ബെന്ന്യാമിനെഴുതിയ നജീബിന്റെ കഥ ബ്ലെസ്സിയുടെ ‘ആടുജീവിത’ മായി വെള്ളിത്തിരയിൽ അരങ്ങേറുമ്പോൾ ലോകമൊട്ടാകെ അയാൾക്കുണ്ടായ ദുരന്തത്തിൽ സഹതപിക്കുകയും വീണ്ടും പുതിയ ഒരു അറബിക്കഥയ്ക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്. വിദേശം തൊഴിലിടമായി സ്വീകരിച്ച ദശലക്ഷക്കണക്കിനു മനുഷ്യരുടെ സങ്കടങ്ങളോ വിഷമങ്ങളോ ആർക്കും എവിടെയും വിഷയമാവുന്നില്ല എന്നിടത്ത് ഈ കലാസ്വാദനം പരാജയപ്പെടുന്നു!
വിൽക്കാനുണ്ട് സ്വപ്നങ്ങളും, വിസയും, ഗർഷോമും, ഗദ്ദാമയും പത്തേമാരിയുമൊക്കെ മലയാളത്തിലാണുണ്ടായത് എന്നത് യാദൃച്ഛികമല്ല. പ്രവാസത്തെയും കുടിയേറ്റത്തേയും ഗൗരവമായി കാണുന്ന ഭരണകൂടങ്ങളും കലാകാരന്മാരും മാധ്യമങ്ങളും ഇന്ത്യയിൽ ഒരൊറ്റയിടത്ത് കേന്ദ്രീകരിക്കുന്നതും ചില്ലറ കാര്യവുമല്ല!
ലോകത്തെ ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികളെ സംഭാവന ചെയ്യുന്ന, ഏറ്റവും കൂടുതൽ വിദേശ വരുമാനം നേടിയെടുക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ ഇങ്ങേയറ്റത്ത് കിടക്കുന്ന ഒരു ചെറിയ ജനവിഭാഗം തങ്ങളുടെ അറിവും അർപ്പണ ശേഷിയും കൊണ്ട് പല പുതിയ ‘മോഡലുകളും’ സൃഷ്ടിക്കുന്നതിൽ മുന്പന്തിയിലാണല്ലോ, അതുകൊണ്ടാണ് പ്രവാസത്തെ കുറിച്ചും കുടിയേറ്റത്തെ കുറിച്ചുമൊക്കെ ചില ചിന്തകൾ ഇവിടെ പങ്കു വെക്കുന്നത്.
നിരവധി പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതാണ് പ്രവാസം, അന്യ ദേശത്ത് അവിടത്തെ നിയമങ്ങളോ നീതി വ്യവസ്ഥയോ സഹായമെത്തിക്കാതെയിരിക്കുമ്പോൾ തൊഴിലുടമയുടെ ആജീവനാന്ത അടിമയായി ജീവിക്കാനും, ഒരു കമ്പനിയിലോ മരുഭൂമിയിലെ കൂരയ്ക്കുള്ളിലോ അല്ലെങ്കിൽ ഒരു കയറിലോ- ജീവിതം അവസാനിപ്പിക്കാനും വിധിക്കപ്പെട്ടവരാണ് നമ്മുടെ തൊഴിലാളികൾ. പത്തും ഇരുപതും മുപ്പതും വർഷങ്ങൾ കഴിഞ്ഞു ജീവച്ഛവമായി വരുന്നവരും തീരാരോഗങ്ങൾക്ക് അടിമപ്പെട്ടു ചികിത്സയ്ക്ക് പോലും വകയില്ലാത്തവരും ഇവർക്കിടയിലുണ്ട്. അവരുടെ കഥകൾ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുകയും അത് കണ്ടും കേട്ടും വായിച്ചവർ തന്നെ, താൻ ഇതിനൊരിക്കലും ഇരയാവില്ലെന്നു സ്വയം വിശ്വസിച്ചു പെട്ടിയും ഭാണ്ഡവുമായി ജോലി തേടി അടുത്ത വിദേശ യാത്രയ്‌ക്കൊരുങ്ങുകയും ചെയ്യുന്ന കാലമാണിപ്പോൾ. പാസ്പോർട്ടെടുക്കുമ്പോൾ തൊട്ടു വിദേശത്തെ എയർപോർട്ടിൽ എത്തി അതും നീട്ടി പിടിച്ചു എമിഗ്രഷനിലേക്കോടുന്നത് വരെയുള്ള നേരത്ത് മറ്റു രാജ്യക്കാർക്കു ലഭിക്കുന്ന പ്രവാസിയുടെ പരിരക്ഷ ലഭിക്കാത്തവരാണ് നമ്മൾ ഭാരതീയർ..!
രാജ്യത്ത് ആകെ നിലവിലുള്ള 1983 ലെ എമിഗ്രേഷൻ ബില്ലിലെ വ്യവസ്ഥകളനുസരിച്ചാണ് നമ്മുടെ കുടിയേറ്റം നടത്തപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും. പ്രവാസത്തിന്റെ നീണ്ട പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തിന് മാറിവന്ന കാലഘട്ടത്തിലെ ആഗോളവൽക്കരണത്തിന്റെയും വംശീയവൽക്കരണത്തിന്റെയും നിർമിത ബുദ്ധിയുടെയും ഈ നാളുകളിൽ- പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും നിർദേശിക്കാൻ കഴിവില്ലാതെ പോകുന്നത് ഈ നിയമത്തിന്റെ കാലപ്പഴക്കം ഒന്നുകൊണ്ടു മാത്രമാണ്. അതു പരിഷ്കരിച്ച്- ഏറ്റവും സമഗ്രവും – ശക്തവുമായ ഒരു കുടിയേറ്റ നയം രൂപീകരിക്കാൻ ആർജ്ജവമില്ലാത്ത സർക്കാരുകളുടെയും കൂടി ബാധ്യതയുമാണ്. എന്നാൽ ഇതേ കാലയളവിൽ തങ്ങളുടെ കുടിയേറ്റ നിയമങ്ങളെ പരിഷ്കരിക്കുകയും കോവിഡ് പകർച്ചവ്യാധി പോലെയുള്ള ദുരന്തങ്ങളിൽ പ്രവാസികളെ സംരക്ഷിക്കുകയും ചെയ്ത രാജ്യങ്ങളാണ് ഫിലിപ്പീൻസും ബംഗ്ലദേശും നേപ്പാളുമൊക്കെ.
സമഗ്രമായ നിയമവ്യവസ്ഥകളും സംരക്ഷണവും ഉൾക്കൊള്ളുന്നതാണ് നേപ്പാളിന്റെ 2007 ലെ ഫോറിൻ എംപ്ലോയ്‌മെന്റ് ആക്ട് (Foreign employment Act). ഇത് പ്രകാരം ഒരു വിദേശ രാജ്യത്തേക്ക് ജോലിക്കായി പോകുന്നതിനു മുമ്പുള്ള തയ്യാറെടുപ്പുകൾ (Pre Departure orientation), നൈതിക റിക്രൂട്ട്മെന്റ് (Ethical Recruitment ), തൊഴിലിടങ്ങളിലെ അവകാശങ്ങൾ ( Migrant workers’ rights) എന്നിവയെകുറിച്ചെല്ലാം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ നിയമത്തിലൂടെ അവരുടെ പൗരർക്ക് ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഇതിനെല്ലാം മേൽനോട്ടം വഹിക്കുവാനായി Foreign Employment Promotion Board എന്നൊരു പ്രത്യേക വകുപ്പു കൂടി അവർ രൂപീകരിച്ചിട്ടുണ്ട്.
1982 ലെ എമിഗ്രേഷൻ ഓർഡിനൻസ് 2002 ലും 2006 ലും പരിഷ്കരിച്ചുകൊണ്ടാണ് ബംഗ്ലാദേശ് അവരുടെ പ്രവാസി പൗരരെ സംരക്ഷിക്കുന്നത്. നിർബന്ധിത പ്രീ ഡിപ്പാർചർ ട്രെയിനിങ്, റിക്രൂട്ട്മെന്റ് ഏജൻസികളുടെയും തൊഴിലാളികളുടെയും രജിസ്ട്രേഷൻ, മനുഷ്യക്കടത്തിനെതിരെയുള്ള കർശന വ്യവസ്ഥകൾ, വിദേശ കുടിയേറ്റ സാധ്യത പഠനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ ഓർഡിനൻസ്. കൂടാതെ പ്രവാസി സംരക്ഷണവുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെടുവാനും ഈ രാജ്യം ശ്രദ്ധിക്കുന്നു.
2018ൽ പുതുക്കിയ 1995 ലെ The Philippines’ Migrant Workers and Overseas Filipinos Act’ ഏറെ ദിശാബോധം നിറഞ്ഞതും ഇത്തരത്തിൽ പ്രവാസ സംരക്ഷണ നിയമങ്ങളിൽ തന്നെ നൂതനമായ ബദൽ രേഖയായും ലോകം വിലയിരുത്തുന്നു. ഈ നിയമ പ്രകാരം വിദേശത്തേക്കുള്ള ഫിലിപ്പിനോ തൊഴിലാളികൾക്ക് നിർബന്ധിത പ്രീ ഡിപ്പാർചർ ഓറിയന്റേഷൻ, സമഗ്ര തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്ന ലേബർ കരാർ, തൊഴിൽ തർക്കങ്ങളും തൊഴിലിടത്തെ ദുരുപയോഗങ്ങളും പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ലഭിക്കുമെന്നതിനും ഉറപ്പുവരുത്തുന്നു.
മുൻ യു പി എ സർക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച New Emigration Bill -2019, നിലവിൽ പ്രവാസികളനുഭവിക്കുന്ന പ്രശ്ങ്ങൾക്കു സാധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതും, ഇപ്പോൾ വ്യാപകമായി നടക്കുന്ന സ്റ്റുഡന്റ്സ് മൈഗ്രെഷൻ അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിക്കേണ്ടുന്ന നിലപാടുകളുള്ളതും ആയ ഒരു നല്ല പ്രവർത്തനമായിരുന്നു. പുതിയ ഇന്ത്യൻ എമിഗ്രെഷൻ ബില്ലിന്റെ ആമുഖത്തിൽ മൂന്നര പതിറ്റാണ്ടായി തുടരുന്ന 1983 ലെ കാലഹരണപ്പെട്ട എമിഗ്രെഷൻ നിയമത്തെ കുറിച്ച് പരാമർശങ്ങളുണ്ട്.
ആ സമയത്ത് ഉണ്ടായിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള വർധിച്ചു വരുന്ന കുടിയേറ്റമാണ് 1983 ൽ ഗവണ്മെന്റ് രൂപം കൊടുത്ത എമിഗ്രെഷൻ ബില്ലിന്റെ ആശയമെന്ന് ഇതിൽ പറഞ്ഞു വെക്കുന്നു. പുതിയ കാലഘട്ടത്തിൽ പ്രവാസികൾക്കുണ്ടാകുന്ന തൊഴിൽ പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്തുക അവർക്കു വേണ്ട നിയമ പരിരക്ഷ കണ്ടെത്തുക,- സംരക്ഷണം നൽകുക , വ്യാജ റിക്രൂട്ടിങ് ഏജന്റുമാർക്കെതിരെയുള്ള നിയമ നടപടികളിലുള്ള തടസ്സം – തുടങ്ങി പല മേഖലകളിലും പഴയ കുടിയേറ്റ നിയമം പരാജയമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് 2019 എമിഗ്രെഷൻ ബിൽ ആരംഭിക്കുന്നത്. എന്നാൽ ഈ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനോ പാസ്സാക്കാനോ നിയമമായി രംഗത്ത് കൊണ്ട് വരാനോ മുൻ യു.പി.എ ഗവണ്മെന്റിനോ കഴിഞ്ഞ പത്ത് വർഷ ക്കാലം ഇന്ത്യ ഭരിച്ച എൻ.ഡി.എ സർക്കാരിനോ സാധിച്ചിട്ടില്ല!
ആഗോളതലത്തിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ പോലും അവരുടെ പൗരരെ സംരക്ഷിക്കുന്ന കുടിയേറ്റ നിയമങ്ങൾ നിർമിക്കുമ്പോൾ, ഇത്രയ്ക്കു കാലഹരണപ്പെട്ട ഒരു നിയമം കൊണ്ട് നാം എവിടെയെത്താനാണ്? വോട്ടവകാശം നിഷേധിക്കപ്പെട്ട, പൗരാവകാശങ്ങളിൽ ഒരു പ്രാതിനിധ്യവും ലഭിക്കാത്ത ഒരു ജനത അവരുടെ സംരക്ഷണത്തിന് ആര് എന്നെത്തും എന്ന ചിന്തയിലാണ്. അറുപതു വർഷക്കാലം രാജ്യം ഭരിച്ച കോൺഗ്രസ്സിനോ രണ്ടു ഘട്ടങ്ങളിലായി ഒന്നര പതിറ്റാണ്ടിലേറെക്കാലം ഭരണത്തിലിരുന്ന ബിജെപിക്കോ പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടിയുള്ള നിയമ നിർമാണങ്ങൾ നടത്താൻ സാധിച്ചില്ല എന്നത് അതീവ ഗൗരവമായി എല്ലാവരും കാണേണ്ടതാണ്.
നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തി സമഗ്രമായ ഒരു കുടിയേറ്റ നിയമം വഴി മൂന്ന് കോടിയോളം വരുന്ന ഭാരതീയ പ്രവാസികളെ സംരക്ഷിക്കാൻ മാറിവരുന്ന ഭരണകൂടം തയ്യാറാവേണ്ടതുണ്ട്.
പുതിയ എമിഗ്രേഷൻ നിയമത്തിനു നിർദ്ദേശിക്കുന്ന ചില പരിഷ്‌കാരങ്ങൾ ഇവയാണ്:
1. മനുഷ്യക്കടത്ത്, തൊഴിലിടങ്ങളിലെ ദുരുപയോഗം. ഏതവസ്ഥയിലും നീതി ലഭ്യമാക്കുവാനുള്ള അവസരങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കാനുള്ള ശക്തമായ നിയമങ്ങൾ പുതിയ ബില്ലിൽ ഉൾപ്പെടുത്തുക.
2. കൂടുതൽ തൊഴിലാളികൾ തൊഴിൽ തേടുന്ന രാജ്യങ്ങളുമായി അവരുടെ സംരക്ഷണത്തെ മുൻനിർത്തിയുള്ള കരാറുകളിൽ ഏർപ്പെടുക, ശമ്പളവും മറ്റാനുകൂല്യങ്ങളും തുടങ്ങിയ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾക്ക് രൂപം കൊടുക്കുക.
3. വിദേശ രാജ്യങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളെയും ഇന്ത്യൻ ഡയസ്പോറയെയും ഉപയോഗപ്പെടുത്തിക്കൊണ്ട് അവരുടെ ശാക്തീകരണം സാധ്യമാക്കുക. കുടിയേറ്റ സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവരങ്ങളിലേക്കും സേവനങ്ങളിലേക്കും അവരുടെ ആശങ്കകളും ആവലാതികളും അറിയിക്കാനുള്ള സംവിധാനങ്ങൾ നൽകുക വഴി കുടിയേറ്റത്തെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാനും അവരുടെ അവകാശങ്ങൾക്കായി വാദിക്കാനും അവരെ പ്രാപ്തരാക്കുക.
4. കുടിയേറ്റ തൊഴിലാളികളുടെ ബഹുമുഖ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമായി സമഗ്രമായ നയങ്ങളും പരിപാടികളും വികസിപ്പിക്കുന്നതിന് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, ലേബർ യൂണിയനുകൾ, തൊഴിലുടമകൾ, മറ്റു പ്രസക്തരായ പങ്കാളികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആശയ സംവാദം നടത്തുക.
അന്താരാഷ്ട്ര കുടിയേറ്റത്തിന്റെ സങ്കീർണതകൾ ഇന്ത്യക്കാരിലും തുടരുമ്പോൾ, പ്രവാസി തൊഴിലാളികളുടെ, പ്രത്യേകിച്ച് അയൽ രാജ്യങ്ങളിൽ നിന്നുള്ളവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും കൂടി പുതിയ എമിഗ്രേഷൻ നിയമം കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. പൗരത്വ ഭേദഗതി, അയൽ രാജ്യങ്ങളുമായുള്ള മോശം ബന്ധം തുടങ്ങി ഇന്ത്യ ഇങ്ങെത്തി നിൽക്കുന്ന ഇന്നത്തെ അവസ്ഥകൾ മനസിലാക്കികൊണ്ടു തന്നെ, ഇനിയുള്ള നാളുകളിൽ പുതിയ ഒരു നയ സമീപനം സ്വീകരിക്കുന്നതിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്നതും അവകാശങ്ങളെ അടിസ്ഥാനമാക്കിയും, എല്ലാ കുടിയേറ്റക്കാർക്കും സുരക്ഷിതവും നീതിയുക്തവും കൂടുതൽ സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നമ്മുടെ ഇന്ത്യക്ക് സംഭാവന നൽകാനാകും. ഈ നയ രൂപീകരണം തന്നെയാവും നമ്മുടെ രാജ്യക്കാർ അന്യനാടുകളിൽ അദ്ധ്വാനിക്കാനായി പോകുമ്പോൾ അവരെ സ്വീകരിക്കുന്ന രാജ്യം തിരിച്ചും ചെയ്യുക എന്ന ബോധമെങ്കിലും നമുക്കും ഉണ്ടാവണം.
സ്വാതന്ത്ര്യാന്തര ഭാരതത്തിൽ ഏറ്റവും കൂടുതൽ തവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് എട്ടു ദശലക്ഷത്തോളം വരുന്ന പ്രവാസി ഭാരതീയരുടെ സംരക്ഷണത്തിനും, സാമൂഹ്യനീതി അടക്കമുള്ള വിഷയങ്ങളിലും ഒരൊറ്റ തൊഴിൽ കരാർ ഒപ്പുവെക്കാൻ കഴിഞ്ഞില്ല എന്നത് എത്രമാത്രം ഖേദകരമാണ്..! ഇന്ത്യൻ വിദേശ കാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മറ്റു രാജ്യങ്ങളുമായുള്ള ഉടമ്പടി പത്രങ്ങളിൽ പലതും രണ്ടായിരത്തി ആറിലും മറ്റും എഴുതപ്പെട്ടവയാണെന്നു കണ്ടെത്തുന്നത് എത്രമാത്രം ലജ്ജാകരമായ കാര്യമാണ്? കോവിഡ് പ്രതിസന്ധിയിൽ വിദേശ നാടുകളിൽ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാൻ യുദ്ധക്കപ്പലുകൾ വരെ സജ്ജീകരിച്ചവർ, കീശ കാലിയാക്കി ജീവനും കൊണ്ടോടി വരുന്ന തൊഴിലാളികളിൽ നിന്നും ടിക്കറ്റ് ചാർജും ഈടാക്കിയാണ് ‘വന്ദേ ഭാരത മിഷൻ’ നടത്തിയതെന്ന് എത്ര പേർക്കറിയാം?
ആടുജീവിതത്തിൽ നജീബിനെപ്പോലെ നൂറുകണക്കിന് പ്രവാസ തൊഴിലാളികളുടെ വേദനകൾ കഴിഞ്ഞ ഇരുപത്തിനാലു വർഷങ്ങളായി ഒരു മാധ്യമത്തിൽ കൂടി കൈകാര്യം ചെയ്യാൻ വിധിക്കപ്പെട്ടവനെന്ന നിലയ്ക്ക് ഒടുങ്ങാതെ തീരുന്ന ഇത്തരം പ്രശ്ങ്ങൾക്കു പ്രതിവിധി കൽപ്പിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അത് കാലാകാലമായി ചെയ്തു പോരുന്നുമുണ്ട്, പക്ഷേ ഇരുട്ടിൽ തപ്പുകയും യഥാർത്ഥ പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന സർക്കാരുകൾക്ക് ആരാണ് ഇത് പറഞ്ഞുകൊടുക്കുക? ♦