നൂതന സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ചു വികസിത രാജ്യങ്ങൾ കാർഷിക രീതിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. എന്നാൽ ഇന്ത്യയിൽ വേറിട്ടു നിൽക്കുന്ന കേരളം എന്ന ഈ പച്ചത്തുരുത്തിൽ എന്നെപ്പോലുള്ള യുവകർഷകർ കൃഷി ഒരു സംരംഭമായി തന്നെ കണക്കാക്കി ഇസ്രയേലിന്റെയും തായ്‌ലാൻഡിന്റെയും പാതകൾ പിൻതുടരുന്നു. മുൻകാലങ്ങളിൽ ഒരേക്കറിൽ നിന്നും ഉത്പാദിപ്പിച്ച പച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്കു നൂതന സാങ്കേതികവിദ്യയിലൂടെ സർക്കാരിന്റെ അകമഴിഞ്ഞ സഹായത്തോടെ 10 സെന്റിൽ തന്നെ ഉല്പാദിപ്പാൻ കഴിയുന്നു.
ജലം ഒഴുകുന്ന ഫലഭൂയിഷ്ഠമായ മണ്ണിൽ മാത്രം കൃഷി ചെയ്തിരുന്ന കാലത്തുനിന്നും ഞാനെന്ന കർഷക ഇത്തിരി പോലും മണ്ണില്ലാത്ത ജല ലഭ്യത കുറഞ്ഞ കടുംപാറയിൽ പോയവർഷം ഉല്പാദിപ്പിച്ചത് 28 ഇനം പച്ചക്കറികളാണ്. തക്കാളി – 600 കി. ഗ്രാം, ക്യാബേജ്- 150 കി. ഗ്രാം, പയർ 400 കി. ഗ്രാം, ചീര -200 കി. ഗ്രാം, വെണ്ട – 600 കി. ഗ്രാം, കൂടാതെ മുളക്, പാവൽ, കക്കരി, വെള്ളരി, ചുരയ്ക്ക, മത്തൻ, ക്വാളിഫ്ളവർ, പടവലം, നരമ്പൻ. എന്നിവയും എല്ലാവിധ കിഴങ്ങു വർഗ്ഗങ്ങളും പലവിധ സുഗന്ധവ്യഞ്ജനങ്ങളും ഉല്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വിളകളുടെ സമയം അനുസരിച്ചും അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ചുമാണ് ഞാനെന്റെ സംരംഭം വിജയിപ്പിച്ചെടുത്തത്. നൂതന മൽസ്യകൃഷിയായ ബയോഫ്ളോക്, അക്വാപോണിക്സ്, മിനി അക്വാപോണിക്സ് എന്നിവയിലൂടെ വലിയ ലാഭകരമല്ലെങ്കിലും ചെറിയ തോതിലുള്ള വരുമാനം ലഭിച്ചു വരുന്നു. കൃഷിവകുപ്പിന്‍റെ ബൃഹത് പദ്ധതികളിലൊന്നായ മഴമറയിലൂടെ നല്ലരീതിയിൽ ശാസ്ത്രീയ തൈ ഉല്പാദനവും ചെറിയതോതിലുള്ള അലങ്കാരമത്സ്യ കൃഷിയും വിജയകരമായി നടത്തിവരുന്നു.
വൈവിധ്യങ്ങളാഗ്രഹിക്കുന്ന മനുഷ്യനെ വൈവിധ്യങ്ങളുടെ കലവറയിലേക്കു തിരിച്ചുവിടാനായി ഇറാനി തണ്ണിമത്തനും 250 ഓളം EXOTIC പഴവർഗ്ഗങ്ങളും (സുരിനാം ചെറി, ഞാവൽ, ഡ്രാഗൺ, ബാർബറോസ് ചെറി, മിറാക്കിൾ, സ്റ്റാർ ആപ്പിൾ, ബെർ ആപ്പിൾ, സപ്പോട്ട…) എന്റെ കൃഷിത്തോട്ടത്തിൽ ഉണ്ട്. ഒപ്പം കരനെൽകൃഷി ശാസ്ത്രീയമായി കൃഷിചെയ്യുന്നതിന്റെ ഭാഗമായി വളത്തിനു വേണ്ടിവരുന്ന ചെലവ് കുറയ്‌ക്കുന്നതിനും മണ്ണ് ഫലഭൂയിഷ്ടമാക്കുന്നതിനുമായി പശു, കോഴി, മൽസ്യം, മുയൽ, ചെറുതേൻ എന്നിവ വളർത്തുന്നത് വഴി അധിക വരുമാനം ലഭിക്കുന്നതോടൊപ്പം എല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരാനും കാർഷികച്ചെലവ് കുറയ്ക്കുവാനും എനിക്ക് സാധിക്കുന്നു. പച്ചക്കറി കൃഷിചെയ്യാൻ സാധിക്കാത്ത കാലങ്ങളിൽ ഈ പാറമേലും കൃത്യമായി കൃഷിഭവനിൽ നിന്നും ലഭിക്കുന്ന നെൽവിത്തുകൊണ്ട് നെൽകൃഷി ചെയ്യാനും സാധിക്കുന്നു. പച്ചക്കറികളുടെ സീസൺ കാലഘട്ടങ്ങളിൽ എന്റെ കുടുംബശ്രീ സംരംഭമായ പൂങ്കാവനം സീഡ് ബാങ്ക്, പൂങ്കാവനം ജൈവിക പ്ലാന്റ് നഴ്സറി എന്നിവയിൽ നിന്നും വിത്ത്, തൈ ഉല്പാദന വിപണനത്തിലൂടെ നല്ലൊരു വരുമാനം ഉറപ്പാക്കാനും സമൂഹത്തിലേക്ക് കൃഷിയെ പ്രോത്സാഹിപ്പിക്കാനും എനിക്ക് സാധിക്കുന്നു. 2019-20 കാലഘട്ടത്തിലെ എന്റെ പ്രവർത്തന മികവിന്റെ അംഗീകാരമായി കേരളസർക്കാർ സംസ്ഥാനത്തെ മികച്ച യുവകർഷകയ്ക്കുള്ള അവാർഡ് എനിക്ക് ലഭിക്കുകയുണ്ടായി.
മൂല്യവർധിത ഉത്പന്നങ്ങൾ കാർഷിക മേഖലയുടെ നെടുംതൂണാണെന്നു പറയാതെ വയ്യ. പലരും കൃഷിക്കായി ഉപയോഗിക്കാത്ത മുറ്റവും ടെറസ്സും പാഷൻ ഫ്രൂട്ടിന്റെ നനുത്ത പന്തലും വിരിച്ചു. സ്ക്വാഷ്, അച്ചാറ്, ചെറുതേൻ അനുബന്ധിത മൂല്യവർധിത ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന മികച്ച വരുമാനം ജീവിതത്തിനു മുതൽക്കൂട്ടാകുന്നു. റബ്ബറിന്റെ വിലയിടിഞ്ഞ സമയത്തു രണ്ട് ഏക്കറിൽ നിന്നും ലഭിക്കുന്ന വരുമാനം അതിന്റെ ചെലവിന് തികയാതെ വന്നപ്പോഴാണ് ഹോർട്ടികോർപ്പിന്റെ സഹായത്തോടെ ഇടവിളയായി പൈനാപ്പിൾ ചെയ്തത്. അതിലൂടെ റബ്ബറിന്റെ നഷ്ടം നികത്താൻ സാധിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ പ്രൗഡ് സേവനങ്ങളിൽ ഒന്നായ ഡ്രിപ് ഇറിഗേഷൻ വിത്ത് ഫെർട്ടിഗേഷൻ പദ്ധതിയിലൂടെയാണ് നനയ്ക്കുന്ന സമയം ലാഭിക്കാനും കൃഷി വൻ വിജയമാക്കാനും സാധിച്ചത്.
ഈ വർഷം ഓപ്പൺ പ്രിസിഷൻ ഫാമിംഗിലൂടെ ഒരേക്കറിൽ തണ്ണിമത്തനും, വെള്ളരിയും കക്കിരിയും കൃഷി ചെയ്തതിലൂടെ വൻ വിളവാണ് ലഭിച്ചത്. (7 ടൺ തണ്ണിമത്തൻ, 2 ടൺ വെള്ളരി, 3 ടൺ കക്കിരി) ഇതിലൂടെ നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കേരളസർക്കാരും കൃഷിവകുപ്പും മൽസ്യവകുപ്പും ഹോർട്ടികോർപും RT മിഷനും ഞങ്ങളെ പോലുള്ള യുവകർഷകരെ ഇടനെഞ്ചോട് ചേർത്ത് പിടിച്ചതിന്റെ ഭാഗമായി ഫാം ടൂറിസത്തിലേക്കും (പൂങ്കാവനം അഗ്രി ഫാം) കാലെടുത്തു വയ്ക്കാനായി.
കേരള സർക്കാർ ഒരുക്കിത്തന്ന ഇസ്രയേൽ യാത്രയിലൂടെ ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു. വരും വർഷങ്ങളിൽ അതുകൂടി പ്രാവർത്തികമാക്കി പുതിയകാലത്തെ പുതിയ ചുവടുകളിലൂടെ ഇനിയും ഉയരങ്ങളിലേക്ക് ഞങ്ങളെ ഈ സർക്കാർ കൊണ്ടു പോകുമെന്നുറപ്പ്. ♦