ഇക്കണോമിക് നോട്ട്‌ബുക്ക്‐ 3
എൺപതുകളുടെ ഉത്തരാർദ്ധത്തിൽ തുടങ്ങി തൊണ്ണൂറുകളോടെ ഏറ്റവും പ്രബല സാമ്പത്തിക യുക്തിയായി അവതരിപ്പിക്കപ്പെട്ട ഒന്നാണ് ദേശരാഷ്ട്രങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിനുള്ള ഒരേയൊരു പോംവഴി സ്വതന്ത്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് എന്നത്. ‘‘അവികസിത, വികസ്വര രാഷ്ട്രങ്ങളേ നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക വാതിലുകൾ മലർക്കെ തുറന്നിടൂ, വിദേശ മൂലധനവും വിദേശ ഉത്പന്നങ്ങളും നിങ്ങളുടെ രാജ്യത്തിലേക്ക് ഒഴുകിയെത്തും. അത് വലിയ വികസനക്കുതിപ്പ് നിങ്ങളുടെ രാജ്യത്ത് സൃഷ്ടിക്കും. വിദേശ ധനമൂലധനത്തിന്റെ ചിറകിലേറി ആധുനിക വ്യവസായങ്ങൾ നിങ്ങളുടെ രാജ്യത്ത് വന്നു നിറയും. ഇറക്കുമതി ചെയ്യപ്പെടുന്ന കുറഞ്ഞ വിലയ്ക്കുള്ള വിദേശ വസ്തുക്കൾ കൊണ്ട് നിങ്ങളുടെ കമ്പോളങ്ങൾ നിറഞ്ഞു കവിയും. അത് നിങ്ങളുടെ അവികസിതാവസ്ഥയെ തുടച്ചു നീക്കും. ക്ലാവ് പിടിച്ച് ഇരുണ്ടിരുന്ന നിങ്ങളുടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ അത് തിളക്കമുള്ളതാക്കി മാറ്റും’’‐ നിയോ ലിബറലിസത്തിന്റെ വികസനമന്ത്രമാണിത്. ഈ വികസന കുറിപ്പടി സ്വീകരിക്കാൻ വിസമ്മതിച്ച രാഷ്ട്രങ്ങളെ വരച്ചവരയിൽ നിർത്താൻ അന്താരാഷ്ട്ര സാമ്പത്തിക കരാറുകൾ നിർമ്മിക്കപ്പെട്ടു. ഇത് സ്വീകരിക്കാൻ വിസമ്മതിച്ചവർ വരട്ടു തത്വവാദികളായി മുദ്രകുത്തപ്പെട്ടു മാറ്റിനിർത്തപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തികസഹായങ്ങൾ ഇവർക്ക് നിരസിക്കപ്പെട്ടു. ലോകവ്യാപാരത്തിന്റെ പട്ടികയിൽ നിന്ന് അവർ നീക്കം ചെയ്യപ്പെട്ടു. ഈ സാമ്പത്തിക വികസന പ്രത്യയശാസ്ത്രം നിലവിൽ വന്ന് ഏതാണ്ട് അര നൂറ്റാണ്ടിനോടടുക്കുന്ന ഈ വേള ഒരു കണക്കെടുപ്പ് ശരിക്കും ആവശ്യപ്പെടുന്നുണ്ട്. പല തലങ്ങളിൽ നടക്കേണ്ട ആ അന്വേഷണത്തിന് തുനിയാതെ ഈ പ്രത്യയശാസ്ത്രത്തിന്റെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാനാണ് ഈ ചെറിയ കുറിപ്പിൽ ശ്രമിക്കുന്നത്. ഒരു കാര്യം മാത്രമാണ് ഇവിടെ അന്വേഷണ വിധേയമാക്കുന്നത്.
ഈ നീക്കത്തിന്റെ അപ്പോസ്തലന്മാരായി നിന്ന വികസിത പാശ്ചാത്യ രാഷ്ട്രങ്ങൾ യഥാർത്ഥത്തിൽ ഈ തത്വങ്ങളെ എക്കാലത്തും മുറുകെപിടിച്ചിരുന്നവരാണോ? അതോ മാറിയ കാലത്തിന്റെ രാഷ്ട്രീയ സാധ്യതകളെ അവസരവാദപരമായി ഉപയോഗിക്കാൻ വേണ്ടി മാത്രമാണോ പിന്നോക്ക രാജ്യങ്ങൾക്കു മുന്നിൽ ഈ കുറിപ്പടി നീട്ടിയത്, ബലപ്രയോഗത്തിലൂടെ അവരെ അതിലേക്ക് വലിച്ചിഴച്ചത്? നിയോലിബറൽ യുക്തിയുടെയും അതിന്റെ പ്രയോഗത്തിന്റെയും നാനാമുഖമായ തലങ്ങളിലേക്ക് കടക്കാതെ ഈയൊരു വശം മാത്രം ചരിത്രപരമായി പരിശോധിക്കാനാണ് ഇവിടെ തുനിയുന്നത് .
സാമ്പത്തിക വേലിക്കെട്ടുകളുടെ ആവിർഭാവം ബ്രിട്ടനിൽ 1649 – 58 കാലത്ത്
അധികാരത്തിലിരുന്ന ഒലിവർ ക്രോംവെൽ ആണ് മെർക്കന്റലിസത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നത് .ഇറക്കുമതി കുറച്ചുകൊണ്ട് കയറ്റുമതി വർധിപ്പിക്കുക എന്നതാണ് ഈ നയത്തിന്റെ കാതൽ. ഇതിനായി വ്യാപകമായ നിയമ നിർമാണങ്ങൾ നടത്തുകയും വളരെ ഉയർന്ന ഇറക്കുമതിച്ചുങ്കങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പോരാത്തതിന് ബ്രിട്ടീഷ് നിർമിത വസ്തുക്കൾ മാത്രമേ ബ്രിട്ടനിലെ കപ്പലുകളിൽ കയറ്റി അയക്കാൻ പാടുള്ളൂ എന്ന നിയമവും കർക്കശമായി നടപ്പിലാക്കി. ആധുനിക കാലത്തെ വ്യാപാര നിയന്ത്രണങ്ങളുടെ തുടക്കംകുറിക്കുന്നത് ഇങ്ങിനെയാണ്. എന്തൊക്കെ കാരണങ്ങളാണ് ഇതിലേക്ക് നയിച്ചത്? ഇന്നത്തെപ്പോലെയുള്ള ആധുനിക ദേശീയതയുടെ ഉല്പന്നമായിരുന്നില്ല അത്. 19‐ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ വരെ ബ്രിട്ടീഷ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന വരേണ്യ കച്ചവടവർഗ്ഗത്തിന്റെ താല്പര്യങ്ങളാണ് ഇത്തരം നിയമങ്ങൾക്ക് പിന്നിൽ വർത്തിച്ചത്.
1700ലെ കാലിക്കോ ആക്ട് ബ്രിട്ടനിലേക്കുള്ള കോട്ടൺ തുണിത്തരങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ചു. ഇന്ത്യയിൽ നിന്നുമുള്ള, വിശേഷിച്ച് ബംഗാളിൽ നിന്നുമുള്ള കോട്ടൺ തുണിത്തരങ്ങളുടെ ഇറക്കുമതിയിൽ നിന്നും ബ്രിട്ടനിലെ വളർന്നു വരുന്ന കോട്ടൺ വ്യവസായങ്ങളെ സംരക്ഷിക്കാനായിരുന്നു ഈ നിയമങ്ങൾ. വ്യവസായിക വിപ്ലവം ബ്രിട്ടനിൽ അരങ്ങേറുന്നതിനു തൊട്ടുമുന്പായിരുന്നു ഇത്. ബ്രിട്ടനിലെ തുണി വ്യവസായം യന്ത്രവൽക്കരിക്കപ്പെടുകയും അത് തുണിയുൽപ്പന്നങ്ങളുടെ വിലക്കുറവിനിടയാക്കുകയും ചെയ്തതിനെത്തുടർന്ന്, ഇന്ത്യയിൽ നിന്നുമുള്ള തുണി ഇറക്കുമതി ഭീഷണി ഇല്ലാതായതിനു ശേഷമാണ് ഈ നയം ബ്രിട്ടനിൽ തിരുത്തപ്പെട്ടത് . അപ്പോഴേക്കും യന്ത്രവത്കൃത നിർമാണത്തിലൂടെ ബ്രിട്ടനിൽ നിന്നുമുള്ള വില കുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഇന്ത്യയിലെ കോട്ടൺ തുണി വ്യവസായത്തെ നാമാവശേഷമാക്കിക്കഴിഞ്ഞിരുന്നു. കൊളോണിയൽ സാമ്പത്തിക തന്ത്രങ്ങൾ തിരിച്ചറിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകുന്നത് ഈ പശ്ചാത്തലത്തിലാണ്. ഗാന്ധിജി യന്ത്രവത്കൃത വ്യവസായങ്ങൾക്കെതിരെ ഹിന്ദ് സ്വരാജിൽ സംസാരിക്കുന്നതിന്റെ പശ്ചാത്തലവും ഇതാണ്.
1820നുശേഷമാണ് മറ്റു പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളും വടക്കേ അമേരിക്കയും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനുതകുന്ന സംരക്ഷണ നയങ്ങൾ ദേശീയ തലത്തിൽ നടപ്പിലാക്കുന്നത്. അക്കാലത്തു രൂപം കൊണ്ട ദേശീയതാ സങ്കൽപ്പങ്ങളാണ് ഇവിടങ്ങളിൽ ഇതിനു വഴിതെളിച്ചത്. പ്രൊട്ടെക്ഷനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പ്രധാന വക്താവായിരുന്നു ഫ്രഡറിക് ലിസ്റ്റ് (1789-1846). കടുത്ത ദേശീയവാദിയായിരുന്നു ഇദ്ദേഹം. ലിസ്റ്റിന്റെ ദേശീയതാ സങ്കല്പങ്ങൾക്കു പിന്നിലുള്ള താല്പര്യങ്ങളെ മാർക്സ് നിശിതമായ വിമർശനാത്മക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പിൽക്കാലത്ത് അമേരിക്കയിലേക്ക് താമസംമാറ്റിയ ലിസ്റ്റ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആൻഡ്രൂ ജാക്‌സന്റെ അടുത്ത സുഹൃത്തും സാമ്പത്തിക ഉപദേഷ്ടാവുമായി . ലിസ്റ്റിന്റെ പ്രസിദ്ധമായ പുസ്തകം National Sytem of Political economy പുറത്തുവരുന്നത് 1840ലാണ്. ഇതിനെയാണ് മാർക്സ് നിശിതമായ വിമർശന പഠനത്തിനിരയാക്കുന്നത്. അന്നത്തെ ദേശീയതാ സങ്കൽപ്പങ്ങൾ ലാഭം മാത്രം ലക്ഷ്യമിട്ട് മൂലധന താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം ഉണ്ടാക്കിയിട്ടുള്ളതാണ് എന്നതായിരുന്നു മാർക്സിന്റെ വിമർശനത്തിന്റെ കാതൽ.
വ്യവസായിക മുന്നേറ്റത്തിന് തുടക്കമിടുന്ന ഘട്ടത്തിൽ, 1815നും 1846നുമിടയിലാണ് ബ്രിട്ടൻ സാമ്പത്തിക ചരിത്രത്തിൽ ഏറെ പ്രസിദ്ധമായ ചോള നിയമങ്ങൾ (Corn Laws) കൊണ്ടുവരുന്നത്. ഭക്ഷ്യ വസ്തുക്കളും കാർഷികോത്പന്നങ്ങളും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്ന നിയമമായിരുന്നു അത്. ആഭ്യന്തര കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നു ഈ നിയമങ്ങൾ നടപ്പിലാക്കിയത്. അന്ന് ഭരണത്തിൽ മേൽകൈ ഫ്യൂഡൽ പ്രഭുക്കൾക്കായിരുന്നു എന്നതാണ് ഇത്തരമൊരു നിയമം പാസാക്കുന്നതിന് വഴിതെളിച്ചത്. ബ്രിട്ടനിൽ വളർന്നുവന്നിരുന്ന വ്യവസായികളും അവരെ ചുറ്റിപ്പറ്റിയുള്ള മധ്യവർഗവും അക്കാലത്ത് ഇതിനെ എതിർത്തിരുന്നു. കുറഞ്ഞ വിലയ്ക്ക് ചോളം വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നത് ആദ്യം നിരോധിച്ചു. തുടർന്ന് ഇറക്കുമതിക്ക് വളരെ ഉയർന്ന ചുങ്കം ഏർപ്പെടുത്തി. ഭൂഉടമകളുടെ ലാഭവും അധികാരത്തിന്മേലുള്ള പിടിയും ശക്തമാക്കുന്നതിന് ഈ നിയമം വഴിതെളിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് വഴിതെളിച്ചിട്ടും ഈ നിയമങ്ങൾ തുടർന്നു .പിന്നീട് 1845നും 1852നുമിടയിൽ അയർലണ്ടിലുണ്ടായ കൊടിയ ഭക്ഷ്യക്ഷാമമാണ് ഈ നിയമം ലഘൂകരിക്കുന്നതിന് വഴി തെളിച്ചത്. 10 ലക്ഷം ആൾക്കാരുടെ മരണത്തിനും ഏതാണ്ട് അത്രയും ആൾക്കാരുടെ പലായനത്തിനും ഇടയാക്കിയ കൊടിയ ക്ഷാമമായിരുന്നു അത്. ഇതിനെത്തുടർന്ന് ചോള നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ ബ്രിട്ടനിൽ ഉണ്ടാവുകയും ഒടുവിൽ നിയമം പിൻവലിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു. ഇന്ന് സാമ്പത്തികശാസ്ത്ര ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന ഡേവിഡ് റിക്കാർഡോയുടെ Comparativ-e Trade advantage ഒന്നുമായിരുന്നില്ല ഈ നിയമപരിഷ്കാരങ്ങളിലേക്ക് നയിച്ചത്, അക്കാലത്തു വളർന്നുവന്നിരുന്ന വ്യവസായിക ബൂർഷ്വാസിയുടെ സാമ്പത്തിക കച്ചവടതാല്പര്യങ്ങളായിരുന്നു.
എന്നാൽ 1890ൽ സ്ഥിതി മാറി. വടക്കേ അമേരിക്കയിൽ നിന്നും ജർമനിയിൽ നിന്നുമുള്ള ഇറക്കുമതി ബ്രിട്ടനിലെ വ്യവസായങ്ങളെ സാരമായി ബാധിച്ചു. അതുപോലെ 1860കൾക്കു ശേഷം വളർന്നുവരുന്ന തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനും അവയുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ജർമനിയും ഫ്രാൻസും അമേരിക്കയും ഉയർന്ന ഇറക്കുമതിച്ചുങ്കങ്ങൾ ഏർപ്പെടുത്തി. 1930കളിലെ ആഗോള മാന്ദ്യത്തോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. തകർന്നടിഞ്ഞ ആഭ്യന്തര വ്യവസായങ്ങളെ പുനർനിർമിക്കുക, കുത്തനെ ഇടിഞ്ഞ ചോദനകളെ തിരിച്ചുപിടിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ മുഴുവനും തിരിഞ്ഞു. ഒന്നാം ലോക യുദ്ധാനന്തരം വളർന്നുവന്ന ദേശീയതയെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ ചിന്താഗതികൾ ഇതിനു കൂടുതൽ കരുത്തുപകർന്നു. ആഭ്യന്തരമായി മൂർച്ഛിച്ചുവന്ന വൈരുധ്യങ്ങളെയും വർഗസംഘർഷങ്ങളെയും മെരുക്കിയെടുക്കാൻ ദേശീയതയുടെ രാഷ്ട്രീയം എല്ലാ വികസിത രാഷ്ട്രങ്ങൾക്കും ഒരു പ്രധാന കരുവായി. രണ്ടാം ലോകയുദ്ധം കാര്യങ്ങളെ വീണ്ടും വഴിതിരിച്ചുവിട്ടു. യുദ്ധം പാശ്ചാത്യ മുതലാളിത്തത്തിന് ലോകസമ്പദ്‌വ്യവസ്ഥയിൽ മേൽക്കോയ്മ നൽകി .അതുപോലെ തകർന്നടിഞ്ഞ പാശ്ചാത്യ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ പുനർനിർമിക്കാനും, കോളനിയുഗാനന്തരമുള്ള ലോക വ്യാപാരത്തെ തങ്ങളുടെ വരുതിയിൽ നിർത്താനും ലക്ഷ്യമിട്ട് 1944ൽ രൂപീകരിക്കപ്പെട്ട ബ്രെട്ടൻവുഡ്‌സ് കരാറും പാശ്ചാത്യ മേൽക്കോയ്മയുടെ പുതിയ യുഗത്തിന് തുടക്കമിട്ടു. അതേസമയം കൊളോണിയൽ നുകത്തിൽനിന്നും വിടുതൽ നേടിയ പുതിയ രാഷ്ട്രങ്ങൾ തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങളെ വളർത്തിയെടുക്കാനും ആഭ്യന്തര ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ശക്തമായ സാമ്പത്തിക നടപടികൾ കൈക്കൊണ്ടു. ഇത് ഇവിടങ്ങളിൽ ഉയർന്ന ഇറക്കുമതിച്ചുങ്കങ്ങൾ ഏർപ്പെടുത്തുന്നതിന് ഇടയാക്കി .സ്വന്തന്ത്ര വ്യാപാരം ആരുടേയും പ്രധാന മുദ്രാവാക്യമല്ലാതായി. സോവിയറ്റ് യൂണിയനും ചൈന അടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളും തങ്ങളുടെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ ശ്രമിച്ചതും ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കയറ്റുമതി ഉന്മുഖ വികസന തന്ത്രങ്ങൾ ഇവരുടെ അജൻഡ അല്ലായിരുന്നു.
എന്നാൽ 1980കളുടെ ഉത്തരാർധത്തോടെ സ്ഥിതിഗതികൾ മാറി. ലോക രാഷ്ട്രീയത്തിൽ തങ്ങൾക്കു കൈവന്ന മുൻകൈ ഉപയോഗപ്പെടുത്തി പുതിയ താരിഫ് യുഗം സൃഷ്ടിക്കാൻ അന്താരാഷ്ട്ര വ്യാപാരസ്ഥാപനങ്ങളെ നിർബന്ധിതമാക്കാൻ പാശ്ചാത്യ മൂലധനശക്തികൾ ശ്രമിച്ചു. ഇത് നിയോ ലിബറൽ യുഗത്തിന് നാന്ദികുറിച്ചു. ഇറക്കുമതി ചുങ്കങ്ങൾ ഏർപ്പെടുത്തി ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാൻ അവികസിത വികസ്വര രാഷ്ട്രങ്ങൾ ശ്രമിക്കുന്നത് മഹാപാതകമായി ചിത്രീകരിക്കപ്പെട്ടു. നിർമിത വസ്തുക്കളുടെ പ്രധാന ഉല്പാദകരും വിതരണക്കാരും പാശ്ചാത്യ രാഷ്ട്രങ്ങൾ മാത്രമാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. അവർക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ കയറ്റി അയക്കുകയോ കുറഞ്ഞ നിരക്കിൽ തൊഴിൽശക്തി പ്രദാനം ചെയ്യുകയോ മാത്രമായി മൂന്നാം ലോക രാഷ്ട്രങ്ങളുടെ നില ചുരുങ്ങി. നിയോ ലിബറൽ ആഖ്യാനങ്ങൾ വെള്ളംചേർക്കാതെ വിഴുങ്ങുന്ന ധനമന്ത്രിമാരും രാഷ്ട്ര മേധാവികളും വികസ്വര രാഷ്ട്രങ്ങളിൽ അധികാരത്തിലെത്തി. ലോകം ഏതാണ്ട് മുഴുവനും ഈ പ്രത്യയശാസ്ത്രത്തിന് പാടെ അടിപ്പെട്ട നാളുകളായിരുന്നു കഴിഞ്ഞ കാൽ നൂറ്റാണ്ട്. എന്നാൽ ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല എന്ന് ഈ ദശകം വീണ്ടും നമുക്ക് കാട്ടിത്തരുന്നു. ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാൻ താരിഫുകളും നിയന്ത്രണങ്ങളും വീണ്ടും ഏർപ്പെടുത്തുന്ന പാശ്ചാത്യ ലോകത്തെയാണ് ഇന്ന് നാം കാണുന്നത്. ♦