Friday, March 29, 2024

ad

Homeജൻഡർആര്‍ത്തവ അവധിയിലെ ജെന്‍റര്‍ രാഷ്ട്രീയം

ആര്‍ത്തവ അവധിയിലെ ജെന്‍റര്‍ രാഷ്ട്രീയം

ഡോ. സി എസ് ചന്ദ്രിക

ര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്ന സര്‍ക്കാരിന്‍റെ തീരുമാനത്തെ പെണ്‍കുട്ടികള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നത്  കണ്ടു. പെണ്‍കുട്ടികള്‍ ഉയര്‍ത്തിയ ഈ ആവശ്യം അംഗീകരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ആര്‍ത്തവം  സ്ത്രീകളുടെ ഒരു പരാധീനതയായിട്ടല്ല മറിച്ച്,  സവിശേഷമായ ശാരീരികാനുഭവമാണെന്നും  ലൈംഗിക, പ്രത്യുത്പാദന ആരോഗ്യത്തിന്‍റെ സവിശേഷ അവകാശവുമായി ബന്ധപ്പെട്ട കാര്യമാണെന്നും മനസ്സിലാക്കാന്‍  ആര്‍ത്തവ അവധി പ്രഖ്യാപനത്തിലൂടെ സമൂഹത്തിനാകെയും  കുടുംബങ്ങള്‍ക്കും കഴിയേണ്ടതാണ്. അത്തരമുള്ള അവബോധത്തിലേക്ക് ആഴത്തിലേക്ക് നയിക്കുന്നതിനാവശ്യമായ അനുബന്ധ പ്രചരണ പ്രവര്‍ത്തനങ്ങള്‍,  പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആര്‍ത്തവകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  തൊഴില്‍ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ലഭിക്കേണ്ടതായ പ്രായോഗികമായ ആവശ്യങ്ങള്‍ – വാഷ്റൂമുകള്‍, സാനിറ്ററി നാപ്കിന്‍ വെന്‍റിംഗ് മെഷീനുകള്‍, സാനിറ്ററി നാപ്കിന്‍ ഡിസ്പോസല്‍ സൗകര്യങ്ങള്‍, റെസ്റ്റ് റൂമുകള്‍ എന്നിവ കൂടി സര്‍ക്കാരിന്‍റെ ജെന്‍റര്‍ പോളിസിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുകയും നടപ്പിലാവുകയും വേണം. ആര്‍ത്തവത്തിനു മേലുള്ള നിഗൂഢതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ചാടനം ചെയ്യപ്പെടണം. ആര്‍ത്തവ അയിത്തോച്ചാടനമാകണം ആര്‍ത്തവ അവധിയുടെ ഭാഗമായി സമൂഹത്തിലാകെയും തുടര്‍ന്ന് സംഭവിക്കേണ്ടത്. ആര്‍ത്തവത്തെ സ്വാഭാവികമായി പരസ്യമായി അംഗീകരിപ്പിക്കാനും സവിശേഷമായ ആവശ്യങ്ങള്‍ സ്ത്രീകളുടെ അവകാശമാണ് എന്ന് ആണ്‍കോയ്മാ സമൂഹത്തെ ബോധ്യപ്പെടുത്താനും എളുപ്പവഴികളില്ല.

ആര്‍ത്തവം എപ്പോഴും ഒളിച്ചു വെയ്ക്കാനും ആര്‍ത്തവ അശുദ്ധി കാത്തു സൂക്ഷിക്കാനുമാണ് പുരുഷാധിപത്യ മത സാമൂഹ്യ സാംസ്ക്കാരിക സ്ഥാപനങ്ങള്‍ എക്കാലവും ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. ശബരിമലയില്‍ മാത്രമല്ല, മറ്റ് ആരാധനാ സ്ഥലങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില പരിപാടികള്‍, വീടുകളില്‍ ദൈവങ്ങളുടെ ചില്ലിട്ട ചിത്രങ്ങള്‍ വെച്ചിട്ടുള്ള സ്ഥലങ്ങള്‍, പൂമുഖം, കിണറ്, തുളസി, കറിവേപ്പില, അടുക്കള തുടങ്ങിയ ഇടങ്ങളിലൊക്കെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പ്രവേശിക്കരുതെന്ന അനാചാരം ഇപ്പോഴും ശക്തമായി കേരളത്തില്‍ തുടരുന്നുണ്ട്. ഭരണഘടനാപരമായ ലിംഗ സമത്വവും തുല്യ നീതിയും നടപ്പാക്കുന്നതിന്‍റെ ഭാഗമായി  സുപ്രീംകോടതി വിധി പ്രകാരം ആര്‍ത്തവപ്രായത്തിലുള്ള യുവതികള്‍ ശബരിമല കയറാന്‍ ശ്രമിച്ചപ്പോള്‍, കയറിയപ്പോള്‍  ഹിന്ദുത്വ സംഘപരിവാറിന്‍റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച വലിയ അക്രമം ഈ അനാചാരം എത്ര ശക്തമായിട്ടാണ് കേരളത്തില്‍ ഇപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് എന്നതിന്‍റെ  നേര്‍ച്ചിത്രമാണ്.

കേരളത്തില്‍ ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലും നാല്പതുകളിലും നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ തിരണ്ടു കല്ല്യാണം മുതലായ ആചാരങ്ങള്‍ നിര്‍ത്തലാക്കണം തുടങ്ങിയ കാര്യങ്ങള്‍ മുതല്‍ ഋതുമതിയായാല്‍ തുടര്‍ന്ന് സ്കൂളില്‍ പോകാന്‍ പാടില്ല എന്ന സമുദായ പുരുഷാധിപത്യ ശാസനങ്ങള്‍ വരെ ചോദ്യം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. സമുദായ പരിഷ്ക്കരണത്തിന്‍റെ ഭാഗമായി ശ്രീനാരായണ ഗുരുവും മന്നത്ത് പത്മനാഭനും വിടി ഭട്ടതിരിപ്പാടും പ്രേംജിയും സ്ത്രീകളുടെ ജീവിതത്തിന്‍മേല്‍ വരിഞ്ഞു മുറുക്കിയിട്ടുണ്ടായിരുന്ന അനാചാരങ്ങളെയാണ് തങ്ങളാലാവും വിധം ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചത്. څഋതുമതിچ എന്ന പേരില്‍ പ്രേംജി ഒരു നവോത്ഥാന നാടകം തന്നെ എഴുതി. പക്ഷേ തുടര്‍ന്നുള്ള കാലങ്ങളില്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള ചര്‍ച്ചകളോ നവോത്ഥാനം മുന്നോട്ടു വെച്ച പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹത്തെ സാംസ്ക്കാരികമായി മുന്നോട്ടു കൊണ്ടു പോകുന്ന തരത്തിലുള്ള വിപ്ലവകരമായ പ്രവര്‍ത്തനങ്ങളോ കാര്യമായി സംഭവിച്ചിരുന്നില്ല. മലയാളികള്‍ പിന്നീട് അപ്രതീക്ഷിതമായി ആര്‍ത്തവരക്തം കണ്ടതും അതേപ്പറ്റി സംസാരിച്ചതും  ഓ വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം വായിച്ചപ്പോഴാണ്.  അതിന്  സ്ത്രീവിമോചനപരമായ തലങ്ങളൊന്നുമുണ്ടായിരുന്നില്ല താനും. എണ്‍പതുകളിലും തൊണ്ണുറുകളിലും സ്ത്രീവിമോചന സംഘടനകളുടെ  രൂപീകരണവും സജീവമായ പ്രവര്‍ത്തനങ്ങളും ഉണ്ടായ കാലത്തും  ആര്‍ത്തവത്തെപ്പറ്റി ബോധപൂര്‍വ്വമായ ചര്‍ച്ചകള്‍  ഉയര്‍ത്തിക്കൊണ്ടു വന്നിട്ടില്ല. സ്ത്രീവിമോചന സംഘടനകള്‍ ലൈംഗികാക്രമണ കേസുകളും സ്ത്രീധന മരണങ്ങളും പോലുള്ള കാര്യങ്ങളിലാണ് അക്കാലത്ത് മുഴുവനായും ശ്രദ്ധിച്ചത്. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനം ഉയര്‍ത്തിയ ആര്‍ത്തവ സംബന്ധമായ  ചര്‍ച്ചകള്‍ പിന്നീട് ഏറെക്കാലം നിശ്ചലമായിത്തന്നെ നിന്നു എന്നു സാരം.

ഈ നിശ്ശബ്ദകാലം വീണ്ടും മത സാമുദായിക പുരുഷാധിപത്യം വസൂലാക്കുകയും  സ്ത്രീകളെ അടക്കിനിത്താനും അനുസരിപ്പിക്കാനുമുള്ള അവരുടെ ആയുധങ്ങളിലൊന്നായി ആര്‍ത്തവത്തെ ഉപയോഗിക്കാനുള്ള ആചാരം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍  ശക്തമാക്കുകയുമായിരുന്നു. അതിന്‍റെ ദൃഷ്ടാന്താണ് ശബരിമല സ്ത്രീപ്രവേശ വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായത്.  ആര്‍ത്തവത്തെപ്പറ്റി പതിറ്റാണ്ടുകളോളം നീണ്ടു നിന്ന  കനത്ത നിശ്ശബ്ദത,  ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മാത്രമാണ്  കേരളത്തില്‍ ശക്തമായി തകര്‍ക്കപ്പെട്ടത്.  ആ സന്ദര്‍ഭത്തില്‍ കേരള സര്‍ക്കാരും ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളും സ്ത്രീവിമോചന സംഘടനകളും സ്വതന്ത്ര ചിന്തയുള്ള മുഴുവന്‍ വ്യക്തികളും സ്ത്രീകളുടെ ആര്‍ത്തവം, ഭരണഘടനാപരമായ ലിംഗനീതി തടയുന്നതിനുള്ള കാരണമായിക്കൂടാ എന്ന്  ശക്തമായി ഹിന്ദുത്വ ശക്തികളെ പ്രതിരോധിച്ച് മറികടന്നിട്ടുണ്ട്. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ മതില്‍, അഡ്വ. ബിന്ദു അമ്മിണിയുടേയും കനക ദുര്‍ഗ്ഗയുടേയും അതിസാഹസികവും ധീരവുമായ ശബരിമല പ്രവേശം എന്നീ വിസ്ഫോടനാത്മകമായ പ്രവര്‍ത്തനങ്ങളെ ആര്‍ത്തവ സമരമെന്നാണ് കേരളചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത്.

സ്ത്രീകളുടെ നേര്‍ക്ക് പല തരത്തിലുള്ള വിലക്കുകള്‍, അനീതികള്‍ നടപ്പാക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി ആര്‍ത്തവത്തെ അത്ര എളുപ്പത്തില്‍ ഇനി കേരള സമൂഹത്തില്‍ മതതീവ്രവാദസംഘടനകള്‍ക്ക് പരസ്യമായി മുന്നോട്ടു വെയ്ക്കാന്‍ കഴിയുകയില്ല. മതേതരത്വത്തിനും ലിംഗനീതിക്കും വേണ്ടി ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള ജാഗ്രതയും പ്രതിരോധവും നിരന്തരമെന്നോണം ഇതിനെതിരെയുണ്ടാകും എന്നത് തീര്‍ച്ചയാണ്. ഹിന്ദുത്വത്തിന്‍റെ സ്ത്രീവിരുദ്ധതയെ, ഫാഷിസത്തെ എതിര്‍ക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് കേരളത്തില്‍ ഈ ഘട്ടത്തില്‍ ആര്‍ത്തവ സമരം ശക്തമായിട്ടുള്ളത്. ‘ആര്‍പ്പോ ആര്‍ത്തവം’ പോലുള്ള പ്രചരണ പരിപാടികള്‍ അതിന്‍റെ ഭാഗമായി ഉയര്‍ന്നു വന്നതാണ്.   ദൈവവിശ്വാസത്തിന്‍റെ മറവില്‍  ആര്‍ത്തവത്തെ അടിസ്ഥാനമാക്കി സ്ത്രീവിരുദ്ധ ദുരാചാരങ്ങളുടെ  മൊത്ത വിതരണ വ്യാപാരം നടത്താം എന്ന തീവ്ര ഹിന്ദുത്വത്തിന്‍റെ  അജണ്ടയെപ്പറ്റി ഇന്ന് കുറേയധികം സ്ത്രീകള്‍ക്കറിയാം. അതേ സമയം ഇതൊന്നുമറിയാത്ത കുറേയധികം സ്ത്രീകളുമുണ്ട്. അവരാണ് നാമജപവുമായി ആര്‍ത്തവത്തിനെതിരായും ലിംഗനീതിക്കെതിരായും അന്ന് സംഘപരിവാറിനും ജാതി ഹിന്ദുക്കള്‍ക്കുമൊപ്പം തെരുവിലിറങ്ങിയത്.

ഈ സന്ദര്‍ഭത്തില്‍ ആര്‍ത്തവാവധിക്കു നേരെ  ഉയര്‍ന്നു വന്നിട്ടുള്ള ചില എതിര്‍പ്പുകളും വിമര്‍ശനങ്ങളും കൂടി പരിശോധിക്കേണ്ടത്  പ്രധാനമാണ്.  ആര്‍ത്തവത്തിന്‍റെ  പേരില്‍ ജാതി മത പുരുഷാധിപത്യം എപ്പോഴും  സ്ത്രീ ശരീരം അധമമാണെന്നും രണ്ടാംതരമാണെന്നും സ്ഥാപിക്കുന്ന സാമൂഹ്യ അധികാരബന്ധങ്ങളെക്കുറിച്ചാണ്  പ്രധാനമായും ചില ഫെമിനിസ്റ്റുകള്‍  ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നതോടെ ആര്‍ത്തവം എന്നത് സ്ത്രീകളുടെ ദുര്‍ബ്ബലതയായും ആ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ സാമൂഹ്യ ഇടങ്ങളില്‍ പതിവുപോലെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അംഗീകരിച്ചു കൊടുക്കലായും പുരുഷാധിപത്യത്തിന്‍റെ ആര്‍ത്തവ അന്ധവിശ്വാസ നിര്‍മ്മിതിയെ ഊട്ടിയുറപ്പിക്കലായും  ആര്‍ത്താവവധി മാറും എന്ന് ഈ വിമര്‍ശകര്‍ ഉന്നയിക്കുന്നു. ഇത് പെണ്‍കുട്ടികള്‍ക്കു നേരെ വിവേചനം തുടരുന്നതിന് ഇടയാക്കുമെന്നും തങ്ങള്‍ക്ക് പരിമിതികളുണ്ട് എന്ന് പെണ്‍കുട്ടികള്‍ വിചാരിക്കുന്നത് അവരുടെ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആര്‍ത്തവത്തെ നോര്‍മലൈസ് ചെയ്യുന്നതിനു പകരം പരിതാപകരമാക്കുന്നതാണ് ആര്‍ത്തവാവധി എന്നുമാണ് ഈ വിമര്‍ശനങ്ങളുടെ പൊതു ഉള്ളടക്കം. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നുള്ള ഈ വിമര്‍ശനങ്ങളെ പാടേ തള്ളിക്കളയുന്നതിനു പകരം ആര്‍ത്തവം സ്വാഭാവികമായ, അതേ സമയം സവിശേഷമായ ഒരു ജീവശാസ്ത്രപരമായ പ്രതിഭാസമാണെന്ന അറിവും അംഗീകാരവും പൊതുസമൂഹത്തില്‍ സൃഷ്ടിക്കും വിധം പോസ്റ്റര്‍ പ്രചരണങ്ങളും ഡിബേറ്റുകളും സാസ്ംക്കാരിക പരിപാടികളും സംഘടിപ്പിക്കപ്പെടുണം. ആര്‍ത്തവ അയിത്തത്തെ ഇല്ലാതാക്കാനും ആര്‍ത്തവ സംബന്ധമായ വിഷയങ്ങള്‍ക്ക്  പൊതു ദൃശ്യത സ്ഥാപിച്ചെടുക്കാനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. ഇത്രയും സാധ്യതകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു  തീരുമാനം എന്ന നിലയില്‍  ആര്‍ത്തവ അവധിയുടെ ജെന്‍റര്‍ രാഷ്ട്രീയത്തെ വികസിപ്പിച്ചെടുക്കണം.

ഈ ആവശ്യം ഉന്നയിച്ച വിദ്യാര്‍ത്ഥിനികളുടെ അവകാശബോധത്തെ  ഞാന്‍ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായ എന്‍റെ മകള്‍ ഈ തീരുമാനത്തെക്കുറിച്ച് പറഞ്ഞത് څനല്ല കാര്യം. ഇതെപ്പോഴേ വേണ്ടതായിരുന്നു എന്നാണ്.چ  പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ അവരുടെ ആവശ്യങ്ങളെക്കുറിച്ച് അറിവുള്ളവരാണ്. മുതിര്‍ന്ന തലമുറയിലെ സ്ത്രീകള്‍ സഹനവും സമരവും ഒരുമിച്ചാണ് നടത്തിയത്. പുതിയ കാലത്തെ പെണ്‍കുട്ടികള്‍ സമരം ചെയ്യാന്‍ തയ്യാറാണെങ്കിലും അനാവശ്യമായ സഹനം ഇഷ്ടപ്പെടുന്നവരല്ല.  അവര്‍ ഉന്നയിച്ചിട്ടുളള ആവശ്യങ്ങള്‍ ഇനിയും നിരവധിയുണ്ട്. രാത്രിയിലും പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍, ഹോസ്റ്റല്‍ സമയം, വസ്ത്ര ധാരണം  തുടങ്ങിയ പല നിര്‍ണ്ണായക ആവശ്യങ്ങളിലും അവര്‍ പിറകോട്ടു പോയിട്ടില്ല.  അതെല്ലാം എത്രയും വേഗം പരിഹരിക്കാനുള്ള സ്ത്രീപക്ഷ തീരുമാനങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാവട്ടെ.

എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആര്‍ത്തവകാലം ഒരുപോലെയല്ല. ആര്‍ത്തവ ദിവസങ്ങള്‍ അധികമായ രക്തസ്രാവവും വേദനയും ക്ഷീണവും തല കറക്കവും ഛര്‍ദ്ദിയും പോലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് അത്  പ്രയാസകരമായ അനുഭവമാണ്. വൈദ്യശാസ്ത്രപരമായ കാരണങ്ങളും പരിഹാരവും ഉണ്ടാവും പലപ്പോഴും. എപ്പോഴും മരുന്നുകള്‍ കൊണ്ട് പരിഹരിക്കാനുമാവില്ല.  ഹോര്‍മ്മോണ്‍ നിലകളും മാനസിക നിലകളും ജീവിത സാഹചര്യങ്ങളും ഭക്ഷണവും ഭക്ഷണമില്ലായ്മയുമെല്ലാം ആര്‍ത്തവത്തിന്‍റെ സ്വഭാവം  നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. വിശ്രമം കൊണ്ട് മാത്രം മാനേജ് ചെയ്യാവുന്നതാണെങ്കില്‍ അതിനാവശ്യം വിശ്രമം തന്നെയാണ്.  പെണ്‍കുട്ടികള്‍ക്ക് നേരത്തേ  ആര്‍ത്തവം തുടങ്ങുന്നതും  സ്ത്രീകള്‍ക്ക് നേരം വൈകി ആര്‍ത്തവം നിലയ്ക്കുന്നതും പുതിയ ഒരു പ്രവണതയുമായിക്കഴിഞ്ഞിട്ടുണ്ട്.

ആര്‍ത്തവം  ഒരു സ്ത്രീയുടെ ജീവിതചക്രത്തില്‍ എപ്പോഴും ഒരുപോലെയാകണമെന്നില്ല. വ്യക്തിപരമായി പറഞ്ഞാല്‍ പെരിമെനോപോസ് കാലത്ത് ഏതാണ്ട് രണ്ടു മൂന്നുവര്‍ഷക്കാലം എനിക്ക് എല്ലാ മാസവും തുടര്‍ച്ചയായി മൂന്നു ദിവസങ്ങള്‍ അവധിയെടുക്കേണ്ടി വന്നിട്ടുണ്ട്.  ആ സമയത്ത് മാതൃഭൂമിയില്‍ ആര്‍ത്തവാവധി പ്രഖ്യാപിച്ചതു കണ്ട്  ഞാന്‍ സന്തോഷിച്ചിട്ടുണ്ട്, എല്ലാ തൊഴിലിടങ്ങളിലും ആര്‍ത്തവ അവധിയെടുക്കാനുള്ള സാധ്യത സ്ത്രീകള്‍ക്കു ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ആര്‍ത്താവവധി എടുക്കാവുന്ന വിധത്തില്‍ അത്തരം തീരുമാനം കൊണ്ടു വരുന്നതിനെക്കുറിച്ച് ആലോചനകള്‍ ഉണ്ടാവണം. ജീവിത ചക്രത്തിന്‍റെ ഏതെങ്കിലും ചില ഘട്ടങ്ങളില്‍ ഓരോ സ്ത്രീക്കും ഈ അവധി ചിലപ്പോള്‍  ആവശ്യമായി വരും. സ്വന്തം ശരീരത്തിനും മനസ്സിനും  ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം സവിശേഷമായ ഒരവകാശം പോലെ  അതവിടെ എപ്പോഴും ഉണ്ടായിരിക്കുന്നത് ആരോഗ്യമുള്ള ഒരു സമൂഹത്തിന്‍റെ ലക്ഷണമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − five =

Most Popular