി നമ്മുടെ പ്രാഥമികാരോഗ്യരംഗം മുതല്‍ മുകള്‍ത്തട്ടുകള്‍ വരെ രോഗീസൗഹൃദമായി. അവിടെയെല്ലാം അത്യാധുനിക സൗകര്യങ്ങള്‍ ഒരുങ്ങി.
ആരോഗ്യ രംഗത്ത് ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ നാം മറ്റൊരു കാര്യം കണ്ടെത്തി. ഗൗരവത്തോടെ കാണേണ്ട ചില പുതുതലമുറ വെല്ലുവിളികള്‍ കൂടിയുണ്ട് എന്നതാണത്. അവയില്‍ ചിലതാണ് ജീവിതശൈലീ രോഗങ്ങളുടെ ആധിക്യം, പകര്‍ച്ചവ്യാധികളുടെ വ്യാപനം, കിടപ്പുരോഗികളുടെ പരിചരണം എന്നിവ.
ജീവിതശൈലീ രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധനകളിലൂടെ ഏറ്റെടുത്തും, പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് വണ്‍ ഹെല്‍ത്ത് പോളിസിയടക്കം നടപ്പാക്കിയും നാം മുന്നോട്ടു പോവുകയാണ്. അതിന്റെയെല്ലാം തുടര്‍ച്ച കൂടിയാണ് സാര്‍വ്വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി.
ഈ പദ്ധതിയിലൂടെ ദൃശ്യമാകുന്ന കരുതല്‍, പാലിയേറ്റീവ് രംഗത്തു മാത്രമായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലല്ല. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമടക്കമുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്.
ലോകമിന്ന് പൊതുവെ വേഗത്തിലോടുകയാണെന്നു പറയും. ആ വേഗതയ്ക്കൊപ്പം ഓടിയെത്താന്‍ കഴിയുന്നവരുണ്ട്, കഴിയാത്തവരുമുണ്ട്. അങ്ങനെ ഓടിയെത്താന്‍ കഴിയാത്തവരെ കുടഞ്ഞുകളഞ്ഞാല്‍ കൂടുതല്‍ ഉത്പാദനം കൈവരുമെന്ന വാദംവരെ ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍, കേരളത്തെ സംബന്ധിച്ച്, അതല്ല നമ്മുടെ പാരമ്പര്യം.
ഏറ്റവും അധഃസ്ഥിതരായിരിക്കുന്നവരെ കൈപിടിച്ചുയര്‍ത്തി സമൂഹത്തിന്റെയും സമൂഹനിര്‍മ്മാണ പ്രക്രിയയുടെയും ഭാഗമാക്കിയ ചരിത്രമാണ് കേരളത്തിന്റേത്. ഏറ്റവും ദുര്‍ബലരായവര്‍ക്കുനേരെ പോലും കരുണയുടെ കൈ നീട്ടിയ ചരിത്രമാണ് കേരളത്തിന്റേത്. അതാണ് ‘കേരള മോഡല്‍’ എന്ന വിശേഷണത്തിന് നമ്മെ അര്‍ഹരാക്കിയത്. ആ മാതൃകയുടെ തുടര്‍ച്ചയാണ് ഇന്നത്തെ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്.
നെഗ്ലിജിബിള്‍ എന്നു ചിലര്‍ വിശേഷിപ്പിക്കുന്ന മനുഷ്യജീവിതങ്ങളെ ചേര്‍ത്തുപിടിക്കുന്ന മാതൃകയുടെ തുടര്‍ച്ച. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും, ഭവനരഹിതര്‍ക്ക് വീട് ലഭ്യമാക്കുന്നതിലും, ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിലും എല്ലാം നാം കണ്ട കരുതലിന്റെ തുടര്‍ച്ച. അതാണ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്.
ഇന്നിപ്പോള്‍ കേരളത്തില്‍ നിരവധിയാളുകള്‍ തനിയെ താമസിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ചിലര്‍ ഒറ്റപ്പെട്ടാണ് താമസിക്കുന്നത്. അങ്ങനെയുള്ളവരുടെ സൗകര്യാര്‍ത്ഥമാണ് സര്‍ക്കാര്‍തലത്തിലെ വാതില്‍പ്പടി സേവനങ്ങള്‍, സാമൂഹ്യസുരക്ഷാ മിഷന്‍ തലത്തിലെ വയോമിത്രം, പൊലീസ് സ്റ്റേഷനുകളിലെ സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക് എന്നിവയൊക്കെ ആവിഷ്കരിച്ചിട്ടുള്ളത്. ഇവയിലൂടെയൊക്കെ വയോധികര്‍ക്ക് ആവശ്യമായ പൊതുþആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ്.
എന്നിരുന്നാലും, കിടപ്പുരോഗികള്‍, വീട്ടില്‍ത്തന്നെ പരിചരണം ആവശ്യമുള്ളവര്‍, മുഴുവന്‍ സമയവും സഹായം ആവശ്യമുള്ളവര്‍ എന്നിവരെയൊക്കെ പ്രത്യേകമായി കരുതേണ്ടതുണ്ട് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതിനായാണ് പാലിയേറ്റീവ് സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കാനും നിലവില്‍ ഉള്ളവയെ ഏകോപിപ്പിക്കാനും ഒക്കെ ശ്രമിക്കുന്നത്. ദീര്‍ഘകാല രോഗങ്ങള്‍ മൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
2008 ല്‍ അന്ന് അധികാരത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് ഇന്ത്യയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ നയം പ്രഖ്യാപിച്ചത്. നയത്തിനനുസൃതമായി ആരോഗ്യ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമുകള്‍ നടപ്പിലാക്കി.
2019 ലാണ് നമ്മള്‍ പാലിയേറ്റീവ് കെയര്‍ നയം പരിഷ്കരിച്ചത്. 2022 ല്‍ പാലിയേറ്റീവ് കെയര്‍ ഹൈപവര്‍ കമ്മിറ്റിയും വര്‍ക്കിങ് ഗ്രൂപ്പും രൂപീകരിച്ചു. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം പുതുക്കിയ പാലിയേറ്റീവ് കെയര്‍ നയം നടപ്പിലാക്കുന്നതിനുള്ള കര്‍മ്മപദ്ധതി രൂപീകരിക്കുകയും 2023 ജൂലൈയില്‍ സര്‍ക്കാര്‍ കര്‍മ്മപദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
കേരളത്തിലെ ജനസംഖ്യയുടെ 0.6 ശതമാനം വിവിധ രോഗാവസ്ഥകള്‍ കാരണം കിടപ്പുരോഗികളായി മാറിയവരാണ്. കൂടാതെ, ജനസംഖ്യയുടെ മറ്റൊരു 2 ശതമാനം ആളുകള്‍ ദീര്‍ഘകാല രോഗങ്ങള്‍ കാരണം ഗുരുതര രോഗപീഡകള്‍ അനുഭവിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ആശ്വാസമേകുക എന്നതാണ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ നമ്മള്‍ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഉള്‍പ്പെട്ട 1,141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ കേരളത്തിലുണ്ട്. ആരോഗ്യ വകുപ്പിനു കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കന്‍ഡറി ലെവല്‍ യൂണിറ്റുകളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളും ഉണ്ട്. 8 മെഡിക്കല്‍ കോളേജുകളിലും ആര്‍ സി സി യിലും എം സി സി യിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്. ഇതുകൂടാതെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ 44 സെക്കന്‍ഡറി ലെവല്‍ യൂണിറ്റുകളും ഹോമിയോ വകുപ്പിനു കീഴില്‍ 18 സെക്കന്‍ഡറി യൂണിറ്റുകളും ഉണ്ട്.
എന്‍ ജി ഒ – സി ബി ഒ മേഖലയില്‍ 500 ലധികം യൂണിറ്റുകള്‍ വീടുകളിലെത്തി മെഡിക്കല്‍ കെയറും, നഴ്സിങ് പരിചരണവും നല്‍കുന്നുണ്ട്. കേരളത്തിലുടനീളം പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്ന 1,000 ത്തില്‍ അധികം ചാരിറ്റബിള്‍, സോഷ്യല്‍ സംഘടനകളുമുണ്ട്. ഇവരെയെല്ലാം ഒരൊറ്റ കുടക്കീഴിലേക്ക് കൊണ്ടുവരികയാണ് നമ്മള്‍.
കിടപ്പിലായ ഓരോ രോഗിയെയും അവരുടെ തൊട്ടടുത്തുള്ള പാലിയേറ്റീവ് കെയര്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുമായി ഇതിലൂടെ ബന്ധിപ്പിക്കുന്നു. ഓരോ വാര്‍ഡിലും ആവശ്യമുള്ള രോഗികളെ സഹായിക്കുന്നതിനായി ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ടീം രൂപീകരിക്കുകയാണ്. ഓരോ ജനകീയാരോഗ്യ കേന്ദ്രവും കിടപ്പിലല്ലാത്ത, എന്നാല്‍ ഗുരുതര രോഗപീഡകള്‍ അനുഭവിക്കുന്ന ദീര്‍ഘകാല രോഗങ്ങളുള്ള രോഗികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും അവര്‍ക്കാവശ്യമായ തുടര്‍പരിചരണം ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കുന്നു. ഇതിനുവേണ്ടി നഴ്സുമാര്‍ക്ക് പരിശീലനം നല്‍കിവരുന്നു.
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കിടപ്പിലായ രോഗികള്‍ക്ക് ഹോം കെയര്‍ നല്‍കാന്‍ പാലിയേറ്റീവ് ഹോം കെയര്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. കമ്യൂണിറ്റി നഴ്സുമാരാണ് ഹോം കെയര്‍ ടീമിന് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി, കിടപ്പിലായ എല്ലാ രോഗികളുടെയും വീട്ടില്‍ ഹോം കെയര്‍ ടീം മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും സന്ദര്‍ശിച്ച് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ വകുപ്പ് ഡയറക്ടര്‍മാര്‍ എല്ലാ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും പ്രധാന ആശുപത്രികളിലും സെക്കൻഡറി സ്പെഷ്യലൈസ്ഡ് പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമുകളും പരിശീലനം ലഭിച്ച നഴ്സും, മെഡിക്കല്‍ ഓഫീസറും ഉണ്ടെന്നും ഉറപ്പുവരുത്തും. ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ രോഗികളെ വീട്ടിലെത്തി പരിശോധിക്കും.
മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ സെന്ററുകളിലുമുള്ള പ്രത്യേക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ശാക്തീകരിക്കും. പ്രൈവറ്റ് ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ കോളേജുകളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസമയത്തു തന്നെ പാലിയേറ്റീവ് പരിശീലനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിക്കൊണ്ട് എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളെയും പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമാക്കും.
14 ജില്ലകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാലിയേറ്റീവ് പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സന്നദ്ധ മേഖലയിലും 6 പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു മുഖേന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പ്രത്യേക പരിശീലനം നല്‍കി വരികയാണ്.
അരയ്ക്കു കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട രോഗികളെ തൊഴില്‍പരമായി പുനരധിവസിപ്പിക്കുന്നതിനു വേണ്ടി കുടുംബശ്രീയുമായി സഹകരിച്ചുള്ള പദ്ധതി എറണാകുളം, മലപ്പുറം ജില്ലകളില്‍ ആരംഭിച്ചു. മറ്റു ജില്ലകളിലേക്കും ഇത്തരം പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് ലോഞ്ച് ചെയ്തിട്ടുണ്ട്. ഗ്രിഡില്‍ ഇതുവരെ പാലിയേറ്റീവ് പരിചരണം നല്‍കുന്ന 1,362 സര്‍ക്കാര്‍ സ്ഥാപനങ്ങളും 1,085 സന്നദ്ധ സംഘടനകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1,58,100 ഓളം കിടപ്പുരോഗികളുടെ വിവരങ്ങള്‍ ഗ്രിഡില്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവരുടെ തുടര്‍പരിചരണ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനയുടെകൂടിസഹായത്തോടെ ഗ്രിഡ് വഴി ഏകോപിപ്പിക്കുന്നതാണ്. ഇതിനുവേണ്ടി സര്‍ക്കാര്‍ സന്നദ്ധ മേഖലയില്‍ പാലിയേറ്റിവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും തുടര്‍പരിശീലനങ്ങള്‍ നല്‍കിവരുന്നു.
സന്നദ്ധപ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്യുവാന്‍ സര്‍ക്കാര്‍ സന്നദ്ധസേന പോര്‍ട്ടലില്‍ അവസരമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പതിനായിരത്തോളം പുതിയ സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പാലിയേറ്റിവ് കെയര്‍ ഗ്രിഡ് വഴി രോഗികള്‍ക്കാവശ്യമുള്ള പരിചരണം ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് ഇവര്‍ക്ക് മൂന്നു ദിവസത്തെ പരിശീലനം നല്‍കി ഗ്രിഡിന്റെ ഭാഗമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പാലിയേറ്റിവ് കെയര്‍ രംഗത്ത് ഒരു ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സേവനം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. അവരെല്ലാവരും പരിശീലനം നേടിക്കൊണ്ട് ഗ്രിഡിന്റെ ഭാഗമാകണം.
ഇതെല്ലാം തന്നെ സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കുമ്പോഴും പാലിയേറ്റീവ് കെയര്‍ എന്നത് ഒരു സാമൂഹിക മനഃസ്ഥിതിയായി ഉയര്‍ന്നുവരേണ്ടതുണ്ട്. സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് അത് എന്ന ബോധ്യം ഉണ്ടായാല്‍ മാത്രമേ പദ്ധതി പൂര്‍ണ വിജയത്തിലേക്ക് എത്തുകയുള്ളൂ. അത്തരം ബോധവത്കരണത്തിന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും മറ്റ് ക്രിയാത്മക കൂട്ടായ്മകളും മുന്‍കൈയെടുക്കണം.l



