Saturday, June 22, 2024

ad

Homeലേഖനങ്ങൾഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവസ്ഥ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവസ്ഥ

വിജയ് പ്രഷാദ്, പരിഭാഷ: പി എസ് പൂഴനാട്

ഭാഗം – 3

തൊഴിലാളികളുടെ കലാപം

വർഗസമരം എന്നത് യൂണിയനുകളുടെയോ തൊഴിലാളികളുടെയോ കണ്ടുപിടുത്തമല്ല. മുതലാളിത്ത വ്യവസ്ഥിതിയിലെ തൊഴിലാളികളുടെ ജീവിത യാഥാർത്ഥ്യമാണത്.മുതലാളി തൊഴിലാളിയുടെ അധ്വാനശക്തിയെ വാങ്ങുന്നു. ആ അധ്വാനശക്തിയെ കഴിയുന്നത്ര കാര്യക്ഷമവും ഉൽപ്പാദനക്ഷമവുമാക്കാൻ മുതലാളി ശ്രമിക്കുന്നു. എന്നാൽ ഈ ഉൽപ്പാദനക്ഷമതയിൽ നിന്നുള്ള എല്ലാ നേട്ടങ്ങളെയും മുതലാളി തനിക്കുവേണ്ടി നിലനിർത്തുകയും ചെയ്യുന്നു.തൊഴിലാളിയുടെ അധ്വാനശക്തിയെ പരമാവധി ഊറ്റിയെടുത്തതിനുശേഷം രാത്രിയിൽ അവരെ അവരുടെ ചേരികളിലേക്ക് വലിച്ചെറിയുന്നു. തന്റെ അധ്വാനശക്തിയെ മുതലാളിക്ക് വിൽക്കുന്നതിനാവശ്യമായ ഊർജ്ജവും സ്വരൂപിച്ചുകൊണ്ട് തൊഴിലാളി അടുത്ത ദിവസവും തൊഴിലിടത്തിലേക്ക് എത്തിച്ചേരുന്നു. ഈ അധ്വാനശക്തിയെ വിൽക്കലല്ലാതെ തന്റെ ജീവിതത്തെ നിലനിറുത്താനുള്ള മറ്റൊന്നും തൊഴിലാളിയുടെ മുന്നിലില്ല.! ഇത്തരത്തിൽ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവനായിരിക്കാനും ഈ ഉൽപ്പാദനക്ഷമതയുടെ ഫലമായി ഉണ്ടാക്കപ്പെടുന്ന എല്ലാ നേട്ടങ്ങളെയും മുതലാളിക്കുവേണ്ടി അടിയറവയ്ക്കാനും തൊഴിലാളി നിർബന്ധിതനായിത്തീരുന്നു. മുതലാളിയുടെ മുന്നിൽ തൊഴിലാളി നേരിടുന്ന ഈ കടുത്ത സമ്മർദ്ദമാണ് വർഗസമരത്തിന്റെ സത്തയെ നിർണ്ണയിക്കുന്നത്. തൊഴിലാളിയുടെ അധ്വാനശക്തികൊണ്ട് ഉൽപ്പാദിപ്പിക്കപ്പെട്ടതിന്റെ വലിയൊരു പങ്ക് തൊഴിലാളിക്കുള്ളതാണെന്നു പറഞ്ഞാൽ മുതലാളി അത് അംഗീകരിക്കുകയോ ചെവിക്കൊള്ളുകയോ ചെയ്യില്ല. ഈയവസ്ഥയിൽ, പണിമുടക്കു മാത്രമായിരിക്കും തൊഴിലാളികൾക്ക് മുന്നിലുള്ള മാർഗ്ഗം. യഥാർത്ഥത്തിൽ പണിമുടക്കാനുള്ള തൊഴിലാളികളുടെ ശക്തിയാണ് തൊഴിലാളികളുടെ ശബ്ദത്തിന് നാവ് നൽകുന്നത്. അങ്ങനെയാണവർ വർഗ്ഗസമരത്തിന്റെ പാതയിലേയ്ക്ക് ബോധപൂർവ്വം കടന്നെത്തുന്നത്.

1990-കളുടെ അവസാനം മുതൽ, ഇന്ത്യയിലെ ട്രേഡ് യൂണിയനുകൾ ഒന്നിച്ചണിനിരന്നുകൊണ്ട് ഏകദേശം എല്ലാ വർഷങ്ങളിലും ഉദാരവത്ക്കരണത്തിനെതിരെ ദേശീയ പണിമുടക്കുകൾക്ക് ആഹ്വാനം ചെയ്യുന്നുണ്ട്. 2022- ലെ കണക്കനുസരിച്ച് ഏകദേശം 20 കോടി തൊഴിലാളികളാണ് ദേശീയ പണിമുടക്കിൽ അണിനിരന്നത്. ഓരോ വർഷവും എന്തുകൊണ്ടാണ് ഇത്രയധികം തൊഴിലാളികൾ‐ – അവരിൽ ബഹുഭൂരിപക്ഷവും അനൗപചാരിക തൊഴിൽമേഖലയിലുള്ളവരാണ് – പണിമുടക്കുകളിൽ അണിചേർന്നുകൊണ്ടിരിക്കുന്നത്?

അനൗപചാരിക തൊഴിലാളികൾ (പ്രധാനമായും പരിചരണ മേഖലയിലെ- സ്ത്രീ തൊഴിലാളികൾ) നയിച്ച പോരാട്ടങ്ങളുടെ ഫലമായി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി അനൗപചാരിക തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ , മുഴുവൻ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും അഭിസംബോധന ചെയ്യേണ്ട പ്രശ്നങ്ങളെന്ന നിലയിൽ , ട്രേഡ് യൂണിയനുകൾ ഏറ്റെടുക്കാൻ തുടങ്ങിയിരുന്നു. തൊഴിൽ സ്ഥിരത, ശരിയായ വേതന കരാറുകൾ, സ്ത്രീ തൊഴിലാളികളുടെ അന്തസ്സ്, പ്രസവാവധി തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ട പരിസരങ്ങൾ എല്ലാ വിഭാഗങ്ങളിലെയും തൊഴിലാളികൾക്കിടയിൽ ശക്തമായ ഐക്യനിരകൾ സൃഷ്ടിച്ചെടുത്തു. ട്രേഡ് യൂണിയനുകളുടെ സംഘടിതമായ ഘടനാസംവിധാനങ്ങളിലൂടെയാണ് അനൗപചാരികതൊഴിലാളികളുടെ പോരാട്ടവീര്യം ഇപ്പോൾ സംഘാടനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

അതുപോലെ, സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കേവലം സ്ത്രീകളുടെ പ്രശ്‌നങ്ങളായി മാത്രമല്ല സ്ത്രീ തൊഴിലാളികൾ കണ്ടത്. എല്ലാ തൊഴിലാളികളും ഒത്തൊരുമിച്ച് നിന്ന് പോരാടേണ്ടതും അതിജീവിക്കേണ്ടതുമായ പ്രശ്‌നങ്ങളായിട്ടാണ് അവർ സ്ത്രീ പ്രശ്നങ്ങളെ നോക്കിക്കണ്ടത്. തൊഴിലാളികളുടെ ഒത്തൊരുമയെ പൊളിക്കുന്ന വംശീയവും ജാതിപരവും മറ്റ് സാമൂഹ്യവിവേചനപ രവുമായ പ്രശ്നമണ്ഡലങ്ങളും എല്ലാവിഭാഗം തൊഴിലാളികളും ഏറ്റെടുക്കേണ്ട പ്രശ്നപരിസരങ്ങളാണ്. സാമൂഹിക ജീവിതത്തെയും സമുദായങ്ങളുടെ ക്ഷേമത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളെയും യൂണിയനുകൾ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ശുദ്ധമായ ജലലഭ്യതയ്ക്കും, മലിനജലസംസ്ക്കരണത്തിനും, കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുമൊക്കെ യൂണിയനുകൾ ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം എല്ലാത്തരം അസഹിഷ്ണുതകൾക്കെതിരെയും അവർ പൊരുതുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സാമൂഹ്യപരമായ ഇടപെടലുകളും സമരങ്ങളും തൊഴിലാളികളുടെയും കർഷകരുടെയും ജീവിതങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്.

അതേസമയംതന്നെ, വലതുപക്ഷശക്തികളുടെ ആശയലോകങ്ങൾക്ക്- പ്രത്യേകിച്ചും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് – തൊഴിലാളിവർഗവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിൽ വേരുകളാഴ്ത്താൻ കഴിഞ്ഞിരിക്കുന്നു. നവലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അരക്ഷിത സാഹചര്യങ്ങളുടെ ഫലഭൂയിഷ്ടമായ മണ്ണാണ് വലതുപക്ഷത്തിന്റെ അടിത്തറയെ സാധ്യമാക്കുന്നത്. നഗരപ്രദേശങ്ങളിൽ തൊഴിലാളികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അദൃശ്യതയും അന്യവൽക്കരണവും, ദൈനംദിന ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ആത്മാഭിമാനക്ഷതങ്ങൾ, ഒറ്റപ്പെടലും വിഷലിപ്തമായ സാമൂഹികവൽക്കരണവും (പ്രത്യേകിച്ചും വീടുകളിൽ നിന്നും വേർപ്പെട്ട് വിദൂരങ്ങളിൽ കഴിയുന്ന പുരുഷന്മാരിൽ ), മതപരമായ ഒത്തുചേരലുകൾ നൽകുന്ന വ്യാജമായ ആശ്വാസങ്ങൾ, സ്വന്തം സമുദായത്തിനും സ്വത്വത്തിനും വേണ്ടിയുളള പരക്കപാച്ചിലുകൾ- എന്നിവയെല്ലാം വലതുപക്ഷത്തിനനുകൂലമായ മണ്ണൊരുക്കുന്നു. രാജ്യത്ത് മതനിരപേക്ഷവും യുക്ത്യധിഷ്ഠിതവുമായ ആശയങ്ങളുടെ സ്വാധീനം ക്ഷയിച്ചുവരുന്നതും തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ പൊതുവായ ബലക്കുറവും കാരണം വലതുപക്ഷ ആശയലോകത്തെ കടന്നാക്രമിക്കാൻ ശേഷിയുള്ള വലിയൊരു ശക്തിയുടെ അഭാവവും നിലനിൽക്കുന്നുണ്ട്.ഹിന്ദുത്വത്തിലും ഹിന്ദുരാഷ്ട്രത്തിന്റെ (രാമരാജ്യം) ഭ്രമാത്മകതയിലും പടുത്തുയർത്തുന്ന പ്രത്യയശാസ്ത്രത്തിലൂടെ, തൊഴിലാളി വർഗം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന്റെയും അപമാനത്തിന്റെയും കാരണം മറ്റൊരു മതത്തിലോ ജാതിയിലോ ഉള്ള സഹപ്രവർത്തകർക്ക് നേരെ തിരിച്ചുവിടുകയും, അധമമായ സഹോദരഹത്യയിലൂടെ സ്വയംശാക്തീകരണം കണ്ടെത്തുകയും ചെയ്യുന്നത് തൊഴിലാളികളെ നിയന്ത്രിക്കാനുള്ള നവഫാസിസ്റ്റ് തന്ത്രമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തുടനീളം ഏകീകൃതവും പൂർണ്ണസജ്ജവുമായ ഒരു നവഫാസിസ്റ്റ് അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ വൈകിപ്പിക്കുന്നത് യഥാർത്ഥത്തിൽ പ്രാദേശിക ദേശീയതകളുടെ സാന്നിധ്യമാണ്. -പ്രത്യേകിച്ചും ദക്ഷിണേന്ത്യയുടെ സാനിധ്യം. ഇത്തരത്തിലുള്ള നവഫാസിസ്റ്റ് അജണ്ടക്കെതിരെയുള്ള തൊഴിലാളിവർഗ- കർഷകരുടെ ചെറുത്തുനിൽപ്പിന്റെ വലിയൊരു സാധ്യതയും നിലനിൽക്കുന്നുണ്ട്. ആ സാധ്യതയുടെ ബഹിർസ്ഫുരണമായിരുന്നു കർഷക സമരത്തിലൂടെ പ്രകടിതമായിത്തീർന്നത്. കർഷകരും കർഷകത്തൊഴിലാളികളും തങ്ങളുടെ ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ വമ്പൻ മൂലധനശക്തികളെ തെരുവിൽ വെല്ലുവിളിക്കുകയായിരുന്നു.!

കോവിഡ് മഹാമാരിയുടെ ഘട്ടം, തൊഴിലാളിവർഗത്തിന്റെയും മൂലധനത്തിന്റെയും താൽപ്പര്യപരിസരങ്ങളുടെ വ്യക്തമായ പൊരുത്തമില്ലായ്മകളിലേയ്ക്കായിരുന്നു കൂടുതൽ വെളിച്ചംവീശിയത്. പൊതുനിക്ഷേപത്തിലും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, തൊഴിലാളിവർഗത്തിന്റെ ക്ഷേമത്തിനായി ഫണ്ട് സ്വരൂപിക്കാൻ കോർപ്പറ്റുകൾക്കുമേൽ നികുതി ചുമത്തുന്നതിലും, കൃഷി, ചെറുകിട വ്യവസായങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്നതിലുമൊക്കെയാണ് തൊഴിലാളിവർഗ്ഗത്തിന്റെ താല്പര്യങ്ങൾ നിലകൊള്ളുന്നത്. മൂലധനത്തിന്റെ താൽപര്യങ്ങൾ ഇതിന്റെ വിപരീതദിശയിലും. തൊഴിലാളിവർഗത്തിന്റെ ഘടനയെയും സംഘടിത തൊഴിലാളികളുടെ സംഖ്യാപരമായ ബലഹീനതയെയും കണക്കിലെടുക്കുമ്പോൾ, മൂലധനവുമായുള്ള ഏറ്റുമുട്ടൽ വിജയകരമാകണമെങ്കിൽ അത് കേവലമായ പ്രകടനങ്ങളിൽ നിന്നും കൂലി വിലപേശലുകൾക്കുമപ്പുറം കടക്കേണ്ടതുണ്ട്. അത് ഭരണകൂടത്തെ ആഴത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധിയുടെ തലങ്ങളിലേയ്ക്ക് വലിച്ചടുപ്പിക്കേണ്ടതുണ്ട്. ഇത് പറയാൻ എളുപ്പമാണ്. എന്നാൽ പ്രയോഗവത്ക്കരിക്കാൻ അത്ര എളുപ്പവുമല്ല. ഇത് ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് നന്നായി അറിയാവുന്നതുമാണ്. എങ്കിലും, സമൂഹം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വൈരുദ്ധ്യങ്ങളെ അവ്യക്തമാക്കുന്ന മൂലധനത്തിന്റെ പ്രത്യയശാസ്ത്രപരവും മാധ്യമപരവുമായ ഉപകരണങ്ങളെ ചെറുക്കുന്നതിനാവശ്യമായ, തൊഴിലാളികളുടെ വർഗബോധത്തെ ഉണർത്താനും വികസിതമാക്കാനുമുള്ള ഒരു ജാലകം തുറന്നിടാള്ള ശേഷി കോവിഡ് മഹാമാരിക്കുണ്ടായിരുന്നു എന്നു കാണേണ്ടതുണ്ട്.

ആഗോളവത്ക്കരണത്തിന്റെ പുതിയ ഉത്തരവ് തങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് എടുത്തെറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബോംബെയിലെ ടെക്സ്റ്റൈൽ തൊഴിലാളികൾ തങ്ങളുടെ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചുകൊണ്ട് 1992- ആഗസ്റ്റിൽ തെരുവിലിറങ്ങി. ആ തൊഴിലാളികളുടെ ആ പ്രതീകാത്മക പേരാട്ടത്തിന്റെ വിവക്ഷകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവസ്ഥകളെയും അപ്പടി പ്രതിഫലിപ്പിക്കുന്നത് കാണാൻ കഴിയും. കുതിച്ചുയർന്നുവരുന്ന മൂലധന ശക്തിക്കുമുന്നിൽ മുട്ടുമുട്ടുമടക്കാൻ ആ തൊഴിലാളികൾ തയ്യാറല്ലായിരുന്നു.വർഗസമരത്തിന്റെ തീക്ഷ്ണതയിലായിരുന്നു അവർ ജീവിതത്തെ പടുത്തുയർത്തിയത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × four =

Most Popular