Friday, May 17, 2024

ad

Homeകവര്‍സ്റ്റോറിഎന്തുകൊണ്ട് കേരളം കുടിയേറ്റ സൗഹൃദ സംസ്ഥാനം ആകുന്നു?

എന്തുകൊണ്ട് കേരളം കുടിയേറ്റ സൗഹൃദ സംസ്ഥാനം ആകുന്നു?

നവാസ് എം ഖാദർ, ബിജുലാൽ എം വി (സെന്റർ ഫോർ മൈഗ്രേഷൻ പോളിസി & 
ഇൻക്ലൂസീവ് ഗവെർണൻസ്, 
മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റി, കോട്ടയം)

ആമുഖം
അസംഘടിത മേഖലയിലെ തൊഴിൽ സുരക്ഷയില്ലായ്മയുടെ ഇരകളായി മഹാരാഷ്ട്രയിലെ ബോയ്‌സർ, ഗുജറാത്തിലെ താരാപൂർ, സൂറത്ത് എന്നീ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ (എം.എസ്.എം.ഇ) നിരവധി കുടിയേറ്റ തൊഴിലാളികൾക്ക് ഇപ്പോൾ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യം നില നിൽക്കുന്നു. കേരളത്തിലെ കമ്പനികളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഈ സാഹചര്യം എപ്പോൾ വേണമെങ്കിലും വന്നു ചേരാവുന്നതാണ്. നികുതിയും കുടിശ്ശികയും, എം.എസ്.എം.ഇ കമ്പനികളിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിട്ട് അവരുടെ ശമ്പളം ലാഭിക്കുകയും, നിർമ്മാണ ഉത്പന്നങ്ങൾ വിറ്റഴിച്ചതിനു ശേഷം പുതിയ തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്ന തൊഴിൽ സമ്പ്രദായത്തിലേക്കു മാറുന്നതിനുള്ള പ്രധാന കാരണം കുടിയേറ്റ തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും ലഭിക്കുകയും ഒഴിവാക്കുകയും ചെയ്യാം എന്നുള്ളതാണ്. ആധുനിക സമൂഹത്തിൽ രൂപംകൊള്ളുന്ന നവ-ഫ്യൂഡലിസത്തിന്റെ ഇരകളാണ് അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ. കേരളം പോലെ അനവധി തൊഴിൽ സമരങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുത്ത ഒരു സംസ്ഥാനത്തു മാത്രമാണ് കുടിയേറ്റ തൊഴിലാളിയുടെ തൊഴിൽ സുരക്ഷയിൽ ചെറിയ തോതിലെങ്കിലും സംരക്ഷണം ലഭിക്കുന്നത്. കേരളത്തിന്റെ വികസന ചരിത്രത്തിൽ മലയാളികളുടെ ഗൾഫ് കുടിയേറ്റം എഴുപതുകളിൽ നൽകിയ കുതിപ്പിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പൂർത്തീകരിക്കുന്നത്- അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളാണ്.

കഴിഞ്ഞ രണ്ടു വർഷത്തെ സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച് ബോർഡിന്റെ പ്രോജക്ടായ “കേരളത്തിലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയിൽ സാമൂഹിക സ്ഥാപനങ്ങളുടെയും സാങ്കേതിക ഇടപെടലുകളുടെയും പ്രഭാവം’ എന്നതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും, കഴിഞ്ഞ പത്തുവർഷമായി അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളിൽ നടത്തുന്ന ഫീൽഡ് പഠനത്തിന്റെയും, വിവരാവകാശ രേഖകളുടെ മറുപടിയുടെയും അടിസ്‌ഥാനത്തിലാണ്‌ ഈ ലേഖനത്തിൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

എന്തുകൊണ്ട് കേരളം?
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് (2020) കണക്കാക്കിയത് കുടിയേറ്റ തൊഴിലാളികൾ ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനം സംഭാവന ചെയ്യുന്നു എന്നാണ്. ലോക ജനസംഖ്യയുടെ 3.6% അന്താരാഷ്ട്ര കുടിയേറ്റക്കാരാണെന്ന് 2020 ലെ യുണൈറ്റഡ് നേഷൻ എസ്റ്റിമേറ്റിൽ പറയുന്നു. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റം 37 ശതമാനമാണ്. ഏകദേശം 45.36 കോടി ജനങ്ങൾ ആഭ്യന്തര കൂടിയേറ്റവുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ്. ഈ പശ്ചാത്തലത്തിൽ, കേരളത്തിലെ അന്തർ സംസ്ഥാന കുടിയേറ്റം കൂടുതൽ ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ തൊഴിലാളികളിൽ ഏകദേശം 28.3% അനൗപചാരിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നു. കുറഞ്ഞ വേതനം, സുരക്ഷിതമല്ലാത്ത ജോലികൾ, അപകട സാധ്യതയും ചൂഷണവും, ജോലിയുടെ വ്യവസ്ഥകൾ എന്നിവയാണ് അനൗപചാരിക മേഖലയിൽ എടുത്തുപറയേണ്ടവ.2011-ലെ സെൻസസ് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിലവിലുള്ള അന്തർസംസ്ഥാന കുടിയേറ്റത്തിന്റെ പ്രവണതകളെ രാജ്യത്തു നിർവചിച്ചിക്കുന്നത്. നാഷണൽ സാമ്പിൾ സർവ്വേ 2020–-21 വിശകലനം ചെയ്താൽ കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം (30.6%) അഞ്ചാം സ്ഥാനത്താണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഫണ്ട് ചെയ്ത് കേരള ഡെവലപ്മെന്റ് സൊസൈറ്റി, ഡൽഹി (2020) ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും ആരോഗ്യ അവകാശങ്ങളെയും കുറിച്ചുള്ള പഠനം പറയുന്നത്, സമൂഹത്തിലെ അദൃശ്യരായ ഈ വിഭാഗത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്നും ആതിഥേയരായ അവരെ “പുറത്തുള്ളവരോ’, “രണ്ടാം തരം പൗരരോ’ ആയിട്ട് പരിഗണിക്കുന്നു എന്നുമാണ്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളിലായാണ് ഈ പഠനം നടത്തിയത്. കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും കുറഞ്ഞ വരുമാനവും ഉയർന്ന അപകടസാധ്യതയുള്ളതുമായ മേഖലകളായ നിർമ്മാണം, ഘന വ്യവസായം, ഗതാഗതം, സേവനങ്ങൾ, കൃഷി എന്നിവയിൽ ജോലി ചെയ്യുന്നു, കൂടാതെ ആരോഗ്യ സേവനങ്ങൾ, സാമൂഹിക സംരക്ഷണം, വിദ്യാഭ്യാസം, സേവനങ്ങൾ, പാർപ്പിടവും ശുചിത്വവും, ഭക്ഷണം, വെള്ളം എന്നിവയിൽ മോശമായ അവസ്ഥയിലൂടെയാണ് അവർ കടന്നുപോകുന്നത്. അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കെതിരായ വിവിധ തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ പരിഹരിക്കാൻ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഒരു സ്ഥാപന സംവിധാനവും ഇല്ലെന്ന് പഠനം പറയുന്നു. മാത്രമല്ല വലിയ രീതിയിൽ വംശീയ വിദ്വേഷവും സാമൂഹിക വിവേചനവും കുടിയേറ്റ തൊഴിലാളികൾ നേരിടുന്നതായും പഠനത്തിൽ കൂട്ടിച്ചേർക്കുന്നു.

കേരളത്തിൽ എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സാമ്പത്തിക മികവിനൊപ്പം കേരളത്തെ തിരഞ്ഞെടുക്കാൻ മറ്റനേകം കാരണങ്ങളുണ്ട്. സാമൂഹിക ചുറ്റുപാടുകൾ, സാംസ്കാരിക സൗഹൃദ അന്തരീക്ഷം, മികച്ച കാലാവസ്ഥ കൂടുതൽ തൊഴിലവസരങ്ങൾ മെച്ചപ്പെട്ട സ്ഥാപന സംവിധാനങ്ങൾ എല്ലാം അവയിൽ ചിലതുമാത്രം. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി മഹാത്മാഗാന്ധി സർവ്വകലാശാലയുമായി സഹകരിച്ച് നടത്തുന്ന സയൻസ് ആൻഡ് എൻജിനീയറിങ് റിസർച്ച് ബോർഡ് പ്രൊജക്റ്റ് 2023ലെ ആദ്യ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 80 തൊഴിൽ വിഭാഗത്തിൽപ്പെടുന്ന കുടിയേറ്റ തൊഴിലാളികൾ ഉണ്ട്. ശരാശരി 500 രൂപ കുറഞ്ഞ ദിവസവേതനവും 1400 രൂപ കൂടിയ ദിവസവേതനത്തിലും തൊഴിൽ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ ജീവിക്കുന്നു.

നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നും പ്രകടമായ രീതിയിൽ കേരളത്തിലേക്കു കുടിയേറ്റം ഉണ്ടായത് 2011 ന് ശേഷമാണെന്ന് സെൻസസ് അടയാളപ്പെടുത്തുന്നുണ്ട്. 2021ലെ കേരള പ്ലാനിങ് ബോർഡ് റിപ്പോർട്ടിന്റെ പഠനം കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തെ ആനുപാതികമായിട്ടുള്ള ശാസ്ത്രീയ അളവിലൂടെ ഏറ്റവും കുറഞ്ഞത് 28 ലക്ഷമെന്നും കൂടിയ നിരക്കിൽ അത് 34 ലക്ഷം വരെ ആകാമെന്നും എഴുതിച്ചേർക്കുന്നുണ്ട്.

എങ്ങനെ അടയാളപ്പെടുത്തുന്നു?

binary comment

ഇതര സംസ്ഥാന തൊഴിലാളി നിയമം 1979 പ്രകാരം അഞ്ചോ അതിലധികമോ ഇതര സംസ്ഥാന തൊഴിലാളികൾ ഒരു കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുന്നു എങ്കിൽ അത് ജില്ലാ ലേബർ ഓഫീസുകളിൽ നിന്നും പ്രിൻസിപ്പൽ എംപ്ലോയർ രജിസ്ട്രേഷനും കോൺട്രാക്ടർ ലൈസൻസും എടുക്കേണ്ടത് നിർബന്ധമാണ്. വിവരാവകാശ നിയമപ്രകാരം ലേഖകർക്ക് 2023 ആഗസ്റ്റിൽ ലഭിച്ച മറുപടിയിൽ കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 5,16,320 ആണ്. 2010 ൽ ആരംഭിച്ച കേരള വെൽഫെയർ സ്കീമിൽ 88,000 പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഇത് കേരളത്തിലെ 1979 ലെ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ആണ്. രജിസ്റ്റർ ചെയ്യാതെ കേരളത്തിൽ എത്തുന്ന കുടിയേറ്റ തൊഴിലാളികൾ, അല്ലെങ്കിൽ കേരളത്തിൽ എത്തിയതിനുശേഷം തൊഴിൽദാതാക്കളാൽ രജിസ്റ്റർ ചെയ്യപ്പെടാത്തവരാണ് അധികവും ഉള്ളത്.

കേരള സംസ്ഥാനത്തിനകത്ത് ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കേരള സർക്കാർ 2019 മാർച്ച് 29 ന് കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി ആരംഭിച്ചു. പത്തു കോടി രൂപ ഗ്രാൻഡ് ആയി കേരള സർക്കാർ ഈ പദ്ധതിക്കായി നൽകി. അതിൽ 33,70,433 രൂപ ആനുകൂല്യമായി കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ക്യാമ്പുകളിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, താമസം, തുടങ്ങിയ അവശ്യസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും, ക്ഷേമപ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നാലു കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷനുവേണ്ടി 2017 ൽ തയ്യാറാക്കപ്പെട്ട ആവാസ് ഇൻഷുറൻസ് പദ്ധതിയിൽ 2023 വരെ 374 ഇതര സംസ്ഥാന ഗുണഭോക്താക്കൾക്ക് ചികിത്സാനുകൂല്യം ലഭിക്കുകയും 50,48,583 രൂപ സർക്കാർ ചെലവഴിച്ചിട്ടുള്ളതുമാണ്. രജിസ്റ്റർ ചെയ്ത കുടിയേറ്റ തൊഴിലാളികളിൽ മരണപ്പെട്ട 36 പേർക്ക് 72 ലക്ഷം രൂപയും, ഒരു അംഗപരിമിതന് അമ്പതിനായിരം രൂപയും ഗവൺമെന്റ് ഈ ഇനത്തിൽ നൽകിയിട്ടുണ്ട്. 2016 മുതൽ 2022 വരെ 2,14,28,997 രൂപ കുടിയേറ്റ തൊഴിലാളികളുടെ മെഡിക്കൽ ക്യാമ്പ് –ബോധവൽക്കരണ പരിപാടികൾക്കായി ഗവൺമെന്റ്- ചെലവഴിച്ചു. കുടിയേറ്റ തൊഴിലാളികളെ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടുകൂടി രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതികൾക്കായി സർക്കാർ നാളിതുവരെ 13 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാക്കിയിട്ടുണ്ട്. കേരളത്തിൽ കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ മക്കൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി ഏകദേശം 14 വിവിധ ഭാഷാ പദ്ധതികൾ നിലവിൽ സംസ്ഥാനത്തുണ്ട് . വ്യവസായ മേഖലയിൽ ജോലിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ‘അപ്‌നാ ഘർ’ എന്ന താമസ സൗകര്യം പദ്ധതി കേരളത്തിൽ ആയിരത്തിൽ കൂടുതൽ കുടിയേറ്റ തൊഴിലാളികൾ ഉപകാരപ്പെടുത്തിക്കൊണ്ടിരിക്കുന്നു ഇതെല്ലാമാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത്.

ഭാവി കേരളം
പശ്ചിമബംഗാളിലെ 5 ജില്ലകളിലെ 40 ഗ്രാമങ്ങളിലായി 24 ദിവസം ലേഖകർ നടത്തിയ പഠനപ്രകാരം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ അന്തരീക്ഷം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. പട്ടിണിയും തൊഴിലില്ലായ്മയും വേതനക്കുറവും സാമൂഹികവിലക്കുകളും ജാതി അധിക്ഷേപവും രാഷ്ട്രീയ അതിപ്രസരവും തൊഴിലാളികളെ സ്വന്തം പ്രദേശത്ത് നിന്ന് തൊഴിൽ തേടി പോകാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ ആണെന്ന് ഈ ഫീൽഡ് വിസിറ്റിലൂടെ ലേഖകർക്ക് ബോധ്യമായിട്ടുള്ളതാണ്. അടുത്ത 20 വർഷക്കാലം കേരളത്തിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് നിർബാധം തുടരുമെന്ന് ലേഖകരുടെ നിരീക്ഷണത്തിൽ ബോധ്യം വന്നിട്ടുള്ളതാണ്.

വ്യാവസായിക വളർച്ചയും നിർമ്മാണ മേഖലയുടെ കുതിപ്പും കരകൗശല കൈത്തറി മര വ്യവസായ തൊഴിൽ പാരമ്പര്യ മേഖലകളിലെ മലയാളികളുടെ അസാന്നിധ്യവും കുടിയേറ്റ തൊഴിലാളികളുടെ ഭാവി കേരളത്തെ രൂപപ്പെടുത്തുകയാണ്. കേരളത്തിൽ എത്തുന്ന പത്തിൽ മൂന്ന് കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ സ്ഥിരതാമസമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്ന് ഫിലിപ്പൈൻ സോഷ്യോളജി സൊസൈറ്റിയിലെ അന്താരാഷ്ട്ര കോൺഫറൻസിലെ പ്രബന്ധത്തിൽ ലേഖകർ കേരളത്തിലെ 14 ജില്ലകളിലെ പഠനത്തിന്റെ വിശകലനത്തിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് കുടിയേറ്റ തൊഴിലാളികളുടെ മക്കൾ കൂടുതൽ എത്തുന്നതും, സ്വന്തം സംസ്ഥാനത്ത് അവരെ തിരിച്ചു കൊണ്ടുപോകാൻ ആഗ്രഹിക്കാത്തതും കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ ‘മനുഷ്യർക്ക്’ വിലകൽപ്പിക്കുന്നു എന്ന് വേണം കരുതാൻ.

ഉപസംഹാരം
അസഹിഷ്ണുതയുടെ ഇരകളായി മാറുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ച് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സെന്റർ ഫോർ മൈഗ്രേഷൻ പോളിസി ആൻഡ് ഇൻക്ലൂസ്സിവ് ഗവെർണൻസ് നടത്തിയ പഠനത്തിൽ പറയുന്നത് കേരളത്തിലെ വാർത്താമാധ്യമങ്ങളിലും , സോഷ്യൽ മീഡിയ ഫോറങ്ങളിലും കുടിയേറ്റ തൊഴിലാളികൾക്കെതിരെ വ്യാജ വാർത്തകളും, അസഹിഷ്ണുത പടർത്തുന്ന രീതിയിലുള്ള വിവരണങ്ങളും വർധിക്കുന്നു എന്നതാണ്. കേരളത്തിന്റെ വിവിധ ജില്ലകളിൽ ഫീൽഡ് വർക്ക് നടത്തിയ ലേഖകർക്ക്- ഇത്തരത്തിൽ നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന വിദഗ്ധ ഡോ. ജെന്ന ഹെന്നിബ്രൈ എഴുതി അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) 2020-ൽ പ്രസിദ്ധീകരിച്ച Quarantined! Xenophobia and migrant workers during the COVID-19 pandemic എന്ന പുസ്തകത്തിൽ, അന്താരാഷ്ട്ര തലത്തിൽ പല മേഖലകളിലും പ്രദേശങ്ങളിലും വ്യത്യസ്ത രീതികളിൽ കുടിയേറ്റ തൊഴിലാളികൾ സാമൂഹിക ബഹിഷ്‌കരണവും മതവിദ്വേഷവും അടക്കമുള്ള കൊടും വിവേചനം അനുഭവിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിൽ കൊലചെയ്യപ്പെട്ട ബിഹാറുകാരനായ രാജേഷ് മാഞ്ചിയുടെയും, അരുണാചൽ പ്രദേശുകാരനായ അശോക് ദാസിന്റെയും കൊലകൾ അസഹിഷ്‌ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ കേരളത്തിലെ പൊതു വ്യവഹാര കേന്ദ്രങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്ക് സൃഷ്ടിക്കുന്ന സുരക്ഷിത്വമില്ലായ്മ കേരളം ചർച്ച ചെയ്യേണ്ടതും സാമൂഹിക സഹവർത്തിത്വത്തിൽ അവരെ ഉൾക്കൊള്ളിച്ചു പോകേണ്ടതിന്റെ ആവശ്യകതയെയും ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളും, അവരോട് മലയാളികൾ വച്ചുപുലർത്തുന്ന വിദ്വേഷവും സാമൂഹിക അന്തരീക്ഷത്തെ കൂടുതൽ സങ്കീർണ്ണമാകുന്നു. എന്നിരുന്നാലും, ഇന്ത്യ മൈഗ്രേഷൻ എന്ന എൻജിഒ 2019 പുറത്തിറക്കിയ ഇൻട്രസ്റ്റ് മൈഗ്രേൻ പോളിസി ഇൻഡക്സ് റിപ്പോർട്ട് പ്രകാരം മികച്ച കുടിയേറ്റ സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത് കേരളത്തെയാണ്. ഈ റിപ്പോർട്ടിൽ കുട്ടികളുടെ അവകാശ സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവയിൽ കേരളം എടുത്തിട്ടുള്ള നിലപാടുകളെപ്പറ്റി കൂടുതൽ എടുത്തുപറയുന്നുണ്ട്. കേരളത്തിൽ അനുദിനം വർദ്ധിക്കുന്ന വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര കുടിയേറ്റവും കേരളത്തിലെ തൊഴിലുകളിൽ നിന്നുള്ള മലയാളികളുടെ അഭാവവും, പിന്മാറ്റവും വൈദഗ്ധ്യം ആവശ്യമില്ലാതെ തൊഴിലുകളിൽ നിന്നും മലയാളികൾ മുഖംതിരിക്കുന്നതും ഭാവി കേരളം കുടിയേറ്റ തൊഴിലാളികളുടെതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + four =

Most Popular