വർഗീയതയുടെ കരങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് ജനപക്ഷ ഭരണത്തിലേക്ക് നയിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. സംഘ പരിവാറിന്റെ ജനവിരുദ്ധ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന എൽ.ഡി.എഫ് വിജയിക്കണോ, ബിജെപി നയങ്ങളോട് ചേർന്നു നിൽക്കുന്ന യു ഡി എഫ് ജയിക്കണോ എന്ന മൂർത്തമായ ചോദ്യമാണ് വോട്ടർമാർക്ക് മുന്നിലുള്ളത്. സംഘ പരിവാറിന്റെ പരാജയം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യാ രാജ്യത്തെ പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി, ഒരു പരിക്കും ഏശാതെ നിലനിർത്താനുള്ള ദൗത്യമാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറ്റെടുക്കേണ്ടത്. കേരളത്തെയും കേരളീയരെയും ലോകത്തിനു മുന്നിൽ ഇകഴ്ത്തിക്കാട്ടാനും അവഹേളിക്കാനും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുമുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരായ ജനവിധിയാണ് ഇത്തവണ കേരളത്തിൽ നിന്നും ഉണ്ടാവുക.
ബിജെപി അവരുടെ പ്രകടന പത്രിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഗ്ഗീയ അജൻഡയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രധാന വാഗ്ദാനങ്ങൾ. എന്നാൽ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്ക് ധൈര്യമില്ല. കഴിഞ്ഞ രണ്ട് ലോക്-സഭാ തിരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങൾ അതേപടി അവശേഷിക്കുമ്പോൾ, രാമക്ഷേത്രവും സിഎഎയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമെല്ലാമാണ് നേട്ടമായി ബിജെപി എടുത്തുകാട്ടുന്നത്.
വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളായ യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം എന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പ്രധാനമന്ത്രി അവകാശപ്പെട്ടു. പക്ഷേ, കഴിഞ്ഞ പത്തു കൊല്ലം കൊണ്ട് എന്ത് ശാക്തീകരണമാണ് ഉണ്ടായത് എന്നു മാത്രം പറയുന്നില്ല. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത താങ്ങുവില, സംഭരണത്തിന്റെ ഗ്യാരണ്ടി, കർഷക ആത്മഹത്യ, വായ്പ എഴുതിത്തള്ളൽ എന്നിവയെക്കുറിച്ച് പൂർണമൗനം പാലിച്ചുകൊണ്ട് എങ്ങനെയാണിവർ കർഷകരെ ശാക്തീകരിക്കുക? 2014 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കടാശ്വാസം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും മോദി സർക്കാർ ഇന്നുവരെ കടാശ്വാസം നൽകിയില്ല. കർഷകർക്കുള്ള എല്ലാ പ്രധാന പദ്ധതികളുടെയും ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. സംഭരണം, വിള ഇൻഷുറൻസ്, ഭക്ഷ്യ – വളം സബ്സിഡികൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. ഇതെങ്ങനെയാണ് ശാക്തീകരണം ആകുന്നത്?
2019 ൽ ബിജെപി പറഞ്ഞത് ‘‘2022 ഓടെ ഓരോ ഇന്ത്യക്കാരനും ഒരു വീട്’’ എന്നാണ്. ആ വാഗ്ദാനത്തിന്റെ ഗതി എന്തായി എന്ന് പറയുന്നില്ല. 2024 ലെ മാനിഫെസ്റ്റോയിൽ ഇതേ കുറിച്ച് പരിപൂർണ മൗനമാണ് പാലിച്ചിരിക്കുന്നത്.
കേരളത്തിന്റെ മാത്രം അനുഭവം നോക്കുക -ഭവനരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സർക്കാരിന്റെ മുദ്രാവാക്യം. സംസ്ഥാനം ആ സ്വപ്നസാക്ഷാൽക്കാരത്തോട് അടുക്കുകയാണ്. നാലു ലക്ഷം വീടുകൾ എന്ന നാഴികക്കല്ല് കേരളം പൂർത്തിയാക്കിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഇതുവരെ പൂർത്തീകരിച്ചത് 4,03,558 വീടുകളാണ്. 1,00,052 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഗുണഭോക്താക്കളുടെ ആകെ എണ്ണം 5,03,610 ആണ്. ഇതിൽ കേന്ദ്രത്തിന്റെ പങ്കാളിത്തം തുച്ഛമാണ്. പൂർത്തീകരിച്ച നാലു ലക്ഷം വീടുകളിൽ പി.എം.എ.വൈ ഗ്രാമീൺ പദ്ധതി വഴി 33,517 വീടുകൾക്കും (72,000 രൂപ വീതം) പി.എം.എ.വൈ അർബൻ വഴി 83,261 വീടുകൾക്കും (1,50,000 രൂപ വീതം) മാത്രമാണ് കേന്ദ്ര സഹായം ലഭിച്ചിട്ടുള്ളത്.
ലൈഫ് മിഷൻ ഇതുവരെ ആകെ ചെലവഴിച്ചത് 17,490.33 കോടി രൂപയാണ്. അതിലെ കേന്ദ്ര വിഹിതം 2,081.69 കോടി രൂപ മാത്രം. അതായത് 11.9 % മാത്രമാണ് പി.എം.എ.വൈ വഴി ലഭിച്ച കേന്ദ്ര സഹായം. രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കള്‍ക്ക് ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എഴുപത് ശതമാനം വീടുകളും പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിര്‍മ്മിച്ചത്. എന്നിട്ടും ലൈഫ് മിഷൻ മുഴുവൻ കേന്ദ്ര സഹായമാണെന്ന കള്ളം പറഞ്ഞു നടക്കുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ. അതു തന്നെയാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് പറഞ്ഞതും ബിജെപിയുടെ പ്രകടന പത്രികയിൽ ആവർത്തിച്ചതും. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിനുമേൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് വേണമെന്നാണ് ആവശ്യം.
യുവജനങ്ങളോടുള്ള സമീപനവും വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ്. തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറല്ല. തൊഴിലില്ലായ്മ സംബന്ധിച്ച സർവ്വേ റിപ്പോർട്ടുകൾ പുറത്തു വരാതിരിക്കാൻ കേന്ദ്ര സർക്കാർ വ്യഗ്രത കാണിച്ചത് ആ മേഖലയിൽ നേരിട്ട പരാജയം എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. തൊഴിലുള്ള ഇന്ത്യക്കാരുടെ എണ്ണം 2013-ൽ 44 കോടിയായിരുന്നെങ്കിൽ 2021 ആയപ്പോഴേയ്ക്കും 38 കോടിയായി കുറയുകയാണുണ്ടായത്. അതേസമയം തൊഴിലെടുക്കാൻ സാധ്യമായ-വരുടെ എണ്ണം 79 കോടിയിൽ നിന്നും 106 കോടിയായി ഉയരുകയും ചെയ്തു.
തൊഴിലെടുക്കുന്നവരിൽ സ്ത്രീകളുടെ ശതമാനം 2013-ൽ 36 ശതമാനം ആയിരുന്നെങ്കിൽ 2021 ആയപ്പോൾ അത് 9.24 ശതമാനം ആയി കുറഞ്ഞു. സ്ഥിരം തൊഴിൽ ഒരു സ്വപ്നം പോലും അല്ലാതായി മാറി. എട്ടുവർഷംകൊണ്ട് (2014-–2022) കേന്ദ്ര ഗവൺമെന്റ് സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികകളിൽ നിയമനം മരവിപ്പിച്ചു. റെയിൽവേയിൽ മാത്രം മൂന്നുലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കി കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റും (ഐഎച്ച്‌ഡി) പ്രസിദ്ധീകരിച്ച 2024 ലെ ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ടനുസരിച്ച് തൊഴിൽ രഹിതരിൽ കുറഞ്ഞത് സെക്കൻഡറി വിദ്യാഭ്യാസം നേടിയ യുവാക്കളുടെ പങ്ക് 2000-ൽ 35.2% ആയിരുന്നത് 2022-ൽ 65.7% ആയി. അതായത് ഇരട്ടിയായി എന്നർത്ഥം. മാത്രമല്ല, ഇന്ത്യയിലെ മൊത്തം തൊഴിലില്ലാത്തവരിൽ 83% യുവജനങ്ങളാണ്. യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ പതുക്കെ പിന്മാറുകയാണ്. വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്നുപറഞ്ഞ് അധികാരത്തിലെത്തിയവരാണ് ബിജെപി എന്നോർക്കണം.
കഴിഞ്ഞ 10 വർഷം കൊണ്ട് ബിജെപി നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പ്രകടന പത്രിക, ആർക്കു നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടത് എന്നതിൽ മൗനം ദീക്ഷിക്കുകയാണ്. നരേന്ദ്ര മോഡിയുടെ ഗ്യാരണ്ടി പാലിക്കപ്പെട്ടത് രാജ്യത്തെ കോർപ്പറേറ്റുകളുടെ കാര്യത്തിൽ മാത്രമാണ്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ബിജെപിയുടെ ഇഷ്ടക്കാരായ മുതലാളിമാർ കടന്നു കൂടി. കോർപ്പറേറ്റ് കുത്തകകൾക്ക് സമ്പത്ത് സമാഹരിക്കാനായി നയങ്ങളും നിയമവും നടപ്പാക്കുമ്പോൾ പാവപ്പെട്ട മനുഷ്യരെ പരിപൂർണ്ണമായി അവഗണിക്കുന്നു. അതിസമ്പന്നർക്ക് നികുതിയിളവു നൽകുകയാണ് ബിജെപി സർക്കാർ. 2014-–15 നും 2022-–23 നും ഇടയ്ക്ക് ഇന്ത്യൻ ബാങ്കുകൾ എഴുതിത്തള്ളിയത് 14.56 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് കടങ്ങളാണ്. അതേസമയം ഏതാനും ആയിരങ്ങൾ കടമെടുത്ത കർഷകർ ലോൺ തിരിച്ചടയ്ക്കാനാകാതെ ഓരോ ദിവസവും ആത്മാഹുതി ചെയ്യുന്നു.
പരസ്യവാചകങ്ങളുടെ പൊലിമയിൽ മറച്ചുവയ്ക്കാൻ സാധിക്കുന്നതല്ല ഇന്ത്യയുടെ യാഥാർത്ഥ്യം. പാരീസ് ആസ്ഥാനമായ ‘വേൾഡ് ഇനിക്വാലിറ്റി ലാബ്’ -ന്റെ പുതിയ പഠനം അനുസരിച്ച് 2023 ആയപ്പോഴേയ്ക്കും ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലേയ്ക്കാണ് രാജ്യത്തിന്റെ വരുമാനത്തിന്റെ 22.6 ശതമാനവും പോകുന്നത്. അസമത്വം ലോകത്തു തന്നെ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് എന്ന നില വന്നിരിക്കുന്നു. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും ഇതേ ഒരു ശതമാനം ആളുകളുടെ കൈവശമാണെന്നും പഠനം വെളിപ്പെടുത്തുന്നു.
ലോകത്ത് പോഷകാഹരക്കുറവു നേരിടുന്ന കുട്ടികളുടെ 25 ശതമാനവും ഇന്ത്യയിലാണ്. എന്നിട്ടും 2014–-21 കാലയളവിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി 32.3 ശതമാനം വെട്ടിച്ചുരുക്കുകയാണ് ചെയ്തത്. റേഷന് അർഹരായവരിൽ 40 കോടി ആളുകളാണ് അതിൽ നിന്നും ഒഴിവാക്കപ്പെട്ടത്.
പെട്രോൾ ഡീസൽ ഗ്യാസ് വില വർദ്ധനവിനെക്കുറിച്ച് ബിജെപി മൗനം പാലിക്കുകയാണ്. ഭക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന വസ്തുക്കളുടെ അവശ്യവിലയും കുത്തനെ ഉയർന്നത് ജനജീവിതം കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു.
പൗരത്വ ഭേദഗതി നിയമം കേമത്തമായി പറയുകയും ഏക സിവിൽ കോഡ് അടക്കമുള്ള അജൻഡ മുൻനിർത്തി രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന ബിജെപി പ്രകടന പത്രികയുടെ ജനകീയ വിചാരണയാണ് ഈ തിരഞ്ഞെടുപ്പിൽ നടക്കുക. പ്രകടനപത്രികയിൽ സ്വീകരിച്ച അതേ കപട സമീപനമാണ് ബിജെപി കേരളത്തോട് ഒരു സംസ്ഥാനമെന്ന നിലകയ്ക്ക് നിരന്തരം സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ന് നടത്തിയ പ്രസംഗങ്ങളിലും അതാണ് കണ്ടത്.
സൗജന്യ ചികിത്സയിൽ ലോകത്തിനു തന്നെ മാതൃകയായ കേരളത്തിൽ വന്നാണ് സൗജന്യ ചികിത്സയെക്കുറിച്ചും ആയുഷ്മാൻ ഭാരത് സ്കീമിനെക്കുറിച്ചും പ്രധാനമന്ത്രി വാചാലനാവുകയുണ്ടായി. 1,692 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം കാരുണ്യ ഇന്‍ഷുറന്‍സിനായി കേരളം ചെലവഴിച്ചത്. ഇതിലെ ക്രേന്ദ്രവിഹിതമാകട്ടെ 151 കോടി രൂപ മാത്രമാണ്. . അതായത് 10 ശതമാനത്തിലും താഴെ മാത്രം. കേന്ദ്രസഹായമുള്ള ഗുണഭോക്താക്കളുടെ എണ്ണം 23 ലക്ഷം മാത്രമാണ്. അവർക്ക് ശരാശരി 600 രൂപ വീതമാണു നൽകുന്നത്. എന്നാൽ കേരള സർക്കാർ 43 ലക്ഷം ഗുണഭോക്താക്കൾക്ക് ഇൻഷ്വറൻസ് നൽകുന്നുണ്ട്. ശരാശരി ചെലവാക്കുന്നത് 2800 രൂപ വീതം. കേരളത്തിൽ നിലവിൽ സാർവ്വത്രിക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണുള്ളത്. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയവയിൽ നിന്നും കവറേജുണ്ട്. 80 ലക്ഷം കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് ഉള്ളപ്പോൾ, കേന്ദ്ര സർക്കാരിന്റെ നാമമാത്ര സഹായം ലഭിക്കുന്നത് 22 ലക്ഷം പേർക്കു മാത്രമാണ്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ആയുഷ്മാൻ ഭാരത് കാരുണ്യ ഇൻഷ്വറൻസ് പദ്ധതി എന്ന പേര് പറ്റില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പേരിൽ നിന്നും കാരുണ്യ നീക്കം ചെയ്തേ തീരൂ എന്നാണ് അവരുടെ പിടിവാശി.
കേരളത്തില്‍ ഹിംസയും അരാജകത്വവും വര്‍ദ്ധിക്കുന്നു എന്നും പ്രധാനമന്ത്രി ആരോപിക്കുകയുണ്ടായി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയെ ഉദ്ധരിച്ചുകൊണ്ട് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഒരു കണക്കു പ്രകാരം 28,522 കൊലപാതകങ്ങളാണ് 2022 ൽ രാജ്യത്തെമ്പാടുമായി നടന്നത്. അതായത് ഒരു ദിവസം ശരാശരി 78 കൊലപാതകങ്ങൾ. ആ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിലാണ്. അതിനു പിന്നിൽ ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്താൻ തുടങ്ങി ഒന്നുകിൽ ബിജെപിയോ, അല്ലെങ്കിൽ അവരുടെ കൂട്ടുകക്ഷിഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നത്. ആരാണ് കേരളത്തിന്റെ സാമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് എന്ന ചോദ്യം പ്രധാനമന്ത്രി ചോദിക്കേണ്ടത് സ്വന്തം പാർട്ടി നേതാക്കളോടാണ്. എത്ര സിപിഎം പ്രവർത്തകരെയാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ സംഘപരിവാറുകാർ കൊന്നു തളളിയത്.
കടമെടുപ്പ് പരിധി വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് കേരളത്തിന് തിരിച്ചടിയുണ്ടായി എന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. എന്നാൽ യാഥാർത്ഥ്യമെന്താണ്? ഭരണഘടനയിലെ 293(3) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് കേന്ദ്രം സംസ്‌ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തിനുമേൽ കടന്നുകയറിയത്. കിഫ്‌ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും കടമെടുക്കുന്ന തുക “ഓഫ് ബജറ്റ് ബോറോയിങ്’ ആയി പരിഗണിക്കുമെന്നും അത് സംസ്‌ഥാന സർക്കാരിന്റെ കടമെടുപ്പായി കണക്കാക്കുമെന്നുമാണ് കേന്ദ്രസർക്കാർ എടുത്ത നിലപാട്. കേന്ദ്രസർക്കാരിനുകീഴിലെ നാഷണൽ ഹൈവേ അതോറിറ്റി, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ തുടങ്ങിയ ഏജൻസികൾ എടുക്കുന്ന വായ്പ കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിൽ പെടുത്താത്തപ്പോഴാണ് സംസ്‌ഥാനങ്ങൾക്കെതിരെ ഇങ്ങനെയൊരു നിലപാട് മോദി സർക്കാർ സ്വീകരിച്ചത്. ഈ നിലപാടിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിലെ എൻട്രി 43 അനുസരിച്ച് സംസ്ഥാനത്തിന്റെ കടമെടുപ്പ് പൂർണമായും നിയമസഭയുടെ അധികാര പരിധിയിലുള്ളതാണ്. ഇതിൽ നിയന്ത്രണങ്ങൾ വരുത്താനുള്ള കേന്ദ്രത്തിന്റെ അധികാര പ്രയോഗം ഭരണഘടനാ വിരുദ്ധമാണ്. ഇതാണ് കേരളം സുപ്രീം കോടതിയിൽ ഉന്നയിച്ച കാതലായ വാദം. വായ്പയെടുക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കേന്ദ്രം ചെലുത്തുന്ന നിയന്ത്രണാധികാരങ്ങൾ വിശദമായി പരിഗണിക്കുന്നതിന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയാണ് സുപ്രീം കോടതി ചെയ്തത്. സംസ്ഥാനം ഉന്നയിക്കുന്ന വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് അങ്ങനെയൊരു വിധി ഉണ്ടായത്. ഇതിൽ എവിടെയാണ് സംസ്ഥാനത്തിന് തിരിച്ചടി? ഭരണഘടനാ ബെഞ്ചിനു മുന്നിലേക്ക് സംസ്ഥാനമുന്നയിച്ച വിഷയങ്ങൾ എത്തുന്നതോടെ കേരളത്തിന്റെ കേസിന് പുതിയ മാനങ്ങൾ ദേശീയ തലത്തിൽത്തന്നെ കൈവരികയാണ്. രാജ്യത്തെ സാമ്പത്തിക ഫെഡറലിസത്തെ സംബന്ധിച്ച നിർണ്ണായകമായ കേസായി കേരളത്തിന്റെ വാദങ്ങൾ മാറുമെന്ന് ഉറപ്പായിരിക്കുകയുമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ പതിനായിരം കോടി കൂടി അനുവദിച്ച് ഇടക്കാല ആശ്വാസം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ഇവിടെ പ്രതിപക്ഷ നേതാവും ഇപ്പോൾ പ്രധാനമന്ത്രിയും കേരളത്തിന് തിരിച്ചടിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. കേരളം സുപ്രീം കോടതിയിൽ നൽകിയ പരാതി പിന്‍വലിച്ചാല്‍ മാത്രം പണം തരാമെന്ന നിലപാടിലായിരുന്നില്ലേ കേന്ദ്രം. ആ പിടിവാശി സുപ്രീം കോടതി അംഗീകരിച്ചില്ല. ഭരണഘടനാ ബെഞ്ചിനു കേസ് വിട്ടതോടെ കേരളത്തിന്റെ വാദങ്ങളുടെ പ്രസക്തി വർധിച്ചു. കേരളം ഉയർത്തിയ വാദങ്ങൾ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത് എങ്ങനെയാണ് തിരിച്ചടിയാകുന്നത്?
കേരളത്തെക്കുറിച്ച് കടുത്ത ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് പ്രധാനമന്ത്രി അദ്ദേഹം തന്നെ നയിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ അംഗീകാരങ്ങൾ എന്തെല്ലാമെന്ന് നോക്കേണ്ടതാണ്. നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ ഒന്നാമത്, ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം, ആരോഗ്യ സൂചികയിൽ തുടർച്ചയായി നാല് വർഷവും ഒന്നാമത്, ഊർജ്ജ കാലാവസ്ഥാ സൂചികയിൽ രണ്ടാമത്, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുളള അംഗീകാരം, ഉയർന്ന ദിവസ വേതനമുള്ള സംസ്ഥാനമായി റിസർവ് ബാങ്കിന്റെ അംഗീകാരം, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രേഷ്ഠതാ സൂചികയിൽ ഒന്നാമത്. മികച്ച വാർദ്ധക്യ പരിചരണത്തിന് വയോശ്രേഷ്ഠതാ സമ്മാൻ തുടങ്ങി അംഗീകാരങ്ങളുടെ നീണ്ട പട്ടികയുണ്ട്. ഒരു തരത്തിലും അവഗണിക്കാൻ കഴിയാത്തത്രയും ഉയരത്തിൽ നിൽക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് രാഷ്ട്രീയമായ വേട്ടയാടലിനിടയിലും കേരളത്തെ അംഗീകരിക്കേണ്ടി വരുന്നത്. മേൽപ്പറഞ്ഞ റാങ്കിങ്ങുകളിൽ ഉത്തർപ്രദേശ് എത്രാം സ്ഥാനത്തു നിൽക്കുന്നു എന്നത് വാരണാസി എംപി കൂടിയായ പ്രധാനമന്ത്രി സ്വയം ചോദിക്കാൻ തയ്യാറാകണം. ജനങ്ങൾ ഈ ചോദ്യം ഉറക്കെ ചോദിക്കുന്നുണ്ട്. ആ ചോദ്യങ്ങൾ അവഗണിക്കുകയാണ് പ്രധാനമന്ത്രിയും ബിജെപിയും ചെയ്യുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ കോടികൾ ചെലവഴിച്ച് വൻ കോർപ്പറേറ്റ് മാധ്യമ പിന്തുണയോടെ നടത്തുന്ന പരസ്യപ്രചരണങ്ങൾകൊണ്ട് മറച്ചുകളയാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനു തക്കതായ മറുപടി നൽകാനുള്ള അവസരമായി ജനാധിപത്യവാദികൾ ഈ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കണം. ♦