എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പട്ടയ വിതരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. നാല് പട്ടയമേളകളിലായി 1,53,103 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. പട്ടയമില്ലാത്തവരെ കണ്ടെത്തുന്നതിനായി എം.എല്‍.എ-മാരുടെ അദ്ധ്യക്ഷതയില്‍ പട്ടയ അസംബ്ലികള്‍ ചേരുകയും അവിടെ കണ്ടെത്തുന്ന പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാനായി തഹസില്‍ദാര്‍ റാങ്കിലുളള ഒരു ഉദ്യോഗസ്ഥനു ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിതരണം ചെയ്ത 1,77,011 പട്ടയങ്ങൾ ഉൾപ്പെടെ കഴിഞ്ഞ 8 വർഷം കൊണ്ട് 3,30,114 പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
പട്ടയ വിതരണത്തിന്
പ്രത്യേക ഡാഷ്ബോര്‍ഡ്
പട്ടയവിതരണത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ഓരോ വില്ലേജിലേയും ഭൂരഹിതരുടെ എണ്ണം, ഭൂമിയുടെ ലഭ്യത, പട്ടയ വിതരണത്തിനുള്ള തടസം എന്നിവ കണ്ടെത്തി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുമുള്ള ഒരു ഡാഷ്‌ബോര്‍ഡ് സജ്ജമാക്കിയും പട്ടയം വിതരണം ചെയ്യുന്നതിന്നുള്ള നിയമ തടസ്സമുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് മറികടന്നുമാണ് പട്ടയവിതരണത്തില്‍ നിര്‍ണ്ണായക പുരോഗതി കൈവരിക്കാനായത്.
ലാന്റ് ട്രിബ്യൂണല്‍ പട്ടയ അദാലത്ത്
ലാന്റ് ട്രിബ്യൂണല്‍ വഴി വിതരണം ചെയ്യപ്പെടുന്ന ക്രയസര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ സർക്കാർ സംഘടിപ്പിച്ചു. കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ നടപ്പിലാക്കി. കൂടാതെ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി വരുന്നു.
പട്ടയങ്ങളും സ്മാര്‍ട്ടാവുന്നു
സംസ്ഥാനത്ത് ഇനി മുതല്‍ ഇ- പട്ടയങ്ങള്‍ ആയിരിക്കും വിതരണം ചെയ്യുക. നിലവില്‍ പേപ്പറില്‍ അച്ചടിച്ച പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള പട്ടയങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിന് പകര്‍പ്പുകള്‍ എടുക്കുവാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടായിരുന്നു. ബന്ധപ്പെട്ട റവന്യൂ ഓഫീസുകളില്‍ പട്ടയ ഫയലുകള്‍ ഒരു പ്രത്യേക കാലയളവ് മാത്രമേ സൂക്ഷിക്കുന്നുള്ളു. കൂടാതെ പട്ടയ ഫയലുകള്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പട്ടയരേഖകള്‍ കണ്ടെത്തി പകര്‍പ്പുകള്‍ ലഭിക്കാത്ത സാഹചര്യം വലുതായ ബുദ്ധിമുട്ടുകള്‍ക്കും പരാതികള്‍ക്കും ഇടയാക്കുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് ഇ -പട്ടയം. സോഫ്ട് വെയര്‍ അധിഷ്ഠിതമായി ഡിജിറ്റലായി നല്‍കുന്ന പട്ടയമാണ് ഇ-പട്ടയം. നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍ സ്റ്റേറ്റ് ഡാറ്റാസെന്ററില്‍ നഷ്ടപ്പെടാത്ത രീതിയില്‍ സംരക്ഷിക്കും. ക്യു ആര്‍ കോഡും ഡിജിറ്റല്‍ സിഗ്നേച്ചറുമുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത് എന്നതിനാൽ പട്ടയത്തിന്റെ ആധികാരികത ക്യു ആർ കോഡ് സ്കാൻ ചെയ്ത് മനസ്സിലാക്കാൻ സാധിക്കും. അതിനാൽ വ്യാജ രേഖകൾ ചമയ്ക്കുന്നതും വ്യാജ പട്ടയങ്ങൾ നിർമ്മിക്കുന്നതും തടയാൻ സാധിക്കും.
പട്ടയ വിതരണം സ്റ്റാറ്റസ് | ||||||
കഴിഞ്ഞ സർക്കാർ | ഈ സർക്കാർ | ആകെ | ||||
ജില്ല | 2016-21 | 2021-22 | 2022-23 | 2023-24 | ||
1 | തിരുവനന്തപുരം | 2426 | 992 | 1489 | 1091 | 5998 |
2 | കൊല്ലം | 3348 | 1169 | 445 | 170 | 5132 |
3 | പത്തനംതിട്ട | 887 | 373 | 161 | 117 | 1538 |
4 | ആലപ്പുഴ | 1202 | 635 | 408 | 182 | 2427 |
5 | കോട്ടയം | 1082 | 382 | 756 | 1210 | 3430 |
6 | ഇടുക്കി | 37815 | 3671 | 2788 | 4227 | 48501 |
7 | എറണാകുളം | 6217 | 2977 | 1015 | 826 | 11035 |
8 | തൃശ്ശൂർ | 43887 | 11356 | 11221 | 3922 | 70386 |
9 | പാലക്കാട് | 18552 | 7606 | 17879 | 7218 | 51255 |
10 | മലപ്പുറം | 29120 | 10736 | 12000 | 5965 | 57821 |
11 | കോഴിക്കോട് | 10430 | 6738 | 8216 | 2679 | 28063 |
12 | വയനാട് | 3095 | 1733 | 2006 | 422 | 7256 |
13 | കണ്ണൂർ | 10176 | 4221 | 7165 | 2326 | 23888 |
14 | കാസർകോട് | 8774 | 1946 | 1520 | 1144 | 13384 |
സംസ്ഥാനത്ത്
പട്ടയമിഷൻ രൂപീകരിച്ചു
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരേയും ഭൂമിയുടെ ഉടമകളാക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി സംസ്ഥാനത്ത് ഒരു പട്ടയ മിഷൻ രൂപീകരിച്ചു. മലയോര ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിന് മുൻഗണന നൽകിക്കൊണ്ട് രൂപീകരിച്ച പട്ടയ മിഷൻ 19.05.2023-ന് നിലവിൽ വന്നു. വില്ലേജ് തലം മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗം മുതൽ നിയമസഭാ സാമാജികർ വരെയുള്ള ജനപ്രതിനിധികളും ഉൾപ്പെട്ടുവരുന്ന പട്ടയ മിഷൻ കേരളത്തിലെ പട്ടയ വിതരണത്തിന് ഒരു പുതിയ ദിശാസൂചികയാണ്. എം.എല്‍.എ-മാരുടെ അദ്ധ്യക്ഷതയില്‍ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ മുഴുവന്‍ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ പട്ടയ അസംബ്ലികള്‍ വഴി പട്ടയ പ്രശ്നങ്ങള്‍ കണ്ടെത്തി അവയ്ക്ക് പട്ടയ മിഷനിലൂടെ പരിഹാരം കണ്ടു വരികയാണ്. ഇതിനായി റവന്യൂമന്ത്രി പങ്കെടുത്ത് ഓണ്‍ലൈനായി പട്ടയ അദാലത്തുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തി വരുന്നു. അഞ്ച് തട്ടുകളായാണ് പട്ടയമിഷന്‍ പ്രവര്‍ത്തിക്കുന്നത്. വില്ലേജ് ഓഫീസർ കണ്‍വീനറായ വില്ലേജ്തല വിവര ശേഖരണ സമിതിയാണ് അടിസ്ഥാന ഘടകം. വില്ലേജ് തല സമിതി റിപ്പോര്‍ട്ട് ചെയ്യുന്ന പട്ടയ പ്രശ്നങ്ങള്‍ താലൂക്ക് തല ദൗത്യ സംഘം എന്ന രണ്ടാമത്തെ ഘടകം പരിശോധിച്ച് അവിടെ പരിഹരിക്കാന്‍ പറ്റുന്നവ പരിഹരിച്ച ശേഷം ശേഷിക്കുന്നവ ജില്ലാ ദൗത്യ സംഘത്തിനും അവിടെ നിന്നും ലാന്റ് റവന്യൂ കമ്മീഷണര്‍ ചെയര്‍മാനായ സംസ്ഥാന ദൗത്യ സംഘത്തിനും ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന തല നിരീക്ഷണ സമിതിക്ക് ഇതേ മാതൃകയില്‍ കൈമാറി പട്ടയ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ♦