ഇന്ത്യയിൽ തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും നിരന്തരം അട്ടിമറിച്ചുവരികയാണ് മോദി സർക്കാർ. നിരവധി പ്രക്ഷോഭങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെയാകെ അട്ടിമറിക്കുന്നതാണ് ബിജെപി സർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ. നവലിബറലിസത്തിന്റെ വക്താക്കളായ അവർ തൊഴിലാളികളെ കൂലി അടിമകളാക്കാനുള്ള എല്ലാ ശ്രമവും നടത്തിവരികയാണ്.
എന്നാൽ ഇന്ത്യയിൽ ആദ്യമായി ഒരു തൊഴിൽ നയം ആവിഷ്കരിച്ചുകൊണ്ട് ഉദാത്തമായ മാതൃക കാണിച്ചിരിക്കുകയാണ് കേരളം. സംതൃപ്തവും സമാധാനപൂർവവുമായ തൊഴിൽ മേഖല അനിവാര്യമാണെന്ന തിരിച്ചറിവിലാണ് തൊഴിൽ നിയമം എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചത്. അതിന്റെ -ഫലമായി തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. തൊഴിൽ തർക്കങ്ങളും കേസുകളും മുൻകാലങ്ങളേക്കാൾ വളരെ കുറഞ്ഞത് ഇതിന്റെ സാക്ഷ്യപത്രമാണ്. അസംഘടിതരും അരികുവൽകരിക്കപ്പെടുന്നവരുമായ തൊഴിലാളികളെ മുഖ്യധാരയിലെത്തിക്കുന്നതിനായി നിരവധി ഇടപെടലുകൾ തൊഴിൽ – നെെപുണ്യ വകുപ്പ് നടപ്പാക്കിവരുന്നു. അതിനു ചില ഉദാഹരണങ്ങൾ താഴെ പറയുന്നു:
♦ തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58ൽനിന്ന് 60 ആക്കി ഉയർത്തി. തോട്ടം തൊഴിലാളികളുടെ വേതനത്തിൽ 41 രൂപയുടെ വർദ്ധനവ് വരുത്തി. 2023 ജനുവരി ഒന്നു മുതൽ അത് പ്രാബല്യത്തിലാക്കി.
♦ തോട്ടം തൊഴിലാളികൾക്കുവേണ്ടി ‘ഓൺ യുവർ ഓൺ’ ഹൗസിങ് പദ്ധതിയുടെ കീഴിൽ പ്ലാന്റേഷൻ മേഖലയിലുള്ളവർക്ക് അവിടെത്തന്നെയോ തൊട്ടടുത്തോ പാർപ്പിട സൗകര്യം സർക്കാർ നൽകുന്നു.
♦ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവരും താഴ്ന്ന വരുമാനക്കാരുമായ തൊഴിലാളികൾക്കുവേണ്ടി ജനനി ഭവന പദ്ധതി എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചു. 217 അപ്പാർട്ടുമെന്റുകൾ ഇടുക്കി ജില്ലയിലെ അടിമാലിയിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കെെമാറി. എറണാകുളത്തും അപ്പാർട്ടുമെന്റിന്റെ പണി പൂർത്തിയാക്കി.
♦ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ സുരക്ഷയ്ക്ക് നിരവധി പദ്ധതികൾ നടപ്പാക്കി. തൊഴിലിടങ്ങളിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പാക്കി. ഇത്- ടെക-്സ്റ്റെെൽസുകളിൽ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികൾക്ക് ആശ്വാസമായി. നഗരങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷിതരായി താമസിക്കുന്നതിന് സ്റ്റുഡിയോ അപ്പാർട്ട്മെന്റ്സ് പദ്ധതിയിലൂടെ വാടകയ്ക്ക് താമസസൗകര്യം സർക്കാർ ലഭ്യമാക്കുന്നു.
സഹജ കാൾ സെന്റർ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നിർഭയരായും സുരക്ഷിതരായും ജോലി ചെയ്യാൻ അവസരം ഒരുക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. സ്ത്രീകൾ തൊഴിലിടങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളോ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളോ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാലോ ഒരൊറ്റ ഫോൺ സന്ദേശത്തിലൂടെ അത് അധികാരികളുടെ ശ്രദ്ധയിൽപെടുത്താൻ കഴിയും. സഹജകോൾ സെന്ററിൽ വിളിച്ചു പറഞ്ഞാൽ അടിയന്തിര നടപടി അധികൃതർ സ്വീകരിക്കും. 180042555215 എന്ന ടോൾഫ്രീ നമ്പറിലേക്കു വിളിച്ചാൽ നടപടി ഉറപ്പാണ്.
♦ ഗാർഹിക തൊഴിലാളികൾക്ക് ക്ഷേമം ഉറപ്പിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഗാർഹിക തൊഴിലാളികളെ അസംഘടിത ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കി റിട്ടയർമെന്റ് ആനുകൂല്യം, വിവാഹ ധനസഹായം, പ്രസവധനസഹായം, ചികിത്സാസഹായം, അപകടാനുകൂല്യം, മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം തുടങ്ങിയവ ലഭിക്കും.
♦ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പൊതുജനങ്ങളുടെയും സഹായത്തിനായി തൊഴിൽ വകുപ്പ് നിരവധി സോഫ്റ്റ്-വെയറുകളും മൊബെെൽ ആപ്പുകളും ആവിഷ്കരിച്ച് നടപ്പാക്കി.
♦ തൊഴിൽ മേഖലയിലെ മികവിനെ പ്രോൽസാഹിപ്പിക്കുന്നതിനായി തൊഴിലാളികൾക്കുവേണ്ടി തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് ഈ അവാർഡ്. തൊഴിലിടങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്കാരവും ഏർപ്പെടുത്തി. രാജ്യത്ത് ഇതു രണ്ടും ഏർപ്പെടുത്തിയ ഒരേയൊരു സംസ്ഥാനം കേരളമാണ്.
♦ വിദ്യാർഥികൾക്ക് വിശേഷിച്ച് തൊഴിലാളികളുടെ മക്കൾക്ക് പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിന് അവസരമൊരുക്കുന്ന കർമചാരി പദ്ധതി നടപ്പാക്കിവരുന്നു.
തൊഴിലാളികളുടെ സുരക്ഷയ്ക്കുവേണ്ടി നിരവധി ഇൻഷ്വറൻസ് പദ്ധതികൾ നടപ്പാക്കിവരുന്നു.
♦ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനുവേണ്ടി തൊഴിൽ വകുപ്പിനു കീഴിൽ 16 ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നു. 70 ലക്ഷം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇവയിലൂടെ പ്രയോജനം ലഭിക്കുന്നു.
മികച്ച മിനിമം വേതനം ഉറപ്പാക്കി
ഇന്ത്യയിൽ മിനിമം വേതനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഔദേ-്യാഗിക കണക്കുകൾ തന്നെ വെളിവാക്കുന്നു. 837.30 രൂപയാണ് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രതിദിന മിനിമം വേതനം. അത് തൊഴിലാളികൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. കാർഷിക, കാർഷികേതര, നിർമാണ മേഖലകളിലെല്ലാം ദേശീയ ശരാശരിയുടെ ഇരട്ടി തുകയാണ് കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്നത്. 84 തൊഴിൽ മേഖലകളിൽ മിനിമം വേതനം കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേരളം മാത്രമാണ് ഈ നേട്ടം കെെവരിച്ചിട്ടുള്ള സംസ്ഥാനം.
വേതനം കുറഞ്ഞ മേഖലയ്ക്ക് പ്രത്യേക പരിരക്ഷ
ബീഡി, ഖാദി, ഈറ്റ, മൽസ്യം, കയർ എന്നീ പരമ്പരാഗത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വേതനം കുറവാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് എൽഡിഎ-ഫ് സർക്കാർ ഇൻകംസ്പോട്ട് സ്കീം ആവിഷ്കരിച്ച് നടപ്പാക്കിയത്. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നുവർഷകാലത്തിനുള്ളിൽതന്നെ 141.90 കോടി രൂപ മേൽപറഞ്ഞ വിഭാഗം തൊഴിലാളികൾക്കായി നൽകി.
കശുവണ്ടി തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിച്ചു
കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും കുറഞ്ഞ വേതനമാണ് ലഭിച്ചുവന്നത്. ഈ യാഥാർഥ്യം അംഗീകരിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ കശുവണ്ടിത്തൊഴിലാളികളുടെ മിനിമം വേതനം അടിസ്ഥാന ശമ്പളത്തിന്റെ 23 ശതമാനം വർദ്ധിപ്പിച്ചു.
സ്വയം തൊഴിൽ പദ്ധതികളിലൂടെ പതിനായിരങ്ങൾക്ക് തൊഴിൽ
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മാത്രം വിവിധ സ്വയം തൊഴിൽ പദ്ധതികളിലൂടെ പതിനായിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചു. നവജീവൻ സ്വയം തൊഴിൽ പദ്ധതിയിലൂടെ 974 സംരംഭങ്ങൾക്കായി 1 കോടി 20 ലക്ഷം രൂപ സർക്കാർ നൽകി. ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലൂടെ 7581 ഗുണഭോക്താക്കൾക്ക് ധനസഹായം സർക്കാർ നൽകി. 36.27 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്.
ജോബ്ക്ലബ് സ്വയം തൊഴിൽ പദ്ധതിയിലൂടെ മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്സ് 107 സംയുക്ത സംരംഭങ്ങൾ അനുവദിക്കുന്നതിന് 1 കോടി 68 ലക്ഷത്തിലേറെ രൂപ വിതരണം ചെയ്തു.
കെസ്റു സ്വയം തൊഴിൽ പദ്ധതിയിലൂടെ 1079 ഗുണഭോക്താക്കൾക്ക് ധനസഹായം നൽകി. 1 കോടി 93 ലക്ഷത്തിലേറെ രൂപയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യപ്പെട്ടത്.
ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കുവേണ്ടി ആവിഷ്കരിക്കപ്പെട്ടതാണ് കെെവല്യ തൊഴിൽദാന പദ്ധതി. 1814 ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ഈ പദ്ധതിയിലൂടെ സർക്കാർ ധനസഹായം നൽകി. 8 കോടി 12 ലക്ഷം രൂപ ഈ പദ്ധതിയിലൂടെ സർക്കാർ നൽകി.
പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികളുടെ സമഗ്ര തൊഴിൽവികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സമന്വയ. അതിലൂടെ നിരവധി വിദ്യാർഥികൾക്ക് പരിശീലനം നൽകിവരുന്നു.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ആകെ 11,448 ഗുണഭോക്താക്കൾക്കും 107 സംയുക്ത സംരംഭങ്ങൾക്കുമായി 49 കോടി 20 ലക്ഷത്തിലേറെ രൂപ നൽകി.
തൊഴിൽമേഖലയിൽ സൗഹൃദവും സമാധാനവും ശക്തമാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ട്. അതോടൊപ്പം സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ♦