Wednesday, October 9, 2024

ad

Homeരാജ്യങ്ങളിലൂടെനൈജീരിയയിൽ ഭക്ഷണത്തിനായി ജനകീയ കലാപം

നൈജീരിയയിൽ ഭക്ഷണത്തിനായി ജനകീയ കലാപം

ആര്യ ജിനദേവൻ

ഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയും 9.24 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുമുള്ള, എണ്ണസമ്പന്നമായ, പശ്ചിമാഫ്രിക്കൻ തീരത്തെ രാജ്യമായ നൈജീരിയ അതിരൂക്ഷമായ ഭക്ഷണക്ഷാമത്തിനും തൽഫലമായുള്ള ജനകീയ കലാപത്തിനും സാക്ഷ്യം വഹിക്കുകയാണ്‌. രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ ലാഗോസും രാഷ്‌ട്രീയതലസ്ഥാനമായ അബുജയും ഉൾപ്പെടെ, നാടും നഗരവും ഉൾപ്പെടെ രാജ്യത്തൊട്ടാകെ ജനങ്ങൾ ഭക്ഷണത്തിനായി തെരുവിലിറങ്ങിയിരിക്കുകയാണ്‌. ഗോഡൗണുകളും മൊത്തക്കച്ചവടകേന്ദ്രങ്ങളും സൂപ്പർ മാർക്കറ്റുകളും മാത്രമല്ല, ഭക്ഷ്യ‌ധാന്യങ്ങളുമായി വരുന്ന ട്രക്കുകളുമെല്ലാം കൊള്ളയടിക്കപ്പെടുന്നു. പ്രസിഡന്റ്‌ ബോളാ തിനുബുവിന്റെ (Bola Tinubu) സർക്കാരാകട്ടെ ഇതൊരു ക്രമസമാധാനപ്രശ്‌നമായി കണ്ട്‌ പൊലീസിനെയും പട്ടാളത്തെയും ഇറക്കി നേരിടാനാണ്‌ നോക്കുന്നത്‌.

ഭക്ഷ്യധാന്യങ്ങളുമായി വെയർഹൗസുകൾക്കു മുന്നിൽ എത്തുന്ന ട്രക്കുകളിൽനിന്ന്‌ ലോഡ്‌ ഇറക്കി തുടങ്ങുമ്പോൾ അത്‌ പകലായാലും രാത്രിയായാലും വൻ ജനാവലി അവിടെ തടിച്ചുകൂടുന്നു. ഈ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചിട്ടൊന്നും ഒരു ഫലവും കാണുന്നില്ല, മാത്രമല്ല, ലാത്തിച്ചാർജും ഫലം ചെയ്യുന്നില്ല. ജനക്കൂട്ടം തിരിച്ച്‌ കല്ലേറു നടത്തി പൊലീസിനെ ഓടിക്കുന്നതായാണ്‌ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. ചിലേടങ്ങളിൽ പട്ടാളമിറങ്ങി വെടിവെപ്പ്‌ നടത്തിയിട്ടുപോലും പ്രകോപിതരായ ജനക്കൂട്ടം പിരിഞ്ഞുപോകാതെ, കൂടുതൽ ആളുകൾ ഒഴുകിയെത്തുകയും ട്രക്കുകളിലേക്ക്‌ കയറി ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുക്കുകയുമാണ്‌. വിശക്കുന്ന വയറുകൾക്കു മുന്നിൽ ടിയർഗ്യാസും ലാത്തിയും വെടിയുണ്ടയുമെല്ലാം തോറ്റു പിൻവാങ്ങുകയാണ്‌ നൈജീരിയയിൽ.

2023ന്റെ ആദ്യപാദത്തിൽ 6.6 കോടി ജനങ്ങളെയാണ്‌ രൂക്ഷമായ ഭക്ഷ്യക്ഷാമം ബാധിച്ചത്‌; 2024ന്റെ ആദ്യപാദമായപ്പോൾ അത്‌ 10 കോടിയിലേറെ ജനങ്ങളെ ബാധിക്കുന്ന സ്ഥിതിയിലെത്തി. അതായത്‌ നൈജീരിയയിലെ മൊത്തം ജനസംഖ്യയിലെ 45 ശതമാനത്തോളം ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണ്‌. ഐക്യരാഷ്‌ട്രസഭയുടെ വേൾഡ്‌ ഫുഡ്‌ പ്രോഗ്രാമിൻെറ റിപ്പോർട്ട്‌ പ്രകാരം ആ രാജ്യത്തെ 1.86 കോടി ജനങ്ങൾ അതിരൂക്ഷമായ പട്ടിണിയും മറ്റൊരു 4.37 കോടിയാളുകൾ കൊടുംപട്ടിണിക്കടുത്തുമാണ്‌. അതേസമയം ഭക്ഷ്യധാന്യങ്ങളുടെ വിലകൾ കുതിച്ചുയരുന്നതായാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. വിലക്കയറ്റനിരക്ക്‌ ഫെബ്രുവരിയിൽ 39% ആയിരുന്നു‐ 2023 ഫെബ്രുവരിയിൽ ഇത്‌ 25% ആയിരുന്നു‐ ഒരുവർഷത്തിനുള്ളിൽ തന്നെ 14 ശതമാനത്തിന്റെ വർധനവ്‌.

1990കളുടെ തുടക്കംമുതൽ ആ രാജ്യം പിന്തുടരുന്ന ഐഎംഎഫ്‌ തീട്ടൂരപ്രകാരമുള്ള നവലിബറൽ നയങ്ങളാണ്‌ ഈ അവസ്ഥയിലെത്തിച്ചത്‌. നൈജീരിയയിലെ 40 ശതമാനത്തിലധികം ഭൂമിയും കൃഷിയോഗ്യമാണെന്നു മാത്രമല്ല ഫലഭൂയിഷ്ടവുമാണ്‌. ജനസംഖ്യയിൽ 70 ശതമാനത്തിലധികവും അധ്വാനശേഷിയുള്ള ചെറുപ്പക്കാരുമാണ്‌. എന്നിട്ടും രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിൽപെടുന്നത്‌ ഐഎംഎഫ്‌‐ലോകബാങ്ക്‌ തീട്ടൂരപ്രകാരമുള്ള നവലിബറൽ നയങ്ങൾ കണ്ണടച്ച്‌ നടപ്പാക്കിയതിന്റെ അനന്തരഫലമാണ്‌. കാർഷികോൽപ്പാദനം, പ്രത്യേകിച്ച്‌ ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം വർധിപ്പിച്ച്‌ ഭക്ഷ്യ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനു പകരം അന്താരാഷ്‌ട്ര വിപണിയിൽനിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

ഐഎംഎഫ്‌ നിർദേശപ്രകാരം പ്രസിഡന്റ്‌ തിനുബുവിന്റെ ഗവൺമെന്റ്‌ 2023 മെയ്‌ മാസത്തിൽ ഇന്ധന സബ്‌സിഡി പൂർണമായും നിർത്തലാക്കിയത്‌ ഭക്ഷ്യവസ്‌തുക്കളുടെ ആഭ്യന്തര ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. ഇതിനു പിന്നാലെയാണ്‌ നൈജീരിയൻ നാണയമായ നൈജറയുടെ മൂല്യം 2023 ജൂണിൽ ലിബറലൈസ്‌ ചെയ്‌തത്‌. തന്മൂലം നൈജറയുടെ കൈമാറ്റമൂല്യം കുത്തനെ ഇടിഞ്ഞു. ഇതിനെത്തുടർന്ന്‌ ഇറക്കുമതിക്ക്‌ കൂടുതൽ തുക ചെലവഴിക്കേണ്ടതായി വരുന്നു. ഇതിനു തിനുബു ഗവൺമെന്റ്‌ കണ്ട പരിഹാരം ഇറക്കുമതി ചെയ്യുന്നത്‌ കുറയ്‌ക്കലായിരുന്നു. അതാണ്‌ ആ രാജ്യത്തെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കും തുടർന്ന്‌ ഭക്ഷ്യകലാപത്തിലേക്കും തള്ളിവിട്ടത്‌.

ഫെബ്രുവരി തുടക്കംമുതൽ തന്നെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചതാണ്‌. ഫെബ്രുവരി 5ന്‌ നൈജർ സംസ്ഥാന തലസ്ഥാനമായ മിന്നയിലെ സ്‌ത്രീകൾ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാത്തതിലുള്ള തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ പ്രധാന ഹൈവേ ഉപരോധിച്ചു; പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്ന 25 സ്‌ത്രീകളെ അറസ്റ്റു ചെയ്‌തതോടെ മറ്റു നഗരങ്ങളിലേക്കും പ്രക്ഷോഭം പടർന്നുപിടിച്ചത്‌. ഫെബ്രുവരി 21ന്‌ നൈജർ സംസ്ഥാനത്തിന്റെ മുഖ്യ വാണിജ്യകേന്ദ്രമായ സുലേജയിൽ ശീതീകരിച്ച മത്സ്യത്തിന്റെ വില തുടർച്ചയായി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്‌ രോഷാകുലരായ ചെറുപ്പക്കാർ തിരക്കേറിയ അബുജ‐സുലേജ‐കാഡുണ ഹൈവേ ഉപരോധിക്കുകയും അതുവഴി ഭക്ഷ്യസാധനങ്ങളുമായി വന്ന ട്രക്കുകൾ കൊള്ളയടിക്കുകയും ചെയ്‌തു. പിന്നീട്‌ ഫെബ്രുവരി 27ന്‌ ആയിരക്കണക്കിന്‌ തൊഴിലാളികളും വിദ്യാർഥികളും ചെറുകിട ഷോപ്പുടമസ്ഥരുമെല്ലാം തെരുവിലിറങ്ങുന്നതാണ്‌ കണ്ടത്‌.

ഭക്ഷ്യവസ്‌തുക്കളുടെയും മറ്റവശ്യസാധനങ്ങളുടെയും ക്രമാതീതമായ വിലക്കയറ്റത്തിനെതിരെ നൈജീരിയൻ ലേബർ കോൺഗ്രസ്‌ (NLC) രാജ്യവ്യാപകമായ പൊതുപണിമുടക്ക്‌ പ്രഖ്യാപിച്ചതോടെയാണ്‌ സമരത്തിന്‌ ശരിയായ ദിശ കൈവന്നത്‌. നൈജീരിയയിലെ സ്ഥിതിയെക്കുറിച്ച്‌, അവിടെ നിലനിൽക്കുന്ന, തങ്ങൾ പണിമുടക്ക്‌ പ്രഖ്യാപിക്കാൻ നിർബന്ധിതമായ സാഹചര്യത്തെക്കുറിച്ച്‌ ട്രേഡ്‌ യൂണിയൻ കോൺഗ്രസ്‌ നേതാവ്‌ ജോ അജയ്‌റൊ പറഞ്ഞത്‌, ‘‘സർക്കാർ ജോലിയുള്ളവർക്കുപോലും അവർക്ക്‌ ലഭിക്കുന്ന ശന്പളംകൊണ്ട്‌ മൂന്നുനേരത്തെ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല’’ എന്നാണ്‌. പണിമുടക്കി പ്രകടനം നടത്തിയ തൊഴിലാളികളെ വഴിയിൽ തടഞ്ഞാണ്‌ ഭരണകൂടം തൊഴിലാളികളെ നേരിട്ടത്‌. എൻഎൽസിയുടെ ചെയർപേഴ്‌സൺ യൂസഫ്‌ ഇന്നു പറയുന്നത്‌ ‘‘സംഘടിത തൊഴിലാളികളുടെ വായടപ്പിച്ചാൽ അതോടെ ജനങ്ങൾ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങുന്നത്‌ തടയാമെന്നാണ്‌ ഭരണാധികാരികൾ കരുതുന്നത്‌’’ എന്നാണ്‌. രണ്ടുമാസത്തിലേറെയായിട്ടും പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്‌. സംഘടിത തൊഴിലാളിപ്രസ്ഥാനം മുന്നോട്ടുവന്നത്‌ പ്രതിഷേധം ക്രിമിനൽ സ്വഭാവത്തിലേക്ക്‌ വഴിമാറിപ്പോകാതെ നിൽക്കാൻ സഹായിക്കുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − one =

Most Popular