Sunday, June 4, 2023

ad

Homeലേഖനങ്ങൾഅപ്രഖ്യാപിത അടിയന്തിരാവസ്ഥയോ?

അപ്രഖ്യാപിത അടിയന്തിരാവസ്ഥയോ?

കെ വി സുധാകരൻ

കേരളത്തെ ദുരർഥ സൂചനയോടെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസംഗത്തെ യുക്തിസഹമായും നിയമപരമായും വിമർശിച്ച് ലേഖനമെഴുതിയ രാജ്യസഭാംഗം ജോൺബ്രിട്ടാസിനോട് രാജ്യസഭാ ചെയർമാൻ എന്ന അധികാരമുപയോഗിച്ച് ഉപരാഷ്ട്രപതി ജഗ്-ദീപ‍് ധൻകർ വിശദീകരണം ആവശ്യപ്പെട്ടത് രാജ്യത്തെ നിയമ–ഭരണഘടനാ–രാഷ്ട്രീയ മണ്ഡലങ്ങളിൽ ഗൗരവമായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണല്ലോ. ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് ഡൽഹി ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ, കേരളത്തെക്കുറിച്ചുള്ള അമിത്ഷായുടെ പരാമർശം കേന്ദ്രമന്ത്രിയുടെ പദവിക്കു നിരക്കാത്തതാണെന്ന തലക്കെട്ടിലുള്ളതായിരുന്നു ബ്രിട്ടാസിന്റെ ലേഖനം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ ചേർന്ന പൊതുസമ്മേളനത്തിൽ അമിത് ഷാ കേരളത്തെക്കുറിച്ചു നടത്തിയ രാഷ്ട്രീയ ദുരുപദിഷ്ടവും, വിഭജനയുക്തി അടിവരയിടുന്നതുമായ അമിത് ഷായുടെ പരാമർശമാണ് ബ്രിട്ടാസ് ലേഖനത്തിൽ ചോദ്യം ചെയ്യുന്നത്. ‘കർണാടകത്തിനു സുരക്ഷിതത്വം നൽകാൻ ബിജെപിക്കേ കഴിയൂ’ എന്നും, ‘തൊട്ടടുത്തുള്ള കേരളത്തെപ്പറ്റി കൂടുതലായൊന്നും ഞാൻപറയുന്നില്ല’ എന്നുമായിരുന്നു അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞത്.

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 153 A വകുപ്പ് ഉദ്ധരിച്ചാണ് ബ്രിട്ടാസിന്റെ ലേഖനം ആരംഭിക്കുന്നത്. മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദം നിലനിർത്തുന്നതിന് മുൻവിധിയുള്ള പ്രവൃത്തികൾ ചെയ്യുക (Promoting enemity between different groups in grounds of religion, race, place of birth, residence, language etc and doing acts prejudicial to maintainance of harmony) എന്നിവയാണ് 153–ാം വകുപ്പ് അനുസരിച്ച് കുറ്റകരമായ കാര്യങ്ങൾ. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം അനുഛേദവും ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ‘ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയൻ (India, that is Bharat shall be a union of states) ആണെന്നാണ് ഒന്നാം അനുഛേദം പറയുന്നത്. ഇതു രണ്ടും ഉദ്ധരിച്ച് ലേഖനത്തിൽ ബ്രിട്ടാസ് സമർഥിക്കുന്നത്, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസംഗത്തിലെ നേരത്തെ ഉദ്ധരിച്ച പരാമർശങ്ങൾ ഭരണഘടനയുടെ അന്തഃസ്സത്തയ്ക്കും ഇന്ത്യൻ ശിക്ഷാനിയമത്തിലെ പ്രസക്ത വകുപ്പിന്റെ പരിപാവനതയ്ക്കും ഒട്ടും ചേർന്നതല്ല എന്നാണ്. ഒന്നുകൂടി വിശദീകരിച്ചാൽ, ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവും ആണെന്ന് അനുമാനിക്കാവുന്നതാണ്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ് ലേഖനം തുടങ്ങിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ത്യൻ ശിക്ഷാനിയമം മനഃപാഠമാക്കണമെന്ന നിയമമില്ല എന്നതാണ് പരിഹാസസ്വരത്തിലുള്ള പ്രയോഗം. അമിത‍് ഷാ മാത്രമല്ല, ബിജെപി നേതാക്കൾ പലരും ഇത്തരം കുത്തുവാക്കുകൾ പറയുന്നത് ഇതാദ്യമായിട്ടല്ലെന്നും, നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേരളത്തിന്റെ ആരോഗ്യമേഖലയിലെ മുന്നേറ്റത്തെ അധിക്ഷേപിച്ചു പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിനെ വലിച്ചു താഴെയിടുമെന്നു നേരത്തെ അമിത് ഷാ മുഴക്കിയ ഭീഷണി, കേരളത്തിലെ ക്രിസ്ത്യൻ–മുസ്ലീം വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ബിജെപി നടത്തുന്ന വിഫലശ്രമങ്ങൾ എന്നിവയെയും ലേഖനത്തിൽ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ശ്രീനാരായണഗുരു, വക്കം മൗലവി, ചാവറയച്ചൻ എന്നിവരുടെ നാടായ കേരളത്തിന്റെ മുഖ്യപ്രകൃതി സഹിഷ്ണുതയുടെയും വിവിധ മതവിശ്വാസങ്ങളുടെ ആശ്ലേഷണത്തിന്റെയും രീതിയാണെന്നും, അവിടെ ബിജെപിയുടെയും ആർഎസ്എസിന്റെയും വിഭജനയുക്തിക്ക് ഒരു സ്ഥാനവുമില്ലെന്നും, അതുകൊണ്ട് കേരളത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണ് അമിത് ഷായുടെ പ്രസംഗമെന്നുമാണ് ബ്രിട്ടാസ് ലേഖനത്തിൽ വിശദമാക്കുന്നത്.

റൊമീലാ ഥാപ്പർ

എന്തുകൊണ്ട് അമിത് ഷാ വിമർശിക്കപ്പെടുന്നു?
അമിത് ഷാ കേവലം ബിജെപി നേതാവായിട്ടല്ല, മംഗുളൂരുവിലെത്തിയതും, കേരളത്തിനെതിരെ പ്രസംഗിച്ചതും. ആഭ്യന്തരമന്ത്രി എന്ന നിലയിൽ അദ്ദേഹം പറയുന്ന വാക്കുകൾ ഇന്ത്യൻ ഭരണാധികാരികളുടെ അഭിപ്രായമായി കാണേണ്ടി വരും. കേന്ദ്രമന്ത്രിയുടെ സത്യപ്രതിജ്ഞ ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ‘‘നിയമപരമായി സ്ഥാപിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയോട് പൂർണമായ കൂറും വിശ്വാസവും പുലർത്തുമെന്നും, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുമെന്നും, വിശ്വസ്തതയോടും, സത്യസന്ധതയോടും കേന്ദ്രമന്ത്രി എന്ന നിലയിലുള്ള കർത്തവ്യം നിർവഹിക്കുമെന്നും, ഭരണഘടനയ്ക്കും നിയമത്തിനും യോജിച്ച വിധത്തിൽ എല്ലാ ആളുകളോടും ശരിയായ കാര്യങ്ങൾ ചെയ്യുമെന്നും ഭയമോ പ്രീതിയോ പ്രതിപത്തിയോ ദേഷ്യമോ ഇല്ലാതെ പ്രവർത്തിക്കുമെന്നും’’ ആണ് പ്രതിജ്ഞ ചെയ്യുന്നത്.

ഈ വാചകങ്ങൾ ഏറ്റുചൊല്ലി സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രി രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും ജനങ്ങളെ ഒരേ രൂപത്തിൽ കാണാനും പരിഗണിക്കാനും ബാധ്യസ്ഥമാണ്. ഏതെങ്കിലും ഒരു സംസ്ഥാനമോ, അവിടത്തെ ജനങ്ങളോ, മറ്റൊരു സംസ്ഥാനത്തിന്റെയോ അവിടത്തെ ജനങ്ങളുടെയോ ശത്രുക്കളാണെന്ന മട്ടിൽ പരാമർശിക്കുന്നത് മേലുദ്ധരിച്ച സത്യപ്രതിജ്ഞാ വാചകങ്ങളുടെ ലംഘനമാണ്. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന നിലയിൽ മുഴുവൻ സംസ്ഥാനങ്ങളെയും ഒരേ പോലെ കാണാനും പരിഗണിക്കാനും കേന്ദ്രമന്ത്രിക്ക് ബാധ്യതയുണ്ട്.

കേന്ദ്രമന്ത്രി എന്ന നിലയിൽ അമിത്ഷായ്-ക്ക് രാഷ്ട്രീയമായി കേരളത്തിലെ ഗവൺമെന്റിനെയോ എൽഡിഎഫിനേയോ ഇവിടത്തെ ബിജെപി വിരുദ്ധ രാഷ്ട്രീയ പാർട്ടികളെയോ രാഷ്ട്രീയ പ്രവണതകളെയോ വിമർശിക്കാനും വേണമെങ്കിൽ ഒരു പരിധികൂടി കടന്ന്, പരിഹസിക്കാനും കഴിയും. അപ്പോഴും വസ്തുതകളുടെ പിൻബലമുണ്ടാകുന്നതാണ് രാഷ്ട്രീയമാന്യതയും മര്യാദയും. പക്ഷേ, ഇവിടെ അമിത് ഷാ കേരളം എന്ന സംസ്ഥാനത്തെയാണ് ദുരുപദിഷ്ടമായി അധിക്ഷേപിച്ചിരിക്കുന്നത്. എന്നു പറഞ്ഞാൽ, കേരളത്തിലെ ജനങ്ങളെ മുഴുവൻ അധിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്.

അങ്ങനെ ഒരു സംസ്ഥാനത്തെയാകെ ഒരു കേന്ദ്രമന്ത്രി അടച്ചാക്ഷേപിക്കുമ്പോൾ, അത് ഭരണഘടനാ വിരുദ്ധവും. കേന്ദ്രമന്ത്രിയുടെ പദവിക്കു നിരക്കാത്തതുമായി മാറുകയാണെന്നത് വളരെ ലളിതമായ അനുമാനമാണ്. ഇക്കാര്യം വസ്തുനിഷ്ഠ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് സമർഥിക്കുകയാണ് ബ്രിട്ടാസ് ചെയ്തിരിക്കുന്നത്.

ഇനി, കേന്ദ്രമന്ത്രി എന്ന നിലയിലോ അല്ലെങ്കിൽ കേവലം ബിജെപി നേതാവ് എന്ന നിലയിലോ, ലേഖനത്തിലെ പരാമർശങ്ങൾ അമിത്ഷായ്ക്ക് അപകീർത്തികരമാണെന്നു തോന്നുന്നുണ്ടെങ്കിൽ, അതിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 499–ാം വകുപ്പനുസരിച്ച് മാനനഷ്ടക്കേസ് നൽകാനും, അപകീർത്തി തെളിയിക്കപ്പെട്ടാൽ 500–ാം വകുപ്പനുസരിച്ച് ലേഖന കർത്താവിനെ ശിക്ഷിക്കാനും കഴിയും.

അതിന് അമിത്ഷാ തന്നെ നേരത്തെ പറഞ്ഞ വകുപ്പനുസരിച്ച് മാനനഷ്ടക്കേസ് നൽകുകയാണ് വേണ്ടത്. എന്നാൽ, ഇവിടെ അതുണ്ടായിട്ടില്ല. അതിനുപകരം, രാജ്യത്തിന്റെ ഇത:പര്യന്തമുള്ള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം രാജ്യസഭാ ചെയർമാൻ, തന്റെ സഭയിലെ അംഗമായ ബ്രിട്ടാസിനോട് വിശദീകരണം തേടിയിരിക്കുകയാണ്. സഭയ്ക്കകത്തു നടക്കാത്ത ഒരു വിഷയത്തിൽ സഭാധ്യക്ഷന് ഒരംഗത്തിൽ നിന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടാൻ കഴിയുക? ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 19(1)a അനുസരിച്ച് എല്ലാ പൗരർക്കും ലഭ്യമാകുന്ന അഭിപ്രായസ്വാതന്ത്ര്യം (freedom of speech and expression) വിനിയോഗിക്കുന്നതിന്റെ പേരിൽ വിശദീകരണം തേടുന്നതിലെ നിയമ–ഭരണഘടനാ വിരുദ്ധത എന്നിവയെല്ലാം ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജഗ്-ദീപ് ധൻകർ എന്ന രാജ്യസഭാ ചെയർമാൻ നിയമപരമായി സംഗതമല്ലാത്ത ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണമെങ്കിൽ, ആദ്യം നാം ജഗ്-ദീപ് ധൻകർ ആരാണെന്നും, അദ്ദേഹം എങ്ങനെയാണ് ഇപ്പോഴത്തെ സ്ഥാനത്ത് എത്തിപ്പെട്ടതെന്നും അറിയേണ്ടിയിരിക്കുന്നു.

കുൽദീപ്‌ നയ്യാർ


രാജ്യസഭാ ചെയർമാന്റെ നടപടി അതിരുകടന്നത്

സഭയ്ക്കകത്തു നടത്താത്ത ഒരു പരാമർശത്തിന്റെ പേരിൽ സഭാംഗത്തോട് വിശദീകരണം തേടാൻ സഭാധ്യക്ഷന് എങ്ങനെ കഴിയും എന്നതാണ് കാതലായ ഒരു കാര്യം. സഭാ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭരണഘടനയുടെയും ഒക്കെ സാധ്യതകൾക്കകത്തുനിന്നുകൊണ്ടു മാത്രമേ സഭാധ്യക്ഷന് ഒരംഗത്തോട് ഏതുകാര്യത്തിലായാലും വിശദീകരണം തേടാൻ കഴിയൂ. ഇതുവരെയുള്ള സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ, അത്തരം എന്തെങ്കിലും പിൻബലം ധൻകറുടെ നടപടിക്ക് ഉപോൽബലകമായുണ്ടോ എന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ ഇനി വ്യക്തത വരുത്തേണ്ടത് രാജ്യസഭാ ചെയർമാൻ തന്നെയാണ്.

രണ്ടാമത്തെ പ്രശ്നം, ഭരണഘടനയുടെ അനുഛേദം 19(1)a അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ‍്. രാജ്യത്തെ മുഴുവൻ പൗരർക്കും ഭരണഘടന നൽകുന്നതാണ് ഈ അവകാശം. ആ അവകാശം ഉപയോഗപ്പെടുത്തി കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ ദുരുദ്ദേശ്യപരവും അധാർമികവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനയ്ക്ക് ഭരണഘടനയുടെയും, ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും പ്രസക്ത വകുപ്പുകൾ ഉദ്ധരിച്ച് ന്യായയുക്തമായ മറുപടി നൽകുകയാണ് ബ്രിട്ടാസ് ലേഖനത്തിൽ ചെയ്തിട്ടുള്ളത്. നീതിമാനും, ഭരണഘടനാ സംരക്ഷകനുമാണ് രാജ്യസഭാ ചെയർമാനെങ്കിൽ, സത്യത്തിൽ അദ്ദേഹം, ഭരണഘടനയ്ക്കും, ഇന്ത്യൻ ശിക്ഷാനിയമത്തിനും എതിരായി പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടായിരുന്നു വിശദീകരണം തേടേണ്ടിയിരുന്നത്. അതു ചെയ്യാത്ത ധൻകറുടെ നടപടിയെ ജനാധിപത്യവാദികൾക്ക് എങ്ങനെ വിമർശിക്കാതിരിക്കാനാവും?

എതിർശബ്ദങ്ങളുടെ വായടപ്പിക്കാൻ ശ്രമം
എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടുവേണം രാജ്യസഭാ ചെയർമാന്റെ ഈ നടപടിയെ കാണാൻ. കേന്ദ്രമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ, ഒരു പാർലമെന്റ് അംഗത്തിന് തന്നെ രാജ്യദ്രോഹ കുറ്റം നേരിടേണ്ടി വരുമെന്ന ഭീതി പരത്തിയാൽ, പിന്നെ സാധാരണ മനുഷ്യരാരെങ്കിലും വായ തുറക്കുമോ എന്നായിരിക്കണം ബിജെപി നേതൃത്വം വിചാരിക്കുന്നത്. രാജ്യസഭാ ചെയർമാനും, ഉപരാഷ്ട്രപതിയുമായ ആൾ തന്നെ ഇത്തരത്തിൽ ഇടപെടുമ്പോൾ, ഇത് കേവലം ബിജെപി രാഷ്ട്രീയം തൊടുത്ത വിടുന്ന അസ്ത്രമല്ലെന്നും, എന്തോ ഗൗരവമായ കാര്യമാണെന്നും സാധാരണ മനുഷ്യർ കരുതിക്കോളും എന്നായിരിക്കും ആർഎസ്എസിന്റെയും ബിജെപിയുടെയും ബുദ്ധികേന്ദ്രങ്ങൾ ചിന്തിക്കുന്നത്. അല്ലെങ്കിൽ ധൻകറിലൂടെ തൊടുത്തുവിടുന്ന ഈ അസ്-ത്രത്തിന്റെ പോക്കിനെ ജനാധിപത്യവാദികൾ എങ്ങനെ കാണുന്നു എന്നു മനസ്സിലാക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ടെസ്റ്റ് ഡോസ് ആയിക്കൂടന്നുമില്ല. ധൻകറിന്റെ ബംഗാൾ ഗവർണർ ജോലിയുടെ പശ്ചാത്തലത്തിൽ ഇത്തരം പൊടിക്കെെകൾ പരോക്ഷമായി ജനമധ്യത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന ‘മിടുക്കൻ’ ധൻകർ തന്നെയാണെന്ന് ബിജെപി നേതൃത്വം സ്വാഭാവികമായും അനുമാനിച്ചിട്ടുണ്ടാകും. രണ്ടായാലും രാജ്യത്തിന് അപകട സൂചന നൽകുന്നതാണ് ധൻകറിന്റെ നടപടി.

അനുഛേദം 19 (1) A
രാജ്യത്തെ ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയുടെ അനുഛേദമാണല്ലോ 19 (1) A. വിയോജിക്കുവാനുള്ള അവകാശം ഈ വകുപ്പിൽത്തന്നെ ഉൾച്ചേർന്നിട്ടുണ്ടെന്നാണ് സുപ്രീംകോടതിയടക്കം പറഞ്ഞിട്ടുള്ളത്. കാരണം സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിൽ വിയോജിപ്പിന്റെ അംശം കടന്നുവരുന്നതും സ്വാഭാവികമാണ്. ഇക്കാര്യം 1962ലെ ഖരക് സിങ്ങ് കേസിൽ ജസ്റ്റിസ് കെ സുബ്ബറാവുവും 2015ലെ ശ്രേയാ സിംഗാൾ കേസിൽ ജസ്റ്റിസ് റോഹിൻടൺ നരിമാനും 2018ലെ റൊമീലാ ഥാപ്പർ കേസിൽ ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡും (ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്) നിരീക്ഷിച്ചിട്ടുള്ളതാണ്. അനുഛേദം 19 (2) ൽ പറയുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള ന്യായമായ നിയന്ത്രണം (reasonable restriction) രാഷ്ട്രത്തിന്റെ പരമാധികാരം (Sovereignty), രാഷ്ട്ര സുരക്ഷ (Security of State) എന്നീ കാര്യങ്ങളിലെ പാടുള്ളൂവെന്നും റൊമീലാ ഥാപ്പർ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ‘വിയോജിക്കാനും, വിയോജിപ്പിന്റെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതൽ’ എന്ന അംബേദ്കറുടെ വാക്കുകളും ഇത്തരുണത്തിൽ പ്രസക്തമാണ്. എന്നു പറഞ്ഞാൽ, അഭിപ്രായം പറയുന്നതിന്റെയോ, വിമർശനം ഉന്നയിക്കുന്നതിന്റെയോ പേരിൽ എന്തെങ്കിലും നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഏർപ്പെടുത്തുന്നത് ജനാധിപത്യ സംവിധാനത്തിനു നേരെ ഉയരുന്ന ഭീഷണിയാണെന്ന് കാണേണ്ടതുണ്ട്. ഭരണകൂടം അമിതാധികാര പ്രവണതയോ സേഛാധികാര നടപടിയോ പ്രകടിപ്പിച്ചാൽ ഈ അപകടം മണത്തറിയേണ്ടതുണ്ട്. അതാണ് നാം അടിയന്തരാവസ്ഥയിൽ കണ്ടത്.

ഡിഫൻസ് ഓഫ് ഇന്ത്യ റൂൾ 48 പ്രകാരം നടത്തിയ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ആദ്യം രാജ്യം കണ്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതായിരുന്നു. 1975 ജൂൺ 25 ന് അർധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനുള്ളിൽത്തന്നെ പ്രധാനപ്പെട്ട പത്രസ്ഥാപനങ്ങളിലെല്ലാം വൈദ്യുതിബന്ധം വിഛേദിക്കുകയാണ് ചെയ്തത്. ഉടൻ തന്നെ സെൻസർഷിപ്പും ഏർപ്പെടുത്തി. ഇന്ദിരാഗാന്ധി ഗവൺമെന്റിനെ വിമർശിക്കുന്ന യാതൊന്നും പ്രസിദ്ധീകരിക്കാൻ പാടില്ല. കാർട്ടൂണുകളോ പത്രാധിപർക്കുള്ള കത്തുകളോ ഒക്കെ നിരോധിക്കപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസും സ്റ്റേസ്മാനും തുടക്കത്തിൽത്തന്നെ മുഖപ്രസംഗ കോളം ശൂന്യമായിട്ട് പത്രമിറക്കി പ്രതിഷേധിച്ചു. മലയാളത്തിൽ ഇങ്ങനെ ചെയ്തത് ദേശാഭിമാനിയായിരുന്നു. ടൈംസ് ഓഫ് ലണ്ടൻ, വാഷിംഗ്ടൺ പോസ്റ്റ്, ലോസ് എയ്ഞ്ചൽ ടൈംസ് എന്നീ വിദേശ പത്രങ്ങളുടെ പ്രതിനിധികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കി. ഗാർഡിയൻ, ഇക്കണോമിസ്റ്റ് എന്നീ പത്രങ്ങളുടെ പ്രതിനിധികൾ ഭീഷണി ഭയന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയി. ബിബിസിയുടെ വിശ്രുത ലേഖകൻ മാർക്ക് ടൂളിയെ ബിബിസി തന്നെ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു വിളിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് ഏഴായിരത്തോളം പത്രപ്രവർത്തകർ അറസ്റ്റു ചെയ്യപ്പെട്ടു. സ്റ്റേ്സ്മാന്റെ കുൽദീപ് നയ്യ്യാർ അടക്കുമുള്ളവർ തുറുങ്കിലിടയ്ക്കപ്പെട്ടു.

അടിയന്തരാവസ്ഥയ്ക്കും, പത്ര സെൻസർഷിപ്പിനുമെതിരെ നിലയുറപ്പിച്ചവരായിരുന്നു ബിജെപിയുടെ അന്നത്തെ രൂപമായ ജനസംഘം. ആർഎസ്എസ് അന്ന് നിരോധിക്കപ്പെട്ട സംഘടനയുമാണ്. അടിയന്തരാവസ്ഥയ്ക്കും സെൻസർഷിപ്പിനും ഒത്താശ ചെയ്തവരെ പരിഹസിച്ചു കൊണ്ട് അന്ന് എൽ കെ അദ്വാനി പറഞ്ഞത്, ‘നിങ്ങളോട് കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയുകയാണ് നിങ്ങൾ ചെയ്തത് ’ എന്നായിരുന്നു. ധൻകറെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന ബിജെപിക്കാർ ആരെങ്കിലും ഇതൊക്കെ ഓർക്കുന്നുണ്ടോ എന്തോ!

പറഞ്ഞുവന്നത് ധൻകർ ബ്രിട്ടാസിനെതിരെ തൊടുത്തുവിട്ട അസ്ത്രം കേവലമായൊരു ദുരുപദിഷ്ട നടപടിയായി കാണുന്നത് അപകടമാണെന്നാണ്. കേന്ദ്ര ഗവൺമെന്റിനെയോ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയോ വിമർശിച്ചാൽ ദേശീയതയ്ക്ക് പുത്തൻ ഭാഷ്യങ്ങൾ നൽകി, രാജ്യദ്രോഹമായി വ്യാഖ്യാനിക്കുന്ന ബിജെപി – ആർഎസ്എസ് രീതി, ഇപ്പോൾ അമിത് ഷായ്ക്കെതിരായ വിമർശനത്തിലേക്കും അവർ കൊണ്ടുവരികയാണ്. 2024 മെയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് കൂടുതൽ അടുക്കുന്ന ഘട്ടത്തിൽ ഇത്തരം നടപടികൾ വ്യാപകമായി വന്നാലും അത്ഭുതപ്പെടാനില്ല. പ്രത്യക്ഷത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെയും സെൻസർഷിപ്പ് ഏർപ്പെടുത്താതെയും വിമർശകരുടെ വായമൂടിക്കെട്ടാനുള്ള ഗൂഢനീക്കങ്ങളുടെ നാന്ദിക്കുറിക്കുകയാണ് ധൻകറിലൂടെ ബിജെപി –ആർഎസ്എസ് നേതൃത്വം ചെയ്തിരിക്കുന്നത്. ഇതിനെതിരെ ജനാധിപത്യവാദികളുടെ പ്രതിരോധവും പ്രതിഷേധവും ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 12 =

Most Popular