ഇന്ത്യ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു രാജ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിലുപരിയായി ഏറ്റവും കൂടുതല്‍ തൊഴില്‍ കുടിയേറ്റം സംഭവിക്കുന്നതും ഇന്ത്യയില്‍ നിന്നാണ്. സ്ഥിര കുടിയേറ്റം ലക്ഷ്യമിട്ട് വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരും നിരവധിയാണ്. വര്‍ഷാവര്‍ഷം ഇന്ത്യയിലേക്ക് വരുന്ന 12,500 കോടി ഡോളര്‍ വിദേശ പണം രാജ്യത്തിനു വലിയ മുതല്‍ക്കൂട്ടാണ്. ഈ പണത്തില്‍ പ്രധാന സംഭാവന നല്‍കുന്നത് അവിദഗ്ധ അര്‍ധവിദഗ്ധ തൊഴില്‍ ചെയ്യുന്ന താല്‍ക്കാലിക പ്രവാസികളാണ്. ഇവരില്‍ മിക്കവരും തൊഴില്‍ തേടുന്നത് അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ ലവലേശം പാലിക്കാത്ത ഗള്‍ഫ് നാടുകളിലും തൊഴില്‍ ചൂഷണത്തിന് പേരുകേട്ട മലേഷ്യ പോലെയുള്ള രാജ്യങ്ങളിലുമാണ്. സ്ഥിര- കുടിയേറ്റം നടത്തുന്നവരും വികസിത രാജ്യങ്ങളിലേക്ക് വിദഗ്ധ തൊഴില്‍ തേടി പോകുന്നവരും അധികമായി വിദേശപണം സംഭാവന ചെയ്യാറില്ല. എന്നിരുന്നാല്‍ സ്ഥിര നിക്ഷേപത്തിന്റെ രൂപത്തിലും മറ്റു സാമൂഹിക, സാംസ്കാരിക മൂലധനത്തിന്റെ രൂപത്തിലും അവര്‍ നല്‍കുന്ന സംഭാവനകള്‍ വിസ്മരിക്കാന്‍ സാധിക്കുകയില്ല.
ഇങ്ങനെയുള്ള വിവിധതരം പ്രവാസങ്ങളോട് ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനം പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും, ഒറ്റവാക്കില്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രവാസികളും, കാലാകാലങ്ങളായുള്ള സര്‍ക്കാരുകളെ പ്രവാസികളോടുള്ള മോശം സമീപനത്തിന്റെ പേരില്‍ വിമര്‍ശിക്കാറുണ്ട്. എന്നാൽ, ഇന്ത്യന്‍ സര്‍ക്കാരുകളുടെ ഈ സമീപനത്തെ ചരിത്രപരമായും ഇതര താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തിയും ഇഴകീറി പരിശോധിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യകാല സര്‍ക്കാരുകള്‍ പ്രവാസികളോടും മറ്റു ബ്രിട്ടീഷ് കോളനികളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരോടും സ്വീകരിച്ചിരുന്ന സമീപനം ആതിഥേയ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നതായിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ഏക കുടിയേറ്റ സംബന്ധിയായ നിയമം 1922ലെ എമിഗ്രേഷന്‍ ആക്ട‍് ആയിരുന്നു. ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ ആ നിയമങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെയും പൗരരുടെ രാജ്യാന്തര ചലനങ്ങളെ നിയന്ത്രിച്ചിരുന്നത്. വലിയ തോതിലുള്ള തൊഴില്‍ കുടിയേറ്റം തുടങ്ങിയിട്ട് ഏകദേശം ഒരു ദശാബ്ദം കഴിഞ്ഞാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കുടിയേറ്റത്തെപ്പറ്റിയുള്ള സമീപനത്തില്‍ ഒരു പുനര്‍വിചിന്തനത്തിനു തയ്യാറായത്. അനധികൃത കുടിയേറ്റം മൂലമുണ്ടായ അപകടങ്ങളും കുടിയേറിയ രാജ്യത്തെ മോശം തൊഴില്‍ സാഹചര്യങ്ങളും തുടങ്ങി നിരവധി കാരണങ്ങള്‍ സര്‍ക്കാരിനെ ഒരു നയമാറ്റത്തിന് പ്രേരിപ്പിച്ചുവെന്നു പറയാം. ഇത് പാര്‍ലമെന്റില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിക്കുകയും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പുതിയ കുടിയേറ്റ നിയമം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് നിലവിലുള്ള 1983 എമിഗ്രേഷന്‍ ആക്ട് അഥവാ കുടിയേറ്റ നിയമം നിലവില്‍ വന്നത്. നാളിതുവരെയും ഈ നിയമത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ കുടിയേറ്റത്തെ നിയന്ത്രിക്കുന്നത്. പ്രധാനമായും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുവാനുള്ള ഉപവാക്യങ്ങളാണ് ഈ നിയമത്തിന്റെ അടിസ്ഥാനം. അതില്‍ ഏറ്റവും പ്രധാനം തൊഴിലാളികള്‍ക്ക് കുടിയേറ്റ പരിശോധന (Emigration Clearance) നിര്‍ബന്ധമാക്കി എന്നതാണ്. കൂടാതെ റിക്രൂട്ട്മെന്റ് ഏജൻസികളെ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ തൊഴില്‍ ലംഘനം നടക്കുന്നതും തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലമായതുമായ രാജ്യങ്ങളെ കുടിയേറ്റ പരിശോധന ആവശ്യമുള്ള രാജ്യങ്ങളായി (Emigration clearance Required Countries– ഇസിആര്‍ രാജ്യങ്ങള്‍) പട്ടികപ്പെടുത്തിയതും ഈ നിയമം വഴിയാണ്. ഒറ്റനോട്ടത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമമായി ഇത് മാറുകയുണ്ടായി. ഇത് പ്രവാസികള്‍ക്കിടയില്‍ വളരെയധികം മതിപ്പുളവാക്കുകയും ചെയ്തു. ഇതുവരെ ഇരുപതോളം തവണ ഈ കുടിയേറ്റ നിയമം പരിഷ്കരിക്കുകയുണ്ടായി.
എന്നാല്‍ ആഗോളവല്‍ക്കരണം മൂലവും ഗള്‍ഫ് മേഖലയിലെ വളരെ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ച കാരണവും കൂടുതല്‍ തൊഴിലാളികള്‍ കുടിയേറാന്‍ തുടങ്ങിയത് ഈ നിയമത്തിലെ പാളിച്ചകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായകമായി. ഇതില്‍ ഏറ്റവും പ്രധാനം കുടിയേറ്റ പരിശോധനയുടെ മറപറ്റി അവതരിപ്പിച്ച രണ്ടു തരം പാസ്-പോര്‍ട്ടുകളാണ്. അതാകട്ടെ പൗരന്റെ പ്രാഥമിക വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി സൃഷ്ടിച്ച വേര്‍തിരിവാണ്. പത്താം ക്ലാസ് വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് കുടിയേറ്റ പരിശോധന ആവശ്യമുള്ള പാസ്-പോര്‍ട്ടും അല്ലാത്തവര്‍ക്ക് പരിശോധന ആവശ്യമില്ലാത്ത പാസ്പോര്‍ട്ടും എന്നിങ്ങനെ രണ്ടുതരം പാസ്-പോര്‍ട്ടുകള്‍ രാജ്യത്ത് നിലവില്‍ വന്നു. ഇത് പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുപകരം കുടിയേറ്റത്തെ നിര്‍ബന്ധിതമായി നിയന്ത്രിക്കുകയാണുണ്ടായത്. മാത്രമല്ല, തൊഴിലാളികളുടെ സ്ഥിതി ആതിഥേയ രാജ്യത്ത് പരിതാപകരമായി തുടരുകയും ചെയ്തു. അനധികൃത കുടിയേറ്റം വര്‍ഷംതോറും കൂടുകയും തൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ നിരവധിയായ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. ഇതേസമയം, ഫിലിപ്പെെന്‍സ് പോലെയുള്ള രാജ്യങ്ങള്‍ കൃത്യമായ നയരൂപീകരണം നടത്തുകയും കുടിയേറ്റം സുഗമമാക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കി ആതിഥേയ രാജ്യത്ത് തങ്ങളുടെ പൗരരുടെ ജീവിതം മെച്ചപ്പെട്ടതാക്കാന്‍ പരിശ്രമിക്കുന്നു. മാറിമാറിവന്ന ഇന്ത്യന്‍ സര്‍ക്കാരുകളാകട്ടെ 1983ലെ നിയമത്തെ അടിസ്ഥാനമാക്കി മാത്രം കുടിയേറ്റത്തെ കൈകാര്യം ചെയ്തു. കുടിയേറ്റത്തെ സംബന്ധിക്കുന്ന യാതൊരു അന്താരാഷ്ട്ര ഉടമ്പടികളിലും സര്‍ക്കാര്‍ പങ്കാളിയായിട്ടുമില്ല. മിനിസ്ട്രി ഓഫ് ഇന്ത്യന്‍ ഓവര്‍സീസ് അഫയേഴ്സ് (MOIA) രൂപീകരിച്ച് പ്രവാസികളോടുള്ള സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും, മൂലധന താല്പര്യങ്ങളും മാറിവന്ന സര്‍ക്കാരുകളുടെ ആസൂത്രണമില്ലായ്മയുംമൂലം കുടിയേറ്റ നിയമം പൊളിച്ചെഴുതി ആധുനിക കാലത്തെ കുടിയേറ്റത്തെ സുരക്ഷിതവും നിയമപരവുമാക്കുന്ന നിയമനിര്‍മ്മാണം സാധ്യമായില്ല.
കരടില്‍ ഒതുങ്ങിയ പുതിയ
എമിഗ്രേഷന്‍ നിയമം
പ്രവാസികളോട് തീര്‍ത്തും പ്രതിലോമകരമായ സമീപനം സ്വീകരിച്ച ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ 2019ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖം മിനുക്കല്‍ പദ്ധതികളുടെ ഭാഗമായി എമിഗ്രേഷന്‍ നിയമം 2019ന്റെ ആദ്യ കരട് പാര്‍ലമെന്റിന്റെ അവസാന സെഷനില്‍ അവതരിപ്പിച്ചു. പ്രവാസികാര്യ വകുപ്പ് വിദേശകാര്യ വകുപ്പുമായി ലയിപ്പിക്കുക വഴി പ്രവാസികളുടെ താല്പര്യങ്ങളും ക്ഷേമവും ബലികഴിച്ചു എന്ന വിമര്‍ശനം ഏറ്റുവാങ്ങിയ മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരം ഒരു നീക്കം ഉണ്ടായത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
നവമാധ്യമങ്ങള്‍ വഴി ഒന്നോ രണ്ടോ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് വലിയ വാര്‍ത്താ പ്രാധാന്യം സൃഷ്ടിക്കുക, യുദ്ധമേഖലകളില്‍ നിന്നും ആഭ്യന്തര സംഘര്‍ഷം ഉള്ള മേഖലകളില്‍ നിന്നും പ്രവാസികളെ തിരികെയെത്തിക്കുക എന്നിവയില്‍ കവിഞ്ഞുള്ള കാര്യമാത്രപ്രസക്തമായ, ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതിയും ഒന്നാം മോദി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി അവതരിപ്പിച്ചില്ല. എങ്കിലും പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെടുന്ന ആധുനികമായ ഒരു പ്രവാസി നിയമനിര്‍മ്മാണത്തിന്റെ ആദ്യത്തെ ചുവടുവയ്പായി ഈ ശ്രമത്തെ എല്ലാവരും വ്യാഖ്യാനിച്ചു. എന്നാല്‍ കരട് നിയമം അവസാന സെഷനില്‍ അവതരിപ്പിച്ചതിന്റെ സാംഗത്യം അധികമാരും ചോദ്യം ചെയ്തതുമില്ല. കരട് നിയമം പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കുക വഴി ജനകീയമായ ഒരു നയരൂപീകരണ പ്രക്രിയ പ്രവാസികളും സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളും സ്വപ്നംകണ്ടു. എന്നാല്‍ കാലാവധി അവസാനിക്കാന്‍ പോകുന്ന സര്‍ക്കാര്‍ എങ്ങനെയാണ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്താന്‍ പോകുന്നത് എന്ന് ആരും ചിന്തിച്ചില്ല. തൊഴില്‍ കുടിയേറ്റവുമായി ഭരണസംവിധാനത്തിന്റെ ആകെയുള്ള പൊളിച്ചെഴുത്തായിരുന്നു 2019ലെ കരട് നിയമം. നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായ എമിഗ്രേഷന്‍ ക്ലിയറന്‍സ് തരംതിരിവുകളും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രെന്റ്സ് എന്ന സംവിധാനവുമൊക്കെ ഒഴിവാക്കി മൈഗ്രേഷന്‍ ബ്യൂറോകള്‍ പോലെയുള്ള വിപുലമായ ഭരണ സംവിധാനങ്ങള്‍ കരട് നിയമത്തില്‍ ഉള്‍പ്പെട്ടു. കൂടാതെ സംസ്ഥാനങ്ങളെ പ്രവാസി ഭരണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ വളരെ വിപ്ലവകരമായ തീരുമാനമായിരുന്നു. കരട് നിയമത്തെ മെച്ചപ്പെടുത്താനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ നാനാഭാഗത്തുനിന്നും സര്‍ക്കാരില്‍ സമര്‍പ്പിച്ചു. എല്ലാവരുടെയും കണക്കുകൂട്ടല്‍ അടുത്ത സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമ നിയമ നിർമ്മാണത്തിലേക്ക് കടക്കും എന്നതായിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അവര്‍ തുടര്‍ന്നുവന്ന ശ്രമം എന്ന നിലയില്‍ നിയമ നിര്‍മ്മാണം വേഗം സാധ്യമാകും എന്ന് കരുതപ്പെട്ടു.
എന്നാല്‍ നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2021ല്‍ കുടിയേറ്റ നിയമം 2021 എന്ന പേരില്‍ പുതിയൊരു കരടു നിയമം പഴയതുപോലെ വിദേശകാര്യ വെബ്സൈറ്റില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി പ്രത്യക്ഷപ്പെട്ടു. പഴയ കരടില്‍ നിന്ന് പ്രത്യക്ഷമായ നിരവധി മാറ്റങ്ങള്‍ പുതിയ രേഖയില്‍ ഉണ്ടായിരുന്നു. ആദ്യ കരടില്‍ പ്രവാസി എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയിരുന്നു. അവരുടെ റിക്രുട്ട്മെന്റ് ഉള്‍പ്പെടെ സുതാര്യമാക്കുന്നതിനുള്ള പല നിര്‍ദ്ദേശങ്ങളും പുതിയ രേഖയില്‍ നിന്ന് അപ്രത്യക്ഷമായി. കോവിഡ്കാലത്ത് പ്രവാസികളുടെ വലിയതോതിലുള്ള തിരിച്ചുവരവ് ഉണ്ടായിട്ടുപോലും പുനരധിവാസം പുതിയ രേഖയിലും സംസ്ഥാനങ്ങളുടെ മാത്രം ഉത്തരവാദിത്വമായി നിലകൊണ്ടു. പ്രവാസി പുനരധിവാസത്തിന് യാതൊരു സാമ്പത്തിക സഹായവും കേന്ദ്രം നല്‍കില്ല എന്നതും പ്രത്യക്ഷമായി പറഞ്ഞു വയ്ക്കുന്നു.
കൂടാതെ വരുംകാല കുടിയേറ്റത്തില്‍ പ്രവാസികള്‍ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികളെ നിയമം പൂര്‍ണതോതില്‍ ഉള്‍ക്കൊണ്ടിട്ടില്ല. സ്ത്രീ കുടിയേറ്റം, കെയര്‍ വര്‍ക്ക്, ഗാര്‍ഹിക തൊഴില്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. മികച്ച രീതിയില്‍ തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന സര്‍ക്കാര്‍ തല റിക്രൂട്ട്മെന്റ് ഏജൻസികളെ നിയമത്തില്‍ പരിഗണിച്ചിട്ടില്ല. കൊൺസുലാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ വെല്‍ഫെയര്‍ കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കരട് നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും അവയൊന്നും ‘മാന്‍ഡേറ്ററി’ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെതന്നെയാണ് പരാതി പരിഹാര മാര്‍ഗ്ഗങ്ങളുടെയും അവസ്ഥ. വെല്‍ഫെയര്‍ കമ്മിറ്റികള്‍ പ്രവാസികള്‍ക്ക് നിയമ സേവനങ്ങള്‍ നല്‍കും എന്നു മാത്രം പ്രതിപാദിക്കുന്നു. പകരം, അര്‍ഹരായവർക്ക് സൗജന്യ നിയമസേവനങ്ങളും വിദേശ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ വഴി നീതിയും ലഭ്യമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ വര്‍ണ്ണക്കടലാസിനാല്‍ പൊതിഞ്ഞു നല്‍കിയതാണ് 2021ലെ കരടു കുടിയേറ്റ നിയമം. എന്നിരുന്നാലും ബ്രിട്ടീഷ് നിയമങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപെട്ടു എന്ന ആശ്വാസത്തില്‍ പ്രവാസികളും അഭ്യുദയകാംക്ഷികളും വര്‍ധിച്ച ആവേശത്തോടെ തങ്ങളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. പ്രവാസി നിയമം പാര്‍ലമെന്റിന്റെ ഇരു സഭകളിലും സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് കാത്തിരുന്നു.
ആ കാത്തിരുപ്പ് ഇന്നും തുടരുകയാണ്. 3 വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന സമ്മേളനത്തിലും പ്രവാസി ബില്‍ അവതരിപ്പിക്കും നിയമമാകും എന്ന് പലരും ആശ്വസിച്ചു. മോദി സര്‍ക്കാരുകളുടെ പ്രവാസികളോടുള്ള സമീപനം മനസിലാക്കി വിപ്ലവകരവും അവിശ്വസനീയമെന്നും എല്ലാവരും കരുതിയ ആ നീക്കം എങ്ങുമെത്താതെ പോകുന്നു. അഞ്ചുവര്‍ഷക്കാലം എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കിയ പുതിയ പ്രവാസി നിയമനിര്‍മ്മാണം കണ്ണില്‍ പൊടിയിടാനായി നടത്തിയ ബിജെപി സര്‍ക്കാരിന്റെ തന്ത്രമാണോ എന്നത് സ്വാഭാവികമായ സംശയമാണ്. പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കുന്നത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കമ്മിറ്റി സമര്‍പ്പിച്ചതാണ് ഇത്തരം വിപ്ലവകരമായ നിര്‍ദേശങ്ങള്‍ എന്നാണ്. കരടു നിയമം മേശപ്പുറത്തു വെയ്ക്കാന്‍ പരിഗണിച്ചപ്പോള്‍ മാത്രമാണ് ബിജെപി മന്ത്രിസഭാംഗങ്ങൾ ഇത്തരമൊരു തൊഴിലാളി അനുകൂല നിയമം പാസ്സാക്കിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി ബോധവാന്മാരായത്. പ്രവാസികള്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം ഒരുക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും വിദേശ രാജ്യങ്ങളിലെ തൊഴില്‍ ദാതാക്കളെയും വിദേശ രാജ്യങ്ങളിലെ സംവിധാനങ്ങളെ തന്നെയും സമ്മര്‍ദത്തിലാക്കേണ്ടി വരാറുണ്ട്. അവരില്‍ പലരും ഇന്ത്യക്കാരായ വ്യവസായികളും ആകാം. ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത് ചെലവുകുറഞ്ഞ തൊഴില്‍ അവകാശങ്ങളെപ്പറ്റി ബോധവാന്മാരല്ലാത്ത തൊഴിലാളികളുടെ കയറ്റുമതിയാണ്. മികച്ച നൈപുണ്യം ആവശ്യമുള്ള മെച്ചപ്പെട്ട കുടിയേറ്റം ലക്ഷ്യമിടുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കി അവിദഗ്ധതൊഴിലാളികളെ യഥേഷ്ടം ലഭ്യമാകുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് വിദേശ തൊഴില്‍ ദാതാക്കളും റിക്രൂട്ട്മെന്റ് ഏജൻസികളും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. പുതിയ നിയമം ഇത്തരം നിക്ഷിപ്ത താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും ഒരു കാരണമാണ്. കൂടാതെ പുതിയ നിയമം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അതിനോടനുബന്ധിച്ച് ആതിഥേയ രാജ്യങ്ങളുമായി ശക്തമായ കുടിയേറ്റ ഉടമ്പടികളില്‍ ഏർപ്പെടേണ്ടി വരും. അതുകൊണ്ടാകാം പുതിയ കുടിയേറ്റ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാന്‍ കേന്ദ്രം വിമുഖത കാണിക്കുന്നത്. പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കണ്ട ഈ നിയമ നിര്‍മ്മാണം എങ്ങുമെത്താതെ പോയി എന്നത് നിരാശാജനകമാണ്. ♦