Thursday, April 25, 2024

ad

Homeലേഖനങ്ങൾഅംബേദ്കറെ കാവി പൂശുമ്പോൾ

അംബേദ്കറെ കാവി പൂശുമ്പോൾ

ഡോ.എൻ.ആർ.ഗ്രാമപ്രകാശ്

ന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഗണനീയമായൊരു പങ്കുമില്ലാത്ത സംഘപരിവാര്‍ സംഘടനകള്‍, പ്രത്യേകിച്ചും ആര്‍എസ്എസിന്റെ, ഇപ്പോഴത്തെ തന്ത്രം ദേശീയസമരത്തിലെ വന്‍ സാന്നിദ്ധ്യങ്ങളായിരുന്ന മഹദ്‌വ്യക്തിത്വങ്ങളെ തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാക്കലാണ്.ബ്രിട്ടീഷ് മേധാവികളോട് മാപ്പപേക്ഷിച്ചും ഒറ്റുകാരന്റെ പണിയെടുത്തും തണലത്തു നിന്നവരെ വിശുദ്ധരാക്കാനുള്ള ശ്രമവും ഒപ്പമുണ്ട്‌. ഇന്ത്യ അറിഞ്ഞ ഏറ്റവും വലിയ ഹിന്ദുത്വ വിമര്‍ശകന്‍ ബാബാ സാഹേബ് അംബേദ്കറെ കാവിപൂശാനുള്ള സമകാലിക ശ്രമം ഇതിലേറ്റവും പരിഹാസ്യവും വിവാദാസ്പദവുമാണ്. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഈ ലക്ഷ്യത്തോടെ ലേഖനങ്ങള്‍ തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. ഇവയിൽ വിചിത്രമായ അവകാശവാദം 1939ല്‍ അംബേദ്കര്‍ ആര്‍എസ്എസ് പരിശീലനക്യാമ്പ് സന്ദര്‍ശിച്ച് നേതാവ് ഹെഡ്‌ഗേവറുമൊന്നിച്ച് ഉച്ചഭക്ഷണം കഴിച്ചുവെന്നും സ്വയംസേവകരെ അഭിസംബോധന ചെയ്തുവെന്നും ശാഖയില്‍ ജാതിവിവേചനമില്ലെന്നു കണ്ട് അഭിനന്ദിച്ചുവെന്നതുമാണ്. ഇതടക്കം വാര്‍ത്തകൾ നൽകിയും അംബേദ്കറുടേതല്ലാത്ത വചനങ്ങൾ അദ്ദേഹത്തിന്റേതെന്ന് അവകാശപ്പെട്ടും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചരണമാണവർ നല്‍കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 (ജമ്മു-കാശ്മീര്‍ പ്രത്യേകപദവി) നെതിരായി അംബേദ്‌കർ സംസാരിച്ചുവെന്നതു മുതല്‍ നോട്ടു പിന്‍വലിക്കല്‍ അദ്ദേഹത്തിന്റെ ആശയമാണെന്നും വരെ തെറ്റായ ഉദ്ധരണികള്‍ നൽകി പ്രചരിപ്പിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, ലോകത്തെ വലിയ നേതാക്കളിലൊരാളെ കളങ്കപ്പെടുത്തുക കൂടിയാണ് ഇവര്‍ ചെയ്യുന്നത്.

2014ല്‍ ആര്‍എസ്എസിന്റെ ഉറച്ച പിന്തുണയോടെ കേന്ദ്രത്തില്‍ ബിജെപി അധകാരമേറ്റശേഷം പല നിലയില്‍, അംബേദ്കറെ ഹിന്ദുത്വ ആശയത്തിന്റെ വക്താവാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹിന്ദുത്വ ആശയത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നുവെന്നു സ്ഥാപിക്കുകവഴി ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ അംബേദ്കര്‍ക്കുള്ള ജനസമ്മിതി തങ്ങള്‍ക്കനുകൂലമാക്കാനാണവർ ശ്രമിക്കുന്നത്. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ സമൂഹവ്യവസ്ഥയെ എതിര്‍ത്തു തോല്പിക്കാന്‍ മുന്നിട്ടിറങ്ങി നവോത്ഥാന, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ ഹിന്ദു സമൂഹപരിഷ്‌കര്‍ത്താക്കളായി മുദ്രകുത്താനുള്ള ആസൂത്രിത നീക്കം 1980കളിലേ തുടങ്ങിയിരുന്നു. നാരായണഗുരു മുതൽ അംബേദ്ക്കര്‍ വരെയുള്ള ബ്രാഹ്മണേതര നവോത്ഥാനനായകരെയാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നത്. ജാതി ഹിന്ദുക്കള്‍ പൊക്കിപ്പിടിക്കുന്ന മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളെയും വിവേചനപരമായ ആശയങ്ങളെയും അതിനിശിതമായി എതിര്‍ത്തവരായിരുന്നു ആ മഹാന്മാര്‍, കേരളത്തില്‍ ഗുരുവിനു പുറമെ അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും എല്ലാം ഇക്കൂട്ടത്തില്‍പെടും ഇപ്പോഴത്തെ കൗതുകമുള്ള കാഴ്‌ച വൈക്കത്തെ തനി യാഥാസ്ഥിതികനായ ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരിയുടെ ഈ പിന്‍മുറക്കാര്‍ വൈക്കം സത്യഗ്രഹശതാബ്ദി ആചരിച്ചു ജാഥ നടത്തിയതാണ്.

ആര്‍എസ്എസുമായുള്ള അംബേദ്കറുടെ അടുപ്പത്തെക്കുറിച്ചുള്ള പ്രസ്താവങ്ങള്‍ക്കു പൊതുസമ്മതമായ തെളിവുകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നതു ചരിത്രകാരന്മാരുടെയും ദളിത് പക്ഷ എഴുത്തുകാരുടെയും വിമര്‍ശനത്തിനു വിധേയമായിക്കഴിഞ്ഞു. ആര്‍ എസ് എസ് നേതാക്കളും വക്താക്കളും എഴുതിയ ലേഖനങ്ങളും വസ്തുതകളും അവർ തന്നെ പരസ്പരം ഉദ്ധരിച്ചു തെളിയിക്കലാണ് നടക്കുന്നത്.

ജാതി ഉന്മൂലനം, അസ്പൃശ്യർ, ഹിന്ദുമതത്തിലെ പ്രഹേളികകൾ തുടങ്ങി ഒട്ടേറെ കൃതികളിലും അനവധി പ്രസംഗങ്ങളിലും അംബേദകര്‍ ഹിന്ദുത്വത്തെ വലിച്ചുകീറുന്നതു കാണാം. ബ്രാഹ്മണ മേധാവിത്വമുള്ള ഹിന്ദുമതം വെടിഞ്ഞ് ജീവിതാവസാനം ബുദ്ധമതത്തില്‍ ചേരുകയും ചെയ്തയാളാണ് അംബേദ്കര്‍. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു പ്രസ്താവന തന്നെ ഇപ്രകാരമായിരുന്നു: “ഞാൻ ഹിന്ദുവായി ജനിച്ചത് എന്റെ തെരഞ്ഞെടുപ്പല്ല. പക്ഷെ ഞാനൊരിക്കലും ഹിന്ദുവായി മരിക്കില്ല. അതെന്റെ തെരഞ്ഞെടുപ്പാണ്.’ ആ വാക്ക് അദ്ദേഹം പാലിച്ചു.

അംബേദ്കര്‍ പ്രസാധനം ചെയ്തിരുന്ന ബഹിഷ്‌കൃതഭാരത്, ജനത, പ്രബുദ്ധഭാരത് എന്നീ പത്രങ്ങളെല്ലാം ദളിത് ആവശ്യങ്ങളെ അവഗണിക്കുന്ന ഹിന്ദു മഹാസാഭ – ആര്‍എസ് എസ് നേതൃത്വത്തിനെതിരെ നിരന്തരം വിമര്‍ശനമഴിച്ചുവിട്ടിരുന്നു. 1934 ജനുവരി 13ന്‌ പ്രസിദ്ധപ്പെടുത്തിയ ജനതപത്രികയിൽ നാഗാപൂരില്‍ നിന്നുള്ള ദളിത് പ്രവര്‍ത്തകന്‍ പി ഡി ഷെലാറെ, ശാഖകളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തെക്കുറിച്ചു വെളിപ്പെടുത്തകയും ഇതിനുനേരെ നേതൃത്വം കണ്ണടക്കുകയാണെന്നു എഴുതുകയും ചെയ്തു. ബ്രാഹ്മണിസവും മുസ്ലീം വിരുദ്ധതയുമുള്ള ഹിന്ദു ദേശീയ രാഷ്ട്രീയത്തെ ജനതപത്രിക തള്ളിക്കളയുകയും ചെയ്തിരുന്നു. ജാതി, അസ്പൃശ്യത തുടങ്ങി ദളിത് വിഭാഗം നേരിടുന്ന വിപത്തുകള്‍ക്കെതിരെ ഇവർക്ക് ഒന്നും ചെയ്യാനാവില്ലെന്നു തുറന്നടിച്ചു പറഞ്ഞു. (അസ്പൃശ്യര്‍ക്കായി കോണ്‍ഗ്രസും ഗാന്ധിയും എന്തു ചെയ്തു എന്ന പുസ്തകം നോക്കുക). മുസ്ലീങ്ങളെ എതിര്‍ക്കുക മാത്രമാണ് ആർ എസ് എസ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നു തുറന്നുപറഞ്ഞ അംബേദ്കര്‍ക്ക് എങ്ങനെയാണ് ആര്‍എസ്എസിനോടു അനുഭാവമുണ്ടാവുക. ഇന്ത്യാവിഭജനത്തെക്കുറിച്ചുള്ള ലേഖനത്തില്‍ അദ്ദേഹം അകാലിദള്‍, ആര്‍എസ്എസ് സംഘങ്ങളെ അപകടകാരികളെന്നു വിശേഷിപ്പിക്കാൻ മടികാണിച്ചില്ല. സംഘചാലക് ആയി മാറിയ സവര്‍ക്കര്‍ 1956ലെ അംബേദ്കറുടെ ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനത്തെ ഉപയോഗശൂന്യമെന്നു അന്നു വിമര്‍ശിച്ചിരുന്നു. പകരം സവര്‍ക്കറെ വീർ എന്നു വിശേഷിപ്പിക്കുന്നിനെ ജനതപത്രം ചോദ്യംചെയ്തു. ഇത്തരം നിരവധി തെളിവുകള്‍ ചരിത്രാന്വേഷകര്‍, ആര്‍എസ്എസ് – ബിജെപി അവകാശവാദത്തിനെതിരെ നിരത്തുന്നുണ്ട്.

1951ല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ അംബേദ്കറുടെ മുന്‍കൈയില്‍ തയ്യാറാക്കിയ മാനിഫെസ്റ്റോയില്‍ അസന്നിഗ്ദ്ധമായി എഴുതി: ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ എന്ന സംഘടനക്ക് ഒരുതരത്തിലും പിന്തിരിപ്പന്‍ സംഘടനകളായ ഹിന്ദുമഹാസഭ, ആർഎസ്എസ് എന്നിവയുമായി ഒരുതരത്തിലുള്ള ബന്ധവുമുണ്ടായിരിക്കുന്നതല്ല.

അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികത്തിന് 2016ൽ ഓര്‍ഗനൈസര്‍, അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങളുടെ പ്രത്യേക പതിപ്പുതന്നെ പ്രസിദ്ധീകരിച്ചു. ജീവിച്ചിരുന്ന കാലം മുഴുവന്‍ അംബേദ്കര്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞ പ്രസിദ്ധീകരണമാണ് ഓര്‍ഗനൈസര്‍. 1949 നവം. 30 ലക്കത്തില്‍ എഡിറ്റോറിയല്‍ തന്നെ, അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്നതായിരുന്നു.. ഏറ്റവും മോശമായ കാര്യം ഭരണഘടനയില്‍ ഭാരതീയമായി ഒന്നുമില്ലെന്നും പ്രാചീന ഭാരതത്തിലെ ഭരണസംവിധാനങ്ങളും സ്ഥാപനങ്ങളും ഇവർ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ഓർഗനൈസർ കുറ്റപ്പെടുത്തി. മനുസ്മൃതി പോലുള്ള പുരാതന ഭാരതീയ നിയമസംഹിതകള്‍ ഈ ഭരണഘടനാപണ്ഡിതന്മാര്‍ക്കു ഒന്നുമല്ലെന്നും ആക്ഷേപിച്ചു .അംബേദ്കർ താല്പര്യപൂർവ്വം അവതരിപ്പിച്ച ഹിന്ദു കോഡ് ബില്ല് പാസ്സാക്കാതിരിക്കാൻ അത് ഹിന്ദു വിരുദ്ധമാണെന്നു വ്യാപക പ്രചാരം നടത്തി.വിദേശത്തുപോയി പഠിച്ചതിനും അംബേദ്കര്‍ ആക്ഷേപം കേട്ടു. ജീവിതത്തിലുടനീളം ഹിന്ദു ധര്‍മ്മവ്യവസ്ഥയുടെ ക്രൂരമായ വിവേചനത്തിന് ഇരയായിരുന്നു അംബേദ്‌കര്‍. അംബേദ്കറെ വഞ്ചകനെന്നു ബ്രിട്ടീഷ് പിണിയാളെന്നും വിളിച്ച്‌ ബിജെപി നേതാവും പിന്നീടു കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂറി -പൂർവ്വകാല ആക്ഷേപങ്ങളും ഏറ്റുമുട്ടലുകളും പിന്നീട്‌ മറച്ചുവെച്ചു. സമീപകാലത്തായി അംബേദ്കര്‍ സ്‌നേഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിനെതിരായ ബ്രാഹ്മണിക്കല്‍ കലാപവും ഇതിൽ ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ അതൃപ്തിയും ഐക്യപ്പെടലുമുണ്ടായതിനെ മറികടക്കാന്‍ ആര്‍എസ്എസ് ബുദ്ധികേന്ദ്രങ്ങള്‍ കൈക്കൊണ്ട ദളിത് പ്രീണനത്തിന്റെ തുടർച്ചയാണിത്. ആദ്യ ബിജെപി ആധിപത്യമുള്ള കേന്ദ്ര ഗവണ്‍മെന്റ് നിലവില്‍വന്നതോടെ ഹിന്ദുത്വരാഷ്ട്രീയം, അധികാരകേന്ദ്രിതമായ അടവുകളിലേക്കു മാറുന്നതിന്റെ ലക്ഷണമായി ഇതിനെ കാണാം. ഹിന്ദുക്കളെ ഒന്നിപ്പിക്കലും രാമജന്മഭൂമി പ്രശ്‌നം കത്തിക്കലും ദളിത് നേതാക്കളെ പദവികളിലേക്കു കൊണ്ടുവരലും ദളിത് ജനവിഭാഗങ്ങളില്‍ ജനകീയ സ്വാധീനമുള്ളവരെ സ്വന്തമാക്കലും ഇതിന്റെ ഭാഗമാണ്. പാർലിമെന്റ് സീറ്റ് ബാഹുല്യമുള്ള ഉത്തർപ്രദേശ്, ബീഹാർ ഭാഗങ്ങളിൽ അംബേദ്‌കർ പൂജ വർദ്ധിച്ചിരിക്കുകയാണ്. ദളിത്–പിന്നാക്ക സംഘടനകളാകട്ടെ ശക്തമായ തോതിൽ ഇതിനെ നേരിടുന്നുമുണ്ട്. ആര്‍എസ്എസിന്റെ ഇപ്പോഴത്തെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, അംബേദ്കർ സംഘപ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചയാളാണെന്ന പ്രസ്താവന ആവർത്തിച്ചത് അടുത്തിയിടെയാണ്. ത്രിവർണ്ണപതാകയ്ക്കു പകരം കാവിക്കൊടിയാകണം ഇന്ത്യയുടെ ദേശീയ പതാകയാക്കേണ്ടതെന്ന് അംബേദ്‌കര്‍ ആവശ്യപ്പെട്ടുവെന്നതടക്കം അവർ പ്രചരിപ്പിക്കുന്നുണ്ട്.. ഹെഡ്ഗെവാറുടെയും അംബേദകറുടെയും ചിത്രങ്ങള്‍ ഒരുമിച്ചുയര്‍ത്തിപ്പിടിച്ചു ജാഥ നയിക്കാനും ലജ്ജയുണ്ടായില്ല. രാമചന്ദ്രഗുഹ, രാം പുനിയാനി, ആനന്ദ് തെല്‍തുംബേദെ, ബദ്രി നാരായണന്‍, തപന്‍ബാസു തുടങ്ങി ചരിത്രത്തിൽ പ്രത്യേകിച്ചു അംബേദ്ക്കര്‍ പഠനങ്ങളില്‍ നിഷ്ണാതരായ വലിയ എഴുത്തുകാരടക്കം നിരവധി പേര്‍ സംഘപരിവാര്‍ സംഘടനകളുടെ കള്ളക്കഥകള്‍ പൊളിച്ചടുക്കിയിട്ടും അവര്‍ തുടരുകയാണ്. നുണകളെ പൊലിപ്പിച്ചു സത്യമാക്കുന്ന സംഘപരിവാര്‍ – ഫാഷിസ്റ്റു രീതികളെ നിരന്തരം തുറന്നുകാണിക്കലാണ് ജനാധിപത്യവിശ്വാസികളുടെ മുന്നിലുള്ള ഏക പോംവഴി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × one =

Most Popular