ദേശീയതയ്-ക്ക് മതമുണ്ടോ? ഉണ്ടെങ്കില്‍ ക്രിസ്തുമത വിശ്വാസികളെല്ലാം ഒരു ദേശീയതയ്ക്കുകീഴിലും ഇസ്ലാം മതവിശ്വാസികളെല്ലാം മറ്റൊരു ദേശീയതയ്-ക്കുകീഴിലും വരികയും അവരുടെയൊക്കെ രാഷ്ട്രങ്ങള്‍ ആ ദേശീയതകളുടെ കീഴില്‍ പുന:സംഘടിപ്പിക്കപ്പെടുകയും ചെയ്യുമായിരുന്നില്ലേ ? അങ്ങനെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. എന്നിട്ടും ‘ഹിന്ദു ദേശീയത’ ഇന്ന് ഇന്ത്യയില്‍ ഒരു വിഭാഗം ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സങ്കല്പനമായി വളര്‍ന്നുവരികയാണ്. ഈ സങ്കല്പനം എങ്ങനെയാണ് രൂപപ്പെട്ടത്?
ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് എന്ന നിലയില്‍ ജിന്നയ്-ക്കുമുമ്പുതന്നെ ദ്വിരാഷ്ട്രവാദം സവര്‍ക്കര്‍ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ‘ഹിന്ദുത്വ’സിദ്ധാന്തത്തിന്റെ സ്വാഭാവിക തുടര്‍ച്ചയായിരുന്നു ഈ ദ്വിരാഷ്ട്രവാദം. 1937ല്‍ നടന്ന ഹിന്ദുമഹാസഭയുടെ വാര്‍ഷികയോഗത്തില്‍ ഒരു മതസൗഹാര്‍ദ്ദ രാഷ്ട്രമായി ഇന്ത്യയെ കാണുന്ന രാഷ്ട്രീയക്കാരെ അദ്ദേഹം പരസ്യമായിത്തന്നെ കുറ്റപ്പെടുത്തുകയും ‘‘ഇന്ത്യയെ ഇന്ന് ഒരു ഏകീകൃത രാഷ്ട്രമോ സജാതീയരാഷ്ട്രമോ ആയി കണക്കാക്കാനാവില്ല, മറിച്ച് നേര്‍ വിപരീതമായി അത് മുഖ്യമായും രണ്ട് രാഷ്ട്രങ്ങളാണ്. ഒന്ന് ഇന്ത്യയിലെ ഹിന്ദുകളും മറ്റൊന്ന് ഇന്ത്യയിലെ മുസ്ലിങ്ങളും” എന്ന് വ്യക്തമാക്കുകയും ചെയ്തു. 1939ല്‍ അദ്ദേഹം പറഞ്ഞു: ‘‘നാം ഹിന്ദുക്കള്‍ നമ്മളായിത്തന്നെ ഒരു രാഷ്ട്രമായി നിലകൊള്ളുകയാണ്. ഇന്ത്യയില്‍ ജനിച്ചവരൊക്കെ ഇന്ത്യക്കാരാണെന്ന് വാദിക്കുന്ന ‘ഭൂപ്രദേശാധിഷ്ഠിതമായ ദേശീയത’യെ അത് വര്‍ജ്ജിക്കണം” എന്ന് വ്യക്തമാക്കികൊണ്ട് അദ്ദേഹം പറഞ്ഞത് ഹിന്ദുസംസ്കാരം ഉള്‍ക്കൊള്ളുന്നവരെ മാത്രം ഇന്ത്യക്കാരായി കാണുന്ന സാംസ്കാരിക ദേശീയതയെ ആണ് ഉള്‍ക്കൊളേളണ്ടത് എന്നായിരുന്നു.
ഈ സങ്കല്പനത്തെ നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു എന്ന ലഘുലേഖയില്‍ ഗോള്‍വാള്‍ക്കര്‍ കൂടുതല്‍ വിശദീകരിക്കുകയും വ്യക്തത വരുത്തുകയും ചെയ്യുന്നുണ്ട്. ‘‘നമ്മുടെ ഇന്നത്തെ സ്ഥിതിഗതികളില്‍ ‘ദേശരാഷ്ട്രം’ സംബന്ധിച്ച ആധുനിക സങ്കല്പനത്തെ പ്രയോഗിച്ചാല്‍ അതിന്റെ അന്തിമവിധി സംശയരഹിതമായി ഈ രാഷ്ട്രം ഹിന്ദുസ്ഥാന്‍, അതിന്റെ ഹിന്ദുവംശവും അവരുടെ ഹിന്ദുമതവും ഹിന്ദുസംസ്കാരവും ഹിന്ദുഭാഷയും ആയാല്‍ ദേശരാഷ്ട്ര സങ്കല്പനത്തെ പൂര്‍ത്തീകരിക്കുന്നതായി കാണാനാവും; അങ്ങനെ ഹിന്ദുസ്ഥാന്‍ നിലനില്ക്കുകയും പുരാതനമായ ഹിന്ദുരാഷ്ട്രം നിലനില്ക്കുകയും ഹിന്ദുരാഷ്ട്രമല്ലാതെ മറ്റൊന്നും നിലനില്ക്കാതിരിക്കുകയും വേണം. ഹിന്ദുവംശത്തിലും മതത്തിലും സംസ്കാരത്തിലും ഭാഷയിലും ഉള്‍പ്പെടാത്തതെല്ലാംതന്നെ സ്വാഭാവികമായും യഥാര്‍ത്ഥ ദേശീയജീവിതത്തിന്റെ അതിര്‍ത്തിക്ക് പുറത്തായിരിക്കും.” ഇതാണ് സാംസ്കാരിക ദേശീയത എന്ന ബി ജെ പി/ആര്‍ എസ് എസ് കാഴ്ചപ്പാടിന് അടിസ്ഥാനമായ സങ്കല്പനം.
ദേശീയത രൂപം കൊള്ളുന്നത് സംബന്ധിച്ച് നിരവധി കാഴ്ചപ്പാടുകള്‍ നിലവിലുണ്ട്. ‘ദേശീയത’യുടെ ഉത്ഭവത്തെ ലെനിന്‍ ചരിത്രപരമായാണ് സമീപിക്കുന്നത്. ‘രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണയാവകാശം’ എന്ന ലഘുലേഖയില്‍ മുതലാളിത്ത വളര്‍ച്ചയുമായി ബന്ധപ്പെടുത്തിയാണ് ദേശീയതയെ ലെനിന്‍ വിശദീകരിക്കുന്നത്. ‘‘ചരക്കുല്പാദനം പരിപൂര്‍ണ്ണ വിജയം നേടണമെന്നുണ്ടെങ്കില്‍ ബൂര്‍ഷ്വാസി ആഭ്യന്തര വിപണി കയ്യടക്കുകയും ഒരേ ഭാഷ സംസാരിക്കുന്ന ജനസംഖ്യയോടുകൂടിയ പ്രദേശങ്ങള്‍ രാഷ്ട്രീയമായി ഏകീകരിക്കുകയും ആ ഭാഷ വികസിക്കുന്നതിനും സാഹിത്യത്തില്‍ അത് വേരോടുന്നുന്നതിനും തടസ്സമായി നില്‍ക്കുന്ന എല്ലാ പ്രതിബന്ധങ്ങളും തട്ടിനീക്കുകയും ചെയ്തേ തീരു എന്ന വസ്തുതയാണ് ഈ പ്രസ്ഥാനങ്ങളുടെ (ദേശീയ) സാമ്പത്തികാടിത്തറയായി നിലകൊള്ളുന്നത്.” മുതലാളിത്ത വികസനമാണ് ദേശീയബോധത്തിന്റെ സാമ്പത്തികാടിത്തറയായി നിലകൊള്ളുന്നത് എന്ന് ചുരുക്കം.
ഇന്ത്യയില്‍ മുതലാളിത്തം രൂപം കൊള്ളുന്നതിന് മുമ്പുതന്നെ ദേശീയത രൂപം കൊണ്ടിരുന്നു എന്ന് വരുത്താനാണ് സവര്‍ക്കറും പിന്നീട് ഗോള്‍വാള്‍ക്കറുമൊക്കെ ശ്രമിക്കുന്നത്. അതിനാണ് സാംസ്കാരിക ദേശീയത എന്ന സങ്കല്പനം തന്നെ അവര്‍ അവതരിപ്പിക്കുന്നത്. ഇത് നടക്കുന്നത് ഇന്ത്യ കൊളോണിയല്‍ ആധിപത്യത്തിനുകീഴില്‍ ആയിരുന്നകാലത്താണ്. അന്ന് ആ കാഴ്ചപ്പാടിന് ജനപ്രീതി പിടിച്ചുപറ്റാനൊ ആശയരംഗത്ത് ആധിപത്യം നേടിയെടുക്കാനൊ കഴിഞ്ഞിരുന്നില്ല. സാമ്രാജ്യത്വ വിരുദ്ധതയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ദേശീയത രൂപം കൊള്ളുകയാണ് ചെയ്തത്.
‘ദേശീയത’ എക്കാലത്തും പുരോഗമനോന്മുഖമായ ഒരു സങ്കല്പനം ആണെന്ന് പറയാനാവില്ല. ഹിറ്റ്ലറും മുസോളിനിയുമൊക്കെ ദേശീയതയെ എറ്റവുമേറെ പിന്തിരിപ്പനായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിപ്പെടുത്തിയവരാണ്. എന്നാല്‍ കോളനി വിരുദ്ധ സമരകാലത്ത് അതൊരു പുരോഗമന ശക്തിതന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ നവഫാസിസ്റ്റ് കാലത്ത് അതങ്ങനെല്ല. ഇന്നത് അടിച്ചമര്‍ത്താനുപയോഗിക്കുന്ന ഉപാധിയും അയുക്തികവും ഒക്കെയായി മാറുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ദേശീയതാ സങ്കല്പനം തന്നെ വൈരുധ്യാത്മകമാണ്. പുരോഗമനാത്മകവും പിന്തിരിപ്പനുമായ അംശങ്ങള്‍ അതില്‍ സഹവര്‍ത്തിച്ചു പോകുന്നുണ്ട്. നമുക്ക് കോളനി വിരുദ്ധ ദേശീയതയുടെ കാര്യമെടുക്കാം. അതിന് ചരിത്രപരമായി രണ്ടു കടമകളാണ് നിര്‍വഹിക്കാനുള്ളത്. ഒന്ന്; രാഷ്ട്രത്തെ കോളനി ഭരണത്തില്‍ നിന്ന് രക്ഷിക്കുക. രണ്ട്: രാജ്യത്തിനകത്ത് ഭരണവര്‍ഗ അധീശത്വത്തിന് ഇരയാവുന്നവരെ അതില്‍ നിന്ന് രക്ഷിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ അധീശത്വത്തിന് തന്നെ രണ്ട് മുഖങ്ങളുണ്ട്. സാമ്പത്തിക രംഗത്തെ വര്‍ഗപരമായ ചൂഷണമാണ് അതിന്റെ ഒരു മുഖമെങ്കില്‍ ജാതീയമായി നേരിടേണ്ടിവരുന്ന സാമൂഹികമായ അടിച്ചമര്‍ത്തലാണ് രണ്ടാമത്തെ മുഖം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകജനതയെ ഒരു വര്‍ഗമെന്ന നിലയില്‍ വിമോചിപ്പിക്കുന്നതിന് ജാതി വ്യവസ്ഥയെ കൂടി തകര്‍ക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഭരണാധികാരി വര്‍ഗം ആഭ്യന്തരമായി ഉന്നതþമധ്യ ജാതികളില്‍പ്പെട്ട ഭൂപ്രഭുവര്‍ഗവുമായി സഖ്യം ചെയ്യാനും ആഗോളതലത്തില്‍ സാമ്രാജ്യത്വവുമായി സഹകരിക്കാനുമാണ് തയ്യാറായത്. അതുവഴി ഇന്ന് നവലിബറല്‍ നയങ്ങളിലൂടെയും ആഗോളവത്കരണത്തിലൂടെയും ഇന്ത്യയ്-ക്ക് വീണ്ടും സാമ്രാജ്യത്വത്തിന് വഴങ്ങേണ്ടതായി വന്നിരിക്കുന്നു. ഇതാണ് ഇന്ത്യന്‍ ദേശീയതയുടെ തകര്‍ച്ചയിലേക്കും സാംസ്കാരിക ദേശീയതാവാദത്തിന്റെ വളര്‍ച്ചയിലേക്കും ഇന്ത്യയെ നയിച്ചത്.
ഏഴര പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ ഒരു കോളനിയായിരുന്ന രാജ്യമാണ് ഇന്ത്യ. രാഷ്ട്രീയമായി നോക്കിയാല്‍ അറുനൂറിലേറെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു. ആയിരത്തി അറുനൂറിലേറെ ഭാഷകളും വ്യത്യസ്തങ്ങളായ നിരവധി സംസ്കാരങ്ങളും ഉള്ള ഒരു രാജ്യമായിരുന്നു ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയത ഇന്നും അതിന്റെ ഭ്രൂണാവസ്ഥ പിന്നിട്ടിട്ടില്ല. അതുകൊണ്ടുതന്നെ ദേശീയതാ സങ്കല്പനം ജനങ്ങളെയാകെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്ന ഒന്നാവണമെങ്കില്‍ അത് പുരോഗമനപരവും യുക്തിപരവും മതനിരപേക്ഷവും സാമ്രാജ്യത്വവിരുദ്ധവും ആയിരിക്കണം. അതിനെതിരായി ഉയര്‍ന്നുവരുന്ന അയുക്തികവും മതാധിഷ്ഠിതവും മുതലാളിത്താധിഷ്ഠിതവും സാമ്രാജ്യത്വാനുകൂലവും ആയ ഹിന്ദുത്വദേശീയതയെ തകര്‍ത്തേ പറ്റു. മതപരമായി നിര്‍വചിക്കപ്പെടുന്ന സാംസ്കാരിക ദേശീയതയില്‍ വര്‍ഗപരമായ ചൂഷണവും ജാതീയമായ അടിച്ചമര്‍ത്തലും മറച്ചുവെക്കപ്പെടുകയും ഹിന്ദുമതത്തിലെ ഉയര്‍ന്ന ജാതിക്കാരുടെ സംസ്കാരം രാഷ്ട്രത്തിന്റെയാകെ സംസ്കാരമായി കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യും. സാമ്രാജ്യത്വ അധിനിവേശത്തെ സാംസ്കാരികമായ കടന്നാക്രമണം മാത്രമായി ചുരുക്കുകയും സാമ്പത്തിക രംഗത്തെ സാമ്രാജ്യത്വ ചൂഷണം തുടരുകയും ശക്തിപ്പെടുകയും ചെയ്യും. ഇതാണ് ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് നടത്തിയെടുക്കലാണ് സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത്. ♦