എഴുത്തും പരന്ന വായനയും ജീവിതവ്രതമാക്കിയ സി ഭാസ്കരൻ എന്ന കമ്യൂണിസ്റ്റ് ചരിത്രകാരൻ നെഞ്ചോട് ചേർത്ത വാക്ക് ‘ചിന്ത’ യാണെന്ന് മുപ്പത്തേഴ് വർഷത്തെ ഒന്നിച്ചുള്ള ജീവിതാനുഭവം എന്നെ പഠിപ്പിച്ചു. എസ് എഫ് ഐ നേതാവായ സഖാവും യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിനിയായ ഞാനും 1972 അവസാന നാളുകളിൽ പരിചയപ്പെടുമ്പോൾ ‘ചിന്ത’ വാരികയാണോ മാസികയാണോ എന്നുപോലും അറിയാത്തവളായിരുന്നു ഞാൻ. തമ്പാനൂർ സുബ്രഹ്മണ്യൻ കോവിലിനടുത്തുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചിന്ത ആപ്പീസ്. അവിടെ താമസിച്ചിരുന്ന ചന്ദ്രേട്ടനും താരേടത്തിയും, സെയിദ്ഇക്കയും മറിയുമ്മയും, അവരെ മാത്രമേ അറിയൂ. പിന്നെ ചിന്തയുടെ ഉടമസ്ഥൻ കെ ചാത്തുണ്ണി മാസ്റ്റർ എന്ന നേതാവ്.- ഇത്രയുമേ അന്നറിയൂ. 1974 മാർച്ചിൽ വിവാഹത്തിന് ശേഷമാണ് ചിന്തയെന്നത് പാർട്ടി പ്രസിദ്ധീകരണം ആണെന്നും അവകാശികൾ വായനക്കാരാണെന്നും അതിന്റെ ചുക്കാൻ ഒരു മഹാപ്രസ്ഥാനത്തിന്റെ കയ്യിലാണെന്നുമൊക്കെ മനസ്സിലായത്.
വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം എസ് എഫ് ഐ യിൽ നിന്നൊഴിവായ സഖാവ് മാസങ്ങൾ കഴിഞ്ഞപ്പോൾ ചിന്ത വാരികയിൽ ചേർന്നെന്ന് ഒരുനാൾ പറഞ്ഞതിന്റെ ഗൗരവം മനസ്സിലാക്കാനുള്ള കോമൺസെൻസ് എനിക്കില്ലായിരുന്നു. കാരണം, പാളയത്തെ ഒരു സാധാരണ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി ആപ്പീസിലെ ഒരു ചെറിയ മുറിയിൽ അതിനുൾക്കൊള്ളാൻ കഴിയാത്ത ലൈബ്രറിയും ആയിട്ടായിരുന്നു സഖാവിന്റെ താമസം. വിവാഹം കഴിഞ്ഞപാടെ ആ ലൈബ്രറി നെടുമങ്ങാടുള്ള എന്റെ വീട്ടിലെ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് മാറ്റപ്പെട്ടു. ചിന്തയിൽ ചേർന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനസ്സിലായി; എന്റെ സഖാവ് പേന തുറന്നു, ഇനി പിടിച്ചാൽ കിട്ടില്ലെന്ന്.
ആഴ്ചയിൽ മൂന്നോ നാലോ ദിവസം രാത്രിയിൽ തുടങ്ങുന്ന എഴുത്ത് ഉച്ചവരെ നീളും. മിക്കവാറും ദിവസങ്ങളിൽ ഉച്ചയ്ക്കാണ് ആപ്പീസിൽ പോക്ക്; എഴുതിയ കുറേ പേപ്പറും കാണും, അതാണ് ചിന്തയ്ക്കുള്ള മാറ്റർ. നെടുമങ്ങാട്ട് നിന്ന് ഉച്ചയ്ക്കുള്ള ബസ്സിലാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. എഴുത്തിനും ഒരു പ്രത്യേകതയുണ്ട്. വരയിട്ട പേപ്പറിൽ കുനുകുന എഴുതുന്നത് വായിക്കാൻ പ്രത്യേക കഴിവ് വേണം. അവസാനകാലംവരെ വരയിട്ട പേപ്പറിലേ സഖാവ് എഴുതിയിരുന്നുള്ളൂ. 2010 കാലഘട്ടത്തിൽ വാങ്ങിക്കൂട്ടിയ വരയിട്ട പേപ്പറിന്റെ ഒരട്ടി ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്; ചെൽപാർക്ക് മഷിനിറച്ച പേനയും. അത് ആ എഴുത്തിന്റെ പ്രത്യേകതയായിരുന്നു. വരയിടാത്ത പേപ്പർ കണ്ടാൽ തന്നെ അരിശമായിരുന്നു.
ഇതിനിടെ ചിന്ത മാനേജ്മെന്റ് വിഭാഗം കൊച്ചിയിലേക്ക് മാറിയെന്നും എഡിറ്റോറിയൽ വിഭാഗം തിരുവനന്തപുരത്താണെന്നും മനസ്സിലായി. ഇത് രണ്ടും കൂടി ചേർന്ന് ആഴ്ചയുടെ അവസാനം പതിനാറു പേജുള്ള വാരികയായി കയ്യിലെത്തുന്നതെങ്ങനെ എന്നൊന്നും അന്ന് ചിന്തിച്ചിട്ടേയില്ല. ഏതുസമയവും നോട്ടുകുറിച്ചെടുക്കലും പേപ്പർ കട്ടിങ്ങുകൾ മുറിച്ച് അടുക്കലും അത് ഒട്ടിച്ച് സൂക്ഷിക്കലും ജോലികളിൽ വ്യാപൃതനായ സഖാവിനെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. എഴുതാൻ ഇരുന്നാൽ ഭാര്യയും കുട്ടികളും അന്യരാണെന്ന ബോധം എന്നെ ഏറെ വേദനിപ്പിച്ചു. മനസ്സിലുള്ളത് മഷിപുരണ്ട് പേപ്പറിലാക്കുന്നത് വരെ ഭക്ഷണം പോലും മാറ്റിവയ്ക്കുന്ന പ്രകൃതമായിരുന്നു സഖാവിന്റേത്. ഒന്നു രണ്ടു വർഷം കഴിഞ്ഞപ്പോൾ പാർട്ടി എനിക്കൊരു ജോലി തന്നു. അതും ചിന്തയിൽ. ഇത് ചിന്ത പബ്ലിഷേഴ്സാണെന്നും പുസ്തക പ്രസിദ്ധീകരണമാണ് വകുപ്പെന്നും സഖാവ് മനസ്സിലാക്കിത്തന്നു. ഞാനും ഇ എം രാധയും ഒരേ ദിവസമാണ് ജോലിക്ക് കയറിയത്; 1977 മാർച്ച് ആദ്യവാരം. ഒരു മാസം കഴിഞ്ഞപ്പോൾ ഞാനും രാധയും പാർട്ടി മെമ്പർമാരായി.
ആയുർവേദ കോളേജിനടുത്ത് കുന്നുംപുറത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു ചിന്ത വാരികയും, ചിന്ത പബ്ലിഷേഴ്സും പ്രവർത്തിച്ചിരുന്നത്. ഇപ്പോഴും ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്; വലുപ്പച്ചെറുപ്പമില്ലാതെ സ്നേഹസൗഹൃദങ്ങൾ മാത്രമായുള്ളൊരുകാലം. വലിയൊരു ഇരുനില കെട്ടിടം. താഴത്തെ നില ചിന്ത പബ്ലിഷേഴ്സിന്റെ മാനേജ്മെന്റ്. മുകളിൽ ചിന്ത വീക്കിലിയുടെ എഡിറ്റോറിയൽ വിഭാഗം. സഖാക്കൾ സി പി നാരായണൻ, കെ ഇ കെ നമ്പൂതിരി, കൊച്ചു സിപി എന്ന് എല്ലാവരും വിളിക്കുന്ന നാരായണൻ ചെമ്മലശ്ശേരി, സി ഭാസ്കരൻ ഇത്രയും പേർ മാത്രമേ ഓർമ്മയിലിന്നുള്ളൂ. ചിന്ത പബ്ലിഷേഴ്സിൽ ഡോക്ടർ എം പി പരമേശ്വരൻ, ഞങ്ങളൊക്കെ അനിയേട്ടൻ എന്ന് വിളിച്ച ഇ എം ശ്രീധരൻ, മത്തായി സഖാവ്, അയിഷ ബേക്കർ, ഓമനാരാജു എന്നിവരും. ചിന്താ പബ്ലിഷേഴ്സിന്റെ പുസ്തക ശേഖരം താഴത്തെ നിലയിലും ഗോഡൗണിലുമായിരുന്നു. ഒരേ വീട്ടിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞ രണ്ടു സ്ഥാപനങ്ങൾ. ഒരുപക്ഷേ ചിന്ത എന്ന ആ പേരിന്റെ ശക്തിയോ മാസ്മരികതയോ? ഇക്കാലത്താണ് ചിന്താ വീക്കിലിയിൽ ശിവർമ്മയുടെ ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, സുഖദേവ്, രാജഗുരു തുടങ്ങിയവരെക്കുറിച്ചുള്ള ‘സുസ്മരണകൾ ‘ ഞാൻ തർജമ ചെയ്തത്. മാത്രമല്ല രാഷ്ട്രപതിയുടെ സ്വർണകമലം നേടിയ ‘മൃഗയ’ സിനിമയുടെ സാങ്കേതിക സ്ക്രിപ്റ്റും തർജമ ചെയ്തു.
ഇനി എന്റെ സഖാവിനെ കുറിച്ച് ഒന്നുമനസ്സുതുറക്കട്ടെ. മറ്റുള്ളവർ എന്തു വിലയിരുത്തും എന്ന് എനിക്കറിയില്ല.എനിക്കദ്ദേഹം കൈയെത്താദൂരത്ത് നിൽക്കുന്ന ഒരു പ്രതിഭയാണ്. പതിനഞ്ചുവർഷക്കാലം ചിന്ത വാരികയുടെ പത്രാധിപസമിതി അംഗമായിരുന്നു. ഇതിനിടയിൽ ചിന്തയുടെ എഡിറ്റോറിയൽ വിഭാഗംകൊച്ചിയിലേക്ക് മാറ്റി.സഖാവിന് അവിടെ നിൽക്കേണ്ട സാഹചര്യമുണ്ടായി. അങ്ങനെയാണ് ഞാൻ കൊച്ചി ദേശാഭിമാനിയിൽ ചേർന്നത്. അന്ന് സഖാവ് സിപി നാരായണനായിരുന്നു ദേശാഭിമാനി എഡിറ്റോറിയൽ വിഭാഗത്തിന്റെ ചുമതല. എനിക്കേറെ ആശ്വാസകരമായിരുന്നു അന്നത്തെ പുതിയ സാഹചര്യത്തിൽ സി പി ചുമതലക്കാരനായിരുന്നത്.പതിനഞ്ചു വർഷം ചിന്ത പത്രാധിപസമിതി അംഗമായിരുന്ന സഖാവ് സി ഭാസ്കരൻ ചിന്ത പബ്ലിഷേഴ്സിന്റെ എഡിറ്ററായി നിയോഗിക്കപ്പെട്ടു. ഏത് ജോലി ഏൽപ്പിച്ചാലും അതിന്റെ ഗുണഫലം വെളിവാക്കുമെന്ന പ്രവർത്തന ശൈലിയായിരുന്നു എന്റെ സഖാവിന്റെത്.
സഖാവിന്റെ എഴുത്തിന്റെ ലോകം എന്നെ സംബന്ധിച്ചിടത്തോളം അക്ഷരങ്ങളിൽ ഒതുങ്ങുന്നതല്ല. എവിടെ തുടങ്ങണം എങ്ങനെ എഴുതണമെന്നും എനിക്കറിയില്ല ഒരു വിഷയം എഴുതിത്തുടങ്ങിയാൽ എത്ര സമയമെടുത്താലും അത് പൂർത്തിയാക്കിയേ പേന അടയ്ക്കൂ എന്നതായിരുന്നു നിലപാട്. വിഷയത്തിന്റെ ഗൗരവം കൂടുതലാണെങ്കിൽ അത്രയും റഫറൻസ് നോട്ടുകളും ഉണ്ടാകും. സാർവ്വദേശീയമടക്കം സമകാലിക രാഷ്ട്രീയ സംഭവങ്ങൾ, വിദ്യാഭ്യാസം, വിപ്ലവങ്ങളുടെ ചരിത്രം, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം എന്നിവയായിരുന്നു ഇഷ്ട വിഷയങ്ങൾ. ഇതിനിടയിൽ പാർട്ടി – സംഘടന ക്ലാസുകളുണ്ടെങ്കിൽ അതിന്റെയും നോട്ടുകൾ എടുക്കാതെ ഒരു പരിപാടിക്കും പോകില്ലെന്നതും ഞാൻ കണ്ട പ്രത്യേകതയായിരുന്നു. നല്ലൊരു പ്രസംഗം കഴിഞ്ഞ് വരുമ്പോഴും വിചാരിച്ചത്ര ഭംഗിയായി ഒരു ലേഖനം എഴുതിക്കഴിയുമ്പോഴും എനിക്കറിയാം സഖാവിന്റെ ചിന്താഗതി. എത്ര എഴുതിയാലും മതിയാവില്ല; എത്ര ക്ലാസ് എടുത്താലും തളരില്ല,ഏതറിവും സ്വായത്തമാക്കാൻ വായിച്ചു കൊണ്ടേയിരിക്കുക; വായിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക – ഇതൊക്കെയായിരുന്നു എന്റെ സഖാവ്. എന്തെഴുതിയാലും എന്നെ വായിച്ചുകേൾപ്പിക്കും; എനിക്കറിയാത്ത വിഷയമാണെങ്കിൽപോലും പലപ്പോഴും എനിക്കത് ബുദ്ധിമുട്ടായിരുന്നു എന്നതാണ് സത്യം. പക്ഷേ, ഇന്നതിന്റെ അമൂല്യത തിരിച്ചറിയുന്നു ; കനത്ത നഷ്ടബോധം എന്നെ വേട്ടയാടുന്നു.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും ഏത് പുസ്തകവും എന്ത് വിലയായാലും വാങ്ങുക എന്നത് സഖാവിന്റെ പ്രത്യേകതയായിരുന്നു. ഇതിന്റെപേരിൽ വിവരമില്ലാത്ത ഞാൻ ആദ്യമൊക്കെ വഴക്കുണ്ടാക്കുമായിരുന്നു. വാങ്ങിയ പുസ്തകം മറ്റാരെയും തൊടാൻ പോലും അനുവദിക്കില്ല. പലപ്പോഴും ജയിക്കാൻ വേണ്ടി പറയുന്ന ഒരു വാചകമുണ്ട് ;‘‘എനിക്ക് നിന്നെയും മക്കളെയുംകാൾ വിലപിടിപ്പുള്ളത് പുസ്തകങ്ങളാണ് ’’. സ്വന്തം പുസ്തകം ആർക്കും കൊടുക്കില്ല; മറ്റുള്ളവരുടെത് ആഗ്രഹിക്കുകയുമില്ല; അതായിരുന്നു നിലപാട്. അറുപത്തിയഞ്ചാംവയസ്സിൽ വിടപറയുമ്പോൾ സമ്പാദ്യമായുണ്ടായിരുന്നത് ഒരു ലക്ഷത്തോളം പുസ്തകങ്ങളുണ്ടായിരുന്ന ഒരു വലിയ ലൈബ്രറിയാണ്. രണ്ടുമാസത്തിലൊരിക്കൽ എല്ലാ പുസ്തകങ്ങളും പരിശോധിച്ചു വെടിപ്പാക്കുക എന്നത് വലിയൊരു നിഷ്ഠയായിരുന്നു. പക്ഷേ അദ്ദേഹം മാസങ്ങളോളം ആശുപത്രിയിലായിരുന്നപ്പോഴും മരണശേഷവും കുറേനാൾ പുസ്തകങ്ങൾക്ക് ആ പരിരക്ഷ കിട്ടിയില്ല. മാസങ്ങൾ കഴിഞ്ഞ് പരിശോധിക്കുമ്പോൾ നല്ലൊരു ശതമാനം പുസ്തകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു; കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ജി അധികാരി എഴുതിയ പുസ്തകമടക്കം അതിലുണ്ടായിരുന്നു. പുസ്തകത്തെ ചൊല്ലി വഴക്കുണ്ടാക്കുമ്പോൾ “ഒരു ദിവസം നമ്മളൊക്കെ ഇതെല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരില്ലേ ; പിന്നെന്തിനാ ഇതിനുവേണ്ടി ഇത്രയൊക്കെ വേവലാതി കൊള്ളുന്നതെന്ന’ എന്റെ അർത്ഥശൂന്യമായ വാക്കുകളോർത്ത് ഞാനേറെ കരഞ്ഞു. ചിതലെടുത്ത പുസ്തകങ്ങൾ കത്തിക്കുമ്പോൾ എന്റെ സഖാവിന്റെ സ്വപ്നങ്ങൾ എരിഞ്ഞടങ്ങുന്ന വേദനയിലായിരുന്നു ഞാൻ. സഖാവ് സൂക്ഷിച്ചതുപോലെ ഞാനും സൂക്ഷിച്ച ബാക്കി പുസ്തകങ്ങൾ അലമാരകളടക്കം രണ്ടുവർഷം മുൻപ് ഇ എം എസ് അക്കാദമിയിലേൽപ്പിച്ച് ഞാനെന്റെ കടമ നിറവേറ്റി.
കമ്യൂണിസ്റ്റ് ചരിത്രകാരൻ എന്ന് പറഞ്ഞതിൽ അതിശയോക്തി ഉണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്നോട് എപ്പോഴും പറയുമായിരുന്നു; കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രംകൂടിചേർത്ത് ഒരു ബൃഹദ്ഗ്രന്ഥം രചിക്കണമെന്നും അത് ഒരു മാസ്റ്റർ പീസ് ആകണമെന്നും ഗൾഫിലടക്കം റിലീസ് ചെയ്യണമെന്നും. അതിനുശേഷം നമുക്കൊരു ശബ്ദതാരാവലി വേണം; അതാവണം എന്റെ അടുത്ത ലക്ഷ്യം. നെയ്തുകൂട്ടിയെങ്കിലും നടക്കാതെ പോയ ഒരുപിടി സ്വപ്നങ്ങൾ. ആദ്യപഥികരെയും മുമ്പേ നടന്നവരെയും കുറിച്ച് എഴുതിയെങ്കിലും ചരിത്രത്തിൽ ഇല്ലാത്തവരെക്കുറിച്ച് എഴുതാൻ മനസ്സ് വെമ്പൽ കൊണ്ടിരുന്നു. അവരുടെ വീരസ്മരണകളെ കുറിച്ച് പറയുമ്പോൾ വാചാലനാകുന്ന സി ഭാസ്കരനെ ഒരുപക്ഷേ അധികമാർക്കും അറിയില്ല. അത് പറയുമ്പോഴുള്ള ആവേശവും കണ്ണുകളിലെ തിളക്കവും ഒന്നുവേറെതന്നെ.
മൗലികകൃതികൾക്കൊപ്പം വിവർത്തനത്തിലും തന്മയത്വം സൂക്ഷിച്ചിരുന്നു എന്നതിനു തെളിവാണ് വൊ യെൻ ഗുയെൻ ഗ്യാപ് എഴുതിയ വീരവിയറ്റ്നാമിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ തർജമ. വിയറ്റ്നാമും ക്യൂബയും സന്ദർശിക്കണമെന്ന ആഗ്രഹം വിവർത്തനങ്ങളിലൂടെ സഫലമാക്കിയ എഴുത്തുകാരൻ. എന്നെ വിവർത്തന സാഹിത്യത്തിലേക്ക് കൈപിടിച്ചുയർത്തിയതും എന്റെ സഖാവ് തന്നെ. ഞാൻ ദേശാഭിമാനിയിൽ ആയിരുന്നപ്പോൾ വീട്ടിലെ ജോലിത്തിരക്കുകൾക്കിടയിലും ചിന്ത വാരികയിൽ വിവർത്തനം ചെയ്ത പുസ്തകമാണ് പശ്ചിമബംഗാളിലെ സമുന്നത നേതാവായ സരോജ് മുഖർജിയുടെ ‘കഴിഞ്ഞകാല കഥകൾ ‘.എഴുത്തിന്റെ വഴിയിലേക്ക് എന്നെ കൈപിടിച്ചുയർത്തിയതും വിവർത്തന സാഹിത്യത്തിൽ എനിക്കൊരു ഇടം നൽകിയതും അദ്ദേഹം തന്നെ. നിശ്ചയിച്ച സമയത്ത് ചെയ്തുതീർക്കണം എന്നത് വാശിയായിരുന്നു; അതിനുവേണ്ടി വടിയെടുത്ത് കൂടെനിന്നു എന്നു പറയുന്നതാവും സത്യം. ഹർകിഷൻ സിംഗ് സുർജിത്, ജ്യോതിബസു, കനക് മുഖർജി എന്നിവരുടെയൊക്കെ പുസ്തകങ്ങൾ ഞാൻ വിവർത്തനം ചെയ്തത് അക്കാലത്താണ്.
എഴുത്തിലൂടെ ചിന്തയെന്ന ആശയപ്രചരണജ്വാലയെ നെഞ്ചേറ്റിയ സി ഭാസ്കരൻ ബാക്കിവെച്ചുപോയത് വലിയൊരു പുസ്തക ശേഖരവും എഴുതി മതിയാവാത്ത കുറേ ആശയങ്ങളുമായിരുന്നു. ചിന്ത വാരികയും ചിന്ത പബ്ലിഷേഴ്സും രണ്ടും സഖാവിന്റെ എഴുത്തിന്റെ നാൾവഴികൾ തന്നെ. രൂപപ്പെടാത്ത രചനകൾക്കായി കരുതിവെച്ച കുറിപ്പുകളും മുറിച്ചെടുത്ത പത്രക്കടലാസുകളും ഉടമസ്ഥനില്ലാത്ത നിധിശേഖരം പോലെ ഞങ്ങളുടെ ‘അക്ഷയ’ഖനിയിലിപ്പോഴുമുണ്ട്. സഖാവിന്റെയും ഞങ്ങളുടെ കൊച്ചു മകന്റെയും വേർപാട് തീർത്ത വേദനയിൽ അവയ്ക്കൊപ്പം ഞാനും എന്റെ ദിനേഷും. ♦