Wednesday, January 22, 2025

ad

Homeനിരീക്ഷണംമാതൃകാപരമായ മാറ്റം അനിവാര്യം

മാതൃകാപരമായ മാറ്റം അനിവാര്യം

എസ് അഭിലാഷ് , CUSAT

ഭൂമിയുടെ എല്ലാ കോണുകളിലും വരള്‍ച്ച, പ്രളയം, ഉഷ്ണതരംഗങ്ങള്‍, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ അതിതീവ്രമായ കാലാവസ്ഥാസംഭവങ്ങള്‍ നിത്യേനയുണ്ടാകുന്ന വർത്തമാന യാഥാർഥ്യത്തിലാണ് നാം എത്തിനിൽക്കുന്നത്. ഏകദേശം 460 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുമുതല്‍ ഇന്നുവരെയുള്ള ഭൂമിയുടെ കാലാവസ്ഥാചരിത്രം പരിശോധിച്ചാല്‍, ഭൂമിയുടെ സങ്കീര്‍ണ്ണമായ കാലാവസ്ഥയെ നിര്‍ണ്ണയിക്കുന്നതില്‍ സൂര്യനും ക്ഷുദ്രഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും വായുമണ്ഡലവും ജലമണ്ഡലവും ജീവമണ്ഡലത്തിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങളടക്കം കാരണമാകുന്നുണ്ടെന്ന് വ്യക്തമാണ്. ഇന്ന് കാണുന്ന തരത്തിലുള്ള ആധുനിക കാലാവസ്ഥയുടെ തുടക്കം ഏകദേശം ഒരു കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നു വിലയിരുത്താം. ഭൂമിയെ ആവാസയോഗ്യമായ ഒരു ഗ്രഹമായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഭൂമിയുടെ ചരിത്രത്തില്‍ ഏകദേശം 1% ത്തില്‍ താഴെ മാത്രം കാലം ജീവിച്ചിരുന്ന മനുഷ്യന്റെ സംഭാവന തീരെ ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ നാം കാണുന്ന കാലാവസ്ഥാമാറ്റവും മനുഷ്യന്‍ ഭൂമിയിലും അന്തരീക്ഷത്തിലും നടത്തിയ കടന്നുകയറ്റങ്ങളും ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമ്പോള്‍, കാലാവസ്ഥാവ്യതിയാനത്തിനുള്ള മാനുഷികഘടകങ്ങളും സ്വാഭാവികഘടകങ്ങളും വേർതിരിച്ചു പരിശോധിക്കേണ്ടതുണ്ട്.

അന്തരീക്ഷസ്ഥിതിയും (weather) കാലാവസ്ഥയും (climate) തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദൈനംദിനം നാം ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവിക്കുന്ന അന്തരീക്ഷ ഘടകങ്ങളെയാണ് പൊതുവേ ‘weather’ അല്ലെങ്കിൽ ദിനാന്തരീക്ഷസ്ഥിതി എന്നു പറയുന്നത്. അതായത് ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന താപനില, മഴ, ആര്‍ദ്രത, കാറ്റിന്റെ ഗതി, വേഗത, മേഘാവരണം തുടങ്ങിയ അന്തരീക്ഷസ്ഥിതിയുടെ ഘടകങ്ങളെയാണ് weather എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. എന്നാല്‍, കാലാവസ്ഥ എന്നു പറയുന്നത് ഒരു നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷസ്ഥിതിയെയല്ല, മറിച്ച് ദീര്‍ഘകാലം (കുറഞ്ഞത് 30 വര്‍ഷം) ഒരു സ്ഥലത്ത് അനുഭവപ്പെട്ട അന്തരീക്ഷസ്ഥിതിയിലെ ഘടകങ്ങളുടെ ദീര്‍ഘകാല ശരാശരിയെയാണ് കാലാവസ്ഥ എന്ന പദം പ്രതിനിധാനം ചെയ്യുന്നത്.

പരസ്പരം ബന്ധപ്പെട്ടുകിടക്കുകയും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന നിരവധി ഘടകങ്ങള്‍ പൊരുത്തത്തോടെ കൂടിച്ചേര്‍ന്നാണ് ഭൂമിയുടെ കാലാവസ്ഥാവ്യവസ്ഥ രൂപപ്പെടുന്നത്. കാലാവസ്ഥാവ്യൂഹത്തിലെ പ്രധാന ഘടകങ്ങള്‍, അന്തരീക്ഷം (atmosphere), സമുദ്രം ഉള്‍പ്പെടെയുള്ള ജലമണ്ഡലം (hydrosphere), ജീവമണ്ഡലം (biosphere), ഹിമമണ്ഡലം (cryosphere), കരമണ്ഡലം (lithosphere) എന്നിവയാണ്. പരസ്പരമുള്ള പ്രവര്‍ത്തന-–പ്രതിപ്രവര്‍ത്തനങ്ങളിലൂടെ വിവിധ മണ്ഡലങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന കാലാവസ്ഥാവ്യൂഹത്തില്‍ സൂര്യന്റെ സ്ഥാനം പുറത്താണ് (external factor). ഭൂമി സൂര്യനിൽനിന്നും നിശ്‌ചിത പരിധിയിൽ നിലനിൽക്കുന്നതിനോടൊപ്പം ഭൂമിക്ക് ചുറ്റുമുള്ള വിശിഷ്‌ടമായ അന്തരീക്ഷ ഘടനയും ചേരുന്നതുകൊണ്ടാണ് ഭൂമിയുടെ താപനില ആവാസയോഗ്യമായി നിലനിൽക്കുന്നത്.

ഇത്തരം സ്വാഭാവിക ഹരിതഗൃഹവാതകങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇല്ലായിരുന്നെങ്കില്‍ ഭൂമിയുടെ താപനില ഒരുപക്ഷേ, -170C‍ ആയി നിലനിന്ന് ഭൂമി ജീവജാലങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത ഒരു ഹിമഗോളം മാത്രമായി അവശേഷിക്കുമായിരുന്നു. ഇവിടെ ഹരിതഗൃഹവാതകങ്ങള്‍ ഉള്‍പ്പെട്ട അന്തരീക്ഷം ഭൂമിക്കു മുകളിലുള്ള ഒരു പുതപ്പായി (blanket) മാറുകയും ഭൂമിയിലെയും അന്തരീക്ഷത്തിലെ താഴ്ന്ന പാളികളിലെയും ഊഷ്മാവ് നഷ്ടപ്പെടാതെ നിലനിര്‍ത്തുകയും ചെയ്യുന്നു. സൂര്യനില്‍നിന്ന് ഭൂമിയിലെത്തുന്ന ഊര്‍ജ്ജവും ഭൂമിയും അന്തരീക്ഷവും തിരിച്ച് പുറപ്പെടുവിക്കുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലനാവസ്ഥ (energy balance) നിലനിര്‍ത്തി ഭൂമിയെ ഒരു പ്രത്യേക ഊഷ്മാവില്‍ ക്രമീകരിക്കുന്നതില്‍ ഹരിതഗൃഹവാതകങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമാണുള്ളത്. എന്നാല്‍ ഈ ഹരിതഗൃഹവാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് ഭൂമിയുടെ അന്തരീക്ഷത്തിത്തിനു മുകളിൽ ഊർജ്ജഅസന്തുലനതയ്ക്ക് (energy imbalance) കാരണമാകുന്നത്.

ഏകദേശം 460 കോടി വര്‍ഷത്തെ ഭൂമിയുടെ ചരിത്രം പരിശോധിച്ചതില്‍നിന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിച്ചത് മനുഷ്യരാശിക്കു മുൻപും ഭൂമിയുടെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. ഇത്തരം സ്വാഭാവിക കാലാവസ്ഥാമാറ്റത്തിന്റെയും സമീപകാലഘട്ടത്തില്‍ ഏകദേശം 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ ദൃശ്യമാകുന്ന ദ്രുതഗതിയിലുള്ള കാലാവസ്ഥാമാറ്റങ്ങളുടെയും കാരണങ്ങളാണ് ഇനി പ്രതിപാദിക്കുന്നത്. മനുഷ്യനിര്‍മ്മിതമല്ലാത്ത കാലാവസ്ഥാവ്യതിയാനത്തിന് സ്വാഭാവികമായ പ്രകൃത്യയുള്ള നിരവധി കാരണങ്ങളാണുള്ളത്. ഇതില്‍ പ്രധാനപ്പെട്ടവ (1) സൂര്യന്റെ തിളക്കത്തില്‍ (luminosity) ഉണ്ടാകുന്ന മാറ്റങ്ങള്‍, (2) ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, (3) അഗ്നിപര്‍വ്വതസ്‌ഫോടനങ്ങള്‍, (4) ഫലകചലനങ്ങള്‍, (5) അന്തരീക്ഷഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍, (6) സമുദ്രവും അന്തരീക്ഷവും തമ്മിലുള്ള ചാക്രികമായ പ്രതിപ്രവര്‍ത്തനങ്ങള്‍, (7) ഭൂപ്രകൃതിയുടെയും ഭൂവിനിയോഗത്തിന്റെയും പ്രാധാന്യം എന്നിവയാണ്.

ഭൂമിയുടെ 460 കോടി വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍, വളരെക്കാലമെടുത്തു സംഭവിച്ച കാലാവസ്ഥാവ്യതിയാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കഴിഞ്ഞ 200 വര്‍ഷത്തിനിടയില്‍ ഭൂമിയുടെ കാലാവസ്ഥയില്‍ സംഭവിച്ച ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കൂടുതലും മനുഷ്യനിര്‍മ്മിതമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഇതോടൊപ്പംതന്നെ കാടുകള്‍ വെട്ടിനശിപ്പിക്കുന്നതും വനഭൂമി കൃഷിഭൂമിയായി നിജപ്പെടുത്തുന്നതും CO2 അന്തരീക്ഷത്തില്‍ വര്‍ദ്ധിക്കുന്നതിനും ഭൗമോപരിതല താപനില കൂടുന്നതിനും കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി ഭൂമിയുടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 1880-നു ശേഷം ഭൗമോപരിതല താപനിലയിലുണ്ടായ വര്‍ദ്ധനവാണ്. വ്യാവസായിക കാലഘട്ടത്തില്‍ 1880-നു ശേഷമുള്ള കഴിഞ്ഞ 140 വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍, വ്യാവസായിക കാലഘട്ടത്തിനു മുമ്പുള്ള താപനിലയുമായി താരതമ്യം ചെയ്താല്‍ ആഗോള താപനിലയില്‍ ഈ കാലയളവില്‍ ഏകദേശം 1.20C ന്റെ വര്‍ദ്ധനവാണുണ്ടായതെന്നു കാണുവാന്‍ സാധിക്കും. വര്‍ദ്ധിച്ച ഹരിതഗൃഹപ്രവാഹത്തിന്റെ ഭാഗമായുണ്ടാകുന്ന ചൂടില്‍ 90% ത്തിലധികവും സമുദ്രത്തിന്റെ മുകള്‍ത്തട്ടില്‍ ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ സമുദ്രോപരിതല ഊഷ്മാവ് വര്‍ദ്ധിക്കുന്നതായി കാണുവാന്‍ സാധിക്കും.

കാലാവസ്ഥാശാസ്ത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ ദൃശ്യമാകുന്ന അതിതീവ്രമായ കാലാവസ്ഥാസംഭവങ്ങള്‍ അതിശയോക്തിയുള്ളതല്ല. ഇപ്പോള്‍ ദൃശ്യമാകുന്ന ദ്രുതഗതിയിലുള്ള ആഗോളതാപനത്തെ മുന്‍കൂട്ടി കണ്ടുകൊണ്ട് ഇതിനെ പ്രതിരോധിക്കുവാന്‍വേണ്ടി അതാതുസമയത്തെ കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള അറിവുകളും അതിന്റെ കാരണങ്ങളും അതുമൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളും നിരവധി പ്രതികരണ-പ്രതിരോധ നടപടികളും സംബന്ധച്ചും വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ (Assessment Report: AR) അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍വയ്ക്കുന്നത് International Pannel on Climate Change (IPCC) എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമിതിയാണ്. കാലാവസ്ഥാമാറ്റത്തിന്റെ രൂക്ഷഫലങ്ങള്‍ ഇത്രത്തോളം ദൃശ്യമല്ലാതിരുന്ന കാലത്ത് പുറത്തിറക്കിയ ആദ്യത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലെ പല നിര്‍ദ്ദേശങ്ങളും മിക്ക വികസിതരാജ്യങ്ങള്‍ക്കും അന്നു സ്വീകാര്യമായിരുന്നില്ല.

അന്താരാഷ്ട്ര കാലാവസ്ഥാസമിതി (IPCC) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മെച്ചപ്പെട്ട അറിവിന്റെ അടിസ്ഥാനത്തിൽ, അടുത്തിടെ പുറത്തിറക്കിയ ആറാമത്തെ വിലയിരുത്തൽ റിപ്പോർട്ടിൽ (AR6) സ്വാഭാവികമായ പ്രകൃതിവ്യതിയാനങ്ങളുടെ പരിധിക്കപ്പുറം ഭൂമിയുടെ കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ആർക്കും നിഷേധിക്കാനാവാത്ത വിധത്തിൽ വ്യക്തമാക്കുന്നു. സമീപകാലത്ത് കാലാവസ്ഥാവ്യതിയാനം വ്യാപകമാകുകയും ലോകത്തിന്റെ എല്ലാകോണുകളിലും അതിന്റെ ദൂഷ്യഫലങ്ങൾ ദൃശ്യമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ, ഇപ്പോൾ കാണുന്ന മാറ്റങ്ങൾ ദ്രുതഗതിയിലുള്ളതും തിരിച്ചുപിടിക്കാൻ സാധിക്കാത്തതുമാണെന്ന് ആറാം അവലോകന റിപ്പോർട്ട് സംശയത്തിന് വകയില്ലാത്ത തരത്തിൽ പറഞ്ഞുവെയ്ക്കുന്നു. തിരിച്ചുപിടിക്കാൻ ആവാത്ത തരത്തിൽ ഭൂമിയുടെ കാലാവസ്ഥയെ എത്തിച്ചത് മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമായും ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചും വനനശീകരണംമൂലവും അന്തരീക്ഷത്തിലേക്ക് വർധിച്ചതോതിൽ കാർബൺ ഡൈ ഓക്സൈഡും മറ്റ് മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകങ്ങളും (GHG ) ക്രമാതീതമായി പുറന്തള്ളുന്നതുകൊണ്ടാണെന്നും കണ്ടെത്തിയിരിക്കുന്നു.

ഉയർന്ന ആത്മവിശ്വാസത്തോടെ IPCC റിപ്പോർട്ട് പറയുന്നത്, മനുഷ്യന്റെ സംഭാവനയോടെ ഉണ്ടാകുന്ന ആഗോളതാപനത്തിന്റെ ഫലമായി ലോകമെമ്പാടുമരങ്ങേറുന്ന ഉഷ്‌ണ തരംഗങ്ങളുടെയും കാട്ടുതീയുടെയും ആവൃത്തിയും കാഠിന്യവും ഒരുപക്ഷേ മനുഷ്യപ്രേരിതമായ കാലാവസ്ഥാ വ്യതിയാനമില്ലാതെ ഫലത്തിൽ അസാധ്യമാണെന്നാണ്. ചൂടുള്ള അന്തരീക്ഷത്തിൽ കൂടുതൽ നീരാവി നിലനിർത്താൻ കഴിയും. താപനിലയിലെ ഓരോ 1 ഡിഗ്രി വർദ്ധനവിനും അന്തരീക്ഷത്തിലെ ജലലഭ്യത 7% വർദ്ധിപ്പിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു, ഇത് കനത്ത മഴയ്ക്കും മഴവെള്ളം വേഗത്തിൽ ഒഴുകി നഷ്ടപ്പെടുന്നതിനുമിടയാക്കും. മറുവശത്ത്, താപനില വർദ്ധിക്കുന്നതിനോടുള്ള പ്രതികരണമായി ബാഷ്പീകരണം വർദ്ധിക്കുന്നത് വരണ്ട കാലാവസ്ഥയും വരൾച്ചയും വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. അതിനാൽ, ആഗോളതാപനത്തോടുള്ള പ്രതികരണമായി ത്വരിതപ്പെടുത്തിയ ജലചക്രം വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ രണ്ടറ്റങ്ങളിലുമുള്ള കാലാവസ്ഥാപ്രതിഭാസങ്ങളുടെയും ആവൃത്തിയും തീവ്രതയും വർദ്ധിപ്പിക്കും എന്ന് മനസിലാക്കാം.

ആഗോളകാലാവസ്ഥാ സംഘടന നടത്തിയ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ആഗോളതാപനില വ്യാവസായിക കാലഘട്ടത്തിനു മുൻപുള്ള (അതായത് 1850 -– 1900 വരെയുള്ള കാലഘട്ടത്തിലെ) താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ അടുത്ത അഞ്ചുവർഷങ്ങളിൽ ഒരു വർഷമെങ്കിലും 1.5 ഡിഗ്രി വരെ ഉയരുവാൻ സാധ്യത ഉണ്ടെന്നാണ്. കഴിഞ്ഞ 120 വർഷത്തെ ഏറ്റവും ചൂട് കൂടിയ താപനില അനുഭവപ്പെട്ടത് 2016 ൽ ആയിരുന്നു. വ്യാവസായിക കാലഘട്ടത്തിനു മുൻപുള്ള താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ ആഗോളതാപനിലയിൽ ഏകദേശം 1.2 ഡിഗ്രി വർദ്ധനവ് രേഖപ്പെടുത്തിയ വർഷമായിരുന്നു 2016. ആഗോളതാപനത്തിനോടൊപ്പം 2015-–2016 കാലഘട്ടത്തിൽ നിലനിന്നിരുന്ന എൽനിനോ പ്രതിഭാസം കൂടി വന്നപ്പോഴാണ് 2016 നെ ഏറ്റവും ചൂടുകൂടിയ വർഷമാക്കിയത്. കഴിഞ്ഞ 120 വർഷത്തിലെ ഏറ്റവും ചൂടുകൂടിയ 5 വർഷങ്ങളും സംഭവിച്ചത് 2015 നു ശേഷമാണെന്ന് കാണുമ്പോൾ സ്ഥിതി കൂടുതൽ വഷളാവുകയാണെന്നു നമുക്ക് മനസ്സിലാവും.

അതായത്, അടുത്ത 5 വർഷങ്ങൾക്കുള്ളിൽ ഏതെങ്കിലും ഒന്നോ രണ്ടോ വർഷങ്ങളിൽ ആഗോളതാപനില 1.5 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുവാനുള്ള സാധ്യതയെയാണ് ലോക കാലാവസ്ഥാ സംഘടനയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്, പ്രത്യേകിച്ചും ശക്തമായ എൽനിനോ കൂടി വരുന്ന വർഷങ്ങളിൽ. എന്നാൽ സ്ഥിരമായി ആഗോളതാപനില 1.5 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുവാൻ കുറച്ചുകൂടി വർഷങ്ങൾ എടുക്കുമെന്ന് 2040 നു മുൻപായി സംഭവിക്കുമെന്നാണ് IPCC പറഞ്ഞിട്ടുള്ളത്.

ആഗോളതാപനം 1.5 ഡിഗ്രിയിൽ പിടിച്ചുനിറുത്തിയില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ചും അതുവഴിയുണ്ടായേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചും IPCC 2015 ൽ തന്നെ ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതാണ്. അങ്ങനെ 2015 ൽ പാരിസ് ഉടമ്പടി നിലവിൽവരികയും ഹരിതഗൃഹ വാതകങ്ങളുടെ ഉദ-്-വമനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതിനും ധാരണയായി. എന്നാൽ പല വികസിത രാജ്യങ്ങളും അവരുടെ ചരിത്രപരമായ ഉത്തരവാദിത്വത്തിൽനിന്ന് പിന്നോട്ടുപോകുന്നതാണ് പിന്നീട് കണ്ടത്. IPCC 2021 ൽ പുറത്തിറക്കിയ ഏറ്റവും പുതിയ അവലോകന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ ഉദ-്-വമനം ഇന്നത്തെ നിലയിൽ തുടർന്നാൽ 2030 നും 2040 നും ഇടയിൽ തന്നെ താപനപരിധി 1.5 ഡിഗ്രിക്കു മുകളിലും 2060 ആകുമ്പോഴേക്കും താപന പരിധി 2.0 ഡിഗ്രിക്കു മുകളിലും എത്തുമെന്നാണ്.
താപന പരിധി 1.5 ഡിഗ്രി കടന്നാൽ പരിസ്ഥിതിയിലും കാലാവസ്ഥയിലും സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ആഘാതം വളരെ വലുതായിരിക്കും. എന്നാൽ താപനം 1.5 ഡിഗ്രിയിൽ താഴെ ക്രമീകരിച്ചു നിലനിർത്തിയാൽ കരയിലും, കടലിലും ധ്രുവപ്രദേശങ്ങളിലും കാലാവസ്ഥയിലും ജൈവ വൈവിധ്യ സംരക്ഷണത്തിലും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ചും ഭരണകൂടങ്ങൾ, താപന പരിധി 1.5 ഡിഗ്രിയിൽ താഴെ പിടിച്ചുനിർത്തുവാനുള്ള ശുഭകരമായ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല എന്നത് ഖേദകരമാണ്. ഭാവിയിൽ നമ്മൾ അനുഭവിക്കുവാൻ പോകുന്ന കാലാവസ്ഥ ഇപ്പോൾ നമ്മളെടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് കാര്‍ബണ്‍ ഉദ-്-വമനത്തിന്റെ തോത് വളരെയധികം വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ചും അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ വലിച്ചെടുക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആഗോളതലത്തിലും പ്രാദേശികാടിസ്ഥാനത്തിലും കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ചും IPCC റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനായി സര്‍ക്കാരുകള്‍, സിവില്‍ സൊസൈറ്റികള്‍, പ്രാദേശിക ഭരണസംവിധാനങ്ങള്‍ എന്നിവയുടെ ശക്തമായ പരിശ്രമവും അന്താരാഷ്ട്ര സഹകരണവും അത്യാവശ്യമാണ്.

ആഗോളതലത്തിൽ കാലാവസ്ഥാവ്യതിയാനം ഒരു പ്രതിസന്ധിയാവുകയാണ്. നമ്മൾ ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയിലേക്കു നീങ്ങുകയാണെന്നു ഭരണകൂടങ്ങൾ ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. ഇപ്പോൾ കാണുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഒരു ടെസ്റ്റ് ഡോസ് മാത്രമാണന്നും ഇനിയും നമ്മെ കാത്തിരിക്കുന്നത് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളാണെന്നുമുള്ള IPCC യുടെ ആറാം അവലോകന റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ് ഗൗരവമായി ചർച്ച ചെയ്യപ്പെടുകയും നമ്മുടെ നയരൂപീകരത്തിന്റെ ഭാഗമാക്കേണ്ടതുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുവാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിൽനിന്ന് ആവാസ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിലേക്ക് മാതൃകാപരമായൊരു മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + eight =

Most Popular