Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറിജിഎസ്‌ടി നിരക്ക് കുറയ്ക്കലും 
കേരളത്തിന്റെ 
വരുമാന നഷ്ടവും

ജിഎസ്‌ടി നിരക്ക് കുറയ്ക്കലും 
കേരളത്തിന്റെ 
വരുമാന നഷ്ടവും

എൽ അനിതകുമാരി (വിസിറ്റിംഗ് ഫാക്കല്‍റ്റി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് 
ഓഫ് ഫിനാന്‍സ് ആൻഡ് ടാക്സേഷൻ)

56–ാം ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനപ്രകാരം സെപ്തംബര്‍ 22, 2025 മുതല്‍ ജി എസ് ടി നിരക്കുകള്‍ രാജ്യത്താകമാനം ഏകീകരിക്കുകയാണല്ലോ? നിലവിലുള്ള നാല് നിരക്കുകള്‍ പുനഃക്രമീകരിച്ച് രണ്ട് നിരക്കുകളിലേക്ക് കൊണ്ടുവരുന്നതിനൊപ്പം 40% നിരക്ക് ഡീമെറിറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് (സിന്‍ ഉല്‍പ്പന്നങ്ങള്‍) ചുമത്തുകയും ചെയ്യുന്നു. നിരക്ക് ഏകീകരണം കൊണ്ട് കേന്ദ്ര – സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം, ഉപഭോക്താവിനുണ്ടാകുന്ന നേട്ടം, ബിസിനസ്സിന് ലഭിക്കുന്ന അനുകൂല ഘടകങ്ങള്‍ എന്നിവയൊക്കെ വിലയിരുത്തപ്പെടേണ്ടതാണ്. നിലവിലുള്ള നിരക്കും നിര്‍ദ്ദിഷ്ട നിരക്കുകളും പട്ടിക þ1 ല്‍ കാണിച്ചിരിക്കുന്നു.

പ്രധാന ജിഎസ്ടി നിരക്കുകള്‍ രണ്ട് സ്ലാബുകളില്‍ ആക്കുന്നതിനുള്ള ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ നടത്തിയിരുന്നു. നിര്‍ദ്ദിഷ്ട നിരക്ക് മാറ്റങ്ങളുടെ പ്രധാന ലക്ഷ്യങ്ങള്‍ നികുതി നിരക്ക് വര്‍ഗീകരണവുമായി (classification) ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കുറയ്ക്കുക, പ്രത്യേക മേഖലകളിലെ വിപരീത തീരുവ ഘടനകള്‍ ശരിയാക്കുക (Inverted duty structure), നിരക്ക് സ്ഥിരത ഉറപ്പാക്കുക, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക തുടങ്ങിയവയാണ്. അതോടൊപ്പം സാമ്പത്തിക മേഖലകളെ ഉത്തേജിപ്പിക്കുക, സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വിലക്കുറവിലൂടെ പരമാവധി നേട്ടം ഉണ്ടാക്കുക എന്നതും മറ്റൊരു പ്രധാന ലക്ഷ്യമാണ്.

പട്ടിക 1 – ഇന്ത്യയിലെ ജിഎസ്‌ടി നിരക്കുകൾ

നിലവിലുള്ള ജിഎസ്ടി നിരക്ക്(%) 2025 സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരുത്തുന്ന നിർദ്ദിഷ്ട ജിഎസ്ടി നിരക്ക് (%)
5 5
12 ഇല്ല
18 18
28 ഇല്ല
3 3
0.25 0.25
ഇല്ല 40

ജിഎസ്ടി നിരക്ക് കുറയ്ക്കലിലൂടെ ഉപഭോക്താക്കള്‍ക്ക് കാര്യമായ ഗുണം കിട്ടിയില്ല എന്ന അനുഭവം നമുക്ക് മുന്നിലുള്ളതാണ്. ജിഎസ്ടി 2017ൽ നിലവില്‍ വന്ന് മൂന്നുമാസത്തിനുശേഷം, ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഏകദേശം 200ല്‍ പരം ഉല്‍പ്പന്നങ്ങളുടെ നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഇത് പല സംസ്ഥാനങ്ങളുടെയും നികുതി വരുമാനത്തെ കുറയ്ക്കുകയാണുണ്ടായത്; ഉപഭോക്തൃ വിലയില്‍ പ്രകടമായ ഒരു കുറവും ഉണ്ടായതുമില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ജി എസ് ടി വരുമാനത്തെ അത് സാരമായി ബാധിച്ചിട്ടുണ്ടെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഇനി വരാന്‍ പോകുന്ന നിരക്ക് മാറ്റങ്ങളെക്കുറിച്ച് വിശകലനം ചെയ്യാൻ. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഈ നിരക്ക് വ്യതിയാനങ്ങള്‍ എങ്ങനെ ബാധിക്കുന്നു എന്ന്-് വിശകലനം ചെയ്യുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.

ജിഎസ്‌ടി നിരക്ക് വ്യതിയാനവും കേരളത്തിന്റെ വരുമാന നഷ്ടവും
കേരളത്തിന്റെ തനത് നികുതി വരുമാനത്തിന്റെ 46 ശതമാനം ലഭിക്കുന്നത് ജിഎസ്ടിയില്‍ നിന്നാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വാറ്റ് (value added tax) കാലയളവില്‍, ഏകദേശം 70 ശതമാനം നികുതി വരുമാനം 14.5 ശതമാനം നികുതി നിരക്ക് ഉണ്ടായിരുന്ന ഉല്‍പന്നങ്ങളില്‍ നിന്നായിരുന്നു. ജിഎസ്ടി നടപ്പിലാക്കിയ 2017ല്‍ തന്നെ വരുമാന നിഷ്പക്ഷത (revenue neutrality) നഷ്ടമായിരുന്നു. അതായത് ജിഎസ്ടി നടപ്പിലാക്കിയ സമയത്ത് 229 ഉല്‍പ്പന്നങ്ങള്‍ 28 ശതമാനം നികുതി നിരക്കില്‍ ഉണ്ടായിരുന്നു. 2017 ഒക്ടോബറില്‍ ഈ ഉല്‍പ്പന്നങ്ങളുടെ എണ്ണം 32 ആയി കുറയുകയും ബാക്കി ഉല്‍പ്പന്നങ്ങളെല്ലാം 18 ശതമാനം നിരക്കിലേക്ക് കൊണ്ടുവരികയും ചെയ്തു. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഗണ്യമായ വരുമാന നഷ്ടം ഇത് ഉണ്ടാക്കിയെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ നികുതി ഘടനയില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടായി. കേരളത്തിന്റെ നികുതി ഘടന മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് പട്ടിക–2ല്‍ കൊടുത്തിട്ടുണ്ട്.

പട്ടിക 2 – ജിഎസ്ടി നിരക്കും കേരളത്തിലെയും ഇന്ത്യയിലെയും ജിഎസ്ടി വരുമാന വിഹിതവും

A – ജിഎസ്ടി നിരക്ക് (%), 
B – മൊത്തം ജിഎസ്ടി വരുമാനത്തിന്റെ 
ശതമാനമെന്ന നിലയിൽ ജിഎസ്‌ടി വിഹിതം
(കേരളം),
 C – മൊത്തം ജിഎസ്‌ടി വരുമാനത്തിന്റെ ശതമാനമെന്ന നിലയിൽ ജിഎസ്ടി 
വിഹിതം (ഇന്ത്യ)
A B C
5 6.4 7
12 7.9 5
18 44.7 65
28 33 11
മറ്റുള്ളവ 8 12
ആകെ 100 100

പട്ടിക2ല്‍ കാണിച്ചിരിക്കുന്നതുപ്രകാരം കേരളത്തില്‍ 5 ശതമാനം, 12 ശതമാനം നിരക്കുകളില്‍ നിന്നുള്ള ജിഎസ്ടി വിഹിതം ദേശീയ ശരാശരിയുമായി ഏകദേശം താരതമ്യത്തിലാണ്. 18 ശതമാനം നിരക്കില്‍ നിന്ന് കേരളത്തിന് 44.7 ശതമാനം നികുതി ലഭിക്കുമ്പോള്‍ ദേശീയ ശരാശരി 65 ശതമാനമാണ്. 28 ശതമാനത്തില്‍ നിന്നുള്ള നിലവിലെ ജി എസ് ടി വരുമാനം കേരളത്തില്‍ 33 ശതമാനം ആയിരിക്കെ ദേശീയ ശരാശരി വെറും 11 ശതമാനം ആണ്. 28 ശതമാനം ജിഎസ്ടി നിരക്കില്‍ നിന്ന് കൂടുതല്‍ ജി എസ് ടി വരുമാനം ലഭിക്കുന്നതുകൊണ്ട് കേരളത്തിന് ഭീമമായ നഷ്ടം 28 ശതമാനം നികുതിയുള്ള ഉല്‍പ്പന്നങ്ങള്‍ 18 ശതമാനത്തിലേക്ക് മാറ്റുമ്പോള്‍ ഉണ്ടാകും. മുകളില്‍ പ്രതിപാദിച്ച നികുതി ഘടന അനുസരിച്ച് കേരളത്തില്‍ ജിഎസ്ടി വരുമാനഷ്ടം കണക്കാക്കിയത് പട്ടിക3ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 3 ‐ കേരളത്തിലെ ജിഎസ്‌ടി 
വരുമാന നഷ്ടം (2025–26)

A – ഇനം B – 6 ശതമാനവും 14 ശതമാനവും ഉത്പന്നങ്ങളിൽനിന്നും കണക്കാക്കപ്പെട്ടിട്ടുള്ള കേരളത്തിലെ ജിഎസ്‌ടി വരുമാനം (കോടി രൂപയിൽ) (നിരക്കു മാറ്റമില്ലാതെ) C – വരുമാന നഷ്ടം (കോടി രൂപയിൽ)
A B C
6 % നിരക്കിനത്തിൽ നിന്നുള്ള ജിഎസ്‌ടി വരുമാനത്തിന്റെ 7.9% 3678 2134
14% നിരക്കിനത്തിൽ നിന്നുള്ള ജിഎസ്‌ടി വരുമാനത്തിന്റെ 33% 15366 5532
ആകെ 19044 7665

സിഎജി റിപ്പോർട്ട് 2025–26 അനുസരിച്ച് 
കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിന്റെ 
മതിപ്പുകണക്ക് – 46,563 കോടി രൂപ

കേരളത്തില്‍ 6 ശതമാനം നികുതി നിരക്കില്‍ നിന്ന് ഏകദേശം 7.9 ശതമാനം ജിഎസ്ടി വരുമാനമാണ് 2025–26 ല്‍ ലഭിക്കുന്നത് (3678 കോടി രൂപ). 14 ശതമാനം നിരക്കില്‍ നിന്ന് 33 ശതമാനം (15366 കോടി രൂപ) നികുതി ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. നികുതി നിരക്കില്‍ കുറവ് വരുന്നതോടെ ഏകദേശം 260ല്‍ പരം ഉല്‍പ്പന്നങ്ങള്‍ 6 ശതമാനം നിരക്കില്‍ നിന്ന് 2.5 ശതമാനം നികുതി സ്ലാബിലേക്ക് പോവുകയും 2134 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാവുകയും ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. കേരളത്തില്‍ നിരക്ക് കുറവ് ആറ് ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി (12 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക്) കുറയ്ക്കുന്നതിലൂടെ നിലവിലുള്ള വിറ്റുവരവില്‍ ഈ ഉല്‍പ്പന്നങ്ങളുടെ നികുതി വരുമാനത്തില്‍ 58 ശതമാനം കുറവും 14 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി (28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക്) കുറയ്ക്കുന്നതിലൂടെ നികുതി വരുമാനത്തില്‍ 36 ശതമാനം കുറവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ 14 ശതമാനം നിരക്കിലെ പ്രധാന ഉല്‍പ്പന്നങ്ങളായ എസി, വാഷിംഗ് മെഷീന്‍, സിമന്റ്, മോട്ടോര്‍ വാഹനങ്ങള്‍, ടയറുകള്‍, റഫ്രിജറേറ്ററുകള്‍, ഡിഷ് വാഷിംഗ് മെഷീനുകള്‍, വാക്വം ക്ലീനറുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ എന്നിവ 14 ശതമാനത്തില്‍ നിന്ന് 9 ശതമാനത്തിലേക്ക് പോകുകയും അതില്‍നിന്ന് ഏകദേശം 5532 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാവുകയും ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.

മുകളില്‍ പറഞ്ഞ ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഡിമാന്റ് വര്‍ദ്ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്കും ഉൽപ്പാദകർക്കും ഒരുപോലെ ഹ്രസ്വകാല നേട്ടം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പക്ഷേ മുന്‍ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്, കമ്പനികൾ ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിച്ച് നികുതി കുറവിന്റെ പ്രയോജനം ഉപഭോക്താവിന് നഷ്ടമാക്കാനുള്ള സാഹചര്യം ഉടലെടുത്തേക്കാം. ജി എസ് ടി നിയമപ്രകാരമുള്ള ആന്റി പ്രോഫിറ്റിയറിംഗ് സെക്ഷന്‍ (Section 171) വേണ്ടവിധം നടപ്പിലാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഇവിടെ പ്രസക്തമായ കാര്യമാണ്. ഈ സെക്ഷന്‍ അനുസരിച്ച് നികുതി നിരക്കിളവിന്റെ നേട്ടം ഉല്‍പ്പന്നങ്ങളുടെ വില കുറച്ച് ഉപഭോക്താവിന്- ലഭ്യമാക്കേണ്ടതാണ്.

2025–26 വര്‍ഷത്തേക്കുള്ള സിഎജി കണക്കാക്കിയ ജി എസ് ടി വരുമാനം 46563 കോടി രൂപയാണ്. വിറ്റുവരവില്‍ മാറ്റമില്ലാതെ തന്നെ നിരക്ക് വ്യതിയാനം നടപ്പിലായാല്‍ കേരളത്തിന്റെ മൊത്തം ജിഎസ്ടി വരുമാനനഷ്ടം 7665 കോടി രൂപ വരും. ഈ വരുമാന നഷ്ടത്തില്‍ വിപരീത തീരുവ ഘടന വഴിയുള്ള (inverted duty structure) നികുതി നഷ്ടം, സേവനങ്ങളില്‍ നിന്നുള്ള നികുതി നഷ്ടം (ഹോട്ടല്‍ മുറി വാടക, ഇന്‍ഷുറന്‍സ്) എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയെല്ലാം കൂടി കണക്കിലെടുത്താല്‍ ജിഎസ്ടി വരുമാനഷ്ടം 8000 കോടി രൂപയില്‍ കൂടുതല്‍ വരും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതി പിന്നിട്ടതുകൊണ്ട് നഷ്ടവും പകുതിയായി മാത്രമേ ഉണ്ടാകൂ എന്ന് പ്രതീക്ഷിക്കാം. 2026–27 സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ജി എസ് ടി വരുമാന നഷ്ടത്തിന്റെ ആക്കം കൂടാനാണ് സാധ്യത.

കേന്ദ്ര ധനകാര്യവകുപ്പിന്റെ കണക്കനുസരിച്ച്, 48000 കോടി രൂപയാണ് ജി എസ് ടി നിരക്ക് കുറയ്ക്കല്‍മൂലം ഉണ്ടാകുന്ന മൊത്തം നഷ്ടം. കേരളത്തിന്റെ 8000 കോടി രൂപയുടെ വരുമാന നഷ്ടം ആകെ വരുമാന നഷ്ടത്തിന്റെ 15 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടാകുമെന്നത് ആശങ്കയുളവാക്കുന്നതാണ്.

കേരളത്തിന്റെ നികുതിയേതര വരുമാനത്തിന്റെ പ്രധാന പങ്ക് ലോട്ടറിയില്‍ നിന്ന് ലഭ്യമാകുന്ന സാഹചര്യത്തില്‍ 40 ശതമാനം നിരക്കു വര്‍ദ്ധന കേരളത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ഇത് ലോട്ടറിയുടെ വില്‍പനയെ ബാധിക്കാനിടയുണ്ട്; ലോട്ടറി വില കൂടുന്നതിന് വഴിവെക്കുകയോ അല്ലെങ്കില്‍ പ്രൈസ് മണി കുറയുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ലോട്ടറി നികുതി ഉയര്‍ത്തിയതിന്റെ ആനുകൂല്യം കേന്ദ്രത്തിന് കൂടുതലായി ലഭിക്കുകയും ചെയ്യും.

ജി എസ് ടി നിരക്ക് കുറയ്ക്കലിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന ഭീമമായ ജി എസ് ടി വരുമാന നഷ്ടം നികത്താനുള്ള നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കേണ്ടത് അടിയന്തര ആവശ്യമാണ്. ജി എസ് ടി നിരക്ക് ലളിതവല്‍ക്കരണം കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കും; റവന്യൂ കമ്മി കൂടാനും ഇത് ഇടയാക്കും. പതിനാറാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത് പ്രത്യേക ഗ്രാന്റ് അനുവദിക്കേണ്ടത് അനിവാര്യമാണ്. നിലവിലുള്ള റവന്യു കമ്മി ഗ്രാന്റ് നിലനിര്‍ത്തിക്കൊണ്ട് പ്രത്യേക പാക്കേജ് ലഭ്യമാക്കിയാല്‍ മാത്രമേ നികുതി നിരക്ക് ലഘൂകരണത്തിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ട് ഒരു പരിധിവരെയെങ്കിലും കുറയ്ക്കാന്‍ പറ്റുകയുളളൂ.

ജി എസ് ടി നിരക്കു കുറവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് ശക്തമായ ഇടപെടല്‍ ജി എസ് ടി വകുപ്പിന്റെയും കേന്ദ്ര–സംസ്ഥാന ഗവണ്‍മെന്റുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് അനിവാര്യമാണ്. നികുതി നിരക്കിളവിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതിനുവേണ്ടി നികുതിയിളവിനു മുന്‍പും ശേഷവുമുള്ള വില നിലവാരം കേന്ദ്ര –സംസ്ഥാന ജി എസ് ടി വകുപ്പ് സസൂക്ഷ്മം വിലയിരുത്തേണ്ടതാണ്. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നികുതി നഷ്ടം ഉപഭോക്താവിന് നേട്ടമായി വരാന്‍ വേണ്ട നടപടികള്‍ ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്. ഇത് ലഭ്യമായാല്‍ ഉപഭോഗം വര്‍ദ്ധിക്കാനും കേന്ദ്ര– സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം കുറച്ചെങ്കിലും പരിഹരിക്കാനും കഴിഞ്ഞേക്കും. അതോടൊപ്പം സിന്‍ ഉല്‍പന്നങ്ങളായ പാന്‍മസാല, സിഗരറ്റ്, നോണ്‍ ആല്‍ക്കഹോളിക് ബിവറേജുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയവയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമാകുമ്പോള്‍ ലഭ്യമാകുന്ന അധിക നികുതി വരുമാനം വഴി സംസ്ഥാനത്തിന്റെ വരുമാന നഷ്ടം കുറച്ചുകൂടി കുറയ്ക്കാന്‍ കഴിഞ്ഞേക്കും. l
(അഭിപ്രായങ്ങൾ വ്യക്തിപരം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular