Saturday, April 20, 2024

ad

Homeനാടകംഅരങ്ങിലെ പെൺകാലങ്ങൾ

അരങ്ങിലെ പെൺകാലങ്ങൾ

ജിഷ അഭിനയ

ഴിഞ്ഞൊരരങ്ങിന്‌ കീഴിൽ ഓടിച്ചെല്ലുക, കണ്ണും കാതും കുളിർക്കെ ഉറക്കെയുറക്കെ വിളിച്ചുപറയുക, ഇതെന്റെയിടം… എന്റെ മാത്രമിടം. ഇവിടെ എനിക്ക്‌ പറയാനേറെ. മുന്നിലതാ വന്നുതുടങ്ങുന്നു.. പിന്നെ പിന്നെ തിങ്ങി നിറയുന്നു. ഞാനും നിങ്ങളും നമ്മളും നിറഞ്ഞ മറ്റൊരു ലോകം. മാറുന്ന കാണികൾ. മാറുന്ന കാഴ്‌ചകൾ. ആണെന്നും പെണ്ണെന്നുമില്ലാപോൽ… പറയുന്നതത്രയും പച്ച മനുഷ്യന്റെ നേരിൽ കൊരുത്ത പൊള്ളും വ്യഥ. പിന്നെയെങ്ങനെ അരങ്ങ്‌ വർത്തമാനങ്ങളുടെ ശബ്‌ദം ഉച്ചസ്ഥായിയിൽ കേൾക്കാതിരിക്കും. പിന്നെയാ പെൺവർത്തമാനങ്ങളും…

അരങ്ങും ജീവിതവും സമരമായ പെൺകാലങ്ങൾ. സഹനങ്ങളുടെ ഭാഷയിൽ ജീവിതക്കെടുതിയിൽ സ്വയം കരുത്താർജിച്ച പെണ്ണിന്റെ സമരം. വർത്തമാനകാലം അവളെ എങ്ങനെ തിരിഞ്ഞുനോക്കുന്നുവെന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്‌. വർത്തമാന അരങ്ങിലെ സ്‌ത്രീ സ്വതന്തമായ ഒരു യാത്രയിലാണെന്ന്‌ ഇനിയും തുറന്ന്‌ അവകാശപ്പെടാനാവുന്നില്ല. മാറിയ കാഴ്‌ചകൾ… പുതുപെൺകുട്ടികളുടെ കടന്നുവരവ്‌ എന്നിവയെല്ലാം എടുത്തുപറയേണ്ടതെങ്കിലും. എന്നാൽ ആ വഴികളിലേക്ക്‌ എത്തിപ്പെടാനുള്ള ദൂരം. അതത്രയൊന്നും സുഗമമായിരുന്നില്ല. അവളെ മാറ്റിനിർത്തി അവന്റെ മാത്രം ശബ്‌ദം ഉയർന്നുകേൾക്കുന്ന കാലം. നിലപാടുകളിൽ…. ഉറക്കെ ശബ്‌ദിക്കുന്നയിടങ്ങളിൽ നിന്നെല്ലാമുള്ള മാറ്റിനിർത്തപ്പെടലുകൾ… മറ്റെല്ലാ രംഗത്തേയുംപോലെ അരങ്ങിനേയും ബാധിച്ചുവെന്നതാണ്‌ യാഥാർഥ്യം. ഇവിടെയാണ്‌ നാം കണ്ണും കാതും തുറന്നൊരരങ്ങിനെ കൂടുതൽ കാണേണ്ടത്‌. ഇവിടെ നമ്മൾ ഇന്നും ഇപ്പോഴും അടുക്കളയിൽ നിന്നും അരങ്ങത്തേക്കും , മറിയാമ്മ നാടകവും മാത്രം ചർച്ചചെയ്യുന്ന ആലസ്യത്തിലാണ്‌. 1890 ൽ കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ അജ്‌ഞാതവാസംപോലെ ഇന്നും അജ്‌ഞാത വാസത്തിലാണ്‌ അരങ്ങിലെ ഒരു കൂട്ടം പെണ്ണുങ്ങൾ. അരങ്ങിലെ സ്‌ത്രീയെ എവിടെയാണ്‌ രേഖപ്പെടുത്തുന്നത്‌ എന്നും ഓർമ്മിക്കണം. നടിയെന്ന ഘടന മാറിയാൽ അസംതൃപ്‌തരാകുന്ന സമൂഹമാണ്‌ ഇന്നും.

വർത്തമാനകാല അരങ്ങിലെ പെണ്ണെന്നാൽ കേവലം ശരീരം മാത്രമല്ല; വ്യക്തിയെന്ന തിരിച്ചറിവിൽ അവൾ സ്വതന്ത്ര യാത്ര തുടരുന്നു. ഏതു അടിച്ചമർത്തലുകൾക്കു മീതെയും പ്രശ്‌നങ്ങൾക്ക്‌ നേരെയും വിരൽ ചൂണ്ടാനും നിവർന്നുനിൽക്കാനും അവളെ പ്രാപ്‌തയാക്കിയ ആത്‌മബോധം, അതാണ്‌ അവൾക്ക്‌ അരങ്ങ്‌ പകർന്നുനൽകിയ ഊർജം. ജീവിതവഴിയിൽ വെളിച്ചമാവാൻ അവളെ പ്രാപ്‌തയാക്കുന്നതും ഇതേ അരങ്ങിൻ വെട്ടം.

നാടകങ്ങളോടുള്ള സമീപനങ്ങളിൽ, ചിന്തകളിൽ എല്ലാം പുരുഷനൊപ്പം സ്‌ത്രീയും കൂടിച്ചേരുന്നുവെങ്കിലും എവിടെയൊക്കെയോ നഷ്‌ടമാവുന്ന… ബോധപൂർവം കൂട്ടിച്ചേർക്കാൻ താൽപ്പര്യപ്പെടാത്ത ആൺസമീപനങ്ങളുടെ ആകെത്തുകയാണ്‌ ഇത്തരം നിരാസങ്ങളുമെന്നതാണ്‌ യാഥാർഥ്യം. പാട്രിയാർക്കി എന്ന വാക്കിനെ മനോഹരമായ അവസ്ഥയാക്കി മാറ്റി അരങ്ങിലും ചിത്രീകരിക്കുക. അതാണ്‌ കണ്ടുവരുന്നത്‌.

സാംസ്‌കാരിക പരിവർത്തനത്തിന്റെ ആണിക്കല്ലെന്ന്‌ ഉറച്ചുവിശ്വസിക്കുന്ന വിഭാഗം സ്‌ത്രീകളാണ്‌. എന്നാൽ ഇത്തരം മാറ്റി നിർത്തപ്പെടലുകൾ.. അവഗണനകൾ.. അത്‌ ബാധിക്കുന്ന മൊത്തം സമൂഹം അതിന്റെ ഇരകളായി മാറുകയാണ്‌.


അന്നൊരിക്കൽ അവർ…

വർത്തമാന അരങ്ങിലെ സ്‌ത്രീയെ കഴിഞ്ഞ അധ്യായങ്ങളിൽ എപ്രകാരം രേഖപ്പെടുത്തുന്നു എന്നുകൂടി ഓർമ്മിക്കണം. ബ്രഹ്‌മാവിന്റെ മാനസപുത്രികളായ അപ്‌സരസുകളാണ്‌ നാടകത്തിലെ ആദ്യ സ്‌ത്രീകൾ എന്നു പറയുന്നു. പിന്നീട്‌ നടന കുലം, ഗണിക, സ്‌ത്രീ നാടക സംഘം എന്നിങ്ങനേയും രേഖപ്പെടുത്തുന്നു. രാമായണത്തിൽ വധൂ നാടക സംഘം എന്ന പരാമർശവുമുണ്ട്‌. എട്ടാം നൂറ്റാണ്ടിലെ കുട്ടനീമതത്തിൽ രത്‌നാവലി നാടകത്തിൽ പുരുഷവേഷം അഭിനയിച്ചത്‌ സ്‌ത്രീകളായിരുന്നുവെന്നും പറയുന്നു. 8-12 നൂറ്റാണ്ടിൽ രണ്ടാം ചേരസാരമ്രാജ്യകാലത്ത്‌ ക്ലാസിക്കൽ കലകൾ പിറവിയെടുക്കുന്നു. ചേരചക്രവർത്തി കുലശേഖരൻ രചിച്ച രണ്ട്‌ നാടകങ്ങൾ ശൃംഗാരപ്രധാനമായിരുന്നു. നായികമാർക്ക്‌ ആകെക്കൂടി രതിയുടെ ഛായയും പകർന്ന്‌ അവതരിപ്പിക്കുന്നു. 12–-ാം നൂറ്റാണ്ടിലെ കൂടിയാട്ടം, ഇവിടെ സ്‌ത്രീയും പുരുഷനും തുല്യവേഷങ്ങളുണ്ടായിട്ടും സ്‌ത്രീ പതുക്കെ പതുക്കെ അരങ്ങിൽ നിന്നും പിന്തള്ളപ്പെടുകയായിരുന്നുവെന്ന്‌ ഈ രംഗത്തെ സ്‌ത്രീകൾ പറയുന്നു. തുടർന്ന്‌ ലൈംഗിക അരാജകത്വത്തിന്റെ നിഴൽ പ്രതിഫലിപ്പിക്കുന്നവയായിരുന്നു അച്ചീചരിതങ്ങൾ. ചേര സാമ്രാജ്യത്തിന്റെ പതനശേഷം സമൂഹത്തിലുണ്ടാക്കിയ ചേരിതിരിവുകളാണിതിന്‌ കാരണമായത്‌.

കൂടിയാട്ടത്തെ തുടർന്നുള്ള രാമനാട്ടവും സ്‌ത്രീയെ തമസ്‌ക്കരിക്കുന്നതായിരുന്നു. പൊതുവേ ക്ലാസിക്കൽ കലകളിൽ നിന്നെല്ലാം സ്‌ത്രീയെ മാറ്റിനിർത്തുന്ന കാഴ്‌ചയായിരുന്നു. അതേ സമയം സ്‌ത്രീയെ ശരീരം എന്ന നിലയിൽ കാഴ്‌ചയിൽ ആനന്ദം പകരുന്ന വിധം മാറ്റിയെടുക്കുന്ന പുരുഷനിർമിതമായ ഇടപെടലുകളും കാണാം. 1882ൽ ആരംഭിക്കുന്ന മലയാള നാടകചരിത്രം. തമിഴ്‌നാടകത്തിന്റേയും സംസ്‌കൃത നാടകത്തിന്റേയും തളർച്ചയിൽനിന്നും വളർച്ചയിൽനിന്നും മലയാളനാടകവേദി അതിന്റെ ശൈശവം പിന്നിട്ടെത്തുമ്പോൾ ഏറ്റെടുക്കാൻ വലിയ സദസ്സ്‌ മുന്നിലുണ്ടായിരുന്നു. കൊച്ചീപ്പൻ തരകന്റെ ‘മറിയാമ്മ’ നാടകംപോലും അമ്മായിയമ്മ പോരിനെ ആസ്‌പദമാക്കിയാണ്‌. അതായത്‌, സ്‌ത്രീയിലൂടെ കുടുംബത്തിനകത്തെ ചിത്രം ലളിതമായി അവതരിപ്പിക്കുക. മുൻഷി രാമക്കുറുപ്പിന്റെ ചക്കീചങ്കരം, ചാത്തുക്കുട്ടിമന്നാടിയാരുടെ ജാനകീപരിണയം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ വിക്രമോർവശീയം, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ആശ്ചര്യചൂഡാമണി, തുടങ്ങിയ പരിഭാഷകളും ആസ്വാദകരിൽ ഇടം നേടിയ കാലം. തമിഴ്‌നാടകങ്ങളിൽ സ്‌ത്രീകൾ അരങ്ങിലെത്തിയപ്പോഴും കേരളത്തിൽനിന്നുള്ള സ്‌ത്രീകൾ അഭിമാനബോധത്തോടെ അഭിനയരംഗത്തെത്തിയില്ല. പിന്നീട്‌ വർക്കല അമ്മുക്കുട്ടി എന്ന നടി അരങ്ങിലെത്തിയതായി പഠനങ്ങൾ വ്യക്തമാക്കുന്നു. തുടർന്നാണ്‌ പള്ളുരുത്തി ലക്ഷ്‌മി, സികെ രാജം, ശിവാനിക്കുട്ടി എന്നിവർ അരങ്ങിലെത്തിയത്‌.

ക്രിസ്‌ത്യാനികൾ നാടകം കാണരുതെന്ന്‌ വിലക്കപ്പെട്ട കാലത്താണ്‌ പിജെ ചെറിയാൻ പെൺമക്കളെക്കൂടി അഭിനയരംഗത്തേക്ക്‌ കൊണ്ടുവരുന്നത്‌. നിർഭാഗ്യവശാൽ, ഈ നടിമാരെ രേഖപ്പെടുത്തിവെച്ചിട്ടില്ല.

സി എ സീതാലക്ഷ്‌മി, ചെറുകോൽ പി എസ്‌ ദേവകി, മാവേലിക്കര കമലം, സി കെ രാജം, കുമരകം കമലം (1921), എസ്‌ ആർ പങ്കജം, സെബീന റാഫി (1924), ഓമല്ലൂർ ചെല്ലമ്മ, അമ്പലപ്പുഴ കമലമ്മ, പി കെ കമലാക്ഷി, സി എസ്‌ രാധാദേവി, അടൂർ പങ്കജം, കോഴിക്കോട്‌ ശാന്താദേവി, അമ്പലപ്പുഴ സിസ്‌റ്റേഴ്‌സ്‌ –- മീനാക്ഷിയമ്മ, രാജമ്മ. നിലമ്പൂർ ആയിഷ, ബിയാട്രീസ്‌, ആറന്മുള പൊന്നമ്മ ഇങ്ങനെ നീളുന്നു ഇന്നലെകളിലെ ആ പെൺതാരങ്ങൾ. 1892ൽ കൊച്ചീപ്പൻ തരകന്റെ മറിയാമ്മ നാടകം, 1930ൽ വി ടിയുടെ അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌, 1931ൽ എംആർബിയുടെ മറക്കുടക്കുള്ളിലെ മഹാനരകം, 1937ൽ കെ ദാമോദരന്റെ പാട്ടബാക്കി, 1938ൽ എം പി ഭട്ടതിരിപ്പാടിന്റെ ഋതുമതി, 1948ൽ ഇടശേരിയുടെ കൂട്ടുകൃഷി എന്നീ നാടകങ്ങളെല്ലാം പെൺചിന്തകളെ ഉൾക്കൊള്ളുന്നവയായിരുന്നു.

നിഷേധിയുടെ കുറിപ്പുകൾ
അരങ്ങിന്റെ അധികാരിയായി എക്കാലവും പുരുഷനായി മാത്രമിരിക്കാനാണ്‌ ഇന്നും ശ്രമം. അരങ്ങിന്റെ അധികാരി അഥവാ സംവിധായകൻ. വീടിന്റെ അധികാരി കുടുംബത്തിന്റെ ഉമ്മറക്കോലായയിൽ എപ്രകാരമാണോ ചാരുകസേരയിൽ ഇരിക്കുന്നത്‌ അതേപടി അരങ്ങിന്റെ അധികാരിയായ സംവിധായകൻ അരങ്ങിനെ നിയന്ത്രിക്കുന്നു. വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ഘടനയുടെ പൊളിച്ചുമാറ്റൽ, അതിന്‌ ലഭിക്കുന്ന അസ്വീകാര്യത, ഏറെയാണ്‌.

നിഷേധത്തിന്റെ ശബ്‌ദം ഉയർന്നപ്പോൾ പതിതൻ കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽ ആടിയും പാടിയും നാടകം കളിച്ചു. മതപ്രചാരണത്തെ ലക്ഷ്യമാക്കി ചവിട്ടുനാടകങ്ങളും അതിന്റെ തുടർച്ചയായെത്തി. തമിഴ്‌ നാടകസംസ്‌കാരം വലിയ രീതിയിൽ തന്നെ സ്വാധീനിച്ചു. ‘സംഗീതവും സ്‌ത്രീയും’ എന്നതായിരുന്നു ഇതിന്റെ ആകർഷണീയതയായി എടുത്തുപറഞ്ഞിരുന്നത്‌.

കാലം പിന്നിട്ടപ്പോൾ നാടകം നവോത്ഥാനത്തിന്റെ ചൂണ്ടുപലകയായി. അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌, പാട്ടബാക്കി, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി തുടങ്ങിയ നാടകങ്ങൾ ഒരു കാലത്തിനൊന്നാകെ വെളിച്ചം പകർന്നു. സാംസ്‌കാരിക രാഷ്‌ട്രീയ മാനങ്ങൾ നൽകാൻ നാടകങ്ങളിലൂടെ സ്‌ത്രീക്ക്‌ സാധ്യമായി. 19 –-ാം നൂറ്റാണ്ടിലെ സ്‌ത്രീ പുതിയ ഇടങ്ങൾ നേടിത്തുടങ്ങിയെന്ന്‌ പറയാമെങ്കിലും കല ഇന്നും സ്‌ത്രീക്ക്‌ സമരംതന്നെ, എന്നാൽ അതൊരിക്കലും ‘ജെൻഡർ വാർ’ അല്ല, അടയാളപ്പെടുത്തലാണ്‌. സഫ്‌ദർ ഹാഷ്‌മിയിൽ തുടങ്ങി ഗൗരി ലങ്കേഷിലൂടെ തുടരുന്ന നിശബ്ദമാക്കപ്പെടലുകൾ, അക്ഷരങ്ങളെയും അരങ്ങിനെയും ഭയക്കുന്ന ഭരണകൂടം, അവർ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്‌ത്രങ്ങൾ. ജാതിയുടെ പേരിൽ ബലാത്സംഗം ചെയ്യപ്പെട്ട്‌ കൊല്ലപ്പെടുന്നവർ.

പരിമിതികളേറെയുണ്ടെങ്കിലും വർത്തമാന മലയാള സ്‌ത്രീനാടകവേദി അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു. സജിത മഠത്തിൽ, ശ്രീജ ആറങ്ങോട്ടുകര, ശൈലജ, രജിത മധു, നജ്‌മുൽ ഷാഹി , സുധി, രാജരാജേശ്വരി, ശ്രീലത, എൻ എസ്‌ താര, സുരഭി എന്നിങ്ങനെ ഒരു കൂട്ടം സ്‌ത്രീ നാടകപ്രവർത്തകർ .
അരങ്ങിലെ സ്‌ത്രീകൾ കൃത്യമായ സാമൂഹ്യ രാഷ്‌ട്രീയ ബോധത്തോടെയാണ്‌ ഓരോ വാക്കും ഉരുവിടുന്നത്‌. ഓരോ ചുവടും മുന്നോട്ടുവെക്കുന്നത്‌. നടി എന്നതിനപ്പുറം സ്‌ത്രീയെ കൂടുതൽ ആത്‌മബോധമുള്ളവളാക്കുന്നു. നാടകത്തിന്റെ പൊലിമ കൂട്ടാനുള്ള കാഴ്‌ചവസ്‌തുവിൽനിന്നും ഇന്നവൾ ഏറെ മാറി. സ്വന്തമായി ചിന്തിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്നു. സാങ്കേതികതയിലധിഷ്‌ഠിതമായ രംഗവിന്യാസങ്ങളിലൂടെയാണ്‌ വർത്തമാനനാടകത്തിന്റെ സഞ്ചാരം. അവിടെ ശരീരമല്ല, ചിന്തയുടെ രാഷ്‌ട്രീയമാണ്‌ അരങ്ങിനാവശ്യം.

1940 കളിൽ ആലപ്പുഴയിലെ തൊഴിലാളി സാംസ്‌കാരിക കേന്ദ്രത്തിന്‌ കമ്യൂണിസ്‌റ്റ്‌ പാർടി രൂപം നൽകിയപ്പോൾ നിരവധി സ്‌ത്രീകൾ അതിൽ അണിചേർന്നു. ആശയപരമായ അടിത്തറയിൽ നിന്നുകൊണ്ടവർ ചരിത്രപരമായ പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചു. പികെ മേദിനിയും അനസൂയയുമെല്ലാം നാം ഓർമ്മിക്കുന്നവർ. തുടർന്ന്‌ കെപിഎസിയും അതിലൂടെ കടന്നുവന്ന നിരവധി സ്‌ത്രീകളും അരങ്ങിലൂടെ കരുത്തരായി. 1940ൽ പണിയെടുക്കുന്ന പെണ്ണുങ്ങൾ ഒന്നുചേർന്ന്‌ അവരെക്കുറിച്ചു പറഞ്ഞ ‘തൊഴിൽകേന്ദ്രത്തിലേക്ക്‌’ എന്ന നാടകം ഇന്നും ഒരു പഠന ഗ്രന്ഥമാണ്‌. 1970 കളിലാകട്ടെ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ സ്‌ത്രീകൾ സജീവമായിരുന്നു. കെ ജെ ബേബിയുടെ ‘നാടുഗദ്ദിക’ യിലൂടെ നിരവധി ആദിവാസി പെൺകുട്ടികൾ അരങ്ങിലെത്തി. 1980 കളിൽ നിരവധി സ്‌ത്രീ നാടക കൂട്ടായ്‌മകൾക്ക്‌ കേരളം സാക്ഷ്യം വഹിച്ചു. 1986ൽ പട്ടാമ്പി സംസ്‌കൃത കോളേജിലെ ‘മാനുഷി’ നിരവധി സ്‌ത്രീ വിഷയങ്ങളെ ഉയർത്തിക്കാട്ടിയുള്ള നാടകങ്ങൾ അരങ്ങിലെത്തിച്ചു.

തൃശൂരിലെ സമതയും അതിന്റെ സാരഥി പ്രൊഫ. ടി എ ഉഷാകുമാരിയും ഈ രംഗത്ത്‌ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ചു. 1988ൽ കോലഴിയിൽ നടത്തിയ ദശദിന സംസ്ഥാന നാടകപഠനകളരി സ്‌ത്രീപക്ഷ ചിന്തകൾക്ക്‌ കൂടുതൽ കരുത്തേകുന്നതായിരുന്നു. 1989 ഒക്‌ടോബറിൽ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ വനിതാകലാജാഥ സംഘടിപ്പിച്ചു. 1990ൽ സാക്ഷരത ലക്ഷ്യമാക്കി 15 ഓളം കലാസംഘങ്ങൾ 200ലേറെ കലാകാരികളുമായ്‌ നാടകം അവതരിപ്പിച്ചു. 1992 ഡിസംബറിൽ കൂത്താട്ടുകുളത്ത്‌ സ്‌ത്രീ നാടക ക്യാമ്പ്‌ അരങ്ങിലെ സ്‌ത്രീയെ കൂടുതൽ കരുത്തുള്ളവളാക്കി. 1996 ൽ അഭിനേത്രി അവതരിപ്പിച്ച ‘ എന്റെ ശരീരം എന്റേത്‌’ എന്ന തെരുവുനാടകം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

1998ലെ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സ്‌ത്രീ നാടകപണിപ്പുരയും ഏറെ ശ്രദ്ധ നേടി. തിരുവനന്തപുരം നിരീക്ഷ സ്ത്രീ നാടകവേദി 2022 ഡിസംബർ 23, 24, 25 തിയതികളിൽ സംഘടിപ്പിച്ച ദേശീയ സ്ത്രീ നാടകോത്സവം ഏറെ ജനശ്രദ്ധ നേടി. സുധി ദേവയാനി, രാജരാജേശ്വരി എന്നിവർക്കൊപ്പം സുഹൃത്തുക്കളും കൈകോർത്തപ്പോൾ ചരിത്രത്തിലേക്ക്‌ ഒരു പുത്തനേടും തുന്നിച്ചേർക്കപ്പെട്ടു. തലസ്ഥാനത്ത് ആദ്യമായി നടന്ന ദേശീയ സ്ത്രീ നാടകോത്സവത്തിൽ കേരളത്തിനകത്തും പുറത്തുമായുള്ള 14 സ്ത്രീ സംവിധായകരുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്.

എന്നാൽ ഇത്തരത്തിൽ മറ്റു സ്‌ത്രീ നാടകോത്സവങ്ങൾ കേരളത്തിൽ ഉണ്ടാവുന്നില്ലെന്നതാണ്‌ ഖേദകരമായ സത്യം. സ്‌ത്രീകൾക്കായി ഒരു നാടകപണിപ്പുര സംഘടിപ്പിക്കാൻ മറ്റു സംവിധാനങ്ങൾ മുന്നോട്ടുവരുന്നില്ലെന്ന യാഥാർഥ്യം വർത്തമാന അരങ്ങിലെ സ്‌ത്രീയോടുള്ള സമീപനങ്ങളിൽ വ്യക്തമാവുന്നു.


ബദൽ അരങ്ങും ആശയവും

പെണ്ണരങ്ങ്‌ എന്ന ലിംഗാധിഷ്‌ഠിത കാഴ്‌ചപ്പാടിനുപുറത്താണ്‌ വർത്തമാനകാല അരങ്ങിലെ സ്‌ത്രീ. ബഹുഭൂരിപക്ഷം കലാകാരികളും പെൺനാടകമെന്ന വട്ടത്തെ മുറിച്ചുകടക്കുന്നു.

സർഗാത്‌മകത പ്രദർശിപ്പിക്കാൻമാത്രം ഒരിടം എന്ന നിലയിൽ സ്‌ത്രീകൾ പൂർണ അർഥത്തിൽ നാടകത്തെ കാണുന്നില്ല. ഉപജീവനമാർഗം, അല്ലെങ്കിൽ നാടകത്തോടുള്ള ഇഷ്‌ടം. അതുമല്ലെങ്കിൽ കുടുംബപരമായി തുടരുന്ന നാടകം. അരങ്ങിൽ കലാപം സൃഷ്ടിക്കുന്നവർക്ക്‌ നേരിടേണ്ടിവരുന്ന ആക്രമണങ്ങൾ, പുരോഗമനപരമെന്ന്‌ നാം ചിന്തിക്കുന്ന ചില കോണുകളിൽനിന്നുപോലും ഉണ്ടാവുന്നു എന്നതും വേദാനാജനകമാണ്‌.

ബദൽ അരങ്ങുകൾ രൂപപ്പെടുന്നതും കൂട്ടിച്ചേർക്കാതെ വയ്യ. കുടുംബസ്‌ത്രീയിൽനിന്നും കുടുംബ ‘ശ്രീ’ ആയി മാറിയ കേരളത്തിന്റെ പെൺപടയാണ്‌ അതിന്‌ നേതൃത്വം. രംഗശ്രീ എന്ന പേരിലുള്ള കമ്യൂണിറ്റി തീയേറ്റർ എന്ന ആശയം തീർച്ചയായും, വലിയ മാറ്റത്തിന്റെ ശബ്ദമാണ്‌.

1978ൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിലെ ആദ്യബാച്ച്‌ മുതൽ പെൺകുട്ടികളുടെ എണ്ണത്തിലുണ്ടായിരുന്ന കുറവ്‌ ഇന്നേറെ മാറി. രചന, സംവിധാനം, ദീപവിതാനം, രംഗവിതാനം എന്നിങ്ങനെ എല്ലാ രംഗവും പഠനവിധേയമാക്കാൻ സ്‌ത്രീകൾ താൽപ്പര്യപ്പെടുന്നു. എന്നാൽ അവരെ അതെല്ലാം പൂർണ്ണമായി ഏൽപ്പിക്കാൻ വിമുഖത കാട്ടുന്ന പുരുഷബോധം, അത്‌ സ്‌ത്രീയിലുള്ള അവന്റെ ആത്‌മവിശ്വാസക്കുറവിന്റെ അടയാളമാണ്‌. 1930 കളിലാണ്‌ തൊഴിൽ എന്ന നിലയിലേക്ക്‌ നാടകത്തെ സ്‌ത്രീകൾ സമീപിച്ചുതുടങ്ങിയത്‌. നാടകം തൊഴിലായി സ്വീകരിച്ച നിരവധിപേർ നമുക്കിടയിലുണ്ട്‌. ഇന്നും ഭൂരിഭാഗം പേർക്കും 500 രൂപയാണ്‌ ഓരോ സ്‌റ്റേജിലും ലഭിക്കുന്നത്‌.

പൊരുതിനേടിയ നാളുകൾ
നിരന്തര പോരാട്ടമാണ്‌ ഓരോ പെൺജീവിതവും.സമരമുഖങ്ങളിലെ പെൺകരുത്തിൽ ഇന്നവൾ മുന്നോട്ടുവെക്കുന്ന വലിയ ആശയങ്ങളുണ്ട്‌, പങ്കുവെക്കലുണ്ട്‌, കൂട്ടിച്ചേർക്കലുണ്ട്‌. ഈ നാടിന്റെ വികസനത്തിൽ എന്റെ പങ്കെന്ത്‌, എന്നുകൂടി ചിന്തിക്കാൻ ഓരോ സ്‌ത്രീയെയും കരുത്തയാക്കുന്നതും ഇതേ ഉത്തരവാദിത്തബോധം. രാഷ്‌ട്രീയമെന്നാൽ ആണുങ്ങൾ സംസാരിക്കേണ്ടതാണെന്നും അതിലൊന്നും താൽപ്പര്യമില്ലെന്നും പറഞ്ഞ്‌ മാറിനടന്ന സ്‌ത്രീകൾ ഒരു തലമുറയ്‌ക്കപ്പുറംപോലുമുണ്ടായിരുന്നു. എന്നാൽ ഇന്ന്‌ ആ ചിന്തയിൽപോലും വന്ന വലിയ മാറ്റം കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. അത്രമേൽ കഠിനമായ വഴികൾ താണ്ടിയാണ്‌ ഇന്നിന്റെ പെണ്ണുങ്ങൾ നാടകക്കോലായയിൽ എത്തിനിൽക്കുന്നത്‌.

നല്ല നാടകക്കാലം
അടുത്തിടെ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്‌ ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയായ “കക്കുകളി’ ആസ്‌പദമാക്കി തയ്യാറാക്കിയ നാടകം. കീഴാള സമൂഹത്തിന്റെ ജീവിതം പെൺകാലങ്ങളിലൂടെ വരച്ചുകാട്ടുകയാണ്‌ നൊറോണ. മത പൗരോഹിത്യ സംവിധാനങ്ങളുടെ ഇരുണ്ട കാഴ്‌ചകളിലേക്കാണ്‌ നാടകം വഴിതെളിക്കുന്നത്‌. കടലോരത്തെ ദരിദ്രകുടുംബത്തിൽ നിന്ന് മഠത്തിലേക്ക് പോകേണ്ടിവന്ന നടാലിയയാണ് കഥയിലെ കേന്ദ്രം. മത പൗരോഹിത്യമേധാവിത്വത്തെ പ്രതിരോധിക്കാനുള്ള ഒറ്റപ്പെട്ട ചില ശബ്‌ദം. ആലപ്പുഴ പുന്നപ്രയിലെ പബ്ലിക് ലൈബ്രറി നെയ്തൽ നാടക സംഘമാണ്‌ കക്കുകളി അരങ്ങിലെത്തിച്ചത്‌. ഈ നാടകം മതത്തിന്‌ എതിരല്ല മറിച്ച്‌ മത പൗരോഹിത്യം മുന്നോട്ടുവെക്കുന്ന ദുഷ്‌ചിന്തകൾക്കെതിരെയാണ്‌.

തീണ്ടാരി ചോരയാൽ 
ചുവന്നൊരരങ്ങ്‌
‘എത്രാമത്തെ വയസ്സിലാണ് നിങ്ങളുടെ സമ്മതമില്ലാതെ ഒരാള്‍ ശരീരത്തില്‍ തൊട്ടത്? സ്വപ്നത്തിൽ ആ കൈകൾ നിങ്ങളുടെ ഉറക്കം കെടുത്തിയിട്ടുണ്ടോ? നാപ്കിന്‍ വാങ്ങുമ്പോള്‍ നിങ്ങൾ എന്തിനാണ് അത് കടലാസില്‍ മറച്ചു പിടിച്ചുകൊണ്ട് പോകുന്നത്….?തീണ്ടാരി ചോര വീണ് നനഞ്ഞ വഴിയിൽ നിന്ന് ഉച്ചത്തിൽ ഉയരുന്ന ചോദ്യങ്ങൾകൊണ്ട് സമൂഹമനസാക്ഷിയെ പൊള്ളിക്കുന്ന “തീണ്ടാരിപ്പച്ച’ നാടകം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ശ്രീജിത്ത് രമണൻ സംവിധാനവും എമിൽ മാധവി ഡ്രാമാറ്റർജിയും നിർവ്വഹിച്ച നാടകം കൊല്ലം, നീരാവിൽ പ്രകാശ് കലാകേന്ദ്രമാണ്‌ അരങ്ങിലെത്തിച്ചത്‌. തീണ്ടാരിപ്പേടിയുടെയും കുട്ടിക്കാലം മുതല്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗിക ചൂഷണത്തിന്റെയും ഉത്കണ്ഠകളും പെണ്ണനുഭവങ്ങളും പങ്കുവയ്‌ക്കുന്ന നാടകത്തിൽ വേഷമിടുന്നത് പ്രകാശ് കലാകേന്ദ്രത്തിലെ വനിതാ പ്രവർത്തകരാണ്. ആർത്തവം എന്ന ജൈവികപ്രക്രിയയെ പൊതുവേദിയിൽ നാടകത്തിലൂടെ ചർച്ച ചെയ്യുകയാണ് അവർ. ചുവന്ന കാലുള്ള പെണ്ണുങ്ങൾ.. എന്ന ഭാഗം മുതൽ അന്ന് നിങ്ങൾക്ക് എത്ര വയസ്സായിരുന്നു.. എന്ന അഞ്ചാംഭാഗംവരെ നീണ്ടുകിടക്കുന്ന പെണ്ണുങ്ങളുടെ ജീവിതയാത്രയാണ് നാടകം .

ഈ നാടകങ്ങളെല്ലാം ചില ഉദാഹരണങ്ങൾ മാത്രംമാണ്‌. എന്തെന്നാൽ നിരവധി പെൺകുട്ടികൾ നമുക്കിടയിലേക്ക്‌ അരങ്ങിലൂടെയെത്തുന്നു. വർത്തമാന വിഷയങ്ങളെ അവൾ അരങ്ങിലൂടെ വിശകലനം ചെയ്യുന്നു. രാജ്യത്ത്‌ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളുടെ, ഫാസിസ്‌റ്റുവിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപോരാളിയായി അവളുണ്ട്‌. നിയതമായ നിയമം തെറ്റിച്ച്‌ തെരുവിലിറങ്ങി നടന്നവൾ… ഇരുട്ടിനെ ഭയക്കാതെ സ്വയം തീയായ്‌ മാറിയവൾ. ചിന്തയും ദിശാബോധവുമുള്ള ഒരുകൂട്ടം പെണ്ണുങ്ങൾ കൂടുതൽ തല ഉയർത്തി പിന്നാലെ നടന്നെത്തുന്നുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + 20 =

Most Popular