മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ ദൗത്യങ്ങൾ മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ആ ദശാബ്ദം അവസാനിക്കുന്നതിനുമുമ്പ് മാനവ ചന്ദ്രദൗത്യം പൂർത്തിയാക്കണമെന്ന നിശ്ചയദാർഢ്യത്തിനുമപ്പുറം, സോവിയറ്റ് യൂണിയൻ ഒരിക്കൽകൂടി ബഹിരാകാശ രംഗത്ത് ഒന്നാമതാകുമോ എന്ന ഭീതികൂടി നാസയുടെ അതിവേഗത്തിലുള്ള പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടായിരുന്നു. പത്ത് വർഷംകൊണ്ട് 20,000 കോടി രൂപ (20 ബില്യൺ ഡോളർ) ചെലവിൽ പൂർത്തിയാക്കിയ അപ്പോളോ പദ്ധതി, രണ്ടായിരത്തോളം പുതിയ സാങ്കേതികവിദ്യകളാണ് മാനവരാശിക്ക് സമ്മാനിച്ചത്. ഇവയിൽ പല കണ്ടുപിടുത്തങ്ങളും ചന്ദ്രയാത്രകൾക്ക് ശേഷവും മനുഷ്യരാശിക്ക് ഉപകാരപ്രദവുമായിത്തീർന്നു, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി അവ മാറി. ഒരു പ്രത്യേക കാര്യത്തിനുവേണ്ടി വികസിപ്പിച്ച ഇത്തരം വസ്തുക്കളും സാങ്കേതികവിദ്യകളും ഉപകരണങ്ങളും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുമ്പോഴാണ് അവയെ സ്പിൻ-ഓഫ് സാങ്കേതികവിദ്യകൾ എന്ന് വിശേഷിപ്പിക്കുന്നത്.
ചന്ദ്രയാത്രകൾക്കായി വികസിപ്പിച്ചെടുത്ത നൂതന കമ്പ്യൂട്ടറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, വിവിധതരം ആധുനിക വസ്തുക്കൾ, ആരോഗ്യ പരിപാലനത്തിനുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം ഇത്തരം സ്പിൻ-ഓഫുകളിൽ ഉൾപ്പെടുന്നു. ഈ സാങ്കേതികവിദ്യകൾ മനുഷ്യന്റെ ആരോഗ്യ പരിപാലനം, കാർഷിക മേഖല, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, പുതിയ വസ്തുക്കളുടെ നിർമാണം, ദൈനംദിന ജീവിതം എന്നിവയിലെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കി. ഇവയിൽ പലതും പിന്നീട് ജനജീവിതം കൂടുതൽ സൗകര്യപ്രദവും സുഖകരവുമാക്കാൻ സഹായിച്ചു. അപ്പോളോ പരിപാടി മാത്രമല്ല, ബഹിരാകാശ ഗവേഷണം എന്ന അത്യാധുനിക സങ്കേതം മൊത്തത്തിൽ നിരവധി സ്പിൻ-ഓഫ് സാങ്കേതികവിദ്യകൾ മനുഷ്യന് സമ്മാനിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയിലെ സംഭാവനകൾ
ബഹിരാകാശ ഗവേഷണങ്ങൾ മനുഷ്യന്റെ ആരോഗ്യപരിപാലന രംഗത്ത് നിസ്സാരമല്ലാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്. അകലെയുള്ള ബഹിരാകാശയാത്രികരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കേണ്ടത് നാസയ്ക്ക് അത്യാവശ്യമായിരുന്നു. ഇത് അവരുടെ ജീവൽപ്രവർത്തനങ്ങൾ പരിശോധിക്കാൻ കഴിയുന്ന ബയോമെഡിക്കൽ നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കാൻ നാസയെ പ്രേരിപ്പിച്ചു. ഇന്ന് ഈ സാങ്കേതികവിദ്യകൾ എല്ലായിടത്തും ലഭ്യമാണ്. ഹൃദ്രോഗമുള്ള ഏതൊരാൾക്കും ഇത് നന്നായി അറിയാം, കാരണം സെൻസറുകൾ രോഗിയുടെ എല്ലാ ജീവൽപ്രവർത്തനങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ഇതിന് പ്രധാന ഉദാഹരണമാണ്, ആളെ നേരിട്ട് കാണുകയോ തൊടുകയോ ചെയ്യാതെ രോഗികളെ നിരീക്ഷിക്കുന്ന റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് ഉപകരണങ്ങൾ. ബഹിരാകാശ പേടകങ്ങളിൽ നിന്ന് വിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കാൻ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ഇന്ന് ഭൂമിയിലെ രോഗികൾക്കും പ്രയോജനപ്പെടുന്നു. ആശുപത്രികളിൽ നിന്നും വീടുകളിൽ നിന്നും രോഗികളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യനില ഡോക്ടർമാർക്ക് തത്സമയം നിരീക്ഷിക്കാൻ ഇത് സാധ്യമാക്കുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) വികസിപ്പിച്ച ടെലിമെഡിസിൻ പരിപാടി ഇതിന് മികച്ച ഉദാഹരണമാണ്. ഇപ്പോൾ സ്മാർട്ട് വാച്ചുകളിൽ പോലും നമ്മൾ ഹൃദയമിടിപ്പ് അളക്കുന്നത് ഈ സാങ്കേതികവിദ്യയുടെ വികാസം മൂലമാണ്.
മെഡ്രാഡ് കോർപ്പറേഷൻ (Medrad Corp.) നാസയുടെ അപ്പോളോ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച പേസ്-മേക്കർ ഈ സാങ്കേതികവിദ്യയുടെ മറ്റൊരുദാഹരണമാണ്. ഇത് ഹൃദയത്തെ തുടർച്ചയായി നിരീക്ഷിക്കുകയും ഹൃദയപേശികൾക്ക് ഉണ്ടാകുന്ന താളംതെറ്റിയുള്ള വിറയൽ (വെൻട്രിക്കുലാർ ഫൈബ്രിലേഷൻ) തിരിച്ചറിയുകയും ശരിയായ ഇലക്ട്രിക്കൽ ഷോക്ക് നൽകി ഹൃദയതാളം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് ഹൃദ്രോഗികളുടെ ജീവൻ രക്ഷിക്കാൻ ഈ ഉപകരണം ലോകമെമ്പാടും ഉപയോഗിക്കുന്നു. ഇത് പാരാമെഡിക്കൽ വിദഗ്ദ്ധരും ആശുപത്രികളും ഉപയോഗിക്കുന്ന ഡീഫിബ്രില്ലേറ്ററിന്റെ (ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ വൈദ്യുത ഷോക്ക് നൽകുന്ന ഉപകരണം) ഒരു ചെറുരൂപമാണ്. ഇത് രോഗിക്ക് എല്ലായ്-പ്പോഴും ലഭ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം.
കൂടാതെ, പല മെഡിക്കൽ ഇമേജിംഗ് സാങ്കേതികവിദ്യയുടെ വേരുകളും ബഹിരാകാശ പരിപാടിയിലുണ്ട്. എല്ലുകൾക്ക് പിന്നിലുള്ള മൃദുവായ കോശങ്ങളുടെ വ്യക്തമായ എക്സ്-റേ ചിത്രങ്ങൾ എടുക്കുക പ്രയാസമാണ്. നാസയുടെ ലാൻഡ്സാറ്റ് സാറ്റലൈറ്റിൽ നിന്ന് ചിത്രങ്ങൾ മെച്ചപ്പെടുത്താൻ നാസ മുൻകൈയെടുത്ത് വികസിപ്പിച്ച ഫിൽട്ടറുകൾ പിന്നീട് മെഡിക്കൽ ഇമേജിംഗ് ഉപകരണങ്ങളിലേക്ക് മാറ്റപ്പെട്ടു. നാസ വികസിപ്പിച്ച ഒരു ഒപ്റ്റിക്കൽ ഡീകോഡർ ഉപയോഗിച്ച് ഈ ഫിൽട്ടറുകൾ എല്ലുകളെ ഒഴിവാക്കി മൃദുവായ കോശങ്ങളുടെ ചിത്രങ്ങൾ കൂടുതൽ വ്യക്തമാക്കി. ശ്വാസകോശത്തിന്റെയും മറ്റ് കോശങ്ങളുടെയും ചിത്രമെടുക്കുന്നതിൽ ഈ വ്യക്തമായ ചിത്രം 1970-കളിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. എംആർഐ (Magnetic Resonance Imaging), സി ടി സ്കാനുകൾ (Computed Tomography) എന്നിവയുടെയെല്ലാം അടിസ്ഥാനമായി ഇത് മാറി. ശരീരത്തിന്റെ ഉൾഭാഗത്തെ വ്യക്തമായ ചിത്രങ്ങൾ നൽകി ഹൃദയപ്രശ്നങ്ങൾ, മുഴകൾ, മറ്റ് രോഗങ്ങൾ എന്നിവ നേരത്തെ കണ്ടെത്താൻ ഇത് ഡോക്ടർമാരെ സഹായിക്കുന്നു.
ബഹിരാകാശയാത്രികരുടെ പേശികളുടെ ബലക്കുറവ് പരിഹരിക്കാൻ വികസിപ്പിച്ചെടുത്ത നൂതന വ്യായാമ ഉപകരണങ്ങൾ ഇന്ന് ഫിസിയോതെറാപ്പിയിലും സാധാരണ വ്യായാമശാലകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ശസ്ത്രക്രിയകൾ കൂടുതൽ കൃത്യവും സുരക്ഷിതവുമാക്കാൻ സഹായിക്കുന്ന റോബോട്ടിക് സർജറി സിസ്റ്റങ്ങളും ബഹിരാകാശഗവേഷണത്തിന്റെ സംഭാവനയാണ്. ബഹിരാകാശത്ത് റോബോട്ടുകൾ ഉപയോഗിച്ച് സങ്കീർണമായ ജോലികൾ ചെയ്യാൻ വികസിപ്പിച്ച സാങ്കേതികവിദ്യയുടെ തുടർച്ചയാണിത്. കാനഡയുടെ ന്യൂറോആം (neuroArm), ജാപ്പനീസ് എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുടെ (JAXA) റോബോട്ടിക് സാങ്കേതികവിദ്യ എന്നിവ തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും കൃത്യതയോടെ നടത്താൻ ഡോക്ടർമാരെ സഹായിക്കുന്നു.
ബഹിരാകാശയാത്രികരുടെ ശരീര താപനില അളക്കുന്നതിനായി നാസ വികസിപ്പിച്ച ഡയോഡ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ സെൻസറുകളാണ്, ഇന്ന് സാധാരണയായി വീടുകളിലും ക്ലിനിക്കുകളിലും ഉപയോഗിക്കുന്ന തെർമോമീറ്ററുകളായി മാറിയത്. ഇതിനുപുറമെ, ബഹിരാകാശയാത്രികരുടെ ശരീരത്തിലെ ചെറിയ സാമ്പിളുകളിൽ നിന്ന് വേഗത്തിൽ രോഗനിർണയം നടത്താൻ വികസിപ്പിച്ച മൈക്രോഫ്‌ളൂയിഡിക്സ് (Microfluidics) സാങ്കേതികവിദ്യ, പോർട്ടബിൾ ബ്ലഡ് ടെസ്റ്ററുകൾ വികസിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഇത് ഇന്ന് ക്ലിനിക്കുകളിലും വിദൂര സ്ഥലങ്ങളിലും രോഗനിർണയം എളുപ്പമാക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ജലശുദ്ധീകരണ സാങ്കേതികവിദ്യയും ബഹിരാകാശ പേടകങ്ങളിൽ കാർബൺ ഡൈ ഓക്സൈഡ് നീക്കംചെയ്യാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും ഡയാലിസിസ് മെഷീനുകളിലെ അരിപ്പ് സംവിധാനങ്ങളെ മെച്ചപ്പെടുത്താൻ സഹായിച്ചത് മറ്റൊരു പ്രധാന സ്പിൻ-ഓഫ് ആണ്. ബഹിരാകാശയാത്രികർക്ക് വൈദ്യസഹായം നൽകുന്നതിനായി വികസിപ്പിച്ചെടുത്ത അൾട്രാസൗണ്ട് സാങ്കേതികവിദ്യ വിദൂര പ്രദേശങ്ങളിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്താൻ സഹായകമായി. ഈ സാങ്കേതികവിദ്യകളെല്ലാം ആരോഗ്യ പരിരക്ഷ എല്ലാവർക്കും ലഭ്യമാക്കുകയും സമൂഹത്തിൽ തുല്യത ഉറപ്പാക്കുകയും ചെയ്യുന്നു.
കാർഷിക മേഖലയിലെ സംഭാവനകളും
പരിസ്ഥിതി സംരക്ഷണവും
ബഹിരാകാശ സാങ്കേതികവിദ്യ ആധുനിക കൃഷിരീതികളിലും ദൈനംദിന ജീവിതത്തിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭൗമ നിരീക്ഷണത്തിനായി വികസിപ്പിച്ച വിദൂര സംവേദന സാങ്കേതികവിദ്യ (Remote Sensing) ഇതിന് മികച്ച ഉദാഹരണമാണ്. നാസയുടെ ലാൻഡ്‌സാറ്റ് (Landsat), ഇന്ത്യയുടെ ഐ.ആർ.എസ് (IRS) പോലുള്ള “ആകാശ ക്യാമറ’കളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് കർഷകർക്ക് വിളകളുടെ ആരോഗ്യം, മണ്ണിന്റെ ഈർപ്പം, കീടബാധ, വളർച്ചാ ഘട്ടങ്ങൾ എന്നിവ തത്സമയം മനസ്സിലാക്കാൻ കഴിയുന്നു. ഇത് കൃഷിയിടങ്ങളിൽ എവിടെയാണ് കൂടുതൽ വെള്ളമോ വളമോ ആവശ്യമുള്ളതെന്നും ഏത് വിളകൾക്കാണ് രോഗം ബാധിച്ചതെന്നും കണ്ടെത്താൻ സഹായിക്കുന്നു. തൽഫലമായി, ജലവും വളവും പാഴാകുന്നത് കുറയ്ക്കാനും ഉൽപ്പാദനം വർദ്ധിപ്പിക്കാനും സാധിക്കുന്നു, ഇത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ഇസ്രോയുടെ ഓഷ്യൻസാറ്റ് (Oceansat) ഉപഗ്രഹങ്ങളും ഈ രംഗത്ത് വലിയ സംഭാവനകൾ നൽകുന്നുണ്ട്.
കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ ബഹിരാകാശത്തുനിന്നുള്ള ഡാറ്റ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ടതും കർഷകർക്ക് വിതയ്ക്കാനും വിളവെടുക്കാനുമുള്ള ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഇത് മനുഷ്യന്റെ അധ്വാനം കുറയ്ക്കുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ മേഖലയിലെ മറ്റൊരു പ്രധാന സ്പിൻ-ഓഫ് ആണ് വിവിധ തരം നൂതന സെൻസറുകൾ (Sensors). ബഹിരാകാശ പേടകങ്ങളിൽ ഉപയോഗിക്കുന്ന ഈ സെൻസറുകൾ ഇപ്പോൾ കൃഷിഭൂമിയിലെ താപനിലയും ഈർപ്പവും അളക്കാൻ സഹായിക്കുന്നു. ദുരന്ത നിവാരണത്തിലും ബഹിരാകാശ സാങ്കേതികവിദ്യ കൃഷിയെ പിന്തുണയ്ക്കുന്നു. ഇസ്രോയുടെയും മറ്റും റഡാർസാറ്റ് (RADARSAT) പോലുള്ള “ആകാശ റഡാറുകൾ’ വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങൾ നിരീക്ഷിക്കുകയും രക്ഷാപ്രവർത്തകർക്ക് സഹായം ആവശ്യമുള്ളിടത്ത് എത്തിച്ചേരാൻ സഹായകരമാവുകയും ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര കൃഷിരീതികൾക്കും ബഹിരാകാശ സാങ്കേതികവിദ്യ വഴിയൊരുക്കുന്നുണ്ട്. വിവിധ സ്പേസ് ഏജൻസികളുടെ ഉപഗ്രഹങ്ങൾ “പരിസ്ഥിതി കാവൽക്കാരനെ’ പോലെ വനനശീകരണവും ജലമലിനീകരണവും നിരീക്ഷിക്കുന്നു. കൂടാതെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ജലശുദ്ധീകരണ സാങ്കേതികവിദ്യ ഇപ്പോൾ ദുരന്ത മേഖലകളിലും വിദൂര ഗ്രാമങ്ങളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സഹായിക്കുന്നു. നാസയുടെ വെർട്ടിക്കൽ ഫാമിങ് സാങ്കേതികവിദ്യ (Vertical Farming), കുറഞ്ഞ വെള്ളവും ഭൂമിയും ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന “ഇൻഡോർ ഗാർഡനുകൾ” ഒരുക്കുന്നു, ഇത് ഭക്ഷ്യലഭ്യത വർദ്ധിപ്പിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ സ്പിൻ-ഓഫുകളെല്ലാം ആധുനിക കൃഷി സമ്പ്രദായങ്ങളെ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കുകയും ലോകമെമ്പാടും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
കൂടാതെ, ബഹിരാകാശ സാങ്കേതികവിദ്യ ഭൂമിയെ നിരീക്ഷിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും വളരെയധികം സഹായിക്കുന്നു. ഉപഗ്രഹങ്ങൾ വഴിയുള്ള കാലാവസ്ഥാ പ്രവചനം പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നു. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, അന്തരീക്ഷ-ജല മലിനീകരണം എന്നിവ നിരീക്ഷിക്കാനും, ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചാൽ സഹായം എത്തിക്കാനും ഈ സാങ്കേതികവിദ്യ നിർണായക പങ്കുവഹിക്കുന്നു.
കമ്പ്യൂട്ടിങ്ങും ഇലക്ട്രോണിക്സും
ബഹിരാകാശ ഗവേഷണങ്ങൾ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടിംഗ് മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. അപ്പോളോ ദൗത്യത്തിനായി വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ (മൈക്രോചിപ്പുകൾ) ഈ രംഗത്തെ ഒരു വലിയ മുന്നേറ്റമായിരുന്നു. ആയിരക്കണക്കിന് ട്രാൻസിസ്റ്ററുകളെ ഒരു ചെറിയ ചിപ്പിൽ ഉൾക്കൊള്ളിക്കാനുള്ള ഈ കഴിവ്, അന്നുവരെ സാധ്യമല്ലാതിരുന്ന ഒന്നായിരുന്നു. ഈ സാങ്കേതികവിദ്യയാണ് ഇന്നത്തെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുടെയെല്ലാം അടിസ്ഥാനം. ഈ ചെറുചിപ്പുകൾ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെപ്പോലെ ഒതുക്കമുള്ളതും ശക്തവുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ അസാധ്യമാകുമായിരുന്നു. അതുപോലെ, ബഹിരാകാശ പേടകങ്ങളെയും റോക്കറ്റുകളെയും കമ്പ്യൂട്ടർ ഉപയോഗിച്ച് കൃത്യമായി നിയന്ത്രിക്കാനായി വികസിപ്പിച്ചെടുത്ത ഡിജിറ്റൽ ഫ്ലൈ-ബൈ-വയർ (Digital Fly-by-Wire) സാങ്കേതികവിദ്യ, ഒരു വീഡിയോ ഗെയിം ജോയ്സ്റ്റിക് ഉപയോഗിച്ച് കളിക്കുന്നതുപോലെ പൈലറ്റുമാർക്ക് വിമാനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇന്ന് ഈ സാങ്കേതികവിദ്യ ആധുനിക വിമാനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. കാറുകളിലെ സുരക്ഷിത ഡ്രൈവിംഗ് സംവിധാനങ്ങളായ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), വാഹനം മുന്നോട്ട് നീങ്ങുമ്പോൾ ചക്രങ്ങൾക്ക് റോഡിൽ ആവശ്യമായ പിടിത്തം (traction) ഉണ്ടെന്ന് ഉറപ്പാക്കുന്ന ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയിലും ഈ കമ്പ്യൂട്ടർ നിയന്ത്രിത സാങ്കേതികവിദ്യയുടെ തത്വങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
ബഹിരാകാശ ഗവേഷണം ആശയവിനിമയ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ബഹിരാകാശ പേടകങ്ങളുമായി ദീർഘദൂരം ആശയവിനിമയം നടത്താൻ വികസിപ്പിച്ച ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗ് (Digital Signal Processing) സാങ്കേതികവിദ്യ, ഇന്നത്തെ മൊബൈൽ ഫോൺ, സാറ്റലൈറ്റ് ടിവി, ഇന്റർനെറ്റ് എന്നിവയുടെയെല്ലാം അടിസ്ഥാനമായി മാറി. കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലെ മറ്റൊരു പ്രധാന സംഭാവനയാണ് ഭാഷാ വിവർത്തന സംവിധാനങ്ങൾ. 1975-ൽ നടന്ന അപ്പോളോ-സോയൂസ് ടെസ്റ്റ് പ്രോജക്ടിനായി നാസ ഒരുങ്ങിയപ്പോൾ, വലിയ തോതിലുള്ള വിവരങ്ങൾ കൈമാറാൻ ഒരു കമ്പ്യൂട്ടറൈസ്ഡ് വിവർത്തന സംവിധാനം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു. ഇതിനായി നാസ മറ്റ് കമ്പനികളുമായി സഹകരിച്ച്, യന്ത്രങ്ങൾ ഉപയോഗിച്ച് വിവർത്തനം ചെയ്യുന്ന സംവിധാനം വികസിപ്പിച്ചു. ഈ സംവിധാനം ഒരു മനുഷ്യ വിവർത്തകന്റെ ഉത്പാദനക്ഷമത പതിന്മടങ്ങ് വർദ്ധിപ്പിച്ചു. റഷ്യൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള സേവന മാനുവലുകൾ, പഠനങ്ങൾ, കാറ്റലോഗുകൾ, സാങ്കേതിക റിപ്പോർട്ടുകൾ തുടങ്ങി നിരവധി രേഖകൾ വിവർത്തനം ചെയ്യാൻ ഇത് സഹായിച്ചു. ആറ് ഭാഷാ ജോഡികളിൽ പ്രവർത്തിച്ചിരുന്ന ഈ സംവിധാനം കമ്പ്യൂട്ടറൈസ്ഡ് വിവർത്തനത്തിന്റെ വളർച്ചയ്ക്ക് വലിയ തുടക്കമിട്ടു. യന്ത്ര വിവർത്തനം ഇന്ന് സാർവത്രികമായി. ബഹിരാകാശ ഗവേഷണങ്ങൾ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ലോകത്ത് വിപ്ലവം സൃഷ്ടിക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തെ പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു.
ബഹിരാകാശ യാത്രകൾക്കു വേണ്ടി വികസിപ്പിച്ച മിനിയേച്ചർ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യകളാണ് ഇന്നത്തെ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്നത്. ബഹിരാകാശ പരിപാടിയുടെ കമ്പ്യൂട്ടിംഗ്, ടെലികമ്യൂണിക്കേഷൻസ് സാങ്കേതികവിദ്യകളിൽ നിന്നാണ് ഇന്റർനെറ്റ് രൂപപ്പെട്ടത്. ബഹിരാകാശ ഗവേഷണത്തിൽ നിന്നാണ് പേപ്പർ മാപ്പുകളുടെ ആവശ്യകത ഇല്ലാതാക്കിയ ജി പി എസ് (Global Positioning System) എന്ന നാവിഗേഷൻ സംവിധാനം ഉണ്ടായത്. ഇവയെല്ലാം സ്പിൻഓഫുകളുടെ നൂറുകണക്കിന് ഉദാഹരണങ്ങളിൽ ചിലത് മാത്രമാണ്.
ബഹിരാകാശ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്നായ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം അഥവാ ജി പി എസ് (GPS), സൈനിക ആവശ്യങ്ങൾക്കായി വികസിപ്പിച്ചതാണെങ്കിലും ഇന്ന് സാധാരണക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. കാറുകളിലെ നാവിഗേഷൻ സിസ്റ്റങ്ങൾ, വിമാനങ്ങളുടെയും കപ്പലുകളുടെയും ഗതി കണ്ടെത്തൽ, ഒരു പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന ഗൂഗിൾ മാപ്പ് എന്നിവയെല്ലാം ജി പി എസിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ, അപകടങ്ങൾ സംഭവിക്കുമ്പോൾ ആംബുലൻസുകൾക്കും പൊലീസ് വാഹനങ്ങൾക്കും കൃത്യമായ സ്ഥാനം കണ്ടെത്താനും ജി പി എസ് നിർണായക പങ്കു വഹിക്കുന്നു.
ബഹിരാകാശ പേടകങ്ങൾക്കായി വികസിപ്പിച്ച ചെറിയതും ശക്തവുമായ കമ്പ്യൂട്ടറുകളാണ് പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും സ്മാർട്ട്ഫോണുകളുടെയും വളർച്ചയ്ക്ക് വഴിയൊരുക്കിയത്. ഈ ദൗത്യങ്ങളിലെ വിവര വിശകലനത്തിനും നിയന്ത്രണങ്ങൾക്കുമായി രൂപപ്പെടുത്തിയ സോഫ്റ്റ്‌വെയറുകൾ ഇന്ന് ഡാറ്റാ അനാലിസിസ്, റോബോട്ടിക്സ്, നിർമിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ബഹിരാകാശത്തുനിന്ന് ലഭിക്കുന്ന വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യാൻ വികസിപ്പിച്ച സാങ്കേതികവിദ്യകൾ മറ്റ് ശാസ്ത്രീയ ഗവേഷണങ്ങൾക്കും വിവിധ വ്യവസായങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നുണ്ട്.
1960-കളിൽ ആരംഭിച്ച ഉപഗ്രഹ ടെലിവിഷൻ പ്രക്ഷേപണം, ലോകത്തിന്റെ ഏതു കോണിലുമുള്ള സംഭവങ്ങൾ തത്സമയം വീടുകളിലെത്തിച്ചു. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളോ, ഒളിമ്പിക്സോ, ഒരു രാജ്യത്തെ നേതാവിന്റെ പ്രസംഗമോ അപ്പപ്പോൾ ലോകമെമ്പാടും കാണാൻ സാധിച്ചത് ഉപഗ്രഹ സാങ്കേതികവിദ്യയുടെ ഫലമായാണ്. ഭൂഖണ്ഡങ്ങൾ താണ്ടി എളുപ്പത്തിൽ ഫോൺ വിളിക്കാൻ സാധിച്ചത് ഉപഗ്രഹങ്ങളുടെ വരവോടെയാണ്. ഇന്ന് നാം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ വലിയൊരു ഭാഗവും ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ടതാണ്. ബഹിരാകാശ പരിപാടിയുടെ കമ്പ്യൂട്ടിംഗ്, ടെലികമ്യൂണിക്കേഷൻസ് സാങ്കേതികവിദ്യകളിലുള്ള അവഗാഹത്തിൽ നിന്നാണ് ഇന്റർനെറ്റ് രൂപപ്പെട്ടത്. സൈനിക ആവശ്യങ്ങൾക്കും ദുരന്ത നിവാരണത്തിനും ഇവയെല്ലാം ഇന്ന് അത്യന്താപേക്ഷിതമാണ്.
പുതിയതരം വസ്തുക്കൾ
ബഹിരാകാശ ഗവേഷണങ്ങൾ ആധുനിക ലോകത്ത് സാധാരണ ഉപയോഗത്തിലുള്ള നിരവധി പുതിയ വസ്തുക്കളുടെ വികാസത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. അതികഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ബഹിരാകാശ പേടകങ്ങളുടെയും ഉപകരണങ്ങളുടെയും ആവശ്യകതയാണ് പുതിയതും നൂതനവുമായ പല വസ്തുക്കളുടെയും കണ്ടെത്തലുകളിലേക്ക് നയിച്ചത്. അപ്പോളോ ദൗത്യത്തിനായി വികസിപ്പിച്ചെടുത്ത ടെമ്പർ ഫോം (Temper Foam) എന്ന വസ്തു, ഇന്ന് മെമ്മറി ഫോം മെത്തകളിലും തലയിണകളിലും വ്യാപകമായി ഉപയോഗിക്കുന്നു. ബഹിരാകാശയാത്രികർക്ക് യാത്രയിലെ ആഘാതങ്ങൾ കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത ഇത്, ശരീരത്തിന്റെ ആകൃതിക്ക് അനുസരിച്ച് മാറുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിനാൽ സാധാരണ ജീവിതത്തിൽ സുഖപ്രദമായ ഉറക്കത്തിനും ആഘാതം കുറയ്ക്കുന്ന ഹെൽമെറ്റുകൾക്കും (ഉദാഹരണത്തിന്, സ്പോർട്സ് ഹെൽമെറ്റുകൾ) ഉപയോഗപ്രദമായി.
അതുപോലെ, ബഹിരാകാശ വാഹനങ്ങളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ വികസിപ്പിച്ചെടുത്ത തെർമൽ പുതപ്പുകൾ (Thermal Blankets) ഇന്ന് അടിയന്തര സാഹചര്യങ്ങളിൽ ശരീര താപനില നിലനിർത്താൻ ഉപയോഗിക്കുന്നു. ഈ നേർത്ത, ഭാരം കുറഞ്ഞ വസ്തുക്കൾക്ക് ചൂടിനെ പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണത്തിനായി വികസിപ്പിച്ച ഭാരം കുറഞ്ഞ, എന്നാൽ അതീവബലമുള്ള ലോഹസങ്കരങ്ങൾ, ഇപ്പോൾ വിമാനങ്ങൾ, കാറുകൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ പരക്കെ ഉപയോഗിക്കപ്പെടുന്നു. ഇത് ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും സുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ബഹിരാകാശത്തിലെ തീവ്രമായ താപനിലയിലെ വ്യതിയാനങ്ങളെയും റേഡിയേഷനെയും അതിജീവിക്കാൻ രൂപകൽപ്പന ചെയ്ത പ്രത്യേകതരം കോട്ടിങ്ങുകൾ (Specialty Coatings), ഉപകരണങ്ങളെ ദീർഘകാലം നിലനിർത്തുന്നതിനും തേയ്മാനം കുറയ്ക്കുന്നതിനും ഇന്ന് വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കുന്നു. ചുരുക്കത്തിൽ, ബഹിരാകാശ ദൗത്യങ്ങൾക്കായി നടത്തിയ ഗവേഷണങ്ങൾ, നമ്മുടെ ദൈനംദിന ജീവിതത്തിലെ ഉൽപ്പന്നങ്ങളിലും വ്യവസായങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ പുതിയതും മെച്ചപ്പെട്ടതുമായ പലതരം വസ്തുക്കളുടെയും നിർമാണത്തിനും ഉപയോഗത്തിനും കാരണമായി.
അതികഠിനമായ താപനിലയെയും മർദ്ദത്തെയും അതിജീവിക്കാൻ കഴിയുന്ന ലോഹക്കൂട്ടുകളും പിഞ്ഞാണ വസ്തുക്കളും വികസിപ്പിക്കാനും ബഹിരാകാശ ഗവേഷണങ്ങൾ സഹായിച്ചു. ഈ നൂതന സാമഗ്രികൾ വിമാന നിർമാണം, ഓട്ടോമൊബൈൽ വ്യവസായം, നിർമാണ മേഖല എന്നിവയിൽ വലിയ സ്വാധീനം ചെലുത്തിയതോടൊപ്പം, ബഹിരാകാശ പേടകങ്ങളെ സംരക്ഷിക്കാൻ ഉപയോഗിച്ച സെറാമിക് ടൈലുകൾ വ്യവസായ ചൂളകളിലും അഗ്നിശമന വസ്ത്രങ്ങളിലും പ്രയോജനപ്പെട്ടു. അതുപോലെ, ബഹിരാകാശയാത്രികർക്കായി വികസിപ്പിച്ച ഫയർ പ്രൂഫ് വസ്ത്രങ്ങൾ പിന്നീട് അഗ്നിശമന സേനാംഗങ്ങൾക്കും വ്യവസായ തൊഴിലാളികൾക്കും സുരക്ഷാ വസ്ത്രങ്ങളായി മാറി, അങ്ങനെ നിരവധി മേഖലകളിൽ സുരക്ഷ വർദ്ധിപ്പിച്ചു.
ജീവൻരക്ഷാ സംവിധാനങ്ങൾ
ബഹിരാകാശ യാത്രികർക്ക് അതിതീവ്ര സാഹചര്യങ്ങളിൽ തണുപ്പ് നൽകാൻ വികസിപ്പിച്ച സ്പേസ് സൂട്ട് കൂളിംഗ് സിസ്റ്റം ഒരു വ്യക്തിഗത എയർകണ്ടീഷണർ പോലെയാണ് പ്രവർത്തിക്കുന്നത്. ഇന്ന് ഇത് അഗ്നിശമന സേനയുടെ വസ്ത്രങ്ങളിലും മെഡിക്കൽ വസ്ത്രങ്ങളിലും പരക്കെ ഉപയോഗിക്കപ്പെടുന്നു. അതുപോലെ, ബഹിരാകാശ പേടകങ്ങളിലെ വായു ശുദ്ധീകരിക്കാൻ രൂപകൽപ്പന ചെയ്ത ഓക്സിജൻ പുനരുപയോഗ സംവിധാനങ്ങൾ ഇപ്പോൾ ആശുപത്രി വെന്റിലേറ്ററുകളിലും വീടുകളിലെ എയർ പ്യൂരിഫയറുകളിലും പ്രയോജനപ്പെടുത്തുന്നു.
ഉപഭോക്തൃ ഉൽപ്പന്നങ്ങളും ഉപകരണങ്ങളും
ബഹിരാകാശ ഗവേഷണങ്ങളുടെ ഫലമായി നാം ഇന്ന് നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടായിട്ടുണ്ട്. ചന്ദ്രനിൽ പാറകൾ ശേഖരിക്കാൻ നിർമിച്ച ബാറ്ററി ഉപയോഗിച്ചുള്ള ഡ്രില്ലുകൾ പോലുള്ള കോർഡ്‌ലെസ്സ് പവർ ടൂളുകൾക്ക് തുടക്കമിട്ടത് ബഹിരാകാശ ദൗത്യങ്ങളാണ്. ഇന്ന് ഡ്രില്ലുകൾ, വാക്വം ക്ലീനറുകൾ തുടങ്ങിയ നിരവധി ഉപകരണങ്ങൾ കോർഡ്‌ലെസ്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ബഹിരാകാശയാത്രികർക്ക് ഭക്ഷണം സൂക്ഷിക്കാൻ വേണ്ടി വികസിപ്പിച്ച ഫ്രീസ്-ഡ്രൈഡ് സാങ്കേതികവിദ്യ, പിന്നീട് യാത്രാ വേളകളിലും, അടിയന്തര സാഹചര്യങ്ങളിലും ഉപയോഗിക്കാവുന്ന ഭക്ഷണങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചു. ബഹിരാകാശ നിലയങ്ങളിൽ വെള്ളം പുനരുപയോഗം ചെയ്യാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ, പിന്നീട് ഭൂമിയിലെ ജലശുദ്ധീകരണ പ്ലാന്റുകളിലും, ദുരന്ത മേഖലകളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ഉപയോഗിച്ചു. കാർ ബമ്പറുകൾക്ക് ശക്തി നൽകുന്ന ഹൈഡ്രോളിക് സാങ്കേതികവിദ്യ, അപ്പോളോ ദൗത്യത്തിന്റെ ലാൻഡിംഗ് ഗിയർ ഡിസൈനിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. ബഹിരാകാശ യാത്രികർക്കു വേണ്ടി വികസിപ്പിച്ച ചില ആൽഗകൾ (algae) ഇന്ന് പോഷകസമ്പുഷ്ടമായ ശിശുഭക്ഷണത്തിൽ ഒരു ഘടകമായി ഉപയോഗിക്കുന്നു. ബഹിരാകാശ സഞ്ചാരികൾക്ക് അതികഠിനമായ താപനിലയിൽ അതിജീവിക്കാൻ സഹായിക്കുന്ന വസ്ത്രങ്ങൾ, ഭൂമിയിലെ അതിശൈത്യമുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്. സ്പേസ് സൂട്ട് ഘടകങ്ങളിൽ പ്രവർത്തിച്ചിരുന്ന കംഫർട്ട് പ്രോഡക്ട്സ് Inc. പോലുള്ള കമ്പനികൾ, ഈ സാങ്കേതികവിദ്യ തണുപ്പുള്ള കാലാവസ്ഥയ്ക്കുള്ള തെർമൽ കയ്യുറകളിലേക്കും ബൂട്ടുകളിലേക്കും മാറ്റി. ചന്ദ്രനിൽ ഉപയോഗിച്ച സ്പേസ് സ്യൂട്ടുകൾ ചൂടാക്കിയ അതേ രീതിയിലാണ് ഈ ഉൽപ്പന്നങ്ങളും പ്രവർത്തിക്കുന്നത്. അതിനാൽ, അതിശൈത്യത്തിൽ പുറത്ത് ജോലി ചെയ്യുന്നവരെ കാണുമ്പോൾ, അവരുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാൻ സഹായിച്ച ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് ഓർക്കുന്നത് കൗതുകകരമായിരിക്കും.
കാർഷിക മേഖലയെ ഏറെ സ്വാധീനിച്ച ബഹിരാകാശത്ത് നിന്നുള്ള വിദൂരസംവേദന ഉപഗ്രഹങ്ങൾ ശേഖരിക്കുന്ന ഡാറ്റ, നഗരങ്ങളിലെ ഭൂവിനിയോഗത്തിനും, റോഡ്-റെയിൽ നിർമാണത്തിനും മറ്റ് വികസന പ്രവർത്തനങ്ങൾക്കും വലിയ സഹായമാണ് നൽകുന്നത്. നഗര തെരുവുകളുടെ ബഹിരാകാശ ചിത്രങ്ങൾ ഗതാഗതം, പാർപ്പിടം, വൈദ്യുതി വിതരണ ശൃംഖല എന്നിവയുടെ ആസൂത്രകർക്ക് സഹായകമായി. 45 വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചത് മുതൽ ലോകമെമ്പാടുമുള്ള നഗരങ്ങൾക്ക് ഇത് ഒഴിച്ചുകൂടാനാവാത്ത ഒരുപകരണമായി മാറിയിരിക്കുന്നു.
ബഹിരാകാശ ഗവേഷണങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഒന്നാണ് ക്രയോജനിക് ഇന്ധന സംവിധാനങ്ങൾ. വളരെ താഴ്ന്ന താപനിലയിൽ (ഏകദേശം -253°C) ദ്രാവകരൂപത്തിൽ സൂക്ഷിക്കുന്ന ഹൈഡ്രജൻ, ഓക്സിജൻ തുടങ്ങിയ വാതകങ്ങളാണ് ക്രയോജനിക് ഇന്ധനങ്ങളായി ഉപയോഗിക്കുന്നത്. ഈ ദ്രാവകങ്ങൾ സൂക്ഷിക്കാൻ സവിശേഷമായ സാങ്കേതികവിദ്യകളോടുകൂടിയ ടാങ്കുകൾ ആവശ്യമാണ്. നിലവിൽ, ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളായ ഹൈഡ്രജൻ ഇന്ധന സെല്ലുകളിലും (Hydrogen Fuel Cells) ഈ സാങ്കേതികവിദ്യയുടെ സ്വാധീനം കാണാം. ക്രയോജനിക് ഇന്ധന ടാങ്കുകളുടെ രൂപകൽപ്പനയും തണുത്ത ദ്രാവകങ്ങൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യവും ഹൈഡ്രജൻ ഇന്ധന സെല്ലുകൾ പ്രവർത്തിപ്പിക്കുന്ന വാഹനങ്ങളിലും മറ്റ് ഊർജ്ജ ഉത്പാദന സംവിധാനങ്ങളിലും ഹൈഡ്രജൻ സംഭരിക്കാൻ സഹായിക്കുന്നു. ഇത് കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജ പരിഹാരങ്ങൾ ഒരുക്കുന്നതിൽ ഒരു പ്രധാന പടിയാണ്.
നമ്മൾ കടകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേയ്‌മെന്റുകളും ക്രെഡിറ്റ് കാർഡ് ഇടപാടുകളും അപ്പോളോ ബഹിരാകാശ ദൗത്യത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളും വിക്ഷേപണത്തിന് തയ്യാറാണോ എന്ന് ഉറപ്പാക്കാൻ ഉപയോഗിച്ചിരുന്ന സങ്കീർണ്ണമായ കമ്പ്യൂട്ടർ പരിശോധനാ നടപടിക്രമങ്ങൾ, 1970-കളുടെ തുടക്കത്തിൽ എയ്‌റോസ്‌പേസ് കോർപ്പറേഷനായ TRW Inc റീട്ടെയിൽ സ്റ്റോറുകളിലെയും ബാങ്കുകളിലെയും ഇടപാട് സംവിധാനങ്ങളിലേക്ക് മാറ്റി. 1960-കളിലെ ഏറ്റവും സങ്കീർണമായ കമ്പ്യൂട്ടർ സംവിധാനങ്ങളിൽ ഒന്നായിരുന്ന, അപ്പോളോയ്ക്കുവേണ്ടി വികസിപ്പിച്ച ഈ ഓട്ടോമാറ്റിക് ചെക്കൗട്ട് സംവിധാനം വിക്ഷേപണത്തിന് മുമ്പ് ആയിരക്കണക്കിന് പ്രവർത്തനങ്ങൾ പരിശോധിക്കാൻ സഹായിച്ചു.
അക്കാലത്ത് പൂർണമായും പുതിയതായിരുന്ന ഈ സാങ്കേതികവിദ്യയുടെ കമ്പ്യൂട്ടർ ശക്തി വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാമെന്ന് വേഗത്തിൽ തിരിച്ചറിഞ്ഞു. ധനകാര്യ സ്ഥാപനങ്ങളെ ഈ സാങ്കേതികവിദ്യ സ്വീകരിക്കാൻ പ്രേരിപ്പിച്ചു. അതോടെ, ബാങ്ക് ക്രെഡിറ്റ് സിസ്റ്റം ഇടപാടുകളുടെ വേഗതയിലും കൃത്യതയിലും ക്രെഡിറ്റ് അംഗീകാരത്തിലും ഇൻവെന്ററി നിയന്ത്രണത്തിലും വലിയ പുരോഗതിയുണ്ടായി. പിന്നീട് സമാനമായ കമ്പ്യൂട്ടർ സംവിധാനങ്ങൾ എയർലൈൻ റിസർവേഷൻ ഓഫീസുകൾ, കാർ റെന്റൽ ഏജൻസികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കടകൾ, മറ്റ് നിരവധി ഉപഭോക്തൃ ബിസിനസ്സുകൾ എന്നിവിടങ്ങളിലും വ്യാപകമായി. ഈ സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കം അപ്പോളോ ദൗത്യത്തിൽ നിന്നായിരുന്നു, അതിനുശേഷം അത് അതിവേഗം വളരുകയും ചെയ്തു.
ഊർജമേഖലയിലും ബഹിരാകാശ ഗവേഷണത്തിന് അതിന്റേതായ സംഭാവനകളുണ്ട്. ബഹിരാകാശ വാഹനങ്ങൾക്ക് ഊർജ്ജം നൽകാനായി വികസിപ്പിച്ച, ഭാരം കുറഞ്ഞതും കാര്യക്ഷമവുമായ സൗര പാനലുകളാണ് ഭൂമിയിലെ സൗരോർജ്ജ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയത്. ഈ സാങ്കേതികവിദ്യ ഇന്ന് വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാർബൺ ബഹിർഗമനം ലഘൂകരിക്കാനും സഹായിക്കുന്നു.
ബഹിരാകാശ ഗവേഷണങ്ങളില്ലായിരുന്നെങ്കിൽ ഇന്ന് നാം ആസ്വദിക്കുന്ന ബയോമെഡിക്കൽ ഡയഗ്നോസ്റ്റിക്സ്, കമ്പ്യൂട്ടിങ് മുന്നേറ്റങ്ങൾ, നിരവധി പുതിയ വസ്തുക്കൾ തുടങ്ങിയ ഒട്ടേറെ ഹൈടെക് സൗകര്യങ്ങൾ ഈ വേഗതയിൽ എത്തിച്ചേരുകയോ ഒരുപക്ഷേ രൂപംകൊള്ളുകയോ ചെയ്യില്ലായിരുന്നു. പഴയ കാലഘട്ടങ്ങളോട് ചിലർക്ക് ഗൃഹാതുരത്വമുണ്ടാകാമെങ്കിലും, ടൈപ്പ്റൈറ്ററുകളിലേക്കും സങ്കീർണമായ ആഗോള ആശയവിനിമയങ്ങളിലേക്കും ബഹിരാകാശ യുഗത്തിന് മുമ്പുള്ള ജീവിതരീതിയിലേക്കും മടങ്ങാൻ ആരും ആഗ്രഹിക്കില്ല എന്നതാണ് സത്യം. അവിടെയാണ് നവസാങ്കേതികവിദ്യയുടെ മേന്മ.l



