ഭീമ കൊറേഗാവ് കേസിൽ 2018 ആഗസ്റ്റ് മുതൽ ജയിലിലയ്ക്കപ്പെട്ട ആക്ടിവിസ്റ്റുകളായ വെർണൻ ഗോൺസാൽവസിനും അരുൺ ഫെരിയേരയ്ക്കും നീണ്ട അഞ്ചുവർഷത്തിനുശേഷം ജാമ്യം ലഭിച്ചിരിക്കുന്നു. 2019ൽ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് സുപ്രീംകോടതിയിൽ ഇവർ അപ്പീൽ നൽകിയത്. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി കർശന ഉപാധികളോടെ ഇവരെ ജാമ്യത്തിൽ വിട്ടയ്ക്കാൽ നിർദേശിച്ചു. ജാമ്യം നൽകിക്കൊണ്ടുള്ള വിധിന്യായത്തിൽ ചില സുപ്രധാന നിരീക്ഷണങ്ങൾ സുപ്രീംകോടതി നടത്തുകയുണ്ടായി. “ഇവർക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെങ്കിലും അത് ജാമ്യം നിഷേധിക്കാനും വിചാരണ തുടരുംവരെ തടങ്കലിലിടാനുമുള്ള ഒരുകാരണമല്ല’’ എന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. തീവ്രവാദവുമായി ബന്ധപ്പെട്ട സാഹിത്യം കൈവശംവെക്കുന്നത് യുഎപിഎ പ്രകാരം തീവ്രവാദപ്രവർത്തനമെല്ലന്നും ഇതല്ലാതെ വെർണറിനും ഫെരേരിയയ്ക്കുമെതിരെ വിശ്വസനീയമായ വേറെ തെളിവുകളൊന്നുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വെർണറിനും ഫെരേരിയയ്ക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള മൂന്നംഗ ബഞ്ചിന്റെ വിധിയിൽ ജസ്റ്റിസുമാരിലൊരാളായ അനിരുന്ധ ബോസ് പറഞ്ഞിരിക്കുന്നത് “അവരെ കസ്റ്റഡിയിൽ എടുത്തിട്ട് ഏകദേശം 5 വർഷം കഴിഞ്ഞു. കസ്റ്റഡിയിലെടുത്തവരെ കേസ് അവസാനിക്കുംവരെ തടങ്കലിൽവെക്കുന്നത് നിലവിലെ സംഗതികൾവച്ച് ന്യായീകരിക്കാനാവില്ല’’ എന്നാണ്.
ഇരുവർക്കുമെതിരായ കുറ്റങ്ങൾ സ്ഥാപിക്കുന്നതിനായി അവർ പരസ്പരം കൈമാറിയതായി പറയപ്പെടുന്ന രേഖകളും കത്തുകളും സാക്ഷിമൊഴികളും തെളിവുകളും എൻഐഎ ഹാജരാക്കിയിരുന്നു. എന്നാൽ അതേപ്പറ്റി ഡിവിഷൻ ബഞ്ച് പറഞ്ഞത് “ക്രിമിനൽ പ്രവൃത്തിയിലോ പൊതുപ്രവർത്തകരെന്ന നിലയിൽ അതിനുനിരക്കാത്ത പ്രവർത്തനത്തിലോ ഇവർ ഏർപ്പെട്ടതായി സ്ഥാപിക്കുന്നതിനായി ഇതിലൊന്നും പ്രഥമദൃഷ്ട്യാ തെളിവൊന്നുമില്ലെ’’ന്നാണ്. ജാമ്യത്തിന് അപേക്ഷിച്ചവർ തീവ്രവാദസംഘടനയിലെ അംഗങ്ങളാണെന്നു എൻഐഎയ്ക്ക് തങ്ങൾക്കുമുമ്പാകെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിധിന്യായത്തിൽപ്പറയുന്നു. കത്തുകളിലും ഡോക്കുമെന്ററികളിലും ശബ്ദതെളിവുകളിലുമൊന്നും പ്രത്യക്ഷത്തിൽ തീവ്രവാദ പ്രവർത്തനങ്ങളൊന്നുംതന്നെ ആരോപിക്കാൻ കഴിയില്ല. മറ്റൊന്ന്, കുറ്റാരോപണവിധേയമായവർ പ്രത്യയശാസ്ത്രപ്രചരണവും റിക്രൂട്ട്മെന്റും നടത്തിയെന്നതാണ്. എന്നാൽ ഇതിൽനിന്നും പ്രചോദനമുൾക്കൊണ്ട് ആ സംഘർഷത്തിൽ പങ്കെടുത്തതായ ഒരു വ്യക്തിയെയോ അതിനാധാരമായ തെളിവുകളെയോ തങ്ങളുടെ മുന്നിൽ ഹാജരാക്കാൻ എൻഐഎയ്ക്ക് കഴിഞ്ഞിട്ടില്ല; അതുകൊണ്ടുതന്നെ ഒരു തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകി എന്ന കുറ്റം ഇവർ ചെയ്തു എന്ന എൻഐഎ വാദം തങ്ങൾക്കംഗീകരിക്കാൻ കഴിയില്ല എന്നുമാണ് വിധിന്യായത്തിൽ ബഞ്ച് ചൂണ്ടിക്കാട്ടുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചെന്ന ആരോപണവും ബഞ്ച് തള്ളിക്കളഞ്ഞു. ജാമ്യം നിഷേധിക്കുന്നത് ന്യായീകരിക്കത്തവിധം ഇവരുടെ അക്കൗണ്ട് സ്‌റ്റേറ്റ്മെന്റുകൾ പൊരുത്തപ്പെടുന്നതാണെന്നു കരുതാനാവില്ലെന്നും ജസ്റ്റിസുമാർ അഭിപ്രായപ്പെട്ടു.
ഇങ്ങനെ, ജാമ്യം നിഷേധിക്കാൻ എൻഐഎ നിരത്തിയ വാദങ്ങളെയും തെളിവുകളെയും അടിമുടി ഖണ്ഡിച്ചുകൊണ്ടാണ് സുപ്രീംകോടതി വെർമൻ ഗോൺസലസിനും അരുൺ ഫെരേരിയയ്ക്കും സോപാധികജാമ്യം അനുവദിച്ചത്.
2018 ജനുവരി 1ലെ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് 16 പേരെയാണ് എൻഐഎ അറസ്റ്റു ചെയ്തത്. അർബൻ നക്സലുകളെന്നു വിളിച്ച് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ച ഇവരിൽ പലർക്കും ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിന്റെ ജാമ്യം പൂനെ പ്രത്യേകകോടതി നിരസിച്ചിരുന്നു. ഇത് ബോംബെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെത്തുടർന്നാണ് അവർക്ക് ജാമ്യംലഭിച്ചത്. വരവരറാവുവിന് സുപ്രീംകോടതി ചികിത്സാർഥം ജാമ്യം നൽകി.
ആനന്ദ് തെൽതുംദെ, സുധഭരദ്വാജ്, റോണ വിൽസൽ, ഗൂൗതം നവ്ലാഖ തുടങ്ങി ഇന്ത്യയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് തടവറയ്ക്കുള്ളിലാക്കിയതിനു പിന്നിൽ രാഷ്ട്രീയ എതിരാളികളെ സംശയത്തിൽനിർത്തി വിചാരണകൂടാതെ വർഷങ്ങളോളം ജയിലിലാക്കി നിശ്ശബ്ദരാക്കുകയെന്ന സ്വേഛാധികാരമാണ് ഹിന്ദുത്വഭരണകൂടം നിർവഹിക്കുന്നത്. അതിനായി ഭീമ കൊറേഗാവ് സംഭവത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് ചെയ്തത്. സംഘപരിവാറിനെതിരെ സംസാരിക്കുന്ന ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും നിശ്ശബ്ദരാക്കുന്നതിന് അവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നതിനുള്ള തെളിവുകൾ പുറത്തു വന്നുകഴിഞ്ഞു. കുറ്റാരോപിതരുടേതെന്ന പേരിൽ അവരുടെ കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും കൃത്രിമമായി ചമച്ച രേഖകൾ സൃഷ്ടിച്ചെടുത്തതായുള്ള തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇവയിൽ പെഗാസെസ് ചാര സോഫ്ട്‌വെയറിന്റെ സാന്നിദ്ധ്യമുള്ളതായും ആരോപണമുണ്ട്. ഇത് കൃത്രിമരേഖ ചമച്ചു എന്നതിന് കൂടുതൽ പിൻബലമേകുന്നു.
തങ്ങൾക്ക് അനഭിമതരായവരെ ഇല്ലാതാക്കുന്നതിന് ഏതു ഹീനമായ മാർഗവും സ്വീകരിക്കും എന്നതിന്റെ തെളിവാണ് ഭീമകൊറേഗാവ് സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജയിലിലടച്ച് ജാമ്യം പോലും നൽകാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചുകൊണ്ട് സ്റ്റാൻസ്വാമി എന്ന ജസ്യൂട്ട് പാതിരിയെ മരണത്തിലേക്കു തള്ളിവിട്ട സംഭവം. ആദിവാസി അവകാശപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ 83 കാരനായ സ്റ്റാൻസ്വാമി ഒരിക്കൽപോലും ഭീമ കൊറേഗാവ് സന്ദർശിച്ചിട്ടില്ല. 2020 ഒക്ടോബർ 8നാണ് യുഎപിഎ പ്രകാരം തീവ്രവാദിയെന്നു മുദ്രകുത്തി സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്‌തത്. 2021 മെയിൽ ബോംബെ ഹൈക്കോടതിയിൽ മൊഴി നൽകവേ സ്റ്റാൻ സ്വാമി തന്റെ ആരോഗ്യാവസ്ഥയെപ്പറ്റി പറഞ്ഞിരുന്നു. ചികിത്സായ്ക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചിരുന്നു. എന്നാൽ അന്ത്യശ്വാസം വലിക്കുന്നതിന് ഒരു ദിവസം മുമ്പു മാത്രമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ദേഹത്തിന് വൈദ്യസഹായം നൽകുന്നതിന് മഹാരാഷ്ട്ര ഗവൺമെന്റിനു നിർദേശം നൽകിയത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നറിഞ്ഞിട്ടും ജാമ്യമോ മതിയായ ചികിത്സയോ നൽകാതെ അദ്ദേഹത്തെ മരണത്തിലേക്കു തള്ളിവിടുകയായിരുന്നു. യഥാർഥത്തിൽ അതൊരു ഭരണകൂടക്കൊലയാണ്. എതിർസ്വരങ്ങളെ ഇല്ലാതാക്കുന്നതിന് തന്ത്രപൂർവം നടപ്പിലാക്കുന്ന സ്ഥാപനപരമായ കൊലപാതകം. സ്റ്റാൻസ്വാമിയുടെ തടങ്കൽ തികച്ചും ഏകപക്ഷീയമായിരുന്നെന്നും അദ്ദേഹത്തിന്റെ അകാലമരണം തടയാവുന്നതായിരുന്നെന്നുമുള്ള ഒരു അഭിപ്രായക്കുറിപ്പ് യു എൻ വർക്കിങ് ഗ്രൂപ്പ് പുറത്തിറക്കിയിരുന്നു.
വിയോജിപ്പ് ജനാധിപത്യത്തിന്റെ സേഫ്ടിവാൽവ് ആണെന്ന് കേസിന്റെ ഒരു ഘട്ടത്തിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സൂചിപ്പിക്കുകയുണ്ടായി. സംഘപരിവാർ വാഴ്ചയിൻ കീഴിൽ മോദിഭരണം വിയോജിപ്പിന്റെയും ജനാധിപത്യത്തിന്റെയും പരിമിതമായ ഇടംപോലും ഇല്ലാതാക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഭീമകൊറേഗാവ് കേസിൽ സുപ്രീംകോടതി നടത്തിയ ഇടപെടൽ പ്രതീക്ഷയുണർത്തുന്നു. ♦