രാജ്യത്ത് പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര സർക്കാരോ കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളോ ഇത്തരത്തിൽ പ്രവാസികളെ പരിഗണിക്കുന്നില്ല.
ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യമാണ് ഇന്ത്യ.. ലോക ബാങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് പത്ത് ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇന്ത്യ പ്രവാസി പണ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാമതാണ്. 140 രാജ്യങ്ങളിൽ നിന്നായി ഇന്ത്യയുടെ മാനവ വിഭവശേഷി രാജ്യത്തിന്റെ സാമ്പത്തിക ശക്തി പ്രവാഹമായി നില കൊള്ളുകയാണ്. സംഗതി ഇതൊക്കെയാണെങ്കിലും മോദി സർക്കാരിന് പ്രവാസികളെ പുച്ഛമാണ്. അതു കൊണ്ടാണ് പ്രവാസികാര്യ വകുപ്പ് തന്നെ ഇല്ലാതാക്കിയത്. വിദേശ കാര്യ മന്ത്രാലയമാണ് പ്രവാസി ക്ഷേമം നിർവഹിക്കേണ്ടത് എന്ന അവസ്ഥ പ്രവാസികളെ പ്രത്യേകിച്ച് സാധാരണ കുടിയേറ്റ തൊഴിലാളികളെ അവഗണിക്കുന്നതിന് തുല്യമാണ്.
രാജ്യത്ത് നിലവിലുള്ള കുടിയേറ്റ നിയമം (എമിഗേഷൻ ആക്ട്) ബ്രിട്ടീഷ് ഭരണ കാലത്ത് രൂപം നൽകിയതാണ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1983 ൽ ഈ നിയമത്തിന് ഭേദഗതി കൊണ്ടുവന്നെങ്കിലും പ്രവാസി തൊഴിലാളി ക്ഷേമത്തിന് വ്യവസ്ഥകളില്ല. കേരള പ്രവാസി സംഘം ഉൾപ്പെടെയുള്ള സംഘടനകൾ കാലങ്ങളായി ഈ നിയമം പ്രവാസി ക്ഷേമത്തിലധിഷ്ഠിതമായി നവീകരിക്കണം എന്നാവശ്യപ്പെട്ടുവരികയാണ്. വിദേശങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രവാസികളിലെ സാധാരണക്കാരെ അവഗണിക്കുകയാണ് പതിവ്. കേന്ദ്ര നിയമം പ്രവാസി ക്ഷേമത്തെ കുറിച്ച് പറയാത്തതു കൊണ്ട് എംബസികളുടെ നിലപാട് പ്രവാസി വിരുദ്ധമാണ്.
വിമാന ടിക്കറ്റ് ചാർജ് വർദ്ധനയുടെ കാര്യം എടുക്കുക. എന്തെങ്കിലും ന്യായീകരണം ഇതിനു പറയാനുണ്ടോ കേന്ദ്ര സർക്കാരിന്? കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്രക്കാരുടെ എണ്ണം കൂടുതലാണ്. അതിനാൽ ഫെസ്റ്റിവൽ സീസണുകളിൽ വിമാന ടിക്കറ്റ് ചാർജ് യാതൊരു ലക്കുമില്ലാതെ വർദ്ധിപ്പിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിരിക്കുകയാണ്. ഓണം, വിഷു, ഈദ്, ക്രിസ്-മസ് വേളകളിലും ഗൾഫിലെ സ്കൂൾ അവധി കാലത്തും വിമാന ടിക്കറ്റ് ചാർജ് വർദ്ധന തുടർക്കഥയാണ്.
രണ്ടാം യു പി എ സർക്കാരാണിതു തുടങ്ങിയതെങ്കിലും ബിജെപി സർക്കാർ ഇതു താങ്ങാനാകാത്ത തരത്തിലേക്ക് മാറ്റി. കരിപ്പൂർ വിമാന താവളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പോകുന്നത്. അതിനാൽ ഇവിടെ നിന്നുള്ള യാത്രക്ക് മൂന്നിരട്ടി തുകയോളം കൂട്ടി. പ്രതിഷേധങ്ങളെ തുടർന്ന് അൽപ്പം കുറച്ചെങ്കിലും കൊള്ള തുടരുകയാണ്. കേന്ദ്ര ബജറ്റിലോ പാക്കേജുകളിലോ പ്രവാസികളെ പരാമർശിക്കാറേ ഇല്ല.
അവരയക്കുന്ന പണം നമ്മുടെ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം വർദ്ധിപ്പിക്കുന്നു എങ്കിലും പ്രവാസി ക്ഷേമത്തെ കുറിച്ച് ഒരിക്കലും മിണ്ടാറില്ല. എമിഗ്രേഷൻ ക്ലിയറൻസിനായി പ്രവാസികളിൽ നിന്ന് അഞ്ചു പതിറ്റാണ്ട് പിഴിഞ്ഞെടുത്ത പണമെവിടെ? അമ്പതിനായിരം കോടി രൂപയാണ് ഇങ്ങനെ പിരിച്ചെടുത്തിട്ടുള്ളത്. ആർക്കും വ്യക്തമായ മറുപടി ഇക്കാര്യത്തിലില്ല.
കേരളത്തെ കുറിച്ചും കേരള സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചും നമ്മുടെ വാർത്താ മാധ്യമങ്ങൾ എന്തെല്ലാം കളവുകളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ വിവിധ മേഖലകളിലെ ജനങ്ങളുടെയും പൊതു സമൂഹത്തിന്റെയും അനുഭവം വ്യത്യസ്തമാണ്. പ്രവാസികളുടെ കാര്യത്തിൽ നമുക്കിത് പരിശോധിക്കാം. ഇന്ത്യയിൽ ആദ്യമായി പ്രവാസികൾക്ക് വേണ്ടി ഒരു ക്ഷേമ വകുപ്പ് രൂപീകരിച്ചത് ഇ.കെ നായനാർ സർക്കാരാണ്. 1998ലായിരുന്നു അത്. അക്കാലത്തത് വലിയ വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. രാജ്യത്തിനു വഴികാട്ടിയ അനേകം നിയമ നിർമ്മാണങ്ങൾ നമ്മുടെ കേരള നിയമ സഭയിലാണല്ലൊ ഉണ്ടായിട്ടുള്ളത്.
പ്രവാസികളുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. 2001 മുതൽ 2006 വരെ യു ഡി എഫ് കേരളം ഭരിച്ചെങ്കിലും പ്രവാസികൾക്കു വേണ്ടി യാതൊന്നും ചെയ്തില്ല. എന്നാൽ 2006 ൽ വി എസ് അച്യുതാനന്ദൻ സർക്കാർ പ്രവാസി ക്ഷേമ പദ്ധതി നിയമ സഭയിൽ പ്രഖ്യാപിച്ചു. 2008 ൽ പ്രവാസി ക്ഷേമനിധി നിയമം സഭ അംഗീകരിച്ചു. അഞ്ഞൂറ് രൂപയായിരുന്നു തുടക്കത്തിൽ പെൻഷൻ തുക. 2011 ൽ യുഡിഎഫ് വന്നു. അവർ അഞ്ചു വർഷം ഭരിച്ചിട്ടും പെൻഷൻ കൂട്ടാനോ മറ്റ് പദ്ധതികൾ നടപ്പിലാക്കാനോ തയ്യാറായില്ല.
2016 ൽ ഒന്നാം പിണറായി സർക്കാർ പെൻഷൻ ആദ്യം രണ്ടായിരം രൂപയായും പിന്നീട് 3000- രൂപയായും 3500 രൂപയായും ഉയർത്തി. ആദ്യ പിണറായി വിജയൻ സർക്കാർ വരുമ്പോൾ 1,10,000 പേരാണ് ക്ഷേമനിധിയിൽ അംഗങ്ങളായിരുന്നതെങ്കിൽ ഇന്നത് എട്ടര ലക്ഷമായി ഉയർന്നു. പെൻഷൻ വാങ്ങുന്നത് 43,000 പേരാണ്. ഓരോ മാസവും പെൻഷനുവേണ്ടി 19 കോടി രൂപ ചെലവഴിക്കുന്നു. പൂർണ്ണമായും ഒരു സംസ്ഥാന സർക്കാർ പദ്ധതിയാണിത്. കേന്ദ്ര ധനസഹായം പലവട്ടം നമ്മൾ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് N D P R E M എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. നോർക്കയാണ് ഇതു നിർവഹിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ പതിനായിരത്തിലേറെ പേർക്ക് ഇതിന്റെ സഹായം ലഭിച്ചു. നോർക്കയുടെ ചികിത്സാ സഹായ പദ്ധതിയായ ‘സാന്ത്വനം’ മികച്ച നിലയിൽ നടപ്പിലാക്കുന്നുണ്ട്. 120 കോടി രൂപ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമ പദ്ധതികൾക്കായി മാറ്റിവയ്ക്കുന്നുണ്ട്.
ഒന്നാം കോവിഡ് കാലത്ത് കേരളം പ്രവാസികളെ ചേർത്തുനിറുത്തിയത് അഭിമാനകരമാണ്. അന്ന് തിരിച്ചുപോകാൻ കഴിയാതെ ഇവിടെ നിൽക്കേണ്ടി വന്നവർക്ക് സംസ്ഥാനം ധനസഹായം നൽകി. അപേക്ഷിച്ച 70,000 പേർക്ക് 5,000 രൂപ പോക്കറ്റ് മണി നൽകിയ സർക്കാരാണ് എൽ ഡി എഫിന്റെ പിണറായി വിജയൻ നയിക്കുന്ന സർക്കാർ.
ഇന്ത്യയിൽ ഒരിടത്തും ഇങ്ങനെ ഒരു സഹായം അനുവദിച്ചിട്ടില്ല. ലോക കേരള സഭ കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. എന്താണ് പ്രവാസികൾക്ക് പറയാനുള്ളത്. അതു കേൾക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമുള്ള വേദിയാണ് ലോക കേരള സഭ. എംപിമാർക്കും എംഎൽഎമാർക്കുമൊപ്പം പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദി.
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇങ്ങനെ ഒരു സംവിധാനം നിലവിലില്ല. ഇവിടുത്തെ മാധ്യമങ്ങളിൽ ചിലത് ലോക കേരള സഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രവാസികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സർക്കാരിനൊപ്പമാണ് നിലകൊണ്ടത്. ♦