Thursday, November 21, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻഅരികുവൽകരിക്കപ്പെട്ടവർക്കും ആതുരർക്കും തുണയായി എൽഡിഎഫ് സർക്കാർ

അരികുവൽകരിക്കപ്പെട്ടവർക്കും ആതുരർക്കും തുണയായി എൽഡിഎഫ് സർക്കാർ

ഗിരീഷ് ചേനപ്പാടി

മൂഹത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവരും അരികുവത്കരിക്കപ്പെടുന്നവരുമായ ജനങ്ങളുടെ സുരക്ഷയ്ക്കാണ് എൽഡിഎഫ് സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസികമായി വെല്ലുവിളി നേരിടുന്നവർ, വിധവകൾ, ദുരിതമനുഭവിക്കുന്ന കുട്ടികൾ തുടങ്ങിവരുടെയെല്ലാം ക്ഷേമം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. ഇലക്ഷൻ കാലത്തെ വാചകമടിയിലൂടെയല്ല നിരന്തരമായ ക്ഷേമപ്രവർത്തനങ്ങളിലൂടെയാണ് എൽഡിഎഫ് സർക്കാർ ഈ വിഭാഗങ്ങളോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നത്. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സേവനപ്രവർത്തനങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഇക്കാര്യം വ്യക്തമാകും.

എൽഡർ ലെെൻ
വയോജനങ്ങൾക്ക് ഏതുതരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാലും 14567 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ട് സഹായം നേടാം. വൃദ്ധജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ ഈ ഹെൽപ്പ്ലെെനിൽ വിളിച്ചാൽ ഉടനടി പരിഹാരം ലഭിക്കും. വിവിധ സർക്കാർ/സർക്കാരിതര സേവനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങൾ, മാനസികമായി വൃദ്ധജനങ്ങൾ അനുഭവിക്കുന്ന സംഘർഷങ്ങൾക്ക് സാന്ത്വനം, ആവശ്യമെങ്കിൽ വിദ്ഗധരുടെ സേവനം എന്നിവയൊക്കെ ഈ നമ്പറിൽ വിളിച്ചാൽ ലഭിക്കും. വയസ്സുകാലത്ത് സംരക്ഷിക്കാൻ ആരോരുമില്ലാതെ കഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കൽ, പല തരത്തിലുള്ള ചൂഷണങ്ങളിൽപെട്ടുപോയവർക്ക് ശേഷിക്കുന്ന ജീവിതത്തിൽ സമാധാനവും സംരക്ഷണവും ഉറപ്പാക്കൽ എന്നിവയൊക്കെ ഈ ഹെൽപ് ലെെനിൽ വിളിക്കുന്നവർക്ക് ലഭ്യമാകും. ഉറ്റബന്ധുക്കൾ ഉപേക്ഷിക്കുന്ന മുതിർന്ന പൗരരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള Maintenance and Welfare of Parents and Senior Citizens Act സംബന്ധിച്ച സഹായങ്ങളും നിർദേശങ്ങളും 14567 എന്ന ഹെെൽപ്പ് ലെെനിൽ നിന്ന് ലഭിക്കും. മേൽപ്പറഞ്ഞ നിയമം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. വയോജന സംരക്ഷണത്തിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ‘വയോശ്രേഷ്ഠ’ സമ്മാൻ കേരളത്തിനു നൽകിയതിലൂടെ കേന്ദ്ര സർക്കാരും ഈ യാഥാർഥ്യം അംഗീകരിക്കുകയായിരുന്നു.

വയോമിത്രം പദ്ധതി
നഗരസഭകളുമായി ചേർന്നുകൊണ്ട് സാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന പദ്ധതിയാണിത്. 65 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതി. വയോമിത്രം പദ്ധതിയനുസരിച്ച് 2021–22 സാമ്പത്തികവർഷത്തിൽ 47.07 കോടി രൂപ മുതിർന്ന പൗരർക്ക് ചികിത്സയ്ക്കായി നൽകി. 2022–2023ൽ 23.15 കോടി രൂപയും ചെലവഴിച്ചു. തുടർവർഷങ്ങളിലും സമാനമായ രീതിയിൽ പണം നൽകി വരുന്നു.

ആശ്വാസ കിരണം പദ്ധതി
ഒരു മുഴുവൻ സമയ പരിചാരകന്റെ /പരിചാരകയുടെ സേവനം അനിവാര്യമായ രീതിയിൽ കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക് പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയനുസരിച്ച് 2021–2022 സാമ്പത്തികവർഷത്തിൽ 40 കോടി രൂപയും 2022–23ൽ 24.2 കോടി രൂപയും 2023–24ൽ 15 കോടി രൂപയും നൽകി.

സമാശ്വാസം പദ്ധതി
വൃക്ക തകരാറിലായതുമൂലം സ്ഥിരമായി ഡയാലിലിസ് വേണ്ടി വരുന്നവർ, വൃക്കയോ കരളോ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്ക് വിധേയരായവർ, ഹീമോഫീലിയ രോഗികൾ, സിക്കിൾ സെൽ അനീമിയ രോഗികൾ എന്നിവർക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതിയാണിത്. ഈ പദ്ധതിയനുസരിച്ച് 2021–22 സാമ്പത്തികവർഷത്തിൽ 1099 ഗുണഭോക്താക്കൾക്കായി 5 കോടി രൂപ നൽകി. 2022–23ൽ 2977 ഗുണഭോക്താക്കൾക്കായി 3.9 കോടി രൂപയും 2023–24ൽ 2828 ഗുണഭോക്താക്കൾക്കായി 2.77 കോടി രൂപയും നൽകി.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കി വരുന്നുണ്ട്.

വയോജനങ്ങൾക്ക് കൃത്രിമ പല്ലുകൾ വിതരണം ചെയ്യുന്ന മന്ദഹാസം പദ്ധതിയും നടപ്പാക്കി വരുന്നു. വയോജനങ്ങളെ പരിപാലിക്കുന്നതിൽ മികവ് പുലർത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വയോസേവന’ അവാർഡുകൾ നൽകിവരുന്നു.

കേരളത്തിലെ വയോജനങ്ങളിൽ 76.13 ശതമാനം പേർക്കും സാമൂഹ്യപെൻഷൻ നൽകുന്ന കേരളമാതൃകയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ പ്രശംസിക്കുകയുണ്ടായി. മുതിർന്ന പൗരരോടുള്ള എൽഡിഎഫ് സർക്കാരിന്റെ കരുതലും പ്രതിബദ്ധതയും എത്രമാത്രം ശക്തമാണെന്നുള്ളതിന്റെ സാക്ഷ്യപത്രമാണിത്.

ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിരക്ഷ
ഭിന്നശേഷിക്കാർക്ക് നെെപുണ്യ വികസനത്തിനും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പയും സബ്സിഡിയും നൽകുന്ന പദ്ധതിയാണ് കെെവല്യം. ഈ പദ്ധതിയനുസരിച്ച് 1320 പേർക്ക് സ്വയം തൊഴിൽ വായ്പയായി 50,000 രൂപ വീതം അനുവദിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്)ന്റെ നേതൃത്വത്തിൽ മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാ ലിപിയ്ക്ക രൂപകൽപ്പന നൽകി.

ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് വെർച്വൽ റിയാലിറ്റി സംവിധാനം ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.

നാഡീപ്രശ്നം മൂലം ചലനമറ്റവർക്ക് ചികിത്സയെളുപ്പമാക്കുന്ന അഡ്വാൻസ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ് കേരളത്തിലാരംഭിച്ചു. ചലനപ്രശ്നമുള്ളവരുടെയും കായികതാരങ്ങളുടെയും ചലനക്ഷമത വർധിപ്പിക്കാനുള്ള സംവിധാനമായ ഇൻസ്ട്രുമെന്റഡ് മോഷൻ ആൻഡ് ഗെയ്റ്റ് അനാലിസിസ് ലാബ് ആരംഭിക്കുന്നതിനും സാധിച്ചു. ഭിന്നശേഷി സൗഹൃദ വാഹന പദ്ധതിയായ വീൽട്രാൻസ് പ്രോജക്ട് ആവിഷ്കരിച്ച് നടപ്പാക്കാനും സർക്കാരിനു സാധിച്ചു.

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ ഭിന്നശേഷി സൗഹൃദപാർക്ക് എൽഡിഎഫ് സർക്കാർ നിർമിച്ചു. ബാരിയർ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായാണ് ഇതിന്റെ നിർമാണം.

ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയം സംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസം. ഈ പദ്ധതിയിലൂടെ 2023–24 വർഷത്തിൽ മാത്രം 132 കുടുംബങ്ങൾക്കായി 25,000 രൂപ വീതം നൽകി. സ്വയം തൊഴിൽ വായ്പയ്ക്ക് ഈടുനൽകാൻ സ്വത്തുക്കളില്ലാത്ത ഭിന്നശേഷിക്കാർക്ക് ഭിന്നശേഷി വികസനകോർപ്പറേഷൻ മുഖേന സാമ്പത്തികസഹായം നൽകുന്ന പദ്ധതിയാണിത്.

ഭിന്നശേഷി മേഖലയിലെ വിദഗ്ധർക്ക് അവരുടെ നൂതന പഠനങ്ങളും ഗവേഷണങ്ങളും ഇതരമേഖലകളിലെ വിദഗ്ധരുമായി പങ്കുവയ്ക്കാനും ചർച്ച ചെയ്യാനും നിഷ് ഒരു ഓൺലെെൻ ജേണൽ പ്രസിദ്ധീകരിച്ചുവരുന്നു.

ഭിന്നശേഷിക്കാർക്കായി എൽഡിഎഫ് സർക്കാർ 1263 തസ്തികകൾ കണ്ടെത്തുകയും നിയമം നടത്തുകയും ചെയ്തു.

കുട്ടികൾക്കായുള്ള പദ്ധതികൾ
പതിനെട്ടുവയസ്സിൽ താഴെയുള്ള ക്യാൻസർ രോഗികളായ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച ക്യാൻസർ സുരക്ഷാ പദ്ധതിയിലൂടെ 2021–22 സാമ്പത്തികവർഷത്തിൽ 8412 കുട്ടികൾക്കായി 24 കോടി രൂപ നൽകി. 2022–23ൽ 8652 കുട്ടികൾക്കായി 4.3 കോടി രൂപ നൽകി.

ജന്മനായുള്ള ഹൃദയ വെെകല്യങ്ങൾ മൂലവും ജനിതക രോഗങ്ങൾ മൂലവും മറ്റ് ഗുരുതര രോഗങ്ങൾ കാരണവും ദുരിതം അനുഭവിക്കുന്ന കുട്ടികൾക്ക് പൂർണമായും സൗജന്യ ചികിത്സ അനുവദിക്കുന്ന പദ്ധതിയാണ് താലോലം. ഈ പദ്ധതിയനുസരിച്ച് 2021–22 സാമ്പത്തികവർഷത്തിൽ 19,364 കുട്ടികൾക്കായി 12.7 കോടി രൂപനൽകി. 2022–23ൽ 19,805 കുട്ടികൾക്കായി 7 കോടി രൂപയാണ് നൽകിയത്.

പ്രമേഹ ബാധിതരായ കുട്ടികൾക്ക് സമഗ്രപരിരക്ഷ നൽകുന്നതിനായി സാമൂഹിക സുരക്ഷാ മിഷൻ ആവിഷ്കരിച്ച പദ്ധതിയാണ് ‘മിഠായി’. ഈ പദ്ധതിയനുസരിച്ച് 2021–22 സാമ്പത്തികവർഷത്തിൽ 1233 ഗുണഭോക്താക്കൾക്കായി 2.05 കോടി രൂപ നൽകി. 2022–23ൽ 1469 ഗുണഭോക്താക്കൾക്കായി 3.8 കോടി രൂപയാണ് വിതരണം ചെയ്തത്. 2023–24ൽ 1508 പേർക്കായി 2.5 കോടി രൂപ അനുവദിച്ചു.

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുവേണ്ടി പ്രകൃതിയോടിണങ്ങി നിൽക്കുന്ന തരത്തിലുള്ള വിവിധ കളികളിലൂടെ ചലനശേഷി മെച്ചപ്പെടുത്താനും അവരുടെ മാനസികവും സാമൂഹികവുമായ വളർച്ചയുടെ വേഗത വർധിപ്പിക്കാനും വേണ്ടിയുള്ള നൂതന സാമഗ്രികൾ ഒരുക്കിക്കൊണ്ട് സഫൽ സെൻസോറിയം നിഷിൽ സ്ഥാപിച്ചു.

സ്ത്രീകളോടുള്ള കരുതൽ
ചൂഷണത്തിനും ചതിവിനും വിധേയരായി അവിവാഹിതകളായ നിരവധി അമ്മമാർ സമൂഹത്തിൽ ദുരിതം സഹിക്കുന്നുണ്ട്. അവർ സമൂഹത്തിൽ നിന്ന് പലപ്പോഴും ഒറ്റപ്പെട്ടു ജീവിക്കേണ്ട അവസ്ഥയാണുള്ളത്. അവർക്കുവേണ്ടി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് സ്നേഹസ്പർശം. ഈ പദ്ധതിയിലൂടെ 2021–22ൽ 1483 ഗുണഭോക്താക്കൾക്കായി 2 കോടി രൂപ നൽകി. 2022–23 സാമ്പത്തികവർഷത്തിൽ 538 പേർക്കായി 2 കോടി രൂപയാണ് നൽകിയത്. 2023–24ൽ 557 പേർക്കായി 1.5 കോടി രൂപ നൽകി.

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സവിശേഷമായ പരിഗണന
ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രത്യേക പരിഗണന എല്ലാവരാലും പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വിഭാഗത്തിനുവേണ്ടി നിരവധി പദ്ധതികളാണ് എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. അതിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കരുതൽ. ട്രാൻസ്ജെൻഡർമാർക്കുണ്ടാകുന്ന ഗുരുതരമായ രോഗങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ അതിജീവിക്കുവാൻ അവർക്ക് പിന്തുണ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതുപോലെ സ്വന്തം വീട്ടിൽനിന്ന് പുറത്താക്കപ്പെടുന്ന ഭിന്നലിംഗക്കാരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുകയെന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഉപജീവന മാർഗം സ്വന്തമായി കണ്ടെത്തുന്നതിന് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയാണ് ‘സാകല്യം’. ഈ പദ്ധതിയിലൂടെ നിരവധി ട്രാൻസ് വ്യക്തികളെയാണ് തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കിയത്.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർവവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കെെപിടിച്ചുയർത്തുന്നതിനും വേണ്ടി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലോത്സവമാണ് വർണ്ണപ്പകിട്ട്. വർണ്ണപ്പകിട്ട് വിജയകരമായി നടന്നുവരുന്നു. 2024 ഫെബ്രുവരിയിൽ തൃശ്ശൂരിൽ നടന്ന വർണ്ണപ്പകിട്ടിൽ എണ്ണൂറിലധികം ട്രാൻസ്ജെൻഡർ വ്യക്തികൾ പങ്കെടുത്തു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് 88,66,256 രൂപ സർക്കാർ നൽകി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ ട്രാൻസ്ജെൻഡർ വ്യക്തികളുടെ തുടർചികിത്സാ സഹായത്തിനുള്ള പ്രായപരിധി ഈ സർക്കാർ എടുത്തുകളഞ്ഞു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + 6 =

Most Popular