Sunday, July 14, 2024

ad

Homeപ്രതികരണംസൂറത്തിലെ കുംഭാനിമാരുടെ 
കോൺഗ്രസ്

സൂറത്തിലെ കുംഭാനിമാരുടെ 
കോൺഗ്രസ്

പിണറായി വിജയൻ

ലേഖനം പ്രസിദ്ധീകരിക്കുമ്പോഴേയ്ക്കും കേരളത്തിൽ ലോക്-സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും. എങ്കിലും ഈ ഘട്ടത്തിൽ ഇടതുപക്ഷം ഉന്നയിച്ച വിഷയങ്ങൾ പ്രസക്തമായി തന്നെ നിലനിൽക്കും. രാജ്യം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഈ തിരഞ്ഞെടുപ്പ് പ്രധാനമാകുന്നത്. കഴിഞ്ഞ പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിത്. അതാണീ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.

അനുദിനം വളരുന്ന കൊടിയ അസമത്വത്തിന് അറുതിവരുത്തി കർഷകരുടേയും തൊഴിലാളികളുടേയും വിമോചനം സാധ്യമാക്കാനുള്ള അവസരമാണിത്. യുവാക്കൾക്ക് തൊഴിലും സ്ത്രീകൾക്ക് തുല്യ സാമൂഹ്യപദവിയും കുട്ടികൾക്ക് പോഷകാഹാരവും മികച്ച വിദ്യാഭ്യാസവും വയോജനങ്ങൾക്ക് ക്ഷേമവും ജാതിവിവേചനങ്ങൾക്ക് അറുതിയും ഉറപ്പുവരുത്താനുതകുന്ന രാഷ്ട്രീയത്തിന് ഊർജ്ജം നൽകേണ്ട സന്ദർഭമാണിത്. അതിനായി, സമത്വവും സമാധാനവും സാഹോദര്യവും വാഴുന്ന സമൂഹസൃഷ്ടിക്കായി ഓരോ ജനാധിപത്യ വിശ്വാസിയും അടിയന്തരമായി മുന്നോട്ടു വരേണ്ട ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.

ബിജെപിയും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാറും മുന്നോട്ടു വയ്ക്കുന്ന വർഗീയതയുടേയും വിഭാഗീയതയുടെയും വിഷപ്പുകയിൽ യാഥാർത്ഥ്യം മറഞ്ഞുപോകാതെ നോക്കേണ്ടതുണ്ട്. രാജസ്താനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുസ്ലിം സമുദായത്തെ കുറിച്ച് നടത്തിയ പരാമർശം ലോകത്തിനു മുന്നിൽ നമ്മെ നാണം കെടുത്തി. നുഴഞ്ഞുകയറ്റക്കാരെന്നും “പെറ്റുകൂട്ടുന്നവരെ’ന്നും രാജ്യത്തിന്റെ സമ്പത്ത് കവർന്നെടുക്കുന്നവരെന്നും ഉള്ള അധിക്ഷേപകരമായ പരാമർശങ്ങൾ വസ്തുതാവിരുദ്ധവും സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര സംഹിതയുടെ ഭാഗവുമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വർഗീയത പറഞ്ഞു രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയിരിക്കുന്നുവെന്നത് രാജ്യത്ത് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ ദൃഷ്ടാന്തമാണ്. ഇത്തരത്തിൽ മനുഷ്യത്വത്തിന്റെയും മര്യാദയുടേയും സീമകൾ ലംഘിക്കാൻ അവർക്ക് മടിയില്ല. നുണകളിലൂടെ അവർ രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാൻ നോക്കുമ്പോൾ സർവ്വശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കാൻ നാം സജ്ജരാകണം.

സുതാര്യവും ജനാധിപത്യ മൂല്യങ്ങൾക്കനുസൃതവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ രാജ്യത്തെ എല്ലാ പുരോഗമന, മതനിരപേക്ഷ ശക്തികളും ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. ഈ രാജ്യത്തിന്റെ അന്തഃസത്ത മതനിരപേക്ഷതയിലും മൈത്രിയിലും ഊന്നിയതാണ്. അതിന് കോട്ടം തട്ടുന്ന ഏത് നിലപാടും പരാമർശവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്, എതിർക്കപ്പെടേണ്ടതുണ്ട്. എന്നാൽ കോൺഗ്രസും യുഡിഎഫും സംഘപരിവാറിന്റെ വർഗീയ പ്രത്യയശാസ്ത്രത്തെ എതിർക്കാതെ അതിനോട് സമരസപ്പെടുന്നതായാണ് കാണുന്നത്. അനുദിനം വളരുന്ന ഈ പ്രവണതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗുജറാത്തിലെ സൂറത്തിൽ സംഭവിച്ചത്.

അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്തു സീറ്റുകളിൽ വാക്കോവർ നൽകിയ പരിപാടിയാണ് ഗുജറാത്തിലെ സൂറത്തിൽ ആവർത്തിച്ചത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ് കോൺഗ്രസ് സ്ഥാനാർഥി ബിജെപിയുടെ ഏജന്റായി നിന്നുകൊണ്ട് സൂറത്തിൽ ചെയ്തിരിക്കുന്നത്. മതനിരപേക്ഷ മനസ്സുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത പാർട്ടിയായി മാറിയിരിക്കുകയാണ് കോൺഗ്രസ്സ്.

സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പേര് നിർദേശിച്ചവർ, നാമനിർദ്ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് പത്രിക തള്ളിപ്പോയി എന്നായിരുന്നു ആദ്യം വാർത്തകൾ വന്നത്. എന്നാൽ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനി നേരിട്ട് ബിജെപിയുമായി ചേർന്ന് ഒത്തുകളിച്ച വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോൺഗ്രസ്സ് സ്ഥാനാർഥിയെ നിർദ്ദേശിക്കുകയും പിന്താങ്ങുകയും ചെയ്തവർ സ്ഥാനാർഥിയുടെ തന്നെ നിർദ്ദേശപ്രകാരം പത്രികയിൽ വ്യാജ ഒപ്പിടുകയായിരുന്നു. കോൺഗ്രസ്സിന്റെ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും നിലേഷ് കുംഭാനിയുടെ ഇടപെടൽ മൂലം സമാനമായ രീതിയിൽ തള്ളപ്പെടുകയുണ്ടായി. മണ്ഡലത്തിലെ ബാക്കിയുള്ള 8 സ്ഥാനാർത്ഥികളെ ബിജെപി വിലയ്ക്കെടുത്തതോടെ സൂറത്തിൽ ബിജെപി സ്‌ഥാനാർഥി മത്സരമില്ലാതെ വിജയിക്കുന്ന നിലവരികയായിരുന്നു.

സൂറത്തിലേത് ഒറ്റപ്പെട്ട പ്രവണതയല്ല. പണമോ സ്ഥാനമോ വാഗ്ദാനം ചെയ്താൽ ഏത് കോൺഗ്രസുകാരനും ഇരുട്ടി വെളുക്കും മുൻപ് ബിജെപിയിലേക്ക് പോയേക്കാവുന്ന അവസ്ഥയാണ് ആ പാർട്ടിയിൽ. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാന പുരസ്സരം പറയുന്നവരും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കുമുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയവരുമൊക്കെയാണ് ഇന്ന് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത്. മുൻ കോൺഗ്രസുകാരനും നിലവിൽ ആസാമിലെ ബിജെപി മുഖ്യമന്ത്രിയുമായ ഹിമന്ദ ബിശ്വ ശർമ്മയുടെ വെളിപ്പെടുത്തലും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തിയെന്നാണ് ഹിമന്ദ ബിശ്വ ശ‍ര്‍മ്മയുടെ വെളിപ്പെടുത്തൽ.

മൂന്നുമാസം മുൻപുവരെ ഈ ചർച്ച നടന്നെന്നും തൽക്കാലം ലോക്-സഭ തിരഞ്ഞെടുപ്പിലേക്ക് ഈ പ്ലാൻ വേണ്ടെന്നും പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആസാം മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ കോൺഗ്രസ്സ് സ്ഥാനാർഥികളായി ലോക്-സഭയിലേക്ക് മത്സരിക്കുന്നവർ ഉൾപ്പെടെയുള്ളവരാണ് ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതെന്നുവേണം മനസ്സിലാക്കാൻ.

ബിജെപി മുന്നോട്ടു വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ കോൺഗ്രസിന് ഒരാത്മാർത്ഥതയുമില്ല എന്നാണ് സൂറത്തിലെയും അരുണാചലിലേയും ആ പാർട്ടിയുടെ സമീപനത്തിൽ നിന്നും മനസ്സിലാവുന്നത്. സംഘപരിവാർ ഉയർത്തുന്ന ഭീഷണിക്കു മുന്നിൽ തകരാതെ നാടുനിൽക്കണമെങ്കിൽ ഇടതുപക്ഷത്തിന്റെ കരുത്ത് വർദ്ധിക്കേണ്ടതുണ്ട് എന്ന സത്യത്തിന്- ഈ സംഭവങ്ങൾ അടിവരയിടുകയാണ്. അവരുടെ ഓരോ വർഗീയ അജണ്ടയ്ക്കു മുന്നിലും സംശയലേശമന്യേ അചഞ്ചലമായി നിലകൊണ്ടത് ഇടതുപക്ഷം മാത്രമാണ്. നാടിനെ നെടുകെ പിളർക്കുന്ന പൗരത്വഭേദഗതി നിയമത്തെക്കുറിച്ചുപോലും ശബ്ദിക്കാാനാകാത്ത വിധം ഭീരുക്കളായിത്തീർന്നിരിക്കുന്നു കോൺഗ്രസ്. ബിജെപിയെ ഭയന്ന് കേരളത്തിൽ വന്ന് തമ്പടിച്ച് ഇടതുപക്ഷത്തിനെതിരെ നുണപ്രചരണം നയിക്കും വിധം അധ:പതിച്ചിരിക്കുകയാണ് കോൺഗ്രസിന്റെ പരമോന്നത നേതൃത്വം.

ഇവിടെയാണ് ഇടതുപക്ഷം പ്രസക്തമാകുന്നത്. ഇവിടെ നിന്നു വൻ വിജയം നേടി ലോക്-സഭയിലെത്തിയ കോൺഗ്രസുകാരല്ല; ഇടതുപക്ഷ എം.പിമാരാണ് അവിടെ നാടിന്റെ നാവായത്. അവരാണ് വർഗീയതയ്ക്കെതിരെ ഉറക്കെ സ്വരമുയർത്തിയത്. നാടിന്റെ വികസനത്തിനായി അവർ ശ്രമിച്ചപ്പോൾ അതിനു തുരങ്കം വയ്ക്കാനായിരുന്നു യുഡിഎഫ് എം.പിമാരുടെ ശ്രമം. അതുകൊണ്ട് കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിച്ചാലും കുഴപ്പമില്ല, എൽ.ഡി.എഫ് ഗവണ്മന്റ് പ്രതിസന്ധിയാലായാൽ മതി എന്ന മനുഷ്യത്വരഹിതമായ സങ്കുചിതരാഷ്ട്രീയ ചിന്താഗതിയാണവരെ നയിക്കുന്നത്. ഇടതുപക്ഷം ഉന്നയിച്ച ഈ പ്രശ്നങ്ങളെല്ലാം ജനശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യത്തിന്റെ ഐക്യവും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കാൻ നടക്കുന്ന പ്രവർത്തനങ്ങൾ ദിശാബോധത്തോടേയും ആത്മവിശ്വാസത്തോടെയും മുന്നോട്ടു പോകേണ്ടതുണ്ട്. മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നു. ആ ദൗത്യം ഏറ്റെടുത്തുകൊണ്ട് നമുക്കൊരുമിച്ച് നീങ്ങാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × two =

Most Popular