പലസ്‌തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയതിന്റെ പേരിൽ അമേരിക്കയിൽ വ്യാപകമായി വിദ്യാർഥികൾ വേട്ടയാടപ്പെടുകയാണ്. ഏപ്രിൽ 5ന് കാലിഫോർണിയ സർവകലാശാലയിലെ പൊമോണോ കോളേജിലെ 19 വിദ്യാർഥികളെയാണ് പലസ്‌തീൻ ജനതയോട് ഐക്യദാർഢം പ്രകടിപ്പിച്ച് ക്യാന്പസിനുള്ളിൽ പ്രകടനം നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്‌തത്. അതിക്രമിച്ചു കടക്കൽ, മോശം പെരുമാറ്റം എന്നിവയാണ് ഇവർക്കുമേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. ഒരു വിദ്യാർഥിക്കുമേൽ ചുമത്തപ്പെട്ടതാകട്ടെ നീതി നടപ്പാക്കലിനെ തടസ്സപ്പെടുത്തി എന്ന ‘‘കുറ്റ’’മാണ്.
പ്രകടനം നടത്തുക മാത്രമല്ല, ഇസ്രയേൽ സിയോണിസ്റ്റുകൾ പലസ്‌തീനിൽ അപ്പാർത്തീഡ് മതിലുകൾ നിർമിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിന് ശിൽപങ്ങളും ചിത്രങ്ങളും ഉൾപ്പെടെ ക്യാന്പസിനുള്ളിൽ സ്ഥാപിക്കുകയും ചെയ്യുന്നു. കലാലയാധികൃതർ ഇത് നീക്കംചെയ്‌തതിനെതിരെ അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിൽ കടന്നുകയറി വിദ്യാർഥികൾ പ്രതിഷേധിച്ചു.
മാത്രമല്ല, ഇസ്രയേലിൽ അമേരിക്ക നടത്തിയിട്ടുള്ള നിക്ഷേപങ്ങൾ പിൻവലിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. അതിനായി ഫെബ്രുവരിയിൽ നടത്തിയ ഹിതപരിശോധനയിൽ 59.2 ശതമാനം വിദ്യാർഥികളാണ് പങ്കെടുത്തത്. അതിൽ 90 ശതമാനം പേരും ഇസ്രയേലിനു നൽകുന്ന സർവവിധ പിന്തുണയും പിൻവലിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.
ന്യൂയോർക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലും മിഷിഗൺ യൂണിവേഴ്‌സിറ്റിയിലും ലോസ് ഏഞ്ചലസിലുമെല്ലാം സർവകലാശാല വിദ്യാർഥികൾ സമാനമായ പ്രതിഷേധ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. പൊലീസിനെ ഇറക്കി വിദ്യാർഥികളെ അറസ്റ്റുചെയ്‌തും സർവകലാശാലയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തുമാണ് അധികാരികൾ ഈ പ്രക്ഷോഭങ്ങളെ നേരിടുന്നത്. ♦