Saturday, September 21, 2024

ad

Homeഓർമചിന്തയിലെ ആവേശകരമായ നാളുകൾ

ചിന്തയിലെ ആവേശകരമായ നാളുകൾ

നാരായണൻ ചെമ്മലശ്ശേരി

1970 അവസാനം തൊട്ട് 2014 മെയ് വരെയുള്ള, ഏതാണ്ട് 44 വർഷക്കാലത്തെ ബന്ധം ചിന്ത വാരികയുമായി എനിയ്ക്കുണ്ട്. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ചിന്ത വാരിക, സിപിഐ എം ഏറ്റെടുത്ത് പാർട്ടിയുടെ ഔദ്യോഗിക മുഖവാരികയായി അംഗീകരിച്ചത് 1970 ഡിസംബറിലെ ആദ്യത്തെ ലക്കത്തോടുകൂടിയായിരുന്നുവല്ലോ. അന്നുതൊട്ട് അതിന്റെ പത്രാധിപസമിതിയിലെ ഒരംഗമായി ഞാൻ പ്രവർത്തിച്ചുവന്നു.

എന്നാൽ അതിനുമുമ്പുതന്നെ ചിന്തയുമായി ചെറിയ ബന്ധം എനിക്കുണ്ടായിരുന്നു. കോഴിക്കോട് കോളേജ് അധ്യാപകനായി ജോലി നോക്കുമ്പോൾ, നഗരത്തിലെ മുനിസിപ്പൽ ബസ്-സ്റ്റാൻഡിൽ ട്രാൻസ്പോർട്ട് ബസ് വന്നു നിൽക്കുന്ന മൂലയിലുള്ള ബുക്ക്സ്റ്റാളിൽ ചെന്ന് ഒട്ടൊക്കെ രഹസ്യമായി ചിന്ത വാരിക ആവശ്യപ്പെടുമ്പോൾ, ഒരാൾ അകത്തുനിന്ന് ചുരുട്ടിയ ചിന്തയുമായി പുറത്തുവരും. ‘‘അടുത്ത ആഴ്ചയും വന്നോളുണ്ടു’’ എന്ന് കോഴിക്കോട് ഭാഷയിൽ പറയുന്ന ആ ചെറുപ്പക്കാരൻ നാലര പതിറ്റാണ്ടിലേറെക്കാലം ചിന്ത മാനേജരായി പ്രവർത്തിച്ച സഖാവ് കെ ചന്ദ്രനായിരുന്നു എന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. സിപിഐ എമ്മുകാരെന്ന് അറിയപ്പെട്ടിരുന്നവരെല്ലാം വേട്ടയാടപ്പെട്ടിരുന്ന കാലം. ‘‘ചൈനാ ചാരന്മാർ’’ എന്ന ആരോപണം പാർലമെന്റിലടക്കം അലയടിച്ചിരുന്ന കാലം. പല സജീവ പ്രവർത്തകരും ജയിലിൽ. രഹസ്യമായാണ് വാങ്ങുകയും വായിക്കുകയും ചെയ്യുന്നതെങ്കിലും ചിന്ത വായിക്കാതിരിക്കാൻ വയ്യാത്ത ഒരവസ്ഥ. അൽപംകൂടി കഴിഞ്ഞാണ് കോഴിക്കോട്ടെ കോൺവെന്റ് റോഡിലെ ദേശാഭിമാനി ഓഫീസിലെത്തുന്നത്. അവിടെ ഒരു ഒതുങ്ങിയ കോണിൽ ചിന്ത പ്രവർത്തകരായ സഖാക്കൾ സി പി അച്യുതൻ, കെ ഇ കെ നമ്പൂതിരി, കെ ചന്ദ്രൻ, സി ഇ രാഘവ പിഷാരോടി (അദ്ദേഹം എന്റെ ഒരു അമ്മാവനാണ്), കോയ തുടങ്ങിയവർ.ദേശാഭിമാനി പ്രവർത്തകരെന്നും ചിന്ത പ്രവർത്തകരെന്നും ഉള്ള വലിയ വകഭേദമൊന്നുമില്ലാതെ പ്രവർത്തിക്കുന്നു. അക്കാലത്ത് ചിന്തയിൽ എന്റെ രണ്ടോ മൂന്നോ കഥകൾ വന്നത് ഓർക്കുന്നു. സഖാക്കൾ ചാത്തുണ്ണി മാസ്റ്റർ, നായനാർ, പി ഗോവിന്ദപിള്ള തുടങ്ങിയവർ ചിന്തയ്ക്കുപിന്നിലുണ്ടെന്ന് ക്രമേണ അറിഞ്ഞു. ‘‘കാട്ടുകടന്നൽ’’ എന്ന നോവലിന്റെ അധ്യായങ്ങൾ ജയിലിൽ ഇരുന്നുകൊണ്ടാണല്ലോ സഖാവ് ഗോവിന്ദപിള്ള, ചിന്തയ്ക്ക് പരിഭാഷപ്പെടുത്തി എത്തിച്ചുകൊണ്ടിരുന്നത്.

തിരുവനന്തപുരത്ത് നന്ദൻകോട്ടുള്ള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ എന്ന ലാവണത്തിൽ ജോലി ചെയ്യുമ്പോഴാണ് ചിന്ത വീണ്ടും മുന്നിലെത്തുന്നത്. അതേ ഓഫീസിൽ ജോലി ചെയ്യുന്ന സി പി നാരായണൻ, ഡോ. എം പി പരമേശ്വരൻ തുടങ്ങിയവരോടൊപ്പം, ജോലികഴിഞ്ഞ് മടങ്ങുമ്പോൾ പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഓഫീസുള്ള ജംഗ്ഷനിലെത്തിയാൽ നിൽക്കും. ആറുവഴി കൂടുന്ന ആ ജംഗ്ഷനിൽ കിഴക്കുഭാഗത്തുള്ള മൂലയിൽ എൻജിഒ യൂണിയന്റെ ഓഫീസ്, അതിനുമുകളിലെ നിലയിൽ ‘‘ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്’’ എന്ന സ്ഥാപനത്തിൽ കയറും. അവിടെ ഡോ. മാത്യു കുര്യൻ, ഡോ. ജേക്കബ് ഈപ്പ

ഇ എം ശ്രീധരൻ                  പി എസ്‌ രവീന്ദ്രൻ

ൻ, ഡോ. പി കെ ആർ വാരിയർ, ബ്ലിറ്റ്സ് ലേഖകൻ കെ ആർ എസ് നായർ, ചാക്യാർ, ഗൗരി ദാസൻ നായർ തുടങ്ങിയവർ പലപ്പോഴും ഒത്തുകൂടും. അവരുടെ ചർച്ചകളിലും സംവാദങ്ങളിലും നിശബ്ദനായ ഒരു ശ്രോതാവായി ഞാൻ ഒതുങ്ങിയിരിക്കും.

അങ്ങിനെയുള്ള ചർച്ചകളിലൊന്നിലാണ് സഖാവ് ഇ എം എസ് അധ്യക്ഷനായി വന്നത്. ചിന്ത വാരികയെ സിപിഐ എമ്മിന്റെ ഔദ്യോഗിക മുഖവാരികയായി അംഗീകരിച്ച് ഏറ്റെടുത്തിരിക്കുന്നുവെന്നും തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിക്കുന്നതാണെന്നും പ്രസ്താവിച്ചത്. ‘‘നിങ്ങളെയാണതിന്റെ ചുമതല ഏൽപ്പിക്കുന്നത്. മുഖവാരികയിൽ പ്രവർത്തിക്

കെ ഇ കെ                         കെ ചന്ദ്രൻ

കുന്നവർ പാർട്ടിയംഗങ്ങളായിരിക്കണമല്ലോ. നിങ്ങളൊക്കെ പാർട്ടി അംഗങ്ങളല്ലേ?’’ അദ്ദേഹം ഞങ്ങളെ നോക്കി.ഞങ്ങൾ ഓരോരുത്തരും മുഖത്തോടു മുഖം നോക്കി. എല്ലാവരും പാർട്ടിക്കാരാണ്. പക്ഷേ പാർട്ടി അംഗങ്ങളല്ല. അവിടെവെച്ചുതന്നെ പാർട്ടിയുടെ കാൻഡിഡേറ്റ് മെമ്പർമാരായി. ഞങ്ങളിൽ പലരും സർക്കാർ–അർധ സർക്കാർ ഉദ്യോഗസ്ഥന്മാരാണ്. അതുകൊണ്ട് ശരിക്കുള്ള പേരിനുപകരം കെ പി രാമചന്ദ്രൻ, രാമകൃഷ്ണൻ എന്നും മറ്റുമുള്ള പേരുകൾ സ്വീകരിച്ചു. കേന്ദ്രത്തിൽ ഇന്ദിരാഗാന്ധിയുടെ വാഴ്ചക്കാലം. കേരളത്തിൽ കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള മാർക്സിസ്റ്റുവിരുദ്ധ മുന്നണിയുടെ ഭരണം. സിപിഐ എം പ്രവർത്തകർ നോട്ടപ്പുള്ളികളായി മാറിയ കാലം.

ചിന്ത രവീന്ദ്രൻ, ബാബു ഭരദ്വാജ്

തിരുവനന്തപുരത്തുനിന്ന് അച്ചടിക്കുന്ന ആദ്യത്തെ ലക്കത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്തു. ഓരോ മാറ്ററും എഴുതേണ്ടതാരെന്ന് തീരുമാനിച്ചു. ഒന്നാം പേജും മുഖപ്രസംഗവും പത്രാധിപരായ ഇ എം എസ് തന്നെ എഴുതും. മറ്റുള്ളവർ എഴുതിയത് ഇ എം എസിനെ കാണിക്കണം. അദ്ദേഹം എഡിറ്റ് ചെയ്തു തരും. സി പിയും ഞാനും പ്രസ്സുമായി ബന്ധപ്പെട്ട് അച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം.

ഒന്നാം ലക്കത്തിന്റെ മാറ്ററിന്റെ എഡിറ്റിങ് കഴിഞ്ഞപ്പോൾ പലരും ആ രംഗത്തുനിന്ന് പിന്മാറി.

തിരുവനന്തപുരത്ത് പാളയത്ത് അന്നത്തെ വിജെടി ഹാളിന് പിറകിലുള്ള പി പി പ്രസ്സിലാണ് അച്ചടിക്കുന്നത്. 1954ലെ ട്രാൻസ്പോർട്ട് സമരത്തിൽ ഭീകരമായ ലാത്തിച്ചാർജിന് ഇരയായ സഖാവ് സഹദേവന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്സ്. സാധാരണ പത്രത്തിന്റെ പകുതി വലിപ്പമുള്ള (ഡെമി ഹാഫ്) 12 പേജ് അടങ്ങിയതാണ് ഒരു ചിന്ത. ആദ്യകാലത്ത് മിക്ക വാരികകളും അങ്ങനെയായിരുന്നുവല്ലോ. സഹദേവന്റെ ചെറിയ പ്രസ്സിൽ ചിന്തയുടെ രണ്ടു പേജ് അച്ചടിക്കാനുള്ള ടൈപ്പ് മാത്രമേയുള്ളൂ. ഹാൻഡ് കമ്പോസിങ്ങാണ്. രണ്ടു പേജിന്റെ മാറ്റർ കമ്പോസ് ചെയ്താൽ, അത് പ്രൂഫ് വായിച്ച്, തിരുത്തി, പേജ് കെട്ടി, രാത്രി അച്ചടിച്ചു കഴിഞ്ഞാലേ, പിറ്റേ ദിവസത്തേക്ക് ടൈപ്പ് ഉണ്ടാവുകയുള്ളൂ. രണ്ടുപേജ് അച്ചടിക്കാനുള്ള ട്രെഡിൽ യന്ത്രമേ അവിടെയുള്ളൂ. അതിനാൽ ആറു ദിവസം കൊണ്ടാണ് 12 പേജ് അച്ചടിക്കുന്നത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്യുന്ന സി പിയും ഞാനും അഞ്ചേകാലിന് ഓഫീസിൽ നിന്നിറങ്ങി പാളയത്തെ പി പി പ്രസ്സിലെത്തി, ഗാലി പ്രൂഫ് വായിച്ച്, പേജ് കെട്ടിച്ച്, പേജ് പ്രൂഫ് വായിച്ച് തിരുത്തി, അച്ചടിക്കാനുള്ള ഓർഡർ കൊടുക്കുമ്പോൾ രാത്രി ഒമ്പതരയെങ്കിലുമാകും. ആഴ്ചയിൽ ആറു ദിവസവും ജോലി. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയും ചിന്തയുടെ ജോലിയും രണ്ടുംകൂടി അങ്ങനെ കുറച്ചുകാലം കൊണ്ടുനടന്നു. പ്രൂഫ് വായിക്കാൻ, ഇടക്കാലത്ത് കുറച്ചുനാൾ സി പി ഭാസ്കരൻ എന്ന ഒരു സഖാവ് ഉണ്ടായിരുന്നു.

സത്യം പറഞ്ഞാൽ ആധികാരിക മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ച അറിവോ വിദ്യാർഥി – യുവജനപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിന്റെ അനുഭവങ്ങളോ ഒന്നുമില്ലാതെയാണ് ഞാൻ പെട്ടെന്ന് പാർട്ടിയിലെത്തിയത്. പാർട്ടി എന്ന വികാരം എന്റെ മനസ്സിലും ജീനിലും ഉണ്ടായിരുന്നു. ആ വികാരം വിചാരമാക്കി വളർത്തിയെടുക്കാനുതകുന്ന സാഹിത്യകൃതികൾ വായിച്ച അനുഭൂതിയും ഉണ്ടായിരുന്നു. സമൂഹത്തിന്റെ ഒഴുക്കിൽ ഇടതു തീരം ചേർന്നുകൊണ്ട് ഞാൻ മുന്നോട്ടു നീങ്ങി എന്നതാണ് വസ്തുത. ആ നീക്കത്തിന് ആവശ്യമായ സാഹചര്യങ്ങളെല്ലാം എന്നെത്തേടി, സ്വാഭാവികമായി, വന്നുചേരുകയും ചെയ്തു.

ചിന്തയുടെ കോഴിക്കോട്ടെ ഇടപാടുകളൊക്കെ തീർത്ത്, തിരുവനന്തപുരത്തുനിന്ന് പുതിയ എഡിറ്ററുടെയും പബ്ലിഷറുടെയും ഓണറുടെയും ആഭിമുഖ്യത്തിൽ വാരിക അച്ചടിക്കുന്നതിനാവശ്യമായ ഔപചാരിക രേഖകളെല്ലാം ശരിപ്പെടുത്തി കഴിഞ്ഞ്, മാനേജർ കെ ചന്ദ്രൻ എന്ന ഞങ്ങളുടെ ചന്ദ്രേട്ടനും തലസ്ഥാനത്തെത്തിക്കഴിഞ്ഞു. സഖാവ് കെ ചാത്തുണ്ണി മാസ്റ്ററുടെ കൂടെ കർഷകസംഘം ഓഫീസിൽ പ്രവർത്തിച്ചിരുന്ന സഖാവ് സെയ്ദും ചിന്തയിലെത്തി. തുടർന്ന് ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ചിന്ത വേറിട്ടൊരു യൂണിറ്റായി പ്രവർത്തിച്ചു തുടങ്ങി. ഡോ. മാത്യു കുര്യനും ഡോ. ജേക്കബ് ഈപ്പനും സാമ്പത്തിക കാര്യ ലേഖനങ്ങളെഴുതിക്കൊണ്ട്, ഞങ്ങളെ അപ്പോഴും സഹായിച്ചു വന്നു.

തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിനടുത്തുള്ള ഒരു വീട് വാടകയ്ക്കെടുത്ത് ചിന്ത ഓഫീസാക്കി. മൂന്ന് ബെഡ്റൂമുകളും തളവും അടുക്കളയും മറ്റുമുള്ള ആ വീടിന്റെ ഒരു മുറിയിൽ ചന്ദ്രേട്ടനും താരയും മോനും താമസിച്ചു. മറ്റൊരു മുറിയിൽ സെയ്ദും മറിയക്കുട്ടിയും. മൂന്നാമത്തെ മുറി ഞാനും കയ്യേറി. രാവിലെ എട്ടുമണി കഴിഞ്ഞാൽ വീടിന്റെ തളവും വരാന്തയും പരിസരവും ചിന്ത ഓഫീസായി മാറും. വാരികയുടെ കെട്ടുകൾ, പേപ്പറിനുള്ള ഗോഡൗൺ, ഡെസ്പാച്ചിങ് സെക്ഷൻ, ഏജന്റുമാരുടെ വരവ്, പോസ്റ്റ്മാന്റെ വരവ് ………. അങ്ങനെ പകൽസമയം മുഴുവനും തിരക്ക്. രാത്രിയായാൽ മൂന്ന് മുറികളിൽ മൂന്ന് കുടുംബങ്ങൾ. ശരിക്കും ഒരു കമ്യൂൺ ജീവിതം.

ആഴ്ചയിൽ രണ്ടുതവണ എഡിറ്റോറിയൽ ബോർഡ് മീറ്റിങ് കൂടും. മാനേജ്മെന്റ് വിഭാഗവും പങ്കെടുക്കും. തൊട്ടടുത്ത ലക്കത്തിൽ വരേണ്ട മാറ്ററിനെപ്പറ്റി വിശദമായി ചർച്ചചെയ്യും. ഏതൊക്കെ വിഷയങ്ങൾ എന്നു മാത്രമല്ല, എങ്ങിനെയെഴുതണം, ആ വിഷയത്തിൽ പാർട്ടി നിലപാടെന്ത് തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യും. അതുകഴിഞ്ഞാൽ പിന്നെ എഴുതാൻ വിഷമമില്ല. ഏതെല്ലാം വിഷയങ്ങൾ പുറത്തുനിന്നുള്ളവരെ ക്കൊണ്ട് എഴുതിക്കണം എന്നും തീരുമാനിക്കും. ഞങ്ങൾക്കെല്ലാം ഗുരുകല്പനായ സഖാവ് എം എസ് ദേവദാസ് സാർ പങ്കെടുക്കാറുള്ള പിൽക്കാല ചർച്ചകൾ രാത്രി പത്തുമണി വരെ നീണ്ടു പോകും.

തുടക്കത്തിൽ സഖാവ് ഇ എം എസിന്റെ വീട്ടിൽ വെച്ച് എഡിറ്റോറിയൽ ബോർഡ് മീറ്റിങ് പതിവായി നടത്തിയിരുന്നുവെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ, ‘‘എനി നിങ്ങൾ തീരുമാനിച്ച്, ഞാനെഴുതേണ്ട വിഷയം എന്നോട് പറഞ്ഞാൽ മതി’’ എന്നായി അദ്ദേഹത്തിന്റെ നിർദ്ദേശം. ഞങ്ങൾക്ക് സ്വയം തീരുമാനിക്കാനുള്ള കഴിവ് കൈവന്നു എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത്? എങ്കിലും ആവശ്യമുള്ള ഘട്ടങ്ങളിൽ അദ്ദേഹം പങ്കെടുത്ത എഡിറ്റോറിയൽ മീറ്റിങ്ങുകൾ നടന്നു വന്നു. അത്തരം യോഗങ്ങൾ, പാർട്ടിനയങ്ങളിൽ ആശയ വ്യക്തത വരുത്താൻ വളരെയേറെ സഹായിച്ചു.

ഇ എം എസ് എഴുതേണ്ട ലേഖനം എഴുതിയെടുക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലണം. ചിന്തയ്ക്കുള്ള ലേഖനം എഴുതാൻ ഏറെ കാലം പോയിരുന്നത് ഞാനാണ്. ചിന്ത ഓഫീസിൽ നിന്ന് ശാന്തിനഗറിലെ പത്താം നമ്പർ വീട്ടിലേക്ക് ഏറെ ദൂരമില്ല. വെളുപ്പിന് ആറുമണിക്കെത്തിയാൽ ചൂടോടെ കാപ്പി കിട്ടും. അത് കുടിച്ചു കഴിഞ്ഞാൽ ഡിക്റ്റേഷൻ എഴുതുന്ന ആളുടെ കയ്യിന്റെ സ്പീഡ് നോക്കി, ബുദ്ധിമുട്ടാവാത്ത രീതിയിൽ, നിർത്തി നിർത്തി അദ്ദേഹം പറയും. എഴുതിക്കഴിഞ്ഞാൽ, വാങ്ങി വായിച്ചുനോക്കി, വേണ്ട തിരുത്തലുകൾ വരുത്തി, തിരിച്ചു തരും. 1998 മാർച്ച് 19നുകൂടി ആ പതിവ് തെറ്റിച്ചിട്ടില്ല. ചോദ്യത്തിനുള്ള മറുപടി, മുഖപ്രസംഗം, ഒന്നാം പേജിലെ പ്രധാന ലേഖനം തുടങ്ങിയ സ്ഥിരം പംക്തികൾ …………… അവസാനകാലമായപ്പോഴേയ്ക്കും ചോദ്യങ്ങൾക്കുള്ള മറുപടിയുടെ വലിപ്പം കുറഞ്ഞു കുറഞ്ഞു വന്നു ………. കുറുകി, കുറുകി പ്രശ്നത്തിന്റെ മർമം മാത്രം വിശദീകരിക്കുന്ന വിധത്തിലായിത്തീർന്നുവോ?

തൊള്ളായിരത്തിനാൽപതുകളിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ, തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും നടത്തിയ ഐതിഹാസികമായ സമരങ്ങളുടെ കഥകൾ, അഥവാ ചരിത്രം ഉണ്ടാക്കലായിരുന്നു ആദ്യകാലത്ത് എനിക്ക് കിട്ടിയ ഒരു പ്രധാന പണി. ആ സമരങ്ങളിൽ പങ്കെടുത്ത സഖാക്കളിൽ പലരും പിൽക്കാലത്ത് പാർട്ടി നേതാക്കന്മാരും എംഎൽഎമാരും ഒക്കെയായിട്ടുണ്ട്. അവരെ ഇന്റർവ്യൂ ചെയ്ത് ലേഖനങ്ങൾ തയ്യാറാക്കുക. കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി, മുനയൻകുന്ന്, മൊറാഴ, മട്ടന്നൂർ തൊട്ട് ശൂരനാട്, വള്ളിക്കുന്നം, പുന്നപ്ര – വയലാർ വരെയുള്ള സംഭവങ്ങൾ. എ വി കുഞ്ഞമ്പു, വി വി കുഞ്ഞമ്പു, എ കുഞ്ഞിക്കണ്ണൻ, ഇ കെ നായനാർ, പി കണ്ണൻ നായർ, എ കെ ജി, അദ്ദേഹത്തിന്റെ സഹോദരൻ രാഘവേട്ടൻ, പി കെ കുഞ്ഞച്ചൻ, വി എസ് അച്യുതാനന്ദൻ, പി കെ ചന്ദ്രാനന്ദൻ, പി ജി പുരുഷോത്തമൻ പിള്ള തുടങ്ങി എത്രയോ സഖാക്കൾ. അവരിൽ എംഎൽഎമാർ ആയവരെ, എംഎൽഎ ഹോസ്റ്റലിൽ ചെന്നുകണ്ട് സംസാരിക്കും. അല്ലാത്തവർ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വരുമ്പോൾ കാത്തിരുന്ന് പിടികൂടും. അന്ന് എ കെ ജി സെന്റർ ഉണ്ടായിട്ടില്ല. പാളയം മാർക്കറ്റിന് പിറകിലെ പഴയ കെട്ടിടത്തിലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. ഓഫീസ് സെക്രട്ടറിയായിരുന്ന ബാലേട്ടൻ, ഈ സഖാക്കൾ വരുന്ന വിവരം അറിയിക്കും……… 40 ഓളം ലക്കങ്ങളിൽ ആ സമര കഥകൾ തുടർന്നു.

ആദ്യത്തെ പത്തുവർഷക്കാലത്തോളം ഇ എം എസ്, പത്രാധിപ സ്ഥാനം വഹിച്ച് തിരുവനന്തപുരത്തുണ്ടായിരുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഡൽഹിക്ക് താമസം മാറ്റിയ കാലത്ത്, അവിടെനിന്ന് ലേഖനം എഴുതി അയച്ചിരുന്നു.

ചിന്തയുടെ സർക്കുലേഷൻ മുമ്പ് രണ്ടായിരത്തിൽ താഴെയായിരുന്നത് ക്രമേണ കൂടിക്കൊണ്ടിരുന്നു. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള പി പി പ്രസ്സിന്, ചിന്തയുടെ കോപ്പി വർധിച്ചപ്പോൾ അച്ചടിക്കാൻ കഴിയാതെയായി. കൂടുതൽ സൗകര്യങ്ങളും സ്റ്റാഫും ഗോഡൗണും ഒക്കെ ആവശ്യമായി വന്നു. ആ കാലമായപ്പോഴേക്കും എറണാകുളത്ത് കലൂരിൽ ദേശാഭിമാനി പത്രത്തിന്റെ രണ്ടാമത്തെ എഡിഷൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. ചിന്തയുടെ അച്ചടി അങ്ങോട്ടുമാറ്റി. ചിന്തയുടെ മാനേജ്മെന്റ് വിഭാഗവും ഡെസ്പാച്ച് വിഭാഗവും എല്ലാം അങ്ങോട്ടു മാറി. അവിടെ ജോലിഭാരം കൂടിയപ്പോൾ താരയെ പ്രൂഫ് റീഡറായി നിയമിച്ചു.

അപ്പോഴും എഡിറ്റോറിയൽ വിഭാഗം തിരുവനന്തപുരത്തുതന്നെ പ്രവർത്തിച്ചുകൊണ്ടിരുന്നു. പ്രൊഫസർ എം എസ് ദേവദാസ്, ബാബു ഭരദ്വാജ്, പാലക്കീഴ് പരമേശ്വരൻ, സി ഭാസ്കരൻ, ചേലാട്ട് സുരേന്ദ്രൻ, ചിന്ത രവി തുടങ്ങിയവർ പല കാലങ്ങളിലായി സ്റ്റാഫ് അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളത്ത് എഡിറ്റോറിയൽ വിഭാഗത്തിലെ ഒരാളെങ്കിലും വേണമെന്ന ആവശ്യം വന്നപ്പോൾ ചിന്ത രവി അങ്ങോട്ടുപോയി. തിരുവനന്തപുരത്തും എറണാകുളത്തുമായി രവി കുറച്ചുകാലമേ ജോലി ചെയ്തുള്ളൂ. ചിന്തയിൽനിന്ന് പോയതിനുശേഷവും അദ്ദേഹം ചിലപ്പോഴെല്ലാം ചിന്തയ്ക്കുവേണ്ടി ലേഖനങ്ങൾ എഴുതി അയച്ചുതന്നിരുന്നു. ആ എഴുത്തിലുമുണ്ട് ഒരു രസം. ഒരു സാധാരണ പോസ്റ്റ് കവറിന്റെ നാല് ചെവികളും കീറാതെ നിവർത്തിവെച്ചാൽ ഏതാണ്ട് 45 ചതുരശ്ര ഇഞ്ചിന്റെ വിസ്തൃതി കിട്ടും. ഇന്ന് കമ്പ്യൂട്ടറിൽ പ്രിന്റൗട്ട് എടുക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ പകുതിയിൽ താഴെ മാത്രമേ അത് വരൂ. അത്തരം പോസ്റ്റ് കവർ വാങ്ങി നിവർത്തിവെച്ച് അതിൽ നിറയെ കുനുകുനാ എഴുതും. അങ്ങനെ എഴുതിയാൽ അന്നത്തെ ചിന്തയുടെ ഒരു പേജ് മാറ്ററായി. എന്നിട്ട് പഴയപോലെ മടക്കി ചെറുതായി ഒട്ടിക്കും. കേരളത്തിൽ എവിടെ നിന്ന് പോസ്റ്റ് ചെയ്താലും പിറ്റേന്ന് ചിന്ത ഓഫീസിൽ കിട്ടും.

കല, സാഹിത്യം, യാത്ര, സിനിമ, ചിത്രകല, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹത്തിന് അസാധാരണമായ താല്പര്യമുണ്ടായിരുന്നു. പക്ഷേ ഒരു ഓഫീസിന്റെയോ പാർട്ടിയുടെയോ ചട്ടക്കൂടിൽ അദ്ദേഹത്തിന് ഒതുങ്ങിനിൽക്കാൻ കഴിയില്ല. ഇര തേടാൻ മാത്രം താഴെയിറങ്ങുന്ന പക്ഷിയെപ്പോലെ അദ്ദേഹം സ്വന്തം വിഹായസ്സിൽ പറന്നുകളിച്ചു. വളരെ കുറച്ചുകാലം മാത്രമേ രവി ചിന്തയിൽ പ്രവർത്തിച്ചുള്ളൂവെങ്കിലും ‘‘ചിന്ത രവി’’ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായി.

എസ്എഫ്ഐയിൽ പ്രവർത്തിച്ചും നേതൃത്വം കൊടുത്തും സമരങ്ങൾ സംഘടിപ്പിച്ചും വളർന്ന ആളാണ് ബാബു ഭരദ്വാജ്. ഊർജസ്വലനായ ചെറുപ്പക്കാരൻ. ‘‘നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാർ പാർട്ടിയിൽ വരണം’’ എന്ന സ. ഇ എം എസ്സിന്റെ അഭിപ്രായം സ്വീകരിച്ചാവണം, അദ്ദേഹം ചിന്തയിൽ വന്നു. അതിനുമുമ്പ് കുറച്ചുകാലം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. സഖാവ് എ കെ ജി അന്തരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് കണ്ണൂർക്ക് കൊണ്ടുപോയി. അന്ന് അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടിട്ടില്ല. ആ വാഹനത്തിൽ അവസാന നിമിഷം വരെ അനൗൺസറായി അനുഗമിച്ചത് ബാബു ഭരദ്വാജ് ആണ്. ‘‘പാവങ്ങളുടെ പടത്തലവൻ’’ എന്ന് ആദ്യമായി എ കെ ജിയെ വിശേഷിപ്പിച്ചത് ബാബുവാണെന്നു തോന്നുന്നു. ചിന്തയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന് സംസ്ഥാന സർക്കാരിനുള്ളിൽ തുറമുഖ വകുപ്പിൽ ജോലി കിട്ടി. പിന്നെ കേട്ടു, സൗദി അറേബ്യയിലേക്ക് പറന്നുവെന്ന്. തിരിച്ചുവന്ന് വീണ്ടും ചിന്തയിൽത്തന്നെ ജോലി ചെയ്തു. വീണ്ടും പോയി.

ചിന്ത രവി, ചിന്ത വിട്ടതിനുശേഷമാണ് ഞാൻ എഡിറ്റോറിയൽ ബോർഡിനുവേണ്ടി എറണാകുളത്തെത്തുന്നത്, 1976 ജൂൺ 1ന്. അന്ന് അടിയന്തരവാസ്ഥക്കാലമാണ്. കോൺഗ്രസുകാർ ഒഴിച്ചുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ വിഷമമുള്ള കാലം –പ്രത്യേകിച്ചും സിപിഐ എം പ്രവർത്തകർക്ക്. ആയിരത്തിതൊള്ളായിരത്തി അറുപതുകളെക്കുറിച്ച് ചിന്തയുടെ ആദ്യത്തെ എഡിറ്ററായ സഖാവ് കെ ഇ കെ നമ്പൂതിരി പറയാറുണ്ട്: ‘‘ഞങ്ങളാകെ പാർട്ടിയിൽ വരുന്നത് അറസ്റ്റും ജയിലും കരുതൽ തടങ്കലുംമാത്രം മുന്നിൽ കണ്ടുകൊണ്ടാണ്.’’ അടിയന്തരാവസ്ഥക്കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എങ്കിലും, ഉണ്ടായിരുന്ന ഗവൺമെന്റ് ജോലി രാജിവച്ച്, ഞാൻ മുഴുവൻസമയ ചിന്ത പ്രവർത്തകനായി, ചിന്ത എഡിറ്റോറിയൽ ബോർഡിന്റെ എറണാകുളത്തെ ഭാരവാഹിയായി, ജോലിയിൽ പ്രവേശിച്ചു. വ്യക്തിപരമായ കാരണങ്ങളും അതിനു പിന്നിലുണ്ടായിരുന്നു. വലിയ സി പി അതിനകംതന്നെ, ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലി രാജിവച്ച്, ചിന്തയിലെ മുഴുവൻസമയ പ്രവർത്തകനായി മാറിക്കഴിഞ്ഞിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പത്രപ്രവർത്തനം ഏറ്റവുമധികം വിഷമം പിടിച്ചതായിരുന്നു. പത്രങ്ങൾക്ക്, പ്രത്യേകിച്ചും ഗവൺമെന്റിനെ എതിർക്കുന്ന പത്രങ്ങൾക്ക്, കടുത്ത സെൻസറിങ്. വാരികയിൽ അച്ചടിക്കാനുള്ള മാറ്ററും ലേഖനങ്ങളും പ്രസ് ഇൻഫർമേഷൻ ഓഫീസറെ കാണിക്കണം. അദ്ദേഹം, അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന ഓഫീസർ, വായിച്ചുനോക്കി ഗവൺമെന്റിനെതിരായി ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടാൽ ഒപ്പിട്ട്, സീൽ വച്ചുതരും. ഇന്ദിരാഗാന്ധി ഗവൺമെന്റിനെ അനുകൂലിക്കുന്ന വലതുപക്ഷ പത്രങ്ങൾക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. കുമ്പിടാൻ പറഞ്ഞാൽ മുട്ടിലിഴയുന്ന അക്കൂട്ടർ തവളക്കാൽ കയറ്റുമതിയെക്കുറിച്ച് എഡിറ്റോറിയൽ എഴുതി. ന്യൂഡൽഹിയിൽ തുർക്ക-്മാൻ ഗെയ്റ്റിൽ പാവപ്പെട്ട തൊഴിലാളികളുടെ വീടുകളും കടകളും ബുൾഡോസർ വച്ച് ഇടിച്ചുപൊളിച്ച്, പുതിയ മാളുകൾ സ്ഥാപിക്കുമ്പോഴാണിത്. ‘‘ഡൽഹിയിലെ നഗരസൗന്ദര്യവൽക്കരണം’’ എന്നു പോലും എഴുതാൻ ഞങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല. ജവഹർലാൽ നെഹ്റുവിന്റെ ‘‘ഒരച്ഛൻ മക്കൾക്കയച്ച കത്തുക’’ളിൽനിന്നോ മറ്റ് ഗ്രന്ഥങ്ങളിൽ നിന്നോ രവീന്ദ്രനാഥ ടാഗോറിന്റെ ‘‘ഗീതാഞ്ജലി’’യിൽ നിന്നോ ഉള്ള ഉദ്ധരണികൾപോലും അച്ചടിക്കാൻ ഇന്ദിരാഗാന്ധിയുടെ ഭരണം അനുവദിച്ചിരുന്നില്ല. ‘‘വേർ ദി മൈൻഡ് ഈസ് ഫ്രീ….’’ എന്നുകണ്ടാൽ സെൻസർ ഉണ്ണിത്താൻ നിഷ്-ക്കരുണം ചുവന്ന മഷികൊണ്ട് വെട്ടും. കോടതികള്‍ വരെ, അക്കാലത്ത് കർശനമായ സ്വയം നിയന്ത്രണത്തിന് നിർബന്ധിതമായിരുന്നുവല്ലോ. ജയറാം പടിക്കൽ, പുലിക്കോടൻ, മധുസൂദനൻ, കക്കയം ക്യാമ്പ്, ഉരുട്ടൽ, ഈച്ചരവാരിയരുടെ മകൻ രാജൻ, സ്നേഹലതാ റെഡ്ഡി, മേരി ടെയ്ലർ, ജയപ്രകാശ് നാരായണന്റെ അസുഖം….. അങ്ങനെ അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് എത്രയോ എഴുതാനുണ്ട്.

അതിനൊന്നും ഇവിടെ മുതിരുന്നില്ല. കമ്പോസ് ചെയ്തു കൊണ്ടുപോയ മാറ്റർ, നിർദ്ദയം വെട്ടിക്കഴിഞ്ഞാൽ, സെൻസർ ഉണ്ണിത്താൻ അല്പനേരം ചിന്തിച്ചിരുന്ന് ആത്മഗതമെന്നപോലെ പറയും : ‘‘എന്ത് ചെയ്യാം ? ഞാനിത് ചെയ്തില്ലെങ്കിൽ രാത്രി ജയിലിലെത്തും. എന്റെ ജോലി പോകും. നിങ്ങൾ അതൊക്കെ പ്രതീക്ഷിച്ചുകൊണ്ട് ഈ മേഖലയിൽ വന്നവരാണല്ലോ.’’

എന്നിട്ടും അദ്ദേഹത്തിന്റെ ചുവപ്പുമഷി പ്രയോഗത്തിൽനിന്ന് മഹാകവി വൈലോപ്പിള്ളിയുടെ ‘‘മിണ്ടുക മഹാമുനേ’’ എന്ന കവിത രക്ഷപ്പെട്ടു. 1976 ആഗസ്തിലെ ജന്മദിനപ്പതിപ്പിൽ ആണത് പ്രസിദ്ധീകരിക്കപ്പെട്ടത്. തന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന കള്ളനെ അക്കാര്യം അറിയാതെയാണെങ്കിലും, രാജകിങ്കരന്മാരിൽ നിന്ന് രക്ഷിക്കുന്ന മഹർഷിയുടെ കഥയാണ് കവിതയ്ക്ക് ആധാരം. അടിയന്തരാവസ്ഥ കിരാതവാഴ്ച നടത്തുമ്പോൾ, മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രി അച്യുതമേനോനെ ഉദ്ദേശിച്ചായിരിക്കണം കവി എഴുതിയത്. കക്കയം ക്യാമ്പിൽ ദാരുണമായ മരണത്തിന്നിരയായ രാജന്റെ അച്ഛൻ ഈച്ചരവാരിയർ അവരുടെയാകെ സുഹൃത്തായിരുന്നുവല്ലോ. ഏതായാലും അടിയന്തരാവസ്ഥക്കെതിരായ ആദ്യത്തെ വെടി അതാണെന്ന് തോന്നുന്നു. ‘‘അടിയന്തരാവസ്ഥ അറബിക്കടലിൽ’’ എന്ന് സഖാവ് ഇ എം എസ് ആഹ്വാനം ചെയ്യുന്നതിന് മാസങ്ങൾക്കു മുമ്പ്.

ഇന്ത്യൻ പ്രസിഡന്റിനുപോലും അക്കാലത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു കാർട്ടൂൺ ഇന്ത്യൻ എക്സ്പ്രസ്സിൽ വന്നതോർക്കുന്നു. ബാത്ത്റൂമിൽ കയറിയ പ്രസിഡന്റിനെ വിളിച്ച് പുതിയ ഓർഡിനൻസിൽ ഒപ്പിടാൻ പ്രധാനമന്ത്രി, ആവശ്യപ്പെടുന്നു. ‘‘ഇതു കഴിഞ്ഞിട്ടുപോരേ മാഡം’’ എന്ന് പ്രസിഡന്റ് ദയനീയമായി ചോദിക്കുന്നു. സ്ത്രീ ആയതുകൊണ്ട് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഇന്ന് ഇന്ത്യൻ പ്രസിഡന്റിന് പ്രവേശനമില്ലല്ലോ. അന്നത്തെ അടിയന്തരാവസ്ഥയുടെ കരാളമായ കാർമേഘങ്ങൾ ഇന്ന് ഇന്ത്യയെ മൂടിക്കൊണ്ടിരിക്കുകയാണല്ലോ.

അക്കാലത്താണ് എറണാകുളം ഓഫീസിൽ ഞാനെത്തുന്നത്. ചന്ദ്രേട്ടനും താരയും സെയ്ദും അവിടെയുണ്ട്. റഷീദ് പിന്നീടാണ് ചിന്തയിൽ ചേർന്നത്. കപ്പലിൽനിന്ന് അരി/കഞ്ഞിക്കലത്തിലേയ്ക്ക് എന്നതാണ് ചിന്തയുടെ അന്നത്തെ ശെെലി, ഓരോ ലക്കത്തിലേയ്ക്കുമുള്ള മാറ്റർ, അതാത് ആഴ്ച തന്നെയുണ്ടാക്കണം. കറന്റ് പൊളിറ്റിക്കൽ വീക്കിലികൾക്ക് അതേ പറ്റൂ. ചിന്തയിലെ മാറ്റർ തൊണ്ണൂറു ശതമാനവും തിരുവനന്തപുരത്തുനിന്ന് വരണം. മാറ്റർ അയയ്ക്കുന്നത് ട്രാൻസ്പോർട്ട് ബസിലാണ്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസിൽ കണ്ടക്ടറെ സേവ പിടിച്ച് മാറ്ററിന്റെ കവർ ഏൽപ്പിക്കുന്നു. പാർട്ടിയോട് അനുഭാവമുള്ള ആരെങ്കിലും ആയിരിക്കണം കണ്ടക്ടർ. ബസ് പുറപ്പെട്ടു കഴിഞ്ഞാൽ എറണാകുളത്തേക്ക് വിളിച്ചുപറയും. ആ ബസ് എറണാകുളം ട്രാൻസ്പോർട്ട് സ്റ്റാൻഡിലെത്തുമ്പോൾ അവിടെ ചിന്തയ്ക്കുവേണ്ടി ആരെങ്കിലും കാത്തുനിന്ന് കവർ കെെപ്പറ്റണം. ബസ് വഴിക്ക് ബ്രേക്ക് ഡൗണായാൽ, ഇടയ്ക്ക് മഴ പെയ‍്ത് കണ്ടക്ടറുടെ സീറ്റിന് അടുത്തുള്ള ബോക്സിലെ കവർ നനഞ്ഞാൽ,അല്ലെങ്കിൽ യഥാസമയം ചിന്തയുടെ ആൾ സ്റ്റാന്റിൽ എത്താതിരുന്നാൽ, കണ്ടക്ടർ ആ കവർ വിശ്വസ്തരായ മറ്റാരെയെങ്കിലും ഏൽപ്പിക്കാതിരുന്നാൽ… എല്ലാം റിസ്-ക്കുള്ള കാര്യമാണ്. മാറ്റർ തിരുവനന്തപുരത്തുനിന്ന് കൊടുത്തയയ്ക്കുന്നത് രാത്രി പത്തുമണിക്ക് ശേഷമായിരിക്കും. അക്കാലത്ത് ഏഴുമണിക്കൂറിനുള്ളിൽ ബസ് എറണാകുളത്തെത്തും. എത്രയോ തവണ മാറ്ററിന്റെ കവർ നഷ്ടപ്പെട്ടിട്ടുണ്ട്.

വളരെ ബുദ്ധിമുട്ടുള്ള ഈ സമ്പ്രദായം കുറച്ചുകാലം പയറ്റിനോക്കിയപ്പോൾ, എന്നാലിനി റെയിൽവേ വഴി അയ്ക്കാമെന്ന് തീരുമാനിച്ചു. റെയിൽവേക്കാർക്ക് ചെറിയ കവറൊന്നും കൊണ്ടുപോകാൻ കഴിയില്ല. വലിയ ഇരുമ്പുപെട്ടി വാങ്ങി റെയിൽവേ പാർസൽ ആയി, മാറ്റർ അയച്ചുതുടങ്ങി. രാത്രി തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി, വെളുപ്പിനാണ് എറണാകുളത്തെത്തുക. പാർസൽ വലിച്ച് പ്ലാറ്റ്ഫോമിലിടും. ചിലപ്പോ പാർസലിറക്കാൻ അവർ മറക്കും. അപ്പോഴത് മംഗലാപുരത്തേക്ക് പോകും. രണ്ട് ദിവസം കഴിഞ്ഞ് ആ റേക്കുകൾ തിരിച്ചുവരുമ്പോൾ ചിന്തയ്ക്കുള്ള പാർസലും മാറ്ററും കിട്ടിയാലായി, മംഗലാപുരത്തുവച്ച് പാർസൽ വാൻ കഴുകി വൃത്തിയാക്കിയാൽ മാറ്ററുംപോയി, പെട്ടിയും പോയി. മാറ്റർ വീണ്ടും എഴുതണം.!

മാറ്റർ അയക്കുന്നതിലെ ഈ ദുർഘടം ഒഴിവാക്കുന്നതിനായി, മാറ്ററുംകൊണ്ട് ഒരാൾ തിരുവനന്തപുരത്തുനിന്ന് വരിക എന്നതായി അടുത്തുപരീക്ഷണം. സഖാക്കൾ സി ഭാസ്കരനോ കെ ഇ കെ നമ്പൂതിരിയോ ആണ് വരിക. ആ സഖാവും ഞാനും കൂടി അച്ചടിയുടെ മേൽനോട്ടം വഹിക്കും. അക്കാലത്ത് ദേശാഭിമാനി വാരികയും എറണാകുളം  പ്രസിലാണ് അച്ചടിച്ചിരുന്നത്. ദേശാഭിമാനി വാരികയ്ക്കും ചിന്തയ്ക്കുംകൂടി കമ്പോസിങ്ങിന് ഒരു പ്രത്യേക സെക്ഷൻ ഉണ്ട്. മൂന്നു ദിവസം വാരികയ്ക്കും മൂന്നു ദിവസം ചിന്തയ്ക്കും കിട്ടും. ആ ദിവസങ്ങളിൽ ജോലി തീർക്കണം.

അങ്ങനെ പത്തു–പതിനഞ്ച് കൊല്ലക്കാലം ഉണ്ടായി. 1988ൽ ചിന്ത വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നു. ചിന്തയുടെ കഥ മുഴുവനും ഇവിടെ പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ചിന്തയിൽ ഒപ്പം പ്രവർത്തിച്ച മറ്റു ചില സഖാക്കളെക്കുറിച്ച് പരാമർശിക്കാം. ഗാന്ധാരി അമ്മൻകോവിലിന്നടുത്തുള്ള വാടക വീട്ടിൽ ഓഫീസുമായി കഴിഞ്ഞുകൂടുമ്പോൾ, കുറച്ചുകാലം എഡിറ്റോറിയൽ ബോർഡിൽ പാലക്കീഴ് പരമേശ്വരൻ അനൗപചാരികമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹം ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുമ്പോൾ, തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റം കിട്ടി. അക്കാലത്താണ് ചിന്തയ്ക്കുവേണ്ടി എഴുതിയിരുന്നത്. അഞ്ചരപതിറ്റാണ്ടിലധികം കാലത്തെ പരിചയം, അദ്ദേഹവുമായി, എനിയ്ക്കന്നുണ്ട്.

ചിന്തയുടെ വളർച്ചയെക്കുറിച്ച് പറയുമ്പോൾ, ആദ്യമേ പരാമർശിക്കേണ്ടത് അനിയേട്ടൻ എന്ന് ഞങ്ങൾ വിളിക്കാറുള്ള സഖാവ് ഇ എം ശ്രീധരനെയാണ്. അദ്ദേഹം സാങ്കേതികമായി ചിന്ത സ്റ്റാഫ് ആയിരുന്നില്ലെങ്കിലും, ഫലത്തിൽ സ്റ്റാഫും ഓഡിറ്ററും ലേഖകനും വഴികാട്ടിയും എല്ലാമായിരുന്നു. മദിരാശിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നതിനിടയയിൽ, അതെല്ലാം ഉപേക്ഷിച്ചാണ് തിരുവനന്തപുരത്തെത്തിയത്. ചിന്തയുടെ വരവുചെലവു കണക്കുകൾ നോക്കി ഗവൺമെന്റിലേക്ക് കണക്കുകൾ സമർപ്പിക്കുന്ന ഔദ്യോഗിക ഓഡിറ്റർ വേറെയുണ്ടെങ്കിലും, സാമ്പത്തികസ്ഥിതി പരിശോധിച്ച് യഥാസമയം പാർട്ടിക്ക് റിപ്പോർട്ടുചെയ്യുന്നത് അനിയേട്ടനായിരുന്നു.

സാധാരണപേപ്പറിന്റെ പകുതി വലിപ്പത്തിൽ, അതായത് ഡെമി ഹാഫിൽ, പന്ത്രണ്ട് പേജുള്ള വാരികയായിരുന്നു, തുടക്കത്തിൽ ചിന്ത. പിന്നീട് പേജുകളുടെ എണ്ണം കൂടിയെങ്കിലും സെെസിൽ മാറ്റം വന്നില്ല. കവർപേജില്ല, ചിത്രങ്ങളില്ല എല്ലാ ലക്കങ്ങൾക്കും ഏതാണ്ട് ഒരേ രൂപം. ഒട്ടും വെെവിധ്യമില്ല. പാർട്ടി പ്രസിദ്ധീകരണമാണെങ്കിലും, ആകർഷകമായി അച്ചടിച്ചിറക്കണം എന്നായിരുന്നു അനിയേട്ടന്റെ ശക്തമായ അഭിപ്രായം. വായനക്കാരന്റെ രുചിഭേദങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. അക്കാലത്ത് ‘‘ബ്ലിറ്റ്സ്’’ പോലുള്ള ചുരുക്കം ചില വാരികകളെ ഡെമി ഹാഫ് സെെസിലുള്ളൂ. ചിന്തയുടെ കെട്ടുംമട്ടും മാറണം; ആകർഷകമായ കവർപേജ് വേണം. പേജുകളുടെ എണ്ണം കൂട്ടണം. ചിത്രങ്ങൾ വേണം! ലേ ഔട്ട് ആകെ മാറ്റണം!! അപ്പോൾ സ്വാഭാവികമായും ചെലവ് കൂടും; വില കൂട്ടേണ്ടിവരും.

സെെസ് മാറുന്നത്, ചിന്തയുടെ ഐഡന്റിറ്റി നഷ്ടമാകുന്നതിന്നിടയാക്കുമെന്നും വില കൂട്ടാൻ സമ്മതമല്ലെന്നുമുള്ള അഭിപ്രായവും പൊങ്ങിവന്നു. വില കൂട്ടിയാൽ സർക്കുലേഷൻ കുറഞ്ഞേക്കും, ചിന്ത വാരിക പരമാവധി സഖാക്കളിലേക്ക് എത്തിക്കുകയാണ് ആവശ്യം എന്നും പാർട്ടി നേതൃത്വം അഭിപ്രായപ്പെട്ടു. മാത്രമല്ല, ഈ മാറ്റങ്ങളെല്ലാം വരുത്തിയാൽ ഉണ്ടാകുന്ന ചെലവ് വർധന, താങ്ങാൻ ചിന്തയ്ക്ക് കഴിയുമോ? ‘‘നോ പ്രോഫിറ്റ്, നോ ലോസ്’’ എന്ന തത്വം വച്ചാണ് ചിന്ത അക്കാലത്താകെ പ്രവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ ചിന്തയുടെ വരവും ചെലവും കണക്കുകൾ കൃത്യമായി വിശകലനം ചെയ്തുകൊണ്ട് അനിവാര്യമായ പുതിയ മാറ്റങ്ങൾക്കു വേണ്ടിവരുന്ന ചെലവ് താങ്ങാൻ കഴിയുമെന്നും വളരെ ചെറിയ വില വർധനയേ ആവശ്യമായി വരൂ എന്നും അനിയേട്ടൻ സമർഥിച്ചു. തുടർന്നാണ് ചിന്ത വാരിക ഇന്നത്തെ രൂപത്തിൽ അച്ചടിച്ചു തുടങ്ങിയത്. പിന്നെ പേജുകളുടെ എണ്ണം വർധിച്ചു. 48 പേജും നാല് പേജു കവറും എന്ന രൂപത്തിലെത്തി. പുതിയ രൂപമാറ്റംകൊണ്ട് സർക്കുലേഷൻ കുറയുകയല്ല, കൂടുകയാണ് ഉണ്ടായത് എന്ന് പിന്നീട് വ്യക്തമായി.

ഇരുപത്തിയേഴര കൊല്ലക്കാലം ചിന്തയുടെ അമരക്കാരനായിരുന്ന, അതിൽ പത്തുകൊല്ലത്തിലധികം കാലം പത്രാധിപരായിത്തന്നെ പ്രവർത്തിച്ച, ഇരുപത്തിയഞ്ചു കൊല്ലത്തിലധികം കാലം തുടർച്ചയായി ചോദ്യോത്തര പംക്തി കെെകാര്യം ചെയ്തിരുന്ന സഖാവ് ഇ എം എസ്സിനെക്കുറിച്ച് ഞാൻ എഴുതേണ്ടതില്ലല്ലോ. ദേശാഭിമാനി പത്രത്തിന്റെ ആദ്യകാല പത്രാധിപരായിരുന്നു, ഇ എം എസ്സിനെപ്പോലെതന്നെ ആദരണീയനായ മാർക്സിസ്റ്റ് പണ്ഡിതനായ എം എസ് ദേവദാസ് മാഷ്. അദ്ദേഹത്തിന്റെ സാർഥകമായ ജീവിതത്തിലെ അവസാനത്തെ രണ്ട് ദശാബ്ദക്കാലം ചിന്തയിലെ സജീവസാന്നിധ്യമായിരുന്നു. മാർക്സിസ്റ്റ് ദർശനത്തിൽ അഗാധമായ ജ്ഞാനം നേടിയ അദ്ദേഹത്തിന്റെ ‘‘മാർക്സിസ്റ്റ് ദർശനം’’, ‘‘സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം’’ തുടങ്ങിയ കൃതികൾ അക്കാലത്ത് ചിന്തവാരികയിലൂടെ ഖണ്ഡശ: പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.

ഏറെക്കാലം ചിന്തയിലെ സാർവദേശീയ രംഗം കെെകാര്യം ചെയ്തിരുന്നത് ദേവദാസ് മാഷായിരുന്നു. അദ്ദേഹത്തിനുശേഷം ആ പംക്തി കെെകാര്യം ചെയ്തിരുന്നതും കുറച്ചുകാലം ചിന്തയുടെ പത്രാധിപ സമിതിക്ക് നേതൃത്വം നൽകിയിരുന്നതും സഖാവ് പി ഗോവിന്ദപിള്ളയാണ്. ലേഖനങ്ങൾക്കൊപ്പം ബന്ധപ്പെട്ട പടങ്ങളും കൊടുക്കണമെന്നത് പിജിയ്ക്ക് നിർബന്ധമായിരുന്നു. സാർവദേശീയ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനം എഴുതിക്കഴിഞ്ഞാൽ, അതിനാവശ്യമായ മാപ്പുകൾ അദ്ദേഹം തന്നെ വരച്ച്, സ്ഥലങ്ങൾ അടയാളപ്പെടുത്തി തരുമായിരുന്നു. അക്കാലത്ത് ഏതാനും മാസകാലം ചിന്തയുടെ എഡിറ്റോറിയൽ ബോർഡിന്റെ ഒാഫീസ്, എകെജി സെന്ററിലുള്ള പിജിയുടെ ഓഫീസ് റൂം തന്നെയായിരുന്നു.

എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന സഖാവ് സി ഭാസ്കരൻ, ചിന്തയിൽ ഏറെക്കാലം ഞങ്ങളുടെ സഹപ്രവർത്തകനായിരുന്നു. വിദ്യാർഥി സമരങ്ങൾ നടത്തിയും നേതൃത്വം നൽകിയും പടിപടിയായി ഉയർന്നുവന്ന ആ സഖാവിനെക്കുറിച്ച്, ഞാൻ എഴുതുന്നത്, എന്റെ അവിവേകം കൊണ്ടുള്ള അധിക പ്രസംഗമായിരിക്കും. അതിന് ഞാൻ മുതിരുന്നില്ല. ചിന്തയിലേക്ക് പെട്ടെന്നുവന്ന്, പെട്ടെന്നുപോയ ചേലാട് സുരേന്ദ്രനെക്കുറിച്ച് ഞാൻ സൂചിപ്പിച്ചുവല്ലോ. സ്മരണീയനായ മറ്റൊരു സഖാവ് പി എസ് രവീന്ദ്രനാണ്. സിപിഐയുടെ ‘‘നവയുഗ’’ത്തിലും മറ്റും പ്രവർത്തിച്ച്, അനുഭവസമ്പന്നനായ ആ സഖാവ്, പി ജിയ്ക്കും മറ്റും ശേഷം കുറച്ചുകാലം സാർവദേശീയരംഗം കെെകാര്യം ചെയ്യുകയുണ്ടായി. എല്ലാ കാര്യങ്ങളും വളരെ ധൃതിയിൽ ചെയ്തുകൊണ്ടിരുന്ന അദ്ദേഹം, ആ ധൃതി സ്വന്തം ജീവിതത്തിലും കാണിച്ചില്ലേ?

കുറച്ചുകാലം ചിന്തവാരികയിൽ പ്രവർത്തിച്ചതിനുശേഷം മറ്റ് തുറകളിലേക്ക് മാറിയവരാണ് സഖാക്കൾ കെ എസ് രഞ്ജിത്തും എ വി അനിൽകുമാറും ധനേശനും രഘുവും. ഇപ്പോൾ ചിന്തയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റിയുള്ള പരാമർശം, ഈ കുറിപ്പിന്റെ പരിധിയിൽ വരുന്നതല്ലല്ലോ.

ഒരു സാധാരണ പാർട്ടി അംഗത്തെ സംബന്ധിച്ചിടത്തോളം ചിന്ത വാരികയിലെ ജോലി അഭിമാനാവഹമാണ്. ഇ എം എസ്, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ തുടങ്ങിയ നേതാക്കന്മാരാണ് പത്രാധിപന്മാർ (പിൽക്കാലത്ത് ഏറെ കാലം സി പി നാരായണനായി എഡിറ്റർ). മിക്കവാറും എല്ലാ ആഴ്ചകളിലും എഡിറ്റോറിയൽ മീറ്റിങ്ങുകളിൽ അവർ സന്നിഹിതരാകും. വേണ്ട നിർദേശങ്ങൾ തരും. എഴുതേണ്ട ലേഖനത്തെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കിൽ, എപ്പോൾ വേണമെങ്കിലും ചെന്ന് ചോദിക്കാം. ചിന്ത ഓഫീസിന്ന് തൊട്ടുമുന്നിലാണ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസുള്ള എ കെ ജി സെന്റർ. അവിടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരുണ്ടാവും. ഓരോരോ വിഷയത്തെക്കുറിച്ച് എടുക്കേണ്ട നിലപാടുകളെ സംബന്ധിച്ച് സംശയമുണ്ടെങ്കിൽ ചോദിക്കാം. ചിന്ത ഓഫീസിന്നുതൊട്ടാണ്, നേതാക്കന്മാരുടെ ഫ്ളാറ്റുകൾ. അവരുമായും ബന്ധപ്പെടാം. ചിന്തയുടെ പാർട്ടി ബ്രാഞ്ച്, സ്റ്റേറ്റ് കമ്മിറ്റിക്ക് നേരെ കീഴിലാണ്. ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികൾ തുടങ്ങിയ പടവുകളൊന്നും ഇടയിലില്ല. അങ്ങനെ അസൂയാവഹമായ സ്ഥാനം. രസകരവും ആവേശകരവുമായിരുന്നു അക്കാലം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 5 =

Most Popular