ജിഎസ്ടി പരിഷ്കാരം സംസ്ഥാന ധനകാര്യത്തിന്റെ നടുവൊടിക്കും. സംസ്ഥാനങ്ങളുടെ ചെലവിൽ ബീഹാർ തിരഞ്ഞെടുപ്പിന് കൈയടി നേടാനാണ് മോദിയുടെ ശ്രമം. അല്ലെങ്കിൽ ജിഎസ്ടി കൗൺസിൽ എടുക്കേണ്ട ഒരു തീരുമാനം സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ എന്തിനു പ്രധാനമന്ത്രി പ്രഖ്യാപിച്ചു? ബീഹാറിൽ ബിജെപിയുടെ കാര്യം അത്ര പന്തിയല്ലായെന്നു മോദിക്കു തോന്നിയിട്ടുണ്ടാകണം. 2019-ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ആദ്യവട്ടം നിരക്കുകൾ കുറച്ചതെങ്കിൽ ഇപ്പോൾ മോദിയുടെ വോട്ട് കളവ്, സ്റ്റാന്റിൽ പിടിച്ചതിനുശേഷം നടക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടാംവട്ടം നിരക്കുകൾ കുറച്ചിരിക്കുകയാണ്.
ജിഎസ്ടി പുതിയ പരിഷ്കാരത്തെ ജിഎസ്ടി 2.0 എന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വിളിക്കുന്നത്. ജി.എസ്.ടി 2017 ജൂലൈ 1-ന് നിലവിൽ വന്നതുപോലെ സുപ്രധാനമായ ഒരു തീരുമാനമാണത്രേ പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചതുമായ പരിഷ്കാരങ്ങൾ. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വമ്പിച്ച പ്രചാരണത്തോടൊപ്പം അച്ചടി-–ദൃശ്യ മാധ്യമങ്ങളിൽ പരസ്യങ്ങളും സുലഭമാണ്. ചേമ്പർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കോർപ്പറേറ്റ് അംഗങ്ങളോട് ഒരു പ്രത്യേക അഭ്യർത്ഥന നടത്തിയിട്ടുണ്ട്. മോദിയുടെ നടപടിയെ പിന്താങ്ങിക്കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ എല്ലാ അംഗങ്ങളും പ്രസ്താവനയിറക്കണമത്രേ!
ജിഎസ്ടി സംബന്ധിച്ച് പ്രചരിപ്പിക്കുന്ന
മിഥ്യകളും യാഥാർത്ഥ്യവും എന്ത്?
മിഥ്യ 1: ഇന്ത്യയിലെ ജിഎസ്ടി നിരക്കുകൾ വളരെ ഉയർന്നതാണ്. ഇത് സാമ്പത്തിക വളർച്ചയ്ക്കു തടസ്സമാണ്.
യാഥാർത്ഥ്യം: 27 യൂറോപ്യൻ രാജ്യങ്ങളിൽ ശരാശരി ജി.എസ്.ടി / വാറ്റ് നിരക്ക് 21 ശതമാനമാണ്. ഹംഗറിയിലെ 27 ശതമാനമാണ് ഏറ്റവും ഉയർന്ന നിരക്ക്. സ്വീഡൻ, ഡെൻമാർക്ക്, ഫിൻലാൻഡ് (25%), ഓസ്ട്രിയ, ബെൽജിയം, നെതർലന്റ്സ്, അയർലന്റ് (21%), ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, യുകെ (20%) ഇങ്ങനെ പോകുന്നു നിരക്കുകൾ.
ബ്രിക്സ് രാജ്യങ്ങളെടുത്താൽ ശരാശരി 14.1 ശതമാനമാണ് ഈ നിരക്ക്. റഷ്യ (20%), ബ്രസീൽ (17%), ചൈന (13%), സൗത്ത് ആഫ്രിക്ക (15%) എന്നിങ്ങനെയാണ് സ്റ്റാൻഡേർഡ് റേറ്റുകൾ. ചില ഉല്പന്നങ്ങൾക്ക് താഴ്ന്ന നിരക്കുകളുമുണ്ട്.
ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ശരാശരി ജി.എസ്.ടി 11.3 ശതമാനമായിരുന്നു. അതാണ് ഇപ്പോൾ 9.8 ശതമാനമായി വീണ്ടും കുറയ്ക്കുന്നത്. ജി.എസ്.ടി വരുന്നതിനുമുമ്പുള്ള സ്ഥിതിയെക്കുറിച്ചും ഓർക്കണം. അന്ന് എല്ലാ ചരക്കുകളുടെമേലും കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി ഉണ്ടായിരുന്നു. സാധാരണഗതിയിൽ ഇത് 12.5 ശതമാനമായിരുന്നു. ഇതിനുപുറമേ പല ഉല്പന്നങ്ങളുടെമേലും അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും സെസും സർചാർജും ഉണ്ടായിരുന്നു. ഇതെല്ലാമടങ്ങിയ വിലയുടെ മുകളിലാണ് സംസ്ഥാനങ്ങൾ 14 ശതമാനം വാറ്റ് ചുമത്തിയിരുന്നത്. അങ്ങനെ നികുതിക്കുമേൽ നികുതി എന്നതായിരുന്നു അന്നത്തെ അവസ്ഥ. ഉല്പന്നങ്ങളുടെമേൽ ശരാശരി ഏതാണ്ട് 20-–25 ശതമാനം നികുതി വരുമായിരുന്നു. ഇതാണ് വാറ്റ് വന്നപ്പോൾ ശരാശരി 15.3 ശതമാനമായി കുറഞ്ഞത്.
അരവിന്ദ് സുബ്രഹ്മണ്യം കമ്മിറ്റി റവന്യു ന്യൂട്രൽ നിരക്കായി 15.3 ശതമാനം നികുതി നിരക്കാണ് നിശ്ചയിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി 18 ശതമാനമാണ് കണക്കുകൂട്ടിയത്. റവന്യു ന്യൂട്രൽ നിരക്കെന്നു പറഞ്ഞാൽ ജി.എസ്.ടിയിൽ ലയിപ്പിച്ച എല്ലാ നികുതികളിൽ നിന്നുമുള്ള വരുമാനത്തിനു തുല്യമായ തുക ജി.എസ്.ടിയിൽ ഉറപ്പുനൽകുന്ന നിരക്ക് എന്നാണ് അർത്ഥം. എന്നാൽ 2018-ൽ ഇപ്പോൾ ചെയ്തതുപോലെ ജി.എസ്.ടി നിരക്കുകൾ വെട്ടിക്കുറച്ചു. ഇതിന്റെ ഫലമായി ശരാശരി നിരക്ക് 11.3 ശതമാനമായി താഴ്ന്നു.
എന്തായിരുന്നു അന്ന് നിരക്കുകൾ വെട്ടിക്കുറയ്ക്കാനുള്ള കാരണം? മോദി നോട്ടു നിരോധനമെന്ന ആനമണ്ടത്തരം കാണിച്ച് സമ്പദ്ഘടനയിൽ മാന്ദ്യം സൃഷ്ടിച്ചു. 2019-ലെ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങിയതോടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ ബിജെപി കണ്ടെത്തിയ എളുപ്പമാർഗമാണ് നികുതി കുറയ്ക്കുകയെന്നത്.
അരുൺ ജെയ്റ്റ്ലിക്ക് അസുഖമായി ജി.എസ്.ടി കൗൺസിലിൽ നിന്നും വിട്ടുനിന്നപ്പോൾ താല്കാലിക ചുമതലയേറ്റെടുത്ത പീയൂഷ് ഗോയലാണ് ഈ പണി പറ്റിച്ചത്. ഒരു പഠനവും നടത്തിയില്ല. അദ്ദേഹത്തിന്റെ സൂത്രം വളരെ ലളിതമായിരുന്നു. ഏതെങ്കിലും ഒരു മന്ത്രി ഏതെങ്കിലും ചരക്കിന്റെ നികുതി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് അദ്ദേഹം അംഗീകരിച്ചു കൊടുക്കും. ഒരുതരം ലേലംവിളി. അങ്ങനെ ഒരുവർഷക്കാലത്തെ പഠനശേഷം രൂപം നൽകിയ നിരക്കുകൾ നാശക്കോട്ടയായി.
ദൗർഭാഗ്യവശാൽ ഈ വെട്ടിനിരത്തൽ നടന്ന കൗൺസിൽ യോഗത്തിൽ, ചികിത്സയിലായിരുന്നതിനാൽ എനിക്ക് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഹാജരായ അടുത്ത യോഗത്തിൽ ഞാൻ എല്ലാവരോടും ചോദിച്ചു: “നിങ്ങൾ സംസ്ഥാനത്ത് അവതരിപ്പിക്കുന്ന ഒരു ബജറ്റിൽ ആണെങ്കിൽ ഇങ്ങനെ നികുതി വെട്ടിക്കുറയ്ക്കുമോ? ഇപ്പോൾ നിങ്ങൾ സമ്മതിച്ചതിനു കാരണം നഷ്ടപരിഹാരം കിട്ടുമെന്നതുകൊണ്ടാണ്. നഷ്ടപരിഹാരം ഇല്ലാതാകുന്ന ഒരു കാലഘട്ടം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?”
ഇന്നിപ്പോൾ വീണ്ടും സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിന് ജി.എസ്.ടി നിരക്കുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. 28 ശതമാനം നികുതി പൂർണ്ണമായും ഇല്ലാതാകും. 12 ശതമാനം 5 ശതമാനമായി താഴും. പുകയില ഉൾപ്പെടെയുള്ള ചില ചരക്കുകൾക്കുമേൽ 40 ശതമാനം നികുതിയായിരിക്കും. ഇതൊക്കെയാണ് മുഖ്യനിർദ്ദേശങ്ങൾ.
മിഥ്യ 2: ഇന്ത്യയിൽ ജിഎസ്ടി നിരക്കുകളുടെ എണ്ണം കൂടുതലാണ്. ഇത് നികുതി വ്യവസ്ഥയെ സങ്കീർണമാക്കും. ഇത് അടിയന്തരമായി ലളിതവൽക്കരിച്ചേ തീരൂ.
യാഥാർത്ഥ്യം: യൂറോപ്പിൽ മിനിമം 15 ശതമാനമാണ് സ്റ്റാന്റേർഡ് റേറ്റ്. ഓരോ രാജ്യത്തിനും അതിനേക്കാൾ കൂടുതലുമാകാം. അതുപോലെ എല്ലാ രാജ്യങ്ങൾക്കും അവശ്യവസ്തുക്കളുടെമേൽ താഴ്ന്ന 1-3 നിരക്കുകൾ വീതമുണ്ട്.
ബ്രിക്സ് രാജ്യങ്ങളിലും ഇങ്ങനെ തന്നെയാണ്. ബ്രസീലിൽ ഇപ്പോൾ 6 നിരക്കുകളുണ്ട്. റഷ്യയിൽ 3 നിരക്കുകളാണ്. ചൈനയിൽ 13 ശതമാനം സ്റ്റാന്റേർഡ് നിരക്കിനോടൊപ്പം താഴ്ന്ന നിരക്കുകളുമുണ്ട്. കാനഡയിൽ 5 ശതമാനം ഫെഡറൽ ജി.എസ്.ടിയും പിന്നെ ഓരോ പ്രവിശ്യയിലും വ്യത്യസ്ത നിരക്കുകളുമാണ്.
രണ്ട് നിരക്കിലേക്ക് മാറുന്നതിനുള്ള ന്യായം എന്താണ്?
നാല് നിരക്കുകൾ സങ്കീർണ്ണമാണത്രേ! നിരക്കുകൾ ലളിതവൽക്കരിച്ചാൽ ബിസിനസ് ചെയ്യാൻ എളുപ്പമാകും. ഈ വാദക്കാർ ഓർമ്മിക്കേണ്ടത് ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നതിനു മുമ്പുള്ള നികുതി നിരക്കുകളെക്കുറിച്ചാണ്. ഓരോ സംസ്ഥാനത്തും ഓരോ നികുതി നിരക്കുകളായിരുന്നു. അത് എത്രമാത്രം ലളിതവൽക്കരിച്ചു?
ഇനി വീണ്ടും ലളിതവൽക്കരിക്കുമ്പോൾ ഓർക്കേണ്ടുന്നകാര്യം, ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനപ്പുറം സാമ്പത്തിക നീതിയുടെ പ്രശ്നങ്ങളും ഇന്ത്യയെപ്പോലൊരു രാജ്യത്ത് പ്രധാനമാണ് എന്നതാണ്. ആഡംബര വസ്തുക്കൾക്ക് ഒന്നടങ്കം ഇപ്പോൾ നികുതി കുറയ്ക്കുന്നതിന് എന്താണ് ന്യായം? അതും പാവപ്പെട്ടവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ആവശ്യത്തിനു പണം ഇല്ലാത്തൊരു കാലത്ത്. അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളാണ് ജി.എസ്.ടിയെ സങ്കീർണമാക്കുന്നത്.
മിഥ്യ 3: നികുതി കുറയ്ക്കുന്നത് ചരക്കുകളുടെ വില കുറയ്ക്കും.
യാഥാർത്ഥ്യം: 2018-ൽ ഇത് നടന്നില്ല. കേരളം ഇതിന്റെ തെളിവുകൾ ജി.എസ്.ടി കൗൺസിലിൽ ഹാജരാക്കി. നികുതി ഭാരം കുറഞ്ഞിട്ടും തങ്ങൾ വ്യാപാരികൾക്കു വിൽക്കുന്ന വിലയിൽ കുറവു വരുത്താൻ വിസമ്മതിച്ച 335 ഉൽപന്നങ്ങൾ നിർമ്മിക്കുന്ന 150 ഓളം കമ്പനികൾക്കെതിരായി, കൊള്ളലാഭമെടുത്തതിന് ജി.എസ്.ടി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യവസ്ഥ പ്രകാരം നടപടി സ്വീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര-–സംസ്ഥാന ജി.എസ്.ടി ഉദ്യോഗസ്ഥരുടെ സംയുക്ത സ്ക്രീനിംഗ് കമ്മിറ്റിയാണ് തെളിവുകൾ പരിശോധിച്ച് അംഗീകരിച്ചത്.
സംസ്ഥാന ജി.എസ്.ടി വകുപ്പ് 606 വ്യവസായ ഉൽപന്നങ്ങളുടെ ബ്രാൻഡുകളുടെ വിലവിവരങ്ങൾ വിവിധ ജില്ലകളിൽ നിന്നായി ശേഖരിച്ചു. ജി.എസ്.ടി വരുന്നതിനുമുമ്പ് ഉണ്ടായിരുന്ന വാങ്ങൽ വിലയും വിൽപ്പന വിലയും (എം.ആർ.പി) യഥാർത്ഥ ബില്ലുകൾ പരിശോധിച്ചാണ് ശേഖരിച്ചത്. അതുപോലെതന്നെ ജി.എസ്.ടി വന്നതിനുശേഷമുള്ള വാങ്ങൽ വിലയും വിൽപ്പന വിലയും ശേഖരിച്ചു.
കേവലം 163 ഉൽപന്നങ്ങളുടെ വാങ്ങൽ വിലയിലും വിൽപ്പന വിലയിലും മാത്രമേ ജി.എസ്.ടി പൂർവ്വകാലത്തെ അപേക്ഷിച്ച് ഇന്ന് കുറവ് വന്നിട്ടുള്ളൂ. ഈ ഉൽപന്നങ്ങളുടെ നിർമ്മാതാക്കളായ കമ്പനികളും വിൽപനക്കാരായ വ്യാപാരികളും ജി.എസ്.ടി നികുതിയിളവിനെ ഭാഗികമായെങ്കിലും ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. അതുപോലെതന്നെ 43 ഉൽപന്നങ്ങളുടെ കാര്യത്തിൽ കമ്പനികൾ വാങ്ങൽ വില കുറച്ചില്ലെങ്കിലും എം.ആർ.പി താഴ്ത്തി നിശ്ചയിച്ചതുകൊണ്ട് വ്യാപാരികൾ വിൽപ്പന വിലയിൽ കുറവു വരുത്തി. അതായത് കമ്പനികൾ നികുതിയിളവ് കൈമാറിയില്ല. പക്ഷേ വ്യാപാരികൾ നികുതിയിളവ് ഉപഭോക്താക്കൾക്ക് കൈമാറി. എന്നാൽ ബാക്കി 400 ഉൽപന്നങ്ങളുടെ സ്ഥിതി ഇതല്ല.
261 ഉൽപന്നങ്ങളിൽ കമ്പനികൾ വില കുറച്ചിട്ടുണ്ടെന്ന് പർച്ചേയ്സ് ബില്ലുകൾ കാണിക്കുന്നു. എന്നാൽ വിൽപ്പനവിലയിൽ കുറവുണ്ടായിട്ടില്ല. ഇതിനൊരു പ്രധാന കാരണം കമ്പനികൾ എം.ആർ.പി താഴ്ത്തി നിശ്ചയിക്കാത്തതുകൊണ്ടാണ്. 139 ഉൽപന്നങ്ങളുടെ വിൽപ്പന വില ഒന്നുകിൽ വർദ്ധിച്ചു അല്ലെങ്കിൽ പഴയതുപോലെ തന്നെ തുടർന്നു. ഇവയുടെ വാങ്ങൽ വിലയും അതുപോലെതന്നെ ഉയരുകയോ അല്ലെങ്കിൽ പഴയതുപോലെ തുടരുകയോ ചെയ്തു. അതായത്, കമ്പനികളും വ്യാപാരികളും നികുതിയിളവ് ഉപഭോക്താക്കൾക്ക് കൈമാറാൻ തയ്യാറായില്ല.
129 ഹോട്ടലുകൾ പരിശോധിച്ചതിൽ 62 ഹോട്ടലുകളുടെ കാര്യത്തിൽ ഇൻപുട്ട് ടാക്സ് ആനുകൂല്യം പരിഗണിക്കാതെയാണ് വിലയിൽ വർദ്ധന വരുത്തിയിട്ടുള്ളത് എന്നുകണ്ടു. 66 ക്രഷറുകൾ പരിശോധിച്ചതിൽ വാറ്റ് നികുതി അടങ്ങുന്ന പഴയ വിലയുടെ മുകളിൽ ജി.എസ്.ടി നിരക്കിൽ നികുതി ഈടാക്കിയിരിക്കുകയാണെന്ന് തെളിഞ്ഞു.
സർവ്വസ്വതന്ത്ര മത്സര കമ്പോളമാണെങ്കിൽ നികുതി കുറഞ്ഞാൽ വില കുറയും. എന്നാൽ കുത്തകകൾ നിയന്ത്രിക്കുന്ന കമ്പോളമാണെങ്കിൽ അവർ സ്വമേധയാ തീരുമാനിച്ചാൽ മാത്രമേ വില കുറയുകയുള്ളൂ. കോഴിയുടെ വില കുറയ്ക്കാൻ ഞാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ കഥ ഇപ്പോഴും എന്നെ കളിയാക്കാൻ സംഘികൾ ഉപയോഗിക്കുന്ന കാര്യമാണ്. എന്നാൽ അത് പരാജയപ്പെട്ടതിന്റെ കാരണം, ഇന്ത്യൻ കമ്പോളം കുത്തകകളുടെ നിയന്ത്രണത്തിലായതിനാണെ ന്നകാര്യം ഇക്കൂട്ടർ സൗകര്യപൂർവം മറക്കുന്നു. നികുതിയിളവ് ഉപഭോക്താവിന് കൈമാറിയില്ലെങ്കിൽ നടപടി സ്വീകരിക്കണമെന്ന ശക്തമായ അഭിപ്രായം കൗൺസിലിൽ ഉണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ജി.എസ്.ടി കൗൺസിൽ ആന്റി പ്രോഫിറ്റിയറിംഗ് അതോറിറ്റിക്ക് രൂപം നൽകി. പക്ഷേ, ചട്ടം ഉണ്ടാക്കിയ കേന്ദ്രം ഒരു ആപ്പും വച്ചു. അതോറിറ്റിയുടെ നിയന്ത്രണം കേന്ദ്ര ജി.എസ്.ടിക്ക് ആയിരിക്കും. സംസ്ഥാനങ്ങൾ തെളിവുകൾ ശേഖരിച്ച് അതോറിറ്റിക്കു മുന്നിൽ അപ്പീൽ സമർപ്പിക്കുവാനും നിർദേശിച്ചു. എന്നാൽ പ്രത്യേകിച്ച് ഒരു തീരുമാനവും ഈ അതോറിറ്റി സ്വീകരിച്ചില്ല. അവസാനം ഈ അതോറിറ്റിയെത്തന്നെ കോമ്പറ്റീഷൻ കമ്മീഷനു കീഴിലാക്കി. ഇപ്പോഴത്തെ നികുതിയിളവും കോർപ്പറേറ്റുകളുടെ ലാഭമായി മാറാനാണ് സാധ്യത.
മിഥ്യ 4: വില കുറയുമ്പോൾ ഉപഭോഗം കൂടും. അതിന്റെ ഫലമായി സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഉയരും.
യാഥാർത്ഥ്യം: 2018-ൽ ഇത് സംഭവിച്ചില്ല. 14 ശതമാനംവച്ച് ജി.എസ്.ടി നികുതി വർദ്ധിക്കും എന്നായിരുന്നു തുടക്കത്തിൽ നൽകിയ ഉറപ്പ്. എന്നാൽ ഇതുവരെ ശരാശരി 11.08 ശതമാനം വീതമാണ് നികുതി വർദ്ധിച്ചിട്ടുള്ളത്. ഇതിനു പ്രധാനപ്പെട്ട കാരണം നികുതി നിരക്കുകളിൽ ഉണ്ടായിട്ടുള്ള ഇടിവാണ്.
കോവിഡുകാലത്ത് അന്തർദേശീയമായി എല്ലാ രാജ്യങ്ങളിലും കോവിഡിനും കോവിഡിനുശേഷവും നികുതി നിരക്കുകൾ കുറയ്ക്കുകയുണ്ടായി. അവിടുത്തെ അനുഭവം നികുതി നിരക്ക് കുറച്ചത് വരുമാനത്തെ പ്രതികൂലമായി ബാധിച്ചൂവെന്നതാണ്. ഓരോ രാജ്യത്തിന്റെയും അനുഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ലഭ്യമാണ്.
എന്നാൽ ഇന്ത്യയിലെ കോർപ്പറേറ്റ് മീഡിയകളും കേന്ദ്ര സർക്കാരും ജി.എസ്.ടി നിരക്കുകൾ കുറച്ചതിന്റെ ഫലമായി ചരക്കുകളുടെ വില കുറയുമെന്നും സമ്പദ്ഘടനയിൽ കുതിപ്പുണ്ടാകുമെന്നും സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടാകില്ലായെന്നുമുള്ള വാദക്കാരാണ്. ഇതു സംബന്ധിച്ച് ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും സമഗ്രമായ വാദം എസ്.ബി.ഐയുടെ ഗവേഷണ കേന്ദ്രത്തിന്റെ തലവൻ സൗമ്യകാന്തി ഘോഷ് പുറത്തിറക്കിയ ഇക്കോറാപ്പിന്റെ ഏറ്റവും പുതിയ ലക്കമാണ്. അദ്ദേഹത്തിന്റെ അനുമാനം ശരാശരി ജി.എസ്.ടി നിരക്ക് 9.8 ശതമാനമായി കുറയുമെന്നാണ്.
വ്യത്യസ്ത നിരക്ക് മാറ്റങ്ങളുടെ അനുമാനാടിസ്ഥാനത്തിൽ അദ്ദേഹം എത്തിച്ചേർന്നിരിക്കുന്ന നിഗമനം 60,000 കോടി രൂപ മുതൽ 1.1 ലക്ഷം കോടി രൂപ വരെ ജി.എസ്.ടി വരുമാനം കുറയാമെന്നാണ്. 85,000 കോടി രൂപ ശരാശരി നഷ്ടമാകാം. ഇപ്പോൾ ധനകാര്യ വർഷം പകുതിയായല്ലോ, അതുകൊണ്ട് നഷ്ടം 45,000 കോടി രൂപയായിരിക്കും ഈ വർഷമെന്നാണ് കണക്ക്.
പക്ഷേ, ഇത് വലിയൊരു പ്രശ്നമല്ലായെന്നാണ് കേന്ദ്ര സർക്കാരിന്റെയും ഘോഷിന്റെയും വാദം. കാരണം ജി.എസ്.ടി കുറയുമ്പോൾ വില കുറയും. 85,000 കോടി നികുതി വരുമാനം കുറയുമ്പോൾ 70,000 കോടി രൂപയുടെ ക്രയശേഷി വർദ്ധന ഉണ്ടാകുമത്രേ. ഇത് അധിക ഉപഭോഗമായി പലവട്ടം കറങ്ങി ഇല്ലാതാകുമ്പോഴേക്കും മൊത്തം ഡിമാൻഡിൽ 1.98 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടാകും. ഇതിനു പുറമേ ഡിമാൻഡ് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ബജറ്റിൽ നൽകിയിരിക്കുന്ന ഇൻകം ടാക്സ് ഇളവും മറ്റും ചേർക്കുമ്പോൾ ഉപഭോക്തൃ ചെലവിൽ 3.3 ലക്ഷം കോടി രൂപയുടെ വർദ്ധനവ് ഉണ്ടാകുമത്രേ. ഇതിന്റെ ഫലമായി 55,000 കോടി രൂപയുടെ നികുതി വർദ്ധനവാണ് ഉണ്ടാവുക. അതായത്, നികുതി പരിഷ്കാരംകൊണ്ട് സംസ്ഥാനങ്ങൾക്ക് ഒരു നഷ്ടവുമുണ്ടാകില്ലായെന്നാണ് അവരുടെ വാദം. ഇത് ശുദ്ധഅസംബന്ധമാണ്. 2018-ൽ ജി.എസ്.ടി നിരക്കുകൾ വെട്ടിക്കുറച്ചപ്പോൾ എന്ത് ഉണ്ടായിയെന്ന് നാം കണ്ടുവല്ലോ. നികുതിയിളവിൽ നല്ലപങ്കും കോർപ്പറേറ്റ് ലാഭമായിട്ടു മാറുകയാണുണ്ടായത്.
എസ്.ബി.ഐയുടെ വാദത്തിലെ മറ്റൊരു അടിസ്ഥാന നിഗമനം നികുതിയിലെ കുറവ് മാത്രമായിരിക്കും വിലയെ സ്വാധീനിക്കുന്ന ഘടകമെന്നാണ്. ഇതൊരു മൈനർ ഘടകം മാത്രമാണ്. ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം, ട്രംപ് തീരുവയുടെ ഫലമായി ഇറക്കുമതിയുടെ വില ഉയരുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിനുമുള്ള പ്രവണതയാണ്. ഇതുമൂലം വില ഉയരാനാണ് സാധ്യത. ഉപഭോഗ ഡിമാൻഡിന്റെ വില ഇലാസ്തികത സംബന്ധിച്ച കണക്കുകൂട്ടലുകളെല്ലാം ഇതോടെ പൊളിയും.
മറ്റൊരു കാര്യം, കയറ്റുമതിയിൽ ഉണ്ടാകുന്ന ഇടിവ് ഇന്ത്യയിലെ ദേശീയ വരുമാന വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതാണ്. ഇതുമൂലം ഉപഭോഗം ഉയരാനല്ല താഴാനാണ് സാധ്യത. ഇത്തരം കാര്യങ്ങളൊക്കെ മാറ്റിവച്ച് ഏകപക്ഷീയമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കുറച്ചാൽ ഉപഭോഗം കൂടുമെന്നും വരുമാനം വർദ്ധിക്കുമെന്നുമെല്ലാം വാദിക്കുന്നത്.
മിഥ്യ 5: നികുതി കുറയുന്നത് സാധാരണക്കാരനാണ് ഗുണം.
യാഥാർത്ഥ്യം: നികുതി നിരക്കിലുണ്ടാകുന്ന
കുറവിൽ ചെറിയൊരു ഭാഗം മാത്രമേ സാധാരണക്കാർക്ക് ലഭിക്കൂ. മാത്രമല്ല, ജി.എസ്.ടി വന്നതിന്റെ ഫലമായി സാധാരണക്കാർ ഉപയോഗിക്കുന്ന ചരക്കുകളുടെ നികുതി നിരക്കുകളല്ല ഗണ്യമായി കുറഞ്ഞിട്ടുള്ളത്. മറിച്ച്, ആഡംബര വസ്തുക്കളുടെമേലുള്ള നികുതികളാണ്. ജി.എസ്.ടി നിലവിൽ വന്നതിനുശേഷം സാധാരണക്കാരുടെ ഉല്പന്നങ്ങൾക്കു മേലുള്ള നികുതിയാണോ അതോ ആഡംബര വസ്തുക്കളുടെമേലുള്ള നികുതിയാണോ കുറഞ്ഞതെന്ന് താരതമ്യപ്പെടുത്തിയാൽ പ്രതിലോമപരമായ പ്രവണതയാണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല.
ജി.എസ്.ടിക്കു മുമ്പ് കാറുകൾ, എയർകണ്ടീഷനുകൾ തുടങ്ങിയ ആഡംബര വസ്തുക്കളുടെമേൽ കേന്ദ്ര-–സംസ്ഥാന നികുതികൾ 30-–45 ശതമാനം വരുമായിരുന്നു. ഇവയിൽ ഭൂരിപക്ഷത്തിനുമേലും ഇപ്പോൾ 18 ശതമാനമേ നികുതിയുള്ളൂ. സാധാരണക്കാരുടെ നിത്യേ-ാപയോഗ സാധനങ്ങളിൽ ചിലതിന്റെ ജിഎസ്ടി കുറയ്ക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ ആഡംബര വസ്തുക്കളുടെ നികുതിയിലാണ് ഏറെയും കുറവ് വരുന്നത് എന്നതാണ് യാഥാർഥ്യം. രണ്ട് നിരക്കുകളാക്കുമ്പോൾ ആഡംബര വസ്തുക്കളുടെമേലുള്ള നികുതി ഇനിയും കുറയും. ജി.എസ്.ടി നികുതി ഘടനയിലുണ്ടായിരുന്ന സാമ്പത്തികനീതിയുടെ (equity) ചെറിയ സ്വാധീനംപോലും ദുർബലപ്പെടുത്തിയിരിക്കുകയാണ്. പണക്കാർക്കാണ് കൂടുതൽ ഇളവുകൾ ലഭിക്കുക.
സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഇടിവുണ്ടായാൽ അത് സാധാരണക്കാർക്കുള്ള ക്ഷേമ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഉദാഹരണത്തിന് കേരളത്തിൽ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും സൗജന്യമാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകളും മറ്റു ക്ഷേമചെലവുകളും ഇതരസംസ്ഥാനങ്ങളേക്കാൾ വളരെ ഉയർന്നതാണ്. ഇത് ഇനിയും ഉയർത്തണം. സ്കാൻഡി നേവിയൻ രാജ്യങ്ങളെപ്പോലെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്നാണ് നമ്മുടെ ആഗ്രഹം.
പക്ഷേ, സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വ്യക്തികളുടെ വരുമാനത്തിന്റെ 40-–50 ശതമാനം സർക്കാർ പിരിക്കുന്നു. ഇവിടെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ നികുതികളും ചേർത്താലും ഏതാണ്ട് 16–-18 ശതമാനത്തിനപ്പുറത്തേയ്ക്കു വരില്ല. വലിയതോതിൽ ക്ഷേമപ്രവർത്തനങ്ങളോ വിദ്യാഭ്യാസ, ആരോഗ്യ ചെലവുകളോ ഇല്ലാത്ത ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇതു പ്രശ്നമല്ല. പക്ഷേ, കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ ജി.എസ്.ടി പരിഷ്കാരം വളരെ പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്.
ഒറ്റ നികുതി നിരക്ക് ആക്കിയാൽ കണക്കുകൂട്ടാൻ എളുപ്പമാകുമെന്നാണ് ഈ വിദഗ്-ധർ പറയുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനപ്പുറം സാമ്പത്തിക നീതിയുടേതായിട്ടുള്ള ധാർമ്മിക പ്രശ്നങ്ങൾ അവർക്കു പരിഗണനാവിഷയമേയല്ല. ജി.എസ്.ടിക്കു മുമ്പ് ഉണ്ടായിരുന്ന ഒരു ഡസൻ നികുതികളും അവയുടെ അസംഖ്യം നിരക്കുകളും ഏകീകരിച്ചാണ് ഇപ്പോഴത്തെ നാലു നിരക്ക് ഉണ്ടാക്കിയിട്ടുള്ളത്. തൽക്കാലം ഇതിനപ്പുറം കണക്കുകൂട്ടൽ എളുപ്പമാക്കാൻ ശ്രമിക്കുന്നത് അധാർമ്മികമാണ്.
നിലവിലുള്ള ജിഎസ്ടി സമ്പ്രദായം
അതേപടി തുടരണമെന്നതാണോ
ഇടതുപക്ഷത്തിന്റെ നിലപാട്?
അല്ല. ജിഎസ്ടിയിൽ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്താനുതകുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അതുസംബന്ധിച്ചാണ് ചർച്ചകൾ നടക്കേണ്ടത്.
ഒന്ന്, ജിഎസ്ടി കൗൺസിലിന്റെ വോട്ടിംഗ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരണം. മൂന്നിലൊന്ന് വോട്ടുള്ളതുകൊണ്ട് കേന്ദ്ര സർക്കാരിന് ഏതു നിർദ്ദേശത്തെയും വീറ്റോ ചെയ്യുന്നതിനു കഴിയും. കൗൺസിലിന്റെ പ്രവർത്തനം ജനാധിപത്യപരമാകണം.
രണ്ട്, നിലവിലുണ്ടായിരുന്ന വാറ്റ് സമ്പ്രദായത്തിലും എകീകൃത നികുതി നിരക്കുകൾ ആയിരുന്നു. എന്നാൽ അന്ന് നികുതി നിരക്കുകളിൽ ചില ഏറ്റക്കുറച്ചിലുകൾ വരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടായിരുന്നു. സംസ്ഥാനത്തിനുള്ളിലെ വ്യാപാരത്തിനുമേലുള്ള എസ്.ജി.എസ്.ടി നിരക്കുകളിൽ മാറ്റംവരുത്താൻ സംസ്ഥാനത്തിന് അധികാരമുണ്ടാകണം. പ്രളയകാലത്തു ജി.എസ്.ടിയുടെ മേൽ ഒരു ശതമാനം പ്രളയ സെസ് കേരളം ഏർപ്പെടുത്തുകയുണ്ടായല്ലോ. അതുകൊണ്ട് ഒരു കച്ചവടത്തിനും ദോഷം വന്നില്ല. എന്നാൽ ജി.എസ്.ടിയിൽ സെസ് ഏർപ്പെടുത്തുന്നതിനു കൗൺസിലിന്റെ അംഗീകാരം വേണം. ഇത് ഒഴിവാക്കി ഒന്നോ രണ്ടോ ശതമാനം നികുതി കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്കു നൽകണം.
മൂന്ന്, ഇപ്പോൾ ജി.എസ്.ടി നികുതി കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതം വയ്ക്കുകയാണ്. ഇതുമാറ്റണം. സംസ്ഥാനത്തിന് 60 ശതമാനവും കേന്ദ്രത്തിനു 40 ശതമാനവുമാക്കണം. ജി.എസ്.ടിയിൽ ലയിപ്പിച്ച കേന്ദ്ര–സംസ്ഥാന നികുതികൾ കൂട്ടുമ്പോൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം 55–58 ശതമാനം വരും.
നാല്, ജി.എസ്.ടിക്കു തൊട്ടുമുമ്പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന വാറ്റ് അടക്കം ജി.എസ്.ടിയിൽ ലയിപ്പിച്ച നികുതി വരുമാനങ്ങൾ എല്ലാ വർഷവും 14 ശതമാനം വർദ്ധിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ ജി.എസ്.ടിക്കു സമ്മതിച്ചത്. ഇങ്ങനെ വർദ്ധിച്ചില്ലെങ്കിൽ കുറവുവരുന്ന തുക അഞ്ചു വർഷം നഷ്ടപരിഹാരമായി നൽകാമെന്നും കേന്ദ്രം ഏറ്റു. ഇതിനുവേണ്ടി പുകയില, ആഡംബര കാറ് എന്നിവയുടെമേൽ സെസും അന്ന് ഏർപ്പെടുത്തി. ഈ നഷ്ടപരിഹാര സമ്പ്രദായം പുനഃസ്ഥാപിക്കണം.
ജി.എസ്.ടി കുറച്ചതുകൊണ്ട് കേന്ദ്രത്തിനു വലിയ നഷ്ടമില്ല. പകുതി നികുതി വരുമാനം കേന്ദ്രത്തിനാണെങ്കിലും അതിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്കു നൽകാനുള്ളതാണ്. ബാക്കിയേ കേന്ദ്രത്തിന്റെ വരുമാനത്തിൽ കുറവുവരൂ. അത് കേന്ദ്രത്തിന് ഒരു പ്രശ്നമേയല്ല. ബാങ്കുകളുടെയും റിസർവ് ബാങ്കിന്റെയും ഭീമൻ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, മിനറലുകളുടെയും മറ്റും കൊള്ളലാഭം ഇതൊക്കെയാണ് കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട വരുമാനം. ജിഎസ്ടി ആർക്കു വേണം? അത് കുറഞ്ഞാൽ നഷ്ടം സംസ്ഥാനങ്ങൾക്കാണ്.
അതുകൊണ്ട് സംസ്ഥാനങ്ങൾ ഒരുമിക്കണം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം നികുതി നിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടാൽ എതിർക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇത് കേന്ദ്രത്തിന് അറിയാം. അതുകൊണ്ടാണ് കൗൺസിലിൽപ്പോലും ചർച്ച ചെയ്യാതെ ക്രെഡിറ്റ് എടുക്കാൻ മോദി സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തെ ഇതിനായി ഉപയോഗിച്ചത്. പക്ഷേ, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തോട് ന്യായമായും ആവശ്യപ്പെടാം– ജി.എസ്.ടി 14 ശതമാനംവച്ച് ഉയരുമെന്ന് ഉറപ്പു തരണം. കുറവ് ഉണ്ടായാൽ ആ നഷ്ടത്തിനു പരിഹാരം നൽകണം. l



