അണയാത്ത കനലുകൾ |
രക്ഷിക്കാൻ ആരോ വന്നെത്തുമെന്ന വിശ്വാസത്തിന്റെ കപടകഞ്ചുകം കീറിയെറിഞ്ഞ്, അഗ്നിബാണങ്ങൾ നിറച്ച തൂണീരങ്ങൾ തൂലികകളിൽ ആവാഹിച്ച് സ്ത്രീകളെഴുതുമ്പോൾ കാലാകാലങ്ങളായവരെ അടച്ചിട്ട സമൂഹത്തിന് പൊള്ളലേൽക്കും. സ്വപ്നം കാണാൻ പഠിച്ചവൾ, സ്വാതന്ത്ര്യം കാംക്ഷിക്കുന്നവൾ, സ്വന്തം പാതകൾ സ്വയം നിർണയിക്കുന്നവൾ, അവളുടെ കവിതകളിൽ ഒടുങ്ങാത്ത തീക്കനൽ. ഊതിയുണർത്തിയും കെടാതെ കാത്തും കാലഘട്ടങ്ങളിലൂടെ മുന്നോട്ടുനീങ്ങുന്ന ഒടുങ്ങാത്തീക്കവിതകൾക്ക് താപവും തിളക്കവും പകരുകയാണ് പെണ്ണനുഭവങ്ങളുടെ തീക്ഷ്ണത. ആൺകാമനകളെ സാധൂകരിക്കുന്ന സൗന്ദര്യബോധങ്ങളിൽനിന്നല്ല, അടിച്ചമർത്തപ്പെടുന്ന ഒരു ജനതതിയുടെ സ്വാതന്ത്ര്യവാഞ്ഛയിൽനിന്ന് ഉടലെടുക്കുന്ന കവിതകളാണവ.
എം. ഒ രഘുനാഥ് സംശോധിച്ച് സമത പുറത്തിറക്കിയ ‘അണയാത്ത കനലുകൾ – ആഗോള പെൺകവിതകൾ’ എന്ന കവിതാസമാഹാരം ഇത്തരത്തിലൊരുപക്ഷേ, ആദ്യത്തേതായിരിക്കും. അമേരിക്ക, പാക്കിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, ക്യൂബ, ലാറ്റിനമേരിക്ക, ശ്രീലങ്ക, ഇറാക്ക്, വിയറ്റ്നാം, പാലസ്തീൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ കവികളുടെ രചനകളുടെ മലയാള പരിഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം 30 കവിതകളുടെ സമാഹാരമാണ്. കവികളുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ലഘുവിവരണവും പരിഭാഷകരെ സംബന്ധിച്ചുള്ള വിവരങ്ങളും അതാത് കവിതകളോടൊപ്പം സമാഹാരത്തിൽ ചേർത്തിരിക്കുന്നു.
മായാ ആഞ്ജലുവിന്റെ ഏറെ പ്രസിദ്ധിയാർജിച്ച Still I Rise എന്ന കവിതയുടെ വിവർത്തനമാണ് സമാഹാരത്തിൽ ആദ്യം.
രാത്രിയുടെ ഭീതിയും ഭീകരതയും വിട്ട്
ഒരു തെളിഞ്ഞ പുലരിയിലേക്ക്
ഞാൻ കൺമിഴിക്കും.
പൂർവികരുടെ വരപ്രസാദത്തോടെ
അടിമയുടെ സ്വപ്നവും പ്രതീക്ഷയുമായി
ഞാനുയരും
ഞാനുയരും
ഞാൻ ഉയിർത്തെണീക്കും.
ആ കവിത ഇങ്ങനെ അവസാനിക്കുമ്പോൾ അത് ആരംഭമാണെന്ന് ആർക്കാണ് വായിക്കാതിരിക്കാനാവുക! അത് ഒരു തുടർച്ചയുംകൂടിയാണ്. അനേക കാലങ്ങളായിട്ടുള്ള പോരാട്ടങ്ങളുടെ തുടർച്ച. മുമ്പേ നടന്നവരെ സ്മരിച്ചുകൊണ്ടും അവർ തന്ന വെളിച്ചത്തിന്റെ വീര്യമുൾക്കൊണ്ടുകൊണ്ടും ഉയിർത്തെഴുന്നേൽക്കുന്നവളുടെ ലക്ഷ്യം അവളൊരാളുടെ മാത്രം ഉയർച്ചയല്ല. തകരുന്ന, തളരുന്ന സ്ത്രീത്വത്തെ പ്രതീക്ഷിക്കുന്നവർക്കുമുന്നിൽ ചരിത്രത്തിന്റെ നാണക്കേടായ കുടിലുകളിൽനിന്ന്, വേദനയിൽ വേരുകളാഴ്ത്തിയ ഭൂതകാലത്തിൽനിന്ന് ആർത്തിരമ്പി ഉയരുന്നൊരു കരിങ്കടൽ കണക്കെ അവൾ ഉയിർത്തെഴുന്നേൽക്കുമ്പോൾ അതിൽനിന്ന് ആവേശവും ആശ്വാസവും പകർന്നെടുക്കുന്ന സ്ത്രീസമൂഹത്തിന്റെ ഉയർച്ചയാണത്. സ്ഥൂലശിലകളുടെ അപാരതയല്ലവൾ. നിലയ്ക്കാത്ത പ്രവാഹത്തിന്റെ അപ്രമേയതയാണവൾ.
എന്ത് ഞാൻ പറയണം
എനിക്ക് തേൻ
വിഷം പോലെയാണെന്ന സത്യമോ?
അഫ്ഗാൻ കവി നാദിയ അഞ്ജുമൻ തന്റെ കവിതയിൽ ചോദിക്കുന്നു.
സദാ മിടിക്കുന്ന എന്തോ ഒന്ന്
എന്റെ ഹൃദയമർമരമായി വെമ്പുന്നുണ്ട്.
നാദിയ തുടർന്നു പറയുന്നു. ഏതാണ് യഥാർഥത്തിൽ കവിതയുടെ ഭാഷ? ലോകത്തെവിടെയുമുള്ള സ്ത്രീകൾക്ക് മനസ്സിലാവുന്നതല്ലേ ആ വെമ്പൽ? അവരുടെ ഹൃദയഭാഷതന്നെയല്ലെ അത്?
ഏത് വിധത്തിലുമുള്ള
അലങ്കാരങ്ങളാൽ
കൃത്യമായൊരുക്കിയ പാവയായിരുന്നിട്ടും…!
അർദ്ധോക്തിയിൽ അവസാനിക്കുകയാണ് ഹീബ്രു കവി ഡാലിയ റവിക്കോവിച്ചിന്റെ ‘യന്ത്രപ്പാവ’ എന്ന കവിത. ഒരു നെടുവീർപ്പോടെ ആ അർദ്ധോക്തിയുടെ സാരം ഗ്രഹിക്കാൻ ലോകത്തുള്ള ഏതൊരു സ്ത്രീപ്പിറവിക്കും സാധിക്കും.
അനുഭവപരിസരങ്ങൾ വ്യത്യസ്തമായിരിക്കുമ്പോഴും രചയിതാക്കളിലും അനുവാചകരിലും ഉൾച്ചേർന്നിരിക്കുന്ന സമാനമായ ചിലതുകളാണ് ഈ കവിതകളെ ആഗോളമാക്കുന്നത്, ആഗോള പെൺകവിതകളാക്കുന്നത്. ‘ഞാൻ തനിച്ചല്ല’ എന്ന കവിതയിലൂടെ ഗബ്രിയേല മിസ്ട്രൽ എന്ന ലാറ്റിനമേരിക്കൻ കവി അത് ശരിവയ്ക്കുന്നു.
യുദ്ധത്തെ സംബന്ധിച്ച് തെരേസ മേ ചുകിന്റെ ‘ബോംബ് ഷെൽട്ടർ’ എന്ന വിയറ്റ്നാമീസ് കവിതയിൽ പറയുന്നത് നോക്കൂ:
യുദ്ധവിമാനങ്ങൾ വർഷിച്ച
ബോംബുകളും
അഗ്നിഗോളങ്ങളും
നിലവിളികളും
എന്റെ ഗർഭജലത്തിൽ
അടയാളങ്ങൾ പതിപ്പിച്ചിരുന്നു.
ആഗോള പെൺകവിതകൾ മനുഷ്യസമൂഹത്തിന്റെയാകെയും കവിതയാവുന്നു എന്ന തിരിച്ചറിവ് ഇത് അനുവാചകനിലുളവാക്കും. സമാഹാരത്തിലെ ഒടുവിലത്തെ കവിതയായ ‘സ്ത്രീകളിനിയും കാത്തുനിൽക്കില്ല’ എന്ന സ്റ്റെല്ല നിയാൻസിയുടെ ഉഗാണ്ടൻ കവിതയിൽ എത്തുമ്പോഴേക്കും സ്വയം നിർണയിക്കപ്പെടുന്ന സ്വന്തം വഴികളിലൂടെ മുന്നോട്ടുനീങ്ങാൻ തീരുമാനമെടുത്ത സ്ത്രീകളുടെ ഉറച്ച വാക്കുകളിലൂടെ രാഷ്ട്രങ്ങളും ഭാഷകളും രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചരിത്രവും വിശകലനം ചെയ്യപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും വിചാരണ ചെയ്യപ്പെടുന്നതും അനുവാചകർക്ക് അനുഭവവേദ്യമാകും.
ഉഷാകുമാരി ടീച്ചറുടെ നേതൃത്വത്തിലുള്ള സമത – എ കലക്ടീവ് ഫോർ ജെൻഡർ ജസ്റ്റിസ് പ്രസാധനരംഗത്ത് ഇന്ത്യയിലെതന്നെ ആദ്യത്തെ പെൺകൂട്ടായ്മയാണ്. ‘അണയാത്ത കനലുകൾ’ – ആഗോള പെൺകവിതകളുടെ സമാഹാരം പുറത്തിറക്കുന്നതിലൂടെ ഒരു ചരിത്രനിയോഗം കൂടി നിർവഹിക്കുകയാണവർ. എഡിറ്ററായി എം. ഒ രഘുനാഥും പ്രഗൽഭരായ ഒട്ടനവധി പരിഭാഷകരും ലിംഗവിവേചനത്തിനെതിരായുള്ള ഈ ഉദ്യമത്തിൽ ചേർന്നുനിൽക്കുന്നു. നീതിക്കുവേണ്ടി ശബ്ദമുയർത്തുന്ന ലോക പെൺകവിതകളിലൂടെ കടന്നുപോകുന്നവർക്ക് ചരിത്രത്താളുകളിൽ ഇടമില്ലാതാക്കപ്പെട്ട മനുഷ്യകുലത്തിലെ പാതിയുടെ കടലിരമ്പം പോലെയുള്ള പ്രതിഷേധസ്വരം കേൾക്കാതിരിക്കാനാവില്ല. അവയിലെ അഗ്നിത്തിളക്കം കാണാതിരിക്കാനാവില്ല. ആ പൊള്ളൽ അനുഭവിക്കാതിരിക്കാനാവില്ല. മനുഷ്യചരിത്രം അവരുടേതുമായിരുന്നു എന്നോർക്കാനും തിരുത്തലുകൾക്ക് തയ്യാറാവാനും ത്രാണിയുള്ളൊരു സമൂഹത്തിലേക്കുള്ള മുതൽക്കൂട്ടാവും ആഗോള പെൺകവിതകളുടെ ഈ സമാഹാരമെന്ന് നമുക്ക് പ്രത്യാശിക്കാം. ♦