Thursday, April 25, 2024

ad

Homeലേഖനങ്ങൾഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവസ്ഥ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവസ്ഥ

ഡോ. വിജയ്‌ പ്രഷാദ്‌, പരിഭാഷ: പി എസ്‌ പൂഴനാട്‌

ഭാഗം 2

തൊഴിൽ കമ്പോള പരിഷ്ക്കാരങ്ങൾ – 1991 മുതൽ.
1991 ൽ, അന്താരാഷ്ട്ര നാണയനിധിയുമായി ഇന്ത്യ ഗവൺമെന്റ് ഒരു ഉടമ്പടിയിൽ ഏർപ്പെടുകയുണ്ടായി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അന്താരാഷ്ട്ര നാണയനിധിയുടെ വ്യവസ്ഥകൾക്കനുസൃതമായി ഉദാരവൽക്കരിക്കുക എന്നതായിരുന്നു ആ ഉടമ്പടി. ഈ ഉദാരവത്ക്കണ പ്രക്രിയയ്ക്ക് പകരമായി അന്താരാഷ്ട്ര നാണയനിധിയിൽ നിന്നും ചില ഹ്രസ്വകാല വായ്പ്പകൾ ഇന്ത്യക്ക് ലഭ്യമാകും. തൊഴിൽ വിപണിയെ ‘പരിഷ്‌ക്കരിക്കുക’ എന്ന ഗവൺമെന്റിന്റെ പ്രഖ്യാപിത നിലപാട് ഇതിൽ ദർശിക്കാനാകും. അതോടൊപ്പം ഭാഗികമായ നിലയിലെങ്കിലും സംരക്ഷിതമായിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വിദേശ മൂലധനത്തിന് യഥേഷ്ടം തുറന്നുകൊടുക്കാനുള്ള അഭിവാഞ്ചയും ഇതിലൂടെ പ്രകടമായിത്തീർന്നു. അതോടെ ബോംബെ പ്ലാനിന്റെ യുഗം ഇന്ത്യയിൽ അവസാനിച്ചു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ എക്കാലവും വിദേശ മൂലധനത്തിന്റെ ആകർഷണീയ കേന്ദ്രമായിരുന്നു. വിദേശ മൂലധനത്തിന്റെ ഈ ആകർഷണീയതക്ക് നിദാനമായി വർത്തിച്ചത് രണ്ട് ഘടകങ്ങളായിരുന്നു. ഇന്ത്യൻ ആഭ്യന്തര വിപണിയുടെ വലിപ്പമായിരുന്നു ഒരു ഘടകം. ഏറ്റവും പരിതാപകരമായ രീതിയിൽ ഏറ്റവും കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന ഇന്ത്യൻ തൊഴിൽശക്തിയുടെ വമ്പൻ സാന്നിധ്യമായിരുന്നു മറ്റേ ഘടകം. സ്വാതന്ത്ര്യത്തിനുശേഷമുള്ള വർഷങ്ങളിൽ, ഇന്ത്യൻ തൊഴിലാളികളുടെ കൂലി എന്നത് വളരെ കുറഞ്ഞ നിരക്കിലായിരുന്നു. ആവശ്യത്തിനുള്ള ഭക്ഷണത്തിന്റെ വലിയ ദൗർലഭ്യവും അവർ അനുഭവിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു രംഗത്ത് കാര്യമായ മാറ്റമുണ്ടായി. തൊഴിലാളികളിൽ വലിയൊരു വിഭാഗം സാക്ഷരരായിതീർന്നു എന്നതാണ് ആ മാറ്റം. ഇതിന്റെ ഫലമായി, 1980- കളിൽ കൂടുതൽ സാങ്കേതിക നൈപുണിയും കൂടുതൽ തൊഴിൽ അഭിവാഞ്ചയുമുള്ള ഒരു തൊഴിൽ ശക്തി ഉയർന്നുവന്നു.സാങ്കേതികവും തൊഴിൽപരവുമായ പരിശീലനങ്ങൾക്കായി ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടായ നിക്ഷേപ ശ്രമങ്ങൾ , കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടി നടന്ന പോരാട്ടങ്ങൾ, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികളിൽ പുതിയ അഭിലാഷങ്ങൾ സൃഷ്ടിച്ച കാർഷിക പരിവർത്തനങ്ങൾ എന്നിവ കാരണം ഈ തൊഴിൽശക്തി വികസിച്ചുകൊണ്ടിരുന്നു. എന്നാൽ വികസിച്ചുകൊണ്ടിരുന്ന ഈ തൊഴിൽ ശക്തിയെ ഉൾച്ചേർക്കുന്നവിധത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിന് കൂലിയോ ആവശ്യത്തിന് ഭക്ഷണമോ ലഭ്യമല്ലാതെ, ഈ വമ്പൻ തൊഴിൽ സേനയ്ക്ക്, ലോകത്തിലെതന്നെ ഏറ്റവും മോശം തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുക്കേണ്ടിവന്നു. എന്നാൽ വിദ്യാസമ്പന്നരും പുതിയ അഭിലാഷങ്ങളോടും കൂടിയ ഈ തൊഴിൽശക്തിക്ക് , ഉദാരവത്ക്കരണത്തിന്റെ വരവോടുകൂടി അന്താരാഷ്‌ട്ര മൂലധനത്തിന്റെ ചൂഷണത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് സംജാതമായത്!

ഈ ഘട്ടങ്ങളിൽ, കോർപ്പറേറ്റ് മേഖലയാകട്ടെ, തൊഴിലാളികൾക്കെതിരെ വമ്പൻ പ്രചാരവേലയാണ് തങ്ങളുടെ മാധ്യമശൃഖലയെ ഉപയോഗപ്പെടുത്തിക്കൊണ്ട് കെട്ടഴിച്ചുവിട്ടുകൊണ്ടിരുന്നത്. തൊഴിലാളികൾ അലസന്മാരും കാര്യശേഷിയില്ലാത്തവരുമാണെന്ന് അവർ ആർത്തുവിളിച്ചു . അതുകൊണ്ട് ഉദാരവത്ക്കരണത്തിന്റെ ഈ പുതിയ കാലഘട്ടത്തിൽ തൊഴിൽ കമ്പോളത്തിന്റെ കൂടുതൽ അയവാർന്ന രൂപമാണ് (Labour Market Flexibility ) വേണ്ടതെന്ന് കോർപറേറ്റ് മേഖല വാദിച്ചുകൊണ്ടിരുന്നു.

തുടർന്ന്, 2003 ഓഗസ്റ്റ് 6- ന്, 1,70,000 ജീവനക്കാരെ ‘അനധികൃത പണിമുടക്ക്’ നടത്തി എന്നതിന്റെ പേരിൽ തമിഴ്‌നാട് സംസ്ഥാന സർക്കാർ പിരിച്ചുവിട്ടതിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. തൊഴിലാളികൾ നിരുപാധികം ക്ഷമാപണം നടത്തിയാൽ മാത്രമേ സർക്കാർ അവരെ തിരിച്ചെടുക്കേണ്ടതുള്ളൂ എന്നും സുപ്രീംകോടതി പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനുള്ള മൗലികമോ നിയമപരമോ യുക്തിപരമോ ആയ യാതൊരു അവകാശമില്ലെന്ന് സുപ്രീംകോടതി വിധിപ്രസ്താവം നടത്തി. ട്രേഡ് യൂണിയനുകൾക്ക് കൂട്ടായ വിലപേശലിനോ പണിമുടക്കിനോ ഉള്ള ഉറപ്പാക്കപ്പെട്ട യാതൊരു അവകാശവുമില്ലെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കോ സംഘടനകൾക്കോ സംസ്ഥാനത്തുടനീളം വ്യവസായത്തെയും വാണിജ്യത്തെയും സ്തംഭിപ്പിക്കാൻ അർഹതയുണ്ടെന്ന് അവകാശപ്പെടാനാവില്ല. സമരക്കാരുടെ കാഴ്ചപ്പാടുകളോട് യോജിക്കാത്തതുകൊണ്ട്, പൗരരെ അവരുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നതിൽ നിന്നും,സ്വന്തം നേട്ടത്തിനോ സംസ്ഥാനത്തിനോ രാഷ്ട്രത്തിനോവേണ്ടി അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ നിന്നും ഒരു പാർട്ടിക്കും സംഘടനയ്ക്കും തടയാനാവില്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവിച്ചു. ഇത്തരത്തിലുള്ള ഈ വിധിയാകട്ടെ ഇന്ത്യൻ നിയമങ്ങൾക്ക് എതിരാണ് എന്ന് മാത്രമല്ല;ഇന്ത്യാ ഗവൺമെന്റ് വർഷങ്ങളായി ഒപ്പുവെച്ചിട്ടുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ വിവിധ കൺവെൻഷനുകളുടെ പൊതു നിലപാടുകളെ ലംഘിക്കുകകൂടി ചെയ്യുന്നതാണ്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, തൊഴിലാളികളും മാനേജ്‌മെന്റും തമ്മിലുള്ള തർക്കപ്രശ്നങ്ങളോടും തൊഴിലാളിവർഗത്തിന്റെ കൂട്ടായി വിലപേശാനും പ്രതിഷേധിക്കാനും പണിമുടക്കാനുമുള്ള അവകാശങ്ങളോടും ഉന്നത നീതിപീഠത്തിന്റെ സമീപനങ്ങളിലും നിലപാടുകളിലും വലിയ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റമെന്നത് വിപണി തത്വങ്ങൾക്കും അതിന്റെ പവിത്രതയ്ക്കും അനുകൂലമായ മാറ്റമാണ്.ജുഡീഷ്യറിയുടെ ഇത്തരം വീക്ഷണങ്ങൾ തൊഴിലാളികൾക്കെതിരെ ക്രൂരമായ പ്രചാരണം കെട്ടഴിച്ചുവിടാൻ മൂലധനത്തെ വലിയ അളവിൽ സഹായിക്കുകയും ചെയ്തു.എന്നാൽ, മനേസറിലെ (ഹരിയാന) മാരുതി സുസുക്കി ഫാക്ടറിയിൽ നിന്നും ഹൊസ്‌കോട്ടിലെ (കർണ്ണാടക) വോൾവോ ബസ് ഫാക്ടറിയിൽ നിന്നുമുള്ള തൊഴിലാളികളുടെ സമരങ്ങളിൽ നിന്നും കൃത്യമായി വ്യക്തമാകുന്നതുപോലെ, തൊഴിലാളികളുടെ സമരവീര്യത്തെ കെടുത്തിക്കളയാൻ ഇതുകൊണ്ടൊന്നും കഴിഞ്ഞിട്ടില്ല. അവർ പോരാടുകതന്നെ ചെയ്യും. ഗുജറാത്തിലെ അംഗൻവാടി പ്രവർത്തകരുടെയും പഞ്ചാബിലെ ആശാ പ്രവർത്തകരുടെയും ഒക്കെ പിൻ മടക്കമില്ലാത്ത പോരാട്ടവീര്യം അതാണ് തെളിയിക്കുന്നത്.

യൂണിയനുകൾ രൂപീകരിക്കാനുള്ള ശ്രമങ്ങളെല്ലാം ക്രിമിനൽ നടപടികളായിട്ടാണ് കണക്കാക്കപ്പെടുന്നത്.2011 – ജൂണിൽ മാരുതി സുസുക്കിയുടെ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്.വൈ. സിദ്ദിഖി പറഞ്ഞതിങ്ങനെയാണ്: ‘മനേസറിലെ പ്രശ്‌നം വ്യാവസായിക ബന്ധങ്ങളുടെ പ്രശ്‌നമല്ല. ഇത് കുറ്റകൃത്യത്തിന്റെയും തീവ്രവാദത്തിന്റെയും പ്രശ്‌നമാണ്’. കൂടാതെ, ‘യൂണിയനുകളുടെ അഫിലിയേഷനുകളൊന്നും തങ്ങളുടെ കമ്പനി വെച്ചുപൊറുപ്പിക്കില്ലെ’ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ സമരത്തെ സഹായിക്കാൻ ദേശീയ ലേബർ ഫെഡറേഷനുകൾക്കിടയിൽ രാഷ്ട്രീയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള തൊഴിലാളികളുടെ ഏതൊരു ശ്രമത്തെയും കമ്പനി ശക്തിയായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗവൺമെന്റാകട്ടെ,തുടർച്ചയായ തൊഴിലാളി സമരങ്ങളുടെ പശ്ചാത്തലത്തിൽ, തീവ്രവാദ- വിരുദ്ധ നിയമം ഉപയോഗിച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്യാനും സമരം ചെയ്യാനുള്ള അവരുടെ അവകാശത്തെ തകർക്കാനുമായിരുന്നു പരിശ്രമിച്ചത്. ഉദാഹരണമായി, 2017 -ൽ, റിലയൻസ് എനർജിയിലെ കരാർ തൊഴിലാളികൾ ഒരു തൊഴിലാളിയുടെ മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏതാനും മണിക്കൂറുകൾ പണിമുടക്കിയപ്പോൾ, തൊഴിലാളികളിൽ അഞ്ച് പേർ അറസ്റ്റിലായി. തൊഴിലാളികളെ അറസ്റ്റു ചെയ്തതാകട്ടെ തീവ്രവാദ-വിരുദ്ധ നിയമം ഉപയോഗിച്ചായിരുന്നു. കൂടാതെ, ഗുഡ്ഗാവ്- മനേസർ- ധാരുഹേര- രേവാരി സ്ട്രെച്ചിൽ (ഉത്തര ഇന്ത്യയിൽ) യൂണിയൻ സംഘാടകർക്കെതിരെ അരങ്ങേറിയ അക്രമങ്ങൾ കോയമ്പത്തൂർ,- ചെന്നൈ ബെൽറ്റിലേയ്ക്കും (ദക്ഷിണേന്ത്യയിൽ) പ്രതിഫലിക്കുന്ന കാഴ്ച്ചയാണുണ്ടായത്. ഈ രണ്ട് മേഖലകളിലും ഉടലെടുത്ത അക്രമങ്ങൾ തൊഴിലാളികളെ മരണത്തിലേയ്ക്ക് എടുത്തെറിഞ്ഞ നടപടികളിലാണ് കലാശിച്ചത്. 2012- ൽ മാരുതി സുസുക്കി പ്ലാന്റിൽ അവനീഷ് കുമാർ ദേവിന്റെ കൊലപാതകം, 2009- ൽ കോയമ്പത്തൂരിലെ പ്രിക്കോൾ ലിമിറ്റഡിലെ റോയ് ജോർജിന്റെ കൊലപാതകം എന്നിവ ഉദാഹരണങ്ങൾ. കോയമ്പത്തൂരിലെ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് ശേഷം, ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ജയന്ത് ദാവർ തുറന്നുപറഞ്ഞതിങ്ങനെയാണ്: ‘സോഷ്യലിസ്റ്റ് തൊഴിൽ നിയമങ്ങളാണ് നമുക്കുള്ളതെങ്കിൽ ഒരു മുതലാളിത്ത രാജ്യമായി ഒരു കാരണവശാലും നമുക്ക് നിലനിൽക്കാൻ കഴിയില്ല’.

തൊഴിൽ കമ്പോളത്തിന്റെ അയവാർന്ന രൂപങ്ങൾക്കുവേണ്ടി (Labour Flexibility) വാദിച്ചവർ പറഞ്ഞത് , തൊഴിലാളികളോടുള്ള ഇത്തരം സമീപനങ്ങളുടെ ഭാഗമായി വിദേശമൂലധനത്തെ ആകർഷിക്കാനും അതുവഴി വലിയ ഉൽപാദനക്ഷമതയും വലിയ സാമ്പത്തിക വളർച്ചയും നേടിയെടുക്കാനും കഴിയുമെന്നായിരുന്നു. എന്നാൽ ഈ നയങ്ങൾ നടപ്പിലാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും എല്ലാ കണക്കുകളും ഇവരുടെ സിദ്ധാന്തത്തെ തള്ളിക്കളയുന്ന കാഴ്ച്ചയാണ് നമ്മുടെ മുന്നിലുള്ളത്. യഥാർത്ഥത്തിൽ വളർച്ച മങ്ങുകയും ഫുൾ – ടൈം , ഔപചാരിക തൊഴിൽ അവസരങ്ങൾ തകർക്കപ്പെടുകയുമാണുണ്ടായത്. തൊഴിൽ കുറഞ്ഞ ശക്തിയാകട്ടെ,കുറഞ്ഞ സ്ഥിരതയും ആനുകൂല്യങ്ങളും ഉള്ള ഹ്രസ്വകാല കരാർ മാതൃകയിലേക്ക് കൂടുതലായി മാറ്റപ്പെടുകയും ചെയ്തു. ഏറ്റവും മോശമായ തൊഴിൽ സാഹചര്യങ്ങളായിരുന്നു ഈ തൊഴിലാളികളെ കാത്തിരുന്നത്. ലാഭത്തിന്റെയും വേതനത്തിന്റെയും വിഹിതത്തിലും ഗണ്യമായ വ്യതിചലനങ്ങൾ സംഭവിച്ചു.1999-‐2000 മുതൽ 2018 വരെ, ലാഭവിഹിതം 17 ശതമാനത്തിൽ നിന്ന് 48 ശതമാനമായി വർദ്ധിച്ചപ്പോൾ വേതനത്തിന്റെ വിഹിതം 33 ശതമാനത്തിൽ നിന്ന് 26 ശതമാനമായി കുറയുകയാണുണ്ടായത്.ലാഭമാണ് ഇപ്പോൾ ദേശീയ താൽപ്പര്യം. സമരം ചെയ്യുന്ന തൊഴിലാളികൾ തീവ്രവാദികളും !

തെറ്റായതും ഭിന്നിപ്പിലൂന്നിയതുമായ തൊഴിൽ സമ്പ്രദായങ്ങളുടെ നടത്തിപ്പിലൂടെ സ്വകാര്യ വ്യവസായിക മേഖലയിലെ ട്രേഡ് യൂണിയനുകളുടെ ശക്തിയെ ക്ഷയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് പൊതുമേഖലാ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന യൂണിയനുകൾക്കും വലിയ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. ഭിന്നിപ്പിലൂന്നിയ തെറ്റായ തൊഴിൽ സമ്പ്രധായങ്ങൾ ഔപചാരിക തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും ഇടയിൽ ചൂഷണത്തിന്റെ ശ്രേണിബദ്ധമായ രൂപങ്ങളെ നട്ടുമുളപ്പിച്ചു. ഏറ്റവും കൂടുതൽ ചൂഷണത്തിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളെ ഇത് ഏറ്റവും നിശിതമായി ബാധിക്കുകയും ചെയ്തു. ഇത് വ്യത്യസ്തവിഭാഗം തൊഴിലാളികൾക്കിടയിൽ നീരസത്തിന്റേതായ ഒരു അന്തരീക്ഷത്തെയും സൃഷ്ടിച്ചെടുത്തു.കൂലിയെച്ചൊല്ലിയുള്ള വിലപേശലിലേയ്ക്ക് സമരങ്ങളുടെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും അസാധാരണമായ ചില സാഹചര്യങ്ങളിലൊഴികെ, തൊഴിലാളികൾക്കിടയിലെ ഐക്യനിര അസാധ്യമായിത്തീരുകയും ചെയ്തു.

തൊഴിലാളിവർഗത്തിന്റെ പരിതാപകരമായ അവസ്ഥ
ഏറ്റവും പരിതാപകരമായ തൊഴിലിടങ്ങളെയാണ് നിയോലിബറൽ വ്യവസ്ഥ സൃഷ്ടിച്ചെടുത്തത്.വലിയ തോതിലുള്ള വ്യാവസായിക നിക്ഷേപവും ഉയർന്ന നിലവാരമുള്ള വ്യാവസായിക തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന നിയോലിബറൽ വാഗ്ദാനങ്ങൾ കാര്യമായ നിലയിൽ യാഥാർത്ഥ്യമായില്ല. അതുമാത്രമല്ല സാമ്പത്തികവും വ്യാവസായികവുമായ വളർച്ച താഴ്ന്ന നിലയിയിൽതന്നെ തുടരുകയും ചെയ്യുന്നു. നിക്ഷേപത്തിന്റെ അഭാവംകൊണ്ടു മാത്രമല്ല ഇത് സംഭവിച്ചത്. മറിച്ച്, ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനതയുടെയും വാങ്ങൽശേഷിയെ ഞ്ഞെക്കിപ്പിഴിഞ്ഞതുകൊണ്ടുകൂടിയാണ് ഇത് സംഭവിച്ചത്. ഭൂരിപക്ഷം ജനതയുടെയും വാങ്ങൽശേഷി കുറഞ്ഞതിനുള്ള പ്രധാനകാരണം കൂലിയിനത്തിൽ നിലനിൽക്കുന്ന പരിതാപകരമായ കുറവാണ്. കാർഷിക രംഗമുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ നിയോലിബറൽ നയങ്ങളുടെ ഭാഗമായി പൊതു ചെലവുകളിലുണ്ടായിട്ടുള്ള വെട്ടിക്കുറവും ഈ വാങ്ങൽ ശേഷിയുടെ ചുരുങ്ങലിന് കാരണമായിത്തീർന്നിട്ടുണ്ട്.

1991 മുതൽ, ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുടെ പ്രധാനപ്പെട്ട രണ്ട് കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.എന്നാൽ അവയൊന്നും ‘തൊഴിൽ വിപണിയുടെ പരിഷ്കാരങ്ങൾ ‘ കൊണ്ടോ അല്ലെങ്കിൽ പൊതുവേ നവലിബറൽ നയങ്ങൾ മുലമോ അല്ല സംഭവിച്ചത്.ആദ്യത്തേത്, 2003 മുതൽ 2008 വരെ, യുഎസ് ഉപഭോക്താക്കളുടെ ക്രെഡിറ്റ് ആവശ്യകതയിൽ നിന്നുള്ള സ്പിൽഓവർ വഴി സൃഷ്ടിക്കപ്പെതാണ്. രണ്ടാമത്തേത്, 2009 മുതൽ 2011 വരെയുള്ള ഘട്ടമാണ്. ഇന്ത്യൻ കോർപ്പറേറ്റുകൾ വമ്പൻ തുകകൾ കടമെടുത്തതിലൂടെ സൃഷ്ടിക്കപ്പെട്ടതാണത്.പവർ പ്ലാന്റുകളും റോഡ്‌ ഗതാഗതം പോലുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും നിർമ്മിക്കുന്നതിന് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളിൽ നിന്നും വമ്പൻ വായ്പകൾ കടമെടുത്തതിലൂടെ സംഭവിച്ചതാണിത്. എന്നാൽ ഈ കുമിളകൾക്ക് അധികകാലം നിലനിൽക്കാനാകുമായിരുന്നില്ല.

കാരണം യുഎസിലെ ഉപഭോക്തൃ ഡിമാൻഡ് തകർന്നടിഞ്ഞു.ഡിമാൻഡ് കുറയുന്ന പ്രസ്തുത സാഹചര്യത്തിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ ഇന്ത്യൻ സ്ഥാപനങ്ങൾ തയ്യാറായില്ല.രാജ്യത്തിന്റെ വ്യവസായികശേഷി ഉപയോഗശൂന്യമായി തുടരുന്നതിൽ പ്രതിഫലിക്കുന്നതിതാണ്. സ്വകാര്യ കുത്തകമുതലാളിമാർ പൊതുമേഖലാ ബാങ്കുകളിൽ നിന്നും കടമെടുക്കുന്നത് തുടരുകയാണ്. എന്നാൽ അവർ കടമെടുക്കുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടിയല്ല. അവരുടെ വമ്പൻ ഏറ്റെടുക്കലുകൾക്ക് (aquisitions) ഫണ്ട് സ്വരൂപിക്കുകയാണ് അവരുടെ ലക്ഷ്യം.

പൊതുമേഖലാ ബാങ്കുകളിൽ നിന്നും ഭീമമായ മൂലധനം കടമെടുക്കാൻ ശേഷിയുള്ള ഈ വൻകിട കുത്തകകൂട്ടായ്മകൾ, ഇന്ത്യയുടെ തൊഴിൽശക്തിയുടെ 2 ശതമാനത്തിനു മുകളിൽ ഉൾക്കൊള്ളുന്നില്ല. കാർഷികേതര തൊഴിൽശക്തിയുടെ കാര്യത്തിലാകട്ടെ 5 ശതമാനത്തിൽ കൂടുതൽപേരെ ഇവർ ഉൾക്കൊള്ളുന്നില്ല. യഥാർത്ഥത്തിൽ, ഇന്ത്യയിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും ചെറുകിട സംരംഭങ്ങളുടെ മേഖലയിലാണ് പണിയെടുക്കുന്നത്. ഇതിലൂടെ തികച്ചും വ്യത്യസ്തമായ ഒരു യാഥാർത്ഥ്യത്തെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ഈ ചെറുകിട സംരംഭങ്ങളുടെ ലാഭവിഹിതമെന്നത് തുലോം തുച്ഛമായിരിക്കും. അതുകൊണ്ടുതന്നെ ഈ ചെറുകിട സംരംഭങ്ങൾക്ക് മൂലധനം ആർജ്ജിക്കുന്നതിനുള്ള ശേഷിയും തരതമ്യേന കുറവായിരിക്കും. ഇത്തരത്തിലുള്ള ചിതറിക്കിടക്കുന്ന ചെറുകിട സംരംഭങ്ങൾക്ക് പരിമിതമായ കമ്പോളശക്തി മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ വലിയ അളവിൽ പൊതുവിഭവങ്ങങ്ങളെ വരുതിയിലാക്കാൻ ആവശ്യമായ രാഷ്ട്രീയശക്തി സമാഹരിക്കാനും അവർക്ക് കഴിയില്ല. അതിനാൽതന്നെ ഈ ചെറുകിട സംരംഭങ്ങൾക്ക് ലാഭവും മൂലധനവും ശേഖരിക്കാനുള്ള ഏക മാർഗം തൊഴിലാളികളെ പിഴിയുക എന്നതാണ്.ഏതാണ്ട് പൂർണ്ണമായും നിയന്ത്രണരഹിതമായ ഈ മേഖലയിൽ തൊഴിലാളികൾക്ക് അമിതജോലിയാണ് ചെയ്യേണ്ടിവരിക. കൂലിയാകട്ടെ ഏറെ താണനിരക്കിലുമായിരിക്കും. ഔപചാരികമേഖലയിലെ തൊഴിലാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മേഖലയിലെ തൊഴിലാളികൾക്ക് യാതൊരു അവകാശങ്ങളും ഇല്ലെന്നു തന്നെ പറയേണ്ടിവരും. കോവിഡ് -19 മഹാമാരിയുടെ ഘട്ടത്തിൽ സംഭവിച്ചതു പോലെ,വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ, ഈ ചെറുകിട സ്ഥാപനങ്ങളെ പൂർണ്ണമായും തകർത്തുകളയും. യഥാർത്ഥത്തിൽ,കൂലി വലിയ അളവിൽ കുറഞ്ഞ തൊഴിലാളികളെയാണ് ചെറുകിടസംരംഭകർ ആശ്രയിക്കുന്നത്, അവിടങ്ങളിലെ തൊഴിൽ സാഹചര്യങ്ങളും പരിതാപകരമായിരിക്കും, അതുകൊണ്ടാണ് കോവിഡ് പോലുള്ള അടിയന്തരഘട്ടങ്ങളിൽ ഇവിടങ്ങളിലെ തൊഴിലാളികൾക്ക് ഭരണകൂടത്തിന്റെ നേരിട്ടുള്ള പിന്തുണ അത്യന്താപേക്ഷിതമായി തീരുന്നത്.

അതേസമയം, അനൗപചാരിക മേഖലയിൽ കൂടുതലും ചെറുകിട ബിസിനസ്സുകളിൽ ജോലി ചെയ്യുന്നവരോ അല്ലെങ്കിൽ ‘സ്വയം തൊഴിൽ ചെയ്യുന്നവരോ’ ആയ സേവന തൊഴിലാളികളുടെ ഒരു വലിയ നിരയായാണ് നിലനിൽക്കുന്നത്. കടകളും റെസ്റ്റോറന്റുകളും പോലെയുള്ള ഈ ചെറുകിട ബിസിനസ്സുകളിൽ വലിയൊരു വിഭാഗം തൊഴിലാളികൾ ജോലി ചെയ്യുന്നു, അവരിൽ പലരും ദിവസക്കൂലിയുടെയോ ചില പാരിതോഷികങ്ങളുടെയോ അടിസ്ഥാനത്തിലായിരിക്കും പണിയെടുക്കുന്നത്.അനൗപചാരിക മേഖലയിലെ മറ്റൊരു വലിയ വിഭാഗം തൊഴിലാളികൾ അവരുടെ അധ്വാനം നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്നവരാണ്.ഇതിൽ ഓട്ടോ ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ഇലക്‌ട്രീഷ്യൻമാർ, ചുമട്ടുതൊഴിലാളികൾ, മാനുവൽ തോട്ടിപ്പണിക്കാർ, മെക്കാനിക്കുകൾ, പ്ലംബർമാർ, റിക്ഷാവലിക്കാർ , റോഡ് തൂപ്പുകാർ, സെക്ക്യൂരിറ്റി ഗാർഡുകൾ എന്നു തുടങ്ങി വലിയൊരുനിര ഉൾപ്പെടുന്നു. ഇവരിൽ ഭൂരിപക്ഷംപേർക്കും തൊഴിലുടമയോ സ്ഥിരമായ തൊഴിലോ ഉണ്ടായിരിക്കില്ല. അവരിൽ പലരും ഒന്നിലധികം ജോലികൾ ചെയ്യുന്നവരുമാണ്. ഈ തൊഴിലാളികളിൽ പലരും ഗ്രാമങ്ങളും നഗരങ്ങളും മാറിമാറി സഞ്ചരിക്കുന്നവരുമാണ്. വിതയ്ക്കുന്ന സമയത്തോ വിളവെടുപ്പു സമയത്തോ അവർ ഗ്രാമങ്ങളിൽ എത്തിച്ചേരുന്നു. ഈ ഘട്ടങ്ങളിൽ അവർ ഒന്നുകിൽ അവരുടെ കുടുംബഫാമുകളിൽ ജോലി ചെയ്യും. അല്ലെങ്കിൽ കർഷകത്തൊഴിലാളികളായി അവർ മറ്റിടങ്ങളിലേയ്ക്ക് പണിക്കുപോകും . ഇവരാണ് ആധുനിക ഇന്ത്യയിലെ കാലുറപ്പില്ലാത്ത തൊഴിലാളികൾ.! (footloose workers – ഒരു ജോലി സ്ഥിരതയുമില്ലാതെ മാറിമാറി പലതരം ജോലികൾ ചെയ്യുന്ന തൊഴിലാളികൾ )

റോഡ് ശൃംഖലകളുടെ വികസനം പരിതാവസ്ഥയിലുള്ള ഇത്തരം തൊഴിലാളികളുടെ സ്ഥായിയായ സഞ്ചാരത്തെ സാധ്യമാക്കിത്തീർത്തു. ഇങ്ങനെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്ള അനൗപചാരിക മേഖലയ്ക്കായി വൻതോതിലുള്ള ഒരു തൊഴിൽ സംരക്ഷിത സൈന്യം(a reserve army of labour) സൃഷ്ടിക്കപ്പെട്ടു. മൊബൈൽ നെറ്റ്‌വർക്കുകളുടെ വിപുലീകരണവും താങ്ങാനാവുന്ന മൊബൈൽ ഫോണുകളുടെ കൂടുതൽ ലഭ്യതയും ഈ അനൗപചാരിക തൊഴിലാളികളെ ജോബേഴ്സ് എന്ന് വിളിക്കപ്പെടുന്ന ലേബർ റിക്രൂട്ടർമാരുമായി നിരന്തരം ബന്ധപ്പെടുത്തി. തൊഴിലാളികൾക്ക് അവരുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും നിരന്തരം ബന്ധപ്പെടാനുള്ള സാഹചര്യവും ഈ മൊബൈൽഫോൺ ലഭ്യതയിലൂടെ സാധ്യമായിത്തീർന്നു. ദൈനംദിനം ലഭ്യമാകുന്നതും അല്ലെങ്കിൽ ചില പ്രത്യേക സീസണുകളിൽ മാത്രം ലഭ്യമാക്കുന്നതുമായ തൊഴിലവസരങ്ങളെക്കുറിച്ച് പരസ്പരം ബോധവാന്മാരാകാൻ ഈ മെബൈൽ ഫോൺ സംഭാഷണങ്ങൾ അവർക്ക് സഹായകമായിത്തീർന്നു.ഈ തൊഴിലാളികളാകട്ടെ ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും അവകാശമില്ലാത്തതും അടിച്ചമർത്തപ്പെട്ടതുമായ ജാതി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും കാണേണ്ടതുണ്ട്.അവരിൽ ചിലർ രാജ്യത്തുടനീളമുള്ള വിവിധ കാർഷിക സീസണുകളെ പിന്തുടരുന്നു. മറ്റുചിലരാകട്ടെ വിദൂര നഗരങ്ങളിൽ നിർമ്മാണമേഖലയിലെ ജോലികൾ തേടിപ്പോകുന്നു. ഈ കുടിയേറ്റ തൊഴിലാളികൾ വയലുകളുടെയോ നിർമ്മാണസ്ഥലങ്ങളുടെയോ അരികിലുള്ള താൽക്കാലിക വാസസ്ഥലങ്ങളിലാണ് താമസിക്കുന്നത്. പലപ്പോഴും പഴയ സാരികളും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് നിർമ്മിച്ച ടെന്റുകളായിരിക്കും അത്. അടുക്കളയോ ടോയ്‌ലറ്റോ ഉണ്ടായിരിക്കില്ല. അവരുടെ മുന്നിലുള്ളത് തുറന്ന ആകാശം മാത്രം. കുട്ടികൾ ഈ വാസസ്ഥലങ്ങളിലെ അവശിഷ്ടങ്ങളിൽ കളിക്കുകയോ അല്ലെങ്കിൽ അമ്മമാരുടെ മുതുകിൽ തൂക്കിയിടപ്പെടുകയോ ചെയ്യുന്നു. മുതുകിൽ ഈ കുഞ്ഞുങ്ങളെയും തൂക്കിയിട്ടുകൊണ്ടാണ് ആ അമ്മമാർ കഠിനമായ ജോലികളിൽ ഏർപ്പെടുന്നത്.കുടിയേറ്റതൊഴിലാളികൾ ചോര നീരാക്കി ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ അവർക്ക് കഴിക്കാനുള്ളതല്ല.അവർ പണിയുന്ന വീടുകളും അവർക്കുള്ളതല്ല. അവർ പണിയെടുക്കുന്നു. വീണ്ടും വീണ്ടും പണിയെടുക്കുന്നു. വീണ്ടും പണിയെടുക്കുന്നതിനായി താൽക്കാലികമായ പുതിയ വർക്ക്സൈറ്റുകളിലേക്ക് അവർ നീങ്ങുന്നു.

കുടിയേറ്റം കുടുംബങ്ങൾക്കിടയിൽ, പ്രത്യേകിച്ച് തലമുറകൾക്കിടയിൽ വലിയ തരത്തിലുള്ള അകലങ്ങളും ദൂരങ്ങളും ഉണ്ടാക്കുന്നു. കുടുംബത്തിനുള്ളിലെ പ്രായം കുറഞ്ഞവരും ശാരീരികമായി ശേഷിയുള്ളവരും തൊഴിൽതേടി വിദൂര സ്ഥലങ്ങളിലേയ്ക്ക് യാത്രയാകുന്നു. ഈ വിദൂരസ്ഥലങ്ങളിലെ തൊഴിലുകളാകട്ടെ അവരുടെ ഭാവിക്ക് യാതൊരുവിധ സുരക്ഷിതത്വവും പ്രദാനം ചെയ്യാത്ത ഇടങ്ങൾ കൂടിയാണ്.ഒരുകാലത്ത് കാഷ്വൽ തൊഴിലാളികളായിരുന്ന സ്ത്രീകളും പുരുഷന്മാരും പ്രായാധിക്യത്തെ തുടർന്ന് ഒന്നുകിൽ ഭിക്ഷാടനത്തിലേക്കോ അല്ലെങ്കിൽ അകാല മരണത്തിലേക്കോ വലിച്ചെറിയപ്പെടുന്നത് സർവസാധാരണമായിത്തീർന്നിരിക്കുന്നു. ആരോഗ്യസംവിധാനമാകമാനം സ്വകാര്യ മേഖലയുടെ കൈകളിലകപ്പെട്ടതോടെ ചികിത്സാചെലവുകൾ കുതിച്ചുയർന്നു. ചികിത്സക്കുവേണ്ടി വരുന്ന വമ്പൻ ചെലവുകൾ ഈ മനുഷ്യർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ആരോഗ്യമേഖലയിലെ ഈ വമ്പൻ ചികിത്സാചെലവിന്റെ ഭാഗമായി ഓരോ വർഷവും 55 ദശലക്ഷത്തോളം ഇന്ത്യക്കാരാണ് കൊടിയ ദാരിദ്യത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്നത്.കൂടാതെ, ഇന്ത്യൻ പെൻഷൻ സമ്പ്രദായമെന്നത് വളരെ പരിതാപകരമായ ഒന്നാണ്.വളരെ തുച്ഛമായ തുക മാത്രമേ അതിലുള്ളൂ. അതുപോലും കൃത്യമായി വിതരണം ചെയ്യപ്പെടുന്നുമില്ല. ജീവിതച്ചെലവിനേക്കാൾ എത്രയോ താഴെയാണ് ആ തുക. പലർക്കും പ്രതിമാസം 200 രൂപയിൽ താഴെയാണ് പെൻഷൻ.

രാജ്യത്തുടനീളം റോഡ് ശൃംഖലകൾ വികസിച്ചപ്പോൾ, വ്യവസായവൽക്കരണത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥകളും വർധിച്ചു. ഇന്ത്യയിൽ വ്യാവസായിക ഉൽപാദനത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് പെനിൻസുലാർ ഇന്ത്യയിലും ഖനനമേഖലകളിലും ആണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം വികസിച്ചു കഴിഞ്ഞ പ്രദേശങ്ങളിലേയ്ക്കാണ് സ്വകാര്യ മൂലധനം കടന്നുചെല്ലുന്നത്. കുടിയേറ്റ തൊഴിലാളികൾ വളരെ ദൂരം യാത്ര ചെയ്ത് ജോലിക്കായി ഈ സൈറ്റുകളിലേക്ക് എത്തുന്നു. ഈ പുതിയ ഇടങ്ങളിലാകട്ടെ കുടിയേറ്റ തൊഴിലാളികൾ സാംസ്കാരികമായും ഭാഷാപരമായും അന്യവൽക്കരിക്കപ്പെടുന്നു. ഈ അന്യവത്ക്കരണത്തിന്റെ ഭാഗമായി അവർ നേരിടുന്ന തീവ്രമായ തൊഴിൽ ചൂഷണത്തിനും ദുരുപയോഗങ്ങൾക്കുമെതിരെയോ മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവയ്ക്കുവേണ്ടി യോ അവർക്ക് സാമൂഹ്യമായ പിന്തുണ (community support) ആർജിക്കാനും പലപ്പോഴും കഴിയാതെ വരുന്നു. പ്രശസ്ത പത്രപ്രവർത്തകൻ സിദ്ധാർത്ഥ ദേബ് ഇങ്ങനെ എഴുതുന്നു:”എല്ലായിടങ്ങളിലുമുള്ള തൊഴിലുടമകൾക്ക് അനുയോജ്യമായ ഒരു ക്രമീകരണമാണിത്.തൊഴിലാളികൾ അവരുടെ തൊഴിൽ സാഹചര്യങ്ങൾക്കും കൂലിക്കുമെതിരെ സംഘടിത പ്രക്ഷോഭങ്ങൾ ഉയർത്താൻ കഴിയാത്തവിധം അരക്ഷിതരും വേരോടെ പിഴുതെറിയപ്പെട്ടവരുമായി തുടരുക എന്നത്.അവർ വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെവോട്ട് തേടുന്ന പ്രാദേശിക രാഷ്ട്രീയക്കാർക്ക് അവരോട് താൽപ്പര്യമില്ല.ഭാഷയിലും സംസ്‌കാരത്തിലും ഉള്ള വ്യത്യാസങ്ങളാൽ അവർ പ്രാദേശിക ജനങ്ങളിൽ നിന്ന് അകന്നവരുമാണ”’. അതോടൊപ്പം ഭാവിയിൽ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുന്ന വിധത്തിൽ പ്രാദേശികവും ഭാഷാപരവുമായ സങ്കുചിതവാദത്തിന്റെ വിത്തുകളും ഇവിടെ വിതറപ്പെടുന്നുണ്ട്.

(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + twenty =

Most Popular