Friday, May 17, 2024

ad

Homeകവര്‍സ്റ്റോറിപ്രവാസി പുനരധിവാസം

പ്രവാസി പുനരധിവാസം

കെ വിജയകുമാർ

പ്രവാസി മലയാളികൾ നാട്ടിലെത്തിക്കുന്ന റമിറ്റൻസിന്റെ സ്വാധീനം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും വരുത്തിയ അതിശയകരമായ മാറ്റങ്ങളെക്കുറിച്ച് നാം എത്രയോ കാലമായി ചർച്ച ചെയ്യുന്നു. പഠനങ്ങളും ഗവേഷണങ്ങളും ധാരാളമായി നടക്കുന്നു. ഗൾഫ് നാടുകളിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിന് ഒഴുക്കു വർദ്ധിച്ച 1970 കളുടെ തുടക്കത്തിൽ സംസ്ഥാനത്ത് എത്തിയ റമിറ്റൻസ്, മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 0.57 ശതമാനം മാത്രമായിരുന്നുവെങ്കിൽ 2023–-24 ആകുമ്പോളത് 15 ശതമാനമായി വർദ്ധിച്ചു. കേരളീയരുടെ പ്രതിശീർഷ വരുമാനത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തിൽ പ്രവാസികളൊഴുക്കിയ വിയർപ്പിന്റെ പങ്ക് ഏവരാലും അംഗീകരിക്കപ്പെട്ടതാണ്. മൂന്നാം ലോക രാജ്യങ്ങളിലേക്ക് റമിറ്റൻസായി എത്തുന്ന ഓരോ ഡോളറും അതിന്റെ മൂന്നിരട്ടി പ്രതിഫലനം സൃഷ്ടിക്കുമെന്ന വിദഗ്ധരുടെ വിലയിരുത്തൽ കേരളത്തിന്റെ മണ്ണിൽ തീർച്ചയായും പ്രതിഫലിക്കുന്നുണ്ട് . കേരളം ലോകത്തിന് സമർപ്പിക്കുന്ന മാതൃകാപരമായ ബദൽ നയങ്ങളുടേയും അസൂത്രണത്തിന്റെയും കാഴ്ച്ചപ്പാടുകൾ ഇക്കാര്യത്തിലും പ്രതിഫലിച്ചു കാണാം.

‘ഗൾഫ് പണത്തിന്റെ വരവും സ്വാധീനവും അനുഭവിക്കുകയെന്നത് മാത്രമല്ലല്ലോ, പ്രവാസികൾ നൽകുന്ന സംഭാവനയ്ക്ക് പ്രത്യുപകാരവും അവർക്ക് ആശ്വാസം നൽകുകയെന്നത് സമൂഹത്തിന്റെ കടമയായിരിക്കണം’. ഇ.കെ. നായനാരുടെ 1984-ലെ ഗൾഫ് സന്ദർശനത്തിന്റെ പ്രഖ്യാപനം അതായിരുന്നു. അന്നത്തെ സന്ദർശനത്തിന്റെയും തുടർന്നുള്ള ചർച്ചകളുടേയും ഇടപെടലുകളുടേയും സാക്ഷാത്കാരമായാണ് ഇന്ത്യയിലാദ്യമായി പ്രവാസി ക്ഷേമം – പുനരധിവാസം എന്ന ലക്ഷ്യത്തോടെ 1996 നവംബർ 6-ന് നോർക്ക (Non Resident Keralite’s Affairs) പിറവികൊള്ളുന്നത് . നോർക്കയും നോർക്കാ-റൂട്സും പ്രവാസി ക്ഷേമനിധി ബോർഡും ലോക കേരളസഭയുമൊക്കെയായി അത് വളർന്നു പന്തലിച്ചു . ലോകത്തിനു മുന്നിൽ തലയെടുപ്പുള്ള മാതൃകാ സ്ഥാപനമായി മാറി. 180 ലധികം രാജ്യങ്ങളിൽ വസിക്കുന്ന മലയാളിയുടെ അന്തസ് ഉയർത്തി. മലയാളിയെ ഒരു അന്താരാഷ്ട്ര സമൂഹമാക്കി മാറ്റി. 2018-ൽ തുടക്കം കുറിച്ച ലോക കേരളസഭ ആഗോള മലയാളികളുടെ സംഗമവേദിയായി മാറുകയും അനുഭവങ്ങളും ആശയങ്ങളും അറിവുകളും പരസ്പരം കൈമാറുകയും ലോകോത്തര കേരളത്തിനുവേണ്ടിയുള്ള അടിത്തറ പാകപ്പെടുത്തുകയും ചെയ്യുന്നു.

മടങ്ങിവന്ന പ്രവാസികളുടെ 
പുനരധിവാസം
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നാട്ടിൽ സ്വയംതൊഴിലോ ചെറുകിട സംരംഭങ്ങളോ തുടങ്ങുന്നതിന് അവസരമൊരുക്കുന്ന പദ്ധതിയാണ് കേരള സർക്കാർ, നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന NDPREM (Norka Department Project for Return Emigrant). 2013 -–14 സാമ്പത്തിക വർഷം ആരംഭിച്ച ഈ പദ്ധതി വഴി 2024 വരെ 8,046 സംരംഭങ്ങൾ ആരംഭിക്കുന്നതിന് അനുമതി ലഭ്യമാക്കി . മൂലധന സബ്സിഡിയായി 124 .3 കോടി രൂപയും നൽകിയിട്ടുണ്ട്.

എന്നാൽ, വായ്പ അനുവദിക്കുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ മുന്നോട്ടുവെക്കുന്ന കടുത്ത നിബന്ധനകൾ കാരണം അപേക്ഷകളിൽ വലിയൊരു പങ്ക് തള്ളിപ്പോകാറാണ് പതിവ്. ഓരോ വർഷവും സംസ്ഥാന ബജറ്റിൽ നീക്കിവെക്കുന്ന വിഹിതത്തിൽ വലിയൊരു ഭാഗം സംഖ്യയും അതുകൊണ്ടുതന്നെ വിനിയോഗിക്കാൻ സാധിക്കാതെ പോകുന്നു. 2013–-14 മുതൽ 2017-– 18 വരെ ബജറ്റിൽ അനുവദിച്ചതുക 47.07 കോടി രൂപയും വിനിയോഗിച്ചത് 21. 23 കോടി രൂപയുമാണെന്ന് (45.1 ശതമാനം) പ്രവാസിക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ (2016–-19) റിപ്പോർട്ടിൽ പറയുന്നു. 2013-–14 മുതൽ 2024 വരെ 90,000-ൽപ്പരം അപേക്ഷകളാണ് നോർക്കയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ശരാശരി ഒരു വർഷം ലഭിക്കുന്ന അപേക്ഷകൾ 8,000. എന്നാൽ 2024 ഏപ്രിൽ മാസം വരെ 8,046 സംരംഭങ്ങൾ ( 9 ശതമാനം) മാത്രമേ ആരംഭിക്കാൻ സാധിച്ചുള്ളു. ഇക്കാര്യത്തിൽ വന്നുചേരുന്ന പോരായ്മകൾ സംബന്ധിച്ച് അടിസ്ഥാന വസ്തുതകൾ ഗൗരവമായി വിലയിരുത്തേണ്ടതാണ്. അപേക്ഷകരിൽ 91 ശതമാനമാനം വരുന്ന 82,000 പേർക്ക് ജീവിത മാർഗം നിരസിക്കപ്പെട്ടു എന്ന് വിലയിരുത്താം. 15 ലക്ഷത്തിലധികം വരുന്ന തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസവും ജീവിക്കാനൊരു വരുമാനവും എന്ന സ്വപ്നം പൂവണിയുകയെന്നത് വലിയൊരർത്ഥത്തിൽ ഇന്നും മരീചിക മാത്രമാണ് .

സാമ്പത്തിക ആസൂത്രണത്തിലും അച്ചടക്കത്തിലും ഏകദേശ ധാരണ പോലുമില്ലാത്തവരാണ് മടങ്ങിവരുന്നവരിൽ അധികം പ്രവാസികളും . അവർ സംരംഭകരാവുകയും വിജയിക്കുകയും ചെയ്യണമെങ്കിൽ പ്രവാസകാലത്ത് തന്നെ മുൻകരുതലെന്നവണ്ണം വ്യക്തമായ കാഴ്ചപ്പാട് പകർന്നു നൽകുന്നതിന് വേണ്ട സംവിധാനങ്ങൾക്ക് രൂപം നൽകേണ്ടതാണ്.

NDPREM കൂടാതെ, കുടുംബശ്രീ വഴി 2 ലക്ഷം രൂപ ലഭ്യമാക്കുന്ന പരിശരഹിത പദ്ധതിയായ പ്രവാസി ഭദ്രത – പേൾ, കെഎസ്എഫ്ഇ , കേരള ബാങ്ക് എന്നിവവഴി നലപ്പിലാക്കിയിട്ടുള്ള പ്രവാസി ഭദ്രത – മൈക്രോ. (5 ലക്ഷം രൂപവരെ വായ്പയും 25 ശതമാനം സബ്സിഡിയും)

കെ എസ് ഐ ഡി സി വഴി നടപ്പിലാക്കിയിട്ടുള്ള പ്രവാസി ഭദ്രത – മെഗാ ( 2 കോടി വരെ വായ്പ, 3 ലക്ഷം രൂപ സബ്സിഡി) തുടങ്ങിയ പദ്ധതികളും പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാർ പദ്ധതികളാണ്.

സഹകരണ മേഖല
പ്രവാസികളുടെ നിക്ഷേപം ആകർഷിക്കുന്നതിനും ,വിവിധോദ്ദേശ്യ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട്, അംഗങ്ങളാകുന്ന പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം പൊതു സമൂഹത്തിനും സ്ഥിര വരുമാനം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലം വരെ സഹകരണ സംഘങ്ങൾ രൂപീകരിക്കണമെന്നതാണ് ലോക കേരള സഭയുടെ തീരുമാനം.

ആ തീരുമാനപ്രകാരം നോർക്കയുടെ കീഴിൽ സംസ്ഥാനതലത്തിൽ ഒരു സഹകരണ സംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 120 -ൽപ്പരം സംഘങ്ങൾ വിവിധ ജില്ലകളിലായി പ്രവാസികളുടെ കൂട്ടായ്മയിൽ ബ്ലോക്കടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുണ്ട്. 2008 മുതൽ വിജയകരമായി പ്രവർത്തിക്കുന്ന ഒരു സംസ്ഥാനതല സഹകരണ സംഘവും മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്നു. അതിനുകീഴിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ നേതൃത്വത്തിൽ 250-ൽപ്പരം സേവാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.

സംഘങ്ങൾ രൂപീകരിക്കുകയും ജില്ലാടിസ്ഥാനത്തിലോ സംസ്ഥാന തലത്തിലോ അവയുടെ കൺസോർഷ്യം രൂപീകരിച്ചു കൊണ്ട് ചെറു സംരംഭങ്ങൾ മുതൽ വൻ പദ്ധതികൾ വരെ ഏറ്റെടുക്കാൻ പ്രവാസികളുടെ കൂട്ടായ്മക്ക് സാധിക്കും. എന്നാൽ സഹകരണ നിയമങ്ങളും ചട്ടക്കൂടുകളും കൂടാതെ , ചുമതലപ്പെട്ടവരുടെ അനാസ്ഥയും കാരണം തുടങ്ങിയേടത്തു തന്നെ പദ്ധതികൾ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാവുന്നു . തൊട്ടാൽ കൈ പൊള്ളുന്ന സാഹചര്യത്തിന് പരിഹാരം കാണേണ്ടിയിരിക്കുന്നു.

സ്വയം സഹായ സംഘങ്ങൾ (SHG’s)
പ്രവാസി കൂട്ടായ്മകൾ നേതൃത്വം നൽകി രൂപീകരിച്ചിട്ടുള്ള 2000-ത്തിൽപ്പരം സ്വയം സഹായ സംഘങ്ങൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നു . അതിൽ മിക്കതും നിശ്ചലാവസ്ഥയിലായിരിക്കുമ്പോൾ വിജയം വരിച്ചവയും ഉണ്ട്. നിയമക്കുരുക്കുകളും ആവശ്യത്തിനുവേണ്ട ഫണ്ട് സ്വരൂപിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് പലതും പരാജയപ്പെടാൻ മുഖ്യകാരണം. അസൂത്രണത്തിലെ പിഴവും സർക്കാർ നിയന്ത്രണങ്ങളും പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് പലപ്പോഴും തടസ്സമായി മാറുന്നു . എന്നാൽ , സമൂഹത്തിൽ വലിയ സാധ്യതകൾ തുറന്നു തരാവുന്ന സംവിധാനമായി ഇതിനെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും. പഞ്ചായത്തു മുതൽ സംസ്ഥാന തലം വരെ വിദഗ്ധരുടെ പാനൽ രൂപീകരിക്കുകയും കുടുംബശ്രീ മാതൃകയിൽ അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യാൻ സാധിച്ചാൽ കാർഷിക-, വ്യാവസായിക- സേവന മേഖലകളിൽ വൻ പ്രവാസി നിക്ഷേപം ആകർഷിക്കാൻ നമുക്കു വഴിതുറക്കും . നവകേരള നിർമ്മിതിയിൽ വലിയൊരു നാഴികക്കല്ലായി അത് മാറും. റമിറ്റൻസ് എന്നത് ബാങ്ക് നിക്ഷേപം എന്നതിലുപരി വികസനോന്മുഖവും ഉല്പാദനപരവുമായി മാറും.

കേന്ദ്ര സർക്കാരിന്റെ 
നിക്ഷേധാത്മക സമീപനം
പ്രവാസികൾ ഓരോ വർഷവും ഇന്ത്യക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (GDP) 3.5 മുതൽ 4.5 ശതമാനം വരുന്ന സംഖ്യ വിദേശ നാണയമായി എത്തിക്കുന്നു, യറ്റുമതിയിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന വിദേശ നാണയം കഴിഞ്ഞാൽ അടുത്ത സ്ഥാനം.

1980-കൾ മുതൽ 2024 വരെ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ പ്രവാസി മലയാളികൾ നൽകിയ സംഭാവന 125 ലക്ഷം കോടി രൂപയിൽ അധികമാണ്. രാജ്യത്തിന്റെ വികസനത്തിന് ചരടുകളൊന്നുമില്ലാതെ ചെലവഴിക്കാൻ സർക്കാരിന് സാധിക്കുന്നതാണീ സംഖ്യ. എൻആർഐ നിക്ഷേപങ്ങൾക്ക് തുച്ഛമായ പലിശ ഇന്ത്യൻ രൂപയിൽ നൽകിയാൽ മതിയാകും. വിദേശനാണ്യ ശേഖരത്തിൽ വലിയൊരു മുതൽക്കൂട്ടായിട്ടു പോലും പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും ഇന്നോളം ഇന്ത്യ ഭരിച്ച ഭരണാധികാരികളുടെ അജൻഡയിൽ ഇടംനേടിയില്ല.

2004-ൽ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് പ്രവാസി കാര്യ വകുപ്പിനും മന്ത്രാലയത്തിനും കേന്ദ്ര സർക്കാർ രൂപം നൽകിയത്. നോർക്കയുടെ മാതൃകയിൽ കേന്ദ്ര സർക്കാരിന്റെ കീഴിലൊരു സ്ഥാപനം . പരിമിതമായ തോതിലെങ്കിലും ആശ്വാസം നൽകുന്നതിന് നടപടികൾ സ്വീകരിച്ച ആദ്യഘട്ടം കഴിഞ്ഞാൽ, 2009-ലെ രണ്ടാം യു പി എ സർക്കാർ ആ വകുപ്പിനെ വെറും നോക്കുകുത്തിയാക്കി മാറ്റി . 2016 ജനുവരി 9 – ന് നടക്കേണ്ട പ്രവാസി ദിവസ് വേണ്ടെന്നു വയ്ക്കുകയും പ്രവാസി കാര്യവകുപ്പ് അപ്പാടെ നിർത്തലാക്കുകയുമാണ് മോദി സർക്കാർ ചെയ്തത് . അതിനു ശേഷം ഇന്നുവരെ ഒരു ചില്ലിക്കാശുപോലും പ്രവാസികൾക്കു വേണ്ടി ബജറ്റിൽ വകയിരുത്താൻ മോദി സർക്കാർ തയ്യാറായിട്ടില്ല . 2008-ൽ സംസ്ഥാന നിയമസഭ പാസ്സാക്കി നടപ്പിലാക്കിയ കേരള സംസ്ഥാന കേരളീയ പ്രവാസി ക്ഷേമനിധിയിലേക്ക് ചെറിയൊരു വിഹിതം നൽകാൻ പോലും കേന്ദ്രം സന്നദ്ധമായില്ല. ഇന്ന് ഏകദേശം 50,000 പേർക്ക് ക്ഷേമ പെൻഷൻ നൽകുന്ന മഹത്തായ പദ്ധതിയായി അത് മാറി. കേന്ദ്ര സർക്കാർ വിഹിതം നൽകാൻ തയ്യാറായാൽ തീർച്ചയായും മടങ്ങി വന്ന പാവപ്പെട്ടവരായ പ്രവാസികൾക്ക് കൂടുതൽ തണലേകാനും വരുമാന മാർഗങ്ങൾ തുറന്നു കൊടുക്കാനും ക്ഷേമനിധി ബോർഡിന് സാധിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 7 =

Most Popular