Friday, May 3, 2024

ad

Homeനിരീക്ഷണംബിജെപിയുടെ പ്രകടന പത്രിക: വെറും വാചക കസർത്ത്

ബിജെപിയുടെ പ്രകടന പത്രിക: വെറും വാചക കസർത്ത്

കെ എ വേണുഗോപാലൻ

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടി മുന്നോട്ടുവച്ച തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ പേര് സങ്കല്പ് പത്ര എന്നായിരുന്നു. ഹിന്ദിയിൽ സങ്കല്പ് എന്ന വാക്കിന് ദൃഢനിശ്ചയം എന്നാണ് അർത്ഥം. അങ്ങനെ ദൃഢനിശ്ചയത്തിന്റെ രേഖയായിട്ടാണ് 2019ൽ ബിജെപിയുടെ പ്രകടനപത്രിക അവതരിപ്പിക്കപ്പെട്ടത്. മലയാളത്തിൽ സങ്കല്പം എന്ന പദത്തിന്റെ അർത്ഥങ്ങളിൽ ഒന്ന് ഭാവന എന്നാണ്. ബിജെപി സങ്കല്പ് എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് സങ്കല്പത്തിന്റെ മലയാള അർത്ഥമായ ഭാവന മാത്രമാണ് എന്ന് അവരുടെ പുതിയ പ്രകടനപത്രിക പരിശോധിച്ചാൽ കാണാനാവും. അതിന്റെ പേര് മോദി കി ഗ്യാരന്റി എന്നാണ്. ദൃഢനിശ്ചയത്തിനെ ഭാവന മാത്രമാക്കി മാറ്റിയവരാണ് ഇപ്പോൾ ഗ്യാരന്റിയുമായി വന്നിരിക്കുന്നത് എന്നതുകൊണ്ട് അതിന്റെ പൊള്ളത്തരം സാധാരണ ജനങ്ങൾക്ക് നന്നായി മനസ്സിലാക്കാനാവും.

2019ലെ സങ്കല്പ പത്രത്തിൽ പറഞ്ഞിരുന്ന പ്രധാനപ്പെട്ട ഒരു വാഗ്ദാനം എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ്. ആധുനികമായ ശാസ്ത്രീയ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വിദ്യാഭ്യാസ വ്യവസ്ഥയെ ആകെ മാറ്റിത്തീർക്കും എന്നും പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എല്ലാ വിദ്യാർത്ഥികൾക്കും തുല്യമായ അവസരവും പ്രവേശന സാധ്യതയും ലഭ്യമാക്കിയിട്ടുണ്ട് എന്നതിനാൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുമെന്നും ആണ് 2019ൽ പറഞ്ഞിരുന്നത്. ഇപ്രാവശ്യത്തെ മോദി കി ഗ്യാരണ്ടിയിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന വാഗ്ദാനം കണ്ടെത്താൻ കഴിയില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അർഹരായ എല്ലാവർക്കും വിദ്യാഭ്യാസം നേടിയെടുക്കാൻ കഴിഞ്ഞതിന്റെ ഭാഗമായിട്ടാണോ ആ മുദ്രാവാക്യം ഒഴിവാക്കിയത് എന്ന് ചോദിച്ചാൽ അല്ല എന്ന് ആർക്കും മനസ്സിലാവുന്ന സംഗതിയാണ്. സങ്കല്പപത്രയുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ വന്ന കേന്ദ്ര ഗവൺമെന്റ്- 2019-– 20 ൽ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി നീക്കിവെച്ച തുക 2.99% ആയിരുന്നെങ്കിൽ 2022-–23 ൽ അത് 2.35% ആയി കുറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ കഴിയാത്ത ലക്ഷക്കണക്കിന് കുട്ടികൾ ഇന്നും ഇന്ത്യയിലുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന പഴയ മുദ്രാവാക്യമാവട്ടെ അവർ ഉപേക്ഷിക്കുകയും ചെയ്തു.

ഇന്ത്യയെ തുറിച്ചു നോക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം യുവതീ-യുവാക്കളുടെ തൊഴിലില്ലായ്മയാണ്. നാളെയുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുവേണ്ടി ഭാരതത്തിലെ യുവത്വത്തിന് തൊഴിലവസരങ്ങൾ തുറന്നുകൊടുക്കും എന്നായിരുന്നു സങ്കല്പ പത്രത്തിലെ വാഗ്ദാനം. ഗ്രാജ്വേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ 50% ത്തോളം പേർ തൊഴിലില്ലാത്തവരായി തുടരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യു പി എസ് സി മുഖാന്തരം നിയമനം നടത്താവുന്ന ലക്ഷക്കണക്കിന് ഒഴിവുകളിൽ നിയമനം നടത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. എന്നിട്ടും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്തും എന്ന വാഗ്ദാനം ഗ്യാരന്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാശ്ചാത്തല സൗകര്യങ്ങളിൽ നിക്ഷേപം നടത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നാണ് ഗ്യാരന്റിയിലെ വാഗ്ദാനം. ഈ വാഗ്ദാനവും സങ്കല്പ പത്രത്തിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഒന്നും നടന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേ വാഗ്ദാനങ്ങൾ വീണ്ടും ആവർത്തിക്കുകയാണ് ഗ്യാരന്റിയിൽ ചെയ്തിരിക്കുന്നത്. എന്നിട്ട് പൊതു പരീക്ഷകൾ ഒക്കെ സുതാര്യമാക്കി മാറ്റും എന്ന് ഗ്യാരണ്ടിയിൽ വാഗ്ദാനം നൽകുന്നുണ്ട്. ഇതുവരെ പൊതു പരീക്ഷകളിൽ സുതാര്യത ഉണ്ടായിരുന്നില്ല എന്ന് 10 വർഷം ഭരിച്ചവർ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ബേട്ടി ബചാവോ, ബേട്ടി പഠാവോ എന്നത് 2014ലെ മുദ്രാവാക്യം ആയിരുന്നു. എല്ലാ പെൺകുട്ടികൾക്കും ഗുണപരമായ വിദ്യാഭ്യാസം നൽകുന്നതിന് തങ്ങൾ ബാധ്യതപ്പെട്ടിരിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്. 2024 ൽ എത്തിയിട്ടും സ്ഥിതിയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ഗ്യാരന്റിയിൽ ഒരു കോടി ലക്ഷാധിപതികളായ സ്തീകളെ സൃഷ്ടിച്ചുവെന്നും ഭാവിയിൽ അത് മൂന്നു കോടിയാക്കി മാറ്റും എന്നും വാഗ്ദാനം നൽകി വിദ്യാഭ്യാസ കാര്യത്തിലുള്ള സ്ത്രീകളുടെ പിന്നാക്കാവസ്ഥയെ മറച്ചുവെക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സ്ത്രീകളുടെ തൊഴിൽ സൗകര്യം വർദ്ധിപ്പിക്കും എന്നും ഗ്യാരന്റിയിൽ വാചകമടി നടത്തിയിട്ടുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമരങ്ങൾ നടന്നത് സങ്കല്പ പത്രത്തിന്റെ കാലത്തായിരുന്നു. സങ്കല്പ പത്രത്തിലെ പ്രധാനപ്പെട്ട വാഗ്ദാനം 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കി വർദ്ധിപ്പിക്കും എന്നായിരുന്നു. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിടക്കാരായ കർഷകർക്ക് സാമ്പത്തിക സഹായം നൽകിക്കൊണ്ട് അവരെ ഉയർത്തിക്കൊണ്ടു വരും എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. 2014 ലെ തിരഞ്ഞെടുപ്പിൽ കർഷകരുടെ ചെലവും 50 ശതമാനം കൂടുതലും കിട്ടാവുന്ന വിധത്തിൽ കാർഷികോല്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കും എന്ന വാഗ്ദാനം 2019 ൽ തന്നെ ഇവർ വിഴുങ്ങിയിരുന്നു. സുപ്രീംകോടതിയിൽ കേന്ദ്ര ഗവൺമെന്റുതന്നെ പറഞ്ഞത് അങ്ങനെ താങ്ങുവില നിശ്ചയിച്ചാൽ വിപണിയാകെ തകരും എന്നായിരുന്നു. അവർ താങ്ങുവില വർദ്ധനവിനെ കുറിച്ചുള്ള വാഗ്ദാനം ഈ തിരഞ്ഞെടുപ്പിലും ആവർത്തിക്കുന്നുണ്ട്. 2018 –19 ൽ കർഷക കുടുംബങ്ങളുടെ കണക്കാക്കപ്പെട്ട വരുമാനമായ 10,218 രൂപ തന്നെയാണ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്. 22,610 രൂപ എന്നതാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്യം. അതിന്റെ പകുതി മാത്രമാണ് ഇപ്പോഴും കർഷക കുടുംബങ്ങൾക്ക് ലഭ്യമാകുന്നത്. എന്നിട്ടും കർഷകസമൂഹത്തിന്റെ രക്ഷകരായി സ്വയം അവതരിപ്പിക്കുകയാണ് ഗ്യാരന്റി പത്രത്തിലൂടെ ബിജെപിക്കാർ ചെയ്യുന്നത്.

മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇവർ തന്നെ ഹിന്ദുക്കൾ മത്സ്യം കഴിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ നോക്കിയാൽ മോദിയുടെ ഗ്യാരന്റി പത്രവും ഒരു ഭാവനാ (സങ്കല്പ ) പത്രം മാത്രമാണ് എന്ന് വ്യക്തമാവും.

അവർ സഹകരണ ഫെഡറലിസം പറയുന്നത് തിരഞ്ഞെടുക്കപ്പെട്ട രണ്ട് മുഖ്യമന്ത്രിമാരെ ജയിലിനകത്ത് ഇട്ടു കൊണ്ടാണ്. 80 കോടിയിലേറെ ദരിദ്രരായ ജനങ്ങൾക്ക് കഴിഞ്ഞ അഞ്ചു വർഷക്കാലമായി മുടങ്ങാതെ സൗജന്യറേഷൻ കൊടുത്തു വരുന്നുണ്ട് എന്നത് അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്ന രേഖയാണ് മോദി കി ഗ്യാരന്റി. അത് ഇനിയും തുടരുമെന്ന വാഗ്ദാനവും പുതിയ പ്രകടനപത്രികയിൽ ഉണ്ട്. അതിനർത്ഥം കഴിഞ്ഞ അഞ്ചുവർഷക്കാലമായി 140 കോടി ജനങ്ങൾ അതായത് പകുതിയിലേറെയുമ ഉള്ള ഇന്ത്യയിൽ 80 കോടി ജനങ്ങൾ ദരിദ്രരാണ് എന്നാണ്. അടുത്ത അഞ്ചുവർഷക്കാലവും അവർ ദരിദ്രരായി തുടരും എന്ന വാഗ്ദാനവും ഇതിലൂടെ മോദി ഗവൺമെന്റ് പരോക്ഷമായി നൽകുന്നുണ്ട്. അതായത് കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനു വേണ്ടി ഒന്നും ചെയ്യാൻ ഈ ഗവൺമെന്റിന് കഴിഞ്ഞില്ല എന്ന് അവർ സ്വയം സമ്മതിക്കുകയാണ്. മാത്രമല്ല വരുന്ന അഞ്ചു വർഷക്കാലവും ഈ 80 കോടി ജനങ്ങൾ ദരിദ്രരായി തന്നെ തുടരും എന്നും ഈ വാഗ്ദാനം വ്യക്തമാക്കുന്നു.

ഇത്തരമൊരു ഗവൺമെന്റിന് വോട്ട് ചെയ്യണമോ എന്നാണ് ഇന്ത്യൻ ജനത തീരുമാനിക്കേണ്ടത്. മതരാഷ്ട്രീയത്തിന് വഴങ്ങാതെ സ്വതന്ത്രമായി ചിന്തിക്കുന്നവർ സ്വതന്ത്രമായി വോട്ടു ചെയ്താൽ മോദി ഭരണകൂടം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + one =

Most Popular