Tuesday, February 27, 2024

ad

Homeഇവർ നയിച്ചവർസി പി ബാലൻ വൈദ്യർ: ആതുരസേവനരംഗത്തെ അതികായൻ

സി പി ബാലൻ വൈദ്യർ: ആതുരസേവനരംഗത്തെ അതികായൻ

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ, പാർട്ടി കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയറ്റംഗം, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി, ജീവകാരുണ്യപ്രവർത്തൻ എന്നീ നിലകളിൽ തിളക്കമാർന്ന വ്യക്തിത്വത്തിനുടമയാണ്‌ സി പി ബാലൻ വൈദ്യർ. ഒന്നര പതിറ്റാണ്ടോളം നിയമസഭാ സാമാജികനായി പ്രവർത്തിച്ച അദ്ദേഹം മികച്ച പാർലമെന്റേറിയനെന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മികച്ച സഹകാരിയായിരുന്ന വൈദ്യർ ആതുരസേവനരംഗത്ത്‌ മാതൃകാപരമായ പ്രവർത്തനങ്ങളാണ്‌ കാഴ്‌ചവെച്ചത്‌. രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഏതുസമയത്ത്‌ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. തന്റെ പ്രവർത്തനമേഖലയിലെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുക എന്നതിനാണ്‌ ബാലൻ വൈദ്യർ എല്ലാത്തിനും പ്രധാനമായി കണ്ടിരുന്നത്‌. തന്നെ സമീപിക്കുന്നവരുടെ പ്രശ്‌നങ്ങളെ സ്വന്തം പ്രശ്‌നമായി കണ്ട്‌ അവയ്‌ക്ക്‌ പരിഹാരം കാണാൻ വൈദ്യർ അത്യദ്ധ്വാനം ചെയ്‌തു. അക്ഷരാർഥത്തിൽ ആതുരുൾപ്പെടെയുള്ള ജനങ്ങൾ തങ്ങളുടെ രക്ഷകർത്താവായാണ്‌ വൈദ്യരെ കണ്ടത്‌. ചിട്ടയായ സംഘടനാപ്രവർത്തനം നടത്തുന്നതിൽ അതീവ ശ്രദ്ധ പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പാർട്ടി കേഡർമാരെ കണ്ടെത്തുന്നതിലും അവരുടെ കഴിവിനനുസരിച്ച്‌ ചുമതലകൾ നൽകുന്നതിലും അസാധാരണമായ സാമർഥ്യമാണ്‌ കാണിച്ചിരുന്നത്‌.

1937 ആഗസ്‌ത്‌ 14ന്‌ കോഴിക്കോട്‌ ജില്ലയിലെ ചീക്കിലോട്‌ ചെറിയേരി പറന്പത്ത്‌ ഉണ്ണി വൈദ്യരുടെ മകനായാണ്‌ ബാലൻ വൈദ്യർ ജനിച്ചത്‌. ഒന്പതാം ക്ലാസ്‌ വിദ്യാഭ്യാസത്തിനുശേഷം അച്ഛനെ സഹായിക്കാൻ വൈദ്യശാലയിൽ ജോലി ആരംഭിച്ചു. പിഎസ്‌പി നേതാക്കളുമായുള്ള സൗഹൃദത്തിലൂടെ അദ്ദേഹം ആ പാർട്ടിയുടെ പ്രവർത്തകനായി മാറി. എന്നാൽ അധികം താമസിയാതെ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ അനുഭാവിയായി മാറി. താമസിയാതെ പാർട്ടി അംഗമായിത്തീർന്നു.

1957ൽ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറി. 1963ൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മണ്ഡലം കമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിന്റെ ഘട്ടത്തിൽ സിപിഐ എമ്മിനൊപ്പം അടിയുറച്ച്‌ അദ്ദേഹം നിന്നു. 1970ൽ സിപിഐ എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. വൈദ്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്‌ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിൽ ഇങ്ങനെ പറയുന്നു: ‘‘ജനകീയ പ്രശ്‌നങ്ങളുയർത്തി പോരാട്ടങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ച ജനനേതാവായിരുന്നു സി പി ബാലൻ വൈദ്യർ. കർഷകരുടെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കൃഷിക്കാരെ സംഘടിപ്പിക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. കാർഷികപ്രശ്‌നങ്ങളിൽ തനതായ കാഴ്‌ചപ്പാടും കർമപരിപാടികളും പുലർത്തിയിരുന്ന അദ്ദേഹത്തിന്‌ അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനംകൊണ്ട്‌ കർഷകരുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടാർ സാധിച്ചു. കർഷകസംഘത്തിന്റെ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ കൗൺസിൽ അംഗുവമായിരുന്നു. കാരായ്‌മ കുടിയാന്മാർക്ക്‌ കൈവശാവകാശം കിട്ടുന്നതടക്കം ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത്‌ കണ്ണൂർ സെൻട്രൽ ജയിലിൽ ‘മിസ’ തടവുകാരനായിരുന്നു. കോഴിക്കോട്‌ ജില്ലയിൽ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബാലൻ വൈദ്യർ പട്ടികജാതി/പട്ടികവർഗവിഭാഗക്കാരടക്കമുള്ള അവശവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും എന്നും സമയം കണ്ടെത്തിയിരുന്നു. സഹകരണമേഖലയിലും അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്‌. മാത്രവുമല്ല, കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റെ വികസനത്തിനും ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.

1987ൽ കുന്നമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ബാലൻ വൈദ്യർ ആദ്യമായി എട്ടാം കേരള നിയമസഭയിലെത്തി. തുടർന്ന്‌ ഒന്പതും പത്തും കേരള നിയമസഭകളിൽ അംഗമായിരുന്നു. പതിനാലുവർഷം കുന്നമംഗലം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തു. കോഴിക്കോട്‌ ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ, നിർദിഷ്ട കോഴിക്കോട്‌ സഹകരണ ഹോമിയോ മെഡിക്കൽ കോളേജ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചുവരികയായിരുന്ന അദ്ദേഹം എതിരാളികൾക്കുപോലും സമ്മതനായിരുന്നു. അദ്ദേഹത്തിന്റെ മഹത്‌വ്യക്തിത്വം കേരളസമൂഹത്തിന്‌ ഒരു മുതൽക്കൂട്ടായിരുന്നു. അദ്ദേഹത്തിന്റെ ലളിതജീവിതവും പ്രവർത്തനശൈലിയും പൊതുപ്രവർത്തകർക്ക്‌ എന്നും മാതൃകയാണ്‌’’.

എന്നും ജനങ്ങൾക്കൊപ്പം, പാവപ്പെട്ട ജനവിഭാഗങ്ങൾക്കൊപ്പം പ്രവർത്തിച്ച വൈദ്യർ മനുഷ്യസ്‌നേഹത്തിന്റെ മൂർത്തീഭാവമായിരുന്നു എന്നു വിശേഷിപ്പിച്ചാൽ അതിൽ അതിശയോക്തിയില്ല.

കാർഷികമേഖലയിലെ പ്രശ്‌നങ്ങളുടെ മർമം മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന്‌ സവിശേഷമായ കഴിവുണ്ടായിരുന്നതായി സഹപ്രവർത്തകർ ഓർമിക്കുന്നു. പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ കർഷകരെ പ്രക്ഷോഭരംഗത്ത്‌ അണിനിരത്തുന്നതിൽ അദ്ദേഹം അസാധാരണമായ മികവാണ്‌ പുലർത്തിയിരുന്നത്‌. സമരങ്ങളുടെ നേതൃനിരയിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. കർഷകനേതാവെന്ന നിലയിൽ നിയമസഭയിൽ കാർഷികപ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതിലും അവയ്‌ക്ക്‌ പരിഹാരം കാണുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഭരണപക്ഷത്തായിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും കർഷകർക്കായുള്ള ഇടപെടലുകൾ അദ്ദേഹം സജീവമായി നടത്തിയിരുന്നു.

സൗമ്യമായി പെരുമാറിയിരുന്ന അദ്ദേഹം തെറ്റുകളോടും അനീതിയോടും ഒരിക്കലും സമരസപ്പെട്ടിരുന്നില്ല. അതേക്കുറിച്ച്‌ എസ്‌ രാമചന്ദ്രൻപിള്ള ഇങ്ങനെ രേഖപ്പെടുത്തി: ‘‘തെറ്റുകളോടും അനീതികളോടും അദ്ദേഹം വിട്ടുവീഴ്‌ചയില്ലാതെ ഏറ്റുമുട്ടി. ഭീഷണികളുടെയും കടന്നാക്രമണങ്ങളുടെയും മുന്നിൽ അദ്ദേഹം പതറിയില്ല; ധീരമായി ഉറച്ചുനിന്നു. ജനങ്ങളെ അണിനിരത്തി തെറ്റുകൾക്കും അനീതിക്കുമെതിരെ ശക്തമായി ചെറുത്തുനിൽപ്പ്‌ സംഘടിപ്പിച്ചു. ആത്മവിശ്വാസവും ധൈര്യവും ജനങ്ങൾക്ക്‌ പകർന്നുകൊടുത്തു. ജനങ്ങളെ ബോധവാന്മാരാക്കി ലക്ഷ്യബോധത്തോടെ അണിനിരത്തിയാൽ മാത്രമേ തെറ്റുകളെയും അനീതിയെയും പരാജയപ്പെടുത്താനാവൂർ. ജനങ്ങളെ അണിനിരത്താൻ ബാലൻ വൈദ്യർ അസാധാരണമായ പാടവം പ്രകടിപ്പിച്ചിരുന്നു. തീരുമാനങ്ങൾ നടപ്പാക്കുന്നതിലും സംഘടനയിലെ അച്ചടക്കം പാലിക്കുന്നതിലും വൈദ്യർ അങ്ങേയറ്റം ജാഗ്രത പുലർത്തിയിരുന്നു. തീരുമാനം നടപ്പാക്കത്തവരും അലസരുമായ പ്രവർത്തകർക്ക്‌ ബാലൻ വൈദ്യരുടെ തീഷ്‌ണവും പരുക്കനുമായ വിമർശനം കേൾക്കേണ്ടിവന്നിട്ടുണ്ട്‌. അതിലൊന്നും വൈദ്യർ ഒരിക്കലും വിട്ടുവീഴ്‌ച വരുത്തുകയില്ല’’.

ന്യൂനപക്ഷ ജനവിഭാഗങ്ങളോട്‌ കരുതൽ വൈദ്യർക്ക്‌ എന്നുമുണ്ടായിരുന്നു. ആർഎസ്‌എസും അവരുടെ പരിവാർ സംഘടനകളും നടത്തുന്ന ന്യൂനപക്ഷവിരുദ്ധ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ഉറച്ച നിലപാടാണ്‌ വൈദ്യർ സ്വീകരിച്ചത്‌.

ദേശാഭിമാനിയുടെ പ്രചാരണത്തിന്‌ മികച്ച സംഭാവനയാണദ്ദേഹം ചെയ്‌തത്‌. കോഴിക്കോട്ടെ ദേശാഭിമാനിയുടെ പ്രധാനപ്പെട്ട ഏജന്റുമാരിൽ ഒരാളായിരുന്ന അദ്ദേഹം അവസാനകാലംവരെയും ഏജൻസി നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അതിവിപുലമായ സൗഹൃദവൃന്ദത്തിനുടമയായിരുന്നു വൈദ്യർ. രാഷ്‌ട്രീയ, സാമൂഹിക രംഗങ്ങളിലുള്ള ഒട്ടേറെപ്പേർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. രാഷ്‌ട്രീയമായി എതിർചേരിയിലായിരുന്നവരും വൈദ്യരുടെ സൗഹൃദവലയത്തിൽ ഉണ്ടായിരുന്നു. എൽഡിഎഫിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു. ഘടകകക്ഷി നേതാക്കളുമായും അദ്ദേഹം നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു.

ബാലൻ വൈദ്യരുടെ സവിശേഷമായ വ്യക്തിത്വത്തെ പിണറായി വിജയൻ ഇങ്ങനെ വിലയിരുത്തുന്നു: ‘‘കോഴിക്കോട്‌ ജില്ലയിലെ മുതിർന്ന പാർട്ടി നേതാക്കളുടെ കൂട്ടത്തിലാണ്‌ ബാലൻ വൈദ്യർ ഉൾപ്പെട്ടിരുന്നത്‌. കാലത്തുതന്നെ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തുന്ന അദ്ദേഹത്തെ കാത്ത്‌ പലപ്പോഴും നിരവധി പേരുണ്ടാകും. വിവിധ പ്രശ്‌നങ്ങളുമായി എത്തപ്പെട്ട അവരിലോരോരുത്തരുടെയും പ്രശ്‌നങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കുകയും പ്രശ്‌നപരിഹാരത്തിനായി അദ്ദേഹം ആത്മാർഥമായി ശ്രമിക്കുകയും ചെയ്‌തിരുന്നു. പ്രശ്‌നം മനസ്സിലാക്കിക്കഴിയുന്നതോടെ വൈദ്യർക്കത്‌ സ്വന്തം പ്രശ്‌നമായി മാറുകയായിരുന്നു. പ്രശ്‌നപരിഹാരത്തിനായി വില്ലേജ്‌ ഓഫീസറെ മുതൽ സംസ്ഥാന മുഖ്യമന്ത്രിയെവരെ അദ്ദേഹം നേരിട്ടു വിളിക്കുമായിരുന്നു. ഇക്കൂട്ടരിൽ രോഗവുമായി ബന്ധപ്പെട്ടവരായിരിക്കും ഏറ്റവും കൂടുതൽ ഉണ്ടാവുക. രോഗികളുടെ കാര്യത്തിൽ ഡോക്ടറെ വിളിച്ചു പറയുകമാത്രമല്ല കോഴിക്കോട്‌ മെഡിക്കൽ കോളേജടക്കമുള്ള വിവിധ ആശുപത്രികളിൽ പോയി രോഗികളെയും ബന്ധപ്പെട്ട ഡോക്ടറെയും കാണാൻ തന്റെ തിരക്കിനിടയിലും വൈദ്യർ സമയം കണ്ടെത്തുമായിരുന്നു. കോഴിക്കോടിനു പുറത്തുള്ളവർ ചികിത്സാവശ്യാർഥം കോഴിക്കോട്ടെത്തുമ്പോൾ പലരും ബന്ധപ്പെട്ടിരുന്നത്‌ വൈദ്യരെ തന്നെയായിരുന്നു. ഉന്നതമായ മാനുഷികസ്‌നേഹം പുലർത്തിയതുകൊണ്ടാണ്‌ ഇത്തരത്തിൽ അർപ്പണബോധത്തോടെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ വൈദ്യർക്കു കഴിഞ്ഞത്‌. ആതുരശുശ്രൂഷാരംഗത്ത്‌ പാവപ്പെട്ടവർ ഭീമമായ ചികിത്സാചെലവ്‌ താങ്ങേണ്ടി വരുന്നതു കൂടി കണക്കിലെടുത്താണ്‌ ബാലൻ വൈദ്യരുടെ നേതൃത്വത്തിൽ ഒരു ഹോമിയോ ആശുപത്രി കോഴിക്കോട്ട്‌ സ്ഥാപിച്ചത്‌. ഒരു മെഡിക്കൽ കോളേജായി അതിനെ ഉയർത്തണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നു… കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്‌ വ്യക്തിപരമായി ഏറ്റവുമധികം താൽപ്യമെടുത്ത രാഷ്‌ട്രീയനേതാവായിരുന്നു ബാലൻ വൈദ്യർ. ഇതിനായി മാറിമാറി വന്ന ഗവൺമെന്റുകളിൽ മന്ത്രിമാരായിരുന്നവരെ വൈദ്യർ നേരിട്ട്‌ ബന്ധപ്പെട്ടിരുന്നു. നിയമസഭാംഗമായിരുന്നപ്പോൾ കിട്ടുന്ന അവസരങ്ങളിലെല്ലാം മെഡിക്കൽ കോളേജ്‌ പ്രശ്‌നം അദ്ദേഹം സഭയിൽ അവതരിപ്പിക്കുമായിരുന്നു.

2008 സെപ്‌തംബർ 27ന് അദ്ദേഹം അന്തരിച്ചു.

കടപ്പാട്‌: സി പി ബാലൻ വൈദ്യർ സ്‌മരണിക.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − eight =

Most Popular