Friday, April 19, 2024

ad

Homeചിത്രകലവൈവിധ്യമാർന്ന ശൈലീസങ്കേതങ്ങളുടെ വർണക്കാഴ്‌ച

വൈവിധ്യമാർന്ന ശൈലീസങ്കേതങ്ങളുടെ വർണക്കാഴ്‌ച

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ലയുടെ വിനിമയങ്ങളെ ഗൗരവമായി അഭിസംബോധന ചെയ്യുന്ന പുതിയകാല ചിത്രശിൽപകലാരംഗം സജീവമാവുകയാണ്‌. കോവിഡ്‌ മഹാമാരിയുടെ കാലത്തെ ഇരുണ്ട വർണക്കാഴ്‌ചകളിൽനിന്ന്‌ മാറി ആകർഷണീയമായ വർണാനുഭവങ്ങളിലൂടെ കല സാമാന്യജനങ്ങളിലേക്കിറങ്ങിച്ചെല്ലുകയും കേരളത്തിലുടനീളമുള്ള ഗ്യാലറികളും സാംസ്‌കാരിക സ്ഥാപനങ്ങളും വീണ്ടും ഉഷാറാവുകയും ചെയ്യുന്ന കാഴ്‌ചയും നമുക്കു മുന്നിലുണ്ട്‌. നവീനമായ ചിന്തയിലൂടെയും കാഴ്‌ചയിലൂടെയുമുള്ള കലാവിഷ്‌കാരങ്ങൾ ആസ്വാദകരുമായി രൂപകാത്മകമായ ബന്ധം സാധ്യമാക്കുന്ന കാലവുമാണിപ്പോൾ.

സംസ്ഥാനത്തെ നഗരങ്ങളിലെ ഗ്യാലറികളെല്ലാം തിരക്കിലാണ്‌‐ പ്രത്യേകിച്ച്‌, തിരുവനന്തപുരം നഗരത്തിൽ. ഏകാംഗ ചിത്രപ്രദർശനങ്ങളും കൂട്ടായ ചിത്രപ്രദർശനങ്ങളും നിരവധി സംഘടിപ്പിക്കപ്പെടുന്നുണ്ട്‌. അവയിലൊന്നാണ്‌ ശ്രദ്ധേയവും സവിശേഷവുമായ ടിന്റ്‌ അക്കാദമി ഓഫ്‌ ആർട്‌സ്‌ ഒരുക്കിയിട്ടുള്ളത്‌. വൈവിധ്യമാർന്ന വിപുലമായ ആശയപ്രചഞ്ചം ഒത്തുചേരുന്ന 150 കലാകാരരുടെ ഇരുനൂറോളം രചനകൾ. യഥാതഥമായ കാഴ്‌ചകൾക്കപ്പുറം അവ യാഥാർഥ്യത്തിന്റെ സൂചകങ്ങളാകുകയും, വർണങ്ങൾകൊണ്ട്‌ വാചാലമാവുകയും ചെയ്യുന്നു. പ്രകൃതിയും മനുഷ്യരും അതുമായി ചേർന്ന ആവിഷ്‌കാരങ്ങളും സമകാലികതയുടെ അടയാളപ്പെടുത്തലുകളാകുന്നു. അനുഷ്‌ഠാന കലാരൂപങ്ങളേയും സംസ്കാരത്തേയും ഉണർത്തുന്ന പ്രതീകങ്ങളുടൈ ദൃശ്യഭാഷയും ചില ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. പുതിയ കലാസങ്കേതങ്ങൾ ഉപയോഗിച്ചുള്ള അന്തർദേശീയ ശ്രദ്ധ നേടിയ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്‌.


‘പാദമുദ്രകൾ’ എന്ന്‌ പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദർശനത്തിൽ പേര്‌ സൂചിപ്പിക്കുന്നതുപോലെതന്നെ പോയകാലത്തെ അടയാളപ്പെടുത്തുന്ന പ്രമേയങ്ങളിലുള്ള ചിത്രങ്ങൾ കൂടിയുണ്ട്‌. ചിത്രകാരരുടെ മാതാപിതാക്കളുടെ ബാല്യകാലത്തെ മറക്കാനാവാത്ത അനുഭവമാണ്‌ ഒരുവിഭാഗം ചിത്രതലത്തിലാക്കുന്നതെങ്കിൽ മറ്റൊരു കൂട്ടർ മുത്തശ്ശനോ മുത്തശ്ശിയോ ഇഷ്ടപ്പെട്ടിരുന്ന വീട്ടിൽ ഉപയോഗിച്ചിരുന്നതുമായ ഒരു വസ്‌തുവാണ്‌ പെയിന്റിങ്ങാക്കിയത്‌. പല സാഹചര്യങ്ങളിലുമുള്ള കുട്ടിക്കാലങ്ങളുടെ ദൃശ്യബോധത്തിൽ നിന്നുണ്ടായ തോന്നലുകളാണ്‌ ചിത്രകലയിലെ അടിസ്ഥാനഘടകങ്ങളിലൂന്നിയുള്ള ചിട്ടകൾക്കുള്ളിൽനിന്ന്‌ ഇവർ ആവിഷ്‌കരിച്ചിട്ടുള്ളത്‌. നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെക്കുറിച്ചും മാനവികതാബോധത്തെക്കുറിച്ചുമുള്ള ഓർമപ്പെടുത്തലുകളാവുന്നു ഈ വിഭാഗം ചിത്രങ്ങൾ. ഒപ്പം പഴയകാലത്തെ സാമൂഹ്യപശ്ചാത്തലവും സാംസ്‌കാരിക പരിസരവും ചിത്രതലത്തിലാവാഹിക്കുന്നതുവഴി പുതിയ തലമുറയ്‌ക്ക്‌ വാക്കുകളിലൂടെ കേട്ടറിഞ്ഞ പഴയകാലത്തെ പഠിക്കാനും ആ അനുഭവങ്ങളിലൂടെ ‘സഞ്ചരിച്ചുകൊണ്ട്‌’ ദൃശ്യഭാഷയൊരുക്കാനും കഴിഞ്ഞിട്ടുണ്ട്‌. കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തിക്കൊണ്ട്‌ മൂർത്തവും അമൂർത്തവുമായ ആശയങ്ങൾ സ്വരൂപിച്ച നിരവധി ആകർഷകമായ ചിത്രങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുനിന്നുമായി 150 കലാകാരാണ്‌ പ്രദർശനത്തിൽ പങ്കെടുത്തത്‌. ഈ പ്രദർശനത്തിലെ രചനകൾക്ക്‌ നിലവാരത്തിനപ്പുറമുള്ള മാനവികതാബോധത്തിെന്റെ കൂട്ടുചേരലുണ്ട്‌, ദേശീയബോധമുണ്ട്‌. കലാവിദ്യാർഥികൾ മുതൽ അറുപതു വയസ്സുകഴിഞ്ഞവർ വരെ ഈ പ്രദർശനത്തിൽ പങ്കാളികളായി എന്നതിലും ടിന്റ്‌ അക്കാദമിക്ക്‌ അഭിമാനിക്കാം. ഒരാഴ്‌ച നീണ്ട ചിത്രകലാപ്രദർശനം കാണാൻ കലാസാംസ്‌കാരിക സാമൂഹ്യരംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു. ഓരോ പ്രദർശനവും വൈവിധ്യമാർന്ന വിഷയങ്ങൾകൊണ്ട്‌ സന്പന്നമാകാറുള്ള ടിന്റ്‌ അക്കാദമിയുടെ പതിനൊന്നാമത്‌ പ്രദർശനമാണ്‌ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകല അക്കാദമി ഗ്യാലറിയിൽ അരങ്ങേറിയത്‌‐ പാദമുദ്രകളിലൂടെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular