പുത്തൻ സാമ്പത്തിക നയത്തിന്റെ കാലത്ത് 1923ൽ ലെനിൻ എഴുതിയ ലേഖനങ്ങളിലൊന്നാണിത്. സോവിയറ്റ് രാഷ്ട്രത്തിനെതിരായ സാമ്രാജ്യത്വശക്തികളുടെ സൈനികമായ ഇടപെടലിന്റെയും ആഭ്യന്തര യുദ്ധത്തിന്റെയും കാലത്ത് (1918 –1920) സോവിയറ്റ് യൂണിയൻ പിന്തുടർന്ന യുദ്ധകാല കമ്യൂണിസ്റ്റ് നയത്തിൽ മാറ്റം വരുത്തി പുതുതായി നടപ്പാക്കിയ സാമ്പത്തിക നയം എന്നതിനാലാണ് ഇത് പുത്തൻ സാമ്പത്തിക നയം (New Economic Policy -– NEP) എന്നറിയപ്പെടുന്നത്. ഈ കാലഘട്ടത്തിൽ സഹകരണ പ്രസ്ഥാനത്തിന് നിർണായകമായ പ്രാധാന്യമുണ്ടായിരുന്നു.
സോവിയറ്റുകളുടെ പത്താം അഖില റഷ്യൻ കോൺഗ്രസിനുള്ള (1921 മാർച്ച്) റിപ്പോർട്ടിൽ സഹകരണ പ്രസ്ഥാനത്തിന്റെ പ്രശ്നം പരാമർശിക്കണമെന്ന് ലെനിൻ ചിന്തിച്ചിരുന്നു. 1920 ഡിസംബർ ആദ്യം തയ്യാറാക്കിയ റിപ്പോർട്ടിന്റെ രൂപരേഖയിൽ ‘‘സെൻട്രോ സൊയൂസ്’’ – ‘‘അതിന്റെ പ്രത്യേക പ്രാധാന്യം’’ എന്നിങ്ങനെ ലെനിൻ എഴുതിയിരുന്നു. സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ലെനിൻ സെൻട്രൊ സൊയൂസിന്റെ പ്രസിഡന്റായ എൽഎം ഹിൽചുക്കിനോട് ആവശ്യപ്പെട്ടു. 1923 ജനുവരിയിൽ എൻ കെ ക്രൂപ് സ്-ക്കായ അദ്ദേഹത്തിന് സഹകരണ സംഘങ്ങളെ സംബന്ധിച്ച പുസ്തകങ്ങളും ലേഖനങ്ങളും മറ്റും എത്തിച്ചുകൊടുത്തു.
1923 ജൂൺ 26നു ചേർന്ന കേന്ദ്രകമ്മിറ്റിയുടെ പ്ലീനം സഹകരണ പ്രസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലെനിൻ എഴുതിയ ലേഖനങ്ങളായിരുന്നു ആ ചർച്ചയ്ക്ക് ആധാരമായത്. 1924 മെയ് 23 മുതൽ 31 വരെ മോസ്കോയിൽ ചേർന്ന റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി (ബോൾഷെവിക്) യുടെ പതിമൂന്നാം കോൺഗ്രസ് ‘‘സഹകരണ പ്രസ്ഥാനത്തെപ്പറ്റി’’, ‘‘ഗ്രാമങ്ങളിലെ പ്രവർത്തനത്തെപ്പറ്റി’’ എന്നിങ്ങനെ രണ്ട് രേഖകൾ അംഗീകരിച്ചു. അതിന് ആധാരമായത് കൃഷിക്കാരെ സഹകരണ സംഘങ്ങളിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ലെനിന്റെ ആശയങ്ങളാണ്. ‘‘സഹകരണ പ്രസ്ഥാനത്തെപ്പറ്റി’’ എന്ന ലെനിന്റെ അവസാനത്തെ ലേഖനത്തിന്റെ പ്രാധാന്യത്തിലേക്കും ആ പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിൽ വിരൽ ചൂണ്ടുന്നുണ്ട്.
– ചിന്ത പ്രവർത്തകർ
I
നമ്മുടെ രാജ്യത്ത് സഹകരണപ്രസ്ഥാനത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെ കാലത്തിനുശേഷം, പുതിയ സാമ്പത്തികനയം കണക്കിലെടുക്കാതിരുന്നാൽത്തന്നെ (നേരേമറിച്ച് പ്രസ്തുത നയം മൂലമാണെന്ന് ഇതുസംബന്ധിച്ച് നമുക്കു പറയേണ്ടിയിരിക്കുന്നു) ഇന്നു നമ്മുടെ സഹകരണപ്രസ്ഥാനം വമ്പിച്ച പ്രാധാന്യമാർജിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും മനസ്സിലായിട്ടില്ല. പഴയ സഹകരണപ്രവർത്തകരുടെ ചിന്തകളിലേറെയും സ്വപ്നങ്ങൾ മാത്രമാണ്. പലപ്പോഴും അവ അപഹാസ്യമാംവണ്ണം അയഥാർത്ഥമാണ്. എന്തുകൊണ്ടാണത്? കാരണം, ചൂഷകാധിപത്യത്തെ അട്ടിമറിക്കാൻവേണ്ടി തൊഴിലാളിവർഗം നടത്തുന്ന രാഷ്ട്രീയസമരത്തിന്റെ അടിസ്ഥാനപരമായ, മൗലികമായ, പ്രാധാ ന്യം ആളുകൾ മനസ്സിലാക്കുന്നില്ല. ചൂഷകരുടെ ഭരണത്തെ നാം നിഷ്കാസനം ചെയ്തുകഴിഞ്ഞു. അങ്ങനെ പഴയ സഹകരണപ്രവർത്തകരുടെ സ്വപ്നങ്ങളിൽ അയഥാർത്ഥമായും കാല്പനികമായും ക്ഷുദ്രമായിപ്പോലും ഉണ്ടായിരുന്ന പലതും ഇന്നു കറകളഞ്ഞ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.
വാസ്തവത്തിൽ, രാഷ്ട്രീയാധികാരം തൊഴിലാളിവർഗത്തിന്റെ കൈകളിലായതുകൊണ്ടും എല്ലാ ഉല്പാദനോപാധികളും ഈ രാഷ്ട്രീയാധികാരശക്തിയുടെ വകയായതുകൊണ്ടും ജനങ്ങളെ സഹകരണസംഘങ്ങളിൽ സംഘടിപ്പിക്കുകയെന്ന ചുമതല മാത്രമേ അവശേഷിക്കുന്നുള്ളൂ. ജനങ്ങളിൽ ഒട്ടുമുക്കാലും പേർ സഹകരണസംഘങ്ങളിൽ സംഘടിതരാ കുന്നതോടെ, വർഗസമരവും രാഷ്ട്രീയാധികാരത്തിനുവേണ്ടിയുള്ള സമരവും മറ്റും സംഘടിപ്പിക്കേണ്ടതാണെന്നു ശരിയായി വിശ്വസിച്ചിരുന്നവരുടെ ന്യായമായ ആക്ഷേപങ്ങൾക്കും പരിഹാസത്തിനും അവജ്ഞയ്ക്കും പണ്ട് പാത്രമായിരുന്ന സോഷ്യലിസം അതിന്റെ ലക്ഷ്യം സ്വയമേവ നേടുന്നതാണ്. എങ്കിലും റഷ്യയിലെ ജനങ്ങളെ സഹകരണസംഘങ്ങളിൽ സംഘടിപ്പിക്കുന്നതിന് ഇന്ന് എത്ര വമ്പിച്ച, എത്ര നിസ്സീമമായ പ്രാധാന്യമാണുള്ളതെന്ന് എല്ലാ സഖാക്കൾക്കും മനസ്സിലായിട്ടില്ല. പുതിയ സാമ്പത്തികനയം അംഗീകരിക്കുന്നതിലൂടെ നാം കർഷകന് കച്ചവടക്കാരനെന്ന നിലയ്ക്ക് ഒരു വിട്ടുവീഴ്ച ചെയ്തു, സ്വകാര്യകച്ചവടമെന്ന തത്വത്തിനു വിട്ടുവീഴ്ച ചെയ്തു; (ചിലർ കരുതുന്നതിനു വിരുദ്ധമായി) ഇക്കാരണത്താൽത്തന്നെയാണ് സഹകരണപ്രസ്ഥാനം ഇത്ര വമ്പിച്ച പ്രാധാന്യമർഹിക്കുന്നത്. സാരാംശത്തിൽ റഷ്യയിലെ ജനങ്ങളെ വേണ്ടത്ര വിപുലമായ തോതിൽ സഹകരണസംഘങ്ങളിൽ സംഘടിപ്പിക്കുകയെന്നതു മാത്രമാണ് പുതിയ സാമ്പത്തികനയത്തിൻകീഴിൽ നാം യഥാർത്ഥത്തിൽ ചെയ്യേണ്ട ഒരേയൊരു കാര്യം. കാരണം, സ്വകാര്യതാല്പര്യത്തെ, സ്വകാര്യകച്ചവടതാല്പര്യത്തെ, അതിന്മേലുള്ള ഭരണകൂടത്തിന്റെ മേൽനോട്ടവും നിയന്ത്രണവുമായി ഏതു തോതിലാണു കൂട്ടിയോജിപ്പിക്കേണ്ടതെന്നും, ഏതു തോതിലാണ് അതിനെ പൊതുതാല്പര്യങ്ങൾക്കു വിധേയമാക്കേണ്ടതെന്നും, നാമിപ്പോൾ കണ്ടുപിടിച്ചിരിക്കുന്നു. മുമ്പും ഇതായിരുന്നു പല സോഷ്യലിസ്റ്റുകാരുടേയും മുന്നിലുണ്ടായിരുന്ന കീറാമുട്ടി. വാസ്തവത്തിൽ, എല്ലാ വൻകിട ഉല്പാദനോപാധികളിന്മേലും സ്റ്റേറ്റിന്റെ അധികാരം, തൊഴിലാളിവർഗത്തിന്റെ കൈകളിൽ രാഷ്ട്രീയാധികാരം, ചെറുതും വളരെ ചെറുതുമായ ലക്ഷോപലക്ഷം കർഷകരുമായുള്ള ഈ തൊഴിലാളിവർഗ്ഗത്തിന്റെ സഖ്യം, കർഷകരുടെ മേലുള്ള തൊഴിലാളിവർഗത്തിന്റെ ഉറച്ച നേതൃത്വം തുടങ്ങിയ പശ്ചാത്തലത്തിൽ സഹകരണ സംഘങ്ങളിൽനിന്ന്, സഹകരണ സംഘങ്ങളിൽനിന്നു മാത്രം പുത്തൻ സാമ്പത്തികനയത്തിൻകീഴിൽ, ഒരു സമ്പൂർണ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാൻ കഴിയുമോ? മുമ്പു നാം ഈ സഹകരണ സംഘങ്ങളെയാണ് ആക്രിക്കച്ചവടം എന്നു പറഞ്ഞ് കളിയാക്കിയിരുന്നത്; ഇപ്പോഴും അതിനെ അതിന്റെ ചില വശങ്ങൾ പരിശോധിച്ചാൽ അങ്ങനെതന്നെ പരിഗണിക്കാൻ കഴിയുന്നതാണ്. ഒരു സമ്പൂർണ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാൻ ഇത്രമാത്രം മതിയാകുമോ? അപ്പോഴും അത് സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കലാവില്ല. പക്ഷേ അതിനു സഹകരണ സംഘങ്ങൾ കെട്ടിപ്പടുക്കുന്നതുകൊണ്ടുമാത്രം മതിയാവില്ല.
ഈ സാഹചര്യം തന്നെയാണ് നമ്മുടെ പ്രായോഗികപ്രവർത്തകരിൽ പലരും കുറച്ചുകാണുന്നത്. അവർക്കു നമ്മുടെ സഹകരണസംഘങ്ങളെപ്പറ്റി യാതൊരു മതിപ്പുമില്ല. ഒന്നാമത് തത്വത്തിന്റെ നിലപാടിൽനിന്നും (ഉല്പാദനോപാധികൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്) രണ്ടാമത് കർഷകനെ സംബന്ധിച്ചിടത്തോളം ഏറ്റവും ലളിതവും നിഷ്-പ്രയാസവും സ്വീകാര്യവുമായ മാർഗങ്ങളിലൂടെ പുതിയ വ്യവസ്ഥിതിയിലേക്കു പ്രയാണം ചെയ്യുന്നതിന്റെ നിലപാടിൽനിന്നും നോക്കുമ്പോൾ അവയ്ക്കുള്ള അ സാമാന്യമായ പ്രാധാന്യം അവർ മനസ്സിലാക്കുന്നില്ല.
എന്നാൽ സഹകരണ പ്രസ്ഥാനത്തിനും മൗലികമായ പ്രാധാന്യമുണ്ട്. എല്ലാത്തരത്തിലുള്ള തൊഴിലാളിസംഘങ്ങളിലൂടെയും സോഷ്യലിസം കെട്ടിപ്പടുക്കാൻ അയഥാർഥമായ പദ്ധതികൾ ആവിഷ്കരിക്കുകയെന്നത് ഒരു കാര്യമാണ് ; എന്നാൽ ഓരോ ചെറുകിട കർഷകനും പങ്കെടുക്കാൻ കഴിയത്തക്കവണ്ണം പ്രയോഗത്തിൽ സോഷ്യലിസം കെട്ടിപ്പടുക്കാൻ പഠിക്കുകയെന്നത് തികച്ചും മറ്റൊരു കാര്യമാണ്. ആ ഘട്ടത്തിൽത്തന്നെയാണ് നാമിപ്പോൾ എത്തിയിരിക്കുന്നത്. അവിടെ എത്തിയശേഷവും നാം അതിനെ വളരെക്കുറച്ചു മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
പുതിയ സാമ്പത്തികനയം ഏർപ്പെടുത്തിയപ്പോൾ നാം ഏറെ കടന്നുപോയി. പക്ഷേ സ്വതന്ത്രവ്യാപാരമെന്ന തത്വത്തിനു വേണ്ടതിലധികം പ്രാധാന്യം കല്പിച്ചതുകൊണ്ടല്ല, സഹകരണസംഘങ്ങളുടെ പ്രാധാന്യം നാം കാണാതിരുന്നതുകൊണ്ടാണ്, സഹകരണസംഘങ്ങളെ ഇപ്പോൾ നാം വിലകുറച്ചു കാണുന്നതുകൊണ്ടാണ്, മുകളിൽ ചൂണ്ടിക്കാട്ടിയ രണ്ടു നിലപാടുകൾ വച്ചുനോക്കുമ്പോൾ സഹകരണസംഘങ്ങൾക്കുള്ള വമ്പിച്ച പ്രാധാന്യത്തെ നാം ഇതിനകംതന്നെ വിസ്മരിച്ചുതുടങ്ങിയതുകൊണ്ടാണ്, നാം ഏറെ കടന്നുപോയത്.
ഈ “‘സഹകരണ” തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രായോഗികമായി ഉടനടി ചെയ്യാവുന്നതും ചെയ്യേണ്ടതുമെന്താണെന്നു ഞാൻ ഇപ്പോൾ വായനക്കാരുമായി ചർച്ചചെയ്യാൻ പോവുകയാണ്. ഈ ‘‘സഹകരണ” തത്വത്തെ അതിന്റെ സോഷ്യലിസ്റ്റർത്ഥം എല്ലാവർക്കും വ്യക്തമാകുന്ന തരത്തിൽ ഉടനടി എങ്ങനെ വികസിപ്പിക്കാം, വികസിപ്പിക്കണം?
സഹകരണസംഘങ്ങൾക്കു പൊതുവിൽ ചില പ്രത്യേകാനുകൂല്യങ്ങൾ എല്ലായ്പോഴും ഉണ്ടാവണമെന്നു മാത്രമല്ല അവ തികച്ചും സാമ്പത്തികസ്വഭാവമുള്ളതാകത്തക്കവണ്ണം (അനുകൂലമായ ബാങ്കുനിരക്ക് തുട ങ്ങിയവ) അവയെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയും വേണം. സ്വകാര്യസ്ഥാപനങ്ങൾക്ക്, ഘനവ്യവസായം മുതലായവയ്ക്കു പോലും, കൊടുക്കുന്നതിനേക്കാൾ അല്പമെങ്കിലും കൂടുതൽ തുകവരുന്ന വായ്പകൾ ഭരണകൂടത്തിൽനിന്നും സഹകരണസംഘങ്ങൾക്കും അനുവദിക്കേണ്ടതാണ്.
ഏതെങ്കിലുമൊരു വർഗത്തിന്റെ സാമ്പത്തികപിന്തുണയുണ്ടെങ്കിൽ മാത്രമേ ഒരു സാമൂഹ്യക്രമം വളരുകയുള്ളൂ. ‘‘സ്വതന്ത്ര’ ‘ മുതലാളിത്തത്തിന്റെ പിറവിയ്ക്കു വേണ്ടിവന്ന കോടാനുകോടി റൂബിളുകളെപ്പറ്റി പറയേണ്ടയാവശ്യമില്ലല്ലോ. ഇപ്പോൾ സാധാരണയിൽക്കവിഞ്ഞ സഹായം നൽകേണ്ട സാമൂഹ്യവ്യവസ്ഥ സഹകരണസമ്പ്രദായമാണെന്നു നാമിന്നു മനസ്സിലാക്കണം. നാം ആ സഹായം യഥാർത്ഥത്തിൽ നൽകുകയും വേണം. പക്ഷേ സഹായമെന്ന വാക്കിന്റെ യഥാർത്ഥ അർത്ഥത്തിലുള്ളതായിരിക്കണം അത്. അതായത്, ഏതെങ്കിലും തരത്തിലുള്ള സഹകരണവ്യാപാരത്തിനുള്ള സഹായമെന്ന അർത്ഥത്തിൽ അതിനെ വ്യാഖ്യാനിച്ചതുകൊണ്ടായില്ല. യഥാർത്ഥത്തിൽ വമ്പിച്ച ജനവിഭാഗങ്ങൾ വാസ്തവത്തിൽ പങ്കെടുക്കുന്ന സഹകരണവ്യാപാരത്തെ സഹായിക്കുക എന്നതാവണം സഹായമെന്നതുകൊണ്ടു നാം അർത്ഥമാക്കേണ്ടത്. സഹകരണവ്യാപാരത്തിൽ പങ്കെടുക്കുന്ന കർഷകർക്കു ബോണസ്സ് നൽകുകയെന്നതും തീർച്ചയായും ശരിയായ രൂപത്തിലുള്ള സഹായമാണ്. പക്ഷേ ഈ പങ്കാളിത്തത്തിന്റെ സ്വഭാവം പരിശോധിച്ചുനോക്കണമെന്നതാണ്, അതിന്റെ പിന്നിലുള്ള ബോധം നിർണയിക്കണമെന്നതാണ്, ആ പങ്കാളിത്തത്തിന്റെ ഗുണം നിർണയിക്കണമെന്നതാണ‍് പ്രധാനകാര്യം. ശരിക്കു പറഞ്ഞാൽ, ഒരു സഹകരണപ്രവർത്തകൻ ഗ്രാമത്തിൽ പോയി ഒരു സഹകരണസ്റ്റോർ തുറക്കുമ്പോൾ ആളുകൾക്ക് അതിൽ യാതൊരു പങ്കാളിത്തവുമില്ല. പക്ഷേ അതേസമയം സ്വന്തം താല്പര്യങ്ങൾ മുൻനിർത്തി അതിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതിനും അവർ തിടുക്കം കൂട്ടും.
ഈ പ്രശ്നത്തിനു മറ്റൊരു വശമുണ്ട്. “‘പ്രബുദ്ധമായ’’ (പ്രധാനമായും അക്ഷരാഭ്യാസമുള്ള) യൂറോപ്യൻ നിലപാടു വച്ചുനോക്കുകയാണെങ്കിൽ, സഹകരണപ്രവർത്തനങ്ങളിൽ നിഷ്ക്രിയമായിട്ടല്ല സജീവമായി പെങ്കടുക്കാൻ മുഴുവനാളുകളേയും പ്രേരിപ്പിക്കുന്നതിനും നമുക്കു കാര്യമായിട്ടൊന്നും ചെയ്യാനില്ല. ശരിക്കു പറഞ്ഞാൽ ഒരു കാര്യം മാത്രമേ ചെയ്യാനുള്ളൂ– സഹകരണസംഘങ്ങളുടെ പ്രവർത്തനത്തിൽ എല്ലാവരും പങ്കെടുക്കുന്നതുകൊണ്ടുള്ള എല്ലാ മേന്മകളും മനസ്സിലാക്കത്തക്കവണ്ണം നമ്മുടെ ജനങ്ങളെ ‘‘പ്രബുദ്ധരാക്കുകയും” അവരെ അതിൽ പങ്കെടുപ്പിക്കുകയും ചെയ്യുക. ഇത്ര ‘‘മാത്രം” മതി. സോഷ്യലിസത്തിലേക്കു മുന്നേറാൻ ഇപ്പോൾ മറ്റുപായങ്ങളൊന്നും ആവശ്യമില്ല. പക്ഷേ ഇതു ‘”മാത്രം” നേടാൻ ഒരു വിപ്ലവം തന്നെ വേണ്ടിവരും-– ജനങ്ങളാകെ സാംസ്കാരികവളർച്ചയുടെ ഒരു ഘട്ടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. അതുകൊണ്ട് തത്വജ്ഞാനം പറയുന്നതും വാചകക്കസർത്തുകൾ നടത്തുന്നതും കഴിയുന്നത്ര കുറയ്ക്കുക എന്നതായിരിക്കണം നമ്മുടെ ചട്ടം. ഇക്കാര്യത്തിൽ പുതിയ സാമ്പത്തികനയം, ഒരു മുന്നേറ്റമാണ്. കാരണം, അങ്ങേയറ്റം സാധാരണക്കാരനായ കർഷകന്റെ നിലവാരവുമായി പൊരുത്തപ്പെടുത്താവുന്നതാണത്. അതിലപ്പുറമൊന്നും അത് കർഷകനിൽനിന്നാവശ്യപ്പെടുന്നില്ല. എങ്കിലും പുതിയ സാമ്പത്തികനയത്തിലൂടെ ജനങ്ങളെയാകെ സഹകരണസംഘങ്ങളുടെ പ്രവർത്തനത്തിൽ പങ്കെടുപ്പിക്കാൻ ഒരു ചരിത്രകാലഘട്ടം മുഴുവൻ വേണ്ടിവരും. ചുരുങ്ങിയപക്ഷം ഒന്നുരണ്ടു ദശാബ്ദങ്ങളെങ്കിലുമെടുക്കും. എന്നാൽപ്പോലും അതൊരു വ്യക്തമായ ചരിത്രകാലഘട്ടമായിരിക്കും . ഈ ചരിത്രകാലഘട്ടം കൂടാതെ, സാർവ്വത്രികസാക്ഷരത്വമില്ലാതെ, വേണ്ടത്ര കാര്യക്ഷമതയില്ലാതെ, പുസ്തകവായനയെന്ന ശീലം വേണ്ടത്ര നേടാൻ ജനങ്ങളെ പരിശീലിപ്പിക്കാതെ, അതിനാവശ്യമായ ഭൗതികാടിസ്ഥാനമില്ലാതെ, വിളവുദോഷത്തിനും ക്ഷാമത്തിനും മറ്റുമെതിരായി തക്കതായ സംരക്ഷണവ്യവസ്ഥകളില്ലാതെ, നമുക്കു നമ്മുടെ ലക്ഷ്യം നേടാനാവില്ല. വിപുലമായ വിപ്ലവപ്രവർത്തനത്തെ, നാം നിർലോഭമായും വിജയകരമായും പ്രകടിപ്പിച്ച വിപ്ലവോത്സാഹത്തെ, കാര്യശേഷിയും പ്രാപ്തിയുമുള്ള ഒരു കച്ചവടക്കാരനാകാനുള്ള കഴിവുമായി (എന്നുതന്നെ പറയട്ടെ) കൂട്ടിയോജിപ്പിക്കാൻ പഠിപ്പിക്കുകയാണ് ഇന്നാവശ്യം. നല്ലൊരു സഹകരണപ്രവർത്തകനാവാൻ ഈ കഴിവു മതി. കച്ചവടക്കാരനാവാനുള്ള കഴിവെന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് സംസ്കാരസമ്പന്നനായ കച്ചവടക്കാരനാവാനുള്ള കഴിവെന്നാണ്. തങ്ങൾ കച്ചവടം ചെയ്യുന്നതുകൊണ്ടു നല്ല കച്ചവടക്കാരാണെന്നു ധരിച്ചിട്ടുള്ള റഷ്യക്കാർ, അഥവാ കർഷകർ, ഇക്കാര്യം ഭംഗിയായി മനസ്സിലാക്കണം. അവരുടെ ധാരണ തെറ്റാണ്. അവർ കച്ചവടം ചെയ്യുന്നുണ്ട്, പക്ഷേ അതുകൊണ്ട് സംസ്-കാരസമ്പന്നരായ കച്ചവടക്കാരാകുന്നേയില്ല. അവരിപ്പോൾ ഏഷ്യാക്കാരെപ്പോലാണു കച്ചവടം ചെയ്യുന്നത്. നല്ലൊരു കച്ചവടക്കാരനാവാൻ യൂറോപ്യന്മാരെപ്പോലെ കച്ചവടം ചെയ്യണം . അക്കാര്യത്തിൽ അവർ ഒരു നൂറ്റാണ്ടെങ്കിലും പിന്നിലാണ്.
ഞാൻ ഉപസംഹരിക്കട്ടെ, സഹകരണസംഘങ്ങൾക്കു സാമ്പത്തികവും ധനപരവും ബാങ്കുസംബന്ധവുമായ പല പ്രത്യേകാനുകൂല്യങ്ങളും അനുവദിക്കണം-– ജനങ്ങളെ സംഘടിപ്പിക്കേണ്ട പുതിയ തത്വത്തെ ഇങ്ങനെയാണു നമ്മുടെ സോഷ്യലിസ്റ്റ് ഭരണകൂടം വികസിപ്പിക്കേണ്ടത്. പക്ഷേ ഇതു കടമയുടെ ഒരു പൊതുരൂപമേയാകുന്നുള്ളൂ. പ്രായോഗിക കടമയുടെ മുഴുവൻ ഉള്ളടക്കത്തേയും അത് നിർവ്വചിക്കുകയോ വിശദമായി പ്രതിപാദിക്കുകയോ ചെയ്യുന്നില്ല. അതായത്, സഹകരണസംഘങ്ങളിൽ ചേരുന്നതിനും ഏതു രൂപത്തിലുള്ള “‘ബോണസ്സ്” (ഏതു വ്യവസ്ഥകളിന്മേൽ) നൽകണം, സഹകരണസംഘങ്ങളെ വേണ്ടത്ര സഹായിക്കാൻ ബോണസ്സിന്റെ രൂപമെന്തായിരിക്കണം, സംസ്കാരസമ്പന്നനായ സഹകരണപ്രവർത്തകനെ സൃഷ്ടിക്കാൻ ഏതു രൂപത്തിലുള്ള ബോണസ്സായിരിക്കണം; ഇതെല്ലാം നാം കണ്ടുപിടിക്കണം. ഉല്പാദനോപാധികൾ പൊതുവുടമസ്ഥതയിലാണെങ്കിൽ, തൊഴിലാളിവർഗ്ഗം ബൂർഷ്വാസിയുടെ മേൽ വിജയം വരിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽ, സംസ്കാരസമ്പന്നരായ സഹകരണപ്രവർത്തകരുടെ വ്യവസ്ഥയെന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥയെന്നാണർത്ഥം.
ജനുവരി 4, 1923
II
പുതിയ സാമ്പത്തികനയത്തെപ്പറ്റി എഴുതുമ്പോഴെല്ലാം 1918-ൽ സ്റ്റേറ്റ് മുതലാളിത്തത്തെക്കുറിച്ചു ഞാനെഴുതിയ ലേഖനം ഞാൻ എപ്പോഴും ഉദ്ധരിക്കാറുണ്ട്. ഇത് ചില യുവസഖാക്കളുടെ മനസ്സിൽ ഒന്നിലധികം പ്രാവശ്യം സംശയമുളവാക്കിയിരിക്കുന്നു. പക്ഷേ അവരുടെ സംശയങ്ങൾ മുഖ്യമായും അമൂർത്തമായ രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ചായിരുന്നു.
ഉല്പാദനോപാധികൾ തൊഴിലാളിവർഗത്തിന്റെ, രാഷ്ട്രീയാധികാരം കൈവശമുള്ള ഒരു തൊഴിലാളിവർഗത്തിന്റെ, സ്വന്തമായിട്ടുള്ള ഒരു വ്യവസ്ഥയ്ക്ക് ‘‘സ്റ്റേറ്റ് മുതലാളിത്തം” എന്ന വാക്കു പ്രയോഗിക്കാൻ പാടില്ലെന്നും അവർക്കു തോന്നുന്നു. എന്നാൽ ഒന്നാമത് ഇടതുപക്ഷ കമ്യൂണിസ്റ്റുകാരെന്നു പറയപ്പെടുന്നവരുമായുള്ള എന്റെ തർക്കത്തിനിടയിലെടുത്തിരുന്ന നിലപാടും നമ്മുടെ ഇന്നത്തെ നിലപാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ചൂണ്ടിക്കാണിക്കാൻവേണ്ടിയാണ് “‘സ്റ്റേറ്റ് മുതലാളിത്ത’ ‘മെന്ന വാക്ക് ഞാനുപയോഗിച്ചതെന്ന കാര്യം അവർ കണ്ടില്ല; കൂടാതെ, നമ്മുടെ നിലവിലുള്ള സമ്പദ്ഘടനയേക്കാൾ ഉയർന്നതായിരിക്കും സ്റ്റേറ്റ് മുതലാളിത്തമെന്നും അന്നു ഞാൻ വാദിക്കുകയുണ്ടായി. സാധാരണ സ്റ്റേറ്റ് മുതലാളിത്തവും പുതിയ സാമ്പത്തികനയത്തെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുമ്പോൾ ഞാൻ പരാമർശിച്ച അസാധാരണമായ, വളരെ അസാധാരണം പോലുമായ, സ്റ്റേറ്റ് മുതലാളിത്തവും തമ്മിലുള്ള അനുസ്യൂതബന്ധം ചൂണ്ടിക്കാട്ടുകയെന്നതു പ്രധാനമായി ഞാൻ കരുതി. രണ്ടാമത്, പ്രായോഗികോദ്ദേശ്യം ഞാനെപ്പോഴും പ്രധാനമായി കണ്ടിരുന്നു. നമ്മുടെ പുതിയ സാമ്പത്തികനയത്തിന്റെ പ്രായോഗികോദ്ദേശ്യം വസ്തുക്കൾ സൗജന്യമായി പാട്ടത്തിനു കൊടുക്കുകയെന്നതായിരുന്നു. അന്നു നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളിൽ നമ്മുടെ രാജ്യത്തും സൗജന്യവസ്തുക്കളുണ്ടാവുകയെന്നത് നിസ്സംശയമായും സ്റ്റേറ്റ് മുതലാളിത്തത്തിന്റെ തനിരൂപമാകുമായിരുന്നു. സ്റ്റേറ്റ് മുതലാളിത്തത്തെപ്പറ്റി ഇങ്ങനെയാണു ഞാൻ വാദിച്ചത്.
പക്ഷേ മറ്റൊരു വശത്തു നിന്നു നോക്കിയാലും നമുക്കും സ്റ്റേറ്റ് മുതലാളിത്തം, അഥവാ അതുമായിട്ടുള്ളൊരു താരതമ്യമെങ്കിലും, ആവശ്യമായി വന്നേക്കും. സഹകരണസംഘങ്ങളുടെ പ്രശ്നമാണത്.
മുതലാളിത്തസ്റ്റേറ്റിൽ സഹകരണസംഘങ്ങൾ കൂട്ടുമുതലാളിത്തസ്ഥാപനങ്ങളാണെന്നതിനു സംശയമില്ല. അതേസമയം, നമ്മൾ ദേശവൽക്കരിക്കപ്പെട്ട ഭൂമിയിലും തൊഴിലാളിവർഗ്ഗഭരണകൂടത്തിന്റെ നിയന്ത്രണത്തിലും മാത്രം അനുവദിച്ച സ്വകാര്യമുതലാളിത്തസ്ഥാപനങ്ങളെ അടിയുറച്ച സോഷ്യലിസ്റ്റ് രൂപത്തിലുള്ള (ഉല്പാദനോപാധികളും സ്ഥാപനങ്ങളിരിക്കുന്ന സ്ഥലവും സ്ഥാപനങ്ങളാകെത്തന്നെയും സ്റ്റേറ്റിന്റേതായിട്ടുള്ള) സ്ഥാപനങ്ങളുമായി കൂട്ടിയോജിപ്പിക്കുമ്പോൾ മൂന്നാമതൊരു രൂപത്തിലുള്ള സ്ഥാപനങ്ങളുടെ പ്രശ്നം ഉദിക്കുന്നു. സഹകരണസംഘങ്ങളാണവ. മറ്റുള്ളവയിൽനിന്നു മൗലികമായി വിഭിന്നമായ ഒരു സ്വതന്ത്രരൂപമായി അവയെ മുമ്പു ഗണിച്ചിരുന്നില്ല. സ്വകാര്യമുതലാളിത്തത്തിൻകീഴിൽ കൂട്ടുസ്ഥാപനങ്ങൾ സ്വകാര്യസ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമായിരിക്കുന്നതുപോലാണ് സഹകരണസ്ഥാപനങ്ങൾ മുതലാളിത്തസ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമായിരിക്കുന്നത്. സ്റ്റേറ്റ് മുതലാളിത്തത്തിൻകീഴിൽ സഹകരണസ്ഥാപനങ്ങൾ സ്റ്റേറ്റ് മുതലാളിത്ത സ്ഥാപനങ്ങളിൽനിന്നു വിഭിന്നമായിരിക്കുന്നത് ഒന്നാമത് അവ സ്വകാര്യസ്ഥാപനങ്ങളായതുകൊണ്ടും രണ്ടാമത് അവ കൂട്ടുസ്ഥാപനങ്ങളായതുകൊണ്ടുമാണ്. നമ്മുടെ ഇന്നത്തെ വ്യവസ്ഥിതിയിൽ സഹകരണ സ്ഥാപനങ്ങൾ കൂട്ടുസ്ഥാപനങ്ങളായതുകൊണ്ട് അവ സ്വകാര്യമുതലാളിത്തസ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമാണ്. എന്നാൽ അവയിരിക്കുന്ന ഭൂമിയും ഉല്പാദനോപാധികളും സ്റ്റേറ്റിന്റെ -അതായത് തൊഴിലാളിവർഗത്തിന്റെ വകയാണെങ്കിൽ അവ സോഷ്യലിസ്റ്റ് സ്ഥാപനങ്ങളിൽനിന്നു വിഭിന്നമല്ല.
സഹകരണസംഘങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ഈ സാഹചര്യം വേണ്ടത്ര പരിഗണിക്കുന്നില്ല. നമ്മുടെ രാഷ്ട്രീയവ്യവസ്ഥിതിയുടെ സവിശേഷതകൾ മൂലം നമ്മുടെ സഹകരണസംഘങ്ങൾ തികച്ചും അസാധാരണമായ ഒരു പ്രാധാന്യം കൈക്കൊള്ളുന്നുണ്ടെന്ന കാര്യം വിസ്മരിക്കപ്പെടുന്നു. സൗജന്യവസ്തുക്കളെ ഒഴിച്ചുനിർത്തുന്നപക്ഷം –അവ ഗണ്യമായ തോതിൽ വളർന്നിട്ടില്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ – നമ്മുടെ സാഹചര്യങ്ങളിൽ സഹകരണപ്രസ്ഥാനം ഏതാണ്ടെല്ലായ്-പ്പോഴും തന്നെ സോഷ്യലിസവുമായി പൂർണമായി ഏകീഭവിക്കുന്നു.
ഞാനുദ്ദേശിക്കുന്നതെന്താണെന്നു വിശദമാക്കാം. റോബർട്ട് ഓവൻ മുതൽക്കിങ്ങോട്ടുള്ള പഴയ സഹകരണപ്രവർത്തകരുടെ പദ്ധതികൾ എന്തുകൊണ്ടാണ് അയഥാർത്ഥമായിരുന്നത് ? എന്തുകൊണ്ടെന്നാൽ, വർഗസമരം, തൊഴിലാളിവർഗം രാഷ്ട്രീയാധികാരം പിടിച്ചെടുക്കൽ, ചൂഷകവർഗത്തിന്റെ ഭരണത്തെ നിഷ്കാസനം ചെയ്യൽ തുടങ്ങിയ മൗലികപ്രശ്നങ്ങൾ കണക്കിലെടുക്കാതെ സമാധാനപരമായി നിലവിലുള്ള സമൂഹത്തെ സോഷ്യലിസമായി പുനഃസംവിധാനം ചെയ്യാമെന്ന് അവർ സ്വപ്നം കണ്ടു. അതുകൊണ്ട് ഈ ‘‘സഹകരണ’’ സോഷ്യലിസം തികച്ചും ഭ്രമാത്മകമാണെന്നും ജനങ്ങളെ സഹകരണസംഘങ്ങളിൽ സംഘടിപ്പിക്കുന്നതിലൂടെ മാത്രം വർഗശത്രുക്കളെ വർഗമിത്രങ്ങളായും വർഗസമരത്തെ വർഗ സഹകരണമായും (അഥവാ വർഗസമാധാനമായും) രൂപാന്തരപ്പെടുത്താമെന്ന സ്വപ്നം കാല്പനികവും ബാലിശം പോലുമാണെന്നും നാം കരുതുന്നതു ശരിയാണ്.
അന്നത്തെ മൗലികകടമയുടെ വീക്ഷണത്തിൽനിന്നു നോക്കിയാൽ നമ്മുടെ നിലപാടു നിസ്സംശയമായും ശരിയായിരുന്നു. കാരണം, ഭരണകൂടത്തിൽ രാഷ്ട്രീയാധികാരം നേടുന്നതിനുള്ള വർഗസമരം കൂടാതെ സോഷ്യലിസം സ്ഥാപിക്കാൻ സാധ്യമല്ല.
പക്ഷേ ഇന്ന് രാഷ്ട്രീയാധികാരം തൊഴിലാളിവർഗത്തിന്റെ കൈകളിലായിരിക്കുന്ന സ്ഥിതിക്കും, ചൂഷകരുടെ രാഷ്ട്രീയാധികാരത്തെ തകിടം മറിക്കുകയും (നിശ്ചിതവ്യവസ്ഥകളിന്മേൽ നിശ്ചിതകാലത്തേക്കു സൗജന്യവസ്തുക്കളുടെ രൂപത്തിൽ തൊഴിലാളിവർഗസ്റ്റേറ്റ് ചൂഷകർക്കു സ്വമേധയാ വിട്ടുകൊടുത്തിരിക്കുന്നവ ഒഴികെ) എല്ലാ ഉല്പാദനോപാധികളും തൊഴിലാളിവർഗത്തിന്റെ വകയായിരിക്കുകയും ചെയ്തിട്ടുള്ള സ്ഥിതിക്കും, സംഗതികൾ എങ്ങനെ മാറിയിരിക്കുന്നുവെന്നു നോക്കുക.
(മുകളിൽ ചൂണ്ടിക്കാട്ടിയ ‘‘ചെറിയ’’ കാര്യമൊഴിച്ചാൽ) സഹകരണപ്രസ്ഥാനത്തിന്റെ മാത്രം വളർച്ച നമ്മെ സംബന്ധിച്ചിടത്തോളം സോഷ്യലിസത്തിന്റെ വളർച്ചതന്നെയാണെന്നു പറയാനുള്ള അവകാശം ഇന്നു നമുക്കുണ്ട്. അതേസമയം സോഷ്യലിസത്തെ സംബന്ധിച്ച നമ്മുടെ വീക്ഷണഗതിയിലാകെത്തന്നെ സമൂലമായ മാറ്റം വന്നിട്ടുണ്ടെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. സമൂലമായ മാറ്റം ഇതാണ്: മുമ്പും രാഷ്ട്രീയസമരത്തിലും വിപ്ലവത്തിലും രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിലും മറ്റുമാണ് നാം പ്രധാനമായും ഊന്നിയിരുന്നതും ഊന്നേണ്ടിയിരുന്നതും. എന്നാലിന്ന് സമാധാനപരമായ സംഘടനാപ്രവർത്തനത്തിലും ‘‘സാംസ്കാരിക” പ്രവർത്തനത്തിലും നാം അധികമധികം ഊന്നിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സാർവ്വദേശീയബന്ധങ്ങൾ ഇന്നത്തേതുപോലായിരുന്നില്ലെങ്കിൽ, ലോകവ്യാപകമായ തോതിൽ നമ്മുടെ നിലനിൽപിനുവേണ്ടി നമുക്കു പൊരുതേണ്ടതില്ലായിരുന്നെങ്കിൽ, സാംസ്കാരികപ്രവർത്തനത്തിലാണു നാം അധികമധികം ഊന്നേണ്ടതെന്നു വേണമായിരുന്നു ഞാൻ പറയാൻ. എന്നാൽ അതൊഴിച്ചുനിർത്തിക്കൊണ്ട് ആഭ്യന്തരസാമ്പത്തികബന്ധങ്ങളിൽ മാത്രം നാം ഒതുങ്ങിനിൽക്കുന്ന പക്ഷം നമ്മുടെ പ്രവർത്തനത്തിൽ നാമിപ്പോൾ അധികമധികം ഊന്നുന്നത് തീർച്ചയായും സാംസ്കാരികകാര്യത്തിലാണ്.
ഈ കാലഘട്ടത്തിൽ രണ്ടു മുഖ്യകടമകളാണ് നമ്മെ നേരിടുന്നത്. ഒന്ന്, മുൻകാലഘട്ടത്തിൽനിന്നും അതേപടി നമുക്കു കിട്ടിയതും തീരെ നിരുപയോഗവുമായ നമ്മുടെ ഭരണയന്ത്രം പുനസ്സംഘടിപ്പിക്കുക. നാം സമരം ചെയ്തുകൊണ്ടിരുന്ന കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് നാമതിനെ സമൂലമായി പുനസ്സംഘടിപ്പിച്ചില്ല, അതു സാധ്യവുമായിരുന്നില്ല. കർഷകർക്കിടയിൽ സാംസ്കാരികപ്രവർത്തനം നടത്തുകയെന്നതാണ് നമ്മുടെ രണ്ടാമത്തെ കടമ. കർഷകർക്കിടയിലുള്ള ഈ സാംസ്കാരികപ്രവർത്തനത്തിന്റെ സാമ്പത്തികോദ്ദേശ്യം അവരെ സഹകരണസംഘങ്ങളിൽ സംഘടിപ്പിക്കുക എന്നതാണ്. കർഷകരെ മുഴുവൻ സഹകരണസംഘങ്ങളിൽ സംഘടിപ്പിച്ചിരുന്നെങ്കിൽ നാം ഇതിനകം രണ്ടു കാലും സോഷ്യലിസത്തിന്റെ മണ്ണിൽ ഉറപ്പിച്ചു നിലകൊള്ളുമായിരുന്നു. എന്നാൽ കർഷകജനതയെയാകെ സഹകരണസംഘങ്ങളിൽ സംഘടിപ്പിക്കണമെങ്കിൽ കർഷകർക്കിടയിൽ (ജനങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്കിടയിൽത്തന്നെ) ഒരു ചുരുങ്ങിയ സാംസ്കാരികനിലവാരമെങ്കിലും ആവശ്യമാണ്. അതാകട്ടെ, യഥാർത്ഥത്തിൽ ഒരു സാംസ്കാരികവിപ്ലവം കൂടാതെ നേടാൻ അസാധ്യവുമാണ്.
വേണ്ടത്ര സംസ്കാരം സിദ്ധിച്ചിട്ടില്ലാത്ത ഒരു രാജ്യത്ത് സോഷ്യലിസം സ്ഥാപിക്കാനൊരുമ്പെട്ട നമ്മൾ സാഹസമാണ് ചെയ്യുന്നതെന്നു നമ്മുടെ എതിരാളികൾ നമ്മോട് ആവർത്തിച്ചു പറഞ്ഞു. എന്നാൽ സിദ്ധാന്തപ്രകാരം (നാനാതരം പണ്ഡിതമ്മന്യന്മാരുടെ സിദ്ധാന്തപ്രകാരം) നിർദ്ദേശിച്ചിട്ടുള്ളതിന്റെ നേരേ എതിരറ്റത്തുനിന്നു നമ്മൾ തുടങ്ങിയത് അവരെ വഴിതെറ്റിക്കുകയാണുണ്ടായത്. കാരണം, നമ്മുടെ രാജ്യ ത്തു രാഷ്ട്രീയ–-സാമൂഹ്യവിപ്ലവം നടന്നതും സാംസ്കാരികവിപ്ലവത്തിനു മുമ്പാണ്. ഏതായാലും ഇന്നും ഇതേ സാംസ്കാരികവിപ്ലവമാണു നമ്മെ നേരിടുന്നത്.
നമ്മുടെ രാജ്യത്തെ ഒരു തികഞ്ഞ സോഷ്യലിസ്റ്റ് രാഷ്ട്രമാക്കി മാറ്റാൻ ഇന്നും ഈ സാംസ്കാരികവിപ്ലവം മതിയാകും. പക്ഷേ തികച്ചും സാംസ്കാരികവും (കാരണം നാം നിരക്ഷരരാണ്) ഭൗതികവും (കാരണം, സംസ്കാരം സിദ്ധിക്കണമെങ്കിൽ ഉല്പാദനത്തിനുള്ള ഭൗതികോപാധികൾ കുറേ വളർന്നിരിക്കണം, ഭൗതികാടിത്തറ കുറേ ഉണ്ടായിരിക്കണം) ആയ വമ്പിച്ച വൈഷമ്യങ്ങൾ അതിന്റെ മുന്നിലുണ്ട്. ♦
ലെനിൻ സമാഹൃതകൃതികൾ,
അഞ്ചാം പതിപ്പ്,
വാള്യം 45, പേജ് 369 – 377