തിരഞ്ഞെടുപ്പടുത്തു; തിരഞ്ഞെടുപ്പ് സർവെക്കാരുമെത്തി. മുഖ്യധാരാമാധ്യമങ്ങൾക്കിത് കൊയ്ത്തുകാലം. ആരെ വേണമെങ്കിലും ജയിപ്പിക്കും, തോൽപ്പിക്കും, രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമെത്തിക്കും. ഇപ്പോൾ കേരളത്തിൽ, മലയാള മാധ്യമങ്ങളിൽ ഇതാണ് നടക്കുന്നത്. നമ്മുടെ രണ്ട് മുഖ്യധാരാ മാധ്യമങ്ങൾ – മനോരമയും മാതൃഭൂമിയും – തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടശേഷം രണ്ടാം തവണയാണ് പ്രീ പോൾ സർവെയുമായെത്തുന്നത്. പക്ഷേ, ഇതാകെ തള്ളാണ്, തള്ളോട് തള്ള് എന്ന് പറയാതെ വയ്യ! പോരെങ്കിൽ പെയ്ഡ് ന്യൂസ് ഐറ്റത്തിൽ കൃത്യമായി ഉൾപ്പെടുത്താം. ഇവറ്റകൾ തന്നെ മുൻ തിരഞ്ഞെടുപ്പുകളിൽ നടത്തിയ പ്രവചനങ്ങൾ എട്ടുനിലയിൽ പൊട്ടിയിട്ടും വീണ്ടും വമ്പൻ അവകാശവാദങ്ങളുമായി രംഗപ്രവേശം ചെയ്യുമ്പോൾ അവർ യഥാർഥത്തിൽ ജനാധിപത്യത്തെയും ജനഹിതത്തെയും തന്നെ പരിഹസിക്കുകയാണ്!
മനോരമ പത്രത്തിൽ 13–ാം തീയതി 9–ാം പേജിൽ പ്രസിദ്ധീകരിച്ച സർവെ ഫലം അതിനു മുൻപുള്ള ദിവസങ്ങളിൽ മനോരമ വിഷൻ പുറത്തുവിട്ടവയാണ്. പത്രത്തിന്റെ തലക്കെട്ട് നോക്കാം: ‘‘ഏഴിടത്ത് മത്സരം കടുപ്പം’’ എന്നാണ് മനോരമ പറഞ്ഞുവയ്ക്കുന്നത്. അതായത് ഈ ഏഴ് കഴിഞ്ഞ് ബാക്കിയെല്ലായിടത്തും യുഡിഎഫിനോ ബിജെപിക്കോ അനായാസ വിജയം എന്നായിരിക്കണമല്ലോ. എന്തായാലും യുഡിഎഫിന് 8 ശതമാനത്തിന്റെ മേൽക്കെെ ഉണ്ടെന്ന് മനോരമ പറഞ്ഞുവയ്ക്കുന്നുണ്ട്. അതിനർഥം യുഡിഎഫിനു തന്നെ അനായാസ വിജയം എന്നായിരിക്കുമല്ലോ. മനോരമയുടെ സർവെക്കാർ എൽഡിഎഫിന് ഒപ്പത്തിനൊപ്പം എന്തെങ്കിലും കനിഞ്ഞ് അനുവദിച്ചിരിക്കുന്നത് മൂന്ന് സീറ്റ് മാത്രം! അത്രയെങ്കിലും എൽഡിഎ–ഫിന് അനുവദിച്ചു കൊടുക്കുന്നതിന് നമുക്കവരോട് നന്ദിയുള്ളവരായിരിക്കാം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 67 സീറ്റുകൾ നൽകിയ ‘വിദഗ്ധന്മാർ’ ആണല്ലോ അവർ.
എക്സാലോജിക്കും ഇഡിയും കൂടിയാണ് കേരളത്തിന്റെ തലവര എഴുതുന്നതെന്ന് പറഞ്ഞുവയ്ക്കുന്ന മനോരമയുടെ തന്നെ സർവെയിൽ കേരളത്തിലെ ഏറ്റവും സ്വീകാര്യതയുള്ള ജനനേതാവ് ആരെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ പേരുടെ മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്നും കേരളത്തിന് ധനവിഹിതം അനുവദിക്കുന്നതിൽ കേന്ദ്രം കാണിക്കുന്നത് വിവേചനമാണെന്നും ഇഡിയും കേന്ദ്ര ഏജൻസികളും നടത്തുന്ന അനേ-്വഷണമല്ല, പ്രതിപക്ഷത്തിനെതിരായ വേട്ടയാടലാണെന്നും കൂടുതൽ പേരും ഉത്തരം പറയുമ്പോഴും മനോരമയുടെ പല്ലവി ‘‘മത്സരം കടുക്കും’’ എന്നാണ്. കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെയും വേട്ടയാടലുകൾക്കെതിരെയും ഇഞ്ചോടിഞ്ച് പൊരുതുന്ന ഇടതുപക്ഷത്തിനല്ല, ഇക്കാര്യങ്ങളിലെല്ലാം കേന്ദ്രത്തിനൊപ്പം താളമടിച്ചു നിൽക്കുന്ന കോൺഗ്രസിനാണ് മേൽക്കെെ എന്നു പറയണമെങ്കിൽ വെറും പക്ഷപാതിത്വം മാത്രമല്ല, അതിൽ കൃത്യമായ ന്യൂസ് ഫോർ കാഷും മണക്കുന്നുണ്ട്. ഒപ്പം മനോരമയുടെ അന്ധമായ കമ്യൂണിസ്റ്റു വിരോധവും കൂട്ടിനുണ്ട്.
മനോരമയ്ക്കൊപ്പം തന്നെയാണ് മാതൃഭൂമിയുടെ സർവെയും ചലിക്കുന്നത്. പക്ഷേ മാതൃഭൂമി വളരെയേറെ ദയാവായ്-പോടെ മൂന്ന് സീറ്റ് എൽഡിഎഫിന് കൽപിച്ചനുവദിക്കുന്നുണ്ട്. ചിലേടത്തെല്ലാം ഒപ്പത്തിനൊപ്പം എന്നും പറയുന്നുണ്ട്. എന്നിരുന്നാലും മാതൃഭൂമി സർവെയും വലതുപക്ഷത്തിനുവേണ്ടിയുള്ള, കേരളത്തിൽ യുഡിഎഫിനുവേണ്ടിയും ദേശീയാടിസ്ഥാനത്തിൽ ബിജെപിക്കുവേണ്ടിയും നടത്തുന്ന ഒരു പെയ്ഡ് ഐറ്റം തന്നെയാണ്.
ഇലക്ഷൻ സർവെകൾ പ്രോപ്പഗൻഡ മെറ്റീരിയൽ സപ്ലെെ ചെയ്യൽ ആണെന്നതിൽ ആർക്കെങ്കിലും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. ഇടതുപക്ഷ പ്രവർത്തകരെ മാനസികമായി തളർത്തി പ്രവർത്തനരംഗത്തുനിന്ന് പിന്തിരിപ്പിക്കാനാവുമോ എന്ന പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. മാത്രമല്ല, കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26 വരെപ്പോലും കാത്തിരിക്കാതെ, ഒന്നാം ഘട്ടം, രണ്ടാം ഘട്ടം എന്നിങ്ങനെ ഇതിനകം രണ്ടു തവണ ഈ മാധ്യമ ഭീകരർ സർവെ നടത്തിയെന്നതുതന്നെ ഇതിനു പിന്നിലുള്ള രാഷ്ട്രീയത്തിനൊപ്പം പെെശാചിക അജൻഡയും വെളിപ്പെടുത്തുന്നതാണ് – ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നാണല്ലോ പ്രമാണം! മാത്രമല്ല, ഇത്തരം സർവെകൾ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കലാണ്; ജനാധിപത്യവിരുദ്ധമാണ്. ധാർമികതയുടെ കണികയെങ്കിലുമുള്ള ഒരു മാധ്യമവും ഇത്തരം തറ ഏർപ്പാടുകൾക്കു പിന്നാലെ പോകില്ല!
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ കെ ശെെലജ ടീച്ചർക്കെതിരെ നടക്കുന്ന സെെബർ ബുള്ളിയിങ്ങും അപവാദപ്രചരണങ്ങളും വ്യാജ വാർത്ത സൃഷ്ടിക്കലുകളുമെല്ലാം ഈ തിരഞ്ഞെടുപ്പിലെ ജനവിധിയെക്കുറിച്ചുള്ള യുഡിഎഫ് നേതൃത്വത്തിന്റെ അങ്കലാപ്പാണ് കാണിക്കുന്നത്. സർവെക്കാർ പറഞ്ഞതാണ് സ്ഥിതിയെങ്കിൽ ഷെെലജ ടീച്ചറെപ്പോലെ ആദരണീയയായ ഒരു നേതാവിനെതിരെ യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെ തന്നെ ഇത്തരം ഹീനവും ജനാധിപത്യവിരുദ്ധവുമായ ആക്രമണത്തിന് അവർ എന്തിനു തുനിയണം? ഇത് പരാജയം മുന്നിൽ കണ്ടുള്ള വെപ്രാളപ്രകടനമല്ലാതെന്ത്?
ഇനി സ്ത്രീവിരുദ്ധമായ ഈ സെെബർ ആക്രമണത്തെക്കുറിച്ചുള്ള അന്തിചർച്ചകളെക്കുറിച്ചു കൂടി പറയാതെ വയ്യ. ആക്രമിക്കപ്പെട്ടത് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം, മുൻമന്ത്രി, എൽഡിഎഫ് സ്ഥാനാർഥി. പക്ഷേ, മാധ്യമ ചർച്ചകളിൽ മുഴച്ചുനിൽക്കുന്നതാകട്ടെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരായ വാചകമേളയും! ശെെലജ ടീച്ചറുടെ പരാതി കിട്ടിയ പാടെ കുറ്റവാളികളെ പിടികൂടാത്തതെന്തേ എന്ന ആക്രോശങ്ങൾക്കൊപ്പം കുറ്റവാളികൾ മുഖമില്ലാത്ത ആൾക്കൂട്ടമാണെന്നും ലുംപെൻ വിഭാഗമാണെന്നും അതിന് കോൺഗ്രസും ഷാഫി പറമ്പനും എന്തു ചെയ്യാൻ എന്നിങ്ങനെയാണ് ചാനൽ ചർച്ചകളിലെ അവതാരകരുടെയടക്കം വാദം. അല്ലെങ്കിൽ തന്നെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളും നന്മമരങ്ങളുമായ കോങ്കി കുട്ടികൾ ഇങ്ങനെയൊന്നും ചെയ്യുമോയെന്ന നിഷ്-ക്കുചമലയലാണ് ചാനലുകാരും കോൺഗ്രസ് പക്ഷവും ചെയ്യുന്നത്.
സ്വന്തം സംഘടനാ തിരഞ്ഞെടുപ്പിൽ വരെ വ്യാജ ഐഡി കാർഡുണ്ടാക്കിയ കേസിലെ പ്രതികളായ യൂത്തന്മാരെയാണ് ചാനലുകൾ ഇങ്ങനെ വെള്ള പൂശാൻ നോക്കുന്നത് എന്ന കാര്യം മറക്കണ്ട: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയിൽ വോട്ടെടുപ്പിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെതിരെ പ്രചരിപ്പിക്കപ്പെട്ട വ്യാജ വീഡിയോ നിർമിച്ചത് പാലക്കാട്ടുകാരായ രണ്ട് യൂത്ത് കോൺഗ്രസുകാരാണെന്ന് പൊലീസ് അനേ-്വഷണത്തിൽ കണ്ടെത്തുകയും അവർ അകത്താകുകയും ചെയ്തതും നാം മറക്കണ്ട. അത് സിപിഐ എം പ്രവർത്തകരാണെന്ന് പ്രചരിപ്പിച്ച്, ആവോളം മുതലക്കണ്ണീരൊഴുക്കി വോട്ടുപിടിച്ച കോൺഗ്രസിനെയും മറക്കണ്ട. മുഖ്യമന്ത്രി പിണറായിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത, എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്വർണക്കള്ളക്കടത്തുകാരി സ്വപ്ന സുരേഷിന്റെ ഫോട്ടോ ആയി പ്രചരിപ്പിച്ച് മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിനുവരെ സ്വപ്നാ സുരേഷ് എത്തിയെന്ന് ഉളുപ്പില്ലാതെ വാദിച്ച കൂട്ടരാണ് കോൺഗ്രസുകാർ എന്നതും ഈ നാട്ടുകാർ ഓർക്കുന്നുണ്ട്!
ഇങ്ങനെ എത്രയെത്ര ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാണിക്കാമെന്നിരിക്കെ നിഷ്-ക്കുകളുടെ മുഖം മൂടിയണിയാൻ ഖദറുകാരെ സഹായിക്കുന്നത് നമ്മുടെ മുഖ്യധാരക്കാർ തന്നെ.
നോക്കൂ, പ്രതിപക്ഷനേതാവ് സതീശന്റെ ഫേസ്ബുക്കിൽ വിമർശനപരമായി കമന്റിട്ട ഒരു പെൺകുട്ടിയെ പച്ചത്തെറി വിളിച്ച് അധിക്ഷേപിച്ച ദേഹമാണ് ഇപ്പോൾ ഷാഫി പറമ്പനെ ന്യായീകരിക്കാൻ വരുന്നത്. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നുണ്ടല്ലോ. ഇതിലെല്ലാം മറവി നടിക്കുകയും പൊട്ടൻ തുള്ളുകയും ചെയ്യുന്ന മുഖ്യധാരക്കാർതന്നെ ഇടതുപക്ഷത്തുള്ള ആരുടെയെങ്കിലും വാക്കുകൾ സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത് കാലാകാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും നമ്മുടെ മുന്നിലുള്ള വസ്തുതയാണല്ലോ! സംസാരമധേ-്യയുണ്ടാകുന്ന നാക്കുപിഴയെപ്പോലും ദിവസങ്ങളോളം ചർച്ച ചെയ്യുന്നവരാണ് ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണങ്ങളെ നിസ്സാരവൽക്കരിക്കുന്നത്!
ഏപ്രിൽ 10ന്റെ മനോരമയിൽ 4–ാം പേജിൽ ‘‘ആശങ്കയിൽ സിപിഐ എം’’ എന്നൊരിനമുണ്ട്. എന്തിന്റെ ആശങ്ക? എന്തിനെക്കുറിച്ചുള്ള ആശങ്ക? തലവാചകത്തിലെന്നല്ല, ഹെെലെെറ്റിലോ തൊപ്പിയിലോ ഒന്നും ഉത്തരം കാണില്ല. ‘‘കരുവന്നൂർ: പി കെ ബിജു അടക്കമുള്ള വരെ വീണ്ടും വിളിപ്പിക്കുന്നു.’’ എന്ന് തൊപ്പിയും ‘‘കേരള ബാങ്ക് വെെസ് പ്രസിഡന്റ് എം കെ കണ്ണനോട് ഹാജരാകാൻ നിർദേശം നൽകിയതായും വിവരം’’ എന്ന ഹെെലെെറ്റും. ഉള്ളിലേക്ക് കടന്നാൽ മാത്രമേ ഇഡിയാണ് ആശങ്കപ്പെടുത്തുന്നത് അഥവാ ഇഡിയാണ് ‘‘വിളിപ്പിക്കുന്നത്’’ എന്ന് അറിയാനാവൂ. ഇന്ത്യയിൽ മറ്റെല്ലായിടത്തും ഇഡി അഴിഞ്ഞാടുന്നതിനെ തിരഞ്ഞെടുപ്പിൽ ലെവൽ പ്ലേയിങ് ഗ്രൗണ്ട് പ്രതിപക്ഷത്തിന് നിഷേധിക്കലാണെന്ന് മുഖപ്രസംഗത്തിലൂടെ പ്രസ്താവിച്ച പത്രത്തിന് കേരളത്തിലാവുമ്പോൾ ഇഡി ഇറങ്ങണമെന്ന് വല്ലാത്ത മോഹം! പക്ഷേ, മനോരമക്കാരേ, ഒരു വർഷത്തിലേറെയായി ഇഡി കരുവന്നൂരിൽ കിടന്ന് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെപ്പോലെ കിളച്ചുമദിക്കുകയാണല്ലോ. എന്നിട്ട് വല്ല തുമ്പും കിട്ടിയോ എന്ന ഹെെക്കോടതിയുടെ ചോദ്യത്തിനുമുന്നിൽ മൊഴിമുട്ടി പന്തം കണ്ടപൊരിച്ചാഴിയെപ്പോലെ നിൽക്കുന്നതാണല്ലോ നാം കണ്ടത്. കേജ്-രിവാളിനെതിരെ ഒരു അബ്കാരിയുടെ മൊഴിയെന്ന തുമ്പുണ്ടാക്കിയതുപോലെ, സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അനേ-്വഷണത്തിൽതന്നെ തട്ടിപ്പു നടത്തിയവർ എന്നു കണ്ട് പിടികൂടി അകത്താക്കിയിരിക്കുന്ന മുഖ്യപ്രതികളിൽ ആരെയെങ്കിലും കുറ്റവിമുക്തരാക്കി മോചിപ്പിക്കാമെന്ന വാഗ്ദാനം നൽകി സിപിഐ എം നേതാക്കൾക്കെതിരെ മൊഴിയുണ്ടാക്കാനുള്ള പെടാപ്പാടിലാണ് ഇഡി ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്ന് ആർക്കാണറിയാത്തത്? എന്നാൽ അത്തരം മൊഴികൾക്കൊന്നും തെളിവുമൂല്യമില്ലെന്ന് സുപ്രീംകോടതി ആവർത്തിച്ചുപറഞ്ഞിട്ടുള്ളതും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഏജൻസിയായി കളത്തിലിറങ്ങി കളിക്കുന്ന ഇഡിക്ക് പ്രശ്നമല്ലെങ്കിലും ഒരു പൊതുമാധ്യമമെന്ന നിലയിൽ മനോരമ അറിയേണ്ടതല്ലേ? അതറിയില്ലെന്നു നടിക്കുന്നത് അവരെ നയിക്കുന്ന അന്ധമായ കമ്യൂണിസ്റ്റു വിരോധം ഒന്നു മാത്രമാണ്.
മനോരമ പത്രത്തിന്റെ അതേ പേജിൽതന്നെ താഴെയറ്റത്ത് ഇടതുവശത്തായി ഒരു വാർത്തയുണ്ട്: ‘‘കായംകുളം സിയാദ് വധം: 2 പ്രതികൾക്ക് ജീവപര്യന്തം’’ എന്നാണ് തലക്കെട്ട്-. ഇതിൽ തലക്കെട്ടിലെന്നല്ല, വാർത്തയിലൊരിടത്തും കൊലയാളികളുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല, മനോരമ. കൊല്ലപ്പെട്ട സിയാദ് സിപിഐ എം പ്രവർത്തകനാണെന്ന് പറയാൻ ഒൗദാര്യം കാണിച്ച മനോരമ പക്ഷേ, കൊലയാളികൾ അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകരാണെന്ന സത്യം മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇതിലും മനോരമയുടെ കമ്യൂണിസ്റ്റു വിരോധമാണ് തെളിഞ്ഞുകാണുന്നത്. വാർത്തകൾ സത്യസന്ധമായി വായനക്കാരിൽ എത്തിക്കലല്ല; അത് രാഷ്ട്രീയപക്ഷമനുസരിച്ച് എത്തിക്കലാണ് നമ്മുടെ മുഖ്യധാരക്കാരുടെ രീതിയെന്ന് ഇവിടെയും വ്യക്തമാക്കപ്പെടുകയാണ്. ♦