ജിഎസ്ടി നിരക്ക് പരിഷ്കരണം ആഗസ്ത് 15-–ാം തീയതിയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഒരു ദീപാവലി സമ്മാനമായാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ജിഎസ്ടി നിരക്കുകള്‍ തീരുമാനിക്കാനുള്ള ആധികാരിക സമിതി ജിഎസ്ടി കൗണ്‍സിലാണ്. ആ അർത്ഥത്തിൽ പ്രധാനമന്ത്രി ആഗസ്ത്- 15-ന് നടത്തിയ പ്രഖ്യാപനം സംസ്ഥാനങ്ങളുടെയും ജിഎസ്ടി കൗണ്‍സിലിന്റെയും അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്.
ഇപ്പോള്‍ നിലവിലുള്ള ജിഎസ്ടി നിരക്കുകള്‍ 5%, 12%, 18%, 28% എന്നിങ്ങനെയാണ്. ഇതില്‍ 12% ഉം 28% ഉം ഒഴിവാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പിന്നീട് ജിഎസ്ടി നിരക്കുകള്‍ തീരുമാനിക്കേണ്ട ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സിന്റെ മീറ്റിങ്ങും അംഗീകരിക്കുകയുണ്ടായി.
2025 സെപ്തംബര്‍ മൂന്നിന് ചേര്‍ന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശം പൊതുവിൽ സംസ്ഥാനങ്ങളെല്ലാം അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിരക്ക് രണ്ട് സ്ലാബിലായി നിജപ്പെടുത്തിയ നിർദേശം കേന്ദ്ര സർക്കാർ ഏകപക്ഷീയമായി മുന്നോട്ടുവച്ചതാണെങ്കിലും, അതിന്റെ യുക്തിയെ അംഗീകരിക്കുന്ന നിലപാടാണ് കേരളമടക്കം സ്വീകരിച്ചത്. എന്നാൽ, സംസ്ഥാനങ്ങൾ മുന്നോട്ടുവച്ച ആശങ്കകൾ ഒന്നും തന്നെ പരിഗണിക്കാൻ ജിഎസ്‌ടി കൗൺസിലിൽ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരമുറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ പൂർണമായും അവഗണിക്കുകയായിരുന്നു.
മൂന്നു കാര്യങ്ങളാണ് കേരളം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഒന്ന്, നികുതിയിളവിന്റെ ഭാഗമായി ഉൽപ്പന്നങ്ങൾക്ക് വിലക്കുറവുണ്ടാകണം. സാധാരണ സംഭവിക്കാറുള്ളതുപോലെ ഉപഭോക്താവിന് വിലക്കുറവ് ലഭിക്കേണ്ടതിനുപകരം കമ്പനികൾക്ക് അധികലാഭം കൊയ്യാനുള്ള അവസരമായി ഇത് മാറരുത്. രണ്ട്, നികുതി വെട്ടിക്കുറവുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം പരിഹരിക്കാൻ നിശ്ചിത കാലത്തേക്കെങ്കിലും നഷ്ടപരിഹാര പദ്ധതി നടപ്പാക്കണം. മൂന്ന്, കേരള ലോട്ടറിയെ സംരക്ഷിക്കുന്ന നികുതി നിരക്ക് നിശ്ചയിക്കണം.
എന്നാൽ, നിരക്ക് കുറയ്‌ക്കലിന് ആനുപാതികമായ വിലക്കുറവ് ഉപഭോക്താവിന് ഉറപ്പാക്കാനുതകുന്ന ഒരു നിർദേശവും കേന്ദ്ര സർക്കാരിന് കൗൺസിലിനു മുമ്പാകെ വയ്‌ക്കാനായിട്ടില്ല. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ, ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും മുന്നോട്ടുവച്ച ആവശ്യമാണിത്. ജിഎസ്‌ടി നിരക്ക് കുറയ്‌ക്കുന്നതിന് ആനുപാതികമായി സാധനങ്ങളുടെ വില കുറയുന്നില്ലെന്നതാണ് മുൻ അനുഭവങ്ങളെല്ലാം. അതിനാൽ, 450–ലധികം ഇനങ്ങൾ ഉൾക്കൊള്ളുന്ന നിലവിലെ നിരക്കുമാറ്റ നിർദ്ദേശത്തിന്റെ പ്രയോജനം ഉപഭോക്താവിന് കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്നതായിരുന്നു ആവശ്യം. ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനവും നിലവിലില്ലെന്നതും യോഗത്തിൽ ചൂണ്ടിക്കാട്ടി. സിമന്റിന് നിലവിലുള്ള 28 ശതമാനം നികുതി 18 ശതമാനത്തിലേക്ക് എത്തുമ്പോൾ ഒരു ചാക്ക് സിമന്റിന് കുറഞ്ഞത് 30 രൂപ കുറയണം. എന്നാൽ, ഇതു മനസിലാക്കി 30 മുതൽ 35 രൂപവരെ വിലകൂട്ടാൻ സിമന്റ് കമ്പനികൾ നേരത്തെതന്നെ നിശ്ചയിക്കുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. ഇൻഷ്വറൻസ് പ്രീമിയത്തിനുള്ള നികുതി ഒഴിവാക്കലിന്റെ ഗുണം ഇൻഷ്വർ ചെയ്യുന്നവരിലേക്ക് എത്തുമോ എന്നതിൽ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിട്ടിതന്നെ സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. ഫലത്തിൽ നികുതി കുറവിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കാതിരിക്കുകയും കമ്പനികൾക്ക് ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
നിലവിലെ നിരക്കു കുറയ്‌ക്കൽ നികുതി വരുമാനത്തെ ബാധിക്കുമെന്നത് എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുന്നു. കേരളത്തിന് ഏതാണ്ട് 8,000 കോടി രൂപ മുതൽ 10,000 കോടി രൂപവരെ വാർഷിക വരുമാന നഷ്ടമുണ്ടാകാം. ഓട്ടോമൊബൈൽ, സിമന്റ്, ഇൻഷ്വറൻസ്, ഇലക്‌ട്രോണിക്‌സ് എന്നീ നാലുമേഖലകളിൽനിന്നുമാത്രം 2,500 കോടി രൂപയുടെ വാർഷിക നഷ്ടമുണ്ടാകും.
ജിഎസ്‌ടിയുടെ എട്ടുവർഷത്തെ ചരിത്രം പരിശോധിച്ചാൽ നികുതിവരുമാനത്തിൽ കാര്യമായ വർധനയില്ലെന്നതാണ് യാഥാർത്ഥ്യം. ജിഎസ്ടി നടപ്പാക്കുന്നതിനുമുമ്പ് നിലനിന്നിരുന്ന വിൽപ്പന നികുതിയിൽനിന്ന് 2015–16 ൽ കേരളത്തിന് 30,737 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ 16,821 കോടി രൂപയുടെ നികുതി വരുമാന ഘടകങ്ങളാണ് ജിഎസ്‌ടിയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. ജിഎസ്‌ടിക്കുമുന്നേയുള്ള പത്തുവർഷത്തിൽ 15.2 ശതമാനവും, ഇതിൽ അവസാനത്തെ അഞ്ചുവർഷത്തിൽ 12.1 ശതമാനവുമായിരുന്നു വാർഷിക നികുതി വളർച്ച.
ജിഎസ്‌ടി വരുന്ന ഘട്ടത്തിൽ പ്രതിവർഷം 14 ശതമാനം നികുതി വളർച്ച ഉറപ്പാക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ആകെ കച്ചവടത്തിൽ 14.4 ശതമാനം നികുതി എന്ന രീതിയിൽ റവന്യു ന്യൂട്രൽ റേറ്റും നിശ്ചയിച്ചിരുന്നു. റവന്യു ന്യൂട്രൽ നിരക്ക് 15 – 15.5 ശതമാനത്തിനിടയിൽ വരുന്ന നിലയിലുള്ള ജിഎസ്‌ടി നിരക്കുകളാണ് അരവിന്ദ് സുബ്രഹ്മണ്യൻ കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നത്. സംസ്ഥാനങ്ങൾ തങ്ങളുടെ ഗണ്യമായ നികുതി അധികാരങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നത് പരിഗണിച്ചായിരുന്നു ശുപാർശ. 14.4 ശതമാനം റവന്യൂ ന്യൂട്രൽ നിരക്ക് നിലനിർത്തുമെന്ന ഉറപ്പിൽ ജിഎസ്‌ടി നടപ്പാക്കി. തുടർന്ന് 2017 നവംബറിൽ, നിരക്ക് യുക്തിസഹമാക്കലിന്റെ പേരിൽ 178 ചരക്കിനങ്ങളുടെ നിരക്കുകൾ ഒറ്റയടിക്ക് കുറച്ചപ്പോൾ റവന്യു ന്യൂട്രൽ നിരക്ക് 11.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. തുടർന്നുള്ള വർഷങ്ങളിലും നികുതി നിരക്കുകൾ കുറയ്‌ക്കുന്നത് സംസ്ഥാനങ്ങളുടെ വരുമാനം ചുരുക്കി.
ഇതെല്ലാം കേരളത്തിനുണ്ടാക്കിയ വരുമാന നഷ്ടം കണക്കുകളിൽ വ്യക്തമാണ്. ജിഎസ്‌ടിക്കുമുമ്പുള്ള അഞ്ച് വർഷങ്ങളിലെ വളർച്ചാനില തുടർന്നിരുന്നുവെങ്കിൽ കേരളത്തിന് കുറഞ്ഞത് 12 ശതമാനമെങ്കിലും വരുമാന വളർച്ചാ നിരക്ക് നിലനിർത്താനാകുമായിരുന്നു. എങ്കിൽ, 2024–25 ൽ 51,892 കോടി രൂപയുടെ നികുതി വരുമാനമുണ്ടാകുമായിരുന്നു. കഴിഞ്ഞ വർഷം ജിഎസ്‌ടിവഴി ലഭിച്ചത് 32,773 കോടി രൂപയാണ്. 2017നുമുമ്പുള്ള 10 വർഷങ്ങളിൽ തുടർന്ന മൊത്തം വാർഷിക നികുതി വളർച്ചാ നിരക്ക് (ശതമാനം) പരിഗണിച്ചാൽ, കഴിഞ്ഞവർഷം ലഭിക്കേണ്ടിയിരുന്നത് 60,377 കോടി രൂപയാണ്. അപ്പോൾ, ജിഎസ്ടി നടപ്പിലാക്കിയതുമൂലം കഴിഞ്ഞവർഷം കേരളത്തിനുണ്ടായ വരുമാന നഷ്ടം 32,773 കോടി രൂപയാണ്.
സംസ്ഥാനങ്ങൾക്ക് 14 ശതമാനം വാർഷിക വരുമാന വളർച്ച ലഭിക്കാത്ത സാഹചര്യത്തിൽ അനുവദിച്ച നഷ്ടപരിഹാരവും 2022 ജൂണിൽ അവസാനിപ്പിച്ചു. നഷ്ടപരിഹാര സംവിധാനം തുടർന്നിരുന്നെങ്കിൽ, 2024–25 ൽ കേരളത്തിന് 54,000 കോടി രുപ ലഭിക്കുമായിരുന്നു. ഈ രീതിയിൽ പഴയ നികുതി സമ്പ്രദായത്തിൽ ലഭിച്ചുക്കൊണ്ടിരുന്ന വരുമാനം ഭീമമായി വെട്ടിക്കുറയ്‌ക്കപ്പെട്ടിരിക്കുകയാണ്.
ഒന്നിലും വ്യക്തതയില്ല
നിരക്കു മാറ്റം സംസ്ഥാനങ്ങളുടെ ധനകാര്യത്തിലും കേന്ദ്ര ഖജനാവിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വ്യക്തതയില്ല എന്നതും ആശങ്കയുയർത്തുന്ന കാര്യമാണ്. ദേശീയതലത്തിൽ വലിയ വരുമാന വ്യത്യാസത്തിന് നിരക്കുമാറ്റം കാരണമാകില്ലെന്നാണ് ഒരു വാദം. എന്നാൽ, ഓരോ സംസ്ഥാനത്തിനും വ്യത്യസ്‌തമായ ഉപഭോഗ രീതികളുണ്ട്. ഉയർന്ന നിരക്കിലുള്ള ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഉപഭോഗമുള്ള കേരളത്തിന്, ഇവയുടെ നിരക്കിൽ വരുത്തുന്ന വലിയ കുറവ് വരുമാനത്തെ ഗണ്യമായി ബാധിക്കും. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ നഷ്ടം വളരെ വലുതായിരിക്കും. 28, 18 ശതമാന നിരക്കിൽ നികുതി ഈടാക്കിയിരുന്ന ഉൽപന്നങ്ങൾ വഴിയാണ് കേരളത്തിന് ജിഎസ്‌ടിയുടെ 78 ശതമാനവും ലഭിക്കുന്നത്. ഇത്തരം ഇനങ്ങളുടെ നികുതിയിൽ വരുത്തിയ കുറവുകൾ കേരളത്തിനെ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തതയില്ല. ഇത്തരം കാര്യങ്ങളിൽ ഒരു പഠനവും പരിശോധനയും നടന്നിട്ടുമില്ല.
വരുമാന നഷ്ടം ഉയരും
സാമ്പത്തിക ഉയർച്ചയ്ക്കും ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും അതുവഴി വരുമാനം വർദ്ധിപ്പിക്കുന്നതിനും സഹായകമാകും എന്നായിരുന്നു ജിഎസ്‌ടി നടപ്പാക്കുന്നതിനു മോദി മുന്നോട്ടുവെച്ച അവകാശവാദം. അത് യാഥാർത്ഥ്യമായില്ല. നിലവിലെ നികുതി നിരക്ക് കുറയ്‌ക്കലുംകൂടി പ്രാബല്യത്തിലാകുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം കൂടുതൽ ഇടിയും. 2017 നവംബറിൽ 178 ഇനങ്ങളിലായി നടപ്പിലാക്കിയ നിരക്ക് കുറയ്‌ക്കൽ തീരുമാനം കേരളത്തിന്റെ വരുമാനത്തിന് കനത്ത പ്രഹരമായിമാറി. നഷ്ടപരിഹാരതുകയിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം ഇത് പ്രകടമാക്കി. 2017–18 ലെ 2,102 കോടി രൂപയിൽനിന്ന് 2018–19 ൽ 3,532 കോടി രൂപയായും, 2019–20 ൽ 8,111 കോടി രൂപയായും നികുതി നഷ്ടപരിഹാരതുക ഉയർന്നു. 2017–18 നും 2022–23നുമിടയിൽ, കേരളത്തിന്റെ സംരക്ഷിത വരുമാനവും യഥാർത്ഥ ജിഎസ്ടി വരുമാനവും തമ്മിലുള്ള വിടവ് വർദ്ധിച്ചുവരികയാണ്. 2019–20 ൽ 28,416 കോടി രൂപയുടെ സംരക്ഷിത വരുമാനത്തിൽ, സംസ്ഥാനത്തിന്റെ സ്വന്തം ജിഎസ്ടി വരുമാനങ്ങളും അഡ്-ഹോക്ക് സെറ്റിൽമെന്റുകളും ചേർന്ന തുക 20,316 കോടി രൂപ മാത്രമാണ്. 8,100 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കേണ്ടിവന്നു. 2020–21 ൽ, സംരക്ഷിത വരുമാനം 32,400 കോടി രൂപയായിരുന്നു. ജിഎസ്ടി വരുമാനങ്ങളും അഡ്-ഹോക്ക് സെറ്റിൽമെന്റുകളുമായി ലഭിച്ചത് 19,559 കോടി രൂപയും. നഷ്ടപരിഹാര തുക 12,841 കോടി രൂപയായും ഉയർന്നു. 2022 വരെയുള്ള കാലയളവിൽ നഷ്ടപരിഹാരമാണ് വരുമാന നഷ്ടം നികത്തിയിരുന്നത്. ഇതേ അനുഭവമാണ് മിക്ക സംസ്ഥാനങ്ങൾക്കുമുണ്ടായിരുന്നത്. അതെല്ലാം പരിഗണിച്ചാണ്, നിലവിലെ നിരക്ക് പരിഷ്‌കരണത്തിൽ സംസ്ഥാനങ്ങൾക്ക് ഉണ്ടാകാവുന്ന വരുമാന നഷ്ടം കുറയ്‌ക്കാൻ നഷ്ടപരിഹാര സംവിധാനം പുനഃസ്ഥാപിച്ചേ മതിയാകൂ എന്ന ആവശ്യം യോഗത്തിൽ ശക്തമായി അവതരിപ്പിക്കപ്പെട്ടത്.
ദേശീയ ജിഡിപിയുടെ ഏകദേശം 4 ശതമാനം സംഭാവന ചെയ്യുന്ന കേരളത്തിന്റെ സാമ്പത്തിക പ്രകടനം 2016–17 മുതൽ സ്ഥിരമായി തുടരുന്നു. എന്നാലും, ജിഎസ്ടിക്ക് മുമ്പുള്ള സംയോജിത നികുതികളുടെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിഎസ്ടിക്കു ശേഷമുള്ള കാലയളവിൽ കേരളത്തിന്റെ നികുതി വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ജിഎസ്ടി സമ്പ്രദായത്തിനുള്ളിലെ വ്യവസ്ഥാപിത പ്രശ്‌നങ്ങളാണ് കാരണം. അതേസമയം, യൂണിയൻ നികുതികളുടെ വിഭജിക്കാവുന്ന പൂളിലും കേരളത്തിന്റെ പങ്ക് കുറഞ്ഞു. ധനകാര്യ കമ്മീഷൻ നിശ്ചയിച്ച ഫോർമുലയാണ് കാരണമായത്. സാമൂഹിക മാനവ വികസന സൂചികകളിൽ ശക്തമായ മുന്നേറ്റമുണ്ടാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയായിരുന്നു.
ചെലവുചുരുക്കൽ സാധ്യമല്ല
നഷ്ടപരിഹാര വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞതിനാൽ കേരളം കൂടുതൽ സാമ്പത്തിക അസന്തുലിതാവസ്ഥയിലാണ് മുന്നോട്ടുപോകുന്നത്. പ്രായമാകുന്നവരുടെ സംഖ്യാവർധന, കാലാവസ്ഥാ വ്യതിയാനവും ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളും, വിപുലമായ സാമൂഹിക, അടിസ്ഥാനസൗകര്യ വികസനം എന്നിവയെല്ലാം സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയർത്തുന്നു. അതിനിടയിൽ നികുതി പരിഷ്‌കരണം കേരളത്തിന്റെ പരിമിതമായ സാമ്പത്തിക ഇടത്തെ കൂടുതൽ ചുരുക്കും.
സാമ്പത്തിക വർഷത്തിന്റെ മധ്യത്തിൽ സംഭവിക്കുന്ന നികുതി നിരക്ക് മാറ്റവും വരുമാന നഷ്ടവും ബജറ്റ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് വെല്ലുവിളിയാകും. ഈ സമയ പൊരുത്തക്കേട് ധനകാര്യ ആസൂത്രണത്തെയടക്കം വലിയ തോതിൽ ബാധിക്കാം.
നിരക്ക് യുക്തിസഹമാക്കലിനുമപ്പുറം, ഐജിഎസ്‌ടി തീർപ്പാക്കൽ സംബന്ധിച്ച വ്യവസ്ഥാപരമായ ആശങ്കകളും കേരളം മുന്നോട്ടുവച്ച മറ്റൊരു പ്രശ്‌നമാണ്. ഐജിഎസ്‌ടി തീർപ്പാക്കലുകളിൽ സുതാര്യതയില്ലായ്മ പ്രകടമാണ്. അന്തർസംസ്ഥാന ഇടപാടുകളിൽ, ചരക്കിന്റെയോ സേവനത്തിന്റേയോ ഉപയോഗ സ്ഥലം ബില്ലുകളിൽ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെടുകയാണ്.
സംസ്ഥാനങ്ങൾ സാമ്പത്തിക സമ്മർദത്തിൽ
കേന്ദ്ര നിലപാടുകളിൽ വരുത്തുന്ന മാറ്റങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങൾക്കുണ്ടാക്കുന്ന സാമ്പത്തിക സമ്മർദ്ദവും പരിശോധിക്കപ്പെട്ടിട്ടില്ല. കേരളത്തിന്, സ്വന്തം നികുതി വരുമാനത്തിന്റെ ഏകദേശം 41 ശതമാനമാണ് ജിഎസ്‌ടിയിൽനിന്ന് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വരുമാനത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ജിഎസ്ടിയിൽനിന്നുള്ളത്. പ്രത്യക്ഷ നികുതികളും സെസ്സുകളും സർചാർജുകളും വലിയതോതിൽ എടുക്കുന്ന വായ്‌പകളുമാണ് കേന്ദ്ര സർക്കാരിന് പ്രധാന സാമ്പത്തിക സ്രോതസ്സുകൾ. അതിനാൽ, നിരക്കു മാറ്റത്തിന്റെ വലിയ ഭാരം സംസ്ഥാനങ്ങൾക്കുമേലായിരിക്കും പതിക്കുക.
ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചുള്ള നിർദേശങ്ങളാണ് കേരളം കൗൺസിലിന് മുന്നിൽ വച്ചത്. സംസ്ഥാന വരുമാനം സംരക്ഷിക്കുന്നതിന് ഒരു അധിക ലെവി സംവിധാനം അവതരിപ്പിക്കണമെന്നതായിരുന്നു ആദ്യ നിർദേശം. വരുമാനക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക സെസ്സുകൾ ചുമത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണം, വരുമാനം പങ്കിടലിലെ കേന്ദ്ര–സംസ്ഥാന അനുപാതം 40:60 ആക്കണം, ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതി നിരക്കും സാധാരണക്കാർ ഉപയോഗിക്കുന്ന അവശ്യ വസ്തുക്കൾക്ക് ഗണ്യമായി കുറഞ്ഞ നിരക്കും ചുമത്തുന്ന ഒരു നികുതി സമ്പ്രദായം നടപ്പാക്കണം എന്നിങ്ങനെ വ്യക്തമായ നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും കേന്ദ്ര സർക്കാർ അത് ഗൗരവത്തിലെടുത്തിട്ടില്ല.
ലോട്ടറിയെയും നേരിട്ട് ബാധിക്കും
സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറി കേരളത്തിൽ മാത്രമാണുള്ളത്. അതിനെയും ചൂതാട്ടത്തിനും കാസിനോകൾക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതി പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വിതരണക്കാരും ടിക്കറ്റ് വിൽപ്പനക്കാരുമായി രണ്ട് ലക്ഷം ആളുകളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് കേരള ലോട്ടറി സംവിധാനം. വിപുലമായ ജനപിന്തുണയുമുണ്ട്. ജിഎസ്ടി വർദ്ധനവ് ടിക്കറ്റ് വിൽപ്പന കുറയ്ക്കുകയും ഈ ദുർബല വിഭാഗങ്ങളെ നേരിട്ടു ബാധിക്കുകയും ചെയ്യും. സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെ നിലവിലെ നിരക്കു മാറ്റ നിർദ്ദേശത്തിൽനിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പേപ്പർ ലോട്ടറിയുടെ നിലവിലെ 28 ശതമാനം നികുതി നിരക്ക് തുടരാൻ വലിയ പോരാട്ടം ഏറ്റെടുക്കേണ്ടിവരും.
വാഗ്ദാനങ്ങൾ നിറവേറ്റപ്പെടേണ്ടതാണ്
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നേട്ടങ്ങൾ നൽകുമെന്ന പ്രതീക്ഷയോടെയാണ് സംസ്ഥാനങ്ങൾ ഗണ്യമായ നികുതി അധികാരങ്ങൾ ഉപേക്ഷിച്ചതും ജിഎസ്‌ടിയെ അംഗീകരിച്ചതും. എട്ട് വർഷങ്ങൾക്കുശേഷവും ഈ വാഗ്ദാനങ്ങളിൽ പലതും നിറവേറ്റപ്പെട്ടിട്ടില്ല. അതിനാലാണ് കേരളം സുചിന്തിതമായ ആശങ്കകൾ കൗൺസിലിനു മുന്നിൽ വച്ചത്. ധനകാര്യ ഫെഡറലിസം സംരക്ഷിക്കുന്നതിന് മാത്രമല്ല, ജിഎസ്ടി സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനും സംസ്ഥാന വരുമാനം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അപ്പോൾ മാത്രമേ ജിഎസ്ടിയുടെ യഥാർത്ഥ സാധ്യതകൾ തിരിച്ചറിയാനും രാജ്യത്തുടനീളമുള്ള പൗരർക്ക് ആനുകൂല്യങ്ങൾ നൽകാനും കഴിയൂ. അതിനായുള്ള ആശയങ്ങളാണ് കേരളമടക്കം എട്ട് സംസ്ഥാനങ്ങൾ യോഗത്തിൽ സമർപ്പിച്ചത്. അവ പൂർണമായും അവഗണിക്കപ്പെട്ടുവെന്നത് നിരാശാജനകവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
ജിഎസ്‌ടി നിരക്ക് കുറയ്ക്കലും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന താരിഫ് വര്‍ദ്ധനവും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്ന് തോന്നാം. എന്നാല്‍ അതുരണ്ടും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ ചരക്കുകള്‍ അമേരിക്കയില്‍ നിന്ന് കയറ്റുമതി നടത്താനുള്ള ഒരു സമ്മര്‍ദ്ദ തന്ത്രമായിക്കൂടിയാണ് ട്രംപ് തീരുവ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലേക്ക് അമേരിക്കന്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അത് ഇന്ത്യന്‍ കമ്പോളത്തില്‍ നല്ല രീതിയില്‍ വിറ്റുപോകണമെങ്കില്‍ ഇന്ത്യയിലെ നികുതി നിരക്കും കുറഞ്ഞിരിക്കേണ്ടതുണ്ട്. ഇന്ത്യയിലെ നികുതി നിരക്കുകള്‍ മൂലം ഇന്ത്യ ഒരു ‘Dead Economy’ ആണെന്നുവരെ ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. ട്രംപിനെ പ്രീണിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ നടപടിക്രമങ്ങളെല്ലാം ലംഘിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ചതും എന്ന് ന്യായമായി സംശയിക്കാം. അമേരിക്കന്‍ കുത്തകകളുടെ താല്‍പര്യവും ഈ പ്രഖ്യാപനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണാം. l



