ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ആകെ 5,00,038 ഗുണഭോക്താക്കളുമായാണ് ലൈഫ് മിഷൻ ഇതുവരെ കരാർ വെച്ചത്. ഇതിൽ 3,85,145 വീടുകൾ ഇതിനകം പൂർത്തിയായി. 1,14,893 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
പൂർത്തിയായ 3,85,145 വീടുകളിൽ 2,69,687 വീടുകളും (70%) പൂർണമായി സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വീടുകൾക്ക് നാല് ലക്ഷം രൂപയാണ് നൽകുന്നത്. പട്ടികവർഗക്കാർക്ക് ഭവന നിർമ്മാണത്തിന് ആറുലക്ഷം രൂപയും നൽകുന്നു. ലൈഫ്- പിഎംഎവൈ റൂറൽ പദ്ധതിയിലാണ് 33,272 വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾക്ക് 72000 രൂപയാണ് കേന്ദ്രവിഹിതം. കേരളം ഇവർക്കും നാലുലക്ഷം രൂപ നൽകുന്നു. ശേഷിക്കുന്ന 32,800 രൂപ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് നല്കുന്നത്. അതായത് കേന്ദ്രസർക്കാർ പദ്ധതിയ്ക്കായി കേന്ദ്രം നല്കുന്നത് വെറും 18% തുക മാത്രമാണ്, ശേഷിക്കുന്ന 82% തുകയും സംസ്ഥാനസർക്കാർ നൽകുന്നു. ലൈഫ്-പിഎംഎവൈ അർബൻ പദ്ധതിയിലൂടെ 8,2186 വീടുകളാണ് പൂർത്തിയായത്. ഈ പദ്ധതിക്കായി കേന്ദ്രം നല്കുന്നത് ഒന്നരലക്ഷം രൂപയാണ്. ഇവിടെ തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ചേർന്ന് രണ്ടര ലക്ഷം രൂപ കൂടി ചേർത്ത് നാലുലക്ഷം രൂപയാക്കി ഗുണഭോക്താക്കൾക്ക് നൽകുന്നു. 37.5%തുക കേന്ദ്രവും ശേഷിക്കുന്ന 62.5% തുക സംസ്ഥാനവും വഹിക്കുന്നു. ലൈഫ് മിഷൻ വഴിയുള്ള ഭാവന നിർമ്മാണത്തിനായി നാളിതുവരെ ചെലവഴിച്ചത് 17,209.09 കോടി രൂപയാണ്. ഇതിൽ 2081.69 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം. വെറും 12.09%. നാമമാത്രമായ തുക നൽകുന്ന കേന്ദ്രസർക്കാർ ലൈഫ്-പിഎംഎവൈ പദ്ധതിയിലൂടെ പണി കഴിപ്പിച്ച വീടുകൾക്ക് മുൻപിൽ ബ്രാൻഡിംഗ് സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. വീട് ഓരോ പൗരന്റെയും അവകാശമാണെന്നും, അത് ഔദാര്യമല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള ഒരു ബ്രാൻഡിംഗും അനുവദിക്കില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഭൂരിപക്ഷം പണം നൽകുന്ന സംസ്ഥാന സർക്കാർ ഇത്തരത്തിൽ ലൈഫ് വീടുകളെ തിരിച്ചറിയാനുള്ള യാതൊരു അടയാളങ്ങളും സ്ഥാപിക്കരുത് എന്നാണ് തുടക്കം മുതൽ സംസ്ഥാന സർക്കാർ നിഷ്കർഷിച്ചത്. രാജ്യത്ത് ഭവന നിർമ്മാണത്തിന് ഏറ്റവുമധികം പണം നൽകുന്ന സംസ്ഥാനം കേരളമാണ്. കേരളം നൽകുന്ന തുകയുടെ പകുതി പോലും നൽകാൻ ഒരു സംസ്ഥാനവും തയ്യാറാകുന്നില്ല.
ഇതിനുപുറമേ 11 ഭവന സമുച്ചയങ്ങളിലൂടെ 886 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 21 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ലഭിച്ച ഭൂമിയിലെ 2 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്. ♦