Friday, December 13, 2024

ad

Homeനാടകംതുല്യതയ്ക്കായി നാടകം കളിക്കാം

തുല്യതയ്ക്കായി നാടകം കളിക്കാം

കല സാവിത്രി

തവും സ്ത്രീവിരുദ്ധതയും തുല്യശക്തികളായി നിന്ന് അധികാരം കയ്യാളുന്ന ലോകത്ത് തുല്യതയെ ഏതു പാത്രത്തിലാണ് നമുക്ക് വിളമ്പാനാവുക? കുടുംബത്തിൽ നിന്നാണത് സമൂഹത്തിലേക്ക് പടരേണ്ടത് എന്നു നാം കാലങ്ങളായി പ്രസംഗിക്കുന്നുണ്ട്. പക്ഷേ ഒന്നാലോചിച്ചാൽ മനസ്സിലാവും സമൂഹത്തിൽനിന്നും കുടുംബത്തിലെത്തേണ്ട അതിസൂക്ഷ്മമായ ഒരു പ്രതിരോധ വാക്സിനാണ് അത്. ജന്മനാ ലഭിക്കുന്ന ഒരു പ്രിവിലേജും ആരും സ്വമേധയാ വേണ്ടന്നുവയ്ക്കില്ല എന്നതാണ് സത്യം. വേണ്ടന്നുവച്ചിട്ടുണ്ട് എന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

താൻ തന്റെ വീട്ടിലെ സ്ത്രീകൾക്ക് ഒരു നിയന്ത്രണവും വയ്ക്കുന്നില്ല എന്നു പറയുന്ന പുരുഷനും തന്റെ ഭർത്താവ് തനിക്കെല്ലാ സ്വാതന്ത്ര്യവും തരുന്നുണ്ട് എന്നു പറയുന്ന സ്ത്രീയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ തന്നെ. സതി നിർത്തലാക്കിയപ്പോൾ പ്രതിഷേധിച്ചു തെരുവിലിറങ്ങിയവരുടെ പിൻതലമുറക്കാരാണവർ. ഇരുപത്തൊന്നാം നൂറ്റാണ്ടിലും, മനസ്സിൽ പതിനെട്ടാംനൂറ്റാണ്ട് സൂക്ഷിക്കുവോർ. നാടകങ്ങളെ അകറ്റിനിർത്തി ബാലേകളെ തിരിച്ചുവിളിക്കാൻ ശ്രമിക്കുവോർ. സർവ്വാഭരണവിഭൂഷിതരായ ദേവൻമാരും ദേവിമാരും അമ്പും ശൂലവും ഏന്തി ശത്രുനിഗ്രഹം നടത്തുന്നതും ശാപമോക്ഷം കൊടുക്കുന്നതുമൊക്കെ ഇനി കോമഡി സ്കിറ്റുകളുടെ തമാശരംഗങ്ങളല്ല, നാം സീരിയസ്സായി ക്ഷേത്രപരിപാടികളിലും പൊതുഇടങ്ങളിലും തുടർച്ചയായി കാണാൻ പോകുകയാണ്. അതിലേക്കുള്ള അണിയറനീക്കങ്ങൾ ശക്തമാകുന്നുണ്ട്. മഹാഭാരതവും ജയ് ഹനുമാനുമൊക്കെ നമ്മുടെ സ്വീകരണമുറിയിലെത്തി നമ്മളിലേക്ക് കടത്തിവിട്ട ഭക്തിയുടെ അജണ്ട അത്ര നിസ്സാരമായിരുന്നില്ല. അതേ രീതിയിലൊരു ലോങ് ടേം ഇൻവസ്റ്റ്മെൻറ് തന്നെയാണ് ബാലേകളെ തിരിച്ചുകൊണ്ടുവരുന്നതിലൂടെയും ലക്ഷ്യമിടുന്നത്. ഭക്തി, മതത്തിന്റെ ഉപോൽപ്പന്നമായതുകൊണ്ടുതന്നെ വലിയ അളവിൽ വോട്ടുബാങ്കുകൾ സൃഷ്ടിക്കാനേറ്റവും കൃത്യമായതും അതുതന്നെയാണ്. ഭയത്തിന്റെ അലങ്കരിച്ച വെർഷനാണല്ലോ ഭക്തി. ഭക്തരെന്നാൽ ഭയമുള്ളവർ എന്നുതന്നെ അർത്ഥം. ഭയമുള്ളവരെ അനുസരിപ്പിക്കൽ എളുപ്പമാണല്ലോ. ബാലേ സൃഷ്ടിക്കുന്ന മായികത കുട്ടികളായ പ്രേക്ഷകരെ വല്ലാതെ സ്വാധീനിക്കും. കൃത്യമായ വായനയിലൂടെയും സാമൂഹിക അന്തരീക്ഷത്തിലൂടെയുമല്ലാതെ ഈ സ്വാധീനത്തെ അവരിൽനിന്നും നീക്കംചെയ്യാനാവില്ല. ബാല്യത്തിൽ ക്ഷേത്രത്തിൽ കണ്ട വീരഭസ്മാസുര ബാലേ എന്നൊരു ബാലേയിലെ രംഗം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. തനിക്ക് കിട്ടിയ വരം, വരം നൽകിയ ശിവന്റെ തലയിൽ തന്നെ തൊട്ടു പരീക്ഷിക്കാൻ ശ്രമിക്കുന്ന ഭസ്മാസുരൻ. ഭയചകിതനായി ഓടുന്ന ശിവൻ. കാലങ്ങൾക്കു ശേഷവും ആ രംഗങ്ങൾ എന്റെ മനസ്സിൽ തെളിയുന്നുണ്ട്. വളരെ സാങ്കൽപ്പികമായ ഒരു കഥ, ചമയങ്ങളുടേയും വെളിച്ചത്തിന്റേയും ശബ്ദത്തിന്റേയും പിൻകർട്ടന്റേയും ഒക്കെ സഹായത്താൽ അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്ന ബാലേകളെല്ലാം പുരുഷകേന്ദ്രീകൃതങ്ങളായിരുന്നു. ആരവിടെ! നൃത്തം തുടങ്ങട്ടെ… എന്നാജ്ഞാപിക്കുന്ന രാജാക്കന്മാരും ദേവൻമാരുമൊക്കെയായിരുന്നു ബാലേകളിലെ താരങ്ങൾ.

കലകൊണ്ടെങ്ങനെ ഭക്തിയും സ്ത്രീവിരുദ്ധതയും ഒളിച്ചുകടത്തുന്നുവോ അതേപോലെ തന്നെ കല കൊണ്ട് തുല്യതയും ചിന്തിപ്പിക്കാനുതകുന്ന ശ്രമങ്ങളാണ് നമുക്കിനി അനിവാര്യം. അതിനുതകുന്ന ശക്തമായ ഒരു കലാരൂപമാണ് നാടകം. ഒരുപക്ഷേ അതിന്റെ ശക്തി കേരളത്തിനറിയാവുന്നതു പോലെ മറ്റാർക്കും അറിയുകയുമില്ല എന്നും പറയാം. അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെ ശക്തമായി നാടകം കളിച്ച് നാടിനെയാകെ ബോധവൽക്കരിച്ചതിന്റെ ഫലമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഉണ്ടായിവന്ന നാടാണിത്. സ്ത്രീപക്ഷ നാടകങ്ങളെന്ന ചട്ടക്കൂടിൽ വരുന്ന നാടകങ്ങളുണ്ടാവണമെന്നൊന്നും അല്ല ഞാനീ പറയുന്നത്. പൊതുവായി പറയുന്നതേ ഒരു പൊതുസമൂഹത്തിന്റെ മനോഭാവങ്ങളെ സ്വാധീനിക്കുകയുള്ളു. മഹാഭാരതം നാടകമാക്കിയ മഹാപ്രതിഭാശാലിയായ പീറ്റർ ബ്രൂക്കിനും ‘രാംലീല’യിൽ ഗവേഷണംചെയ്ത അമേരിക്കൻ നാടകസംവിധായകൻ റിച്ചാർഡ് ഷെഹ്നർക്കും ഇവയിലെ ഭക്തിയുടെ എലമന്റായിരുന്നില്ല നാടകത്തിന്റെ എലമെന്റായിരുന്നു പ്രചോദനമായത്. മാറ്റിനിർത്തി ചിന്തിപ്പിക്കുന്ന തരത്തിലുള്ള നമ്മുടെ അഭിനയപദ്ധതികളിൽ അവർ ആകൃഷ്ടരാവുകയും ചെയ്തിരുന്നു. മാറ്റിനിർത്തി ചിന്തിപ്പിക്കാൻ പ്രാപ്തമായ ഗംഭീര അഭിനയപദ്ധതികൾ സ്വന്തമായുള്ള നമുക്ക് നാടകമെന്ന ശക്തമായ കലയിലൂടെ അതിന് വഴിമരുന്നിടാനാവുന്നതേയുള്ളു. സ്ത്രീകൾ സ്ത്രീകൾക്കു വേണ്ടി എന്ന തരത്തിലൊന്നും അതിനെ വേർതിരിച്ചു കളയരുത്. നാടകം തുല്യതയ്ക്കുവേണ്ടി എന്ന പൊതുമാനമേ അതിനുണ്ടാകാവൂ.

വേർതിരിവ് വിവേചനമാകുമോ എന്ന തരത്തിൽ ചർച്ചകൾ ഏറെ കൊടുമ്പിരിക്കൊണ്ടിരിക്കുകയുമാണല്ലോ ഇപ്പോൾ. വെള്ളക്കാരനും കറുത്ത വർഗ്ഗക്കാരനും ട്രെയിനിൽ പ്രത്യേക കമ്പാർട്ടുമെന്റുകൾ നിഷ്കർഷിച്ചിട്ട്, തുല്യഎണ്ണം കമ്പാർട്ടുമെന്റുകൾ നൽകിയിട്ടുണ്ടല്ലോ! പിന്നെങ്ങനെ വിവേചനമാകും എന്നു ചിന്തിച്ച വെള്ളക്കാരുടെ അധീനതയിൽ കാലങ്ങളോളം കിടന്ന ഒരു രാജ്യമാണ് നമ്മുടേതെന്നും മറന്നു കൂടാ.

പെൺപള്ളിക്കൂടോം ആൺപള്ളിക്കൂടോം നമുക്കുണ്ട്. എന്തിനും ഏതിനും പെണ്ണിനും ആണിനും പ്രത്യേകം ക്യൂ ഉണ്ട്. തിരഞ്ഞെടുപ്പുകളിൽ സീറ്റിന് സ്ത്രീ സംവരണം ഉണ്ട്, പട്ടികജാതി സംവരണം ഉണ്ട്. ഈ വേർതിരിവുകളൊക്കെയും വിവേചനമല്ലേ എന്ന് ചിന്തിക്കേണ്ടതുമുണ്ട്. എന്തുകൊണ്ടാവാം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമുക്ക് ഇത്തരം വേർതിരിവുകൾ നൽകേണ്ടിവരുന്നത്. തുല്യത എന്നൊന്നിനെ അതിന്റേതായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല എന്നതുതന്നെയാണ് കാരണം. ഭൂമിയിൽ പ്രിവിലേജ്ഡ് ആയ കമ്യൂണിറ്റി മനുഷ്യനും മനുഷ്യരിൽ പ്രിവിലേജ്ഡ് ആയ വർഗ്ഗം പുരുഷവർഗ്ഗവുമാണ്. ജന്മനാ ലഭിക്കുന്ന ആ പ്രിവിലേജിൽ നിന്നും മാറിസഞ്ചരിക്കാനുള്ള മാനസിക പക്വത പുരുഷവർഗ്ഗം ഇതേവരെ ആർജ്ജിച്ചിട്ടില്ല എന്നതത്രെ സത്യം. നമുക്ക് ഗർഭശ്രീമാൻമാരേ ഉള്ളു, ശ്രീമതിമാരില്ല. നമുക്ക് ഭാഷാപിതാവേയുള്ളു മാതാവില്ല. രാഷ്ട്രപിതാവേയുള്ളു മാതാവില്ല. നല്ല തന്തയ്ക്ക് പിറക്കണമെന്നാണ് നാം പറഞ്ഞു ശീലിച്ചത്, നല്ല തള്ളയ്ക്ക് പിറക്കണമെന്ന് പറഞ്ഞിട്ടേയില്ല. നമ്മുടെ പ്രിവിലേജസ് എല്ലാം സ്ത്രീവിരുദ്ധമായതുപോലെ, നമ്മുടെ തെറിവാക്കുകളും എല്ലാം സ്ത്രീവിരുദ്ധമാണ്. പതിവ്രതയാവേണ്ടവളും കന്യകയാവേണ്ടവളും സ്ത്രീയാണ്. സ്വപതിയെ തോളിൽ ചുമന്ന് വേശ്യാഗൃഹത്തിലേക്കു കൊണ്ടുപോകുന്നവളെ ശീലാവതി എന്നു പേരിട്ടു നാം ഇതിഹാസം രചിക്കും. അതേസമയം കരുണയിലെ വാസവദത്ത നമുക്ക് തെറ്റുകാരിയാണ്, അവൾക്ക് ഉപഗുപ്തനാൽ മോക്ഷം ലഭിക്കേണ്ടതുണ്ട്. അപ്പോൾ ശീലവതിയുടെ തോളിലിരുന്ന ആ കുലോത്തമനോ? അയാളിൽ തെറ്റില്ല എന്ന തോന്നലുതന്നെയാണ് ഈ സമൂഹത്തെയാകെ ബാധിച്ചിരിക്കുന്ന ആ ഒഴിയാവ്യാധി.

വേർതിരിവുകൾ ലോകമപ്പാടെ അംഗീകരിച്ച ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഏപ്രിൽ 23 ലോക പുസ്തകദിനമാണല്ലോ. ഇത്തവണത്തെ ലോക പുസ്തകദിന സന്ദേശം ‘തദ്ദേശീയ ഭാഷകൾ’ എന്നതായിരുന്നു. അവരവരുടെ ഭാഷകളിലേക്ക് ചുരുങ്ങിപ്പോകൽ ലോകത്തിനാകെ സന്ദേശമായി കൈമാറുന്നത് ഒരു കുറവായി കാണുന്നില്ല എന്നതും ഒരു വിരോധാഭാസമല്ലേ. സാഹിത്യത്തിലും തദ്ദേശീയത ആഭരണമായിരിക്കുന്നു. ഓരോരുത്തരും അവരവർ ജീവിക്കുന്ന ചുറ്റുപാടിന്റെ സ്ലാങ്ങിൽ എഴുതുന്നു, അവരുടെ ജീവിതപരിസരത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ഉപയോഗിച്ച് എഴുതുന്നു. അത്തരം കൃതികളാണ് ഇപ്പോൾ ഏറെയും പുരസ്കരിക്കപ്പെടുന്നത്. സാഹിത്യത്തിന് പൊതുമാനക സ്വഭാവം നഷ്ടപ്പെടുകയാണ്. ഇത്തരം കൃതികൾ എങ്ങനെ കാലാതിവർത്തികളാകും എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. പഠനത്തിനും തൊഴിലിനുമായി നാടുമാറി സഞ്ചരിക്കുന്ന ഒരു തലമുറ നാട്ടുമൊഴി വഴക്കങ്ങളെ കൈമാറി സൂക്ഷിക്കുമോ? നാളെ ഈ കൃതികളെ എങ്ങനെയാവാം ഡീകോഡു ചെയ്ത് വായന സാദ്ധ്യമാക്കുക. പൊതു എന്നത്, ലോകത്തിലാകമാനം തദ്ദേശീയമായി ചുരുങ്ങുന്നതിനെ വേവലാതിയോടെ നോക്കിക്കാണേണ്ടതുണ്ടോ? ഉണ്ട് എന്നു തന്നെയാണ് ചിന്തിക്കേണ്ടത്. വേർതിരിവ് വിവേചനമാണന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. എങ്കിലേ തുല്യമായി സീറ്റുകൾ നൽകിയാലും വേർതിരിച്ചിരുത്തിയാൽ അത് വിവേചനമാണ് എന്നു നാം തിരിച്ചറിയൂ. ആ തിരിച്ചറിവുണ്ടായാൽ മാത്രമേ തുല്യതയെക്കുറിച്ച് സംസാരിച്ചിട്ടു കാര്യമുള്ളു.

നമ്മളറിയാതെ നമ്മളിലേക്ക് ഒരു മനോഭാവത്തെ കടത്തിവിടാൻ ദൃശ്യകലകൾക്കുള്ള പങ്ക് നിസ്സാരമല്ല. അത്തരത്തിൽ ഏറ്റവും ശക്തമായതും ചെലവുകുറഞ്ഞതുമായ ദൃശ്യകല എന്ന രീതിയിൽ നാടകത്തിനുള്ള പങ്ക് ഉപയോഗിക്കാവുന്നതാണ്. സിനിമയ്ക്കു പോലും നാടകത്തിനോളം സ്വാധീനം സമൂഹത്തിൽ ചെലുത്താൻ കഴിയില്ല എന്നതാണ് സത്യം. സിനിമയ്ക്ക് ദൃശ്യകലയുടേതിനേക്കാൾ ശ്രവ്യകലയുടെ സ്വഭാവങ്ങളാണ് കൂടുതലുള്ളത്. നാടകങ്ങൾക്കുവേണ്ടി സർക്കാർതലത്തിൽ ബജറ്റിൽ ഫണ്ട് മാറ്റിവെച്ചു തുടങ്ങിയ ഒരു സർക്കാരിന്റെ കാലത്തിലാണ് നാമുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ച ചില നാടകപദ്ധതികൾ ഉണ്ട്. കേരളത്തിൽ മൂന്നിടങ്ങളിലായി എന്നും നാടകം കളിക്കാൻ സാദ്ധ്യമാവുന്ന സ്ഥിരം തീയേറ്റർ സമുച്ചയം. പിന്നെ അമേച്വർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒട്ടും അമേച്വർ അല്ലാത്ത ഗൗരവനാടകവേദിയ്ക്കായി മൂന്നു കോടി രൂപ. പക്ഷേ ഇതൊന്നും പ്രാക്ടിക്കൽ ആക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, 50 ലക്ഷം രൂപ 25 അമേച്വർനാടകങ്ങളുടെ നിർമ്മാണത്തിനായി നൽകാനായത് നിസ്സാരമല്ല. എങ്കിലും ഒരു നാടകത്തിന്റെ നിർമ്മാണത്തിന് രണ്ടു ലക്ഷം രൂപ എന്നത് തീരെ അപര്യാപ്തമായ തുകയാണ് എന്നതും വസ്തുതയാണ്. 3 കോടി മാറ്റി വച്ച ആ പദ്ധതി നടപ്പിലാക്കാനായാൽ ശക്തമായ കുറച്ചു നാടകങ്ങൾ ഉണ്ടായി വരും. 2 ലക്ഷം രൂപ വീതം വേർതിരിച്ചു വീതം വയ്ക്കലല്ല അതിനുള്ള മാർഗ്ഗം. പ്രോജക്ടുകൾ, പ്രതീക്ഷിക്കുന്ന ബജറ്റുകൾ സഹിതം അക്കാദമികൾ ക്ഷണിക്കുകയാണ് വേണ്ടത്. തിരഞ്ഞെടുക്കുന്ന ഒരു നാടകം പ്രതീക്ഷിക്കുന്ന ചെലവ് പത്തുലക്ഷം ആണങ്കിൽ, ഏറ്റവും സുതാര്യമായി പരിശോധിച്ച് അതനുവദിക്കുകയാണ് വേണ്ടത്. അത്തരത്തിലേ ശക്തമായതും ഉദാത്തമായതുമായ നാടകങ്ങൾ ഇവിടെയുണ്ടാവൂ. കഴിഞ്ഞ ദിവസം കളത്തിന്റേയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റേയും സംയുക്താഭിമുഖ്യത്തിൽ കളം തീയേറ്റർ ആന്റ് റപ്രട്ടറി ഒരു നാടകശിൽപ്പശാല സംഘടിപ്പിക്കുകയുണ്ടായി. പ്രശാന്ത് നാരായണന്റെ ഏറ്റവും പുതിയ നാടകമായ ആകാശത്തിന്റെ ആക്‌ടേഴ്സ് വർക്ക് ഷോപ്പായിരുന്നു അത്. ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിച്ച മുതിർന്ന നാടകപ്രവർത്തകനായ ടി എം എബ്രഹാം പറഞ്ഞത് ലോകത്തിൽ തന്നെ ഏറ്റവുമധികം പരീക്ഷണങ്ങൾ നടക്കുന്നത് മലയാള നാടകവേദിയിലാണ് എന്നതാണ്. ഒന്നോർക്കണം നാടകം ചെയ്യാനും അത് അരങ്ങിലവതരിപ്പിക്കാനും ഏറെ ബുദ്ധിമുട്ടുന്ന നാടക പ്രവർത്തകരുള്ള നാടാണ് കേരളം. 100 രൂപ ടിക്കറ്റ് വച്ചാൽ പോലും വിറ്റുപോകാത്ത നാട്. ഇവിടെയാണ് ഇത്രയേറെ നാടക പ്രവർത്തനങ്ങൾ നടക്കുന്നത് എന്നും ഓർക്കണം. സർക്കാർ തലത്തിൽ കൂടുതൽ ശ്രദ്ധ ഈ മേഖലയ്ക്ക് കൊടുക്കേണ്ടതിന്റെ അനിവാര്യത കൂടി ടി എമ്മിന്റെ സ്റ്റേറ്റ്മെന്റ‍് ചൂണ്ടിക്കാട്ടുന്നുണ്ട്. ആകാശം എന്ന നാടകത്തിനായി ഓഡിഷൻ നടത്തി എടുത്ത 15 നടീനടൻമാർ കേരളത്തിലുടനീളം ഉള്ളവരാണ്. ഊർജ്ജസ്വലരായ ഈ ചെറുപ്പക്കാരിലേക്ക് തീയേറ്റർ ലിറ്ററസിയും തീയേറ്ററിന്റെ ഡിസിപ്ലിനും പകർന്നു കിട്ടിക്കഴിയുമ്പോൾ ഇവർ തീയേറ്ററിനു ശക്തമായ മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ സമയത്ത് പ്രശാന്ത് നാരായണന്റെ കറ എന്ന നാടകവും ഞാൻ ഓർത്തുപോകുകയാണ്. 24 ഫീമെയിൽ കോട്ടയം എന്ന സിനിമയൊക്കെ ഇറങ്ങുന്നതിനും എത്രയോ വർഷം മുൻപ് അരങ്ങിലെത്തി പുരുഷന്റെ ലിംഗഛേദം ചെയ്ത കഥാപാത്രമാണ് കറയിലെ നായിക. ഒരു സത്രീകഥാപാത്രവും ഒരു പുരുഷശബ്ദവും അരങ്ങു സാന്നിദ്ധ്യമാകുന്ന കറ എന്ന നാടകം സ്ത്രീകൾക്ക് ഒറ്റയ്ക്ക് എവിടേയും കൊണ്ടുനടന്നു കളിക്കാനാവുന്ന നാടകമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. നാട്ടിൻപുറ ശുദ്ധതയിലും നാഗരികതയുടെ കലർപ്പിലും സ്ത്രീ അനുഭവിക്കുന്ന വേവലാതികൾ, അവഗണനകൾ, ബഹിഷ്കരണങ്ങൾ, വേട്ടയാടപ്പെടലുകൾ എല്ലാം തുല്യമാണ് എന്ന് കറയിലെ നങ്ങേലി പറയുന്നു. അലക്കുകാരി നങ്ങേലിയിൽ നിന്നും തൈവക്കോലം കെട്ടി കിണർ ദേവതയായി പരിണമിക്കുംവരെയും അവൾ മല്ലിട്ടത് മുഷിഞ്ഞ തുണികളോടല്ല മുഷിഞ്ഞ ആൺമേൽക്കോയ്മകളോടായിരുന്നു. അവളുടെ മനസ്സിനും ശരീരത്തിനും അവൾ മാത്രമായിരുന്നു പരമാധികാരി. അവൾ മഴ കൊള്ളുന്നത് അവൾക്കു പൂവിടാനായിരുന്നു. ആണൊരുത്തൻ തുണയില്ലാതെ എങ്ങനെ കഴിയുമെടിയേ എന്നു ചോദിക്കുന്ന തമ്പ്രാന്റെ ശബ്ദത്തിനുനേരെ അവൾ ആഞ്ഞു തുപ്പുന്നുണ്ട്. ഒടുവിൽ പൊയ്ക്കാലിൽ നടന്ന് പ്രേക്ഷകർക്കിടയിലേക്കിറങ്ങി വരുന്ന കറയിലെ നങ്ങേലി തുറന്നുവിടുന്ന ഊർജ്ജവത്തായ തുല്യതയുടെ രാഷ്ട്രീയം അത്ര ചെറുതല്ല തന്നെ. ‘കറ’ എന്ന നാടകം അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഇത്തരം ധാരാളം നാടകങ്ങൾ മലയാള നാടകവേദിയിലിനിയുമുണ്ട്. ഒരു സ്ത്രീ മാത്രം വിചാരിച്ചാൽ മഹാവിസ്ഫോടനം സൃഷ്ടിക്കാനാവുന്ന ഇത്തരം നാടകങ്ങൾ കൂടുതൽ അരങ്ങിലവതരിപ്പിക്കേണ്ടതുണ്ട്.

മനോഭാവങ്ങളെ മാറ്റിമറിച്ച് സ്വഭാവത്തിന് വ്യതിയാനം വരുത്താൻ തക്കവണ്ണം ശക്തമായ നാടകങ്ങളാണ് ഇനി ഉണ്ടായി വരേണ്ടത്. അത് തുല്യതയെക്കുറിച്ചുള്ള പ്രസംഗങ്ങളേക്കാളും ബോധവൽക്കരണ സെമിനാറുകളേക്കാളും ഗുണം ചെയ്യും എന്നു മാത്രം പറയട്ടെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 7 =

Most Popular