ചിന്തയിൽ ജീവനക്കാരനായി ഞാനെത്തുമ്പോൾ ചിന്ത അതിന്റെ ബാലാരിഷ്ടതകൾ പിന്നിട്ട് കൗമാര യൗവനകാലത്തേക്ക് പ്രവേശിക്കുകയായിരുന്നു. എറണാകുളത്തെ കലൂരിൽ ദേശാഭിമാനി പ്രസ്സിനോടും ഓഫീസിനോടും ചേർന്ന് പേപ്പർ റീൽ സ്റ്റോക്ക് ചെയ്യാനായി കെട്ടിയുണ്ടാക്കിയ ഒരു വലിയ ആസ്ബറ്റോസ് ഷീറ്റിട്ട ഷെഡ്ഡിന് മുൻവശത്തായി ഏകദേശം 200 സ്വക്-യർ ഫീറ്റിൽ തയ്യാറാക്കിയെടുത്തതായിരുന്നു അന്നത്തെ ചിന്ത ഓഫീസ്. പത്രാധിപസമിതിയുടെ ഭാഗമായി അന്നവിടെ ഉണ്ടായിരുന്നത് കൊച്ചു സി പി എന്നു ഞങ്ങൾ വിളിക്കുന്ന നാരായണൻ ചെമ്മലശ്ശേരിയായിരുന്നു. മാനേജർ കെ ചന്ദ്രൻ എന്ന ചന്ദ്രേട്ടനെ കൂടാതെ എം സെയ്ത് എന്ന സെയ്ത് ഇക്ക, ഇ താര എന്ന താരേട്ടത്തി ഇത്രയും പേരാണ് മറ്റുള്ളവർ. പ്രിന്റിങ്ങും ഡെസ്പാച്ചും തൊട്ടുചേർന്നുള്ള സ്ഥലത്തായതിനാൽ അന്ന് അതൊന്നും അസൗകര്യമായി തോന്നിയിരുന്നില്ല. അന്ന് വാരികയ്ക്ക് ബെെൻഡിങ് ആവശ്യമുണ്ടായിരുന്നില്ല, ഡെമി ഹാഫ് വലിപ്പത്തിൽ പേപ്പർപോലെ 12 പേജാണ് അന്ന് പ്രസിദ്ധീകരിച്ചിരുന്നത്. ഈ ഓഫീസിനകത്തു കൂടിത്തന്നെയാണ് പേപ്പർ റീലുകൾ അകത്തേക്കും പുറത്തേക്കും എടുത്തിരുന്നത്. പത്രാധിപസമിതിയിലെ മറ്റ് സഖാക്കളായ സി പി നാരായണനും സി ഭാസ്കരനും കെ ഇ കെ നമ്പൂതിരിയും അന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഇന്നത്തേതിൽനിന്ന് വളരെ പ്രയാസകരമായ രീതിയിലായിരുന്നു അന്നത്തെ ജോലികൾ. അച്ചടി രംഗത്ത് സാങ്കേതികവിദ്യ ഇത്രയൊന്നും വളർച്ച പ്രാപിക്കാത്ത ഒരു കാലമായിരുന്നല്ലൊ അത്. 1990കൾക്ക് ശേഷമാണ് കാര്യമായ പുരോഗതി ആ രംഗത്ത് നമ്മൾ കാണുന്നത്.
ഒരു ഉദാഹരണം പറയാം: വ്യക്തികളുടെയോ സമരത്തിന്റെയോ ഒരു ഫോട്ടോ ചിന്തയിൽ കൊടുക്കണമെങ്കിൽ ഫോട്ടോ ടിന്റിൽ പ്രിന്റ് ചെയ്ത് കൊണ്ടുവരണം. അത്തരം സ്റ്റുഡിയോകൾ എറണാകുളത്ത് ആകെ ഒന്നോ രണ്ടോ ആണ് അന്ന് ഉണ്ടായിരുന്നത്. അതിൽ ഒന്ന് എറണാകുളം സൗത്തിലായിരുന്നു. അവിടെ അത് എത്തിക്കാൻ സെെക്കിളിൽ കൊണ്ടുപോയി കൊടുത്ത് പിന്നീട് അന്നോ അടുത്ത ദിവസമോ ശരിയാക്കിയത് വാങ്ങാൻ പോകണമായിരുന്നു. ഇതൊക്കെ എല്ലാ ആഴ്ചയിലും വേണ്ടതാണല്ലൊ.
അതുപോലെ അതത് ആഴ്ചയിലേക്കുള്ള മാറ്റർ ദേശാഭിമാനിയിൽ എത്തിക്കുക എന്നതും ശ്രമകരമായ ഒരു പ്രവൃത്തിയായിരുന്നു. മൂന്നു ദിവസം കൊണ്ട് കമ്പോസിങ് തീർക്കണമായിരുന്നു. സി പി തിരുവനന്തപുരത്തായതിനാൽ ബസിലും ട്രെയിനിലുമായി മാറ്റർ അയക്കുന്ന പതിവുണ്ടായിരുന്നു. അതിലും ചില ബുദ്ധിമുട്ടുകൾ വന്നതിനാൽ ആഴ്ചയിൽ ഒരു ദിവസം ഞാൻ തിരുവനന്തപുരത്ത് വന്ന് മാറ്റർ വാങ്ങിക്കൊണ്ടു പോകണമായിരുന്നു. എറണാകുളത്തുനിന്നു വെെകിട്ടുള്ള ട്രെയിനിൽ കയറി രാത്രി 10മണിക്ക് ശേഷം തിരുവനന്തപുരത്ത് എത്തും. ചിന്ത പബ്ലിഷേഴ്സിന് ഒരു വാടക കെട്ടിടം എടുത്തിരുന്നു. ആയുർവേദ കോളേജിന് പുറകിൽ രമ്യ, ധന്യ തീയറ്ററിന് അടുത്തായാണ് ആ ഓഫീസ് പ്രവർത്തിച്ചിരുന്നത്. അവിടെ സി പിക്ക് ഒരു സീറ്റ് ഉണ്ടായിരുന്നു. ഞാൻ രാത്രി ചെല്ലുമ്പോൾ സി പി അവിടെ ഇരുന്ന് എഴുതുന്നുണ്ടാകും. മിക്കവാറും രാത്രി തന്നെ എഴുതിത്തീർത്ത് ലേഖനം തരും. ചില അവസരങ്ങളിൽ പോകാൻ നേരം, ‘‘തീർന്നില്ല രാവിലെ എത്തിക്കാ’’മെന്ന് സിപി പറയും. ഞാൻ 4 മണിക്ക് എഴുന്നേറ്റ് റെഡിയായി നിൽക്കും 5 മണിയുടെ ട്രെയിനിലാണ് പോകേണ്ടത്. എന്തായാലും സമയത്തിനുമുമ്പ് മാറ്റർ സി പി എത്തിക്കും: ഞാൻ നടന്നും ഓടിയും സ്റ്റേഷനിൽ എത്തും.
പബ്ലിഷേഴ്സിന്റെ ഓഫീസിൽ ഗോപിനാഥ് മാവുങ്കൽ എന്ന ഒരു സഖാവുണ്ടായിരുന്നു. അദ്ദേഹമാണ് അവിടെ എനിക്ക് കൂട്ടുണ്ടായിരുന്നത്.
അതോടൊപ്പം ഓർമയിൽ വരുന്ന പല മുഖങ്ങളിൽ ചിലരെക്കുറിച്ചെങ്കിലും പരാമർശിക്കാതെ പോകാൻ കഴിയില്ല. അന്ന് ദേശാഭിമാനിയുടെ ജനറൽ മാനേജരായിരുന്നു സ: പി കണ്ണൻനായർ. എപ്പോഴും പ്രസന്നവദനാനായി പത്ര ഓ-ഫീസിന്റെ ഇടനാഴിയിൽ നടക്കുന്ന സഖാവിനെ പരിചയപ്പെട്ടിട്ടുള്ള ആർക്കും മറക്കാൻ കഴിയില്ല. സഖാവിനെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം പറയാതെ വയ്യ: സ്ഥാപനത്തിന്റെ സൗകര്യങ്ങൾ ഒന്നുംതന്നെ വ്യക്തിപരമായ കാര്യങ്ങൾക്കായി അദ്ദേഹം ദുരുപയോഗം ചെയ്യുമായിരുന്നില്ല എന്നതാണത്. ഇടയ്ക്കൊക്കെ നാട്ടിലേക്ക് പോകാനായി നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷ പിടിച്ച് മാത്രമേ അദ്ദേഹം പോകുമായിരുന്നുള്ളൂ; വണ്ടിയും ഡ്രൈവറും അവിടെ ഉണ്ടെങ്കിലും; സഖാവ് ഓട്ടോക്കായി കാത്തുനിന്നിട്ടുള്ള സന്ദർഭങ്ങളിൽ ഞാനും ചിലപ്പോഴൊക്കെ ഓട്ടോ വിളിച്ച് കൊടുത്തിട്ടുണ്ട്. ഉദാഹരണമായി ഒരു കാര്യം ചൂണ്ടിക്കാട്ടിയതാണ്.
മറ്റൊരാൾ ഇ എം ശ്രീധരൻ എന്ന അനിയേട്ടനാണ്. മരിക്കുംവരെ ആ സഖാവ് ചിന്തയുടെ വളർച്ചയിൽ തന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. ചന്ദ്രേട്ടനെപ്പറ്റി ആദ്യകാല പത്രാധിപരായിരുന്ന സി പി അച്യുതൻ കാര്യമായിത്തന്നെ പറഞ്ഞിട്ടുള്ളതിനാൽ ഞാൻ ആവർത്തിക്കുന്നില്ല. ചന്ദ്രേട്ടന് ചിന്ത തന്നെയായിരുന്നു ജീവിതം. ചിന്തയുടെ വളർച്ചയ്ക്കായി ചിന്തയിൽനിന്ന് പിരിയുംവരെ അദ്ദേഹം അഹോരാത്രം പണിയെടുത്തിട്ടുണ്ട് എന്നു തന്നെ പറയാം.
മറ്റൊരാൾ സെയ്ത് ഇക്കയാണ്. ഗായകനും, നാടക നടനുമൊക്കെയായിരുന്ന സെയ്ത് ഇക്കയ്ക്ക് എ കെ ജി പ്രസംഗം തുടങ്ങുന്നതിന് മുമ്പായി വിപ്ലവഗാനങ്ങൾ ആലപിച്ചിരുന്ന ചരിത്രമുണ്ട്. ഒരുപാട് ബുദ്ധിമുട്ടി ജീവിച്ച അദ്ദേഹത്തിന് മരിക്കുമ്പോൾ സ്വന്തമായി ഒരു വീടുപോലും ഉണ്ടായിരുന്നില്ല. എവിടെ വച്ച് മരിച്ചാലും അടക്കം ചെയ്യുന്നത് മലപ്പുറത്ത് നാട്ടിലായിരിക്കണമെന്ന് അദ്ദേഹം എന്നോട് പറയുമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ നാട്ടിലായിരിക്കുമ്പോൾ സുഖമില്ലാതാവുകയും അവിടെ വച്ച് മരണപ്പെടുകയുമാണുണ്ടായത്.
ചന്ദ്രേട്ടന്റെ ഭാര്യ താര പ്രൂഫ് റീഡറായും മാനേജ്മെന്റിലെ സർക്കുലേഷൻ ജോലിയും ഒന്നിച്ച് കൊണ്ടുപോയിരുന്നു. ജോലിക്കൂടുതലുണ്ടെങ്കിൽ സമയമൊന്നും നോക്കാതെ എത്ര വെെകിയാണെങ്കിലും ചെയ്യുമായിരുന്നു.
90കളിൽ ചിന്തയിലേക്ക് പുതിയതായി പത്രാധിപസമിതിയിൽ വന്ന പി എസ് രവീന്ദ്രനെ മറക്കാൻ കഴിയില്ല. കൂടെയുള്ളവരിലേക്ക് ഊർജം പ്രസരിപ്പിക്കാൻ കഴിയുന്ന ഒരു മനുഷ്യനായിരുന്നു പി എസ്. ഏത് കാര്യവും എത്രയും വേഗം ചെയ്തുതീർക്കുക എന്നതും അദ്ദേഹത്തിന്റെ എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകതയാണ്. അകാലത്തിൽ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.
കൂടാതെ ഇന്നത്തെ പ്രശസ്തരായ പലരും ആ കാലഘട്ടത്തിലാണ് പത്രപ്രവർത്തനരംഗത്തേക്ക് കടന്നുവരുന്നത്. ആർ എസ് ബാബു, പ്രഭാവർമ, ഏഴാച്ചേരി രാമചന്ദ്രൻ, കെ വി സുധാകരൻ, എൻ പി ചന്ദ്രശേഖരൻ, ജോൺ ബ്രിട്ടാസ്, എ എൻ രവീന്ദ്രദാസ്, കെ പി രവീന്ദ്രനാഥ് തുടങ്ങി ഒട്ടനവധി പേർ ദേശാഭിമാനിയിൽ പലപ്പോഴായി വന്നതും പരിചയപ്പെട്ടതും സ്മരണീയമാണ്.
അതുപോലെ ചിന്ത കൊച്ചിയിലുള്ളപ്പോൾ ചിന്തയിൽ ജോലിയിൽ ചേരുകയും ചിന്ത തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ കൊച്ചിയിൽതന്നെ ചിന്തയുടെ പ്രതിനിധിയായി ദേശാഭിമാനി ഓഫീസിൽ തുടരുകയും കുറിച്ചുകാലം കഴിഞ്ഞ് തിരുവനന്തപുരത്തെ ഓഫീസിൽതന്നെ പ്രവർത്തനം തുടരുകയും ചെയ്ത പത്മലതയും ചിന്തയുമായി ബന്ധപ്പെട്ട ഓർമകളിൽ എന്നും ഉണ്ടാകും.
ചിന്തയുടെ വളർച്ചയെ ഏറെ സഹായിച്ചിട്ടുള്ളവരും നിലനിർത്തിക്കൊണ്ടുപോകാൻ പാർട്ടിയെ സഹായിച്ചവരും അതിന്റെ ഏജന്റുമാരും, വരിക്കാരുമായ സഖാക്കളാണ്. സാമ്പത്തികനേട്ടമൊന്നും ഉദ്ദേശിക്കാതെ ചിന്തയുടെ ഏജൻസിയെടുത്ത് വളരെ പ്രയാസപ്പെട്ട് നടത്തിക്കൊണ്ടുപോയ സഖാക്കളായ ഏജന്റുമാരെ പ്രത്യേകം ഓർക്കേണ്ടതാണ്. കണ്ണൂരിലെ സ: അപ്പക്കുട്ടി മുതൽ തിരുവനന്തപുരത്തെ സ: സോമകാന്തനും, സ: ജനാർദ്ദനൻ നായരും വരെയുള്ള നീണ്ടനിര തന്നെ ആദ്യകാലംമുതൽ ചിന്ത ഏജന്റുമാരായി പ്രവർത്തിച്ചവരാണ്. കോഴിക്കോട്ടെ സ: ബാലൻ വെെദ്യർ എറണാകുളം ശ്രീമൂലനഗരത്തെ സ: കെ കെ രാജൻ, ആലപ്പുഴ ചേർത്തലയിലെ പെെലി മത്തായി തുടങ്ങി വലിയ ഒരു നിര തന്നെയുണ്ട്. ബോംബെയിലെ രാഘവൻ മാസ്റ്ററെയും മറക്കാനാകില്ല. പാർട്ടി അത്രയൊന്നും ശക്തമല്ലാത്ത കേരളത്തിന് പുറത്ത് ബോംബെ നഗരത്തിലെ പല സ്ഥലങ്ങളിലെ ഫ്ളാറ്റുകളിൽ താമസിക്കുന്ന സഖാക്കൾക്ക് പല നിലകളിലുള്ള പടവുകൾ കയറിയിറങ്ങി ചിന്ത സ്ഥിരമായി എല്ലാ ആഴ്ചയിലും വിതരണം നടത്തിയിട്ടുള്ള കാര്യങ്ങൾ ആ സഖാവിൽനിന്ന് തന്നെ നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ഒരുപാട് സഖാക്കളുടെ നിസ്വാർത്ഥമായ പരിശ്രമംകൂടി ചിന്തയുടെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിലുണ്ടെന്ന് വരുംതലമുറ അറിഞ്ഞിരിക്കേണ്ടതാണ്.
1990 ഏപ്രിൽ ഒന്നിനാണ് എറണാകുളത്തുനിന്നും ചിന്ത ഒാഫീസ് പ്രവർത്തനം പൂർണമായും തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. അന്ന് ഞങ്ങൾ നേരെ വന്നത് സംസ്ഥാന സഹകരണബാങ്കിന്റെ ഓവർബ്രിഡ്ജിലുള്ള വലിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഒരു വലിയ ഹാളിലേക്കാണ്. തൽക്കാലം വാടയ്ക്ക്. അവിടെയായിരുന്നു തുടക്കം. അതിനിടെ കർഷകസംഘവും ചിന്തയും പാർട്ടിയും ചേർന്ന് എ കെ ജി സെന്ററിന് മുന്നിലെ സ്ഥലം വാങ്ങിയിരുന്നു. അവിടെ ഒരു പഴയ ഓടിട്ട രണ്ടു നില കെട്ടിടവും ഉണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ ചിന്ത ഓവർബ്രിഡ്ജിലെ കെട്ടിടത്തിൽനിന്ന് അങ്ങോട്ട് മാറുകയുണ്ടായി.
കർഷസംഘം കമ്മിറ്റി കൂടുമ്പോൾ ഇടയ്ക്ക് കടമ്മനിട്ടയും എത്താറുണ്ട്. അദ്ദേഹം തന്റെ സ്വന്തം കവിത ‘കാട്ടാളനും’ മറ്റും ഉറക്കെ ആലപിച്ച് സഖാക്കളെ ആവേശം കൊള്ളിച്ചിരുന്നതും ഓർമയിൽ പച്ചപിടിച്ചു നിൽക്കുന്നു.
പാർട്ടി നേതാക്കളായ ഇ എം എസ്, നായനാർ, വി എസ്, എം എം ലോറൻസ് തുടങ്ങിയവരുമായി പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞത് ചിന്ത ജീവനക്കാരനായി എത്തിയതുകൊണ്ടു മാത്രമാണ്. അത്തരം ഓർമകൾ നല്ല അനുഭവങ്ങളായി എന്നും എന്നോടൊപ്പമുണ്ട്.
ഇത്രയും കാലത്തെ ഓർമകൾ ഒരു ചെറിയ കുറിപ്പിൽ ഒതുക്കുക സാധ്യമല്ലല്ലോ, തൽക്കാലം ഇതിൽ ഒതുക്കുന്നു. ♦