അവസാന ശ്വാസംവരെയും അച്ഛന് (പി ഗോവിന്ദപ്പിള്ള) സവിശേഷമായ ഹൃദയബന്ധമായിരുന്നു ചിന്തയോടും ദേശാഭിമാനിയോടും ഉണ്ടായിരുന്നത്. ചിന്തയ്ക്കും ദേശാഭിമാനിക്കുമുള്ള ലേഖനങ്ങൾ ഒരു കാരണവശാലും മുടങ്ങാതിരിക്കാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പത്രാധിപന്മാർ ആവശ്യപ്പെടുന്നതനുസരിച്ച് മാതൃഭൂമിക്കും കലാകൗമുദിക്കും മറ്റും അച്ഛൻ ലേഖനങ്ങൾ കൊടുക്കുമായിരുന്നുവെങ്കിലും എന്നും മുൻഗണന പാർട്ടി പ്രസിദ്ധീകരണങ്ങൾക്കായിരുന്നു. അതിൽ അച്ഛന് അനല്പമായ അഭിമാനവും ഉണ്ടായിരുന്നത് ഓർക്കുന്നു.
പാർട്ടിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുന്നതിന് പല തവണ നടപടിക്ക് വിധേയനായിട്ടുണ്ടെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടല്ലാതെ നിൽക്കുവാൻ അച്ഛൻ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. “മുൻ കമ്യൂണിസ്റ്റ്’ എന്ന വിഭാഗത്തെ അച്ഛൻ വെറുത്തു.
അച്ഛന്റെ അവസാനകാലങ്ങളിൽ മുഖ്യധാരാ സാംസ്‌കാരിക സാഹിത്യ ലോകം അച്ഛനെ അംഗീകരിക്കുകയും അത്തരം വേദികളിൽ അച്ഛൻ ആദരിക്കപ്പെടുകയും ചെയ്തു. പൊതുവിൽ ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകരെ അകറ്റി നിർത്തുന്ന പ്രവണതയെ മറികടക്കാൻ അച്ഛന് കഴിഞ്ഞു. പക്ഷേ പാർട്ടി പ്രസിദ്ധീകരണങ്ങൾക്കാണ് അച്ഛൻ എന്നും പ്രഥമ പരിഗണന നൽകിയത്. 1965 ൽ ദേശാഭിമാനി പത്രാധിപ സ്ഥാനം അച്ഛൻ ഏറ്റെടുത്തു. 16 വർഷം ആ സ്ഥാനത്ത് തുടർന്നു.
ആദ്യമായി അച്ഛന്റെ ഒരു രചന ചിന്തയിൽ പ്രസിദ്ധീകരിച്ചത് “കാട്ടുകടന്നൽ’ ആണ്. ഏഥിൽ ലിലിയൻ വോയിനിച്ചിന്റെ വിശ്വപ്രസിദ്ധമായ ഗാഡ്ഫ്ളൈ എന്ന നോവലിന്റെ പരിഭാഷ.അച്ഛൻ 1949 – 50 കാലത്ത് യർവാദ ജയിലിൽ കിടക്കുമ്പോഴാണ് ഈ നോവൽ ആദ്യമായി വായിക്കുന്നത്. അതുവരെയും നോവലിനോടും കഥയോടും താത്പര്യമില്ലാതിരുന്ന അച്ഛനെ ഈ പുസ്തകം വായിക്കാൻ പ്രേരിപ്പിച്ചത് അന്ന് സഹതടവുകാരൻ ആയിരുന്ന സ. അജയഘോഷ് ആണ്. പിന്നീട് 1964 – 65 ൽ കണ്ണൂർ ജയിലിലെ രണ്ടു വർഷത്തെ തടവുകാലത്താണ് ഗാഡ്‌ഫ്‌ളൈ വിവർത്തനം ചെയ്തത് . ” ഒരു നിരാഹാര സമരകാലത്ത് വാതം മൂലം കാലിനു നീരു വന്ന് വേദനിച്ച് ഉറക്കം വരാതെ കഴിഞ്ഞ രാത്രികളിൽ പഴയ ആഗ്രഹം നിവർത്തിക്കാനും നേരം വെളുപ്പിക്കാനുമായി വിവർത്തനം തുടങ്ങി’ എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ അച്ഛൻ പറയുന്നുണ്ട്. അന്ന് ചിന്ത വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത് എന്റെ ചേട്ടൻ എം ജി രാധാകൃഷ്ണന്റെ പേരിലാണ്. തടവുപുള്ളിയുടെ പേരു വെക്കാൻ കഴിയില്ലല്ലോ. അന്ന് ചേട്ടന് ഏഴു വയസ്സും എനിക്ക് രണ്ടു വയസ്സുമാണ് പ്രായം . 1976 ൽ കാട്ടുകടന്നൽ പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോൾ അച്ഛൻ ആമുഖത്തിൽ ഇങ്ങനെ എഴുതി : “കണ്ണൂർ ജയിലിൽ നിന്നയച്ച ഈ വിവർത്തനം ആദ്യം ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ചപ്പോൾ എന്റെ മകൻ എം ജി രാധാകൃഷ്ണന്റെ പേരാണ് തൂലികനാമമായി ഉപയോഗിച്ചത്. അന്നയാൾക്ക് അതു വായിക്കാൻ പ്രായമായിരുന്നില്ല. ഇന്നായി. അയാൾക്കും അയാളുടെ തലമുറയ്ക്കുമായി ഈ വിശ്വോത്തര വിപ്ലവകലാസൃഷ്ടിയുടെ മലയാള വിവർത്തനം പ്രതീക്ഷാപൂർവം സമർപ്പിക്കുന്നു’.
അജയഘോഷിന്റെ പ്രേരണയിൽ നോവൽ വായന തുടങ്ങിയെങ്കിലും പൊതുവിൽ വിജ്ഞാന ഗ്രന്ഥങ്ങളാണ് അച്ഛൻ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നതെന്ന് തോന്നാറുണ്ട് . എങ്കിലും വായിച്ചിരിക്കേണ്ടതാണെന്ന് ബോധ്യം ഉള്ള നോവലുകളും കഥകളും കവിതകളും നാടകങ്ങളും നിർബന്ധമായും വായിക്കുകയും വായിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ എം എ ഫിലോസഫിക്ക് പഠിക്കുമ്പോൾ വാസിലിസ് വാസിലിക്കോവിന്റെ “സെഡ്’ എന്ന ഗ്രീക്ക് രാഷ്ട്രീയ നോവൽ വായിക്കാൻ അച്ഛൻ തന്നത്. വായിച്ചു കഴിഞ്ഞപ്പോൾ അത് വിവർത്തനം ചെയ്യണമെന്നും അച്ഛൻ ആവശ്യപ്പെട്ടു. അതുവരെ അങ്ങനെ ഗൗരവമായി ഒന്നും വിവർത്തനം ചെയ്തിട്ടില്ലാത്ത ഞാൻ പരിഭ്രമിച്ചു. പക്ഷേ അച്ഛൻ നൽകിയ ആത്മവിശ്വാസത്തിൽ അത് വിവർത്തനം ചെയ്യുകയും ചിന്തയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്വാഭാവികമായും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എന്റെ പ്രധാനപ്പെട്ട നേട്ടം സെഡ് വിവർത്തനം ചെയ്തു എന്നതായി. ഇപ്പോഴും അന്നത്തെ എസ്എഫ്ഐ പ്രവർത്തകർ അക്കാര്യം പറയാറുണ്ട്.
ഇപ്പോൾ ചിന്തയുടെ അറുപതാം വാർഷികത്തിൽ ചിന്ത പബ്ലിഷേഴ്സ് സെഡ് പുനഃപ്രസിദ്ധീകരിച്ചതിൽ ചാരിതാർഥ്യമുണ്ട്. ചിന്തയിൽ ഇതുവരെ പ്രസിദ്ധീകരിച്ച രണ്ടു നോവലുകൾ കാട്ടുകടന്നലും സെഡുമാണ്.
1982 ൽ പതിനാറു വർഷത്തെ ദേശാഭിമാനി പത്രാധിപസ്ഥാനം ഒഴിഞ്ഞ അച്ഛൻ തിരുവനന്തപുരത്തേക്ക് വരുകയും എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ചിന്ത പത്രാധിപ സമിതിയിലും അച്ഛൻ അംഗമായിരുന്നു. 1989 ൽ ചൈനയിൽ ടിയാനൻമെൻ സ്‌ക്വയർ സംഭവത്തെ അച്ഛൻ പരസ്യമായി അപലപിക്കുകയും പാർട്ടി നടപടിക്ക് വിധേയനാകുകയും ചെയ്തതൊടെ വീണ്ടും ചിന്തയിൽ നിന്നും കുറച്ചു കാലം വിട്ടു നിന്നു. യുവാക്കൾ ചെയ്യുന്നതെന്തും ആത്മാർത്ഥമായി അച്ഛൻ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. അതിനു മക്കൾ എന്നോ മറ്റു യുവാക്കൾ എന്നോ ഉള്ള വ്യത്യാസമൊന്നും അച്ഛനുണ്ടായിരുന്നില്ല. ടിയാനൻമെൻ പ്രശ്നത്തിലും ഏറെയൊന്നും ചിന്തിക്കാതെ യുവാക്കളുടെ ഒപ്പം നിന്നതാണ് അച്ഛന് പറ്റിയ തെറ്റെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു. യുവാക്കളായ എഴുത്തുകാരെയും ചലച്ചിത്രപ്രവർത്തകരെയും മറ്റും അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും കലർപ്പില്ലാതെ പുകഴ്ത്തുകയും ചെയ്തിരുന്നു. അവരുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് ഉപാധിരഹിതമായി പിന്തുണ നൽകി. ഞാനും ചേട്ടനും എഴുതുന്നതും ഞങ്ങളുടെ മക്കളുടെ ചെറിയ കലാ, കായിക പ്രവർത്തനങ്ങളും അച്ഛൻ ആവോളം ആസ്വദിക്കുകയും നല്ല വാക്കുകൾ കൊണ്ട് ഞങ്ങളെ പൊതിയുകയും ചെയ്തു.
1992 ൽ ചിന്തയിൽ ‘സ്ത്രീപർവം’ എന്ന പേരിൽ ഒരു പംക്തി ഞാൻ ചെയ്തത് അന്ന് ചിന്ത വാരികയിൽ പത്രാധിപ സമിതി അംഗവും ഇന്ന് ചിന്ത പബ്ലിഷേഴ്സിന്റെ പത്രാധിപരും ആയ കെ എസ് രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടാണ് . ഇ എം എസ് ആയിരുന്നു പത്രാധിപർ. അച്ഛന് വലിയ അഭിമാനമായിരുന്നു ഞാൻ ചിന്തയിൽ എഴുതുന്നത്. 1988 ൽ ഞാൻ ദേശാഭിമാനി പത്രാധിപ സമിതി അംഗമായി ചേർന്നതും അച്ഛനെ സന്തോഷിപ്പിച്ചു. പാർട്ടി നടപടി എടുത്തെങ്കിലും ഏറെ വൈകാതെ തന്നെ ചിന്തയിൽ ലേഖനങ്ങൾ എഴുതുവാൻ പാർട്ടി അനുവദിച്ചു.
അക്കാലത്താണ് അച്ഛൻ സാർവദേശീയ രംഗത്തെ കുറിച്ച് അധികമായി എഴുതിയിരുന്നത്.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഇന്റർനെറ്റ് ഇല്ലാത്ത , ഗൂഗിൾ ഇല്ലാത്ത ആ കാലത്ത് എങ്ങനെയാണ് സാർവദേശീയ രംഗം അച്ഛൻ കൈകാര്യം ചെയ്തതെന്ന് അത്ഭുതം തോന്നുന്നു. ടൈം, ന്യൂസ്‌വീക്, ഹിന്ദു തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അച്ഛൻ കൃത്യമായി വായിച്ചിരുന്നു. പുസ്തകങ്ങൾ വാങ്ങിക്കൂട്ടുന്ന അച്ഛനെക്കുറിച്ച് പലരും ധാരാളം എഴുതിയിട്ടുണ്ട്. പുസ്തക ശാലകളിൽ അച്ഛന് പറ്റുവരവായിരുന്നു. സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വാങ്ങാൻ തെരുവോരങ്ങളിൽ മണിക്കൂറുകൾ അച്ഛൻ ചെലവഴിച്ചു. ദില്ലി റെയിൽവെ സ്റ്റേഷനിൽ വച്ച് ഹിഗ്ഗിൻ ബോതംസിന്റെ കടയിൽ കയറിയ അച്ഛൻ അഞ്ചു വയസു മാത്രം ഉണ്ടായിരുന്ന എന്റെ ചേട്ടനെ മറന്ന കഥ പ്രസിദ്ധമാണ്.
രാഷ്ട്രീയ ഭൂമിശാസ്ത്രമായിരുന്നു അച്ഛന് ഏറെ പ്രിയപ്പെട്ട ഒരു വിഷയം. പലതരം അറ്റ്ലസ്സുകളും ഗ്ലോബും അച്ഛന്റെ മേശയിൽ എപ്പോഴും ഉണ്ടാകും. പ്രമേഹം മൂലം കാഴ്ച കുറഞ്ഞ കാലത്ത് പ്രസ് ക്ലബ്ബിലെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് എടുക്കാൻ വരുമ്പോൾ ഭൂപടം വേണമെന്ന് നിർബന്ധം പറയും. കാണാൻ കഴിയാതെ എന്തിനാണ് ഭൂപടം എന്ന് ചിന്തിച്ചെങ്കിലും വലിയ ഒരു ഭൂപടം ചുവരിൽ വിരിച്ചു വച്ചു. ഒരു വടികൊണ്ട് കണ്ണുകാണാതെ തന്നെ ഒരോ രാജ്യവും തൊട്ടുകാണിച്ച് അച്ഛൻ കുട്ടികളെ അമ്പരപ്പിച്ചു.
സാർവദേശീയം അച്ഛന് അത്രയ്ക്ക് ഹൃദിസ്ഥമായിരുന്നു. വിദേശ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെയും മറ്റും പേരുകളും അതിവേഗം അച്ഛൻ മനസ്സിലാക്കുകയും ഓർത്തുവക്കുകയും ചെയ്തു. 2012 നവംബർ 22 ന് മരിക്കുന്നതിന് ഒരാഴ്ച്ച മുമ്പുവരെയും ഓർമ്മയ്ക്ക് യാതൊരു കുറവും അച്ഛനുണ്ടായില്ല. ഒരാഴ്ച സ്വസ്ഥമായ ഉറക്കത്തിലെന്ന പോലെ അച്ഛൻ കിടന്നു.
മാധ്യമപ്രവർത്തനം അച്ഛൻ ആസ്വദിച്ച് ചെയ്തു. പാർട്ടിയുടെ പ്രസിദ്ധീകരണം ആയിരിക്കുമ്പോഴും എല്ലാ വിഷയങ്ങളും അതിൽ ഉണ്ടാകണമെന്ന് അച്ഛൻ ആഗ്രഹിച്ചു. ചിന്തയിലും ദേശാഭിമാനിയിലും സിനിമയും ലിംഗനീതിയും പരിസ്ഥിതിയും അച്ഛന്റെ മുൻകൈയിൽ ഉൾപ്പെടുത്തി. ധാരാളം പുതിയ എഴുത്തുകാരെ ക്കൊണ്ട് എഴുതിപ്പിച്ചു. അക്ഷരങ്ങളെ പ്രണയിച്ച അച്ഛൻ ഉറക്കത്തിലും അക്ഷരങ്ങൾ ആണ് സ്വപ്നം കണ്ടിരുന്നത്. എത്ര വായിച്ചാലും എത്ര എഴുതിയാലും അച്ഛന് മതിയാവില്ല . ശാരീരികമായ അവശതകൾ ഉള്ളപ്പോഴും അച്ഛൻ നിരന്തരം വായിച്ചുകൊണ്ടേയിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസം മുൻപുവരെയും ഇനിയും എഴുതിത്തീർക്കേണ്ട വിഷയങ്ങളെക്കുറിച്ചാണ് അച്ഛൻ പറഞ്ഞുകൊണ്ടിരുന്നത്. അക്ഷരങ്ങളെ പ്രണയിച്ചു പ്രണയിച്ച് അച്ഛൻ ജീവിക്കുകയും മരിക്കുകയും ചെയ്തു. ♦